Wednesday, December 3, 2014

സ്ത്രീകളുടെ മുഖം മറക്കൽ-എ അബ്ദുസ്സലാം സുല്ലമി

സ്ത്രീകളുടെ മുഖം മറക്കൽ

എ അബ്ദുസ്സലാം സുല്ലമിWednesday, October 1, 2014

അറഫ നോമ്പും ആശയക്കുഴപ്പങ്ങളും-സി പി ഉമർസുല്ലമി


          ഇബ്രാഹിം നബി(അ), ഭാര്യ ഹാജര്‍, മകന്‍ ഇസ്‌മാഈല്‍(അ) എന്നീ മഹത്തുക്കളുടെ  ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ജീവസ്സുറ്റ ഓര്‍മകളുണർത്തി ദുൽഹജ്ജിന്റെ വിശുദ്ധ ദിനങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ നാം. അവരുടെ ആദര്‍ശജീവിതത്തിന്റെ സ്വാംശീകരണ സന്നദ്ധതയോടെ, സൽക്കർമ്മങ്ങളിൽ മുഴുകുകയാണ് വിശ്വാസികൾ. ദുൽഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളും അതിനോടനുബന്ധിച്ച അയ്യാമുത്തശ്‌രീക്കും ഈ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ്.
         സൽക്കർമ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദിവസങ്ങളാണ് ദുൽഹജ്ജ് മാസത്തിലെ ആദ്യദിനങ്ങൾ. ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും എത്തിച്ചേര്‍ന്ന മുപ്പതുലക്ഷത്തിലധികം മുസ്‌ലിംകള്‍ വിശുദ്ധ കഅ്‌ബയുടെ പരിസരങ്ങളില്‍ പരിശുദ്ധ ഹജ്ജ്‌ കര്‍മത്തില്‍ മുഴുകിക്കൊണ്ടിരിക്കുന്നു.
         ദുൽഹജ്ജ് എട്ടിന് ഹാജിമാർ ഇഹ്‌റാമിൽ പ്രവേശിച്ച്കൊണ്ട് ഹജ്ജ്കർമ്മത്തിനായി മിനായിലേക്ക് പുറപ്പെടുന്നു. യൌമുത്തർവിയ്യ എന്ന് ഈ ദിവസത്തിനു പേര് പറയുന്നു. അന്ന് എല്ലാവരും മിനയിൽ താമസിച്ച് പിറ്റേ ദിവസം ദുൽഹജ്ജ് 9ന്  അറഫയിലേക്ക് പോവുന്നു. ഹാജിമാരെല്ലാം അറഫയിൽ ഒരുമിച്ച് കൂടുന്ന ദിവസമാണ് ‘യൌമു അറഫ’.
         പ്രാർത്ഥനകളിലും കീർത്തനങ്ങളിലും മുഴുകി ഹാജിമാർ  അറഫയിൽ സൂര്യാസ്തമയം വരെ കഴിഞ്ഞ് കൂടുന്നു. ദുൽഹജ്ജ് 9ന് അറഫയിൽ സംഗമിക്കുന്ന ഹാജിമാരല്ലാത്തവർ നോമ്പനുഷ്ഠിക്കുന്നത് വളരെ പുണ്യമുള്ളതാണ്. അന്ന് നോമ്പനുഷ്ഠിക്കുന്നവന്റെ കഴിഞ്ഞ് പോയ ഒരു കൊല്ലത്തെയും വരാനിരിക്കുന്ന ഒരു കൊല്ലത്തെയും പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് പ്രവാചകൻ(സ) പഠിപ്പിക്കുന്നു.
          എന്നാൽ പ്രവാചകന്റെ ചരിത്രത്തിൽ ദുൽഹജ്ജ് 9ഉം അറഫയിൽ ഒരുമിച്ച് കൂടുന്ന ദിവസവും  ഒന്നായിരുന്നു. എവിടെയെങ്കിലും അത് രണ്ടായിത്തീർന്ന ഒരു സംഭവം ആ കാലത്ത് ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അന്ന് മുസ്ലിം‌കൾ പരിമിതമായ പ്രദേശങ്ങളിൽ മാത്രമാണല്ലോ ഉണ്ടായിരുന്നത്. എന്നാൽ പിൽ‌ക്കാലത്ത് ഇസ്‌ലാം വ്യാപകമായി പ്രചരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ മുസ്ലിം‌കളായതോടെ ഇത് രണ്ട് ദിനങ്ങളിലായ അനുഭവങ്ങളുണ്ടായി. എങ്കിലും ആദ്യകാലങ്ങളിൽ ഈ വ്യത്യാസം ഇത്ര വ്യക്തമായി അറിയാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ, വാർത്താവിനിമയ സൌകര്യങ്ങളും വിവരസാങ്കേതിക വിദ്യയും ഏറെ പുരോഗമിച്ച സാഹചര്യത്തിൽ ഇത്തരം വ്യത്യാസങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ടു തന്നെ  തങ്ങളുടെ പ്രദേശത്തെ ദുൽഹജ്ജ് 9ഉം അറഫയിലെ ഹാജിമാരുടെ സംഗമവുംവ്യത്യസ്ത ദിനങ്ങളിലായി വരുമ്പോൾ എന്നാണ് നോമ്പനുഷ്ഠിക്കേണ്ടത് എന്ന സംശയം പലരിലും ഉയർന്ന് വരികയും ചെയ്തു.
           സ്വാഭാവികമായും വീക്ഷണവ്യത്യാസം ഉയർന്ന് വരാവുന്ന ഈ വിഷയത്തിൽ ആധുനിക പണ്ഡിതൻ‌മാർ വ്യത്യസ്തമായ അഭിപ്രായങ്ങളിൽ ഫത്‌വ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഹിജ്‌റ മാസം ഉറപ്പിച്ച് തിയതി നിശ്ചയിക്കുന്ന കാര്യത്തിലും മാസനിർണ്ണയത്തിൽ ഉദയമേഖലകളുടെ വ്യത്യാസങ്ങൾ പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും പണ്ഡിതൻ‌മാർ ഏകാഭിപ്രായക്കാരല്ല. ഒരു കാര്യത്തിൽ പരിശുദ്ധ ഖുർ‌ആനിന്റെയോ നബിവചനത്തിന്റെയോ വ്യക്തമായ ഒരു പ്രസ്താവന ഇല്ലാത്ത വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്. വ്യക്തമായ പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്ത രീതിയിലുള്ള ഗവേഷണങ്ങളാണ് ഇത്തരം ഘട്ടങ്ങളിൽ പരിഗണിക്കപ്പെടുക. ഇങ്ങിനെയുണ്ടാവുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ പക്ഷപാതം പിടിക്കാതിരിക്കുക എന്നതാണ് സമുദായം പുലർത്തേണ്ട ഏറ്റവും അനുയോജ്യമായ സമീപനം.
           ശവ്വാൽ ഒന്നും  ദുൽഹജ്ജ്  പത്തും  എന്നാണെന്ന് അഭിപ്രായവ്യത്യാസമുണ്ടാവുമ്പോൾ അതിൽ ഏകോപിച്ച വിധത്തിലാണ്  ഈദാഘോഷമുണ്ടാവേണ്ടത്.ജനങ്ങൾ ഈദുൽ ഫിത്വ്‌ർ ആഘോഷിക്കുന്ന ദിവസമാണ് ഈദുൽ ഫിത്വ്‌റെന്നും ജനങ്ങൾ ബലി ആഘോഷിക്കുന്ന ദിവസമാണ് ഈദുൽ അദ്വ്‌ഹ എന്നും പ്രസ്താവിച്ച നബിവചനത്തിന്റെ സാഹചര്യം അതാണ്.
         അറഫയുടെ ദിവസം ഒരു നാട്ടിൽ ദുൽഹജ്ജ് ഒമ്പതാകുന്നില്ലെങ്കിൽ അറഫയുടെ ദിവസം നോക്കി നോമ്പ് നോൽക്കുന്നവർ ഇന്ന് ലോകത്ത് ധാരാളമുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ തങ്ങളുടെ പ്രദേശത്തെ ദുൽഹജ്ജ് 9 എന്നാണോ അന്ന് അറഫ നോമ്പ് അനുഷ്ഠിക്കുന്നവരും നിരവധിയുണ്ട്. വ്രതാനുഷ്ഠാനം വ്യക്തിപരമായ ഒരു ആരാധനയായത് കൊണ്ട് സമൂഹത്തിൽ അതൊരു പ്രശ്നമാവുന്നില്ല. ഈ രണ്ട് വീക്ഷണവും ശരിയാണെന്ന് ആധുനിക പണ്ഡിതൻ‌മാർ ഫത്‌വ കൊടുത്തിട്ടുമുണ്ട്.
        ഇത്തരം, അടിസ്ഥാനപരമല്ലാത്തതും പ്രമാണങ്ങളിൽ വ്യക്തമായ വിധി  കണ്ടെത്താനാവാത്തതുമായ കാര്യങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടാവുമ്പോൾ അതിൽ തെറ്റ് പറ്റിയാൽ പോലും ആരാധനാ കർമ്മങ്ങളുടെ സാധുതക്ക് കോട്ടം തട്ടില്ലെന്നാണ് മതാധ്യാപനം. അറഫയുടെ ദിനം നിശ്ചയിക്കുന്ന കാര്യത്തിൽ വരെ തെറ്റ് പറ്റിയാലും ആ ഇബാദത്തിന് തകരാറ് സംഭവിക്കുകയില്ല എന്നതാണ് പണ്ഡിതൻ‌മാർ പറഞ്ഞിട്ടുള്ളത്.
         അതുകൊണ്ട്, ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളിൽ പക്ഷപാതം പിടിച്ച് അന്യോന്യം കുറ്റപ്പെടുത്തുകയും തീവ്രമായ നിലപാട് പുലർത്തുകയും പരസ്പരം കുഫ്‌റ് പോലും ആരോപിച്ച് തങ്ങളുടെ ഇബാദത്ത് നിഷ്ഫലമാക്കുകയും  സമുദായത്തിൽ അസ്വാരസ്യങ്ങളുണ്ടാക്കുകയും ചെയ്യുന്നത് വലിയ കുറ്റമാണ് എന്ന് മുസ്‌ലിം സഹോദരൻ‌മാർ മനസ്സിലാക്കണം. പടച്ചവന്റെ പ്രീതി ഉദ്ദേശിച്ച് കൊണ്ട് ഇത്തരം ഫസാദിൽ നിന്ന് മാറിനിന്ന് ആത്മാർത്ഥമായി തങ്ങളുടെ ആരാധന നിർവ്വഹിക്കുകയാണ് ചെയ്യേണ്ടത്.
        മക്കാ വിജയവേളയിൽ നബി(സ) ഹറമിലേക്ക് പ്രവേശിച്ചത് അവിടെ സ്ഥാപിക്കപ്പെട്ടിരുന്ന, ഇബ്രാഹിം നബി(അ)യുടേതടക്കം മുഴുവൻ വിഗ്രഹങ്ങളും തല്ലിത്തകർത്ത് കൊണ്ടാണ്. പിന്നീട് എവിടെയെങ്കിലും അവശേഷിക്കുന്ന വിഗ്രഹങ്ങളോ കെട്ടിപ്പൊക്കിയ ഖബറുകളോ ഉണ്ടെങ്കിൽ അവ തട്ടിനിരത്തണമെന്ന് അലി(റ)യെ വിളിച്ചു കൊണ്ട് അവിടുന്ന് വസിയ്യത്ത് ചെയ്തു. ആ തൌഹീദിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. എന്നാൽ, പരിശുദ്ധ ക‌അബാലയം ഇബ്‌റാഹിം നബി(അ) പടുത്തുയർത്തിയ തറയിൽ നിന്ന് അല്പം പുറത്തിട്ടു കൊണ്ടാണ് ഖുറൈശികൾ പിന്നീട് നിർമ്മിച്ചിരുന്നത്. അത് പഴയ രൂപത്തിൽ ആക്കുന്നതിന് നബി(സ)ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജനങ്ങൾ പുതുവിശ്വാസികളായത് കൊണ്ട് അവരത് ഉൾക്കൊള്ളാനായിട്ടില്ല എന്നത് കൊണ്ടും ഞാനത് ചെയ്യുന്നില്ല എന്ന് അവിടുന്ന് ആയിശ(റ)ബീവിയോട് പറയുകയാണുണ്ടായത്.  അതുകൊണ്ട് ജനങ്ങൾ മാനസികമായി പാകപ്പെടാത്ത ഒരവസ്ഥയിൽ ഇത്തരം കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങളും ഭിന്നിപ്പും ഫസാദും  ഉണ്ടാക്കുന്നത് സത്യവിശ്വാസികൾക്ക് ചേർന്നതല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

നാഥൻ അനുഗ്രഹിക്കട്ടെ- ആമീൻ

          

Sunday, September 7, 2014

നില വിളക്ക്, ഓണസദ്യ: വിവാദങ്ങൾ അതിരു വിടരുത്.

നില വിളക്ക്, ഓണസദ്യ:

വിവാദങ്ങൾ അതിരു വിടരുത്.


സി പി ഉമർ സുല്ലമി

(ശബാബ് 2012 സെപ്തംബർ 7)


Saturday, August 16, 2014

Friday, August 15, 2014

ഒരിക്കൽ കൂടി ഇതൊന്ന് വായിക്കുക


പള്ളികള്‍ക്കെതിരായ പടയോട്ടവും
ഭിന്നിപ്പുകാരുടെ മന്‍ഹജിന്റെ ഭാഗമോ?


എം എ ചെമ്മാട്

(ശബാബ് വാരിക 2006 മാർച്ച് 17)


          കോഴിക്കോട് നഗരത്തില്‍ ഈയിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ തൊട്ടു മുമ്പ് സ്‌ഫോടനത്തിനുത്തരവാദികളെന്ന് കരുതുന്നവര്‍ ഇതു സംബന്ധമായി ചിലര്‍ക്ക് വിളിച്ചിരുന്നുവത്രെ. സ്‌ഫോടനം നടക്കുമെന്നും അത് ഇന്നകാരണത്താലാണെന്നും ആയിരുന്നുവത്രെ അവര്‍ പറഞ്ഞിരുന്നത്. ലോകത്ത് നടക്കുന്ന മിക്ക ഭീകരപ്രവര്‍ത്തനങ്ങളുടെയും സ്വഭാവം ഇപ്രകാരമാണ്. എന്നാല്‍ തങ്ങള്‍ ചെയ്യാന്‍ പോകുന്ന ഭീകര പ്രവര്‍ത്തനത്തിനെതിരെയും സമാധാനത്തിനു വേണ്ടിയും ചാരിത്ര്യ പ്രസംഗം നടത്തി ജനങ്ങളുടെ മനം കുളിര്‍പ്പിച്ച് ആരും ഭീകര പ്രവര്‍ത്തനത്തിന് പോയതായി അറിവില്ല. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. വര്‍ഷങ്ങളായി അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുന്ന, യഥാര്‍ഥ ഇസ്‌ലാമികാനുശാസനകളനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചു വരുന്ന കോഴിക്കോട് കരുവന്‍തിരുത്തി മുജാഹിദ് പള്ളിയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ഈ വിരോധാഭാസം (അതോ പുതിയ ഭീകരശൈലിയോ?) അരങ്ങേറിയത്.
          ഇക്കഴിഞ്ഞ മാര്‍ച്ച് 10നാണ് (2006) കോഴിക്കോട് മുജാഹിദ് സെന്ററില്‍ നിന്നുള്ള ഗുണ്ടകള്‍ പള്ളിയില്‍ അതിക്രമിച്ചു കയറുകയും ജുമുഅ അലങ്കോലപ്പെടുത്തുകയും പോലീസിനെയും രാഷ്ട്രീയക്കാരെയും ഉപയോഗിച്ച് പള്ളിപൂട്ടിക്കുകയും ചെയ്തത്. എന്നാല്‍ അതേ മുജാഹിദ് സെന്ററില്‍ നിന്നും അതേ മാര്‍ച്ച് 10ന് പുറത്തിറങ്ങിയ ഭിന്നിപ്പു വാരികയുടെ ആദര്‍ശ പ്രഖ്യാപനം നോക്കൂ:
''കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കുമനുസൃതമായി പള്ളികള്‍ പ്രവര്‍ത്തിക്കണമെന്നല്ലാതെ വിശ്വാസികള്‍ക്കു മുന്നില്‍ പള്ളിവാതിലുകള്‍ അടക്കണമെന്നോ ഉപാസകരില്ലാത്തതിന്റെ പേരില്‍ അവ വില്പന നടത്തി ആ പണം കൊണ്ട് മറ്റെന്തെങ്കിലും ചെയ്യണമെന്നോ മുസ്‌ലിംകള്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ല. തര്‍ക്കങ്ങളുടെ പേരില്‍ പൂട്ടിയിട്ട പള്ളികള്‍ എത്രയും വേഗം തുറന്നുകിട്ടാനും പ്രശ്‌നം പരിഹരിക്കാനും തര്‍ക്കമുള്ള വിഭാഗങ്ങള്‍ അഭിലഷിക്കാറാണ് പതിവ്..... പള്ളികളുടെ പേരില്‍ പൊങ്ങച്ചം നടിക്കുന്നവര്‍ പള്ളികളുടെ പേരില്‍ അകല്‍ച്ചകാണിക്കാനുമാരംഭിച്ച ആസുരമായ ഒരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്........... വിശ്വാസികള്‍  പാദസ്‌നാനം ചെയ്തുമാത്രം കയറുന്ന പള്ളികള്‍ നിയമപാലകരുടെ ഷൂതാഡനവും പട്ടാളക്കാരന്റെ തോക്കിന്‍ ഗര്‍ജനവും കൊണ്ട് വികലമാക്കപ്പെടുന്നുവെങ്കില്‍ അതിനുത്തരവാദികളായവരെ തള്ളിപ്പറയാന്‍ വിശ്വാസി സമൂഹത്തിന് മടിക്കേണ്ട കാര്യമില്ല.'' (വിചിന്തനം വാരിക, 2006 മാര്‍ച്ച് 10)


വിശ്വാസികള്‍ക്കുമുന്നില്‍ പള്ളിവാതിലുകള്‍ അടക്കണമെന്ന് മുസ്‌ലിംകള്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ലെന്നും പള്ളിയില്‍ പോലീസുകാര്‍ക്ക് ഷൂവിട്ട് കയറാന്‍ സാഹചര്യമൊരുക്കുന്നവരെ വിശ്വാസികള്‍ തള്ളിപ്പറയാന്‍ തയ്യാറാവണമെന്നുമുള്ള ഭിന്നിപ്പുകാരുടെ തന്നെ 'മഹല്‍വചനം' മുഖവിലക്കെടുത്ത് ഇക്കൂട്ടരെ എങ്ങനെ വിലയിരുത്തണമെന്ന് വായനക്കാര്‍ തന്നെ തീരുമാനിക്കുക. കൂടാതെ സംഭവത്തിന്റെ തൊട്ടു തലേദിവസം കോഴിക്കോട് ജൂബിലിഹാളില്‍ നടന്ന കെ എ ടി എഫ് സമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കിടയിലെ സംഘര്‍ഷങ്ങളും 'മറുപടിക്ക് മറുപടിയും' ഒക്കെ ഒഴിവാക്കണമെന്ന് ഐക്യപ്രസംഗം നടത്തിയ ടി പി മദനി അവര്‍കള്‍ തന്നെയാണല്ലോ തൊട്ടടുത്ത ദിവസം കരുവന്‍തിരുത്തി പള്ളിയിലേക്ക് ഗുണ്ടാസംഘത്തെ ആശീര്‍വദിച്ചയച്ചത്.   കരുവന്‍തിരുത്തി പള്ളിയില്‍ അന്യദേശത്തുനിന്നും ഗുണ്ടകളെയും ദുസ്സ്വാധീനത്തിന്റെ ബലത്തില്‍ പോലീസിനെയുംകൊണ്ട് എത്തിയ നേതാവിന്റെ കയ്യിലൊരു പുതിയ പൂട്ടും താക്കോലും കൂടി ഉണ്ടായിരുന്നുവെന്നും പള്ളിപൂട്ടാന്‍ പോലീസ് അതാണ് ഉപയോഗിച്ചതെന്നുമുള്ള വാര്‍ത്തകള്‍ ഇതോട് ചേര്‍ത്തുവായിക്കുക.എങ്കിലും ആദര്‍ശധീരരായ കര്‍മഭടന്മാര്‍ക്ക് ഈ തെമ്മാടിത്തങ്ങളെ എങ്ങനെ ഏറ്റെടുക്കാനാവും? അവര്‍ പറയുന്നത് കാണുക:
''മുജാഹിദ് പ്രസ്ഥാനത്തില്‍ രഹസ്യമായി സമാന്തര സംവിധാനങ്ങളുണ്ടാക്കിവെച്ച് പിന്നീട് സമയമായി എന്നറിയിപ്പ് കിട്ടിയപ്പോള്‍ പുറത്തുപോയി ഈ ദഅ്‌വാ പ്രസ്ഥാനത്തെ കിട്ടുന്ന സന്ദര്‍ഭങ്ങളുപയോഗിച്ച് കുത്തുന്ന, പള്ളികളടക്കമുള്ള പവിത്ര കേന്ദ്രങ്ങളില്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കാന്‍ നേതൃത്വം നല്കുന്ന പണ്ഡിതന്മാര്‍ ഓര്‍ക്കാറുണ്ടോ അവര്‍ ചെയ്യുന്ന ചെയ്തികളുടെ അപകടം?'' (അല്‍മനാര്‍ മാസിക, 2004 ജൂണ്‍).
അതെ, അതുതന്നെയാണ് കേരളത്തിലെ മുസ്‌ലിം സമുദായം ഒന്നടങ്കം എ പി വിഭാഗത്തിലെ ബഹുമാന്യരോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ പരാമര്‍ശിച്ച പണ്ഡിതന്‍മാര്‍ ആരെന്ന് മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്ക് പ്രത്യേക ഗവേഷണങ്ങളൊന്നും വേണ്ടിവരില്ല എന്നുറപ്പാണ്. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ അടച്ചുപൂട്ടിയ പള്ളികളുടെ അപ്പോഴത്തെ അവസ്ഥ മാത്രം പരിശോധിച്ചാല്‍ മതി.
മുജാഹിദുകളുടെ പ്രസംഗവേദികള്‍ അലങ്കോലപ്പെടുന്ന സംഭവങ്ങള്‍ക്ക് ചരിത്രത്തില്‍ പഞ്ഞമൊന്നുമില്ല. എന്നാല്‍ സുന്നികളുടെ വേദികള്‍ അലങ്കോലപ്പെടാറുമില്ല. ഇതിന് കാരണമായി നമ്മള്‍ അവതരിപ്പിക്കാറുള്ളത് സ്വന്തം വേദി ആരും അലങ്കോലപ്പെടുത്താറില്ലയെന്നും മുജാഹിദുകള്‍ക്ക് ഇവരുടെ പരിപാടി അലങ്കോലപ്പെടുത്തുന്ന പാരമ്പര്യമില്ലാത്തതിനാലാണ് സുന്നികളുടെ  യോഗങ്ങള്‍  ഭംഗിയായി നടക്കുന്നതെന്നുമൊക്കെയായിരുന്നുവല്ലോ. അതേ അളവുകോലിലാണ് കേരളത്തിലെ പള്ളിപൂട്ടലുകളുടെ ചരിത്രവും അന്വേഷിക്കേണ്ടത്.

മുജാഹിദ് പ്രസ്ഥാനം രണ്ടായി പ്രവര്‍ത്തിച്ചു തുടങ്ങിയ കഴിഞ്ഞ മൂന്നരകൊല്ലത്തിനുള്ളില്‍ നാല് പള്ളികളാണ് അടച്ചുപൂട്ടിയത്. ഇത് നാലും ആ സമയത്ത് ഡോ. ഹുസൈന്‍ മടവൂര്‍ ജന. സെക്രട്ടറിയായ കെ എന്‍ എമ്മിന്റെ കൈവശമായിരുന്നു. ഏതായാലും സ്വന്തം അധീനതയിലുള്ള മസ്ജിദ് അടച്ചുപൂട്ടിക്കാന്‍ ആരും തയ്യാറാവില്ലല്ലോ. അതിനാല്‍ ഈ നാല് സംഭവങ്ങളിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എ പി വിഭാഗം തന്നെ.


കാസര്‍ഗോഡ്: 

കാസര്‍ഗോഡ് പള്ളിയിലായിരുന്നു എ പി വിഭാഗം തങ്ങളുടെ പള്ളിപൂട്ടിക്കല്‍ യജ്ഞത്തിന്റെ ഉദ്ഘാടനം നടത്തിയത്. അന്ന് ആ പള്ളിയുടെ ഭരണസമിതി മര്‍ക്കസുദ്ദഅ്‌വ ആസ്ഥാനമായ കെ എന്‍ എമ്മിന്റെ പ്രാദേശിക നേതാക്കളായിരുന്നു. അവിടത്തെ ഖത്വീബാകട്ടെ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു ല്ലത്തീഫ് കരുമ്പുലാക്കലായിരുന്നു. അതി നീചമായിട്ടായിരുന്നു ഭിന്നിപ്പുകാര്‍ തങ്ങളുടെ 'ഉദ്ഘാടനം' നിര്‍വഹിച്ചത്. ജുമുഅക്കെത്തിയവരെ പള്ളിയില്‍ പ്രവേശിപ്പിക്കാതെയും ഖത്വീബിനെ ഖുതുബ നിര്‍വഹിക്കാന്‍ സമ്മതിക്കാതെയും  'പള്ളിപൂട്ടിക്കോ'  എന്നാക്രോശിച്ച് ഉറഞ്ഞുതുള്ളുകയായിരുന്നു അവര്‍. മലയാളത്തില്‍ ഖുതുബ നിര്‍വഹിച്ചാല്‍ ആക്രമിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. ഒടുവില്‍ ആറ് മാസത്തോളം പള്ളി പൂട്ടിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കാനായി പണിതുയര്‍ത്തിയ വിശുദ്ധഗേഹം ആരാധന നടക്കാതെ ദൈവനിന്ദയുടെ മൂകസാക്ഷിയായി അരവര്‍ഷത്തോളം അടഞ്ഞുകിടന്നപ്പോള്‍ ഭിന്നിപ്പുകാര്‍ വിജയാഹ്ലാദത്തിലായിരുന്നു. പള്ളിയുടെ ഉടമസ്ഥാവകാശം കയ്യടക്കാനുള്ള കുതന്ത്രത്തിലും.

മഞ്ചേരി: 

പള്ളി പൂട്ടിക്കലിന്റെ രണ്ടാമത്തെ 'ജിഹാദ്' മഞ്ചേരിയിലായിരുന്നു. കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്‌കൊളക്കാടന്‍ മുഹമ്മദലിഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി ഇസ്‌ലാഹീ കാമ്പസ് പള്ളിയിലും 'പള്ളിപൂട്ടിക്കലെന്ന' മുദ്രാവാക്യവുമായാണ് ഭിന്നിപ്പുകാരെത്തിയത്. അതും ഒരു വിശുദ്ധമാസത്തില്‍! കെ എന്‍ എം ജില്ലാ സെക്രട്ടറി മൂസ സ്വലാഹിയാണ് ഈ പള്ളിയിലെ ഖത്വീബ്. രണ്ടാഴ്ചയോളം ഈ പള്ളിയിലും ഭിന്നിപ്പുകാര്‍ ആരാധന മുടക്കി. ഒടുവില്‍ നാനാഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ രൂക്ഷമായപ്പോള്‍ ഒരു ഖുതുബ നിര്‍വഹിക്കാന്‍ അബ്ദുര്‍റഹ്മാന്‍ സലഫിക്ക് അവസരം നല്കണമെന്ന ഉപാധിയിലാണ് പള്ളി തുറക്കാന്‍ എ പി വിഭാഗം തയ്യാറായത്. തങ്ങളുടെ നേതാവിന് കേവലമൊരു ഖുതുബ നടത്താന്‍ നഗരമധ്യത്തിലെ തിരക്കേറിയ ഒരു സലഫീ മസ്ജിദില്‍ രണ്ടാഴ്ചക്കാലം ആരാധന മുടക്കിയതിന്റെ 'ലാഭം' ഇവര്‍ ഏത് അക്കൗണ്ടില്‍ ചേര്‍ക്കും?

വണ്ടൂര്‍:

മൗലവി ശഫീഖ് അസ്‌ലം ഖുത്വ്ബ നിര്‍വഹിച്ചിരുന്ന വണ്ടൂര്‍ പള്ളിയില്‍ അതിക്രമിച്ചുകയറാനും പള്ളി പൂട്ടിക്കാനും ഇവര്‍ തെരഞ്ഞെടുത്ത സമയം പോലും മനുഷ്യത്വത്തിന് നിരക്കുന്നതായിരുന്നില്ല. ശഫീഖ് അസ്‌ലം ഗുരുതരമായ ഒരു     രോഗത്തിന്റെ അവശതയില്‍ ആശുപത്രിയില്‍ കഴിയുന്ന സാഹചര്യമാണ് ഭിന്നിപ്പുകാര്‍ തങ്ങളുടെ കാടന്‍ പ്രവൃത്തിക്ക് തെരഞ്ഞെടുത്തത്. ഇവിടെയും ദിവസങ്ങളോളം സുജൂദ് മുടക്കിയ ഇവര്‍ തങ്ങളുടെ നേതാവിന് ഒരു ഖുതുബ മാത്രം നിര്‍വഹിക്കാനുള്ള അവസരം മധ്യസ്ഥര്‍ മുഖേന നേടിയെടുത്ത് 'ധൈര്യസമേതം' പിന്‍വാങ്ങി.

കരുവന്‍തിരുത്തി:

ഒടുവില്‍ കരുവന്‍ തിരുത്തി പള്ളി പൂട്ടിക്കാനും ഭിന്നിപ്പുകാര്‍ക്ക് പ്രേരണയായത് ഈ പള്ളിയുടെ ഭരണത്തിലും മിന്‍ബറിലും തങ്ങള്‍ക്ക് സ്വാധീനമില്ലാത്തതിന്റെ പ്രകോപനം മാത്രമായിരുന്നു. നാട്ടില്‍ രണ്ട് കയ്യിലെയും വിരലുകളുപയോഗിച്ച് എണ്ണാന്‍ പോലും അണികളില്ലാത്തവര്‍ ആ നാട്ടിലെ പള്ളിഭരണത്തിലും എവിടെയായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും മിനക്കെടാതെയാണിവര്‍ പുതിയ പൂട്ടും വാങ്ങി ഗുണ്ടകളുമായെത്തി പോലീസിനെ ഉപയോഗിച്ച് ഈ പള്ളിയും അടച്ചുപൂട്ടിയത്. ജുമുഅ അലങ്കോലപ്പെടുത്തിയും സ്വയം ജുമുഅ ഉപേക്ഷിച്ചുമാണ് പലരും ഈ ഗുണ്ടായിസം നടത്തിയതെന്ന് ഇവരുടെ 'ആദര്‍ശ പ്രതിബദ്ധത'യുടെ അളവുകോലായി  വിശ്വാസികള്‍ വിലയിരുത്തട്ടെ.

പള്ളിപൂട്ടിക്കലിനു പുറമെ പള്ളി നിന്ദയുടെ ഒരു പരമ്പര തന്നെയാണ് ഭിന്നിപ്പുകാര്‍ കാഴ്ചവെച്ചത്. പള്ളിപൊളിക്കല്‍, പള്ളിപ്പണിമുടക്കല്‍, പള്ളിഫണ്ടുകള്‍ മുടക്കല്‍ തുടങ്ങി മഹത്തായ സേവനങ്ങള്‍ കഴിഞ്ഞ നാല്പതില്‍ പരം മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ കേരള മുസ്‌ലിം ചരിത്രത്തിന് സമര്‍പ്പിച്ചു. ദോഷം പറയരുതല്ലോ, ''നന്മയിലേക്ക്, തിന്മക്കെതിരെ'', ''ഇസ്‌ലാമിനെ അറിയുക'', ''നാഥനെ അറിയുക നാളെയുടെ രക്ഷക്ക്'' തുടങ്ങിയ സുന്ദരമായ ടൈറ്റിലുകളാണ് ഈ ക്രൂരകൃത്യങ്ങള്‍ നടത്തുമ്പോഴും ഇവരുടെ ബാനറുകളില്‍ തെളിഞ്ഞുകണ്ടിരുന്നത്. ഭിന്നിപ്പുകാരുടെ പള്ളിനിന്ദക്ക് ചില ഉദാഹരണങ്ങള്‍

കൊടുന്തിരപ്പുള്ളി:

അല്ലാഹുവിന് സുജൂദ് ചെയ്യുന്ന വിശുദ്ധഗേഹം സ്വാര്‍ഥതാല്പര്യങ്ങളുടെ അന്ധതയില്‍ ഒറ്റ രാത്രികൊണ്ട് ജെ സി ബി ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കിയും ഭിന്നിപ്പുകാര്‍ ചരിത്രം കുറിച്ചു. പാലക്കാട് കൊടുന്തിരപ്പുള്ളിയിലെ മുജാഹിദ് പള്ളി വിശുദ്ധ ഖുര്‍ആന്‍ പ്രതികളും ഫര്‍ണിച്ചറുകളും പായകളുമെല്ലാം ഉള്‍പ്പെടെയാണ് ഇവര്‍ നിലംപരിശാക്കിയത്.

തൊടുപുഴ:

തൊടുപുഴക്കടുത്ത് മങ്ങാട്ട് കവലയിലെ മസ്ജിദുല്‍ മുജാഹിദീന്‍ ഭിന്നിപ്പുകാര്‍ ഈയിടെ തകര്‍ത്തത് പ്രദേശത്തെ സലഫീ പ്രവര്‍ത്തകര്‍ക്ക് ഇരട്ട പ്രഹരമായി. ഇവിടെ നിന്നും ഒന്നര കിലോമീറ്ററോളം അകലെ വന്‍തുക ചിലവാക്കി എറണാകുളത്തെ ഭിന്നിപ്പുനേതാവിന്റെ നേതൃത്വത്തില്‍ പണിത ഷോപ്പിംഗ് കോംപ്ലക്‌സ് പള്ളിയില്‍ ആളെക്കൂട്ടാനും മസ്ജിദുല്‍ മുജാഹിദീന്‍ 'മടവൂര്‍ വിഭാഗം' കയ്യിലാക്കുമോ എന്ന് ഭയന്നും അതിനിഷ്ഠൂരമായാണ് ഇവര്‍ ഈ പള്ളി നിലംപരിശാക്കിയത്. ഒടുവില്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന് ആരാധനാലയത്തിനുള്ള അനുമതിയില്ലെന്നതിന്റെ പേരില്‍ ഇതിലെ പള്ളി ഉപേക്ഷിക്കേണ്ടി വന്നു ഭിന്നിപ്പുകാര്‍ക്ക്. പൊളിച്ചുമാറ്റിയ സ്ഥലത്ത് ഇനിയൊരു പള്ളി ഉയര്‍ത്തണമെങ്കില്‍ കടുത്ത തടസ്സങ്ങളാണ് നിലവിലുള്ളത്. ഫലത്തില്‍ പ്രദേശത്തെ മുജാഹിദുകള്‍ക്ക് ആരാധന നടത്താനുള്ള സംവിധാനമാണ് ഭിന്നിപ്പുകാരുടെ കുതന്ത്രത്തില്‍ ഇവിടെ നഷ്ടപ്പെട്ടത്.

പരവൂര്‍:

കൊല്ലം പരവൂരില്‍ മുജാഹിദ് പള്ളിയുടെ നിര്‍മാണം തടയാന്‍ എ പി വിഭാഗം കൂട്ടുപിടിച്ചത് സംഘപരിവാര്‍ ശക്തികളെയായിരുന്നു. പള്ളി നിലവില്‍ വന്നാല്‍ മതസൗഹാര്‍ദം തകരുമെന്നും തൊട്ടടുത്ത ക്ഷേത്രത്തിലെ ഉഷപൂജക്കും ദീപാരാധനക്കും ശല്യമാവുമെന്നും കാണിച്ച് രേഖാമൂലം ഇവര്‍ ക്ഷേത്രകമ്മറ്റിയെയും ആര്‍ എസ് എസ് ഭാരവാഹികളെയും സമീപിക്കുകയായിരുന്നു. താല്‍ക്കാലികമായി പള്ളിപ്പണി മുടക്കാന്‍  ഇവര്‍ക്കായെങ്കിലും ഹൈന്ദവസഹോദരങ്ങള്‍ വൈകിയെങ്കിലും ഇവരുടെ കുതന്ത്രവും പൈശാചികതയും തിരിച്ചറിയുകയായിരുന്നു.

അയനിക്കോട്:

മലപ്പുറം അയനിക്കോട് സലഫി മസ്ജിദ് നിര്‍മാണത്തിന് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ആര്‍ ഡി ഒയെ ബോധിപ്പിച്ച കാര്യങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ശബ്ദ മലിനീകരണവും പരിസരമലിനീകരണവുമായിരുന്നു അയനിക്കോട്ടെ സലഫീ മസ്ജിന്റെ നിര്‍മാണം തടയാന്‍ ഇവര്‍ കണ്ടെത്തിയ കാരണങ്ങള്‍.

പെരുവള്ളൂര്‍, മുസ്‌ലിയാരങ്ങാടി...:

അല്ലാഹുവിനെ മാത്രം ആരാധിക്കാനായി ഗ്രാമങ്ങളിലെ സലഫീ പ്രവര്‍ത്തകര്‍ക്ക് മസ്ജിദ് നിര്‍മിക്കാന്‍ ദീനീ സ്‌നേഹികളായ അഭ്യുദയകാംക്ഷികളും സംഘടനകളും അനുവദിച്ച ഫണ്ടുകള്‍ കുപ്രചരണങ്ങള്‍ നടത്തിയും തെറ്റിദ്ധരിപ്പിച്ചും മുടക്കിയ നിരവധി സംഭവങ്ങളാണ് കേരളത്തില്‍ ഭിന്നിപ്പുകാര്‍ കാരണം ഉണ്ടായത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂരും മുസ്‌ലിയാരങ്ങാടിയും കേവലം ഉദാഹരണങ്ങള്‍ മാത്രം.

ഇനി പറയൂ, ഇതായിരുന്നോ നിങ്ങള്‍ അവതരിപ്പിച്ച സലഫീ മന്‍ഹജ്? എന്തിനായിരുന്നു ഈ അഭ്യാസങ്ങളെല്ലാം.
''ജാറങ്ങളോടനുബന്ധിച്ച പള്ളികളിലും മാല, മൗലൂദ്, റാത്തീബ് തുടങ്ങി തൗഹീദീ വിശ്വാസത്തിന് വിരുദ്ധമായ ആചാരവൈകൃതങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പുരോഹിതന്മാരുടെ നേതൃത്വത്തിലുള്ള നമസ്‌കാരങ്ങളിലും ദുആകളിലും സംബന്ധിക്കാന്‍ തൗഹീദിന്റെ യഥാര്‍ഥ ആദര്‍ശം ഉള്‍ക്കൊണ്ടവര്‍ക്ക് സാധിക്കില്ല. അത്തരം ആളുകള്‍ ഒരു പ്രദേശത്ത് നന്നെ കുറവാണെങ്കിലും അവര്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാനായി ഒരു മസ്ജിദ് വേണമെന്ന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് ജുമുഅ ജമാഅത്തുകളിലും പെരുന്നാള്‍, തറാവീഹ് എന്നീ സംഘടിത നമസ്‌കാരങ്ങളിലും പങ്കെടുക്കുന്നതിന് സാധിക്കണം.'' (അല്‍മനാര്‍ 2005 ഒക്‌ടോബര്‍)
ശരിയാണ്!  പക്ഷേ, നിങ്ങള്‍ മേല്‍ പ്രസ്താവിക്കപ്പെട്ട പള്ളികള്‍ക്കു എതിരെ തിരിഞ്ഞത് എന്തിനായിരുന്നു. ആ പള്ളികളില്‍ ജാറമോ മാലമൗലൂദ് റാത്തീബോ സ്ത്രീസ്വാതന്ത്ര്യ നിഷേധമോ തറാവീഹ് പതിനൊന്നിലധികമോ അറബി ഖുതുബയോ എന്തെങ്കിലുമുണ്ടായിരുന്നോ? (കേരളത്തില്‍ ഏതെങ്കിലും മുജാഹിദ് പള്ളിയില്‍ ഇത്തരം വല്ലതും നടന്നിട്ടുണ്ടെങ്കില്‍ അത് ഇക്കൂട്ടരുടേതിലാണ്. തലശ്ശേരി മൂഴിക്കരപള്ളിയില്‍ തറാവീഹ് 23 നമസ്‌കരിച്ചതും മലപ്പുറം പെരുവള്ളൂര്‍ മസ്ജിദില്‍ അറബിഖുത്വ്ബ നടന്നതുമെല്ലാം മാലോകരറിഞ്ഞതാണല്ലോ)
സലഫീ ആദര്‍ശത്തിനെതിരായ എന്തെങ്കിലും നടന്നതിന്റെ പേരിലായിരുന്നോ നിങ്ങള്‍ ഇത്തരം പള്ളി നിന്ദക്ക് ഒരുമ്പെട്ടത്?
''നടത്തിപ്പുകാര്‍ ആരെന്ന് നോക്കിയല്ല പള്ളിയെ പരിഗണിക്കേണ്ടത്, പള്ളി അല്ലാഹുവിന്റെ ഭവനമാണെന്ന പവിത്രത നാം സംരക്ഷിക്കണം. വ്യക്തി ദൂഷ്യങ്ങളും സമൂഹത്തിലെ ഇതര താല്പര്യങ്ങളും ഭൗതിക നേട്ടങ്ങളും മുതലാക്കാന്‍ പള്ളികളെ കരുവാക്കുന്ന പ്രവണത അല്ലാഹുവിന്റെ ശിക്ഷക്കും കോപത്തിനും കാരണമാകുമെന്നതിന് അനുഭവങ്ങള്‍ സാക്ഷിയാണ്'' (അല്‍മനാര്‍ 2005 ജൂലായ്)
എന്ന് നിങ്ങള്‍ എഴുതിവിട്ടത് കേവലം ഭംഗിവാക്കായി മാത്രമായിരുന്നോ? എങ്കില്‍,
''തങ്ങള്‍ വിഘടിച്ചു പോയത് സത്യമാര്‍ഗത്തിലാണെന്ന് ഈ ഗൂഢാലോചകര്‍ അവരെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് സത്യസന്ധരായി ദീനീ പ്രവര്‍ത്തനം നടത്തിയിരുന്ന പലരും ഇന്ന് രൗദ്രഭാവം പൂണ്ട് വിശുദ്ധ പള്ളികള്‍ പോലും കലാപകേന്ദ്രങ്ങളാക്കാന്‍ മടികാണിക്കാത്തത്'' (അല്‍മനാര്‍ 2005 ജനുവരി)
എന്ന് എഴുതിയത് ആരെക്കുറിച്ചാണെന്ന് മേല്‍ സൂചിപ്പിച്ച 10 പള്ളികളുടെ ചരിത്രത്തിലൂടെ മാത്രം സമുദായം വിലയിരുത്തും എന്നുമാത്രം മറക്കാതിരിക്കുക.
''എത്ര നല്ല കൃഷിക്കിടയിലും കളകള്‍ മുളക്കുന്നതുപോലെ എത്ര നല്ല ഉപദേശങ്ങള്‍ ലഭിച്ചാലും ചിലര്‍ ക്രൂരന്മാരായി വളരും. അതില്ലാതാക്കാന്‍ രണ്ട് പ്രധാന മാര്‍ഗമാണുള്ളത്. എളുപ്പത്തില്‍ പിടിക്കപ്പെടുകയും പരസ്യമായി ശിക്ഷിക്കപ്പെടുകയും ചെയ്യുക'' (ഭിന്നിപ്പുവാരിക, 2006 മാര്‍ച്ച് 10) എന്നേ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

ഫിനിഷിങ്ങ് പോയിന്റ്: ശബാബിൽ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷവും കേരളത്തിൽ സമാന രീതിയിൽ കുറെ പള്ളികളിൽ ഇവർ പ്രശ്നമുണ്ടാക്കി. ചെനക്കലങ്ങാടി, തിരൂർ തുടങ്ങിയ പല പ്രദേശങ്ങളിലും ഇവരീ നെറികേട് ആവർത്തിച്ചു.Monday, August 11, 2014

അന്ന് ഇവിടെയുമൊരു ജീവൻ പൊലിഞ്ഞിരുന്നു........!!!

ജിന്നിറക്കാൻ പ്രാകൃതചികിത്സ
അന്ന് ഇവിടെയുമൊരു ജീവൻ പൊലിഞ്ഞിരുന്നു........!!!

അബൂഹിമ

2010 ഏപ്രിൽ അവസാന വാരം എന്റെ നാട്ടിൽ ഇങ്ങിനെയൊരു സംഭവമുണ്ടായി. അന്ന് മുജാഹിദ് സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർ ഇതിനെ കേട്ട ഭാവം പോലും നടിച്ചില്ല. കാരണം നാലു വർഷത്തോളം, സംസ്ഥാന നേതൃത്വത്തിന്റെ പൂർണ്ണ ഒത്താശയോടെ ഷംസുദ്ദീൻ പാലത്ത് ഇത്തരം പ്രാകൃത വിശ്വാസങ്ങളെ പുനരായിക്കാൻ അധ്വാനിച്ചത് ഞങ്ങളുടെ നാട്ടിലെ മിൻബറിലായിരുന്നു. അന്ന് ഒരു കാമ്പയിനോ ബഹുജന സംഗമമോ പോയിട്ട് കേവലമൊരു പ്രതിഷേധസ്വരം പോലും ആ കേന്ദ്രങ്ങളിൽ നിന്നുണ്ടായില്ല.

അതെ, അന്നിവർ ജിന്ന്സ്പെഷലിസ്റ്റുകളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു. ഇസ്ലാഹി നേതാക്കൾ തെളിച്ച് വെച്ച നേരിന്റെ വെളിച്ചത്തിൽ നിന്ന് മാളത്തിലേക്കോടിയൊളിച്ച പഴയ ജിന്ന് ചികിത്സകർക്ക് ഊർജ്ജവും ആർജ്ജവവും പുതുക്കി പകർന്ന് നൽകുകയായിരുന്നു.

അത്തരത്തിൽ ധൈര്യം തിരിച്ച് കിട്ടിയ ഒരാൾ ഇവരുടെ കെ എൻ എം സംസ്ഥാന സെക്രട്ടറിക്ക് മുൻപിൽ അത് നേരിട്ട് തുറന്ന് പറയുകവരെ ചെയ്തുവെന്ന് പുതിയ വെളിപ്പെടുത്തൽ; “കുറച്ച് മാസങ്ങൾക് മുൻപ് ഒരു മുസ്ല്യാർ ചികിത്സാ ആവശ്യാർത്ഥം ഹോസ്പിറ്റലിൽ വന്നപ്പോൾ ജോലി എന്താണെന്ന് അന്വേഷിച്ചു. ഇസ്മിന്റെ പണിയെന്ന് മറുപടി പറഞ്ഞു. ജിന്നിറക്കലും സിഹ്‌റ് ഒഴിപ്പിക്കലും അറബി മാന്ത്രികവുമായി ലൊട്ടുലൊടുക്ക് തട്ടിപ്പുമായി നടക്കുന്ന ഒരു മുസ്ല്യാർ. ചോദിച്ചറിയലിൽ ഒരു പുച്ഛരസം മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു:...”സാറേ, മുൻപ് ഞങ്ങൾ ഒളിച്ചും പാത്തും ഇരുളിന്റെ മറവിൽ തലയിൽ മുണ്ടിട്ട് ചെയ്തിരുന്ന പണിക്ക് തെളിവുകളും രേഖകളും തന്നത് നിങ്ങളുടെ ആൾക്കാരാണ്” “(വിചിന്തനം വാരിക, 2014 ആഗസ്റ്റ് 8, ഡോ. സുൽഫിക്കറലി)

അതെ, സത്യമാണയാൾ പറഞ്ഞത്. ആ വാക്കുകൾക്ക് എന്ത് മറുപടി നൽകി എന്ന് ലേഖനത്തിലില്ലെങ്കിലും അദ്ദേഹമത് നിഷേധിച്ചിരിക്കാൻ സാധ്യതയില്ല. കാരണം 2002ൽ ‘മടവൂരി’കളെ അരുക്കാക്കാൻ കരുക്കൾ നീക്കുന്നതിനിടെ ലഭിച്ച വലിയൊരായുധമായ ‘മൻഹജി’ന്റെ മറവിൽ ‘ജിന്നൂരിസം’ മലയാള മണ്ണിലേക്ക് അരിച്ചിറങ്ങിയത് യാദൃശ്ചികമൊന്നുമായിരുന്നില്ലെന്ന് ഡോക്ടർക്കറിയാം.
ഷംസുദ്ദീൻ പാലത്തിന്റെ അന്ധവിശ്വാസ പുനരാനയിച്ച് കൊണ്ടുള്ള ‘വിഖ്യാതമായ’ ഖുതുബകൾ അദ്ദേഹത്തിന്റെ കൂടി മഹല്ലിലെ പള്ളിയിലായിരുന്നു അരങ്ങേറിയിരുന്നത്. 2002ൽ തന്നെ ജിന്ന് കൂടലും ജിന്നിറക്കലും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത, കെ ജെ യുവിന്റെ ഐ എസ് എച്ച് എന്ന സ്ഥാപനം ഡോക്ടറുടെ കൂടി നാടിന്റെ അയൽ പ്രദേശത്തായിരുന്നു.
അന്നവക്കൊക്കെ കുടപിടിച്ചവരും വെള്ളവും വെളിച്ചവും പകർന്നവരുമൊക്കെ ഇന്ന് ആ കാലത്തെ തള്ളിപ്പറയുന്നു. അൽഹംദുലില്ലാഹ്.

പക്ഷെ, ദുരഭിമാനവും അഹങ്കാരവും അലങ്കാരമായി കൊണ്ടു നടക്കുന്നവർ തിരിച്ചറിവിന്റെ തുരുത്തിലും സത്യം അംഗീകരിക്കാൻ മടിക്കുന്നു. തിരുത്തിന് കരുത്ത് പകർന്ന ധീര മുജാഹിദുകളെ തള്ളിപ്പറയാൻ മത്സരിക്കുകയാണവർ.

മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രമാണബദ്ധമായ തേരോട്ടത്തിനിടയിലും മണ്ണടിയാതെ അള്ളിപ്പിടിച്ചവരും നവയാഥാസ്ഥിതികരുടെ ഇറക്കുമതി മൻഹജിന്റെ കച്ചിത്തുമ്പിൽ തൂങ്ങി നവജീവൻ വന്നവരുമായ ജിന്നൂരികൾക്കെതിരെയുള്ള ആദർശ കൂട്ടായ്മയുടെ പ്രാധാന്യവും പ്രസക്തിയും അനിവാര്യതയും അവഗണിച്ച് കൊണ്ടുള്ള ഈ ഊറ്റം കൊള്ളൽ വിഡ്ഡിത്തമാണെന്ന് പോലും തിരിച്ചറിയുന്നില്ല അവർ.

അറിയുക, ഇതൊരു മുജാഹിദ് ഗ്രൂപ്പിസത്തിന്റെ ആയുധമല്ല. ദൌർഭാഗ്യകരമായ ചേരിതിരിവിന്റെ പുകമറയിൽ തലപൊക്കുന്ന യാഥാസ്ഥിതികതക്കെതിരായ ചെറുത്തുനിൽ‌പ്പാണ്. ഭൂതകാലത്തെ തെറ്റുകൾ ശരികളാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയല്ല, തിരിച്ചറിവുകളും തിരുത്തുകളും ശരിയുടെ പക്ഷത്തിന്റെ കരുത്താക്കി മാറ്റാൻ മനസ്സുണ്ടാവുകയാണ് വേണ്ടത്.

29/04/2010 ന് മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വന്ന ആ വാർത്തകൾ ഓർമ്മയിലേക്കായി....

യുവതിയുടെ മരണം

ഭർത്താവും അറസ്റ്റിൽ

തിരൂരങ്ങാടി: ജിന്നുബാധയിറക്കാനെന്ന പേരില്‍ നടത്തിയ പ്രാകൃത ചികിത്സക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മച്ചിങ്ങല്‍ മുഹമ്മദലി(33) ആണ് അറസ്റ്റിലായത്. മുഹമ്മദലിയുടെ സഹോദരങ്ങളായ അസ്മാബി(21), സൈതലവി(26) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. മുഹമ്മദലിയുടെ ഭാര്യ ചെട്ടിപ്പടി പരേതനായ തയ്യില്‍ മുഹമ്മദലിയുടെ മകള്‍ സക്കീന(30)യാണ് കഴിഞ്ഞ തിങ്കളാഴ്ച ദാരുണമായി മരിച്ചത്. മന്ത്രവാദ ചികിത്സക്കിടെ തലയിലുണ്ടായ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏര്‍വാടിയില്‍ വെച്ചാണ് സക്കീന മരണപ്പെടുന്നത്. 20ന് മുഹമ്മദലിയുടെ തറവാട് വീട്ടില്‍ വെച്ച് അസ്മാബിയും സൈതലവിയും ചേര്‍ന്ന് നടത്തിയ മന്ത്രവാദത്തെ തുടര്‍ന്ന് അവശയായ സക്കീനയെ അസ്മാബിയുടെ നിര്‍ദ്ദേശ പ്രകാരം ഏര്‍വാടിയിലേക്ക് കൊണ്ടു പോവുകയായിരുന്നത്രെ. വീട്ടിലെ ചികിത്സയുടെ ഭാഗമായി സക്കീനയെ ചങ്ങലയില്‍ ബന്ധിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലയില്‍ മാരകമയ മുറിവ് സംഭവിക്കുകയും ചെയ്തിരുന്നെന്ന് സക്കീനയുടെ സഹോദരന്‍ ഹുസൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള തങ്ങളുടെ നിര്‍ദ്ദേശം അവഗണിച്ചാണ് മുഹമ്മദലിയും കൂട്ടരും ഏര്‍വാടിയിലേക്ക് കൊണ്ടു പോയതെന്ന് ഹുസൈന്‍ പറഞ്ഞു.
മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് അസ്മാബിക്കും സൈതലവിക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് സെക്ഷന്‍ 34 പ്രകാരമാണ് മുഹമ്മദലിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് തിരൂരങ്ങാടി സി ഐ എന്‍ വി അബ്ദുല്‍ഖാദര്‍ പറഞ്ഞു.
മുഹമ്മദലിയുടെ വീട്ടില്‍ ചുമരിലും മേശയിലും വസ്ത്രത്തിലും കഴുകിക്കളയാന്‍ ശ്രമിച്ച രീതിയില്‍ കണ്ടെത്തിയ രക്തക്കറ ഇന്ന് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധിച്ചു. ഇത് രക്തത്തിന്റെ പാടുകളാണെന്ന് സംഘം സ്ഥിരീകരിച്ചു. മന്ത്രവാദ ചികിത്സക്കിടെ അടിക്കാനുപയോഗിച്ചതെന്ന് കരുതുന്ന വലിയൊരു വടിയും അന്വേഷണസംഘം വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇതില്‍ നിന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിച്ചു പരിശോധനക്കായി കൊണ്ടു പോയിട്ടുണ്ട്. ഫോറന്‍സിക് വകൂപ്പില്‍ നിന്നുള്ള എ ഉണ്ണികൃഷ്ണന്‍, ടി അബ്ദുറസാഖ്, എം ഗോപു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ജിന്നിറക്കല്‍ ചികിത്സ നടത്തിയ അസ്മാബി കോഴിക്കോട് ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തതിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.
മാസങ്ങള്‍ക്ക് മുന്‍പ് സഹോദരിമാരോടൊപ്പം ഏര്‍വാടിയില്‍ പോയപ്പോഴുണ്ടായ വെളിപാട് പ്രകാരമാണ് ജിന്നുചികിത്സക്ക് ഒരുങ്ങിയതെന്ന് അസ്മാബി പൊലീസിനോട് പറഞ്ഞു. ഇവരുടെ ആദ്യ ചികിത്സയായിരുന്നത്രെ ഇത്. സക്കീനക്ക് യാതൊരു അസുഖവുമുണ്ടായിരുന്നില്ലെന്നും അസ്മാബിയുടെ ചികിത്സയിലാണ് സക്കീനയുടെ മാനസികനില തെറ്റിയതെന്നും സഹോദരന്‍ ഹുസൈന്‍ വര്‍ത്തമാനത്തോട് പറഞ്ഞു. ഞാന്‍ ഇളക്കിയ ജിന്നിനെ ഇറക്കാനും എനിക്കറിയാം എന്ന് പറഞ്ഞാണ് അസ്മാബി 20ന് തറവാട് വീട്ടില്‍ വെച്ച് ചികിത്സ നടത്തിയത്. വലിച്ചിഴച്ച് മുറിയില്‍ കയറ്റിയ സക്കീനയെ അവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചെവിയില്‍ മങ്കൂസ് മൗലിദ് ഉരുവിട്ടപ്പോള്‍ സക്കീന വെപ്രാളം കാണിച്ചുവെന്നും അപ്പോഴാണ് വടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതെന്നും സി ഐ പറഞ്ഞു. ഈ സമയം കണ്ടുനിന്ന ബന്ധുക്കളെല്ലാം പേടിച്ച് പിന്‍മാറിയെങ്കിലും സൈതലവിയുടെ സഹായത്തോടെ അസ്മാബി ചികിത്സ തുടര്‍ന്നു. മുഹമ്മദലിയും ഇതിനെല്ലാം സാക്ഷിയായി മുറിയിലുണ്ടായിരുന്നു. പിറ്റെ ദിവസം ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാതെ ഏര്‍വാടിയിലേക്ക് സക്കീനയെ കൊണ്ടു പോയതും മുഹമ്മദലി തന്നെയായിരുന്നു.വിനയായത് യുവതിക്ക് ജീവനുണ്ടെന്ന പ്രചാരം.

തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്ത് പറമ്പില്‍ ജിന്നു ചികിത്സക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് വിനയായത് യുവതിക്ക് ജീവനുണ്ടെന്ന പ്രചാരം. ശരീരത്തില്‍ ജിന്നുകയറിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഭര്‍തൃസഹോദരി നടത്തിയ ചികിത്സാപരീക്ഷണത്തിന്റെ ഇരയായ ചെട്ടിപ്പടി പരേതനായ തയ്യില്‍ മുഹമ്മദലിയുടെ മകള്‍ സക്കീനയുടെ മരണത്തിനു പിന്നിലെ ഞെട്ടിപ്പിക്കുന്ന കഥകള്‍ അല്ലെങ്കില്‍ പുറലോകമറിയാതെ പോവുമായിരുന്നു. കാര്യമായ അസുഖമില്ലാതിരുന്ന സക്കീനയില്‍ തന്റെ മന്ത്രവാദ ചികിത്സയിലേക്കുള്ള പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നുവത്രെ. ഇതിനെ തുടര്‍ന്ന് ഭയപ്പെട്ട സക്കീനയില്‍ ചില മാനസികാസ്വസ്ഥ്യങ്ങള്‍ പ്രകടമായി. ഒരിക്കല്‍ പുഴയില്‍ ചാടി ആത്മഹത്യാ ശ്രമവും നടത്തി.

ഇതെല്ലാം ജിന്നിന്റെ ചെയ്തികളായി ധരിപ്പിച്ച് സക്കീനയുടെ ഭര്‍തൃസഹോദരി അസ്മാബി(22) ഒരു മന്ത്രവാദ ചികിത്സക്ക് സാഹചര്യമൊരുക്കി. മുന്‍പ് രണ്ട് മാസത്തോളം ഏര്‍വാടിയില്‍ താമസിച്ചിരുന്ന തനിക്ക് അവിടെ നിന്നും സിദ്ധി ലഭിച്ചതായി അസ്മാബി അവകാശപ്പെട്ടിരുന്നു. ഇത് പരീക്ഷിക്കാനുള്ള ഒരു ഇരയായി തന്റെ നാത്തൂനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു ഇവര്‍.

തന്റെ വീട്ടില്‍ മുറിയില്‍ കയറ്റി അടച്ചിട്ട് സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും കണ്‍മുന്നില്‍ വെച്ചാണ് ഇവര്‍ പ്രാകൃതമായ അടിചികിത്സ നടത്തിയത്. ചെവിയില്‍ മന്ത്രിച്ചപ്പോള്‍ സക്കീന കാണിച്ച വെപ്രാളത്തെ ജിന്നിന്റെ ഇളക്കമായി ചിത്രീകരിച്ച് ഒരു മരക്കൊമ്പ് കൊണ്ട് അടിക്കുകയായിരുന്നത്രെ. അടിക്കാനുപയോഗിച്ചതെന്ന് കരുതുന്ന മരക്കൊമ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തു.

നേരത്തെ കോഴിക്കോട് ചെരുവണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന അസ്മാബി ഈയടുത്താണ് മന്ത്ര ചികിത്സയിലേക്ക് തിരിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. മരക്കൊമ്പ് കൊണ്ട് തലയില്‍ ആഴത്തില്‍ മുറിവേറ്റ സക്കീനക്ക് ആവശ്യമായ യാതൊരു ചികിത്സയും നല്‍കാന്‍ അസ്മാബിയോ ഭര്‍ത്താവോ മറ്റു ബന്ധുക്കളോ തയ്യാറായില്ലെന്നത് ഈ കുടുംബത്തെ പിടികൂടിയ അന്ധവിശ്വാസത്തിന്റെ ആഴം വ്യക്തമാക്കുന്നു. പിറ്റെ ദിവസം അസ്മാബിയുടെ നിര്‍ദ്ദേശമനുസരിച്ച് തന്നെയാണ് മുഹമ്മദലി സക്കീനയെയും കൊണ്ട് ഏര്‍വാടിയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്നും സക്കീനയുടെ അത്യാസന്ന നില മനസ്സിലാക്കി ഇവരെ മടക്കി അയച്ചു.

ഏര്‍വാടിയിലെ ഒരു സ്വകാര്യാശുപത്രിയില്‍ കാണിച്ചപ്പോള്‍ അതീവ ഗുരുത്രാവസ്ഥയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഗ്ലൂക്കോസ് നല്‍കി. തിരികെ ആംബുലന്‍സില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിമധ്യേയായിരുന്നു സക്കീന മരിച്ചത്. വിവരം ഫോണില്‍ വീട്ടിലറിയിച്ചു. മൂന്നര മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം നാലു മണിയോടെ തന്നെ സംസ്‌കാരത്തിനുള്ള കര്‍മ്മങ്ങള്‍ ആരഭിച്ചു. നാലു മണിക്ക് കുളിപ്പിക്കാനെടുക്കുനതിനിടെ അസ്മാബി വന്ന് മയ്യിത്തിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചെന്ന് സക്കീനയുടെ സഹോദരന്‍ ഹുസൈന്‍ വര്‍ത്തമാനത്തോട് പറഞ്ഞു. പിന്നീട് മയ്യിത്തിന് ചൂട് അനുഭവപ്പെടുന്നതായും ജീവനുള്ളതായും പ്രചാരമുണ്ടായി. ഉടനെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ കാണിച്ചപ്പോള്‍ അവരും സംശയം പ്രകടിപ്പിച്ചു. അങ്ങിനെയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്.

താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. ഏകദേശം ആറു മണിക്കൂര്‍ മുന്‍പെങ്കിലും മരിച്ചിട്ടുണ്ടാവുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിരീക്ഷണം. യുവതിയുടെ തലയിലെ ആഴത്തിലുള്ള മുറിവ് ശ്രദ്ധയില്‍ പെട്ട ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണവും സക്കീനയുടെ സഹോദരന്‍ ഹുസൈന്‍ നല്‍കിയ പരാതിയുമാണ് സംഭവത്തിന്റെ പിന്നിലെ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തു കൊണ്ടു വന്നത്. മുഹമ്മദലിയുടെ തറവാട് വീട്ടില്‍ പോലിസ് നടത്തിയ പരിശോധനയില്‍ ചുമരില്‍ കഴുകിക്കളയാന്‍ ശ്രമിച്ച നിലയില്‍ രക്തക്കറകള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സീല്‍ ചെയ്ത വീട്ടില്‍ ഇന്നലെ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. മേശയിലും ചുമരിലും വസ്ത്രത്തിലുമൊക്കെ കണ്ടത് രക്തം തന്നെയാണെന്ന് സ്ഥിരീകരിച്ചു. മുറിയില്‍ നിന്നും കണ്ടെത്തിയ വടിയിലും കണ്ടെത്തിയ രക്തക്കറ പരിശോധനക്കെടുത്തിട്ടുണ്ട്.

കേരളത്തില്‍ മുന്‍പ് വളരെ വ്യാപകമായിരുന്ന ജിന്നിറക്കല്‍ ചികിത്സ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഏറെക്കുറെ അപ്രത്യക്ഷമായിരുന്നു. മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജ്വല പ്രവര്‍ത്താനങ്ങളുടെ ഭാഗമായാണ് ഇവ നാടു നീങ്ങിയത്. എന്നാല്‍ ഇതേ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പേരുകള്‍ ദുരുപയോഗം ചെയ്തു പോലും ജിന്നുബാധയുടെയും കൂടോത്രത്തിന്റെയുമൊക്കെ പഴങ്കഥകളായ അന്ധവിശ്വാസങ്ങളെ പുനരാനയിക്കാന്‍ ഗൂഡശ്രമങ്ങള്‍ നടക്കുന്നത് ഇത്തരം ആത്മീയ,വിശ്വാസ ചൂഷകര്‍ക്ക് വളം വെക്കുകയാണെ് . അടുത്തകാലത്തായി പല ഭാഗങ്ങളിലും ജിന്നിറക്കല്‍ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ജിന്നിറക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പുളിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു പണ്ഡിത സഭയില്‍ നിര്‍ദ്ദേശമുയര്‍ന്നതായി അതിന്റെ ഒരു ഭാരവാഹി തന്നെ ഇയ്യിടെ വെളിപ്പെടുത്തിയത് മുസ്ലിം നവോഥാന പ്രവര്‍ത്തകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.

(വർത്തമാനം ദിനപത്രം 29/04/2010)


Friday, July 25, 2014

മുജാഹിദുകളെ പേടിച്ച് ആദർശത്തെ പുറത്തെറിഞ്ഞ് വെട്ടിലായ ലെറ്റർപാഡുകാർ.

ജിന്ന് കട്ടെടുത്ത ആ മൂന്ന് ഖണ്ഡികകൾ
വീണ്ടെടുക്കാൻ നട്ടെല്ലുണ്ടോ? 
ഇപ്പോൾ സകല അന്ധവിശ്വാസ വിരുദ്ധ പോരാട്ടത്തിന്റെയും മൊത്തക്കുത്തക തലയിലേറ്റാൻ പഴയതൊക്കെ മറന്ന് വിയർപ്പൊഴുക്കുന്ന  സി ഡി ടവരുകാരും മുജാഹിദുകളിൽ ഹദീസ് നിഷേധമാരോപിക്കാൻ തക്കം നോക്കി നടക്കുന്ന ബഹുമത പണ്ഡിതനും മറുപടി പറയേണ്ട ഒരു ചോദ്യമാണിത്.
1994 ആദ്യത്തിൽ അൽ-മനാർ മാസികയിൽ എം എം അക്ബറിന്റെ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. ‘യേശു മഹാനായ പ്രവാചകൻ’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. കെ പി മുഹമ്മദ് മൌലവിയായിരുന്നു അന്ന് അൽ മനാറിന്റെ പത്രാധിപർ. അദ്ദേഹം പരിശോധിച്ച് പ്രസിദ്ധീകരിച്ച പ്രസ്തുത ലേഖനം പിന്നീട് കെ പിയുടെ തന്നെ താല്പര്യത്തിൽ കെ എൻ എം പ്രസിദ്ധീകരണ വിഭാഗം അതൊരു പുസ്തകമാക്കി ഇറക്കി.
അന്നൊന്നും ആരും അതിലെ ഏതെങ്കിലും വരികളിൽ അപാകതയോ വ്യതിയാനമോ കണ്ടിരുന്നില്ല. ഇസ്ലാഹി പ്രസ്ഥാനം പുലർത്തിപ്പോരുന്ന ആശയാദർശത്തിന് വിരുദ്ധമായവ അതിലെവിടെയും ആരും കണ്ടില്ല.
എന്നാൽ ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ, ഇസ്ലാഹി പ്രസ്ഥാനത്തിൽ പിളർപ്പിന്റെ ഇരുൾ വീഴ്ത്തി ഒരു പറ്റം കാപാലികർ അഴിഞ്ഞാടി. പിളർപ്പിന്റെ മുന്നോടിയായി, തങ്ങളുന്നം വെക്കുന്നവർക്ക് ആദർശവ്യതിയാനം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ഒരു ഇറക്കുമതി മൻഹജിനെയാണവർ അവതരിപ്പിച്ചത്.
ആ പുത്തൻ മൻഹജിന്റെ ഇറക്കുമതി അപകടകരമാണെന്നും അവയോടൊപ്പം, കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം പ്രമാണങ്ങളുടെ കരുത്തിൽ ത്യാഗോജ്ജ്വലമായി ഖബറടക്കിയ നിരവധി അന്ധവിശ്വാസങ്ങളും പുനരാനയിക്കപ്പെടുമെന്ന് മുജാഹിദുകൾ അന്ന് ശക്തമായി മുന്നറിയിപ്പ് നൽകി. പക്ഷെ അന്ധമായ ഗ്രൂപ്പ് തിമിരത്തിൽ അതൊക്കെ അവഗണിക്കപ്പെട്ടു.
മാന്യതയുടെയും നീതിയൂടെയും സകല സീമകളും ലംഘിച്ച് അവർ ക്ഷുദ്രപ്രവർത്തനം തുടർന്നു. പിളർപ്പെന്ന അവരുടെ സ്വപ്നം പൂവണിഞ്ഞു.
പക്ഷെ, പിന്നീട് മാസങ്ങൾ പോലും കാത്തിരിക്കേണ്ടി വന്നില്ല, മുജാഹിദുകളുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമാവാൻ തുടങ്ങി. ഇസ്ലാഹി പ്രസ്ഥാനം ഏതൊക്കെ വികല വിശ്വാസങ്ങൾക്കും ആചാര വൈകൃതങ്ങൾക്കുമൊക്കെ എതിരിലാണോ ഇക്കാലമത്രയും പോരാടിയത് അവയൊക്കെ പുത്തൻ ഇറക്കുമതി മൻഹജിന്റെ ആനുകൂല്യത്തിൽ ആദർശപ്പട്ടികയിലേക്ക് ആനയിക്കാൻ പിളർപ്പന്മാർ നിർബന്ധിതരായി. കുത്സിത പ്രവർത്തനങ്ങളിൽ ഒന്നിച്ചുനിന്ന അവിശുദ്ധ മുന്നണിയിൽ പെട്ടവർ എന്ത് നെറികേട് ചെയ്യുമ്പോഴും പറയുമ്പോഴും ഒന്നും തള്ളിപ്പറയാൻ ബഹുമാന്യർ അശക്തരായിരുന്നു.  അവയൊക്കെ ഏറ്റെടുക്കാനും അവ വെള്ള പൂശാനും ന്യായീകരിക്കാനുമൊക്കെ അവർ മത്സരിച്ചു.
അവയിൽ പെട്ട ഒന്നാണിവിടെ പരാമർശിക്കുന്നത്.
മുജാഹിദ് സെന്റ്റർ കേന്ദ്രീകരിച്ച് മൌലവിമാർ , ജിന്ന് കൂടലിന്റെയും ജിന്നിറക്കലിന്റെയും നിറം പിടിപ്പിച്ച കഥകളുമായി മഹല്ലുകളിലും കുടുംബങ്ങളിലും മിൻപറുകളിലും അഴിഞ്ഞാടിയപ്പോൾ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പഴയ രേഖകളൊക്കെ അവർക്കെതിരെ സാക്ഷിയായി. ഇസ്ലാഹി പ്രസ്ഥാനം നാളിതുവരെ പുലർത്തിപ്പോന്ന ആശയാദർശങ്ങൾ അക്ഷരം‌പ്രതി മുറുകെപ്പിടിക്കുന്നവർ തങ്ങളാണെന്ന് ഊറ്റം കൊണ്ടിരുന്ന ഇക്കൂട്ടർ ജിന്ന്-സിഹ്‌റ് വിഷയം വന്നപ്പോൾ അടവ് മാറ്റി.
പലതും ന്യായീകരിച്ച് പിടിച്ച് നോക്കാൻ ശ്രമിച്ചു. ഒരു നിലക്കും ന്യായീകരിക്കാൻ പോലുമാവാത്തതിന്റെ വിഷയം വരുമ്പോൾ കേട്ടില്ലെന്ന് നടിച്ചു. ആ കൂട്ടത്തിലൊന്നായിരുന്നു മുകളിൽ പരാമർശിച്ച അക്ബറിന്റെ ലേഖനം. ജിന്നുകൂടലിനെയും ജിന്നിറക്കലിനെയും ശക്തമായി എതിർക്കുന്ന ആ പുസ്തകത്തിന്റെ വരികൾ സൃഷ്ടിച്ച തലവേദന പരിഹരിക്കാൻ മുജാഹിദ് സെന്ററിൽ നിന്ന് അക്കാലത്തുദിച്ച ബുദ്ധിയായിരുന്നു, പുസ്തകം പുന:പ്രസിദ്ധീകരിക്കുക എന്നത്.
പുന:പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പരാമൃഷ്ട വരികൾ അപ്രത്യക്ഷമായിരുന്നു. ആ വരികൾ തങ്ങളുടെ ആദർശത്തിനു നിരക്കുന്നതല്ലെന്ന വെളിപാടിൽ, മുജാഹിദുകൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കാണിച്ച ഒരു സാഹസം.....

പക്ഷെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് യാദൃശ്ചികമായിട്ടായിരുന്നു. മർക്കസുദ്ദ‌അവ കേന്ദ്രീകരിച്ച് മുജാഹിദുകൾ നടത്തിയ സന്ധിയില്ലാ സമരത്തിന്റെ ഫലമായി മുജാഹിദ് സെന്ററിൽ ആദർശബോധം പതുക്കെപതുക്കെ തിരിച്ചെത്തുകയായി. ജിന്നിറക്കലും ജിന്നുകൂടലുമൊക്കെ അന്ധവിശ്വാസപ്പട്ടികയിലേക്ക് വീണ്ടും മാറ്റിനിർണ്ണയിക്കപ്പെട്ടു. അൽഹംദുലില്ലാഹ്. പക്ഷെ, മുജാഹിദുകളുടെ ചെറുത്തു നിൽ‌പ്പിനെ പരമാവധി പ്രതിരോധിച്ച് അന്ധവിശ്വാസങ്ങളെ ന്യായീകരിച്ച് നടന്ന ഒരു പതിറ്റാണ്ടിനെ സൌകര്യപൂർവ്വം അവർ മറക്കുന്നു. ദിശാബോധവും നേരിന്റെ വഴിയിലേക്ക് ആർജ്ജവവും പകർന്ന് നൽകിയവരെ അസ്ഥാനത്ത് വേട്ടയാടുന്നു.

ഏതായാലും സി ഡി ടവറുകാർ ഉത്തരം നൽകേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തിനായിരുന്നു ഈ വരികൾ മുക്കിക്കളഞ്ഞത്? മുക്കിയ വരികളിൽ ആദർശത്തിനു നിരക്കാത്ത പരാമർശങ്ങളുണ്ടോ? ജിന്നിറക്കലും ജിന്ന് കൂടലുമൊക്കെ അന്ധവിശ്വാസം തന്നെയെന്ന തിരിച്ചറിവിൽ പ്രസ്തുത വരികൾക്ക് പുസ്തകത്തിലേക്ക് പുന:പ്രവേശം നൽകുമോ?

കെ പി മുഹമ്മദ് മൌലവിയുടെ പത്രാധിപത്യത്തിലിറങ്ങിയ അൽ‌മനാർ മാസികയിൽ വന്ന ലേഖനം.


കെ പിയുടെ നേതൃത്വത്തിൽ കെ എൻ എം പ്രസിദ്ധീകരിച്ച പുസ്തകം.


മുജാഹിദ് പിളർപ്പിനു ശേഷം പുന:പ്രസിദ്ധീകരിച്ച പുസ്തകംപഴയ പുസ്തകത്തിലെ ഈ മൂന്ന് ഖണ്ഡിക പുതിയ പുസ്തകത്തിൽ കാണാനില്ല

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes