Wednesday, February 8, 2012

sihr & KNM ( സിഹ്‌റും മുജാഹിദ് പ്രസ്ഥാനവും)

 സിഹ്‌റും 

മുജാഹിദ് പ്രസ്ഥാനവും
          2002ല്‍ മുജാഹിദ് പ്രസ്ഥാനത്തിനകത്തുണ്ടായ ചേരിതിരിവിന്റെ പശ്ചാത്തലത്തില്‍ ഏറ്റവുമൊടുവിലായി, വളരെ വൈകിയാണെങ്കിലും അക്കാലത്ത് കെ ജെ യു ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍ എന്നായിരുന്നു ആ ചര്‍ച്ചയുടെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ തലവാചകം. അതില്‍ ഔദ്യോഗിക പക്ഷം സമര്‍പ്പിച്ച രണ്ടാം പ്രബന്ധത്തില്‍ ആദര്‍ശ വ്യതിയാനത്തെ ഇപ്രകാരം നിര്‍വചിക്കുന്നു:
ഇതര പ്രസ്ഥാനങ്ങള്‍ എതിര്‍ത്തു പോന്നതും സ്വീകാര്യ യോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനം നാളിതുവരെയായി പുലര്‍ത്തിപ്പോന്നതുമായ ആശയങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക.
ഈ നിര്‍വചനത്തിന്റെ മാനദണ്ഡത്തില്‍ സിഹ്‌റിന്റെ ഫലസാധ്യതയെ കുറിച്ച പ്രസ്ഥാന നിലപാടിനെ വിലയിരുത്തുകയാണിവിടെ. ഗൂഡവും അദൃശ്യവുമായ മാര്‍ഗത്തിലൂടെ പിശാചിനെ ഉപയോഗപ്പെടുത്തി അന്യരെ ഉപദ്രവിക്കാനുളള രീതിയായി പ്രചരിക്കപ്പെടുന്ന ആഭിചാരം ഫലസിദ്ധിയുളളതാണെന്നാണ് ഒരു വിഭാഗം സഹോദരങ്ങള്‍ ഇപ്പോള്‍ പരക്കെ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നത്. നബി(സ) മാരണം ബാധിച്ചവനായിരുന്നെന്ന അപകടം പിടിച്ച വാദം പോലും സമര്‍ത്ഥിക്കാന്‍ മാത്രമായി ഇക്കൂട്ടര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അതേ സമയം സിഹ്‌റ് ഫലിക്കുമെന്ന പ്രചരണം അംഗീകരിക്കാത്തവരെ ഹദീഥ് നിഷേധികളായി മുദ്രകുത്താനും ഇവര്‍ തയാറാവുന്നു.
മറ്റു കാര്യങ്ങളിലേക്ക് വ്യാപിക്കാത്ത മസ്അലയില്‍ ഒതുങ്ങുന്ന പിഴവ് മാത്രമാണ് സിഹ്‌റ് ഫലിക്കില്ലെന്ന് പറയുന്നവര്‍ക്ക് സംഭവിച്ചിട്ടുളളത്. അവര്‍ക്ക് മന്‍ഹജില്‍ വ്യതിയാനം സംഭവിച്ചിട്ടില്ല. അതിനാല്‍ മസ്അലയില്‍ ഒതുങ്ങുന്ന ഇത്തരം പിഴവുകളുടെ പേരില്‍ ആരും ആര്‍ക്കെതിരിലും വ്യതിയാനം ആരോപിക്കുന്നില്ല, ആരോപിക്കേണ്ടതുമില്ല
എന്നാണ് ഈ വിഷയ സംബന്ധമായി അക്കാലത്ത് കെ ജെ യുവിനു നല്‍കിയ പ്രബന്ധത്തില്‍(2:3) ആരോപകര്‍ പോലും എഴുതിയിട്ടുള്ളതെന്ന് നാം മനസ്സിലാക്കണം.
സിഹ്‌റിന്റെ ഫലസാധ്യതയെ കുറിച്ച ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ നിലപാടെന്തായിരുന്നു? പ്രസ്ഥാനത്തിന്റെ ആദ്യകാല രേഖകളിലൂടെ നമുക്കാ അന്വേഷണം നടത്താം.

സിഹ്‌റിന് യഥാര്‍ത്ഥ ഫലമുണ്ടോ?

    സിഹ്‌റിന് യഥാര്‍ത്ഥ ഫലമില്ലെന്നാണ് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നാമിതു വരെ ജനങ്ങളെ പഠിപ്പിച്ചത്. കേരള മുസ്ലിംകളുടെ സാമൂഹ്യ നവോത്ഥാന രംഗത്തു കൂടി അഭിമാനകരമായ പരിവര്‍ത്തനങ്ങളാണ് ഈ പ്രബോധനം സാധ്യമാക്കിയത്. അല്‍മനാര്‍ മാസിക തന്നെ അക്കാര്യം തുറന്നെഴുതുന്നത് ഇപ്രകാരം:
അന്ധവിശ്വാസം മനുഷ്യ ജീവിതത്തെ അതീവ ദുസ്സഹമാക്കുന്ന സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്...... വിശ്വാസ സംസ്‌കരണം പരലോകത്തേക്ക് മാത്രമല്ല ഇഹലോക ജീവിതത്തിന്റെ സുഗമതക്ക് കൂടി ആവശ്യമാണ് എന്നു ഇത് പഠിപ്പിക്കുന്നുണ്ട്. തന്റെ കറവ പശു ചത്തത് തന്റെ ക്ഷേമത്തില്‍ അസൂയ പൂണ്ട അയല്‍ക്കാരി കൂടോത്രം ചെയ്തതാണെന്നു വിശ്വസിച്ച് നിരപരാധിയായ അവളുമായി ആയുഷ്‌കാലം മുഴുവന്‍ തെറ്റി ജീവിക്കുന്ന സംഭവങ്ങളും അന്ധവിശ്വാസി സമൂഹത്തിലുണ്ട്. ഇതിനെല്ലാം പരിഹാരമാണ് പ്രവാചകന്‍ ചൊല്ലാന്‍ പറഞ്ഞ ഈ പ്രാര്‍ത്ഥന: അല്ലാഹുവേ നീ തന്നത് തടയാനാരുമില്ല. നീ തടഞ്ഞത് തരാനും ആരുമില്ല. തൗഹീദീ വിശ്വാസത്തില്‍ പരിപക്വത കൈവരിച്ചവര്‍ക്കേ ഇത് ഉള്ളില്‍ തട്ടി പറയാനാവുകയുള്ളൂ. (അല്‍മനാര്‍ മാസിക, 2006 ജൂലായ്)
അല്‍മനാര്‍ തന്നെ  കാല്‍ നൂറ്റാണ്ട് മുന്‍പ് എഴുതിയ മറ്റൊരു ഉദ്ധരണി നോക്കൂ:
സിഹ്‌റ് കുറ്റമാണ്. അതിന് യഥാര്‍ത്ഥഫലമില്ല. ദുര്‍ബല മനസ്സുകള്‍ക്ക് അതില്‍ ഫലമുണ്ടെന്ന് തോന്നാമെങ്കിലും. (അല്‍മനാര്‍ മാസിക, ഹദീസ് പാഠം, അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍  1985 സെപ്ത.).
സിഹ്‌റ്  വഴി പിശാചിനെ ഉപയോഗപ്പെടുത്താനോ ആരെയെങ്കിലും ഉപദ്രവിക്കാനോ കഴിയുമെന്ന ധാരണ കേവലം തെറ്റുദ്ധാരണ മാത്രമാണെന്ന് അല്‍മനാര്‍ ആണയിടുന്നത് കാണുക: 
ഈ (പിശാചു ബാധ സംബന്ധിച്ച) വിഷയത്തില്‍ ഇമാം ജുബാഇയുടെ അഭിപ്രായം ഇമാം റാസി ഇങ്ങിനെ ഉദ്ധരിക്കുന്നു: പിശാചുക്കള്‍ക്ക് മനുഷ്യരെ വീഴ്ത്തുവാനോ അവരുടെ സുബോധം നശിപ്പിക്കുവാനോ സാധ്യമല്ല. അങ്ങിനെയൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പൊതുജനങ്ങള്‍ വെറുതെ ധരിച്ചു വെച്ചിരിക്കുകയാണ്. സിഹ്‌റ് കൊണ്ടും അങ്ങിനെയൊക്കെ ചെയ്യാമെന്നും അവര്‍ തെറ്റുധരിക്കുന്നു.
(അല്‍മനാര്‍ മാസിക, ചോദ്യവും മറുപടിയും, 1986 ഫെബ്രുവരി)
പിശാചിനെ അധീനപ്പെടുത്താനോ തന്റെ ഇഷ്ടാനുസരണം ഉപയോഗിക്കാനോ ആര്‍ക്കും സാധ്യമല്ലെന്ന് ഖുര്‍ആനില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. സുലൈമാന്‍ നബിക്ക് മാത്രമായി നല്‍കിയ ഒരു പ്രത്യേകതയായിരുന്നു അതെന്ന് വിശുദ്ധ ഖുര്‍ആന്‍ 38:35 38 വചനങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ പിന്നെ താന്‍ ഇച്ഛിക്കുന്ന പ്രകാരം പിശാചിനെ ഉപയോഗപ്പെടുത്തി മറ്റൊരാള്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ ഒരു മാരണക്കാരന് സാധ്യമാവുമെന്ന വിശ്വാസത്തിന്റെയും പ്രചാരത്തിന്റെയും അവസ്ഥയെന്താണ്?

എന്താണ് സിഹ്‌റ്?

അല്‍മനാര്‍ തന്നെ വ്യക്തമാക്കട്ടെ;
യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു കാര്യം, വഞ്ചനയുടെതായ ഏതെങ്കിലും ഒരു മാര്‍ക്ഷമുപയോഗിച്ച് യഥാര്‍ത്ഥമാണെന്ന് കണ്ണില്‍ കാണിക്കുകയോ മനസ്സില്‍ തോന്നിക്കുകയോ ചെയ്യുന്ന ക്ഷുദ്രവൃത്തി എന്ന നിര്‍വ്വചനത്തില്‍ സിഹ്‌റിന്റെ ഏതാണ്ടെല്ലാ ഘടകങ്ങളും ഉള്‍പ്പെടുമെന്ന് തോന്നുന്നു........ തലമുറകളിലൂടെ കൈമാറ്റം നടത്തപ്പെടുകയും കെട്ടുകഥകളിലൂടെ ഭീകരത സ്ഥാപിക്കപ്പെടുകയും അതുകൊണ്ട് തന്നെ ആളുകള്‍ ഭയത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന കേവല മിഥ്യയാണ് വാസ്തവത്തില്‍ സിഹ്‌റ്. സ്വന്തമായ ഒരു സത്തയോ പ്രതിഫലനമോ അതുള്‍ക്കൊള്ളുന്നില്ല.......... ചുരുക്കത്തില്‍ യഥാര്‍ത്ഥമോ സ്വതന്ത്രമായ പ്രതിഫലനമോ ഇല്ലാത്ത ഒരു മിഥ്യയാണ് സിഹ്‌റ്.
(മൂസ വാണിമേല്‍, അല്‍മനാര്‍ മാസിക, 1982 നവംബര്‍).
സിഹ്‌റിനെ കുറിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട് മനസ്സിലാക്കാന്‍ ഈ വരികള്‍ തന്നെ ധാരാളമാണ്.

സിഹ്‌റ് ഫലിക്കുന്നു?

    സിഹ്‌റിന്റെ ഫലങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണ്? സിഹ്‌റിന് അത്തരം ഇനങ്ങളുണ്ടോ? അത് മനസ്സിലാക്കാന്‍ അല്‍മനാര്‍ തന്നെ നല്‍കിയ വിശദീകരണം മതി. അതിപ്രകാരം;
    മനസ്സുകളില്‍ സംഭവിച്ചുവെന്ന തോന്നലുണ്ടാക്കിത്തീര്‍ക്കുകയും പരിശീലനം കൊണ്ട് നേടിയെടുക്കുന്ന അത്ഭുതകരമായ കയ്യൊതുക്കവും കൈ വേഗതയും കൊണ്ട് കണ്ണൂകളില്‍ വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതാണ് സിഹ്‌റിലെ ഒരിനം. കണ്‍കെട്ട്, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായാതന്ത്രം തുടങ്ങിയ പല പേരുകളിലും ഇതറിയപ്പെടുന്നു. ചിലര്‍ ഇത് വയറ്റിപ്പിഴപ്പിനും കലയെന്ന നിലക്കും ഉപയോഗിക്കുമ്പോള്‍, മറ്റു ചിലര്‍ ദിവ്യത്വവും വലിപ്പട്ടവും സ്ഥാപിച്ചെടുക്കാനും ഇത് വിനിയോഗിക്കുന്നു. ഈ ഘടകത്തിന്റെ ശാസ്ത്രീയ വികസനമാണ് ആധുനിക ഐന്ദ്രജാല മാര്‍ക്കറ്റുകളില്‍ കാണപ്പെടുന്ന പല അത്ഭുതങ്ങളും. ജൂനിയര്‍ സര്‍ക്കാറും സായിബാബയും ഈ രണ്ടു വശങ്ങളുടെ പ്രതിനിധികളത്രെ.
    ഹസ്രത്ത് മൂസ(അ) നെതിരില്‍, ഫറോവയുടെ സാഹിരീങ്ങളും സിഹ്‌റിന്റെ ഈ വശമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഉള്ളില്‍ രസം നിറച്ച വടികളും കയറുകളുമായിരുന്നു അവരുടെ കയ്യില്‍. മുന്‍കൂട്ടി ഒരുക്കിയെടുത്ത ചുട്ട തറയില്‍ അവ നിക്ഷേപിക്കപ്പെട്ടു. ചൂടു തട്ടുന്നതനുസരിച്ച് വടികളും കയറുകളും ഇളകാനും ഇഴയാനും തുടങ്ങി. ചെണ്ടകൊട്ടും ധുടിമുട്ടും ചീനവിളിയും മന്ത്രോച്ചാരണങ്ങളുമൊക്കെ കൊണ്ട് അത്യന്തം ഘനീഭവിച്ച് നില്‍ക്കുന്ന ആ അന്തരീക്ഷത്തില്‍ കയറും വടിയും ഇഴയുക കൂടിയായപ്പോള്‍ പ്രവാചകനായ മൂസ(അ) അടക്കം കാണികള്‍ മുഴുവന്‍ ഭയക്കുകയും ചെയ്തു. അവര്‍ ആളുകളുടെ കണ്ണുകള്‍ സിഹ്‌റ് ചെയ്തുവെന്നും വലിയൊരു സിഹ്‌റാണവര്‍ കൊണ്ടു വന്നതെന്നുമുള്ള ഇതിനെ കുറിച്ച ഖുര്‍ആനിലെ പ്രതിപാദനം ഇക്കാര്യം വളരെ വ്യക്തമായി സൂചിപ്പിക്കുന്നു
. (അല്‍മനാര്‍ മാസിക, 1982 നവംബര്‍)
    കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ തന്ത്രങ്ങളിലൂടെ കാണിക്കുന്ന കേവലം മാജിക്കുകളാണ് ഈ വകുപ്പിലുള്ളതെന്ന് അല്‍മനാര്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ അതിവിദൂരതയില്‍ നിന്നും നിമിഷനേരം കൊണ്ട് എത്ര ഭാരമേറിയ വസ്തുക്കളും കൊണ്ടു വരാന്‍ ജിന്നുകള്‍ക്കാവുമെന്നും അവയെ പ്രീതിപ്പെടുത്തി അധീനമാക്കിയതിന് ശേഷം അവയെ ഉപയോഗപ്പെടുത്തിയാണിവ സാധ്യമാക്കുന്നതെന്നുമാണ് സകരിയ്യ സ്വലാഹിയെയും അബൂബക്കര്‍ സലഫിയെയും പോലെയുളളവര്‍ പ്രചരിപ്പിക്കുന്നത്. സൂചിപ്പിക്കപ്പെട്ട ഈ മാജിക്കിനെ അത് ചെയ്യുന്നവന്റെ ഉദ്ദേശത്തിനനുസരിച്ച് ഇനം തിരിക്കുക വരെ ചെയ്തിട്ടുണ്ട് അല്‍മനാര്‍.
    പല ഘടകങ്ങളുമുള്‍ക്കൊണ്ടാരു സമാഹാരമാണ് സിഹ്‌റ്. അതിന്റെ ചില ഘടകങ്ങള്‍, അവ പ്രയോഗിക്കുന്നവരുടെ ഉദ്ദേശവും പ്രവര്‍ത്തന മാര്‍ഗങ്ങളും പരിസമാപ്തികളും വെച്ച് നോക്കുമ്പോള്‍ മഹാപാപത്തിലുള്‍പ്പെടുകയില്ല.
(അതേ പുസ്തകം).
ബോധവല്‍ക്കരണവും കുട്ടികള്‍ക്കുള്ള വിജ്ഞാന വിനോദവുമൊക്കെയെന്ന നിലക്ക് സംഘടിപ്പിക്കുന്ന മാജിക് ഷോകള്‍ക്കെതിരെ പോലും ഉറഞ്ഞു തുള്ളുന്നവര്‍ക്ക് അല്‍മനാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നല്‍കിയ ഈ മറുപടി എത്ര പ്രസക്തം!
പ്രസ്ഥാനത്തിന്റെ നിലപാട് ഇപ്രകാരമൊക്കെയാണെങ്കിലും സിഹ്‌റിന് ഫലമുണ്ടാവുന്നെന്നതിന് നിരവധി സംഭവങ്ങളുദ്ധരിച്ചാണ്(?) ഇപ്പോള്‍ ഈ നിലപാട് തിരുത്താന്‍ ചിലര്‍ ഒരുങ്ങിയിറങ്ങുന്നത്. എന്നാല്‍ വലിയ വായില്‍ വിളിച്ചു പറയുന്ന ആ സിഹ്‌റിന്റെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും ഇനങ്ങള്‍ വേര്‍തിരിച്ച് തന്നെ അല്‍മനാര്‍ നേരത്തെ വിശദീകരിച്ചു വെച്ചിട്ടുണ്ട്:
ഭാവികാര്യങ്ങളും മറഞ്ഞ കാര്യങ്ങളും അറിയാന്‍ ജ്യോത്സ്യന്‍മാരും ഗണിതക്കാരും പ്രയോഗിക്കുന്ന പ്രശ്‌നം വെക്കലും കവടി വാരലും കണക്ക് വെക്കലും മഷിനോക്കലും മറ്റും മറ്റും സിഹ്‌റിന്റെ മറ്റൊരിനമാണ്. ജിന്നു, കുട്ടിച്ചാത്തന്‍, പിശാച്, മലക്ക്, ദേവതകള്‍ തുടങ്ങിയവരുടെ സഹായോത്താശകളാണ് ഇവക്ക് പിന്നിലെന്നും അവയെ സേവിച്ചും പൂജിച്ചും കീഴ്‌പ്പെടുത്തിയുമാണ് ഈ കഴിവ് സാധിക്കുന്നതുമെന്നുമാണ് പ്രചരിക്കപ്പെടുന്ന ധാരണയും വിശ്വാസവും. വാസ്തവത്തില്‍ അത്തരം യാതൊരു ശക്തിയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നില്ല. വിശ്വസ്ഥരായ സ്വന്തം ഏജന്റുമാര്‍ മുഖേന ശേഖരിക്കുന്ന വാര്‍ത്തകളും കക്ഷികളില്‍ നിന്നു തന്നെ സൂത്രത്തില്‍ ചോര്‍ത്തിയേടുക്കുന്ന വിവരങ്ങളും ഊഹങ്ങളും നിഗമനങ്ങളും അടിസ്ഥാനപ്പെടുത്തിയുളള്ള അഭിപ്രായങ്ങളുമാണ് ഏറിയ കൂറും ഇതിനു നിദാനം. മറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിലും ഭാവികാര്യങ്ങള്‍ അറിയുന്നതിലും അഗ്രഗണ്യരായി അറിയപ്പെടുകയും ആരംഗത്ത് ആയിരങ്ങളുടെ അഭയകേന്ദ്രങ്ങളായി ശ്രുതിപ്പെടുകയും ചെയ്ത ചിലരുടെ സ്വന്തം ഭവനങ്ങളില്‍ നടന്ന മോഷണങ്ങള്‍ പോലും തെളിയിക്കപ്പെടാത്ത സംഭവങ്ങള്‍ പരശ്ശതമുണ്ട്.(അല്‍മനാര്‍ മാസിക 1982 നവമ്പര്‍).
സിഹ്‌റ് കൊണ്ട് പല അമാനുഷിക കൃത്യങ്ങളും കാണിച്ച് കുപ്രസിദ്ധി നേടിയ ഹല്ലാജ് ഇത്തരത്തിലുള്ള തട്ടിപ്പുകളാണ് നടത്തിയിരുന്നതെന്ന് തുടര്‍ന്നുള്ള വരികളില്‍ അല്‍മനാര്‍ വ്യക്തമാക്കുന്നുണ്ട്. ജിന്നുകള്‍ ആകാശത്ത് നിന്നും ചില വാര്‍ത്തകള്‍ കട്ടു കേള്‍ക്കാറുണ്ടായിരുന്നത് പ്രവാചകന്റെ രിസാലത്തോടെ നിലച്ചു പോയെന്ന വിശുദ്ധഖുര്‍ആന്റെയും ഹദീഥുകളുടെയും പ്രതിപാദനങ്ങളെ പോലും നിഷേധിച്ച് ഇന്ന് ചില മൗലവിമാര്‍ ഇവക്കൊക്കെ യാഥാര്‍ത്ഥ്യത്തിന്റെ മുഖം നല്‍കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്.  മറഞ്ഞ കാര്യങ്ങള്‍ പറയുമെന്ന് അവകാശപ്പെടുന്ന ദിവ്യത്വ വാദികളും ഔലിയാവേഷ ധാരികളുമൊക്കെ പറയുന്നത് സത്യങ്ങള്‍ തന്നെയാണെന്ന വിശ്വാസം ജനങ്ങളില്‍ ഊട്ടിയുറപ്പിക്കാനുള്ള ഗൂഡതന്ത്രങ്ങളാണിവ.

ഹാറൂത്ത് മാറൂത്ത്

    ഭാര്യാ ഭര്‍ത്താക്കളെ പിണക്കുന്ന ഇനമാണ് പിശാചിനെ അധീനപ്പെടുത്തി നടത്തുന്നതെന്ന് പറയപ്പെടുന്ന സിഹ്‌റിനെ സത്യപ്പെടുത്തുന്നവര്‍ അവതരിപ്പിക്കുന്ന മറ്റൊന്ന്. എന്നാല്‍ ഈ ഇനത്തെയും അല്‍മനാര്‍ വിശദീകരിക്കുന്നു. അതിപ്രകാരം;
    സംശയിക്കപ്പെടാത്ത നുണയും ഗുണകാംക്ഷയില്‍ പൊതിഞ്ഞ ഏഷണിയുമാണ് സിഹ്‌റിന്റെ മൂന്നാമത്തെ ഇനം. ഭാര്യാഭര്‍ത്താക്കള്‍, അയല്‍വാസികള്‍, കുടുംബ ബന്ധുക്കള്‍, കൂട്ടുകാര്‍ തുടങ്ങിയ ബന്ധങ്ങളില്‍ പിണക്കവും ശണ്ഠയുമുണ്ടക്കാന്‍ ഈ ഇനം ഉപയോഗപ്പെടുത്തുന്നു. ഭാര്യാഭര്‍ത്താക്കളെ തമ്മില്‍ അകറ്റുന്ന സിഹ്‌റാണ് അവര്‍ ഹാറൂത്ത് മാറൂത്തില്‍ നിന്നു പഠിച്ചതെന്ന ഖുര്‍ആന്റെ പ്രസ്താവം സിഹ്‌റിന്റെ ഈ ഭാഗത്തെ സൂചിപ്പിക്കുന്നു.(അല്‍മനാര്‍ 1982 നവമ്പര്‍)

ആഭിചാരം

    ഇനി പ്രധാനമായ സിഹ്‌റിന്റെ ഇനത്തെക്കുറിച്ചാണ് അല്‍മനാറിന് പറയാനുള്ളത്. പിശാചിന്റെ അക്കൗണ്ടിലേക്ക് വരവ് വെച്ച് ജനങ്ങളുടെ നിര്‍ഭയത്വം നഷ്ടപ്പെടുത്താനും പാമര മനസ്സുകളില്‍ പിശാചിന്റെ പദവി കൂട്ടാനും വരെ കാരണമായേക്കാവുന്ന ഈ ഘടകത്തെ കുറിച്ച് പറയുമ്പോഴാണ്. എന്താണ് വസ്തുത? അല്‍മനാര്‍ തന്നെ പറയട്ടെ:
അതിഗൂഡമായി നടത്തപ്പെടുന്ന ചതിപ്രയോഗമാണ് മറ്റൊരിനം സിഹ്‌റ്. ശത്രുക്കളുടെ ഉന്മൂലനത്തിനും ബുദ്ധിപരവും ശാരീരികവുമായ ഉപദ്രവമേല്‍പ്പിക്കുന്നതിനും വശീകരിച്ചെടുക്കുന്നതിനുമെല്ലാം കൈവിഷങ്ങളും നഞ്ഞു വസ്തുക്കളും ആഹാര പാനീയങ്ങളിലൂടെയോ മറ്റോ ഉദ്ദേശിക്കുന്നവരെ കൊണ്ട് കഴിപ്പിച്ചാണ് ഇത് നടത്തപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് അതിവിശ്വസ്ഥരായ ഒരു സഹായവൃത്തം ഉണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. ആഭിചാരം, അസ്മാഇന്റെ പണി എന്നൊക്കെയാണ് ഈ ഇനത്തിന്റെ പേര്. കൂട്ടത്തില്‍ മാരകവും ഇതത്രെ.
(അല്‍മനാര്‍ മാസിക 1982 നവമ്പര്‍)
    ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശമായ തൗഹീദിനെ പോലും വികലമാക്കി അന്ധവിശ്വാസ പ്രചാരകര്‍ പ്രചരിപ്പിക്കുന്ന സിഹ്‌റിന്റെ ഇനത്തിന്റെ പിന്നാമ്പുറ യാഥാര്‍ത്ഥ്യമാണിവിടെ അല്‍മനാര്‍ വരച്ചു കാണിച്ചത്. എന്നാല്‍ പിശാചിനെ പൂജിച്ച് നേടിയെടുത്ത അവന്റെ സ്വാധീനമുപയോഗിച്ച് അദൃശ്യമായ രിതിയില്‍ പലതരം ഉപദ്രവങ്ങളും ഉപകാരങ്ങളും സിഹ്‌റ് കൊണ്ട് സാധ്യമാവുമെന്ന് വാശിയോടെ പഠിപ്പിക്കുകയാണ് ജിന്ന് ഗവേഷണം തലയില്‍ കയറിയ ചിലര്‍. ഈയിനം സിഹ്‌റിലൂടെ ആളുകളെ കൊല്ലാന്‍ വരെ സാധിക്കുമെന്ന് അവര്‍ പ്രസംഗിച്ച് നടക്കുകയാണിപ്പോള്‍.

ജിന്നുകളെ സ്വാധീനിച്ച് ഉപയോഗപ്പെടുത്താമോ?

സാഹിറൻ‌മാർ വിവിധ ക്ഷുദ്രപ്രവർത്തനങ്ങളിലൂടെ പിശാചിനെ സ്വാധീനിച്ച് തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മറ്റുള്ളവരെ ഉപദ്രവിക്കാൻ അവയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് സിഹ്‌റ് വാദികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ പിശാചിനെ ഒരാൾക്ക് കീഴ്പ്പെടുത്താമോ? ഇല്ലെന്നാണ് വിശുദ്ധ ഖുർ‌ആൻ പഠിപ്പിക്കുന്നത്.  അൽ മനാർ മാസിക ഇക്കാര്യത്തിൽ പറയുന്നത് കാണുക:
ജിന്നുകൾക്ക് അദൃശ്യമറിയുമെന്നും കാര്യസാധ്യത്തിനു വേണ്ടി അവരെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നുമുള്ള മനുഷ്യരിൽ ചിലരുടെ ധാരണ മിഥ്യയാണെന്ന് കൂടി  ഈ സംഭവം  വിളിച്ചോതുന്നു. (അൽമനാർ മാസിക, 2007 മെയ്)
ലബീദ് ബ്‌നു അ‌അ്സം, പ്രവാചകനെ ഉപദ്രവിക്കുക എന്ന തന്റെ കാര്യസാധ്യത്തിനു വേണ്ടി പിശാചിനെ ഉപയോഗപ്പെടുത്തി എന്നാണോ പ്രസ്തുത സിഹ്‌ർ ബാധയിൽ വിശ്വസിക്കുന്നവരുടെ വാദം!! അൽ‌മനാറിന്റെ ഭാഷയിൽ തന്നെ അത് മിഥ്യയാണ്. അസംഭവ്യമാണ്.

നബി(സ) സിഹ്‌റ് ബാധിതനോ?

    ഈ വികല വിശ്വാസങ്ങളുടെ ചുവടു പിടിച്ച് പ്രവാചകന്‍(സ)യെ വരെ സിഹ്‌റ് ബാധിതനായി ചിത്രീകരിക്കുന്ന അവസ്ഥയുണ്ടായി. പ്രവാചകനെ സിഹ്‌റ് ബാധിതനെന്ന് വിശേഷിപ്പിച്ചവര്‍ അക്കാരണത്താല്‍ വഴിപിഴച്ചെന്ന ഖുര്‍ആന്‍ വചനങ്ങള്‍(സൂ: ഇസ്രാഅ്:47,48 സൂ: ഫുര്‍ഖാന്‍ 8,9)പോലും അവഗണിച്ച് ഈ പ്രചാരണത്തിന് ശക്തി കൂട്ടുകയാണ് അവര്‍. മുഹമ്മദ് അമാനി മൗലവി സൂറ: ഇസ്രാഅ് 47, 48 സൂക്തങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാനം ഇപ്രകാരം:
മുശ്‌രിക്കുകള്‍ ചിലപ്പോള്‍ നബി(സ) ഖുര്‍ആന്‍ ഓതുന്നത് രഹസ്യമായി ചെവിയോര്‍ത്തിരിക്കും. കാര്യം ഗ്രഹിക്കാനോ സത്യം മനസ്സിലാക്കാനോ വേണ്ടിയല്ല. പരിഹാസത്തിനും നിഷേധത്തിനും വല്ല മാര്‍ക്ഷവും കണ്ടെത്താന്‍ വേണ്ടി മാത്രം. പിന്നീട്, ഇവന് ആരോ മാരണം ചെയ്തിരിക്കുകയാണ്, ഇവന്റെ ബുദ്ധി ഭ്രമിച്ചു പോയിരിക്കുന്നു. ഇവനെ പിന്‍പറ്റുന്നതിന്റെ അര്‍ത്ഥം ഭ്രാന്തനെ പിന്‍പറ്റുക എന്നതാണ് എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുകയും ചെയ്യും. .....നബി(സ)യെ മാരണം ബാധിച്ചവന്‍, ഗണിതക്കാരന്‍, ഭ്രാന്തന്‍, മാരണക്കാരന്‍, കവി എന്നിങ്ങിനെ പലതും പറയാറുള്ളതിനെ പറ്റിയാണ് രണ്ടാമത്തെ വചനത്തില്‍(അവര്‍ വഴി പിഴച്ചു പോയിരിക്കുന്നു എന്ന് ബ്രാക്കറ്റ് ലേഖകന്റെത്) പരാമര്‍ശിച്ചിരിക്കുന്നത്.
(മുഹമ്മദ് അമാനി മൗലവി,വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം സൂറ: ഇസ്രാഅ്:47,48)
ഇത്രയും ഗൗരവമായി വിശുദ്ധഖുര്‍ആന്‍  ഈ വിഷയം വ്യക്തമാക്കിയിട്ടും പ്രവാചകന് സിഹ്‌റ് ബാധിച്ച് ബുദ്ധിഭ്രമം ബാധിച്ച സംഭവമുണ്ടായെന്ന് പ്രചരിപ്പിക്കുന്നത് ശത്രുക്കള്‍ക്ക് വടി കൊടുക്കലാണ് .
ഒരു സാഹിര്‍ ഒരിക്കലും വിജയിക്കില്ലെന്നും (20:69)
പ്രബോധന ദൗത്യത്തിന് തടസ്സമാവുന്ന ജനോപദ്രവങ്ങളില്‍ നിന്ന് അല്ലാഹു നബിയെ സംരക്ഷിക്കുമെന്നും (5:67)
വിശുദ്ധ ഖുര്‍ആന്‍ സംശയത്തിനിട നല്‍കാതെ പ്രഖ്യാപിച്ചിട്ടും ലബീദ് എന്ന ജൂതന്‍ നബിയെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ച് ചെയ്ത സിഹ്‌റ് വിജയിച്ചെന്നും അതിന്റെ ഫലമായി നബിയുടെ മാനസികനിലയില്‍ ചില വ്യതിയാനങ്ങളുണ്ടായെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് ശക്തി പകരാന്‍ ഇവര്‍ക്കെങ്ങിനെ കഴിയുന്നുവെന്ന് അത്ഭുതപ്പെടുകയാണ് ആദര്‍ശസ്‌നേഹികള്‍. മറഞ്ഞ മാര്‍ഗത്തില്‍ ഗുണവും ദോഷവും ചെയ്യാന്‍ സൃഷ്ടികള്‍ക്കാര്‍ക്കുമാവില്ലെന്ന് നാളിതുവരെ പ്രമാണങ്ങളുയര്‍ത്തി ജനങ്ങളെ പഠിപ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ പേരും പറഞ്ഞാണ്, ഒരു ജൂതന്‍ ചീര്‍പ്പ്, മുടി , ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാള എന്നീ വസ്തുക്കളില്‍ എന്തോ ആഭിചാരക്രിയകള്‍ നടത്തി ഒരു കിണറ്റിലിട്ടതിന്റെ പേരില്‍, അതൊന്നുമറിയാതിരുന്ന നബിക്ക് അത് ജൂതന്‍ ഉദ്ദേശിച്ച പ്രകാരം നബിയുടെ മാനസിക നില തകരാറിലാവാന്‍ കാരണമായെന്ന് പ്രചരിപ്പിച്ച് നടക്കുന്നത്.
    എന്തൊരു വിരോധാഭാസം! മാത്രമോ,
അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസന്‍മാരെ ഉപദ്രവിക്കാന്‍  പിശാചിനു സാധ്യമല്ലെന്നാണ് (15:40,41,42) വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
എന്നാല്‍ ലബീദിന്റെ ഉദ്ദേശം നടത്തിക്കൊടുക്കാന്‍ പിശാച് മുഹമ്മദ് നബിയെ ഉപദ്രവിച്ചെന്ന് പറയുമ്പോള്‍ പ്രവാചകനെ എത്രത്തോളമാണ് ഇവര്‍ നിന്ദിക്കുന്നതെന്ന് ഇവരെ പിന്‍പറ്റുന്നവരെങ്കിലും മനസ്സിലാക്കിയെങ്കില്‍!
മനുഷ്യര്‍ക്ക് ബാധിക്കുന്നതെല്ലാം പ്രവാചകനും ബാധിക്കുമെന്ന് ജനങ്ങളെ പഠിപ്പിക്കാനാണ് അല്ലാഹു നബിക്ക് സിഹ്‌റ് ബാധിപ്പിച്ചതെന്ന്  സക്കരിയ്യ സ്വലാഹി പറയുന്നു.(കുവൈറ്റ് പ്രഭാഷണം, സി ഡി ലഭ്യം).
ഇയാള്‍ക്ക് ആരാണിങ്ങിനെയൊരു വിവരം എത്തിച്ചു കൊടുത്തതെന്നറിയില്ല. എങ്കിലും, മേല്‍ ഖുര്‍ആന്‍ സൂക്തമനുസരിച്ച് ഏത് പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും സൃഷ്ടികളില്‍ അത്യുത്തമനായ മുഹമ്മദ് നബിയെ സംരക്ഷിക്കുമെന്നല്ലേ മനുഷ്യര്‍ക്ക് ബോധ്യപ്പെടേണ്ടതെന്നും അതിന് നേര്‍വിപരീതമല്ലേ ഈ നടപടിയെന്നും തിരിച്ച് ചോദിക്കാന്‍ ആ പാളയത്തില്‍ ആരുമുണ്ടായില്ല എന്നതാണ് ഖേദകരം.
    ബുദ്ധി ഉപയോഗിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് പഠിപ്പിക്കപ്പെട്ട ഒരു ആള്‍ക്കൂട്ടത്തില്‍ നിന്നും ഇത്രയൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

ഹദീഥിന്റെ സ്വീകാര്യത?

    പ്രവാചകന് സിഹ്‌റ് ബാധിച്ചെന്ന സംഭവം തള്ളാനാവാത്ത വിധം പ്രാമാണികമായാണ് ഹദീഥ് ഗ്രന്ഥത്തില്‍ വന്നിട്ടുള്ളതെന്ന് ന്യായീകരിച്ചാണ്  ഇതും പ്രചരിപ്പിച്ച് നടക്കുന്നതും അതിനെ വിമര്‍ശിക്കുന്നവരെ പിഴച്ചവരായി മുദ്രകുത്തുന്നതും. ഈ ന്യായീകരണം സ്വാഭാവികമായും ഒരു സംശയമുണര്‍ത്തുന്നു. കേരളത്തിലെ പൂര്‍വ്വിക മുജാഹിദ് പണ്ഡിതരാരും സ്വഹീഹുല്‍ ബുഖാരി കണ്ടിരുന്നില്ലേ? എന്നിട്ടും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഒരു ഔദ്യോഗിക രേഖകളിലൊന്നും ഇക്കാര്യം ഉദ്ധരിച്ച് കാണുന്നില്ല. സിഹ്‌റിനെ കുറിച്ച് വിശദീകരിക്കാന്‍ ഏറെ പേജുകള്‍ ചിലവഴിച്ച മുഹമ്മദ് അമാനി മൗലവി പോലും റസൂലിന് സിഹ്‌റ് ബാധിച്ചെന്ന ഹദീഥ് തൊട്ടിട്ടില്ല. എന്താണിങ്ങിനെ മുജാഹിദ് പണ്ഡിതര്‍ ഈ ഹദീഥിനോട് ഈ നിലപാട് പുലര്‍ത്താന്‍ കാരണം. നമുക്ക് നോക്കാം:
    കെ പി മുഹമ്മദ് മൗലവി രചിച്ച കോഴിക്കോട് മുജാഹിദ് സെന്ററില്‍ നിന്നും പ്രസിദ്ധീകരിച്ച അത്തവസ്സുല്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു;
    ഒരു ഹദീഥിന്റെ റിപ്പോര്‍ട്ടര്‍മാര്‍ എത്രയും പരിശുദ്ധരും സത്യസന്ധരുമായിരുന്നാല്‍ പോലും അതിലെ ആശയം ഖുര്‍ആനി ന്റെ വ്യക്തമായ പ്രസ്താവനക്കെതിരായി വരുമ്പോള്‍ ആ ഹദീഥ് തള്ളിക്കളയണമെന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല.(പേജ്: 52)
മേല്‍ സൂചിപ്പിച്ചപ്രകാരം വിശുദ്ധ ഖുര്‍ആനിലെ പല സൂക്തങ്ങളോടും യോജിക്കാത്തതിനാലാണ് മുജാഹിദ് പണ്ഡിതര്‍ ഈ ഹദീഥിനെ മാറ്റി വെച്ചതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. വിശുദ്ധ ഖുര്‍ആന്റെ ആശയത്തിനെതിരായ ഹദീഥുകള്‍ സ്വീകാര്യമല്ലെന്ന് നവയാഥാസ്ഥിതിക പണ്ഡിതരായ അബൂബക്കര്‍ സലഫി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, സക്കരിയ്യ സ്വലാഹി തുടങ്ങിയവര്‍ തയ്യാറാക്കിയ സ്വഹീഹ് മുസ്ലിം പരിഭാഷ ഗ്രന്ഥത്തിലും( പേജ്: 52) സക്കരിയ്യ സ്വലാഹി രചിച്ച സലഫി പ്രസ്ഥാനം വിമര്‍ശനങ്ങളും മറുപടിയും എന്ന പുസ്തകത്തിലും (പേജ്:14,15) ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്. കൂടാതെ
സ്വഹീഹുല്‍ ബുഖാരിയുടെ രണ്ട് ചട്ടക്കുള്ളിലുള്ളതെല്ലാം സത്യ സമ്പൂര്‍ണ്ണമാണെന്ന് ആരുമിവിടെ വാദിക്കുന്നില്ലെന്നാണ് ഡോ. സക്കരിയ്യാ സ്വലാഹിയുടെ പക്ഷം(സി ഡികള്‍ ലഭ്യം).
    മുജാഹിദുകള്‍ക്കെതിരായ സമസ്തക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി എഴുതവെ 2004 ജനുവരി മാസത്തെ ഇസ്വ്‌ലാഹ് മാസികയില്‍ ഇപ്രകാരം പറയുന്നു,
ബുഖാരിയില്‍ ദുര്‍ബല ഹദീഥുകളുണ്ടെന്ന് പറയുന്നവരാണ് മുജാഹിദുകളെന്ന സുന്നികളുടെ വാദത്തെ നിഷേധിക്കുന്നില്ല. മറിച്ച് സമസ്തക്കാരും അത്തരത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ഉദാഹരണസഹിതം വ്യക്തമാക്കുകയാണതില്‍. അതിന്റെ അവസാന വരികള്‍ ഇപ്രകാരമാണ്. സ്വഹീഹുല്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീഥ് ഗ്രന്ഥങ്ങളില്‍ പ്രബലമല്ലാത്തതും ഖുര്‍ആനിന് വിരുദ്ധവുമായ ഹദീഥുകള്‍ ഉണ്ടെന്ന് പറയുന്ന ഈ വിഭാഗം ഇതിന്റെ പേരില്‍ മുജാഹിദുകള്‍ പുതിയ മതക്കാരാണെന്ന് ആക്ഷേപിക്കുന്നത് പരിഹാസ്യമാണ്.(പേജ്: 25)
    2009 മാര്‍ച്ച് ലക്കം ഇസ്വ്‌ലാഹ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇങ്ങിനെ കാണാം;
ബുഖാരിയുടെയും മുസ്ലിമിന്റെയും  റാവിമാരെ (റിപ്പോര്‍ട്ടര്‍മാരെ) ആരെങ്കിലും വിമര്‍ശിച്ചാല്‍ അയാള്‍ ബുഖാരി മുസ്ലിമിനെ വാറോലയാക്കി എന്ന് മദ്ഹബീ മുക്വല്ലിദുകളായ ഖുബൂരികളല്ലാതെ ഹദീഥ് നിദാന ശാസ്ത്രം അല്‍പമെങ്കിലും പഠിച്ചവര്‍ പറയുമെന്ന് തോന്നുന്നില്ല. ബുഖാരിയുടെയും മുസ്ലിമിന്റെയും സനദുകളില്‍ വന്ന ഒരൊറ്റ റാവിയും വിമര്‍ശിക്കപ്പെട്ടിട്ടില്ല എന്നായിരിക്കണം ഒരു പക്ഷെ ഈ ഖുബൂരികള്‍ ഇത്രയും കാലം പഠിച്ചു വെച്ചിരുന്നത്. കാരണം, സ്വഹീഹുല്‍ ബുഖാരിയുടെ വിശ്വാത്ത്വര വ്യാഖ്യാനമായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ)യുടെ ഫത്ഹുല്‍ബാരിയുടെ ഹദ്‌യുസ്സാരി എന്ന നീണ്ട മുഖവുരയോ ഇമാം നവവി(റ) സ്വഹീഹു മുസ്ലിമിനെഴുതിയ മുഖവുരയോ മദ്ഹബീ മുക്വല്ലിദുകളായ ഖുബൂരികള്‍ക്ക് ഇതുവരെയും വായിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. (പേജ്: 38).

 ഹദീഥ് സ്വീകരിക്കേണ്ടതിന്റെ മാനദണ്ഡങ്ങള്‍ എം എം അക്ബർ വിശദീകരിക്കുന്നു.

വ്യാഖ്യാനിക്കാന്‍ പറ്റാത്ത വിധം പ്രാഥമിക ബുദ്ധിക്കോ തെളിയിക്കപ്പെട്ട വസ്തുതകള്‍ക്കോ അംഗീകരിക്കപ്പെട്ട സ്വഭാവ മൂല്യങ്ങള്‍ക്കോ എതിരായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാത്തതാവുക, ഖുര്‍ആനോ സ്വീകരിക്കപ്പെട്ട ഹദീസോ പണ്ഡിതന്മാരുടെ എകകണ്ഠമായ അഭിപ്രായമായ ഇജ്മാഓ ഉളള കാര്യത്തിനെതിരായി വ്യാഖ്യാനിച്ച് യോജിപ്പിക്കാന്‍ കഴിയാത്ത പരാമര്‍ശങ്ങളുളളതാവുക, നബി(സ)യുടെ കാലത്തെ അറിയപ്പെട്ട ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക...ജനക്കൂട്ടത്തിനു നടുവില്‍ പരസ്യമായി നടന്ന ഒരു കാര്യമാണെങ്കില്‍ ധാരാളം പേര്‍ നിവേദനം ചെയ്യാന്‍ സാധ്യതയുണ്ടായിട്ടും ഒരാള്‍ മാത്രം നിവേദനം ചെയ്തതല്ലാതിരിക്കുക.... (ഹദീഥുകളുടെ പ്രാമാണികത, വിമർശനങ്ങൾ വസ്തുതകൾ- പേജ്: 118,119)
മേല്‍ ഉദ്ധരണികളിലൂടെ, പ്രവാചകന് സിഹ്‌റ് ബാധിച്ചെന്ന ഹദീഥിനെ വിമര്‍ശിക്കുന്നതോ മാറ്റിവെക്കുന്നതോ തെറ്റും ഒരു വേള മതഭ്രഷ്ടനാവാൻ വ്വരെ കാരണവുമണെന്ന ചിലരുടെ വാദം അടിസ്ഥാന രഹിതമാണെന്ന് മനസ്സിലാക്കാം.

പ്രവാചകന്റെ സിഹ്‌റ്ബാധ,

ശത്രുക്കള്‍ മെനഞ്ഞെടുത്ത ആരോപണം

    പ്രവാചകനെതിരിലുള്ള ആരോപണങ്ങളെ കുറിച്ച് എം എം അക്ബര്‍ എഴുതുന്നത് കാണുക;
 നാല്‍പ്പത് വയസ്സു വരെ സത്യസന്ധനും സര്‍വ്വരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു മുഹമ്മദ്. സുദീര്‍ഘമായ ഈ കാലഘട്ടത്തിനിടക്ക് ആരെങ്കിലും അദ്ദേഹത്തില്‍ ഏറ്റെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തി ആരോപിച്ചിട്ടില്ല. പ്രവാചകത്വത്തിന് ശേഷം അദ്ദേഹം ഭ്രാന്തനെന്ന് ആരോപിക്കപ്പെട്ടിരുന്നുവെന്നത് ശരിയാണ്. ഭ്രാന്തനെന്ന് മാത്രമല്ല, ജ്യോത്സ്യന്‍, മാരണക്കാരന്‍, മാരണം ബാധിച്ചവന്‍, കവി എന്നിങ്ങിനെയുള്ള അധിക്ഷേപങ്ങളെല്ലാം അദ്ദേഹത്തിന് നേരെ ഉന്നയിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ മാനസിക സംതുലനത്തിലോ വല്ല വ്യത്യാസവും പ്രകടമായത് കൊണ്ടാണോ അവര്‍ അങ്ങിനെ അധിക്ഷേപിച്ചത്? ആണെന്ന് അവരാരും തന്നെ വാദിച്ചിട്ടില്ല. അവരുടെ പ്രശ്‌നം ഖുര്‍ആനും അതുള്‍ക്കൊള്ളുന്ന ആശയങ്ങളുമായിരുന്നു .....ഖുര്‍ആനിന്റെ വശ്യതയില്‍ അവര്‍(ഹജ്ജിനെത്തുന്നവര്‍) ആകൃഷ്ടരാവുമെന്നും മക്കയിലെ പ്രമാണിമാര്‍ ഭയന്നു. ഹജ്ജിന് എത്തിച്ചേരുന്നവരോട് ആദ്യമേ തന്നെ മുഹമ്മദ്(സ)നെതിരില്‍ പ്രചാരവേലകള്‍ നടത്താന്‍ തീരുമാനിച്ചു. മുഹമ്മദ്(സ)നെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതായി പിന്നീടുള്ള ചര്‍ച്ച.
(ഖുര്‍ആനിന്റെ മൗലികത ഭാഗം 1 പേജ്45,46).
കാര്യം ഇപ്രകാരമാണെങ്കിലും അന്ന് മുശ്‌രിക്കുകള്‍ യോഗം ചേര്‍ന്ന് എടുത്ത ആ ഹീനമായ തീരുമാനം നടപ്പാക്കന്‍ ചിലരൊക്കെ വിയര്‍പ്പൊഴുക്കുന്ന ദുഖകരമായ കാഴ്ചക്കാണ് ലോകം സാക്ഷിയാവുന്നത്.
               ഇനി ഈ വിഷയത്തില്‍ ചേര്‍ത്തു വായിക്കാന്‍ ഒരു സംഭവം ഇസ്വ്‌ലാഹീ പ്രസ്ഥാന ചരിത്രത്തില്‍ നിന്നുദ്ധരിക്കാം. ഇസ്‌ലാമിനെയും പ്രവാചകനെയും അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് യുക്തിവാദിയായ ഇടമറുക് ഗ്രന്ഥമെഴുതുകയും അത് വ്യാപകമായി പ്രചരിപ്പികപ്പെടുകയും ചെയ്ത  സാഹചര്യത്തില്‍ ഒരിക്കല്‍, മെസ്‌കോ അബൂബക്കര്‍ സാഹിബ് മുന്‍കയ്യെടുത്ത് ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. ഫാറൂഖ് കോളജാണ് ഇതിന് വേദിയായി തെരഞ്ഞെടുത്തിരുന്നത്. മത പണ്ഡിതന്‍മാരും ബുദ്ധിജീവികളുമായ പതിനെട്ടോളം പ്രഗത്ഭമതികള്‍ സംബന്ധിച്ചിരുന്നു. ഇടമറുകിന് മറുപടി എഴുതുക എന്നതായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.
മുഹമ്മദ് നബി(സ)ക്ക് സിഹ്‌റ് ബാധിച്ചുവെന്നും ചെയ്യാത്ത കാര്യം ചെയ്യുന്നതായി തോന്നിയെന്നും സൂചിപ്പിക്കുന്ന ഹദീഥ് ഉദ്ധരിച്ച് ഇതാണ് വഹ്‌യിന്റെ പിന്നിലുളളതെന്ന് സമര്‍ത്ഥിച്ച് കൊണ്ടാണ് ഇടമറുക് എഴുതിയിരുന്നത്. ഈ ആരോപണത്തിന് എങ്ങിനെ മറുപടി പറയണമെന്ന വിഷയത്തില്‍ വിവിധ  അഭിപ്രായങ്ങളുയര്‍ന്നു.നബി(സ)ക്ക് അത്തരം ഒരവസ്ഥ ഉണ്ടായിട്ടുണ്ടോ? സിഹ്‌റ് ബാധിച്ചുവെന്ന ഹദീഥ് എന്തു ചെയ്യണം? ഇതില്‍ ചര്‍ച്ച മുട്ടി നിന്നു. ഈ ഹദീഥിലെ പരാമര്‍ശം നബി(സ)യുടെ വിശുദ്ധിക്ക് നിരക്കാത്തതാണെന്നും ഖുര്‍ആനിന്റെ വ്യക്തമായ പ്രസ്താവനക്ക് വിരുദ്ധമായതുമാണെന്നതിനാല്‍ സ്വീകാര്യമല്ല എന്ന് ചിലര്‍ വാദിച്ചു. ഈ അഭിപ്രായത്തെ പറ്റി ഉമര്‍ മൗലവി എന്ത് പറയുന്നു എന്നായിരുന്നു പിന്നെ ചോദ്യം. അതിനോട് അദ്ദേഹം യോജിക്കുകയായിരുന്നു. കെ പി മുഹമ്മദ് മൗലവിയും അതിനെ അനുകൂലിക്കുകയാണുണ്ടായത്.

മഹാപാപമാക്കിയതെന്തിന്?

    സിഹ്‌റിന് യഥാര്‍ത്ഥ ഫലമുണ്ടെന്ന് വാദിച്ച് അന്ധവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്, സിഹ്‌റിന് ഫലമില്ലെങ്കില്‍ പിന്നെന്തിനാണത് അല്ലാഹു മഹാപാപങ്ങളില്‍ ഉള്‍പ്പെടുത്തിയതെന്ന്. ആദര്‍ശ രംഗത്തെ അട്ടിമറിക്കൊരുങ്ങുമ്പോള്‍ വളരെ സാഹസികമായി കണ്ടെത്തിയ ഈ ന്യായീകരണത്തിന് പക്ഷെ പണ്ടേ മുജാഹിദ് പണ്ഡിതര്‍ മറുപടി നല്‍കി വെച്ചതാണ്. അല്‍മനാര്‍ മാസിക 1982 നവമ്പര്‍ ലക്കത്തില്‍ ഈ വിഷയം സംബന്ധിച്ച് പറയുന്നത് കാണുക.
ചുരുക്കത്തില്‍ യഥാര്‍ത്ഥമോ സ്വതന്ത്രമായ പ്രതിഫലനമോ ഇല്ലാത്ത ഒരു മിഥ്യയാണ് സിഹ്‌റ്. ഇസ്ലാം വിരോധിച്ചത് കൊണ്ടു മാത്രം അതിന് യാഥാര്‍ത്ഥ്യമുണ്ടായിക്കൊള്ളണമെന്നില്ല. കാരണം, അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നത് ഇസ്ലാം കഠിനമായി വിരോധിച്ചിരിക്കുന്നു. പക്ഷെ അങ്ങിനെയൊരു പങ്കുകാരും അല്ലാഹുവിന് ഇല്ലതാനും(അല്‍മനാര്‍ 1982 നവമ്പര്‍). എത്ര കൃത്യമായ മറുപടി.
    സിഹ്‌റിന് യഥാര്‍ത്ഥ ഫലമില്ലെങ്കില്‍ അതെന്തിന് മഹാപാപമാക്കിയെന്ന ചോദ്യത്തിന് മുജാഹിദ് പ്രസിദ്ദീകരണങ്ങളില്‍ ഇനിയും മറുപടികള്‍ കണ്ടെത്താനാവും. കെ എന്‍ എം വിദ്യാഭ്യാസ വിഭാഗം നാലാം തരത്തിലേക്ക് തയ്യാറാക്കി വര്‍ഷങ്ങളോളം പഠിപ്പിച്ച സ്വഭാവ പാഠങ്ങളില്‍ ഇത് വിശദീകരിക്കുന്നതിപ്രകാരം;
അന്യരെ ഉപദ്രവിക്കാന്‍ വേണ്ടിയാണ് മിക്ക സിഹ്‌റും നടത്തുന്നത് എന്ന് പറഞ്ഞല്ലോ. മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള ശ്രമമെന്ന നിലക്ക് അത്തരം സിഹ്‌റുകള്‍ പാപമാണ്. അതിനു പുറമെ ഗൂഡവും അജ്ഞാതവുമായ വഴിക്കാണ് സിഹ്‌റില്‍ ഫലം പ്രതീക്ഷിക്കുന്നത്. അജ്ഞാത ശക്തികളെ ആശ്രയിക്കുന്നത് കുഫ്‌റും ശിര്‍ക്കുമായിത്തീരും. അതുകൊണ്ടു തന്നെയാണ് മഹാപാപങ്ങളില്‍ രണ്ടാമതായി സിഹ്‌റിനെ എണ്ണീട്ടുള്ളതും(പേജ്:15).
അതെ, യഥാര്‍ത്ഥ ഫലമുള്ളത് കൊണ്ടല്ല, അന്യനെ ഉപദ്രവിക്കാനുള്ള ഉദ്ദേശവും ശിര്‍ക്ക് കലര്‍ന്ന അതിന്റെ രീതിയുമാണ് അതിനെ മഹാപാപമാക്കാന്‍ കാരണമെന്ന് ഈ പാഠപുസ്തകം വഴി നമ്മള്‍ എത്ര വര്‍ഷക്കാലമായി നമ്മുടെ ഇളം തലമുറയെ പഠിപ്പിച്ച് കൊണ്ടിരിക്കുന്നു! ഇനി ഇക്കാര്യം തന്നെ ഉമര്‍ മൗലവി വ്യക്തമാക്കുന്നത് കാണുക;
    അദൃശ്യലോകത്തില്‍ പെട്ട പിശാചുക്കളുടെയും ജിന്നുകളുടെയും സഹായം തേടുകയും അവരെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി ചിലത് പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടുള്ളതാണ് ആഭിചാരവും മന്ത്രവാദവും. അദൃശ്യമായ രൂപത്തില്‍ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തു കൊണ്ട് താഴ്മ കാണിക്കല്‍ ആരാധനയാണ്. അപ്പോള്‍ ജിന്നിനെയും പിശാചിനെയും ആരാധിക്കുക എന്ന ശിര്‍ക്ക് ഇതില്‍ വന്നുകൂടുന്നുണ്ട്.അതുകൊണ്ടാണ് ആഭിചാരവും മന്ത്രവാദവും ശിര്‍ക്കും കുഫ്‌റുമായിത്തീരുന്നത്.(കെ ഉമര്‍ മൗലവി, ഫാത്തിഹയുടെ തീരത്ത്, പേജ് 125).
    സിഹ്‌റ് പാപങ്ങളുടെ പട്ടികയിലുള്‍പ്പെടാനുള്ള മറ്റൊരു കാരണം ഈ വൈകൃതം മൂലമുണ്ടാവുന്ന സാമൂഹ്യ ദുരന്തമാണ്. അത് അല്‍മനാര്‍ തന്നെ വിശദീകരിക്കുന്നത് നോക്കൂ;
തന്റെ കറവപ്പശു ചത്തത് തന്റെ ക്ഷേമത്തില്‍ അസൂയ പൂണ്ട അയല്‍ക്കാരി കൂടോത്രം ചെയ്തതാണെന്ന് വിശ്വസിച്ച് നിരപരാധിയായ അവളുമായി ആയുഷ്‌കാലം മുഴുവന്‍ തെറ്റി ജീവിക്കുന്ന സംഭവങ്ങളും അന്ധവിശ്വാസി സമൂഹത്തിലുണ്ട്. ഇതിനെല്ലാം പരിഹാരമാണ് പ്രവാചകന്‍ ചൊല്ലാന്‍ പറഞ്ഞ ഈ പ്രാര്‍ത്ഥന: അല്ലാഹുവേ നീ തന്നത് തടയാനാരുമില്ല. നീ തടഞ്ഞത് തരാനും ആരുമില്ല. തൗഹീദി വിശ്വാസത്തില്‍ പരിപക്വത കൈവരിച്ചവര്‍ക്കേ ഇത് ഉള്ളില്‍ തട്ടി പറയാനാവുകയുള്ളൂ. (അല്‍മനാര്‍ മാസിക, 2006 ജൂലയ് 4).
അതെ, ഈ തൗഹീദ് ജനങ്ങളില്‍ പ്രബോധനം ചെയ്യാനും ഈ നിര്‍ഭയത്വം ഊട്ടിയുറപ്പിക്കാനും ത്യാഗങ്ങളേറെ സഹിച്ച പൂര്‍വ്വികരുടെ പിന്തുടര്‍ച്ച അല്ലേ നമ്മള്‍ ഉറപ്പ് വരുത്തേണ്ടത്? ഇപ്പോള്‍ ജിന്ന് വിഭാഗം നടത്തുന്ന പുത്തന്‍ പ്രബോധനം വഴി ഈ വരികളില്‍ സൂചിപ്പിച്ചത് പോലുള്ള സാമൂഹ്യദുരന്തങ്ങള്‍ വര്‍ദ്ധിക്കുകയല്ലേ ഉണ്ടാവുക എന്ന് ആദര്‍ശം ചോര്‍ന്നു പോയിട്ടില്ലാത്തവര്‍ ആലോചിക്കുക.
അല്ലാഹുവേ നീ തന്നത് തടയാനാരുമില്ല.. എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന മനസ്സില്‍ തട്ടി ഉരുവിടാനാവാത്ത വിധം സാഹിറിനും ചിലതൊക്കെ കഴിയുമെന്ന് ആളുകളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ പല പണ്ഡിതരുമിപ്പോള്‍.
ജിന്നു വര്‍ഗത്തില്‍പെട്ട പിശാചുക്കളെ സ്വാധീനിച്ചു കൊണ്ട് ചെയ്യുന്ന ധാരാളം സിഹ്‌റുകളുണ്ട്.....സാഹിര്‍ ഉദ്ദേശിക്കുന്ന ആളെ നമുക്ക് ദൃശ്യമാവാത്ത രീതിയില്‍ ഉപദ്രവിക്കാന്‍ പിശാചിനെ തന്നെയാണ് സാഹിര്‍ ഉപയോഗപ്പെടുത്തുന്നത് എന്ന് ചുരുക്കം.(ഇസ്വ്‌ലാഹ് മാസിക, 2006 ഡിസംബര്‍)
എന്നൊക്കെ പ്രചരിപ്പിച്ച് വിശുദ്ധ ഖുര്‍ആന്റെ ആശയങ്ങള്‍ക്കും(വിശുദ്ധ ഖുര്‍ആന്‍ 38:3538) ഇസ്വ്‌ലാഹീ പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന ആദര്‍ശത്തെയും അട്ടിമറിക്കാനുള്ള ഗൂഡശ്രമങ്ങളുടെ ഉപകരണങ്ങളായി മാറുകയാണ് ജിന്ന് വിഭാഗം .
    സിഹ്‌റിന്റെ ഫലസിദ്ധിയെ കുറിച്ച് മറ്റൊരു പരാമര്‍ശം നോക്കൂ;
ഇവയുടെ(മന്ത്രം, ഐക്കല്‍, മാരണം) ഫലസിദ്ധിയെ കുറിച്ചുള്ള ഒട്ടേറെ നിറം പിടിപ്പിച്ച കഥകള്‍ സമൂഹത്തില്‍ പ്രചുരപ്രചാരത്തിലുണ്ട്. ഇത്തരം സിദ്ധിയുള്ള ചില കേന്ദ്രങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും ജനം കാണാറുണ്ട്. ജനം ഏറെ വഞ്ചിക്കപ്പെടുന്നതും അനുഭവമാണ്. എങ്കിലും വീണ്ടും ജനങ്ങള്‍ അവയില്‍ തന്നെ ചെന്നു ചാടുന്നു. ഇത്തരം അന്ധവിശ്വാസങ്ങളെ അടിയോടെ പിഴുത് മാറ്റുകയെന്നത് ഏകദൈവ വിശ്വാസികളുടെ ബാധ്യതയാണ്. (വിചിന്തനം വാരിക, 2004 മെയ് 14). 
ഈ ബാധ്യത നിറവേറ്റുന്നവരെ ജിന്ന് വിഭാഗം, ഹദീഥ് നിഷേധികളെന്ന് ആക്ഷേപിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ശിര്‍ക്കന്‍ കേന്ദ്രങ്ങളോട് ജനങ്ങളില്‍ വിശ്വാസ്യതയുണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നത് ആരെ പ്രീതിപ്പെടുത്താനാണ്? 
ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകൃതമായ ഒരു പുസ്തകത്തില്‍ എഴുതുന്നത് നോക്കൂ:
സിഹ്‌റ്(മാരണം), ഉറുക്ക്, ഐക്കല്ല്, ഏലസ്സ്, വളയങ്ങള്‍, കവചങ്ങള്‍, തുടങ്ങിയ കാര്യങ്ങള്‍ ഇസ്ലാമിന് അന്യമാണ്. മിഥ്യയും മൂഡധാരണകളില്‍ പെട്ടതുമാണ്. മറ്റു പല സമുദായങ്ങളില്‍ ഉണ്ടായിരുന്ന ഇക്കാര്യം മുസ്‌ലിംകളുടെ ഇടയിലും കടന്നു കൂടിയിരിക്കുകയാണ്.(മായിന്‍കുട്ടി സുല്ലമി, ദൈവ വിശ്വാസം വിവിധ മുഖങ്ങള്‍, പേജ്: 57).
ഇതാണ് വസ്തുത. സിഹ്‌റ് യഥാര്‍ത്ഥ ഫലമുണ്ടെന്നാണ് പണ്ടു മുതലേ ഇസ്വ്‌ലാഹീ പ്രസ്ഥാനം വിശ്വസിച്ചു പോന്നിട്ടുളളത്. ഇപ്പോള്‍ അതിനെതിരായി അബ്ദുസ്സലാം സുല്ലമി നടത്തിയ ദുര്‍വ്യാഖ്യാനമാണ് സിഹ്‌റ് മിഥ്യയാണെന്നത് എന്ന അന്ധവിശ്വാസ പ്രചാരകരുടെ വാദം കളവാണെന്ന് ഈ തെളിവുകളെല്ലാം ബോധ്യപ്പെടുത്തുന്നു.
      പിളര്‍പ്പിനു മുന്‍പ് 1999ല്‍ കെ എന്‍ എം നടത്തിയ മേഖലാ സമ്മേളനങ്ങളോടനുബന്ധിച്ചും പിളര്‍പ്പിനു ശേഷം ഒരു വിഭാഗം കോഴിക്കോട്ട് സംഘടിപ്പിച്ച സാല്‍വേഷന്‍ എക്‌സിബിഷനോ ടനുബന്ധിച്ചും ചങ്ങരംകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മുജാഹിദ് സെന്ററില്‍ നിന്ന് പുറത്തിറക്കിയ ലഖുലേഖയിൽ
ഇസ്ലാമില്‍ പൗരോഹിത്യമില്ല. ഹോമം, നരബലി, കൂടോത്രം, മാരണം, ഉറുക്ക്, ഐക്കല്ല്, ഏലസ്സ്, പിഞ്ഞാണമെഴുത്ത്, ജാറം മൂടല്‍, കണി, കൈനോട്ടം, കൈനീട്ടം, മുഹൂര്‍ത്തം എല്ലാം പൗരോഹിത്യത്തിന്റെ സൃഷ്ടി, തട്ടിപ്പ് 
എന്ന് സിഹ്‌റിനെ പൗരോഹിത്യത്തിന്റെ സൃഷ്ടിയും തട്ടിപ്പുമായി വിശദീകരിക്കുന്നു.
     ജിന്നും സിഹ്‌റും മടവൂരികളുടെ ദുഷ്പ്രചരണവും എന്ന ക്ഷുദ്രകൃതിയില്‍ പറയുന്നത് നോക്കൂ;
അയ്യൂബ് നബി(അ)ക്ക് സിഹ്‌റ് ബാധിച്ച രോഗത്തില്‍ പിശാചിന് യാതൊരു സ്വാധീനവുമില്ലെന്ന് തീര്‍ത്തുപറയാന്‍ തെളിവൊന്നുമില്ല. നേരെ മറിച്ചാകട്ടെ തെളിവുണ്ട്താനും (പേജ്:22).
അയ്യൂബ് നബിക്ക്  സിഹ്‌റ് ബാധിച്ചാണ് രോഗമുണ്ടായതെന്ന് സകരിയ്യ സ്വലാഹിക്ക് മുന്‍പ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് അദ്ദേഹവും അനുയായികളും തന്നെയാണ്.
    അയൂബ് നബിക്കുണ്ടായ അസുഖം പിശാച് മൂലമുണ്ടായതാണെന്ന അന്ധവിശ്വാസത്തെ കുറിച്ച് മുഹമ്മദ് അമാനി മൗലവി എഴുതുന്നത് ഇപ്രകാരമാണ്;
ആപത്തിന്റെ കാഠിന്യം നിമിത്തം തന്റെ നിലപാടിന് യോജിച്ചതല്ലാത്ത വല്ല മനോവികാരവും തന്നില്‍ ഉണ്ടായതിനെ സൂചിപ്പിച്ചു കൊണ്ടോ ചീത്ത കാര്യങ്ങളെ പിശാചുമായി ബന്ധപ്പെടുത്തിപ്പറയാറുള്ള പതിവനുസരിച്ചോ ആയിരിക്കും എന്നെ പിശാച് സ്പര്‍ശിച്ചു എന്ന് അദ്ദേഹം പറഞ്ഞത്. സൂ. അമ്പിയാഇല്‍ ഈ സ്ഥാനത്ത് എനിക്ക് കഷ്ടത ബാധിച്ചിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. (വിശുദ്ധ ഖുര്‍ആന്‍ വിവരണം, സൂറ. സ്വാദ് 41ാം വചനത്തിന്റെ വ്യാഖ്യാനം).
എത്ര വ്യക്തമാണ് കാര്യം. പക്ഷെ പിശാചിന് സ്ഥാനക്കയറ്റം നല്‍കാന്‍ ഒരുങ്ങിയിറങ്ങിയവര്‍ക്കെന്ത് ആദര്‍ശം!
    ഈ വിഷയത്തില്‍ മുന്‍പ് എഴുതിയ മറ്റൊരുദ്ധരണി കൂടി ഇതിനോട് നമുക്ക് ചേര്‍ത്ത് വായിക്കാം.
ശാരീരിക രോഗങ്ങളുണ്ടാക്കുന്ന ശൈത്വാനെ കുറിച്ച് അല്ലാഹു നമുക്ക് മുന്നറിയിപ്പ് തരുന്നില്ല.ഒടി മറഞ്ഞ് നടക്കുന്ന പിശാചിനെ കുറിച്ചും അല്ലാഹു പറയുന്നില്ല. തേരിന്റെ രൂപത്തില്‍ മനുഷ്യനെ മുട്ടിക്കൊല്ലുന്ന പിശാചിനെ കുറിച്ചോ പാമ്പായി മനുഷ്യനെ കൊത്തിക്കൊല്ലുന്ന പിശാചിനെ കുറിച്ചോ ഗുളികനായി മനുഷ്യന്റെ കഴുത്ത് ഞെരിക്കുന്ന പിശാചിനെ കുറിച്ചോ ഖുര്‍ആനില്‍ പരാമര്‍ശമില്ല.  വസൂരി, കോളറ, രക്തസ്രാവം തുടങ്ങിയവ യൊക്കെ ശാരീരിക രോഗങ്ങളാണ്. അത്തരം രോഗങ്ങളുണ്ടാക്കുന്ന പിശാചുക്കളെ കുറിച്ചൊന്നും അല്ലാഹു ഒരു സൂചന പോലും തരുന്നില്ല. ഇത്തരം പൈശാചിക മാര്‍ഗങ്ങളെ കുറിച്ചുള്ള ഭയം ജനങ്ങളില്‍ വളര്‍ന്ന് വന്നിരിക്കുന്നു. അതിന്ന് വ്യാപകമായ ഒരു വിശ്വാസമായി മാറിയിരിക്കുന്നു. ഇവിടെയാണ് പിശാച് വിജയിച്ചിട്ടുള്ളത്. മനുഷ്യന്റെ മുന്‍പില്‍ ചില പൈശാചിക മാര്‍ഗങ്ങള്‍ പിശാച് ഇട്ടു കൊടുത്തിരിക്കുകയാണ്. അത്തരം മാര്‍ഗങ്ങള്‍ മുഖേന മനുഷ്യ മനസ്സുകളില്‍ ഭയപ്പാടുകള്‍ സൃഷ്ടിക്കുന്നതില്‍ സാക്ഷാല്‍ പിശാച് വിജയിച്ചിരിക്കുന്നു.(അബ്ദുറഹ്മാന്‍ ഇരിവേറ്റി,ചെകുത്താന്റെ കാല്‍പ്പാടുകള്‍ പേജ്:129)
    വര്‍ത്തമാന കാലത്ത് ഈ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് പിശാചിനെ വിജയിപ്പിക്കുന്നവരാരാണെന്ന് വായനക്കാര്‍ മനസ്സിലാക്കുക.

 സിഹ്‌റിനു ഫലമുണ്ടെന്ന വിശ്വാസം ശിര്‍ക്കോ?

ആഭിചാരത്തിന് ഫലമുണ്ടെന്ന് വിശ്വസിക്കുന്നതില്‍ ശിര്‍ക്കുണ്ടെന്ന് മുജാഹിദ് പ്രസ്ഥാനത്തിലെ ഏതെങ്കിലും വിഭാഗത്തിലെ ഏതെങ്കിലും പണ്ഡിതന്‍ പില്‍ക്കാലത്ത് ഗവേഷണം നടത്തി അവതരിപ്പിച്ച നൂതന വാദമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കുന്ന ജിന്നു വിഭാഗക്കാര്‍ക്ക് വേണ്ടി ഒരുദ്ധരണി:
ശിര്‍ക്കിന് ഒരു പാട് ഇനങ്ങളുണ്ട്. അതില്‍ ചിലത്, മതത്തില്‍ നിന്ന് തന്നെ പുറത്ത് പോവുന്നതുണ്ട്. ശിര്‍ക്ക് ചെയ്യുന്നവന്‍ അതില്‍ തന്നെ ഉറച്ച് നിന്ന്, പശ്ചാത്തപിക്കാതെ മരിച്ച് പോവുകയാണെങ്കില്‍ അവന്‍ നരകത്തില്‍ നിത്യവാസി ആയിരിക്കും. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുക, നേര്‍ച്ച വഴിപാടുകള്‍ നേരുക, ഖബറാളികളോട് വിളിച്ച് പ്രാര്‍ത്ഥിക്കുക, ജിന്നുകളോടും പിശാചുക്കളോടും സഹായം തേടുക, പിശാചിനോ ജിന്നിനോ നമുക്ക് രോഗം നല്‍കുവാനോ രോഗം ശിഫയാക്കുവാനോ കഴിയുമെന്ന് വിശ്വസിക്കുക, അതിനു വേണ്ടി ആവശ്യപ്പെടുക, തുടങ്ങിയതെല്ലാം തന്നെ ഈ ഇനത്തില്‍ പെടുന്നതാണ്.(രക്ഷയുടെ കപ്പല്‍, സയ്യിദ് സഹഫര്‍ സ്വാദിഖ്).
പിശാചിന്റെ സഹായത്തോടെ ഒരാളില്‍ രോഗം പോലുളള്ളവ വരുത്തി ഉപദ്രവിക്കാനും അത്തരത്തിലുളള്ള ഉപദ്രവങ്ങളെ പരിഹരിക്കാനും സിഹ്ര്‍ കൊണ്ട് കഴിയുമെന്നല്ലേ വിശ്വസിക്കപ്പെടുന്നത്. അതിന്റെ വിധിയെന്താണ്?

അമാനി മൗലവി പറഞ്ഞതെന്ത്?

 കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിച്ച വിഖ്യാതമായ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയില്‍ മര്‍ഹൂം മുഹമ്മദ് അമാനി മൗലവി സിഹ്‌റിനെ കുറിച്ചെഴുതുന്നത് തങ്ങളുടെ വികല വാദങ്ങള്‍ക്കനുകൂലമാക്കാനൊരു ശ്രമം വ്യാപകമായി നടന്ന് വരുന്നു. അതിനവരുടെ തെളിവ് നോക്കൂ:
      സിഹ്‌റിനു യാഥാര്‍ത്ഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്‌റുമില്ല. കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടി വിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്‌റ് എന്നിങ്ങിനെ ചില അഭിപ്രായങ്ങള്‍ മുന്‍പും ഇപ്പോഴുമുണ്ട്. മുഅ്തസില: വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും ഈ അഭിപ്രായം ഖുര്‍ആനിനും നബിവചനങ്ങള്‍ക്കും എതിരാകുന്നു.(സൂറത്തുല്‍ ഫലഖിന്റെ വ്യാഖ്യാനത്തില്‍ നിന്ന്).
വാലും തലയും മുറിച്ച് മാറ്റി രേഖകള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്ന കുതന്ത്രങ്ങളില്‍ ഒന്ന് മാത്രമാണ് ഈ വരികളെയും ആയുധമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരം വിവാദങ്ങളുടെ ഇറക്കുമതിക്കാര്‍ വാദിക്കുന്ന പ്രകാരം പിശാചിനെ ഉപയോഗപ്പെടുത്തി സാധ്യമാക്കുന്ന സിഹ്‌റിനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഒരിടത്ത് പോലും അമാനി മൗലവി സ്ഥാപിക്കുന്നില്ല.
    വലിയ കണ്ടുപിടുത്തമായി ഘോഷിക്കുന്ന അമാനി മൗലവിയുടെ മേല്‍വരികള്‍ ഒരിക്കലും  വികലവാദങ്ങള്‍ക്ക് തെളിവാകുന്നില്ല എന്ന് തുടര്‍ന്നുളള വരികളില്‍ വ്യക്തമാണ്. മേല്‍ വരികളെ തുടര്‍ന്ന്, മനുഷ്യന്റെ ഇന്ദ്രിയങ്ങളെ കബളിപ്പിക എന്ന സിഹ്‌റിന്റെ സ്വഭാവത്തെ , മൂസ നബിക്ക് കയറുകളും വടികളും പാമ്പായി തോന്നിയ സംഭവം ഉദാഹരിച്ച് വിശദീകരിച്ചതിന് ശേഷം അമാനി മൗലവി ഇപ്രകാരം എഴുതുന്നു;
    വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്‌റ് കൊണ്ടു സാധ്യമല്ല. ഏങ്കിലും മനുഷ്യന്റെ മനസ്സിലും കാഴ്ച, കേള്‍വി മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവംചെയ്‌വാന്‍ സിഹ്‌റ് കാരണമെന്നത്രെ ഈ ഉദ്ധരണിയുടെ ചുരുക്കം. ജനങ്ങള്‍ക്കിടയില്‍ പിണക്കവും വഴക്കുമുണ്ടാക്കുക, ചില മനുഷ്യ പിശാചുക്കളില്‍ ദിവ്യത്വവും അസാധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക മുതലായ പല നാശങ്ങളും അതു കൊണ്ടുണ്ടായിത്തീരുന്നു. ഇന്ദ്രജാലം, ആഭിചാരം, മായവിദ്യ, ജാലം, കണ്‍കെട്ട്, ചെപ്പടിവിദ്യ, എന്നൊക്കെ പറയുന്നത് സിഹ്‌റിന്റെ ഇനങ്ങളില്‍പെട്ടതത്രെ. മനുഷ്യനെ മൃഗമാക്കുക, കല്ലു സ്വര്‍ണ്ണമാക്കി മാറ്റുക പോലുള്ള കഴിവുകള്‍ സിഹ്‌റിനുണ്ടെന്ന ധാരണ തികച്ചും മൗഢ്യവും അടിസ്ഥാനമില്ലാത്തതുമാകുന്നു. പക്ഷെ സിഹ്‌റിന്റെ എല്ലാ ഇനങ്ങളെയും അവ മൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല. നേരെ മറിച്ച് സിഹ്‌റിന്റെ ഇനത്തില്‍ പെട്ടതായി അറിയപ്പെടുന്നതിലൊന്നുംതന്നെ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന ധാരണയും ശൈലിയല്ല, ഇതാണ് വാസ്തവം.(അതേ പുസ്തകം) .
ഇവിടെ സിഹ്‌റിന്റെ ചില ഇനങ്ങള്‍ വിശദീകരിച്ച് അവയില്‍ ചിലത് കൊണ്ട്   ചില അയഥാര്‍ത്ഥ തോന്നലുകളുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള ഈ വിശദീകരണങ്ങള്‍ പിശാചിനെ പ്രീതിപ്പെടുത്തി അവനെ ഉപയോഗിച്ച് ഒരു സാഹിര്‍ അഭൗതികമായ രീതിയില്‍ തന്റെ ഉദ്ദേശ്യം സാധ്യമാക്കുന്നതെന്ന് അന്ധവിശ്വാസികള്‍ പ്രചരിപ്പിക്കുന്ന സിഹ്‌റിനുള്ള ന്യായീകരണമാവുന്നതെങ്ങിനെയാണ്? മറിച്ച് അപ്രകാരമൊന്നും ചെയ്യാനാവില്ലെന്നല്ലേ ഈ വരികളില്‍ സൂചനയുള്ളത്.സിഹ്‌റിന്റെ ഇനങ്ങളില്‍ എണ്ണിയ ഇന്ദ്രജാലം,  മായവിദ്യ, ജാലം, കണ്‍കെട്ട്, ചെപ്പടിവിദ്യ തുടങ്ങിയ പഠിച്ചെടുക്കാവുന്ന വിദ്യകളുടെ കാര്യങ്ങളില്‍ കാണുന്ന പ്രതിഫലനങ്ങളെപറ്റിയാണ്, സിഹ്‌റിന്റെ എല്ലാ ഇനങ്ങളെയും അവ മൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല. നേരെ മറിച്ച് സിഹ്‌റിന്റെ ഇനത്തില്‍ പെട്ടതായി അറിയപ്പെടുന്നതിലൊന്നും തന്നെ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന ധാരണയും ശൈലിയല്ല എന്നത് കൊണ്ട് മനസ്സിലാവുന്നത്. ഇതാവട്ടെ പിശാചിനെ പ്രീതിപ്പെടുത്തിയും ഉപയോഗപ്പെടുത്തിയും സംഭവിപ്പിക്കുന്നതുമല്ല. വഞ്ചനാപരമായ കബളിപ്പിക്കലിനോ വിശ്വാസ ചൂഷണത്തിനോ ഇവ ഉപയോഗപ്പെടുത്തുമ്പോള്‍ ആളുകളുടെ മനസ്സിലെ ദുര്‍ബോധനമാണ് ഇക്കാര്യത്തില്‍ പിശാചിന്റെ പ്രവൃത്തി. പിശാചിന്റെ മുഖ്യ പ്രവൃത്തി തന്നെ അതാണല്ലോ.  അതിനാല്‍ അത് സിഹ്‌റിന്റെ യാഥാര്‍ത്ഥ്യമായി കാണാവുന്നതുമല്ല.  കാര്യകാരണ ബന്ധത്തിനകത്താണിവ സംഭവിക്കുന്നതെന്നര്‍ത്ഥം.
തങ്ങളുടെ വികല വാദങ്ങളെ അംഗീകരിക്കുന്നതെന്ന് ഗവേഷണവും ദുര്‍വ്യാഖ്യാനവും നടത്തി അമാനി മൗലവിയുടെതായി അവതരിപ്പിക്കപ്പെടുന്ന മറ്റൊരു വാചകം സൂറത്തുല്‍ ബഖറയിലെ 102ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ നിന്നാണ്. അതിപ്രകാരം:
ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായാതന്ത്രം, വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം എന്നീ അര്‍ത്ഥങ്ങളിലെല്ലാം മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് സിഹ്‌റ്. കാര്യകാരണ ബന്ധം മനസ്സിലാക്കാന്‍ പ്രയാസമായ എല്ലാ ഉപായകൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്ന് പറയാം. സിഹ്‌റിന്റെ പല വകുപ്പുകളും ഉദാഹരണങ്ങളും പല മഹാന്‍മാരും വിവരിച്ചു കാണാം. ചുരുക്കത്തില്‍ മന്ത്രതന്ത്രങ്ങള്‍, ജപഹോമാദികള്‍, ഉറുക്കുനറുക്കുകള്‍, അക്കക്കളങ്ങള്‍, രക്ഷാതകിടുകള്‍, കയ്യൊതുക്കം, മെസ്മരിസം, ഹിപ്‌നോട്ടിസം, മയക്കുവിദ്യകള്‍, ആദിയാവയെല്ലാം സിഹ്‌റിന്റെ ഇനങ്ങളത്രെ. ഇസ്മിന്റെ പണി, തല്‍സ്വമാത്ത്, മുതലായ പേരുകളിലറിയപ്പെടുന്ന വിദ്യകളും അങ്ങിനെ തന്നെ. മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവന്‍, ദേവി, പിശാച്, മരണമടഞ്ഞവര്‍, നക്ഷത്ര ഗ്രഹങ്ങള്‍ ആദിയായ ഏതില്‍ നിന്നെങ്കിലുമുളള  സഹായര്‍ത്ഥനകളും ചില പ്രത്യേക തരത്തിലുളള കര്‍മ്മ മുറകളും അടങ്ങിയിരിക്കും. ചിലപ്പോള്‍ ചില മരുന്നുകളും മന്ത്ര തന്ത്രങ്ങളും കൂട്ടിയിണക്കിക്കൊണ്ടുമായിരിക്കും. ഗൂഡവും അദൃശ്യവുമായ മാര്‍ഗത്തിലൂടെ ആപത്തുകളില്‍ നിന്നു രക്ഷ നേടുക, ശത്രുക്കള്‍ക്കും മറ്റും ആപത്ത് വരുത്തുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക, വന്‍കാര്യങ്ങള്‍ സാധിക്കുക, ആളുകള്‍ തമ്മില്‍ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അത്ഭുത കൃത്യങ്ങള്‍ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷ്യങ്ങള്‍. മിക്കവാറും ഇനങ്ങള്‍ യാഥാര്‍ത്ഥ്യമില്ലാത്തതും തനി പകിട്ടും മായയുമായിരിക്കും. ചിലതാകട്ടെ മാനസികമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും, അതു വഴി ചില അനുഭവങ്ങള്‍ പ്രകടമാകുന്നതുമാണ്.(അമാനി മൗലവിയുടെ തഫ്‌സീര്‍ 1:219)
പിശാചിനെ തന്റെ ഉദ്ദേശത്തിനനുസരിച്ച് ഉപയോഗപ്പെടുത്തി ഗൂഡവും അദൃശ്യവുമായ മാര്‍ഗത്തിലൂടെ അന്യര്‍ക്കെതിരായ ഉപദ്രവങ്ങള്‍ വരുത്തുന്ന, ഇപ്പോള്‍ തര്‍ക്കത്തിലുളള മാരണം ഇസ്വ്‌ലാഹീ പ്രസ്ഥാനം പണ്ടുമുതലേ യാഥാര്‍ത്ഥ്യമുളളതാണെന്ന് അംഗീകരിച്ചിരുന്നെന്ന ഒരു പച്ചക്കളളം സ്ഥാപിച്ചെടുക്കാനുളള സാഹസത്തിനിടെ ഈ വരികള്‍ തികച്ചും തങ്ങള്‍ക്കെതിരാണെന്ന് പോലും ഇക്കൂട്ടര്‍ ചിന്തിച്ചില്ല. ഇത്രയൊക്കെ വ്യക്തമായി വിശദീകരിച്ചിട്ടും ഈ ഖണ്ഡികയിലെ, മാനസികമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ചിലയിനം സിഹ്‌റുണ്ടെന്നും അതുവഴി ചില അനുഭവങ്ങള്‍ പ്രകടമാകുമെന്നുമുളള അമാനി മൗലവിയുടെ വരിയെടുത്തുയര്‍ത്തി ഊറ്റം കൊളളുകയാണ്. സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍.
 ഇവിടെ ഇക്കൂട്ടര്‍ വ്യക്തമാക്കേണ്ടത്, അദൃശ്യമായ നിലക്ക് പിശാചിനെ ഉപയോഗിച്ചു കൊണ്ടുളളതെന്ന് അവകാശപ്പെടുന്ന് ആഭിചാരം/കൂടോത്രം എന്നൊക്കെ അറിയപ്പെടുന്ന സിഹ്‌റിന്റെ ഇനത്തിന് യഥാര്‍ത്ഥ പ്രതിഫലനമുണ്ടെന്ന് ഇസ്ലാഹീ പ്രസ്ഥാനം പണ്ടെ അംഗീകരിച്ചിരുന്നു എന്നാണ്. അല്ലാതെ സിഹ്‌റിന്റെ വകുപ്പില്‍ എണ്ണപ്പെടുന്ന കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ വരുന്ന മറ്റു ഇനങ്ങളുടെ ഫലപ്രാപ്തിയല്ല.
സിഹ്‌റിന്റെ ഇനങ്ങളില്‍ ഇവിടെ തര്‍ക്കത്തിലുളള്ളത് കൂടോത്രം, ആഭിചാരം എന്നൊക്കെയുള്ള പേരില്‍ അറിയപ്പെടുന്ന ഇനമാണ്. കാര്യകാരണ ബന്ധത്തിനപ്പുറത്ത്, പിശാചിനെ ഉപയോഗിച്ച് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സിഹ്ര്‍. മേല്‍ ഉദ്ധരണിയില്‍, യാഥാര്‍ത്ഥ്യമില്ലാത്തതും തനി പകിട്ടും മായയുമായിരിക്കുമെന്ന് അമാനി മൗലവി സൂചിപ്പിച്ചത് ഈ ഇനത്തെ കുറിച്ചാണ്. ഇക്കാര്യം അമാനി മൗലവി വളരെ വ്യക്തമായി പറയുന്നത് കാണുക.
ഒരു നന്മയുമില്ലാത്ത മിഥ്യയായതു, ഒന്നിനും കൊളളാത്തതു, ദുഷ്ടമായത്, ക്ഷുദ്രം എന്നൊക്കെ അര്‍ത്ഥം നല്‍കാവുന്ന പദമാണ് ജിബ്ത്ത്. സിഹ്ര്‍(ആഭിചാരം), ആഭിചാരി, പ്രനം നോക്കല്‍, പ്രശ്‌നക്കാരന്‍, വിഗ്രഹം ആദിയായ അടിസ്ഥാന രഹിതങ്ങളായ പലതിനും ജിബ്ത് എന്ന് പറയാറുണ്ട് (4: 51 വ്യാഖ്യാന കുറിപ്പ്)
മൂസാനബിയുടെ മുന്നില്‍ ഹാജരാക്കപ്പെട്ട ഫിര്‍ഔന്റെ സാഹിറുകളുടെ പ്രവൃത്തിയെ കുറിച്ച് അമാനി മൗലവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാസപദാര്‍ത്ഥങ്ങള്‍(രസം) കയറിനുളളില്‍ നിറച്ച്  ചൂടുളള തറയിലിടുകയായിരുന്നു അവരെന്നാണ് പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുളളത്. അതായത്, ശുദ്ധ മാജിക്ക്! ഇത് ആര്‍ക്കും പഠിച്ചെടുക്കാവുന്ന വിദ്യയാണ്. അല്ലാതെ പിശാചിനെ ഉപയോഗപ്പെടുത്തിയുളള മാരണമല്ല. പ്രൊ.മുതുകാട് ആയിരങ്ങളെ സാക്ഷിയാക്കി അന്തരീക്ഷത്തില്‍ നിന്ന് ഭസ്മമെടുത്ത് കാണിക്കുന്നു. ഇത് കയ്യടക്കം എന്ന ആര്‍ക്കും കാണിക്കാവുന്ന തന്ത്രമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ സായിബാബ ഇതേ പണി ചെയ്യുമ്പോള്‍ സക്കരിയ്യ സ്വലാഹിയെ പോലുളള അന്ധവിശാസ പ്രചാരകര്‍ പറയുന്നു അത് പിശാച് അദൃശ്യനായി സായിബാബയുടെ കയ്യിലെത്തിക്കുകയാണെന്ന്. ഇതാണ് ഇപ്പോള്‍ തെളിയിക്കപ്പെടേണ്ടതെന്ന് ചുരുക്കം.
മൂസാ നബിയുടെ മുന്നില്‍ ഹാജരാക്കപ്പെട്ട ആ സാഹിറുകള്‍ അവിടുത്തെ ഏറ്റവും പ്രഗത്ഭരായ മാരണക്കാര്‍ തന്നെയാവുമല്ലോ. ഭരണാധികാരി കൂടിയായ ഫിര്‍ഔന്റെ വലിയൊരു അഭിമാന പ്രശ്‌നമായിരുന്നല്ലോ ആ വേദിയിലെ വിജയം. സിഹ്ര്‍ യഥാര്‍ത്ഥ ഫലമുളളതാണെങ്കില്‍ അതില്‍ നല്ല വിശ്വാസമുളളവരാവും ആ സാഹിറുകള്‍. എന്നാല്‍, അവര്‍ നിലത്തിട്ട കയര്‍ ഇഴയുന്നത് പോലെ കാണികള്‍ക്ക് തോന്നുകയാണുണ്ടായത്.അതിന്റെ കാരണം(തട്ടിപ്പ്) അത് ചെയ്തവര്‍ക്ക് നന്നായി അറിയുകയും ചെയ്യും. അതേ സമയം മൂസാ നബി നിലത്തിട്ട വടി യഥാര്‍ത്ഥത്തില്‍ പാമ്പായി. അപ്പോള്‍ സാഹിറുകള്‍ ഒന്നടങ്കം മൂസാ നബിയില്‍ വിശ്വസിക്കുകയാണൂണ്ടായത്. അതായത്, യാഥാര്‍ത്ഥ്യമുണ്ടായത് കൊണ്ടാണ് അവരത് സിഹ്‌റല്ല എന്ന് മനസ്സിലാക്കിയത്. സിഹ്‌റാണെങ്കില്‍ അതിന് യഥാര്‍ത്ഥ ഫലമുണ്ടാകില്ലെന്നും യഥാര്‍ത്ഥ ഫലമുണ്ടായത് കൊണ്ട് തന്നെ അത് ദൈവികമായ ഒരു ദൃഷ്ടാന്തമാണെന്നും അവര്‍ മനസ്സിലാക്കി. ഇവരുടെ നിലവാരവും ബുദ്ധിയും പോലും നമ്മുടെ ഈ ആളുകള്‍ക്കില്ലാതെ പോയല്ലോ.
മിക്കവാറും ഇനങ്ങള്‍ യാഥാര്‍ത്ഥ്യമില്ലാത്തതും തനി പകിട്ടും മായയുമായിരിക്കുമെന്ന വരികളേക്കാള്‍ ചില ഇനങ്ങള്‍ മാനസികമായ ചില മാറ്റങ്ങളും, അതു വഴി ചില അനുഭവങ്ങളുമുണ്ടാകുമെന്ന വരികള്‍ ഇത്ര വലിയ വായില്‍ പറയുന്നതിന് മുന്‍പ് അമാനി മൗലവി ഇതേ ഖണ്ഡികയില്‍ സിഹ്‌റിന്റെ ഇനങ്ങളായി കാണിച്ചവയെങ്കിലും ഒന്ന് മനസ്സിരുത്തി വായിക്കണമായിരുന്നു.
ലബീദ് എന്നൊരു ജൂതന്‍ എവിടെയോ ഇരുന്ന് ചീര്‍പ്പ്, മുടി, ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാള എന്നീ വസ്തുക്കളില്‍ എന്തോ ആഭിചാരക്രിയകള്‍ നടത്തി ഒരു കിണറ്റിലിട്ടതിന്റെ പേരില്‍, അതൊന്നുമറിയാതിരുന്ന നബിക്ക് അത് ആ ജൂതന്‍ ഉദ്ദേശിച്ച പ്രകാരം നബിയുടെ മാനസിക നില തകരാറിലാവാന്‍ കാരണമായെന്ന് പറയുന്ന ആ സിഹ്‌റുണ്ടല്ലോ. അമാനി മൗലവി അതൊന്ന് സ്ഥാപിക്കുന്നത് ഒരിക്കലും കാണാനാവില്ല. സിഹ്‌റിനെ കുറിച്ച് ഇത്രയേറെ പേജുകള്‍ ചിലവാക്കിയിട്ടും ആ ഹദീഥ് ഒന്ന് പരാമര്‍ശിക്കുക കൂടി ചെയ്തിട്ടില്ല അമാനി മൗലവി എന്നത് പ്രത്യേകം ഓര്‍ക്കുക..
ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന സിഹ്‌റിനെ കുറിച്ച അമാനി മൗലവിയുടെ വിശദീകരണത്തിന്റെന്റെ യഥാര്‍ത്ഥ വിശദീകരണം അല്‍മനാര്‍ തന്നെ നല്‍കുന്നത് അതുമായി ബന്ധപ്പെട്ട ഭാഗത്ത് നാം വായിച്ചുവല്ലോ.

അവിശ്വാസികളെ നരകത്തിലേക്ക് പിടിച്ച് തള്ളുമ്പോള്‍
ഇതത്രെ നിങ്ങള്‍ നിഷേധിച്ച് കളഞ്ഞിരുന്ന നരകം, അപ്പോള്‍ ഇത് സിഹ്‌റാണോ, അതോ നിങ്ങളിത് (യാഥാര്‍ത്ഥ്യമാണെന്ന്) കാണുന്നില്ലയോ എന്ന് ചോദിക്കപ്പെടുമെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍(52:13,14,15) പറയുന്നു.
സിഹ്ര്‍ യാഥാര്‍ത്ഥ്യമല്ലെന്നും കേവലം മിഥ്യയാണെന്നും ഈ വചനം നമ്മെ ബോധ്യപ്പെടുത്തുന്നു.
ഓരോ പ്രവാചകന്‍മാരുടെയും പ്രബോധിതര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍,
ഇത് വ്യക്തമായ സിഹ്‌റല്ലാതെ മറ്റൊന്നുമല്ലെന്ന് പറയാറുള്ളത് വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും കാണാം.(ഉദ: 37:14,15).
യാഥാര്‍ത്ഥ്യമില്ലാത്തത് എന്ന അര്‍ത്ഥത്തിലായിരുന്നല്ലോ ആ വിശേഷണം. ആ ജനതക്കുണ്ടായിരുന്ന വിവരം പോലും തങ്ങള്‍ക്കില്ലെന്ന് തെളിയിക്കുകയാണ് സിഹ്ര്‍ വാദത്തിലൂടെ ജിന്ന് വിഭാഗം.

പ്രവാചകന്റെ വെല്ലുവിളിയും

പ്രചാരകരുടെ പൊളളവാദവും


വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രവാചകനോട് പ്രഖ്യാപിക്കാനാവശ്യപ്പെടുന്ന ഒരു വെല്ലുവിളിയുണ്ട്. അതിപ്രകാരം.
(നബിയേ) നീ പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊളളുക; പിന്നെ എനിക്കൊട്ടും ഇട തരാതെ നിങ്ങള്‍ എനിക്കെതിരെ കുതന്ത്രം പ്രയോഗിച്ച് കൊള്ളുക.(സൂറ: അഅ്‌റാഫ്: 195)
എന്താണിതിന്റെ പൊരുള്‍. അല്ലാഹുവിനെ വിട്ട്, പൂജിച്ചും സേവിച്ചും പിശാചിനെ പ്രീതിപ്പെടുത്തി പ്രവാചകനെതിരെ ശത്രുക്കള്‍ നടത്തിയ ഒരു കുതന്ത്രം വിജയിച്ചു എന്ന പ്രചാരം ഖുര്‍ആനിന്റെ ഈ  അശയത്തോട് പൊരുത്തപ്പെടുമോ? ഒരിക്കലുമില്ല, ഇപ്രകാരമൊരു വെല്ലുവിളി നടത്താന്‍ പ്രവാചകനോട് നിര്‍ദ്ദേശിക്കുന്ന നാഥന്‍ അതിലൂടെ പഠിപ്പിക്കുന്ന സന്ദേശമെന്താണ്? എന്നെ ഒരു കത്തിയെടുത്ത് കുത്തിക്കൊളളുക, എന്നെ വാളെടുത്ത്  വെട്ടിക്കൊളളുക എന്നൊന്നും പ്രവാചകന്‍ വെല്ലുവിളിച്ചിട്ടില്ല.
ശിര്‍ക്ക് ചെയ്ത് ഫലിപ്പിച്ച് കാണിക്കൂ എന്നും അഭൗതികമായ മാര്‍ഗത്തില്‍ തനിക്കെതിരെ കുതന്ത്രം പയറ്റൂ എന്നും വെല്ലുവിളിക്കുമ്പൊള്‍ അത് വ്യര്‍ത്ഥവും നിഷ്ഫലവുമാണെന്ന പാഠമാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് ചിലര്‍ പറയുന്നു, ശിര്‍ക്ക് ചെയ്ത് ഫലം കിട്ടുന്നുവെന്ന്. ആ ഫലം പ്രവാചകനെതിരില്‍ വരെ പോലുമുണ്ടായെന്നും. നാമേത് വിശ്വസിക്കണം?കാര്യകാരണ ബന്ധവും

ദുരൂഹതകളും


സിഹ്ര്‍ ഫലിക്കുമെന്ന് പ്രചരിപ്പിക്കുന്ന ചിലര്‍ വിശദമായ ചര്‍ച്ചകളില്‍, കാര്യകാരണ ബന്ധത്തിനകത്തുളള മാരണങ്ങളെ കുറിച്ചാണ് തങ്ങള്‍ പറയുന്നതെന്ന് പറയാറുണ്ട്. സിഹ്‌റിന്റെ കാര്യകാരണ ബന്ധം നമുക്ക് മനസിലാക്കാനാവാത്തതാണെങ്കിലും അവ കാര്യകാരണ ബന്ധത്തിനപ്പുറത്താണെന്ന് പറയാന്‍ പറ്റില്ലെന്ന് ചിലര്‍ പറയുന്നതിന്റെ പൊരുള്‍ എന്താണെന്ന് മനസ്സിലാവുന്നില്ല. സിഹ്‌റിന്റെ ഫലപ്രാപ്തി ഗൈബിയായ നിലക്കണോ പ്രതീക്ഷിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ അമാനി മൗലവി ഗൈബിന് നല്‍കിയ വ്യാഖ്യാനം ഒന്ന് നോക്കാം.
അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോകം, വിചാരണ, സ്വര്‍ഗം, നരകം, ഖബറിലെ അനുഭവങ്ങള്‍ ആദിയായി ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ ആന്തരേന്ദ്രിയങ്ങള്‍ വഴിയോ അല്ലെങ്കില്‍ ബുദ്ധി കൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്താവനകള്‍ കൊണ്ട് മാത്രം അറിയുവാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു
എന്നാണ് അമാനി മൗലവി വിശദീകരിക്കുന്നത്.(2:3 ന്റെ വ്യാഖ്യാന കുറിപ്പ്)
മെജീഷ്യന്മാര്‍ വലിയ സ്റ്റേജുകളില്‍ സദസ്സില്‍ നിന്ന് വിളിച്ച് കയറ്റുന്ന കാണിയെ ജനങ്ങളുടെ കണ്‍മുന്നില്‍ വെച്ച് രണ്ട് കഷ്ണമാക്കി മുറിക്കുകയും രണ്ട് കഷ്ണങ്ങള്‍ രണ്ട് ഭാഗത്തേക്ക് മാറ്റിയിടുകയും ചെയ്യുന്നത് കണ്ട് അന്ധാളിക്കുകയും ആര്‍ത്ത് വിളിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് അതിന്റെ ഗുട്ടന്‍സ് അറിയില്ലെങ്കിലും ആ മെജീഷ്യനും ആ മനുഷ്യനും മറ്റു മെജീഷ്യന്മാരുമുള്‍പ്പെടെ എത്രയോ പേര്‍ക്കറിയാം അയാളെ മുറിച്ചിട്ടും രണ്ട് കഷ്ണമാക്കിയിട്ടുമൊന്നും ഇല്ല എന്ന്. അത്തരമൊരു വിദ്യയുടെ രഹസ്യം ഇന്ന് ലഭ്യമാണ്. ആർക്കും പഠിച്ചെടുക്കാം.  അവിടെ മഹാഭൂരിഭാഗം വരുന്ന ആളുകള്‍ക്ക് യാഥാര്‍ത്ഥ്യമെന്ന് തോന്നുമെങ്കിലും അത് യാഥാര്‍ത്ഥ്യമല്ല എന്ന കൃത്യമായി അറിയാന്‍ മാര്‍ഗമുണ്ട്.
എന്നാല്‍ മദീനയുടെ ഒരറ്റത്തുളള ഏതോ ഒരു കിണറില്‍ ഒരു ജൂതന്‍ ചില ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ഇതൊന്നുമറിയാതെ മദീനയുടെ മറ്റൊരു ഭാഗത്ത് കഴിഞ്ഞിരുന്ന തിരുനബി(സ)ക്ക് മനോനിലയില്‍ മാറ്റം വന്നതെങ്ങിനെയാണ്? അതിന്റെ കാര്യകാരണ ബന്ധം ആര്‍ക്കാണ് മനസ്സിലായത്?മലക്കുകള്‍ വഴി അല്ലാഹു അറിയിച്ച് കൊടുത്താണ് നബി (സ) തന്നെ വിവരമറിയുന്നത് എന്നാണല്ലോ ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നത്. മാസങ്ങളോളം അതിന്റെ പ്രയാസങ്ങളും പ്രതിഫലനങ്ങളും തുടര്‍ന്നതെങ്ങിനെയാണ്. ഏത് ഇന്ദ്രിയങ്ങള്‍ കൊണ്ടാണത് മനസ്സിലായത്. ലോകത്തെ ഏതെങ്കിലും ഒരു സംവിധാനത്തിന്റെയോ കൃത്യമായ വിവരത്തിന്റെയോ അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും അതിന്റെ പിന്നാമ്പുറം അറിയുമോ?
സമാനമായ പല ക്ഷുദ്രപ്രവർത്തനങ്ങളും പല മതങ്ങളുടെയും ലേബലിൽ ഇന്നും ലോകത്ത് നടക്കുന്നു. അവക്കൊക്കെ ഫലപ്രാപ്തിയുണ്ടാവുമെന്ന് സിഹ്‌റ് വാദക്കാർ സമർത്ഥിക്കുന്നു. അവയുടെയൊക്കെ കാര്യകാരണ ബന്ധമെന്തെന്ന് വിശദീകരിക്കാ‍ൻ ലോകത്താർക്കെങ്കിലും കഴിയുമോ? കാര്യകാരണ ബന്ധം നമുക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും അവ കാര്യകാരണ ബന്ധത്തിനതീതമല്ല്ല് എന്ന് ന്യായീകരിക്കുമ്പോൾ ഇതേ ന്യായം ശിർക്കിന്റെ ആളുകൾക്കും ഉന്നയിക്കാമല്ലോ.
മാരണത്തിന് കാര്യകാരണബന്ധത്തിനധീനമായ നിലക്കുളള ഫലപ്രാപ്തിയെ കുറിച്ചാണ് പറയുന്നതെങ്കില്‍ അത് പറയാന്‍ ഒരു മത സംഘടനയെന്തിനാണ്? കത്തികൊണ്ട് കുത്തിയാല്‍ മുറിവാകുമെന്ന് പറയാന്‍ നമ്മള്‍ സ്റ്റേജ് കെട്ടണോ? വെടിവെച്ചാല്‍ അത് ഏല്‍ക്കുമെന്ന് പറയാന്‍ ലേഖനമെഴുതണോ? തീപ്പെട്ടിക്കൊളളി ഉരച്ചാല്‍ കത്തുമെന്ന് പറയാന്‍ മതപ്രബോധകന്റെ സമയം കളയണോ? കാര്യകാരണ ബന്ധമുണ്ടെങ്കില്‍ അതിന്റെ സംഭവ്യതയും സ്വാഭാവികതയും ആരും ആരെയും പഠിപ്പിക്കേണ്ടതില്ലല്ലോ. ഒരു പ്രബോധന വിഷയമാവേണ്ടതില്ലല്ലോ.
മറ്റൊരു കാര്യം അല്ലാഹുവിന്റെ അനുമതി ഉണ്ടെങ്കില്‍ സിഹ്ര്‍ ഫലിക്കുമെന്ന വിശദീകരണമാണ്. അല്ലാഹുവിന്റെ അനുമതി കൂടാതെ നടക്കുന്ന ഏത് സംഭവമാണ് ലോകത്ത് നടക്കുന്നത്. അല്ലാഹുവിന്റെ അനുമതി ഉണ്ടെങ്കില്‍ മരിച്ചവര്‍ കേള്‍ക്കുമെന്ന് പറഞ്ഞ് ഒരാള്‍ മരണപ്പെട്ടവരോട് സഹായമര്‍ത്ഥിക്കുവാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും. വിഗ്രഹാരാധകര്‍, അല്ലാഹുവിന്റെ അനുമതിയുണ്ടെങ്കില്‍ വിഗ്രഹം സഹായിക്കും എന്ന് ന്യായീകരിച്ചാല്‍ എന്ത് മറുപടി നല്‍കും.
 
ചുരുക്കത്തില്‍,സിഹ്‌റ് (ആഭിചാരം/കൂടോത്രം) ഫലിക്കുമെന്ന വാദം മുജാഹിദ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അംഗീകൃത നിലപാടല്ല. അതിന്റെ പ്രസിദ്ധീകരണങ്ങളും ചരിത്രവുമെല്ലാം ഇതിനു സാക്ഷിയാണ്. മറിച്ചൊരു പ്രസ്താവന ആര്‍ക്കും ഉദ്ധരിക്കാനായിട്ടില്ല. ആരുടെയെങ്കിലും കുതന്ത്രത്തില്‍ പെട്ട് അടിസ്ഥാന വിശ്വാസങ്ങളില്‍ കറ പുരളുന്നതിനെ തൊട്ട് നാം ജാഗ്രത പുലര്‍ത്തണം. വിശുദ്ധഖുര്‍ആനും സ്ഥിരപ്പെട്ട തിരുചര്യയുമാണ് നമ്മുടെ ആദര്‍ശത്തിന്റെ മാനദണ്ഡങ്ങള്‍. ഈ പ്രഖ്യാപിത നിലപാടിലൂടെ പൂര്‍വ്വിക മഹത്തുക്കള്‍ പ്രബോധനം ചെയ്ത ആദര്‍ശം ഭൂമിശാസ്ത്രപരമോ സാമ്പത്തികമോ ആയ അളവുകോലുകളുപയോഗിച്ച് മാറ്റു നോക്കേണ്ടതില്ലെന്നും പ്രമാണബദ്ധമായ നയനിലപാടുകളില്‍ ആരുടെയെങ്കിലും വിധേയത്വങ്ങള്‍ക്കോ സ്വാര്‍ത്ഥതകള്‍ക്കൊ അനുസരിച്ച് അപകര്‍ഷതാബോധമു ണ്ടാവേണ്ടതില്ലെന്നും തിരിച്ചറിഞ്ഞ മുജാഹിദുകള്‍ക്ക് പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ വെട്ടിനിരത്താനുള്ള ഗൂഡാലോചനയെ പ്രതിരോധിക്കാന്‍ കഴിയേണ്ടതുണ്ട്.
 മുഴുകുടിയനും സിഹ്‌റ് ഫലിക്കുമെന്ന് വിശ്വസിക്കുന്നവനും കുടുംബബന്ധം മുറിക്കുന്നവനും ജ്യോത്സ്യനും ചെയ്ത് കൊടുത്ത അനുഗ്രഹങ്ങള്‍ എടുത്ത് പറയുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്ന (അഹ്മദ്)
മുഹമ്മദ് നബിയുടെ താക്കീത് നമ്മുടെ കണ്ണു തുറപ്പിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍)

അബൂഹിമ

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes