KNM കളളക്കേസ് 2002






കെ എൻ എമ്മിന്റെ പേരിൽ ബഹു: എ പി അബ്ദുൽ ഖാദർ മൌലവി മർഹൂം എ വി അബ്ദുറഹ്‌മാൻ ഹാജിക്കും പി സി അഹ്‌മദ് ഹാജിക്കും ഡോ ഹുസൈൻ മടവൂരിനുമെതിരിൽ കോടതിയിൽ നൽകിയ അന്യായത്തിലും ഇതിന്റെ അടിസ്ഥാനത്തിൽ എ പി കോടതിക്ക് മുൻപാകെ നൽകിയ സാക്ഷിമൊഴിയിലും, മുജാഹിദ് സെന്റർ അക്രമമെന്ന പച്ചക്കള്ളം പരാമർശിക്കുന്ന ഭാഗങ്ങൾ. ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേരിൽ ഇത്തരത്തിൽ പച്ചക്കള്ളത്തിനു താഴെ ‘ഇതുകൾ സത്യം’ എന്നെഴുതി ഒപ്പിട്ട് നൽകുന്ന അന്യായങ്ങൾ ദീനിന്റെ കാഴ്ചപ്പാടിൽ ‘ന്യായമോ അന്യായമോ‘?




കോടതിവിധി ആഘോഷം നേട്ടം കൊയ്‌തത്‌ കള്ള സാക്ഷ്യത്തിലൂടെ



അബൂഹിമ
പെട്ടി പോയാലെന്താ, താക്കോല്‍ എന്റെ അരയിലാണല്ലോ എന്നാശ്വസിച്ച പഴയ നമ്പൂതിരിയുടെ റോളിലാണ്‌ നവയാഥാസ്ഥിതിക പാളയത്തിലെ ചില നേതാക്കളും പ്രവര്‍ത്തകരും. പ്രമാണങ്ങളുടെ കരുത്തില്‍ പൂര്‍വികര്‍ ത്യാഗോജ്ജ്വലമായി പ്രബോധനം ചെയ്‌ത മഹത്തായ ആദര്‍ശം തങ്ങളുടെ പക്കല്‍ നിന്നും കൈമോശം വരികയും അനുയായികളും നേതാക്കളും മത്സരിച്ച്‌ അവ കുഴിച്ച്‌ മൂടി പകരം പണ്ട്‌ കുഴിച്ച്‌ മൂടിയ വികലവിശ്വാസങ്ങളെ മാന്തി പുറത്തെടുക്കുകയും ചെയ്യുമ്പോഴും സംഘടനയുടെ പേര്‍ തങ്ങള്‍ക്ക്‌ കിട്ടി എന്ന്‌ വലിയ വായില്‍ ആര്‍ത്ത്‌ വിളിക്കുകയാണ്‌ നവയാഥാസ്ഥിതിക പാളയം.

സ്വര്‍ഗം കിട്ടിയ പ്രതീതിയിലാണ്‌ ഹൈക്കോടതി വിധി ആഘോഷിച്ച്‌ തീര്‍ക്കുന്നത്‌. കുറേ നാളായി പരസ്‌പരം കടിച്ച്‌ കീറിക്കൊണ്ടിരിക്കുന്നതിനിടയില്‍ പുറമെ ചിരിച്ച്‌ കൊണ്ടെങ്കിലും ഒന്ന്‌ സമാന വികാരം പ്രകടിപ്പിക്കാന്‍ കിട്ടിയ അപൂര്‍വ്വ അവസരമായിരുന്നല്ലോ ഇത്‌. അകത്തളത്തില്‍ അടഞ്ഞ കത്തുകളും പൊരിഞ്ഞ കുത്തുകളും അരങ്ങ്‌ തകര്‍ക്കുന്നതിനിടയില്‍ ഒരു തുറന്ന കത്തിന്‌ പഴുത്‌ ലഭിക്കുക എന്നത്‌ ചില്ലറക്കാര്യമല്ലല്ലോ. ശബാബില്‍ തന്റെ പുസ്‌തകത്തിന്റെ പരസ്യം കൊടുത്തില്ലെന്നതിന്‌ പകപോക്കാന്‍ ജന്മം കൊടുത്ത കടലാസില്‍ സ്വന്തം രചനകള്‍ തന്നെ പേരും ഇനിഷ്യലും നാടും ജോലിയും ഒക്കെ തിരിച്ചും മറിച്ചുമിട്ട്‌ പേജ്‌ നിറച്ചിട്ടും വായനക്കാരൊക്കെ ഒതുക്കുങ്ങല്‍ സാഹിത്യം തേടിപ്പോവുമ്പോള്‍ അതിനു തടയിടാനും കോടതി വിധി തന്നെ ശരണം. പിന്നെ വലിയവരോട്‌ ഏറ്റുമുട്ടിയാല്‍ താനും അതേ നിലവാരത്തിലെത്തുമെന്ന മിഥ്യാധാരണയും കൂടിയായപ്പോഴാണ്‌ വിധിയാഘോഷം കെങ്കേമമായത്‌.

കോടതിവിധി വന്നു. യഥാര്‍ഥ പ്രസ്ഥാനം കെ എന്‍ എം ആണെന്ന്‌ തെളിഞ്ഞു എന്നാണ്‌ പ്രഖ്യാപനം.(ഭിന്നിപ്പ്‌ വാരിക -2012 ഏപ്രില്‍ 27) ഡോ. ഇ കെ അഹ്‌മദ്‌ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ പ്രമേയത്തില്‍ ഒരു കളവു കടന്ന്‌ കൂടി എന്ന്‌ ആരോപിച്ചാണ്‌ സാക്ഷാല്‍ പത്രാധിപര്‍ തന്നെ പേനയെടുത്തത്‌. തങ്ങളുടെ ചരിത്രവിജയം വേണ്ടപോലെ വെണ്ടക്ക നിരത്താത്തതില്‍ പത്രങ്ങളോടുമുണ്ടരിശം. അതിലും വലിയ തമാശ മറ്റൊരു മഹാനേതാവിന്റെ ഓര്‍മ്മപ്പെടുത്തലാണ്‌. തോറ്റകേസില്‍ ജയിച്ചെന്ന്‌ കളവ്‌ പറഞ്ഞ്‌ ജനങ്ങളെ വഞ്ചിക്കുന്നവര്‍ പരലോകം എന്ന ഒരു ദിനമുണ്ടന്നും അന്ന്‌ മാധ്യമലോകത്തെ വായ്‌പാട്ട്‌ ഫലം ചെയ്യില്ലെന്നും ഓര്‍ത്തിരിക്കുന്നത്‌ നല്ലതാണ്‌ (അതേ പുസ്‌തകം) എന്നാണ്‌ ഡോക്‌ടറുടെ മുന്നറിയിപ്പ്‌. പരലോകം എന്നത്‌ ഒരു ദിനത്തിന്റെ പേരാണെന്നത്‌ അദ്ദേഹത്തിന്റെ വിവരക്കേടായി നമുക്ക്‌ അവഗണിക്കാം. പക്ഷെ, ഈ മുന്നറിയിപ്പിന്റെ പിന്നാമ്പുറം നമുക്ക്‌ കാണാതിരുന്നു കൂടാ.
വിഗ്രഹങ്ങളില്‍ പിശാചുക്കള്‍ ആവാഹിച്ച്‌ അവ സംസാരിക്കുമെന്ന സ്വന്തം പാളയത്തിലെ മറ്റൊരു ഡോക്‌ടറുടെ വാദങ്ങള്‍ക്ക്‌ മറുപടി പറയാന്‍ ധൈര്യമില്ലാഞ്ഞിട്ട്‌, ആ വാദം ചില ഉത്തരേന്ത്യന്‍ മുല്ലമാരുടെ മേല്‍ കെട്ടിവെച്ച്‌ മുന്‍പ്‌ അതിന്‌ മറുപടി പറഞ്ഞ്‌ പുളി തീര്‍ത്ത ആളാണ്‌ ലേഖകന്‍. അതേ തന്ത്രമാണോ ഇവിടെ പയറ്റിയതെന്ന്‌ ന്യായമായും സംശയം തോന്നുന്നു. കള്ള പ്രസ്‌താവനക്ക്‌ താഴെ ഇതുകള്‍ സത്യം എന്നെഴുതി നല്‍കിയ സ്വന്തം ജനറല്‍ സെക്രട്ടറിയെ തന്നെയാണിവിടെ ഡോക്‌ടര്‍ ഒന്ന്‌ തൊഴിച്ചിട്ടുളളത്‌. എന്തായാലും, തോറ്റകേസില്‍ ജയിച്ചെന്ന്‌ പറഞ്ഞാല്‍ പിടികൂടപ്പെടുന്ന പരലോകത്ത്‌, ഇവിടെ കള്ളക്കേസുകളും കള്ളസാക്ഷ്യങ്ങളുമൊക്കെ നടത്തിയാല്‍ ബ്രാക്കറ്റുകളുടെ മാനദണ്ഡത്തില്‍ വല്ല ഇളവുമുണ്ടോ എന്നറിയാന്‍ താല്‍പര്യമുണ്ട്‌. അതേലക്കം വാരികയിലെ `തുറന്ന കത്തി'നു തൊട്ടു താഴെ തന്നെ, കള്ളസക്ഷ്യം മഹാപാപമാണെന്ന ഹദീസ്‌പാഠം തന്നെ നല്‍കിയതും ബഹുമാന്യ ജനറല്‍ സെക്രട്ടറിക്കുള്ള ഒരു തൊഴിയായി തന്നെ മനസ്സിലാക്കാം.
ഡോ. ഇ കെ അഹ്‌മദ്‌ കുട്ടിയും സി പി ഉമര്‍ സുല്ലമിയും നേതൃത്വം നല്‍കുന്ന മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ, ഹൈക്കോടതി വിധി സംബന്ധിച്ച പ്രസ്‌താവനയില്‍ ഒരു കളവ്‌ സംഭവിച്ചെന്ന്‌ വിലപിക്കുന്നവര്‍, ഈ വിധിക്കാധാരമായ ഹരജിയുടെ വിശദാംശങ്ങളിലേക്ക്‌ കൂടി ഒന്ന്‌ ഇറങ്ങിവരാന്‍ ചങ്കൂറ്റം കാണിക്കേണ്ടതുണ്ട്‌. പരലോകത്ത്‌ അല്ലാഹുവിന്റെ മുന്നില്‍ ഈ ഹരജിയുടെ വിധി എന്താവുമെന്ന്‌ മാലോകരോടൊന്ന്‌ വിശദീകരിക്കേണ്ടതുണ്ട്‌. ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടില്‍ ഇത്തരമൊരു കേസിന്റെ സാധുത എന്തെന്ന്‌ മുസ്‌ലിംകളോട്‌ ഒന്ന്‌ വ്യക്തമാക്കണം. അത്‌ കഴിഞ്ഞിട്ടേ മറ്റുള്ളവന്റെ കുറ്റവും കുറവും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണ്ടതുള്ളൂ.
കോടതി വിധിയെ പറ്റി നവയാഥാസ്ഥിതികര്‍ കളവ്‌ പ്രചരിപ്പിക്കുന്നു എന്ന വാചകത്തില്‍ തൂങ്ങിയാണ്‌ തുറന്നകത്തിലെ അഭ്യാസപ്രകടനങ്ങള്‍. എന്നാല്‍, എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജിക്കും പി സി അഹ്‌മദ്‌ സാഹിബിനും ഡോ. ഹുസൈന്‍ മടവൂരിനുമെതിരില്‍ കോടതിയില്‍ കള്ളക്കേസ്‌ നല്‍കിയവര്‍ കോടതിവിധിയെയും തെറ്റിധരിപ്പിക്കുന്നു എന്നായിരുന്നു പ്രസ്‌തുത പ്രസ്‌താവനയുടെ ഉള്ളടക്കം. അതിന്റെ ആദ്യഭാഗം തൊടാതെ രണ്ടാം ഭാഗത്തെ കുറിച്ച്‌ വിലപിക്കാന്‍ മുന്നോട്ട്‌ വന്നതിന്റെ പ്രചോദനം ഏവര്‍ക്കുമറിയാവുന്നതാണല്ലോ. രണ്ടാം ഭാഗം മാത്രമാണ്‌ കളവ്‌, ആദ്യഭാഗം സത്യം തന്നെയാണെന്ന്‌ പരോക്ഷമായി സമ്മതിക്കുകയാണിവിടെ ചെയ്യുന്നത്‌. എങ്കില്‍ സ്വന്തം നേതാവിന്റെ ആ നടപടിയെ പറ്റി വിശദീകരിച്ചിട്ട്‌ പോരേ ആ നടപടിയുടെ അനുബന്ധ കാര്യങ്ങളിലേക്ക്‌ കടക്കല്‍.
തുറന്നകത്തിന്റെ തൊട്ടു താഴെയായി ഭിന്നിപ്പ്‌ വരിക പ്രസിദ്ധീകരിച്ച ഹദീസ്‌പാഠത്തിലെ ഹദീസ്‌ ഇപ്രകാരം: ``അബ്‌ദുര്‍റഹ്‌മാനിബ്‌നു അബൂബക്കര്‍(റ) തന്റെ പിതാവില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു. ഞങ്ങള്‍ പ്രവാചക സന്നിധിയിലായിരിക്കെ അദ്ദേഹം പറഞ്ഞു: മഹാപാപങ്ങളെ കുറിച്ച്‌ ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞ്‌ തരട്ടെയോ? (ഇത്‌ മൂന്ന്‌ പ്രാവശ്യം പ്രവാചകന്‍ ആവര്‍ത്തിച്ചു.) അല്ലാഹുവില്‍ പങ്ക്‌ ചേര്‍ക്കുക, മാതാപിതാക്കളോട്‌ ദ്രോഹം ചെയ്യുക, കള്ളസാക്ഷ്യം പറയുക, അല്ലെങ്കില്‍ കള്ളസത്യം ചെയ്യുക. നബി(സ) ചാരി ഇരിക്കുകയായിരുന്നു. അനന്തരം അവിടുന്ന്‌ ഇരിക്കുകയും, പറഞ്ഞത്‌ ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്‌തു. അദ്ദേഹം മിണ്ടാതിരുന്നെങ്കില്‍ എന്ന്‌ ഞങ്ങള്‍ വിചാരിച്ച്‌ പോയി'' (മുസ്‌ലിം).
വളരെ ഗൗരവം നിറഞ്ഞ ഈ ഹദീസിനെ വിശദീകരിച്ച്‌ കൊണ്ട്‌ പ്രസ്‌തുത ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ``കള്ളസാക്ഷ്യം വഹിക്കുക, കള്ളസത്യം ചെയ്യുക എന്നത്‌ ലാഘവമായിട്ടാണ്‌ പലരും കാണുന്നത്‌. തനിക്ക്‌ പ്രിയപ്പെട്ടവനെ സംരക്ഷിക്കാന്‍, തന്റെ ശത്രുവിനെ പരാജയപ്പെടുത്താന്‍ തുടങ്ങിയവയ്‌ക്കാണ്‌ ഈ രണ്ട്‌ കാര്യവും മനുഷ്യര്‍ ചെയ്‌തുവരുന്നത്‌. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും പാടില്ലാത്തതാണത്‌. അതിന്റെ ഗൗരവം കാണിക്കാന്‍ വേണ്ടിയാണ്‌ നബി(സ) അക്കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞത്‌. കാരുണ്യവാന്റെ അടിമകളുടെ വിശേഷണം പറഞ്ഞ കൂട്ടത്തില്‍, അവര്‍ വ്യാജത്തിന്‌ സാക്ഷ്യം വഹിക്കാത്തവരുമാണ്‌ (അല്‍ഫുര്‍ഖാന്‍ 72) എന്ന്‌ പറഞ്ഞിരിക്കുന്നു.'' (ഭിന്നിപ്പ്‌ വാരിക -2012 ഏപ്രില്‍ 27)
ബഹുമാനപ്പെട്ട പത്രാധിപരേ, വളരെ പ്രസക്തമായ ഈ ഹദീസ്‌പാഠത്തിന്റെ സ്ഥാനം നിങ്ങളുടെ തുറന്ന കത്തിനു താഴെ തന്നെ നിശ്ചയിച്ചത്‌ സ്വാഭാവികമായും താങ്കള്‍ തന്നെയായിരിക്കുമല്ലോ. എങ്കില്‍ ഈ ഹദീസിന്റെയും അതിനു നല്‍കിയ വിശദീകരണത്തിന്റെയും വെളിച്ചത്തില്‍ എന്ത്‌ പ്രസക്തിയാണ്‌ താങ്കളുടെ (കോടതിവിധി സംബന്ധിച്ച) ലേഖനങ്ങള്‍ക്കുള്ളത്‌.
കെ എന്‍ എം കേസില്‍ എന്ത്‌ വിധി വന്നാലും ആത്യന്തിക പരാജയം ആര്‍ക്കാണെന്ന്‌ മനസ്സിലാക്കാന്‍, മേല്‍ ഉദ്ധരണിയും ഈ കേസിന്‌ വഴിവെച്ച എ പി അബ്‌ദുല്‍ ഖാദര്‍ മൗലവിയുടെ അന്യായവും ഒന്ന്‌ ചേര്‍ത്തുവെച്ച്‌ വായിച്ചാല്‍ മതി. 2002 ആഗസ്‌ത്‌ 19ന്‌ എ പി അബ്ദുല്‍ഖാദര്‍ മൗലവി കോഴിക്കോട്‌ മുന്‍സിഫ്‌ കോടതി മുന്‍പാകെ നല്‍കിയ പ്രസ്‌തുത അന്യായത്തിലെ പ്രധാനപ്പെട്ട ഒരു വാചകം ഇപ്രകാരം: ``പ്രതികള്‍ക്ക്‌ (എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി, ഹുസൈന്‍ മടവൂര്‍, പി സി അഹ്‌മദ്‌ സാഹിബ്‌) അന്യായ പട്ടിക വഹകളിന്മേല്‍ യാതൊരു അവകാശമോ അധികാരമോ ഇല്ല. എന്നാല്‍, 18.8.2002ന്‌ ഉച്ചക്ക്‌ സുമാര്‍ 12 മണി സമയത്ത്‌ പ്രതികള്‍ മറ്റ്‌ ആള്‍ക്കാരുമായി വന്ന്‌ അന്യായ പട്ടിക വസ്‌തുവില്‍ (ആനി ഹാള്‍ റോഡിലെ മുജാഹിദ്‌ സെന്റര്‍) കയ്യേറാനും വഹകള്‍ കൈവശപ്പെടുത്താനും ഒരു ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ അന്യായക്കാരന്റെ(എ പി)യും മറ്റും അവസരോചിതമായ ഇടപെടല്‍ മൂലം പ്രതികളും ആള്‍ക്കാരും അപ്പോള്‍ മടങ്ങിപ്പോവുകയും, പോവുമ്പോള്‍ പ്രതികള്‍ കൂടുതല്‍ ആള്‍ശേഖരവുമായി വീണ്ടും വരുമെന്നും എന്തുവില കൊടുത്തും അന്യായപ്പട്ടിക വഹകള്‍ കൈവശപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.'' ഇതുകള്‍ സത്യം എന്നെഴുതി ബഹു. എ പി അബ്ദുല്‍ ഖാദര്‍ മൗലവി കോടതിക്ക്‌ നല്‍കിയ അന്യായമാണിത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മറ്റു കാര്യങ്ങളെല്ലാം (പേര്‌, സീല്‍, ലെറ്റര്‍പാഡ്‌...) അദ്ദേഹം കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.
ഇതൊരു പച്ചക്കള്ളമാണെന്ന്‌ അറിയാത്തവരായി ആരുമുണ്ടാവില്ല. ഇത്തരമൊരു സംഭവമോ സമാനമായ മറ്റ്‌ സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നിരിക്കെ കോടതി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ തരുന്നതിന്‌ വേണ്ടി സ്വന്തം പക്ഷത്തെ നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയും എ പി അബ്ദുല്‍ ഖാദര്‍ മൗലവി എഴുതി നല്‍കിയ ഈ കള്ളസത്യം മേല്‍ ഹദീസിന്റെ പരിധിയില്‍ നിന്നൊഴിവാകുമോ? ഇതേ കേസിന്റെ ഓരോ വിധികളും ആഘോഷിച്ച്‌ തിമര്‍ക്കുമ്പോള്‍ പരലോക ചിന്ത തെല്ലെങ്കിലുമുണ്ടെങ്കില്‍ ആദ്യം ഉത്തരം നല്‍കേണ്ടത്‌ മതപരമായ ഇതിന്റെ സാധുതയെ കുറിച്ച സംശയങ്ങള്‍ക്കല്ലേ.
വാര്‍ധക്യത്തിന്റെ അവശത കാരണം പരസഹായത്തോടെയല്ലാതെ ഒന്ന്‌ നില്‍ക്കാന്‍ പോലുമാവാതിരുന്ന എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി അക്കാലത്ത്‌ അത്തരമൊരു ഗുണ്ടാ അക്രമണം നടത്തി എന്ന്‌ അപ്പുറത്ത്‌ തന്നെ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടോ? ഏകദേശം അതേ വയസ്സും അതേ ആരോഗ്യാവസ്ഥയിലുമായിരുന്ന പി സി അഹ്‌മദ്‌ സാഹിബോ ഇവരുടെ കണ്ണിലെ കരടായിരുന്ന ഹുസൈന്‍ മടവൂരോ അത്തരമൊരു അക്രമണം നടത്തിയിരുന്നോ. ഇല്ല എന്ന്‌ തന്നെയാണ്‌ സത്യം. അത്‌ എല്ലാവര്‍ക്കും അറിയുകയും ചെയ്യും.
അന്യായത്തില്‍, സമ്പന്നനും രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവില്‍ എന്തും ചെയ്യാന്‍ മടി കാണിക്കാത്തവനുമായി എ പി അബ്‌ദുല്‍ഖാദര്‍ മൗലവി പരിചയപ്പെടുത്തിയ എ വിയും മുജാഹിദ്‌ പ്രസ്ഥാനവും തമ്മിലുളള ബന്ധം മറക്കാനാവുമോ നമുക്ക്‌? മുജാഹിദ്‌ സെന്റര്‍ ഉഗ്രവാദി സുന്നികള്‍ ബോംബിട്ട്‌ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, രാഷ്‌ട്രീയ മേലാളന്മാരുടെ തണലില്‍ പ്രതികള്‍ സംരക്ഷിക്കപ്പെട്ടപ്പോള്‍ നീതിക്ക്‌ വേണ്ടി നിയമസഭയില്‍ ഒറ്റയ്‌ക്ക്‌ നിന്ന്‌ പോരാടിയ എ വി, അതേ മുജാഹിദ്‌ സെന്റര്‍ അക്രമിച്ചെന്ന ഒരു കള്ളക്കേസിലെ ഒന്നാം പ്രതിയായ വേദനയോടെ മരിച്ച്‌ പോവേണ്ടി വന്നതിന്‌ ഉത്തരവാദി ആരാണ്‌? വാരികയിലെ ഹദീസ്‌പാഠത്തില്‍ പറഞ്ഞ പോലെ ശത്രുവിനെ പരാജയപ്പെടുത്താന്‍ ഇത്തരമൊരു കള്ളസത്യം ചെയ്യുന്നത്‌ മുസ്‌ലിംകള്‍ക്ക്‌ ഒരിക്കലും പാടില്ലാത്തതാണെങ്കില്‍ മൗലവിമാര്‍ക്ക്‌ എങ്ങനെ അത്‌ അനുവദനീയമാകും.
ഇയ്യിടെ മരണപ്പെട്ട സുകുമാര്‍ അഴീക്കോടും സിനിമാ പ്രവര്‍ത്തകരുമായുണ്ടായിരുന്ന കോടതി കേസുകള്‍ അദ്ദേഹം രോഗബാധിതനാണെന്നറിഞ്ഞ്‌ പിന്‍വലിക്കുകയും മരിക്കുന്നതിന്‌ മുന്‍പ്‌ സിനിമാ സംഘടന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച്‌ സൗഹൃദം പങ്കിടുകയും ചെയ്‌ത വാര്‍ത്ത വായിച്ചപ്പോള്‍ സത്യത്തില്‍ സങ്കടമാണ്‌ തോന്നിയത്‌. സിനിമാ പ്രവര്‍ത്തകരുടെ ആ വിവേകം പോലും, ഖുര്‍ആനില്‍ നിന്നും തിരുചര്യയില്‍ നിന്നും മതം പഠിക്കുകയും പഠിപ്പിക്കുകയും അതിന്റെ പ്രയോക്താക്കളായി ഗണിക്കപ്പെടുകയും ചെയ്യുന്ന മതപണ്ഡിതന്മാര്‍ക്ക്‌ നഷ്‌ടപ്പെടുന്നുവോ എന്ന വേദനയാണ്‌ അത്‌ വായിച്ച മുജാഹിദുകളെ അലട്ടിയത്‌.
നേരില്‍ ചെന്ന്‌ തിരുത്താന്‍ കഴിയാത്ത ഒരു പാതകം എ വി നമ്മോട്‌ യാത്ര പറഞ്ഞപ്പോഴെങ്കിലും തിരുത്തപ്പെടും എന്ന്‌ നാമാഗ്രഹിച്ചു. മുജാഹിദുകള്‍ക്ക്‌ പരിചയമുള്ള എ പിക്ക്‌ അപ്രകാരം ചെയ്യാതിരിക്കാനാവുമായിരുന്നില്ല. പക്ഷെ, എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള നടപടികള്‍. തന്റെ അടുത്ത സുഹൃത്തും ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച സാത്വികനും പൊതുരംഗത്തും രാഷ്‌ട്രീയ മേഖലയിലുമൊക്കെ കറപുരളാത്ത നിറസാന്നിധ്യവുമായിരുന്ന എ വി ഇല്ലാത്ത ഈ ലോകത്ത്‌ അദ്ദേഹം അക്രമിയാണെന്ന പച്ചക്കള്ളം ആവര്‍ത്തിക്കപ്പെട്ടു. സ്വന്തം നാവ്‌ കൊണ്ട്‌ അത്‌ കോടതിക്ക്‌ മുന്‍പാകെ വിളിച്ച്‌ പറയാനും സത്യം ചെയ്യാനും എ പി അബ്ദുല്‍ ഖാദര്‍ മൗലവി തയ്യാറായി. മറ്റുള്ളവരുടെ പേരില്‍ കളവാരോപിച്ച്‌ തുറന്നകത്തെഴുതാന്‍ ആവേശം കാണിക്കുന്നവരുടെയൊക്കെ പിന്തുണയോടെയായിരുന്നല്ലോ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ഈ നടപടി.
പത്ത്‌ മുപ്പത്‌ കൊല്ലമായി തനിക്ക്‌ പരിചയമുണ്ടെന്ന്‌ സമ്മതിച്ച്‌ കൊണ്ട്‌ എ പി, എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജിയെ കുറിച്ച്‌ കോടതിക്ക്‌ മുന്‍പാകെ നല്‍കിയ മൊഴി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്‌. സ്വന്തം രാഷ്‌ട്രീയ പാര്‍ട്ടി പിളര്‍ത്തി അതിനെതിരില്‍ മത്സരിച്ച്‌ ജയിച്ചയാളെന്നും കെ എന്‍ എമ്മിന്റെ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും ഉത്സുകനല്ലാത്തതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടയാളെന്നുമൊക്കെയാണ്‌ എ പി അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്‌. സംഘടനാപരമായി ചില സ്വാര്‍ഥ താല്‍പര്യങ്ങളും ചില ഉപജാപസംഘങ്ങളും എ പിയുടെ മേല്‍ പിടിമുറുക്കിയതിന്റെ ദുരന്തഫലമായിരുന്നു ഇത്‌. എ വി മരിക്കുന്നതിന്റെ മുന്‍പ്‌ അദ്ദേഹത്തിനെതിരില്‍ ഒരു കേസും നിലവിലില്ലാതിരുന്നത്‌ ഏവര്‍ക്കും അറിയാവുന്നതാണെങ്കിലും കോടതിയുടെ അത്തരമൊരു ചോദ്യത്തിന്‌ അറിയില്ല എന്ന എ പിയുടെ മറുപടിക്ക്‌ പിന്നില്‍ തന്റെ അന്യായം പരാജയപ്പെടുമോ എന്ന ഭീതി മാത്രമായിരുന്നു.
ആനിഹാള്‍ റോഡിലെ മുജാഹിദ്‌ സെന്ററിനു മുന്നിലൂടെ മര്‍ക്കസുദ്ദഅവയില്‍ നിന്നുള്ള ചിലര്‍ മസില്‍ കാണിച്ച്‌ നടന്ന്‌ പോയപ്പോള്‍, അവര്‍ക്കെതിരെ നല്‍കിയ അന്യായം സ്വാഭാവികമായും അവരുടെ സംഘടനാ ഭാരവാഹികളുടെ പേരിലാക്കിയതാണ്‌ കെ എന്‍ എം കേസെന്ന്‌ പല കാലത്തായി വ്യാഖ്യാനിച്ച്‌ ന്യായീകരിച്ചവര്‍ക്ക്‌ നല്ലൊരു പ്രഹരമായി ഈ സാക്ഷിമൊഴി. എ വിയും മടവൂരും പി സിയും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞത്‌ കൊണ്ടാണോ അവര്‍ക്കെതിരെ കേസ്‌ കൊടുത്തതെന്ന ചോദ്യത്തിന്‌ എ പി നല്‍കിയ മറുപടി ഇപ്രകാരം: ``അല്ല, ഭാരവാഹികളായി വേറേ പലരെയും തെരഞ്ഞെടുത്തുവെങ്കിലും അവരെ പ്രതി ചേര്‍ത്തിട്ടില്ല. അവര്‍ അക്രമത്തിന്‌ വരാത്തത്‌ കൊണ്ടാണ്‌ അവരെ പ്രതി ചേര്‍ക്കാത്തത്‌. മുജാഹിദ്‌ സെന്റര്‍ ആനീ ഹാള്‍ റോഡില്‍ 9 ജോലിക്കാരുണ്ട്‌. അടുത്ത്‌ കുറെ സ്ഥാപനങ്ങളുണ്ട്‌. മുജാഹിദ്‌ സെന്റര്‍ കയ്യേറാന്‍ പ്രതികള്‍ വന്നിട്ടില്ലെന്ന്‌ പറഞ്ഞാല്‍ ശരിയല്ല.'' (സാക്ഷി മൊഴി, പേജ്‌ 21) മുജാഹിദ്‌ സെന്ററിലെ ജീവനക്കാരെ കൊണ്ടും തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാവകുപ്പ്‌ സെക്രട്ടറിയെ കൊണ്ടുമൊക്കെ ഇതേ കളവ്‌ ആവര്‍ത്തിക്കപ്പെട്ടു.
ആര്‍പ്പുവിളിയും ആഘോഷവുമായി കൊണ്ടുനടക്കുന്ന വിധി വ്യാഖ്യാനങ്ങള്‍ ഈ കള്ളക്കേസിന്റെ അനുബന്ധമാണ്‌. തുറന്നകത്തിനു പിന്നിലെ അടച്ചുവെച്ച സത്യമാണിത്‌. എ വിയും പി സിയും ഇല്ലാത്ത ലോകത്ത്‌ ഇപ്പോഴും ഈ കേസ്‌ ജീവനോടെ നില്‍ക്കുന്നു. ഇനി നാമൊക്കെ മരിച്ചാലും ഇതിവിടെ നിലനില്‍ക്കും. ആ കള്ളസാക്ഷ്യത്തിന്റെ ബലത്തില്‍ നേടിയെടുത്ത ആനുകൂല്യങ്ങളും ഇവിടെ നിലനില്‍ക്കും. ചരിത്രവിജയമെന്ന്‌ ഘോഷിച്ച്‌ അണികളെ ആവേശംകൊള്ളിച്ച ആ ആനുകൂല്യങ്ങള്‍ പരലോകത്ത്‌ തങ്ങള്‍ക്ക്‌ അനുകൂലമായി സാക്ഷിനില്‍ക്കുമെന്ന്‌ ഈ അന്യായക്കാര്‍ വിശ്വസിക്കുന്നുണ്ടോ? തിരുത്താന്‍ ലഭിച്ച അവസരങ്ങളെല്ലാം ദുരഭിമാനം കവര്‍ന്നതിന്റെ കൊടും നഷ്‌ടത്തിന്റെ ഭീകരഫലങ്ങളെ കുറിച്ച്‌ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും അറിവുണ്ടാകണം. പക്ഷെ, ഒരു കാലത്ത്‌ ആദര്‍ശ പ്രബോധനത്തിന്‌ ജീവിതം നീക്കിവെക്കുകയും ആര്‍ജവത്തോടെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌ത മഹാപണ്ഡിതന്മാര്‍ ഇത്‌ അറിയാത്ത ഭാവം നടിക്കുകയാണിപ്പോള്‍.
ആള്‍ക്കൂട്ടവും അധികാരവും ആസ്‌തിയും ആദര്‍ശത്തേക്കാള്‍ വലുതായി കണ്ടതിന്റെ ദുരന്ത പര്യവസാനമാണിത്‌. എത്ര പിളര്‍പ്പുകള്‍ക്കാണ്‌ ഈ അന്യായക്കാരുടെ നേതൃത്വം വഴിയൊരുക്കിയത്‌. അന്ധവിശ്വാസ കൃഷിക്ക്‌ മുന്നോടിയായി അതിന്‌ വിലങ്ങാവാനിടയുള്ള ആദര്‍ശശാലികളെ പുറംതള്ളി ഒരു പതിറ്റാണ്ട്‌ മുന്‍പ്‌ പിളര്‍പ്പിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. അധികം വൈകാതെ ആ പിളര്‍പ്പിന്റെ ബുദ്ധികേന്ദ്രമായി ഉപയോഗപ്പെടുത്തപ്പെട്ട വ്യക്തി ആ കേന്ദ്രത്തിലെ നെറികേടുകള്‍ കണ്ട്‌ സംഘടന തന്നെ വേണ്ടെന്ന ആശയം പ്രചരിപ്പിച്ച്‌ അടുത്ത പിളര്‍പ്പുണ്ടാക്കി. ആദര്‍ശം നെഞ്ചേറ്റിയ മുവഹ്‌ഹിദുകളെ ആദര്‍ശവ്യതിയാനത്തിന്റെ പുകമറ സൃഷ്‌ടിച്ച്‌ പുറത്താക്കിയപ്പോള്‍ സംജാതമായ അനുകൂലാവസ്ഥ മുതലെടുത്ത്‌, മുജാഹിദുകള്‍ പണ്ട്‌ വിസര്‍ജിച്ചതൊക്കെ മാന്തിയെടുത്ത്‌ തിരികെ കൊണ്ടുവരാനുളള (പ്രയോഗം നിഅ്‌മത്തുല്ല ഫാറൂഖിയുടേത്‌) തീവ്ര ശ്രമവുമായി ജിന്ന്‌ ഗ്രൂപ്പ്‌ അടുത്ത ചേരിതിരിവുണ്ടാക്കിക്കൊണ്ട്‌ രംഗത്ത്‌ വന്നു. നേതൃത്വത്തിന്റെ തണലില്‍ ഇവര്‍ അന്ധവിശ്വാസങ്ങള്‍ ഓരോന്നായി പുറത്തെടുത്തപ്പോള്‍, ആദര്‍ശം കൈവിടാന്‍ മനസ്സ്‌ സമ്മതിക്കാത്ത ഒരുപറ്റമാളുകള്‍ അടുത്ത ഗ്രൂപ്പായി സംഘടിച്ചു. പുസ്‌തകങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ഇവര്‍ സ്വന്തം പാളയത്തിലെ ആദര്‍ശ വ്യതിയാനം തുറന്ന്‌ കാണിക്കുകയും യഥാര്‍ത്ഥ തൗഹീദിന്റെ ആദര്‍ശം പഠിപ്പിക്കാനിറങ്ങിത്തിരിക്കുകയും ചെയ്‌തു. അപ്പോഴേക്കും ഈ ഇരുവിഭാഗത്തിനുമെതിരെ വാളോങ്ങി പുതിയൊരു ഗ്രൂപ്പായി നേതൃത്വം തന്നെ രംഗത്ത്‌ വന്നു. നടപടികളും കാരണംകാണിക്കലുകളും വിശദീകരണങ്ങളും ഒക്കെയായി പിളര്‍പ്പ്‌ രക്തത്തില്‍ അലിഞ്ഞ്‌ ചേര്‍ന്ന ഒരു വലിയ പണ്ഡിതന്റെ നേതൃത്വത്തിലുളള ഈ ഗ്രൂപ്പ്‌ സ്ഥാനമുറപ്പിക്കാന്‍ സാഹസപ്പെട്ടു കൊണ്ടിരുന്നു. ഇതില്‍ പിടിച്ച്‌ നില്‍ക്കാനാവാതെ ജിന്ന്‌ ഗ്രൂപ്പ്‌ ചില നീക്കുപോക്കുകള്‍ക്കൊക്കെ തയ്യാറായി. അപ്പോഴേക്കും അതില്‍ പ്രതിഷേധിച്ച്‌ കൊണ്ടതാ പുതിയൊരു ഉഗ്രവാദി ഗ്രൂപ്പ്‌. ജിന്നിറക്കല്‍ വിദഗ്‌ദരായ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റും അലോപ്പതി ഡോക്‌ടറും നേതൃത്വം നല്‍കുന്ന ഉഗ്രവാദി ജിന്ന്‌ ഗ്രൂപ്പ്‌. എല്ലാവരുടെയും ആസ്ഥാനം സി ഡി ടവര്‍, എല്ലാവരുടെയും ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഖാദര്‍ മൗലവി!!! അര ഡസന്‍ പിളര്‍പ്പിന്റെ അമരക്കാരനെന്ന ഖ്യാതിയുമായാണ്‌ അന്യായക്കാരന്‍ തന്റെ സിംഹാസനം അലങ്കരിക്കുന്നത്‌ എന്നത്‌ അനിവാര്യമായ പതനം മാത്രം. വല്ലാത്തൊരു ഗതികേട്‌ തന്നെ. ഈ ഗതികേടിനിടക്ക്‌ കൈയില്‍ കിട്ടിയ ഒരു പുല്‍ക്കൊടിയുമായി വിജയാരവം മുഴക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ഒരേയൊരു ഹദീസിന്റെ ബലത്തില്‍ ആവേശത്തോടെ നെഞ്ചത്ത്‌ കൈകെട്ടി നമസ്‌കരിക്കുന്ന മുജാഹിദുകള്‍ ഖുര്‍ആനും ഹദീസും നിരവധി പ്രാവശ്യം ശക്തമായി താക്കീത്‌ ചെയ്‌ത കള്ളസത്യവും കള്ളസാക്ഷ്യവും ആദര്‍ശമായി സ്വീകരിക്കുന്നതെങ്ങനെ? അവര്‍ക്കതില്‍ മനപ്രയാസമുണ്ടാകാത്തതെന്തേ? നെഞ്ചത്ത്‌ കൈകെട്ടല്‍, തറാവീഹ്‌ 11 റക്‌അത്ത്‌ നമസ്‌കരിക്കല്‍, ഖുനൂത്ത്‌ ഒഴിവാക്കല്‍ തുടങ്ങിയവയൊക്കെ ലംഘിക്കപ്പെട്ടാല്‍ ആദര്‍ശവ്യതിയാനമാവുന്നത്‌ പോലെ, നമ്മുടെ ഏറ്റവും ശക്തമായ ആദര്‍ശങ്ങളിലൊന്നായ സത്യംപറയല്‍ ലംഘിച്ചാല്‍ ആദര്‍ശവ്യതിയാനമായി മാറാത്തതിന്റെയും പിന്നിലെ സൂത്രവാക്യമാണ്‌ ഇന്ന്‌ മുജാഹിദുകളറിയേണ്ടത്‌. ഇല്ലാത്ത നുണപറയല്‍ മത്സരത്തെ കുറിച്ച്‌ വ്യാജം പ്രചരിപ്പിക്കുകയും അതിന്റെ ഒന്നാംസ്ഥാനത്തിനര്‍ഹന്‍ തങ്ങളുടെ ഒരു മൗലവി തന്നെയാണെന്ന്‌ ഉളുപ്പില്ലാതെ പ്രചരിപ്പിക്കുന്നത്‌ ഗതികേടല്ലാതെ മറ്റെന്താണ്‌. കളവുകളില്‍ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തില്‍ നിന്ന്‌ ഇനി ഇതില്‍ കൂടുതലും നാം പ്രതീക്ഷിക്കേണ്ടതുണ്ട്‌.
സംഘടനാ പിളര്‍പ്പിനോടനുബന്ധിച്ച്‌ 2002 ആഗസ്റ്റ്‌ 28ന്‌ എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടേതായി ഒരു ദയനീയ പ്രസ്‌താവന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അതിപ്രകാരം: ``കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിച്ചതിലൂടെ നിരാലംബരായ പരശതം യതീംഖാന കുട്ടികളുടെയും തൗഹീദിന്റെ പ്രചരണത്തിനായി സ്വന്തം മഹല്ലില്‍ ഒരു പള്ളിക്കായി കാത്തിരിക്കുന്ന യഥാര്‍ത്ഥ മുജാഹിദുകളുടെയും നെഞ്ചത്ത്‌ പ്രഹരിക്കുകയാണ്‌ വിഘടിത വിഭാഗം ചെയ്‌തിട്ടുള്ളതെന്ന്‌ എ പി അബ്ദുല്‍ ഖാദര്‍ മൗലവി പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി. മരവിപ്പിച്ച അക്കൗണ്ടില്‍ ഏറിയ പങ്കും യതീമുകളുടേതാണ്‌. അതുകഴിഞ്ഞാല്‍ വിവിധ സ്ഥലങ്ങളില്‍ പള്ളിനിര്‍മ്മാണത്തിനുളളതാണ്‌.... 20 ലക്ഷത്തില്‍ പരം രൂപയുടെ ഇടപാടുകളാണ്‌ ബാങ്ക്‌ നിര്‍ത്തി വെച്ചിരിക്കുന്നത്‌.... ഹുസൈന്‍ മടവൂരും കൂട്ടരും മുടക്കിയിരിക്കുന്നത്‌ കെ എന്‍ എം നേതൃത്വത്തിലെ വ്യക്തികളുടെ അക്കൗണ്ടല്ല.'' (മംഗളം ദിനപത്രം -28.08.2002)
ഹുസൈന്‍ മടവൂരും കൂട്ടരും മുടക്കി എന്ന്‌ പറഞ്ഞ്‌ അക്കാലത്ത്‌ പല പ്രൊജക്‌റ്റുകള്‍ക്കും പണം നല്‍കാതിരുന്ന സംഭവങ്ങളുമുണ്ടായി. ഈ പ്രസ്‌താവനകള്‍ കേട്ട ചിലരെങ്കിലും തെറ്റിധാരണയിലകപ്പെട്ടു. തൗഹീദി പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന്‌ പ്രബോധനരംഗത്ത്‌ നിറഞ്ഞിരുന്ന ഒരു വ്യക്തിയുടെ പ്രസ്‌താവന എന്ന നിലക്ക്‌ ചിലര്‍ക്കെങ്കിലും ഇത്‌ അവിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ, എന്താണ്‌ സത്യാവസ്ഥ. അത്‌ എ പി അബ്ദുല്‍ ഖാദര്‍ മൗലവിക്ക്‌ കോടതിക്ക്‌ മുന്നില്‍ വെളിപ്പെടുത്തേണ്ടി വന്നു.
ഖബറില്‍ കിടക്കുന്ന എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജിയെ കുറിച്ച്‌ പച്ചക്കളവ്‌ നാവു കൊണ്ട്‌ ആവര്‍ത്തിച്ച അതേ സാക്ഷിമൊഴിയില്‍ ഇത്‌ സംബന്ധമായ വെളിപ്പെടുത്തലുമുണ്ടായി. അതിലെ വരികള്‍ മേല്‍ പത്രവാര്‍ത്തകളോട്‌ ചേര്‍ത്ത്‌ വായിക്കുമ്പോള്‍ ആദര്‍ശ ശാലികളായ മുജാഹിദുകള്‍ക്ക്‌ ഞെട്ടലുണ്ടായേക്കാം. എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ഇത്‌ സംബന്ധമായ സാക്ഷിമൊഴി ഇപ്രകാരം: ``അന്യായം കൊടുക്കുന്നതിന്‌ തൊട്ടു മുന്‍പ്‌ കെ എന്‍ എമ്മിന്റെ ഫണ്ടില്‍ നിന്ന്‌ 21 ലക്ഷം രൂപയിലധികം ഞാന്‍ പിന്‍വലിച്ചു. കാരണം പുതുതായി രൂപംകൊണ്ട വ്യാജസംഘടന കെ എന്‍ എമ്മിന്റെ ഫണ്ട്‌ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന്‌ മനസ്സിലാക്കിയാണ്‌ ഞാന്‍ അത്‌ ചെയ്‌തത്‌..... ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന്‌ തോന്നിയിട്ടുണ്ട്‌. അങ്ങനെ തോന്നിയത്‌ കൊണ്ട്‌ കൂടിയാണ്‌ പണം പിന്‍വലിച്ചത്‌.... പിന്‍വലിക്കാന്‍ ഭരണ സമിതിയുടെ അംഗീകാരം പ്രതീക്ഷിച്ച്‌ കൊണ്ടാണ്‌ ചെയ്‌തത്‌. ജനറല്‍ സെക്രട്ടറിക്ക്‌ അതിന്‌ അധികാരമുണ്ട്‌. 19ന്‌ തന്നെയാണ്‌ പണം പിന്‍വലിച്ചതെന്നാണോര്‍മ്മ. 18.8.02 ഞായറാഴ്‌ചയായിരുന്നു. 17.8.02ന്‌ എന്നെ പുറത്താക്കി എന്ന്‌ മനസ്സിലാക്കിയാണ്‌ പണം പിന്‍വലിച്ചത്‌.... വിവിധ ബാങ്കുകളിലായാണ്‌ 21 ലക്ഷം രൂപ പിന്‍വലിച്ചത്‌. ബാക്കി ബാലന്‍സ്‌ ചെറിയ സംഖ്യയുണ്ടാകും. എത്രയെന്ന്‌ കൃത്യമായി അറിയില്ല.... പണം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അന്യായത്തില്‍ നിവൃത്തി ചോദിക്കാതിരുന്നത്‌ പണം പിന്‍വലിച്ചത്‌ കൊണ്ടാണ്‌.'' (പേജ്‌ 12,13,14)
ആഗസ്‌ത്‌ 19ന്‌ ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ച തുകയാണ്‌ ഹുസൈന്‍ മടവൂര്‍ മരവിപ്പിച്ചെന്ന്‌ പത്ത്‌ ദിവസം കഴിഞ്ഞ്‌ പത്രങ്ങള്‍ വഴി പ്രസ്‌താവനയിറക്കിയത്‌. സംഘടന സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വെട്ടിമുറിച്ചതിനു ശേഷം സമൂഹത്തില്‍ സഹതാപ തരംഗമുണ്ടാക്കാനുള്ള ഒരു പാഴ്‌വേല മാത്രമായിരുന്നു ആ പ്രസ്‌താവന. ആ വ്യാജവാര്‍ത്ത സത്യമാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ യതീംകുട്ടികള്‍ക്കും പള്ളികള്‍ക്കും ഫണ്ടുകള്‍ നല്‍കാതെ മാറ്റിവെക്കുക പോലുമുണ്ടായി. (ബാങ്കില്‍ നിന്നുമെടുത്ത പണം പിന്നീടെങ്ങോട്ട്‌ പോയെന്ന്‌ ഇന്ന്‌ പലര്‍ക്കുമറിയാവുന്നതാണല്ലോ). കളവിന്റെ ഗൗരവവും പരലോകത്തിന്റെ ഭീകരതയും കള്ളസാക്ഷ്യത്തിനും വ്യാജപ്രസ്‌താവനകള്‍ക്കും മുന്നറിയിപ്പ്‌ നല്‍കപ്പെട്ട കഠിനശിക്ഷയുമൊക്കെ മറ്റുള്ളവരെ പഠിപ്പിക്കാന്‍ മാത്രമുളളതല്ലെന്ന്‌ നേതാക്കള്‍ മനസ്സിലാക്കുന്നത്‌ നന്ന്‌. നിരവധി പച്ചക്കള്ളങ്ങളാണ്‌ ഈ സാക്ഷിമൊഴിയുടെ ഉള്ളടക്കം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വല്ല വിജയവും ഇവിടുത്തെ കോടതിയില്‍ നിന്ന്‌ ലഭ്യമായാല്‍ തന്നെ അല്ലാഹുവിന്റെ കോടതിയില്‍ അത്‌ വിജയമോ പരാജയമോ എന്ന്‌ എന്തേ ഈ പണ്ഡിതര്‍ ചിന്തിക്കുന്നില്ല.
ഹൈക്കോടതി വിധിയെ സംബന്ധിച്ച്‌ മര്‍ക്കസുദ്ദഅവയില്‍ ചേര്‍ന്ന യോഗത്തിന്റെ പ്രസ്‌താവനയില്‍ എ വിക്കും പി സിക്കുമെതിരില്‍ കൊടുത്ത കളളക്കേസ്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. അതിനു താഴെ വന്ന ഒരു വരി കീറിമുറിക്കും മുന്‍പ്‌ അതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. തുറന്നകത്തില്‍ അത്‌ അടഞ്ഞ വിഷയമാകരുത്‌. ഇവിടെ പ്രസ്‌താവിക്കപ്പെട്ട കള്ളക്കേസും കള്ളസാക്ഷ്യവും കള്ളപ്രസ്‌താവനയും പരലോകത്ത്‌ രക്ഷപ്പെടുന്നതാണെങ്കില്‍ അത്‌ എല്ലാവരും അറിയേണ്ടതാണ്‌. 
(ശബാബ് 2012 മെയ് 18) 


                                ഈ നെറികേടുകളത്രയും

                          ബ്രാക്കറ്റില്ലാത്ത പേരിനു വേണ്ടിയോ?

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പിളര്‍പ്പിനോടനുബന്ധിച്ച് എ പി അബ്ദുല്‍ഖാദര്‍ മൗലവി കോടതിയില്‍ നല്‍കിയ അന്യായം സംബന്ധിച്ച് ശബാബ് പ്രസിദ്ധീകരിച്ച ലേഖനത്തിനു മറുപടിയെന്നോണം ഭിന്നിപ്പ് വാരികയില്‍ (2012 മെയ് 25) വന്ന ലേഖനം മുജാഹിദുകളുടെ ആശങ്കകള്‍ ശരിവെക്കുന്നതായി. എ പി നല്‍കിയ അന്യായത്തിലെ പരാമര്‍ശങ്ങള്‍ പച്ചകള്ളമാണെന്ന വസ്തുത ഒടുവില്‍ ഭിന്നിപ്പ് കേന്ദ്രം അംഗീകരിച്ചിരിക്കുന്നു. അതിനവര്‍ക്ക് പറയാനുളള വിശദീകരണം മറുപക്ഷവും കളവ് പറഞ്ഞിട്ടുണ്ടെന്നാണത്രെ!!
 ''രണ്ട് വോട്ടിന്ന് പരാജയപ്പെട്ട മടവൂര്‍ വിഭാഗത്തിന് കുറഞ്ഞ കാലം കൊണ്ട് 60 ശതമാനം കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ എ പി, ടി പി എന്നിവരടങ്ങുന്ന ഭരണസമിതിയെ അവിശ്വാസ പ്രമേയം പാസ്സാക്കി പുറത്താക്കാന്‍ കഴിഞ്ഞു എന്നത് അത്ഭുതകരമല്ലേ? ആ മഹാ കളവിന്റെ അടിസ്ഥാനത്തില്‍ കെ എന്‍ എമ്മിന്റെ ബാങ്ക് അക്കൗണ്ടിന്മേല്‍ ഹുസൈന്‍ മടവൂര്‍ കൈവെക്കുകയും മുജാഹിദ് സെന്റര്‍ കയ്യടക്കുമെന്ന് രേഖാമൂലം സൂചിപ്പിച്ചതുമല്ലേ എ പിക്ക് കേസ് ഫയല്‍ ചെയ്യാന്‍ നിമിത്തമായത്.'' (ഭിന്നിപ്പ് വാരിക -2012 മെയ് 25)
തുല്യതയില്ലാത്ത ഒരു നെറികേടിനെ വെള്ളപൂശാനുള്ള ഭിന്നിപ്പുകാരുടെ ഓരോ ശ്രമങ്ങളും ദയനീയമായ പതനത്തിലാണെത്തിച്ചേരുന്നത്. ഈ ഒരു കൊച്ചു ഖണ്ഡിക പോലും
ഇവരുടെ പല വിതണ്ഡവാദങ്ങളുടെ നേര്‍ക്കാഴ്ചകളാവുന്നത് അതിനാലാണ്. രണ്ട് വോട്ടിന്റെ വ്യത്യാസത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്ന ആ തെരഞ്ഞെടുപ്പ് മടവൂര്‍ പക്ഷവും എ പി പക്ഷവും തമ്മില്‍ നടന്ന മത്സരമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് പിടിച്ചുനില്‍ക്കാനാണ്. ലേഖകന്‍ പറയുന്ന പോലെ മടവൂര്‍ പക്ഷം രണ്ട് വോട്ടിന് പരാജയപ്പെട്ടതാണെങ്കില്‍ അന്ന് വിജയിച്ച ഭരണസമിതിയില്‍ ഹുസൈന്‍ മടവൂര്‍, സി പി ഉമര്‍ സുല്ലമി തുടങ്ങി ഒന്‍പത് പേര്‍ എങ്ങനെ വന്നു. തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ് തോറ്റ് നിരാശരായി മടങ്ങുന്ന അവരെ കണ്ട് ദയതോന്നി എ പി കൊടുത്തതാണോ ആ സ്ഥാനങ്ങള്‍? സത്യത്തില്‍, ആദര്‍ശവ്യതിയാനം വന്നുവെന്ന് നിങ്ങള്‍ മുദ്രകുത്തിയ മുജാഹിദുകള്‍ ഉള്‍പ്പെട്ട കമ്മിറ്റി വരരുതെന്ന് പ്രചരിപ്പിക്കുകയും അതിനായി പണിയെടുക്കുകയും ചെയ്ത എ പി വിഭാഗമല്ലേ അവിടെ പരാജയപ്പെട്ടത്. രണ്ട് വോട്ടിന് പരാജയപ്പെട്ട ആ മത്സരത്തിലെ പാനല്‍ കൂടി ഒന്ന് എഴുതാന്‍ കഴിയുമോ ലേഖകന്?
ഇനി ലേഖകനെ അസ്വസ്ഥമാക്കുന്നത് അവിശ്വാസപ്രമേയത്തെ പിന്തുണച്ച 60 ശതമാനം കൗണ്‍സിലര്‍മാരുടെ കാര്യമാണ്. അന്നത്തെ വോട്ടിങ്ങ് നില 105 -107 ആയിരുന്നല്ലോ. അതായത് പാനലിനെ അനുകൂലിച്ചവരും എതിര്‍ത്തവരും അന്‍പത് ശതമാനത്തോളം തന്നെ വരും. ഇതിലെ 107 മുഴുവന്‍ എ പി പക്ഷമായിരുന്നെന്ന് ലേഖകന്‍ എങ്ങനെയാണ് വാദിക്കുക. സി പി ഉമര്‍ സുല്ലമിയും ഹുസൈന്‍ മടവൂരും കെ കെ മുഹമ്മദ് സുല്ലമിയുമൊക്കെ ആദര്‍ശധാരയില്‍ നിന്നും പുറത്തുപോയെന്ന് കൊട്ടിഘോഷിച്ചിരുന്ന എ പി വിഭാഗം ഇവരൊക്കെ ഉള്‍പ്പെട്ട ഒരു പാനലിന്റെ പക്ഷക്കാരാവില്ലെന്നുറപ്പല്ലേ. അതെ, അന്ന് തന്നെ അറുപത് ശതമാനത്തിലേറെ കൗണ്‍സിലര്‍മാര്‍ എ പി പക്ഷത്തിനെതിരായി മുജാഹിദ് പക്ഷത്തുണ്ടായിരുന്നെന്ന് വ്യക്തമാണ്. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞാണ് അവിശ്വാസ പ്രമേയം പാസ്സാവുന്നത്. ഈ കാലയളവിനെയാണ് ലേഖകന്‍ കുറഞ്ഞകാലം എന്ന് പറഞ്ഞ് അത്ഭുതം രേഖപ്പെടുത്തുന്നത്. സ്വന്തം വായനക്കാരുടെ നിലവാരത്തെ കുറിച്ച് ബോധ്യമുള്ളത് കൊണ്ടാവും പത്രാധിപര്‍ ഇത്തരം ഒരു പരിഹാസ്യ ലേഖനത്തിന് ഇടം നല്‍കിയത്.
മുജാഹിദ് പക്ഷത്തിന് അറുപത് ശതമാനം കൗണ്‍സിലര്‍മാരുടെ പിന്തുണയുണ്ടെന്ന സത്യം എ പി പക്ഷം നേതൃത്വത്തിന് വളരെ ബോധ്യമുള്ള കാര്യമാണ്. പിളര്‍പ്പിന്റെ കാലത്തെ അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടപ്പോള്‍ അതിന് മുജാഹിദ് പക്ഷം തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ട് പോലും ആ ഉത്തരവൊന്ന് റദ്ദ് ചെയ്ത് കിട്ടാന്‍ നെറികേടുകളും കള്ളസാക്ഷ്യങ്ങളുമായി നേതാക്കള്‍ നെട്ടോട്ടമോടിയത് അതിനാലാണല്ലോ.
മുഖ്യവിഷയം വോട്ടെടുപ്പോ ആള്‍ബലമോ അവിശ്വാസ പ്രമേയമോ ഒന്നുമല്ല. അവയെല്ലാം ഇന്ന് അപ്രസക്ത വിഷയങ്ങളാണ്. ആ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഇന്നില്ല. അവിശ്വാസ പ്രമേയത്തിലൂടെ നേതൃത്വത്തില്‍ വന്ന കമ്മിറ്റിയുടെ കാലാവധിയും ആ വര്‍ഷം തന്നെ അവസാനിച്ചു. എന്നാല്‍, മഹത്തായ ഒരാദര്‍ശ പ്രസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ ഒരു പച്ചക്കള്ളത്തിനു താഴെ ഇതുകള്‍ സത്യമെന്നെഴുതി ഒപ്പിട്ട് ഒരു വലിയ മതപണ്ഡിതന്‍ കോടതിയെ സമീപിച്ചതിന്റെയും ആ പച്ചക്കള്ളം നാവു കൊണ്ട് സത്യം ചെയ്ത് ആവര്‍ത്തിച്ചതിന്റെയും ഗൗരവം ഏത് മറുന്യായം കൊണ്ടാണ് ഭിന്നിപ്പുകാര്‍ക്ക് മറച്ച് വെക്കാനാവുക എന്നതാണ് മുജാഹിദുകള്‍ സഗൗരവം ചിന്തിക്കേണ്ടത്.
മറുപക്ഷത്തിന്റെ നേര്‍ക്ക് സമാനമായ ഒരാരോപണമുന്നയിച്ച് പ്രതിരോധിക്കേണ്ടതാണോ ഇത്? മറുപക്ഷത്തിനെതിരായി ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ സത്യമാണെന്ന് വാദത്തിന് സമ്മതിച്ചാല്‍ പോലും ഭിന്നിപ്പുകാര്‍ക്കത് ന്യായമാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മുജാഹിദുകളില്‍ ആദര്‍ശ വ്യതിയാനവും കുഫ്‌റും കള്ളത്തരവും ആരോപിച്ച്, സ്വയം പത്തരമാറ്റ് ആദര്‍ശവിശുദ്ധിയുടെ അപ്പോസ്തലന്മാരായി രംഗപ്രവേശം ചെയ്തവരാണല്ലോ ഭിന്നിപ്പുകാര്‍. അപ്പോള്‍ പിന്നെ ആരോപകരുടെ നടപടിക്രമങ്ങള്‍ വിശുദ്ധവും പ്രമാണബദ്ധവും ആദര്‍ശാധിഷ്ഠിതവുമായിരിക്കണം. ആരോപിതരില്‍ ഉണ്ടെന്ന് മുദ്രകുത്തപ്പെട്ട ദൂഷ്യങ്ങള്‍ തങ്ങളിലുണ്ടാവാതിരിക്കാനാണല്ലോ ആരോപകര്‍ ശ്രദ്ധിക്കേണ്ടത്. അതിനാണല്ലോ അവര്‍ വേറിട്ടുനിന്നത്. എന്നാല്‍ സ്വയം നെറികേടുകള്‍ കാണിക്കുകയും അവക്ക് ന്യായമായിക്കൊണ്ട് മറുപക്ഷത്തിനും അതേ ന്യൂനതയുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ് സ്വീകാര്യമാവുക?
ഒരു നട്ടുച്ച നേരത്ത് കോഴിക്കോട്ടങ്ങാടിയിലെ മുജാഹിദ് സെന്റര്‍ അക്രമിസംഘത്തെയും കൂട്ടി വന്ന് കയ്യേറാന്‍ എ വി അബ്ദുര്‍റഹ്മാന്‍ ഹാജിയും പി സി അഹ്മദ് സാഹിബും ഹുസൈന്‍ മടവൂരും ശ്രമിച്ചു എന്നാണ് എ പി അബ്ദുല്‍ഖാദര്‍ മൗലവി സത്യം ചെയ്ത് കോടതിയെ ബോധിപ്പിച്ചത്. ഇപ്പോള്‍ ഭിന്നിപ്പ് വാരിക ഇതിനെ കെ എന്‍ എമ്മിന്റെ ബാങ്ക് അക്കൗണ്ടിന്മേല്‍ ഹുസൈന്‍ മടവൂര്‍ കൈവെക്കുകയും മുജാഹിദ് സെന്റര്‍ കയ്യടക്കുമെന്ന് രേഖാമൂലം സൂചിപ്പിച്ചതുമല്ലേ എ പിക്ക് കേസ് ഫയല്‍ ചെയ്യാന്‍ നിമിത്തമായത് എന്ന് ന്യായീകരിക്കുന്നു. ബാങ്ക് അക്കൗണ്ടിന്മേല്‍ കൈവെച്ചാല്‍ ബാങ്ക് അക്കൗണ്ടിന്മേല്‍ കൈ വെച്ചു എന്നും രേഖാമൂലം സൂചിപ്പിച്ച് കത്ത് തന്നാല്‍ അപ്രകാരമൊരു കത്ത് തന്നുവെന്നുമല്ലേ സഹോദരാ ഒരു മുസല്‍മാന്‍ ഇക്കാര്യത്തില്‍ പരാതി നല്‍കേണ്ടത്? ഇവിടെ അതാണോ സംഭവിച്ചത്. ഇതിന്റെ മതപരമായ സാധുതയാണ് മുജാഹിദുകള്‍ക്കറിയേണ്ടത്.
കോടതിയില്‍ നല്‍കിയ അന്യായത്തെ തുടര്‍ന്ന് 2007 ജൂലൈ 14ന് എ പി അബ്ദുല്‍ഖാദര്‍ മൗലവി കോടതിക്കു മുന്‍പാകെ നല്‍കിയ സാക്ഷിമൊഴി ഒരാവര്‍ത്തി വായിച്ചിട്ടുണ്ടെങ്കില്‍ ലേഖകനും പത്രാധിപരും ഇത്തരമൊരബദ്ധം എഴുന്നള്ളിക്കില്ലായിരുന്നു. മുജാഹിദ് സെന്റര്‍ കയ്യേറാന്‍ പ്രതികള്‍ വന്നിട്ടില്ലെന്ന് പറഞ്ഞാല്‍ ശരിയല്ല എന്നാണ് എ പി അന്ന് പറഞ്ഞത്. (സാക്ഷിമൊഴി, പേജ് 21). എ വിയും പി സിയും മടവൂരും മാത്രമല്ല അവരെ കൂടാതെ അഞ്ച് പത്താളുകളും ഉണ്ടായിരുന്നെന്നും അവരെ തടുക്കാന്‍ താനാണ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതെന്നും വരെ എ പി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട് (സാക്ഷിമൊഴി, പേജ് 19). കയ്യേറാന്‍ വരുമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും ഞങ്ങള്‍ക്ക് തടുക്കാന്‍ കഴിയുമെന്ന് തോന്നിയതിനാലാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും വ്യക്തമാക്കിയതിനു ശേഷം എ പി, എതിര്‍പക്ഷത്തിന്റെ മറ്റു ഭാരവാഹികളെ പ്രതി ചേര്‍ക്കാതിരുന്നത് അവര്‍ അക്രമത്തിനു വരാത്തത് കൊണ്ടാണെന്ന് വരെ വ്യക്തമായി കോടതിയില്‍ സ്വന്തം നാവു കൊണ്ട് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്.(സാക്ഷിമൊഴി, പേജ് 20,21) ഈ പച്ചക്കള്ളം സത്യംചെയ്ത് പറയുമ്പോള്‍ ആരോപിക്കപ്പെട്ട എ വി അബ്ദുര്‍റഹ്മാന്‍ ഹാജി ഈ ലോകത്തില്ലായിരുന്നുവെന്നതിന്റെ ഗൗരവം പോലും മനസ്സിലാക്കാതെയാണ് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി മറുപടിയെന്ന പേരില്‍ അച്ചുനിരത്താന്‍ സാഹസപ്പെടുന്നത്. ഇവിടെ ഒരു പച്ചക്കളവിനെ സംഘടനാപരമായ സംഘട്ടനത്തില്‍ ആയുധമാക്കുന്നു. ഇത് അനുവദനീയമാണോ? എ വി അബ്ദുര്‍റഹ്മാന്‍ ഹാജിയും പി സി അഹ്മദ് സാഹിബും ഹുസൈന്‍ മടവൂരും 2002 ആഗസ്ത് 18ന് ഉച്ചക്ക് സുമാര്‍ 12 മണിക്ക് മുജാഹിദ് സെന്റര്‍ അക്രമിക്കാന്‍ വന്നെന്ന പ്രസ്താവന സത്യമാണോ? അവരോടൊപ്പം അഞ്ച് പത്താളുകളും കൂടിയുണ്ടായിരുന്നോ? അവരെ തടുക്കാന്‍ എ പി പ്രവര്‍ത്തകരോടാവശ്യപ്പെടുകയും എ പിയുടെയും സഹപ്രവര്‍ത്തകരുടെയും അവസരോചിതമായ ഇടപെടല്‍ മൂലം അവര്‍ ഭീഷണി മുഴക്കി മടങ്ങിപ്പോവുകയും ചെയ്തിരുന്നോ? ഇതിനൊക്കെയാണ് ഉത്തരം ലഭിക്കേണ്ടത്. അല്ലാതെ, നിങ്ങളും കളവ് പറഞ്ഞില്ലേ എന്ന് തിരിച്ചാരോപിച്ചാല്‍ അത് ഇതിനു മറുപടിയാവില്ല.
മുജാഹിദ് പ്രസ്ഥാനത്തിനും ഈ ആദര്‍ശത്തിനും വേണ്ടി ജീവിച്ച, തങ്ങളുടെ ജീവിതകാലം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച ബഹുമാന്യരായ എ വിയും പി സിയും ഇന്ന് നമ്മോടൊപ്പമില്ല. അവര്‍ ഈ വ്യാജകേസിലെ മുഖ്യ പ്രതികളായിക്കൊണ്ട് തന്നെയാണ് നമ്മോട് വിടപറഞ്ഞത്. മരണാസന്നരായി കിടക്കുമ്പോള്‍ പോലും അവരോട് ഈ തെറ്റ് തിരുത്താന്‍ കഴിയാത്ത സംഘടനാപക്ഷപാതിത്വം അവര്‍ ഖബറിലായിരിക്കുമ്പോഴെങ്കിലും അന്യായക്കാരന്‍ ഉപേക്ഷിക്കുമെന്ന് കണക്കുകൂട്ടിയവര്‍ക്കു തെറ്റി. ആദര്‍ശ പ്രബോധന വീഥിയില്‍ ഒരു കാലത്ത് മഹത്തായ സംഭാവനകളര്‍പ്പിച്ച സജീവ സാന്നിധ്യമായിരുന്ന അന്യായക്കാരന്‍ ആര്‍ക്കോ വേണ്ടി ആടിത്തീര്‍ക്കുകയാണ്. തങ്ങളില്ലാത്ത ലോകത്തും ഈ കള്ളക്കേസ് ഇവിടെ നിലനില്‍ക്കുമെന്നും മനുഷ്യത്വവും ആദര്‍ശബോധവും മരവിച്ച അനുയായികള്‍ ഇതുമായി മുന്നോട്ട് പോവുമെന്നും അതിന്റെ ആനുകൂല്യത്തില്‍ ലഭിച്ച ഓരോ വിജയങ്ങളും മരണാനന്തര ജീവിതത്തില്‍ തങ്ങള്‍ക്കെതിരായി സാക്ഷി നില്‍ക്കുമെന്നൊന്നും ഈ അന്യായത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കൊന്നും തോന്നാത്തത് അത്ഭുതം തന്നെ!
കളവിനെ ആയുധമാക്കുന്നതില്‍ യാതൊരറപ്പുമില്ലാത്തവര്‍ സാക്ഷാല്‍ അന്യായക്കാരന്‍ മുഖ്യ പത്രാധിപരായുള്ള സ്വന്തം പ്രസിദ്ധീകരണത്തിലെ ഈ വരികളെങ്കിലും ഒരാവര്‍ത്തി വായിക്കണം:  ''കളവിനെ ആയുധമാക്കുന്നതില്‍ ലജ്ജിക്കുന്നവരായിരുന്നു ജാഹിലിയ്യ കാലത്തെ മുശ്‌രിക്കുകള്‍ പോലും. എങ്കില്‍ പ്രവാചകന്റെ അനുയായികളായ നാം അതിനെ എത്ര ഗൗരവത്തോടു കൂടി കാണണം. മതം പ്രചരിപ്പിക്കാന്‍ വേണ്ടി കളവ് പറയാന്‍ അല്ലാഹു പറഞ്ഞിട്ടില്ല.... ജാഹിലിയ്യാ കാലത്തെ മുശ്‌രിക്കുകള്‍ക്കുണ്ടായിരുന്ന ലജ്ജ പോലും നമുക്ക് ഇല്ലാതായോ? ലജ്ജയില്ലെങ്കില്‍ ആളുകള്‍ തോന്നിയത് ചെയ്യുകയും പറയുകയും ചെയ്യും.'' (അല്‍മനാര്‍ -2007 നവംബര്‍, പേജ് 56)
വിശദീകരണമാവശ്യമില്ലാത്ത ഈ ഖണ്ഡികയോട് ചേര്‍ത്ത് വായിക്കാന്‍ ഇതേ ലേഖനത്തിലെ മറ്റൊരു ഭാഗം കൂടി: ''കളവ് പറയുന്നവന്റെ പര്യവസാനം വളരെ ദാരുണമാണ്. അവന്‍ എത്തിച്ചേരുന്നത് അതിനേക്കാള്‍ ഭീകരതയിലേക്കാണ്. അല്ലാഹുവിന്റെ അരികില്‍ പെരുങ്കള്ളന്‍ എന്ന പദവി ലഭിക്കുന്നത് എത്ര മോശമാണ്. ഈ പദപ്രയോഗം മനുഷ്യര്‍ തമ്മില്‍ വിളിക്കുന്നത് ഒരിക്കലും ഇഷ്ടമില്ലാത്തതാണ്. ഒരു സത്യവിശ്വാസിക്ക് ഒരിക്കലും കളവ് പറയാന്‍ സാധ്യമല്ല. കാരണം കളവ് കപടവിശ്വാസിയുടെ അടയാളമാണ്.'' (പേജ് 55)
ജാഹിലിയ്യാ കാലത്തെ മുശ്‌രിക്കുകള്‍ക്കുണ്ടായിരുന്ന ലജ്ജ പോലുമില്ലാത്തവര്‍, അല്ലാഹുവിന്റെ അരികില്‍ പെരുങ്കള്ളന്‍ എന്ന പദവി ലഭിക്കുന്നവര്‍, കപടവിശ്വാസി എന്നീ വിശേഷണങ്ങളില്‍ നിന്ന് കെ എന്‍ എമ്മിന്റെ പേരില്‍ അന്യായം നല്‍കിയവര്‍ ഏത് മാനദണ്ഡത്തിലാണ് മുക്തരാവുക എന്നറിയാന്‍ താല്‍പര്യമുണ്ട്. കളവിന്റെ ഗൗരവത്തെ കുറിച്ച് ഇത്രയേറെ അറിവുള്ളവര്‍ ഇത്തരമൊരു കളവ് ആഘോഷിക്കുമ്പോള്‍ അതിന്റെ ഗൗരവം ഇരട്ടിക്കുകയാണ്.
കേവലമൊരു സംഘടനാ പേരിനു വേണ്ടി ആയിരുന്നു ഈ അതിഗുരുതരമായ നടപടി എന്നോര്‍ക്കുക. സ്വന്തം പാളയത്തില്‍ നടക്കുന്ന ആദര്‍ശ അട്ടിമറികളും വിരുദ്ധാദര്‍ശങ്ങളുടെ സംഘട്ടനങ്ങളും വിഴുപ്പലക്കലുകളും അവഗണിച്ച് കള്ളത്തരങ്ങളുടെ അകമ്പടിയോടെ നേതാക്കള്‍ വിയര്‍പ്പൊഴുക്കിയത് ബ്രാക്കറ്റില്ലാത്ത ഒരു പേരിനു വേണ്ടിയായിരുന്നത്രെ. വാച്ച് കടയില്‍ പോയി സമയം നോക്കിയവന്റെ അമ്പരപ്പിലാണ് നവയാഥാസ്ഥിതികരുടെ ആദര്‍ശം അന്വേഷിക്കുന്നവര്‍ ഇപ്പോഴെത്തിച്ചേരുക. പല ക്ലോക്കുകളില്‍ പല സമയങ്ങള്‍ കാണിക്കുന്ന പോലെ ഓരോ നേതാക്കള്‍ക്കും ഓരോ ആദര്‍ശമാണിന്ന്. പലര്‍ക്കും അടിസ്ഥാന ആദര്‍ശങ്ങള്‍ പോലും പിഴച്ചുപോയി. ഇതൊന്നും പരിഹരിക്കാതെ, ആദര്‍ശത്തിലുറച്ച് നിന്ന് അതിനു നേരെയുണ്ടായ സകല അട്ടിമറിശ്രമങ്ങളെയും പ്രതിരോധിച്ച യഥാര്‍ഥ മുജാഹിദുകള്‍ക്ക് നേരെ ആയുധം ചൂണ്ടി നില്‍ക്കുന്ന ഈ നിലപാട് തന്നെ ഇവരുടെ കാപട്യം വിളിച്ചോതുന്നു.
അക്രമികള്‍ തങ്ങള്‍ അക്രമിക്കാന്‍ വരുന്നുണ്ടെന്ന് മുന്‍കൂട്ടി നോട്ടീസ് നല്‍കുമോ? അത്തരമൊരു തമാശയും ഉണ്ടായെന്നാണ് ഭിന്നിപ്പ് വാരികയിലെ ലേഖകന്‍ പറയുന്നത്. ഹുസൈന്‍ മടവൂര്‍ അതും ചെയ്തത്രെ! അതുകൊണ്ടാണത്രെ വലിയൊരു പച്ചക്കള്ളം എഴുതി എ പിക്ക് കോടതിയില്‍ കൊടുക്കേണ്ടി വന്നത്! എന്തൊരു വിരോധാഭാസം.

മുജാഹിദ് സെന്റര്‍ കയ്യടക്കുമെന്ന് ഹുസൈന്‍ മടവൂര്‍ രേഖാമൂലം നല്‍കിയ ആ കത്ത് ഒന്ന് പ്രസിദ്ധീകരിക്കാന്‍ ഭിന്നിപ്പ് വാരിക തയ്യാറാകുമോ? അപ്പോഴറിയാം ആ പച്ചക്കള്ളത്തിന്റെ നിജസ്ഥിതി. അവിശ്വാസപ്രമേയത്തിന്റെ അനന്തര നടപടിയെന്നോണം മുജാഹിദ് സെന്ററിലേക്ക് നല്‍കിയ കത്തില്‍ അപ്രകാരമൊരു പരാമര്‍ശമുണ്ടോ എന്ന് വ്യക്തമാക്കണം. എന്നാല്‍, യഥാര്‍ഥത്തില്‍ മുജാഹിദ് സെന്ററില്‍ ലഭിച്ച കത്തിനു സമാനമായ ഒരു കത്ത് അതിനും ഒരാഴ്ച മുന്‍പ് മുജാഹിദ് സെന്ററില്‍ നിന്നും മര്‍ക്കസുദ്ദഅ്‌വയിലേക്കും അയച്ചിരുന്നല്ലോ. മര്‍ക്കസുദ്ദഅ്‌വ ഭിന്നിപ്പുകാര്‍ക്കവകാശപ്പെട്ടതാണെന്നും അതിനാല്‍ അത് അവരെ ഏല്‍പിച്ച് റസീപ്റ്റ് വാങ്ങണമെന്നും ആയിരുന്നല്ലോ അതിലെ ഉള്ളടക്കം. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ മര്‍ക്കസുദ്ദഅ്‌വ കയ്യടക്കുമെന്ന രേഖാമൂലമുള്ള സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മര്‍കസുദ്ദഅ്‌വ അക്രമിച്ചെന്ന ഒരു കേസ് എന്തുകൊണ്ട് എ പിക്കും ടി പിക്കുമെതിരെ ഫയല്‍ ചെയ്തില്ല. മര്‍കസുദ്ദഅ്‌വയിലുള്ളവര്‍ക്ക് മറ്റെന്തിനേക്കാളും വിലയേറിയത് മഹത്തായ ആദര്‍ശമായത് കൊണ്ട് മാത്രമാണെന്ന് മനസ്സിലാക്കുക.
ബാങ്ക് അക്കൗണ്ടില്‍ കൈവെച്ചെന്നാണ് മറ്റൊരാരോപണം. ഇതിന്റെ സത്യാവസ്ഥ കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. അക്കൗണ്ടില്‍ കൈവെക്കുക എന്ന് പറഞ്ഞാലെന്താണെന്ന് പോലും ലേഖകനറിയില്ല. സംഘടനാ നടപടി ക്രമപ്രകാരം ബാങ്കില്‍ കത്ത് നല്‍കുന്നതിനു മുന്‍പ് തന്നെ പണം മുഴുവന്‍ പിന്‍വലിച്ച് സ്വകാര്യകേന്ദ്രത്തിലേക്ക് മാറ്റുകയും (അത് ദുരുപയോഗം ചെയ്യുകയുണ്ടായെന്ന് പിന്നീട് സ്വന്തം ആളുകള്‍ തന്നെ ആരോപിച്ചിരുന്നല്ലോ) എന്നാല്‍ ഹുസൈന്‍ മടവൂര്‍ 22 ലക്ഷത്തില്‍ പരം രൂപ മരവിപ്പിച്ചെന്ന് കള്ളപ്രസ്താവന ഇറക്കുകയും ചെയ്ത അന്യായക്കാരന്റെ നടപടി വിശദമായി പ്രതിപാദിക്കപ്പെട്ടതാണ്. അനാഥരോടും പള്ളി ഫണ്ടിനെത്തുന്നവരോടും മടവൂരിന്റെ അടുത്ത് പോയി ചോദിച്ചോളൂ, പണമൊക്കെ മടവൂര്‍ മരവിപ്പിച്ചിട്ടിരിക്കുകയാണെന്ന് പറയുകയായിരുന്നല്ലോ അന്ന് ബഹുമാന്യര്‍.

ഇനി അവിശ്വാസപ്രമേയത്തിന്റെ പിന്തുണയാണ് ലേഖകന്റെ മറ്റൊരു പ്രശ്‌നം. അറുപത് ശതമാനം കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് പ്രമേയം പാസായതെന്നത് കളവാണെന്നാണ് കണ്ടെത്തല്‍. ആ അറുപത് ശതമാനം ആളുകളുടെ പേരു വിവരം അറിയണമത്രെ! അത് ബോധിപ്പിക്കേണ്ടിടത്ത് ബോധിപ്പിച്ചിട്ടുണ്ടെന്ന് തന്റെ ലേഖനത്തില്‍ തന്നെ വ്യക്തമാണല്ലോ. സംസ്ഥാന ആലോചനാസഭയിലേക്ക് കൗണ്‍സിലര്‍മാരെ അയച്ച ജില്ലാ കൗണ്‍സിലുകള്‍ അതിനു മുന്‍പ് ചില കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി പകരം കൗണ്‍സിലര്‍മാരെ തെരഞ്ഞെടുത്തിരുന്നു. അപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരും ചേര്‍ന്നാണ് അവിശ്വാസപ്രമേയം പാസാക്കിയത്. സ്വന്തം കള്ളത്തരങ്ങളെ മറച്ച് വെക്കാന്‍ ഇതിനെ കളവാക്കി ചിത്രീകരിക്കുകയാണ് ലേഖകന്‍. മനസ്സമാധാനത്തിന് കണ്ടെത്തിയ ന്യായം മാത്രമാണതെന്ന് മനസ്സിലാക്കുക. അവിശ്വാസപ്രമേയ കാലത്ത് മുജാഹിദുകളോടൊപ്പം നില്‍ക്കുകയും പിന്നീട് കളവുകളുടെ കൂടാരമായ ഭിന്നിപ്പ് പക്ഷത്തേക്ക് കാലുമാറുകയും ചെയ്ത രണ്ടാളുകള്‍, അവിശ്വാസ പ്രമേയത്തെ കുറിച്ച് തങ്ങളറിഞ്ഞിരുന്നില്ല എന്ന് പറയുന്നതിന്റെ സ്വാഭാവികത ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകും.

തെരഞ്ഞെടുപ്പ് സംബന്ധമായി മുജാഹിദ് പക്ഷം എ പി പക്ഷത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ ശരിവെക്കുന്നതാണ് ഇയ്യിടെ മഞ്ചേരി മുന്‍സിഫ് കോടതിയിലും തലശ്ശേരി മുന്‍സിഫ് കോടതിയിലും ഫയല്‍ ചെയ്യപ്പെട്ട രണ്ട് അന്യായങ്ങള്‍. മഞ്ചേരി കോടതിയില്‍, എ പി അബ്ദുല്‍ഖാദര്‍ മൗലവി, എം ഉസ്മാന്‍ മദനി, പ്രൊഫ. അബ്ദു തുടങ്ങിയവര്‍ക്കെതിരെ എ പി വിഭാഗം മുജാഹിദുകള്‍ തന്നെയായ ജൗഹര്‍ മുനീര്‍ നിലമ്പൂര്‍, അബ്ദുല്ലത്വീഫ് നിലമ്പൂര്‍ എന്നിവര്‍ ഫയല്‍ചെയ്ത 339/2011 നമ്പര്‍ അന്യായത്തിലും തലശ്ശേരി കോടതിയില്‍ എ പി, ടി പി, പ്രൊഫ. അബ്ദു തുടങ്ങിയവര്‍ക്കെതിരെ എ പി വിഭാഗം മുജാഹിദുകളായ കെ എച്ച് ആഷിഖ് തലശ്ശേരി, പി ഇംതിയാസ് എന്നിവര്‍ ഫയല്‍ ചെയ്ത 373/2011 നമ്പര്‍ അന്യായത്തിലും സമാനമായ ആരോപണങ്ങളാണുള്ളത്. അംഗത്വ വിതരണത്തിലും തെരഞ്ഞെടുപ്പിലും സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ക്രമക്കേടുകള്‍ കാണിച്ചതായാണ് പരാതി. സംഘടനാപരമായി ഗുരുതരമായ ആരോപണങ്ങളാണ് ഇവിടെ അന്യായക്കാര്‍ നേതാക്കള്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. കെ എന്‍ എം കേസ് സംബന്ധിച്ച് മുജാഹിദ് പക്ഷം എ പി വിഭാഗത്തിനെതിരെ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും സത്യവും പ്രസക്തവുമാണെന്നതിന്റെ വ്യക്തമായ തെളിവാണീ സ്വന്തം പാളയത്തില്‍ നിന്നുള്ള നീക്കങ്ങള്‍. സംഘടനാ പിളര്‍പ്പിന്റെ കാലത്ത് എ പി ഉള്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ ഇത്തരമൊരു അന്യായം കൊടുത്തിട്ടില്ല. ആദ്യമായി പരാമൃഷ്ട കള്ളക്കേസ് ഫയല്‍ ചെയ്യുകയാണ് എ പി അന്ന് ചെയ്തത്.
ഉപജാപസംഘത്തിന്റെ തടവറയില്‍ അവര്‍ക്കനുസരിച്ച് തുള്ളിയതെല്ലാം സത്യത്തിനും നീതിക്കും ആദര്‍ശത്തിനുമെതിരിലായിരുന്നുവെന്ന തിരിച്ചറിവാണ് നേതാക്കള്‍ക്ക് ഈ അവസരത്തിലുണ്ടാവേണ്ടത്. സ്വന്തം അനുയായികള്‍ ആദര്‍ശത്തെ ചവിട്ടി മെതിക്കുകയും പൂര്‍വിക മഹത്തുക്കള്‍ ത്യാഗോജ്ജ്വല പോരാട്ടത്തിലൂടെ ഖബറടക്കിയ വികലവിശ്വാസങ്ങളെ പുനരാനയിക്കുകയും ചെയ്തപ്പോള്‍ പ്രമാണങ്ങളുടെ ബലത്തില്‍ ആദര്‍ശത്തിനു രക്ഷാകവചം തീര്‍ത്ത യഥാര്‍ഥ മുജാഹിദുകളുടെ പ്രബോധന മുന്നേറ്റത്തില്‍ കണ്ണിചേരുകയും കരുത്തുപകരുകയും ചെയ്യാനുള്ള തിരിച്ചറിവാണ് ഇനിയുണ്ടാവേണ്ടത്. അവിവേകങ്ങളും അബദ്ധങ്ങളും തിരുത്താന്‍ പടച്ചവന്‍ തന്ന അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ചിന്തയാണ്, അനാവശ്യമായ പൈശാചിക വിചാരങ്ങള്‍ക്ക് പകരം വളര്‍ത്തിയെടുക്കേണ്ടത്.

(ശബാബ് 2002 ജൂൺ 1)



                        




Comments