Tuesday, May 10, 2016

മൌദൂദി ഞങ്ങളുടെ ചങ്കായിരുന്നു ബ്രോ! അതൊക്കെ പണ്ടായിരുന്നു ബ്രോ!!

മൌദൂദി ഞങ്ങളുടെ ചങ്കായിരുന്നു ബ്രോ!
 അതൊക്കെ പണ്ടായിരുന്നു ബ്രോ!!

അബൂഹിമ
<<<<<<<<<>>>>>>>>
സുരേന്ദ്രൻ കരിപ്പുഴ(വേങ്ങര), ഭാഗവാതാചാര്യ പ്രഭാഷക പ്രേമ ജി പിഷാരടി (കളമശ്ശേരി), 
ശശി പന്തളം (ചിറയിൻ കീഴ്), കെ ജി മോഹൻ (ഗുരുവായൂർ),എം ജോസഫ് ജോൺ (അഴീക്കോട്), പി സി ഭാസ്കരൻ (കുറ്റ്യാടി), അജിത കൊല്ലാങ്കോട് (നെൻമാറ), ശശീന്ദ്രൻ ബപ്പങ്ങാട് (ബാലുശേരി), തോമസ് കെ ജോർജ്ജ് (പെരുംബാവൂർ), ജോഷി ജോസഫ് (കോന്നി), രാജു പുന്നക്കൽ (തിരുവമ്പാടി), ഗണേഷ് വടേരി (തിരൂർ), മോഹൻ ചാക്കോ (അരൂർ), ജ്യോതിവാസ് പരവൂർ (വൈപ്പിൻ), കൃഷ്ണൻ കുനിയിൽ (വണ്ടൂർ), പള്ളിപ്രം പ്രസന്നൻ(പേരാവൂർ), ജോസഫ് അമ്പലവയൽ (കൽ‌പ്പറ്റ) തുടങ്ങിയവരുടെ കരങ്ങൾക്ക് കരുത്തുപകർന്ന് ദൈവപ്രോക്തമായ ഇസ്‌ലാമിക വ്യവസ്ഥിതി സ്ഥാപിക്കാൻ ഗ്യാസ് സിലിണ്ടറും തലയിലേന്തി ജിഹാദ് നടത്തുന്ന ജമാ‌അത്ത് ഹാസ്യനാടകം കാണുമ്പോൾ അവരുടെ തന്നെ പഴയ ചില വലിയ വർത്തമാനങ്ങൾ ഓർക്കുക. 

ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ.... 


ഗ്യാസായിപ്പോയ നിഷ്ഠ!!

''ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ പിന്താങ്ങുകയോ ചെയ്ത ഒരൊറ്റസംഭവമില്ലെന്നതിന് അതിന്റെ മുഴുവന്‍ ചരിത്രവും സാക്ഷിയാണ്. അത് തെരഞ്ഞെടുപ്പ് ബഹളങ്ങളില്‍ നിന്ന് പൂര്‍ണമായി വേറിട്ടു നില്ക്കുകയാണ് ചെയ്തിട്ടുള്ളത്. അപ്പോള്‍ പിന്നെ, അസാന്മാര്‍ഗികവും അകാരണവുമായ ഈ വേവലാതികളെല്ലാം എന്തിന്? തെരഞ്ഞെടുപ്പില്‍ നിന്നും രാഷ്ട്രീയ കോലാഹലങ്ങളില്‍ നിന്നും അകന്നുനില്ക്കുന്നതാണ് ജമാഅത്തിന്റെ നയമെന്ന് എല്ലാവര്‍ക്കുമറിയാം. ജമാഅത്തിന്റെ ഓരോ മെമ്പറും ഈ നയത്തില്‍ നിഷ്ഠയുള്ളവരാണ്.''
(പ്രബോധനം, 1972 ജൂലായ്)                                       
                                                                                 

ഗ്യാസായിപ്പോയ ഹറാം

''...അതിനാല്‍ ഞങ്ങള്‍ പറയുന്നു. ജനാധിപത്യത്തിലധിഷ്ഠിതമായ ഏതെല്ലാം പാര്‍ലമെന്റുകളും അസംബ്ലിയും ഇന്ന് നിലവിലുണ്ടോ അവയില്‍ അംഗമാവുന്നത് ഹറാമാണ്. അവര്‍ക്ക് വോട്ടു ചെയ്യലും ഹറാമാണ്. എന്തുകൊണ്ടെന്നാല്‍ വോട്ടു ചെയ്യുകയെന്നതിന്റെ അര്‍ഥം തന്നെ, തൗഹീദിന്റെ പരിപൂര്‍ണ നിഷേധമായ നിയമനിര്‍മാണം നിലവിലുള്ള ഭരണഘടനക്കനുസൃതമായി നിര്‍വഹിക്കാന്‍ ഒരാളെ നാം തന്നെ തെരഞ്ഞെടുക്കുക എന്നതാണ്.''
(മൗദൂദി, 'റസാഇല്‍ വ മസാഇല്‍' ഭാഗം:1, പേജ്:351-353)

                                         

ഗ്യാസായിപ്പോയ നേർ‌വഴി

''നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി-തെരഞ്ഞെടുപ്പില്‍നിന്ന് അവര്‍ തികച്ചും വിട്ടുനില്ക്കുകയെന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ഥികളായി നില്ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്കുകയോ അരുത്. യഥാര്‍ഥ വഴിയില്‍ കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണത്.''
(പ്രബോധനം, പു:4, ല: 2, 1956 ജൂലായ്, പേജ്:35)

                                             

ഗ്യാസായിപ്പോയ അടിസ്ഥാന വാക്യം

''....അതിനുപുറമെ, നിയമനിര്‍മാണ സഭയെ കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന അടിസ്ഥാന വാക്യത്തില്‍ വിശ്വസിക്കുന്ന ഒരു മുസ്‌ലിം നിയമനിര്‍മാണാധികാരം അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നിരിക്കെ, മനുഷ്യന് സ്വതന്ത്രമായി നിയമനിര്‍മാണാധികാരം നല്കുകയും കിതാബിനെയും സുന്നത്തിനെയും പാടെ അവഗണിച്ചുകൊണ്ട് അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവിനെ പരസ്യമായി പരിഹസിക്കുക കൂടി ചെയ്യുന്ന ഒരു നിയമനിര്‍മാണ സഭയില്‍ മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാര്‍ഥികളെ സഹായിക്കുകയോ ചെയ്യാന്‍ ഒരു മുസ്‌ലിമിന് നിവൃത്തിയില്ല.''
(പ്രബോധനം, പു:4, ലക്കം:3, അബുല്ലൈസ് സാഹിബിന്റെ ലേഖനം)

                                       

നിവൃത്തികേടിൽ നിന്ന് നിവൃത്തിയിലേക്ക്


''ഇന്നത്തെ മതേതരഭൗതിക രാഷ്ട്രീയത്തില്‍ സ്ഥാനാര്‍ഥിയായി നില്ക്കുവാനോ, മറ്റുവല്ല സ്ഥാനാര്‍ഥികളുടെയും വിജയത്തിന്നായി പ്രവര്‍ത്തിക്കാനോ വോട്ടു ചെയ്യാനോ മുസ്‌ലിമിന് നിവൃത്തിയില്ല.''
(ഇസ്‌ലാമിക പാഠങ്ങള്‍, അബൂസലീം അബുല്‍ഹയ്യ്-1955)

                                         

തിരിച്ചുകിട്ടിയ സുഖസുഷുപ്തി

''നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ (സ്റ്റെയ്റ്റ്) നിന്നുകൊണ്ട് നിങ്ങള്‍ക്ക് സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലേ, നിങ്ങള്‍ ഇതരദീനുകള്‍ക്ക് (സ്റ്റെയ്റ്റ്) സേവനം ചെയ്യുകയും ആ സേവനത്തില്‍ ലഭ്യമാവുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍നീട്ടി ഉറങ്ങുകയും ചെയ്യുക''
(ഖുതുബാത്ത്, പേജ്: 415)

                                           

ഗ്യാസായിപ്പോയ വൈരുദ്ധ്യങ്ങൾ

''ചുരുക്കത്തില്‍ താത്വികമായും കര്‍മപരമായും ദീനും സെക്കുലറിസവും (മതേതരത്വം) പരസ്പരം വിരുദ്ധമാണ്. നേര്‍ക്കുനേരെയുള്ള മാര്‍ഗം- അവ രണ്ടില്‍ ഏതെങ്കിലും ഒന്നിനോട് മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയാണ്. ഒരേസമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ. ''
(പ്രബോധനം, പുസ്തകം:5, ലക്കം:4)

                                           

ഗ്യാസായിപ്പോയ അസം‌തൃപ്തി

''ദൈവിക പരമാധികാരം നിരാകരിക്കുന്ന നിലവിലുള്ള അനിസ്‌ലാമിക വ്യവസ്ഥിതിയില്‍ ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായും അസംതൃപ്തരാണ്. അത് അടിമുടി മാറണമെന്ന് അതാഗ്രഹിക്കുന്നു. പകരം ദൈവപ്രോക്തമായ ഇസ്‌ലാമിക വ്യവസ്ഥിതി സ്ഥാപിക്കണമെന്നും.''
(പ്രബോധനം 1981, മെയ് 6)

                                                  

ഗ്യാസായിപ്പോയ തൌഹീദ്

''നിയമനിര്‍മാണത്തിന്നുള്ള അധികാരം ഒരു വ്യക്തിക്കുണ്ടെന്ന് സങ്കല്പിച്ച് അവനെ അനുസരിക്കല്‍ ശിര്‍ക്കാണ്.''
(പ്രബോധനം 1972, ജൂലായ്)

                                             

വിശുദ്ധമായി മാറിയ വിരുദ്ധം

''അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു.''
(പ്രബോധനം, 1970 ജൂലായ്)

                                                 

മറന്നു പോയ ഒന്നാം തിയതി

''രാജ്യത്തെ നിലവിലുള്ള നീതിന്യായ വ്യവസ്ഥ മനുഷ്യനിര്‍മിത നിയമങ്ങളില്‍ സ്ഥാപിതമായിരിക്കുന്നു; അതിനുകീഴില്‍ നടക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് പറയപ്പെട്ടിരുന്നു, അവയും നിഷിദ്ധ വ്യവസ്ഥയുടെ ഉപകരണങ്ങളാണെന്ന്. അതിനാല്‍ ജമാഅത്തിന്റെ ഒന്നാം തിയ്യതിമുതലുള്ള നയം ഇതായിരുന്നു. ഈ വ്യവസ്ഥയുമായി സഹകരിക്കല്‍ തെറ്റാണ്. അതിന്റെ നീതിന്യായ വ്യവസ്ഥകളോട് സഹായമര്‍ഥിക്കല്‍ ത്വാഗൂത്തിനോട് സഹായമര്‍ഥിക്കലാണ്.''
(ജമാഅത്തെ ഇസ്‌ലാമി 27 വര്‍ഷം, പേജ്: 55)


                                                

ഇപ്പോ തോന്നിയല്ലോ!!

''ഇന്നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.''
(പ്രബോധനം 1952 ജനുവരി 1, പുസ്തകം:4, ലക്കം:8, പേജ്:163)

                                                  

അത് അന്ന്, ഇന്ന് വാജിബ്

''ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നത് തൗഹീദിന് എതിരാവുന്നു.''
(ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി 27 വര്‍ഷം)

                                                  

വോട്ട്-സിദ്ധാന്തങ്ങള്‍ക്ക്

''പ്രത്യക്ഷത്തില്‍ ചില വ്യക്തികളാണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആ വ്യക്തികള്‍ക്കുള്ള വോട്ട് അവര്‍ പ്രതിനിധാനം ചെയ്യുന്ന സിദ്ധാന്തങ്ങള്‍ക്ക് ബൈഅത്ത് ചെയ്യലാണ്. അതിനാല്‍ ഒരു യഥാര്‍ഥ മുസല്‍മാന് അതിന് സാധ്യമല്ല.''
(പ്രബോധനം, 1960 ജനുവരി 2)

                                               

മനാത്തക്ക് ജമാ‌അത്ത് അംഗീകാരം!!

“സാമ്രാജ്യത്തമാകുന്ന ദൈവത്തെ നീക്കം ചെയ്ത് പ്രജായത്തമാകുന്ന ദൈവത്തെ ഗവൺ‌മെന്റാകുന്ന വിഗ്രഹാലയത്തിൽ പ്രതിഷ്ഠിക്കുന്നത് കൊണ്ട് ഒരു മുസ്ലിമിന്റെയടുക്കൽ യഥാർത്ഥത്തിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല. ലാത്ത പോയി മനാത്ത വന്നുവെന്ന് മാത്രം. ഒരു വ്യാജദൈവത്തിന്റെ സ്ഥാനം മറ്റൊരു വ്യാജ ദൈവം കൈക്കലാക്കി.“
(പ്രബോധനം, 1950 മെയ് 15)


ഇസ്‌ലാം ജലരേഖയാവട്ടെ, 
നമുക്കും വേണം അധികാരം

“മുസൽമാനെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്...അതിന്റെ മൌലിക തത്വങ്ങളും ഇതിന്റെ മൌലിക തത്വങ്ങളും തമ്മിൽ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒരു പോയിന്റുമില്ല. ആ വ്യവസ്ഥിതിയിൽ അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും” (മൌദൂദി: മതേതരത്വം, ദേശീയത, ജനാ‍ാധിപത്യം ഒരു താത്വിക വിശകലനം.)


ഒരേ സമയത്ത് രണ്ട് ദൈവങ്ങൾ!!

“ചുരുക്കത്തിൽ താത്വികമായും കർമ്മപരമായും ദീനും സെക്യുലറിസവും പരസ്പര വിരുദ്ധമാണ്. നേറ്ക്കുനേരെയുള്ളത് അവരണ്ടിൽ ഏതെങ്കിലും ഒന്നിനോട് മാത്രം പൂർണ്ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുക എന്നതാണ്. ഒരേ സമയത്ത് രണ്ട് ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ.”
(പ്രബോധനം, പു. 5, ല: 5)

വല്ലാത്തൊരു തത്വം!!

“നിയമ നിർമ്മാണാധികാരം അല്ലാഹുവല്ലാത്തവർക്ക് വകവെച്ച് കൊടുത്ത് അവരുടെ നിയമങ്ങളെ നിരുപാധികം അനുസരിക്കുന്നത് തീർച്ചയായും ശിർക്ക് തന്നെ. പക്ഷെ നിയമനിർമ്മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനു മാത്രമാണെന്നും അല്ലാഹുവിന്റെ കൽ‌പ്പനക്കെതിരായി ആരെയും നിരുപാധികം അനുസരിക്കുന്നത് ശിർക്കാണെന്നും വിശ്വസിക്കുന്ന ജമാ‌അത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഇവിടെ ശിർക്ക് ചെയ്യുന്ന പ്രശ്നമേ ഉൽഭവിച്ചിട്ടില്ല. അല്ല്ലാഹുവിന്റെ കൽ‌പ്പനകൾക്കെതിരായി അവനല്ലാത്തവർ നിർമ്മിച്ച ചില നിയമങ്ങൾക്ക് വിധേയമായി ജമാ‌അത്തെ ഇസ്ലാമിക്കാർ ഇവിടെ ജീവിക്കുന്നുണ്ടെങ്കിൽ അത് നിയമനിർമ്മാണത്തിനുള്ള അധികാരം ദൈവേതര ശക്തികൾക്ക് വകവെച്ച് കൊടുത്തുകൊണ്ടല്ല. നാട്ടിൽ അരാജകത്വമോ കുഴപ്പമോ സൃഷ്ടിക്കാതെ സമാധാനപരമായ ആദർശപരിവർത്തനത്തിന് ശ്രമിക്കുകയെന്ന തത്വപ്രകാരം മാത്രമാണ്”
(പ്രബോധനം, 1971 സെപ്ത: 11)


മറന്നുപോയ നയം

“തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കോലാഹലങ്ങളിൽ നിന്നും അകന്ന് നിൽക്കുകയെന്നതാണ് ജമാ‌അത്തെ ഇസ്‌ലാമിയുടെ നയമെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. ജമാ‌അത്തിന്റെ ഓരോ മെമ്പറും ജമാ‌അത്തിന്റെ ഈ നയത്തിൽ നിഷ്ഠയുൾലവരാണ്”
(ഇന്ത്യൻ ജമാ‌അത്തെ ഇസ്‌ലാമി എന്ത്, എന്തല്ല? , പേജ്: 21,22)

അലിഞ്ഞ് പോയ ഉറപ്പ്!!

“അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ മടത്തിപ്പിൽ ഭാഗഭാക്കാവുകയെന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്  ജമാ‌അത്തെ ഇസ്‌ലാമി ഉറച്ച് വിശ്വസിക്കുന്നു. അതിനാൽ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടുചേർന്ന് ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ അത്തരം പ്രസ്ഥാനങ്ങൾക്ക് വോട്ട് നൽകുകയോ ചെയ്യുന്നത് ജമാ‌അത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ല”
(പ്രബോധനം, 1970 ജൂലായ്)

അന്ന് കയ്യൊഴിഞ്ഞുഇന്ന് കയ്യടക്കുന്നു!!

“ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയിൽ താൻ വല്ല കുഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിർമ്മാണ സഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിൻ കീഴിൽ ന്യായാധിപ സ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കിൽ ആ സ്ഥാനം കയ്യൊഴിക്കുക” 
(ഇന്ത്യൻ ജമാ‌അത്തെ ഇസ്‌ലാമി ഭരണ ഘടന, പേജ്: 34, 1979)

ഇന്ന് ഹലാലായ അഹോവൃത്തിമാർഗ്ഗം

 “ദൈവികമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പിൽ സഹായിയോ ആണെങ്കിൽ ആ അഹോവൃത്തി മാർഗ്ഗത്തിൽ നിന്ന് കഴിയും വേഗം ഒഴിവാകുക”
(ഇന്ത്യൻ ജമാ‌അത്തെ ഇസ്‌ലാമി ഭരണ ഘടന, പേജ്: 16, 1979)


ജാഹിലിയ്യത്തിനൊരു മത്സരം 

'' നമ്മുടെ നാട് അംഗീകരിച്ച രാഷ്ട്രീയ വ്യവസ്ഥയില്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്. അഥവാ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്. അതിനാലിവിടെ നിലനില്ക്കുന്ന വ്യവസ്ഥ അനിസ്‌ലാമികമാണ്. അഥവാ ജാഹിലിയ്യത്താണ് '' (പ്രബോധനം 2006 മെയ് 20, പേജ് 29) 

ഇങ്ങിനെ നിർബന്ധിച്ചാ പിന്നെന്താ ചെയ്യാ?

 '' ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ, എം എല്‍ എയോ എന്നുവേണ്ട പഞ്ചായത്ത്‌ മെമ്പര്‍ പോലും ആയിട്ടില്ല; ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന്‌ ശ്രമിക്കുന്നതിനു പകരം നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌ അവരോടൊപ്പം ചേരുകയാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌ നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്‌.''
 (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998ലെ ഐ പി എച്ച്‌ എഡിഷന്‍) 

ഹേയ്..അതൊക്കെ വെറുതെ പറഞ്ഞതല്ലേ!!

 ''ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥക്കു കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്ത അത്രമാത്രം നീചമൊയൊരവസ്ഥയാണ് ''
 (പ്രബോധനം 1953 ഡിസംബര്‍ 15)

തലച്ചോറിലെ പ്ലാനുമായി സങ്കൽ‌പ്പ വീടന്വേഷിക്കുന്നവർ

 ''സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്പ വീടുപോലെയാണ്. ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍ മാത്രമേ നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീട്ടിന്റെ പ്ലാന്‍ ഉണ്ടായിരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത് (മൗദൂദി: ഖുത്തുബാത്ത്, പേജ് 381)

ജനാധിപത്യവും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.

ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയെ കുറിച്ച് ജനാധിപത്യം എന്ന പ്രയോഗം തന്നെ ശരിയല്ല.
ഹുകൂമത്തെ ഇലാഹി അഥവാ മതാധിപത്യം എന്ന പദമാണ് ഇസ്ലാമിക വ്യവസ്ഥക്ക് ഏറവും യോജിച്ചത് .
 ( ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം : പേജ് :23;24)

രണ്ടും "ശിർക്ക് " തന്നെ

പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തിൽ വ്യത്യാസമില്ല.രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തിൽ മാത്രമാണ് വ്യത്യാസം.
പ്രജാധിപത്യത്തിൽ ഒന്നിലധികം തമ്പുരാക്കൾ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകൾ അവതരിപ്പിക്കുകയും ചെയുന്നു .എകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും സഹായത്തോടെ ദിവ്യത്വം നടത്തുന്നു .രണ്ടും "ശിർക്ക് " തന്നെ.
 ( ശിർക്ക് അഥവാ ബഹുദൈവത്വം : അമീൻ അഹ്സൻ ഇസ്ലാഹി )
8 comments:

M M VENGARA said...

ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ....

Mohamed Mustafa vaniya said...

https://www.facebook.com/welfareparty.tamilnadu/videos/620539291448777/

Aboo Amna Vatakara said...

(Part 1)
ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക രാഷ്ട്രിയം: ഗ്യാസായിപ്പോയ മുജാഹിദ് ദുരാരോപണങ്ങള്‍
********************************
അബ്ദുല്‍ അസീസ് അന്‍സാരി, പൊന്മുണ്ടം.
അബൂ ഹിമ എന്ന പേരിലുള്ള ഒരു മുജാഹിദ് സുഹൃത്ത് എഴുതി പ്രസിദ്ധീകരിച്ച ഒരു തെരഞ്ഞെടുപ്പുകാല മുജാഹിദ് സ്പെഷ്യല്‍ കാളമൂത്ര കമെന്റ് ശ്രദ്ധയില്‍ പെട്ടു. ജമാഅത്തെ ഇസ്ലാമിയുടെ പഴയകാല സാഹിത്യങ്ങളിലെ വരികള്‍ സന്ദര്ഭത്തില്‍ നിന്നടര്‍ത്തിയതോ തെറ്റായ അര്‍ഥം കല്‍പിച്ചുകൊണ്ടുള്ളതോ ഇസ്ലാമിക രാഷ്ട്രിയവുമായി ബന്ധപ്പെട്ട താത്വികമോ പ്രായോഗികമോ അയ വശങ്ങളില്‍ മുജാഹിദുകള്‍ക്ക് ഒരു നിലപാടും ഇല്ലാത്തതിനാല്‍ മതേതര മുസ്ലിം ആയിക്കൊണ്ട് ചിന്തിക്കുമ്പോള്‍ മാത്രം മുജാഹിദ് ഉണ്ടാകുന്നതോ ആയ സംശയങ്ങളാണ് പ്രസ്തുത കമെന്റിന്റെ ഉള്ളടക്കം. ഉപ തലക്കെട്ടുകളാവട്ടെ ഓരോന്നും പരിഹാസത്തിന്റെ മുജാഹിദിയന്‍ മാതൃകകളാണ് താനും!.
* വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്‌ഷ്യം ഇഖാമതുദ്ദിന്‍ ആണ് എന്നോ അവരോ പാര്‍ട്ടി രൂപീക്കരിക്കാന്‍ മുന്‍കൈയെടുത്ത ജമാഅത്തെ ഇസ്ലാമിയോ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല എന്നിരിക്കെ അതുവെച്ചുകൊണ്ടുള്ള പരിഹാസത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
* ജമാഅത്തെ ഇസ്ലാമി സജീവ രാഷ്ട്രിയത്തിലേക്ക് ഇറങ്ങിയിട്ടില്ലായിരുന്ന 1972 ലെ പ്രബോധനത്തിലെ ഒരു ഉദ്ധരണിയാണ് ‘ഗ്യാസായിപോയ നിഷ്ഠ’ക്ക് ഉദാഹരണമായ കമെന്റുകാരന്‍ എടുത്തുകാണിക്കുന്നത്!. ‘തെരഞ്ഞെടുപ്പില്‍ നിന്നും രാഷ്ട്രീയ കോലാഹലങ്ങളില്‍ നിന്നും അകന്നുനില്ക്കു’ക എന്ന അന്നത്തെ നയത്തില്‍ നിന്നും മാറി തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയുംഉത്തമ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക, രണ്ടു തിന്മകളില്‍ ഏതെങ്കിലും ഒന്നിനെ സഹിക്കേണ്ടി വരുമ്പോള്‍ താരതമ്യേന ലഘുവായതിനെ സ്വികരിക്കുക എന്ന നയത്തിലേക്ക്‌ പില്‍ക്കാലത്ത് ജമാഅത്ത് മാറി. ഇതിലെന്താണാവോ നിഷ്ഠയുടെ വിഷയമുള്ളത്?!

Aboo Amna Vatakara said...

(Part 2)
* ‘ഗ്യാസായിപ്പോയ ഹറാം’ എന്നതാണ് രണ്ടാമത്തെ വാദം. ന്യായമാകട്ടെ സയ്യിദ് മൌദൂദിയുടെ ചോദ്യോത്തരങ്ങളില്‍ നിന്നുള്ള ഒരു ഭാഗവും. പ്രിയ മുജാഹിദ് സുഹൃത്തേ ആ പറഞ്ഞതില്‍ ജമാഅത്ത് ഇന്നും ഉറച്ചു നില്‍ക്കുന്നു. അഥവാ, ഇസ്ലാമികേതരമായ ഒരു വ്യവസ്ഥ സ്ഥാപിക്കാനും നടപ്പിലാക്കാനും ഉദ്ദേശിച്ചും ലക്‌ഷ്യം വെച്ചും വോട്ടു ചെയ്യുന്നതും സ്ഥാനാര്‍ഥിയാവുന്നതും പാര്‍ലമെന്റില്‍ പോകുന്നതും തൌഹീദിനു വിരുദ്ധവും അനനുവദനീയവുമാണ്. ഇക്കാര്യത്തില്‍ മുജാഹിദുകള്‍ക്ക് സംശയമുണ്ടോ? ജമാഅത്ത് ഈ പറഞ്ഞത് ഇതിനേക്കാള്‍ ശക്തമായി സലഫി പണ്ഡിതന്മാരോക്കെയും പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ ഈവിഷയത്തില്‍ ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ സലഫികളെ കൂടി ഒന്നിച്ചു വിമര്‍ശിക്കുക. അല്ലാത്ത പക്ഷം മുജാഹിദ് എന്ന പേര് മാറ്റി ഇരട്ടത്താപ്പുകാര്‍ എന്ന പേര് സ്വികരിക്കുന്നതായിരിക്കും നിങ്ങള്‍ക്ക് നല്ലത്. എന്നാല്‍ ഇത്തരമൊരു ഇസ്ലാമികേതര വ്യവസ്ഥയെ മുകളില്‍ പറഞ്ഞത് പോലെ ഇസ്ലാമിക ലക്ഷ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്താമോ ഇല്ലേ? അതൊരു ഇജ്തിഹാദിയായ വിഷയമാണ്. ഉപയോഗപ്പെടുത്താം എന്നാണു നല്ലോരുപറ്റം സലഫി പണ്ഡിതന്മാരും പറയുന്നത്. ജമാഅത്തെ ഇസ്ലാമി ഇന്ന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും ഇതേ അടിസ്ഥാനത്തില്‍ മാത്രമാണ്. അതിനാലിവിടെ ഹറാം ഹലാലാക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല.
* ഗ്യാസായിപ്പോയ നേര്‍വഴി’ എന്ന പരിഹാസത്തോടെ മുജാഹിദ് സുഹൃത്ത് ഉദ്ധരിക്കുന്ന പ്രബോധനത്തില്‍ നിന്നുള്ള ഉദ്ധരണി സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാലത്തെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് എഴുതപ്പെട്ടതാണ്. ഇന്ത്യാ-പാക്ക് വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലാത്ത കാലത്ത് നടന്ന പ്രസ്തുത തെരഞ്ഞെടുപ്പ് കാലത്ത് ജമാഅത്ത് മാത്രമല്ല, ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളുംതെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന നിലപാടായിരുന്നു സ്വികരിച്ചിരുന്നത്. സാക്ഷാല്‍ മുജാഹിദുകള്‍ പോലും കെ.പി മുഹമ്മദ്‌ മൌലവിയുടെ നേതൃത്വത്തില്‍ അന്ന് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു ആഹ്വാനം ചെയതത്. അവിടെ പറഞ്ഞ ന്യായമാകട്ടെ അബൂ ഹിമ പ്രബോധനത്തില്‍ നിന്ന് ഉദ്ധരിച്ചതും. ‘വളവന്നൂര്‍ അന്സാറുള്ളാ സംഘവും ആസന്നമായ പൊതു തെരഞ്ഞെടുപ്പും’ എന്ന പേരില്‍ അന്ന് മുജാഹിദുകള്‍ പുറത്തിറക്കിയ ലഘുലേഖയില്‍ അത് കാണാം. എന്തേ അബൂഹിമാ ജമാഅത്തുകാര്‍ക്കും മുമ്പേ മുജാഹിദുകളുടെ നേര്‍വഴി ഗ്യാസ് ആയിപ്പോയതുകൊണ്ടാണോ തെരഞ്ഞെടുപ്പില്‍ പങ്കുകൊള്ളാന്‍ അവര്‍ ജമാഅത്തിനും മുമ്പേ തീരുമാനിച്ചത്? മലര്‍ന്നുകിടന്നു തുപ്പുന്നത് ആരാണെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ?!
* അബുല്ലൈസ് സാഹിബിന്റെയും അബൂ സലീം അബ്ദുല്‍ ഹയ്യിന്റെയും രണ്ടു വാചകങ്ങള്‍ വെച്ചുകൊണ്ടാണ്‌ അബൂ ഹിമയുടെ അടുത്ത തെറ്റിദ്ധരിപ്പിക്കല്‍. നിയമനിര്‍മാണാധികാരത്തിനുള്ള പരമാധികാരം അല്ലാഹുവിനു മാത്രം എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. അല്ലാഹുവിന്റെ ഈ അവകാശമാണ് ജനാധിപത്യ വ്യവസ്ഥയും അതിലെ പാര്‍ലമെനറും അവകാശപ്പെടുന്നത്. ആ നിലക്ക് അവയുടെ ഈ അടിസ്ഥാനത്തോട് യോജിപ്പ് പ്രകടിപ്പിക്കാന്‍ മുസല്‍മാന്റെ വിശ്വാസം എങ്ങനെ സമ്മതിക്കും? (മുജാഹിദുകളുടെ വിശ്വാസം സമ്മതിക്കുമ്പോള്‍ പിന്നെ അവര്‍ അംഗികരിക്കുന്ന ഇസ്ലാം ഏതാണ് എന്നാണു അറിയേണ്ടത്) അതിനാല്‍ അവയോടുള്ള അടിസ്ഥാന സമീപണമാണ് മേല്‍ പറഞ്ഞ പണ്ഡിതന്മാരുടെ വരികള്‍ ഉള്‍ക്കൊള്ളുന്നത്. ഒന്നുകില്‍ അവയില്‍ നിന്ന് അകന്നു നില്‍ക്കുക, അല്ലെങ്കില്‍ ഇസ്ലാമിക വ്യവസ്ഥക്ക് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ഇത്തരം വ്യവസ്ഥകളെ ഉപയോഗപ്പെടുത്തുക, രണ്ടു ഉപദ്രവങ്ങളില്‍ വലിയതിനെ തടുക്കാന്‍ ചെറിയതിനെ സഹിക്കുക എന്നി നിലകളിലല്ലാതെ ഇസ്ലാമികേതര വ്യവസ്ഥയിലെ പാര്‍ലമെന്റിനോടും ഇതര സംവിധാനങ്ങളോടും ഇന്ത്യന്‍ മുസ്ലിംകള്‍ (ജമാഅത്തും) അന്നും ഇന്നും സ്വികരിക്കേണ്ടിയിരുന്ന സമീപനം എന്തായിരുന്നു എന്നൊന്ന് ഈ വിമര്‍ശകന്‍ പറഞ്ഞു തന്നാലും. ഇങ്ങനെ പോലും ഇസ്ലാമികേതര വ്യവസ്ഥയുടെ പാര്‍ലമെന്റില്‍ കയറിപ്പറ്റാനോ അതിന്നായി തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തില്‍ ഇറങ്ങാനോ പറ്റില്ല എന്നാണു ശൈഖ് അല്‍ബാനി, ശൈഖ് മുഖ്ബില്‍ വാദിഈ, ശൈഖ് മദഖലി തുടങ്ങിയ സലഫി പണ്ഡിതന്മാരുടെ നിലപാട് എന്നിരിക്കെ സലഫികള്‍ എന്നവകാശപ്പെടുന്ന മുജാഹിദുകളുടെ നിവൃത്തികേടിനെ കുറിച്ച് കൂടുതല്‍ എന്ത് പറയാന്‍?!

Aboo Amna Vatakara said...

(Part 3)
* ഇസ്ലാമികേതര വ്യവസ്ഥിതിയില്‍ മുജാഹിദുകളെപ്പോലെ ജമാഅത്തെ ഇസ്ലാമി ഒരിക്കല്‍ പോലും സംതൃപ്തരല്ല, ഈ വ്യവസ്ഥ തന്നെയാണ് എന്നെന്നും നിലനില്‍ക്കേണ്ടത് എന്ന് ആഗ്രഹിക്കുന്നുമില്ല എന്നിരിക്കെ ഇസ്ലാമികേതര വ്യവസ്ഥയില്‍ തൃപ്തിപ്പെട്ടുകൊണ്ട്‌ സുഖനിദ്രയില്‍ കഴിയരുത്, ആ വ്യവസ്ഥ മാറ്റാനായി പണിയെടുക്കുകയാണ് വേണ്ടതെന്നു സൂചിപ്പിക്കുന്ന ഖുതുബാതില്‍ നിന്നുള്ള വരികളില്‍ മുജാഹിദുകള്‍ക്ക് വിശേഷിച്ച് ഒന്നുമില്ല. ജമാഅത്തെ ഇസ്ലാമി ഇന്നും നിലകൊള്ളുന്ന സമ്പൂര്‍ണ്ണമായ ഇസ്ലാമിക വ്യവസ്ഥക്ക് വേണ്ടിയാണ് എന്നിരിക്കെ ജമാഅത്ത് ഇപ്പോള്‍ ജനാധിപത്യ വ്യവസ്ഥയില്‍ സുഖ നിദ്രയിലാണ് എന്ന് ലേഖകന്‍ തട്ടിവിടുന്നത് ജമാഅത്തിനെ കുറിച്ച എ.ബി.സി.ഡി അറിയാത്തത് കൊണ്ട് മാത്രമാണ്. ഇനി മുജാഹിദുകള്‍ ഈ വ്യവസ്ഥയില്‍ തൃപ്തിപ്പെടുന്നവരാണോ? അങ്ങനെ തൃപ്തിപ്പെടാമോ? എന്നുകൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
* ‘ഗ്യാസായിപ്പോയ വൈരുദ്ധ്യങ്ങൾ’ എന്ന തലക്കെട്ടില്‍ അബൂ ഹിമ നടത്തുന്ന തട്ടിപ്പ് വളരേ വലുതും അതിലേറെ അപകടം പിടിച്ചതുമാണ്. മതനിഷേധ സ്വഭാവമുള്ള മതേതരത്വത്തോടുള്ള ഇസ്ലാമിന്റെ സമീപനം വ്യക്തമാക്കുന്ന, ഒരേസമയം രണ്ടു ദൈവങ്ങളെ സ്വികരിക്കുക സാധ്യമല്ലെന്ന് തുറന്നുപറയുന്ന പ്രബോധനത്തിലെ പ്രസ്തുത ഉദ്ധരണിയില്‍ ഇസ്ലാമിക വിരുദ്ധമായി അബൂഹിമ കണ്ടത് എന്താണ് എന്നൊന്ന് വ്യക്തമായി തുറന്നു പറയുക. ഈ വിഷയത്തില്‍ ഇത്രയും ക്രൂരമായ സ്വരത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്ന സലഫി മുഖംമൂടിയണിഞ്ഞ മുജാഹിദുകള്‍ ‘ഇസ്ലാമിക വീക്ഷണത്തില്‍ മതേതരത്വം ഉദ്പാദിപ്പിക്കുന്നത് ബഹുദൈവത്വമാണ്’ എന്ന് ഫത്വ കൊടുത്ത സലഫി പണ്ഡിതന്മാരെ കുറിച്ച് എന്ത് പറയുന്നു എന്ന്കൂടി വ്യക്തമാക്കുക. അവരും വൈരുദ്ധ്യങ്ങളാല്‍ ഗ്യാസ് പോയവരാണോ? മേല്‍ പറഞ്ഞ മതനിഷേധ മതേതരത്വത്തെ അനുകൂലിച്ച ഒരു ഇസ്ലാമിക പണ്ഡിതനെയെങ്കിലും ചൂണ്ടിക്കാണിച്ചു തരാന്‍ അബൂ ഹിമക്കെന്നല്ല അദ്ദേഹത്തിന്റെ കമെന്റ് പ്രചിരിപ്പിക്കുന്ന ഏതെങ്കിലും മുജാഹിദുകാര്‍ക്ക് സാധിക്കുമോ? എങ്കില്‍ അതൊന്നു കാണാന്‍ അതിയായ കൌതുകമുണ്ട്. (എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ മത നിരപേക്ഷത എന്ന സ്വഭാവത്തിലുള്ള ഇന്ത്യയിലെ മതേതരത്വത്തെ ഒരു ബഹുസ്വര സമൂഹത്തില്‍ പൊതുവേ അംഗികരിക്കാന്‍ പറ്റിയത് എന്ന നിലക്ക് അന്നും ഇന്നും എന്നും ജമാഅത്ത് അനുകൂലിച്ചിട്ടുണ്ട്).
* ‘ഗ്യാസായിപ്പോയ അസം‌തൃപ്തി’ എന്ന പരിഹാസത്തിനു താഴെ അബൂ ഹിമ ക്വാട്ട് ചെയ്തിരിക്കുന്ന പ്രബോധനത്തിലെ ‘'ദൈവിക പരമാധികാരം നിരാകരിക്കുന്ന നിലവിലുള്ള അനിസ്‌ലാമിക വ്യവസ്ഥിതിയില്‍ ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായും അസംതൃപ്തരാണ്. അത് അടിമുടി മാറണമെന്ന് അതാഗ്രഹിക്കുന്നു. പകരം ദൈവപ്രോക്തമായ ഇസ്‌ലാമിക വ്യവസ്ഥിതി സ്ഥാപിക്കണമെന്നും.'' എന്ന ഉദ്ധരണി യാതൊരു സംശയത്തിനും ഇടമില്ലാത്ത വിധം ജമാഅത്ത് ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. അഥവാ അന്നും ഇന്നും എന്നും ഈ വ്യവസ്ഥയില്‍ ജമാഅത്ത് അസംതൃപ്തരാണ്. എന്നല്ല, ആരെങ്കിലും ഇസ്ലാമികേതരമായ ഒരു വ്യവസ്ഥയില്‍ തൃപ്തിപ്പെട്ടു ജീവിക്കുന്നു വെങ്കില്‍ അവര്‍ തങ്ങളുടെ ഈമാനിനെയും ഇസ്ലാമിലുള്ള തങ്ങളുടെ വിശ്വാസത്തിലെ ആത്മാര്ഥതയേയും കുറിച്ച് പുന:വിചിന്തനം നടത്തട്ടെ എന്നുകൂടി ജമാഅത്ത് ആവശ്യപ്പെടുന്നു. സ്വന്തമായി ഒരു രാഷ്ട്രിയ വ്യ്വവസ്ഥകൂടി ഉള്ള ഇസ്ലാമില്‍ വിശ്വസിക്കുകയും എന്നിട്ട് അതിന്നു വിരുദ്ധമായ ഒരു വ്യവസ്ഥയില്‍ തൃപ്തിപ്പെട്ടു ജീവിക്കുകയും ചെയ്യുന്നത് കാപട്യമാല്ലെങ്കില്‍ മറ്റെന്താണ്? ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനം ലക്ഷ്യമായി അംഗികരിച്ച ജമാഅത്തെ ഇസ്ലാമിക്ക് ഏതായാലും ഈ കപട നിലപാട് സ്വികാര്യമല്ല എന്നറിയുക.
* ''നിയമനിര്‍മാണത്തിന്നുള്ള അധികാരം ഒരു വ്യക്തിക്കുണ്ടെന്ന് സങ്കല്പിച്ച് അവനെ അനുസരിക്കല്‍ ശിര്‍ക്കാണ്.'' എന്ന പ്രബോധനത്തിലെ ഉദ്ധരണിയാണ് ‘ഗ്യാസായിപ്പോയ തൌഹീദി’നു തെളിവായി അബൂ ഹിമ അവതരിപ്പിച്ചിരിക്കുന്നത്! നഊദുബില്ലാഹ്, അപ്പോള്‍ മുജാഹിദ് വീക്ഷണത്തില്‍ അല്ലാഹുവല്ലാത്ത ഒരാള്‍ക്ക് നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഉണ്ട് എന്ന വിശ്വാസത്തോട് കുടിയും ആരെയും അനുസരിക്കാം അല്ലെ? എങ്കില്‍ പിന്നെ ‘മുവഹ്ഹിദുകള്‍’ എന്നവകാശപ്പെടാന്‍ മുജാഹിദുകള്‍ക്ക് എന്തധികാരം? ശുദ്ധ ശിര്‍ക്കന്‍ വാദമാണിത്! ഈ ശിര്‍ക്കിനെ കുറിച്ചാണ് സൂറ: തൗബ: 31 ലും സൂറ: അല്‍ അന്‍ആം 121 ലും മറ്റും ഖുര്‍ആന്‍ പറയുന്നത്. കഷ്ടം, ഇത്രയും നിസ്സാരമായി ശുദ്ധ ശിര്‍ക്കന്‍ വിശ്വാസത്തെ പോലും ന്യായികരിക്കാന്‍ മാത്രം ഹിസ്ബിയ്യത്ത് താങ്കളെ പിടികൂടിയല്ലോ അബൂ ഹിമാ! ഇത്തഖില്ലാഹ് എന്ന് മാത്രം ഓര്മപ്പെടുത്തുന്നു.

Aboo Amna Vatakara said...

(Part 4)
* അനിസ്ലാമിക വ്യവസ്ഥിതിയില്‍ ഭാഗവാക്കാകുന്നത് ശരിയല്ല എന്നത് തന്നെയാണ് ഇസ്ലാമിന്റെ അടിസ്ഥാന നിലപാട്. എന്നാല്‍ ഇസ്ലാമിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയോഗപ്പെടുത്താമോ എന്നത് ഇജ്തിഹാദിയായ വിഷയമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ അതില്‍ ഉണ്ടാവാം. സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് അത്തരം സ്ഥാനങ്ങള്‍ നാം ഉപയോഗപ്പെടുത്തേണ്ട അനിവാര്യത വരെ ചിലപ്പോള്‍ ഉണ്ടായേക്കാം. അതുപക്ഷേ അടിസ്ഥാന നിയമമല്ല, സാഹചര്യമാണ് അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുക. ഉസ്വൂലുല്‍ ഫിഖ്ഹിലെ മസ്ലഹത്തുന്‍ റാജിഹയുടെ ബാല പാഠമോ ഇവ്വിഷയകമായ സലഫി നിലപാടുകളോ സലഫി മുഖം മുടി അണിഞ്ഞ അബൂ ഹിമക്ക് അറിയുമായിരുന്നെങ്കില്‍ ഇമ്മാതിരി ആരോപണങ്ങള്‍ ജമാഅത്തിനെതിരെ ഉന്നയിക്കാനായി തന്റെ കൈവിരല്‍ ചാലിപ്പിക്കുമായിരുന്നില്ല. അതുപോലെ മുകളില്‍ സൂചിപ്പിച്ചത് പോലെ ഇത്തരം വിഷയങ്ങളില്‍ സലഫി പണ്ഡിതന്മാര്‍ തന്നെ വ്യത്യസ്ത തട്ടുകളിലാണ് ഉള്ളത് എന്നുകൂടി മനസ്സിലാക്കുക. (ഇന്നത്തെ സാഹചര്യത്തില്‍ ഇതൊക്കെ നിര്‍ബന്ധമാകും എന്ന് ശൈഖ് സ്വാലിഹ് അല്‍ ഉതൈമിനെ പോലെ, ശൈഖ് സല്‍മാന്‍ അല്‍ ഔദയെപ്പോലെ ചിലര്‍ അഭിപ്രായം പറയുമ്പോള്‍ ശൈഖ് മുഖ്ബില്‍ വാദിഈ, ശൈഖ് മദഖലി തുടങ്ങിയവര്‍ അവരെ ഖണ്ഡിക്കുന്നു. ഇതില്‍ മുജാഹിദ് നിലപാട് എന്താണ് എന്നൊന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.) അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അബൂ ഹിമ തട്ടിവിട്ട ‘വിരുദ്ധത’ ‘വിശുദ്ധ’മാകുന്ന പ്രശ്നം ഉള്ഭവിക്കുന്നേയില്ല.
* ഇസ്ലാമികേതര വ്യവസ്ഥയിലെ കോടതികളെ സമീപിക്കാതിരിക്കുക എന്നത് തന്നെയാണ് ആ വിഷയത്തിലെ ഇസ്ലാമിന്റെ (ജമാഅത്തിന്റെയും) അടിസ്ഥാന നിലപാട്. ഇക്കാര്യത്തില്‍ മുജാഹിദുകളുടെ നിലപാട് അവരൊന്നു വ്യക്തമാക്കുക. ഈ പറഞ്ഞ ആശയം ജമാഅത്ത് അതിന്റെ ഒന്നാം തിയ്യതിയോ 2016 മെയ് 16നോ മറന്നു പോയിട്ടില്ല. ഇനിയും മറന്നു പോവുകയുമില്ല. മാത്രവുമല്ല ഇസ്ലാം വലിച്ചെറിഞ്ഞു അനിസ്ലാമിക രാഷ്ട്രിയത്തില്‍ അഭിരമിക്കുന്ന മുജഹിദുകളെ ഇത്തരം കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്ലാമികേതര രാജ്യത്ത് ജീവിക്കുന്ന മുസ്ലിംകള്‍ നിലവിലെ കോടതികളെ സമീപിക്കേണ്ടി വരുന്ന ചില നിര്‍ബന്ധ സാഹചര്യങ്ങള്‍ ഉണ്ടാവും. അഥവാ, അങ്ങനെ ചെയ്തില്ലെങ്കില്‍ അവരുടെ അടിസ്തനാവകാശങ്ങള്‍ പോലും ഹനിക്കപ്പെടും എന്ന അവസ്ഥ വന്നാല്‍ നിര്‍ബന്ധിതാവസ്ഥയിലെ ഇളവു എന്ന നിലക്ക് അത്തരം കോടതികളെ സമീപിക്കാം. ഇക്കാര്യം ശൈഖ് ഇബ്നുബാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഫത്വാ സമിതിയുടെ ഫത്വകളില്‍ വളരെ കൃത്യമായി രേഖപ്പെടുത്തിയത് കാണാം. മുജാഹിദുകള്‍ അത് അംഗികരിക്കുന്നുണ്ടോ?
* ''ഇന്നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' എന്ന് ജമാഅത്ത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്നത്തെ നയം അതായിരുന്നതിനാല്‍ മാത്രമാണ്. പിന്നിട് ആ നയം മാറ്റി. അതിലെന്താണ് തെറ്റ് എന്നൊന്ന് മുജാഹിദുകള്‍ പറഞ്ഞുതരണം. (ജമാഅത്തിനു ഇത് ഇപ്പോള്‍ തോന്നിയതല്ല, 1962 മുതലേ തോന്നിയിട്ടുള്ളതും വിശദമായ ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം 1977 മുതല്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നതുമാണ്) നയം എന്നത് മാറ്റാനുള്ളതാണ്. നയം ഉള്ളവര്‍ക്കേ അത് മാറ്റാന്‍ പറ്റു. മുസ്ലിം ലീഗില്‍ ചേരല്‍ ഫര്‍ദും വാജിബും എന്ന് മുമ്പ് മുജാഹിദുകള്‍ എഴുതിവിട്ടത് നയമായിരുന്നോ അതോ രാഷ്ട്രിയ നയപാപ്പരത്തം കൊണ്ട് പറഞ്ഞു പോയതോ? ആ ‘നയം’ ഇപ്പോഴും ഉണ്ടോ എന്നുകൂടി വ്യക്തമാക്കുക.
വ്യവസ്ഥയെ ഇസ്ലാമികമാക്കി മാറ്റാന്‍ കഴിയില്ലെങ്കിലും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും വലിയ തിന്മയെ തടുക്കാന്‍ വേണ്ടിയും തെരഞ്ഞടുപ്പ് രാഷ്ട്രിയത്തെ ഉപയോഗപ്പെടുത്തുക എന്നതാണ് ഇന്നത്തെ നയം. ഇതൊക്കെ തെറ്റാണ് എന്ന് പറയുന്ന മുജാഹിദുകളുടെ ഇവ്വിഷയകമായ നയം (അങ്ങനെ ഒന്നുണ്ടെങ്കില്‍) അന്തെന്താണ് എന്നുകൂടി അബൂ ഹിമ എഴുതണം.

Aboo Amna Vatakara said...

(Part 5)
* ‘അത് അന്ന്, ഇന്ന് വാജിബ്’ എന്ന് പറഞ്ഞുകൊണ്ട് അബൂ ഹിമ ക്വാട്ട് ചെയ്ത ''ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നത് തൗഹീദിന് എതിരാവുന്നു.'' എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ 27 വര്‍ഷം എന്ന പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയുടെ പൂര്‍ണ രൂപം നേരത്തെ ഉദ്ധരിച്ചിട്ടുണ്ട്. അതായത്, ഇസ്ലാമികേതര വ്യവസ്ഥ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും ഉദ്ദേശിച്ചും ലക്‌ഷ്യം വെച്ചും മേല് സംഗതികളില്‍ പങ്കാളികളാകുന്നതിനെ കുറിച്ചാണ് ആ പറയുന്നത്. അത് തെറ്റാണ് എന്ന നിലപാടില്‍ ജമാഅത്ത് ഇന്നും ഒരു മാറ്റവും വരുത്തിയിട്ടില്ല. വരുത്തുന്ന പ്രശ്നവുമില്ല. ഈ നിലപാട് തെറ്റാണു എന്നു വാദിക്കുന്ന മുജാഹിദുകള്‍ ഇതിന്നൊക്കെ നിങ്ങളെ അനുവദിക്കുന്ന ഇസ്ലാം ഏതാണ് എന്നും അതിന്നു നിങ്ങള്‍ക്കുള്ള പ്രമാണം എന്താണ് എന്നും ഒന്നു വിശദികരിച്ചു തരണം എന്നഭ്യര്‍ഥിക്കുന്നു. ഒരു വിരല്‍ ജമാഅത്തിനെതിരെ നീട്ടുമ്പോള്‍ ബാക്കി നാല് വിരലുകള്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നു എന്ന കാര്യം മറക്കേണ്ട.
* ‘വോട്ട്-സിദ്ധാന്തങ്ങള്‍ക്ക്’ എന്ന തലക്കെട്ടിനു കീഴില്‍ അബൂ ഹിമ ഉദ്ധരിച്ച (പ്രബോധനം, 1960 ജനുവരി 2) വാചകം ഞാന്‍ കണ്ടിട്ടില്ല. ഇതിന്നുള്ള മറുപടിയില്‍ അതിന്റെ പൂര്‍ണ രൂപം ഒന്നു ഉദ്ധരിക്കണം. എതായാലും അങ്ങനെയൊന്നുണ്ടെങ്കില്‍ അത് നേരത്തെ പറഞ്ഞത് പോലെ ഇസ്ലാമികേതര വ്യവസ്ഥ സ്ഥാപിക്കാന് ഉദ്ദേശിച്ചും ലക്‌ഷ്യം വെച്ചുംതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനെ കുറിച്ചാ ണെന്നതില്‍ സംശയമില്ല. അതിനോടുള്ള നിലപാടു മുകളില്‍ ഒന്നിലധികം തവണ വ്യക്തമാക്കിയല്ലോ.
* ലാത്ത പോയി മനാത്ത വന്നു എന്ന വാചകം വെച്ചുകൊണ്ടുള്ള പരിഹാസത്തെ കുറിച്ച് ഒരു മുജാഹിദുകാരന്റെ വിവരക്കേട് എന്നേ പറയാനുള്ളൂ. ഇസ്ലാമികേതര വ്യവസ്ഥകളെ ശറഈ അടിത്തറകളില് നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍ അങ്ങനെയേ പറയാന്‍ പറ്റു. മുജാഹിദുകള്‍ പിളര്‍ന്നപ്പോള്‍ സകരിയ്യാ സ്വലാഹിയുടെ കൂടെപോയ ടിമിലെ യുവ പ്രഭാഷകനായ അബ്ദുല്‍ മുഹ്സിന്‍ ഐദീദു ഇക്കാര്യം തുറന്നു പറ യുന്നുണ്ട്. ജമാഅത്ത് ഈ പറഞ്ഞതിനെ അദ്ദേഹം പൂര്‍ണമായും അനുകൂലിക്കുക മാത്രമല്ല ഈ വിഷയത്തില്‍ ജമാഅത്തിനെ വിമര്‍ശിച്ച മുജാഹിദുകള്‍ക്കാണ് തെറ്റുപറ്റിയത് എന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. http://edawa.net/janadipathyam_islam_muhsin/
എന്ന സൈറ്റില്‍ പോയി അതൊന്നു കേട്ടാല്‍ മാത്രം മതി അബൂ ഹിമയുടെയും കൂട്ടുകാരുടേയും വാദങ്ങളിലെ ജഹാലത്തും ഇസ്ലാം വിരുദ്ധതയും ഹിസ്ബിയ്യത്തും ബോധ്യമാവാന്‍. അല്ല അബൂ ഹിമാ ഇസ്ലാമികേതര വ്യവസ്ഥകളില്‍ ഒന്നു പോയി മറ്റൊന്ന് വരുമ്പോള്‍ ഇവ്വിധം പറഞ്ഞാല്‍ അതില്‍ എന്ത് തെറ്റാണ് താങ്കള്‍ കാണുന്നത്? എന്താണ് താങ്കളുടെ വീക്ഷണത്തില്‍ ശരിയായ നിലപാട്?.
* ഇസ്ലാം ജലരേഖയാവട്ടെ’ എന്ന പരിഹാസത്തിനു (അതോ അബൂ ഹിമയുടെ മോഹമോ?!) താഴെ സയ്യിദ് മൌദൂദിയുടെ ‘മതേതരത്വം, ദേശീയത, ജനാധിപത്യം ഒരു താത്വിക വിശകലനം’ എന്ന പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ച ഭാഗത്തിനോട് വിയോജിക്കാന്‍ അല്ലാഹുവിന്റെ ഏകത്വം അംഗികരിക്കുന്ന ഒരു മുസല്‍മാനു എങ്ങനെയാണ് സാധിക്കുക? മൌദൂദി സാഹിബ് ആ പറഞ്ഞത് പ്രകാരമല്ലാതെ അതിന്നെതിരായോ മറ്റോ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് സംസാരിച്ച ഒരു ഇസ്ലാമിക പണ്ഡിതനെയെങ്കിലും കൊണ്ടുവരാന്‍ അബൂ ഹിമയെ ഞാന്‍ വെല്ലുവിളിക്കുന്നു. ലോക സലഫി പ്ണ്ടിതന്മാരെല്ലാം ഈ വിഷയം ഇതിനേക്കാള്‍ ശക്തമായ സ്വരത്തില്‍ സംസാരിച്ചവരാണ് എന്ന വിവരം അബൂ ഹിമക്ക് അറിയുമോ? അവരുടെ ഭാഷയില്‍ ജനാധിപത്യം വ്യക്തമായ കുഫ്റും ശിര്‍ക്കും ത്വാഗൂത്തുമാണ്! അതില്‍ വിശ്വസിക്കുന്നവന് ഇസ്ലാമിക വൃത്തത്തില്‍ സ്ഥാനമില്ല എന്നും അവര്‍ പറയുന്നു! (ഈ സലഫി വീക്ഷണത്തില്‍ ഇസ്ലാം ജലരേഖയായോ അബൂ ഹിമാ?) ആധിപത്യം ജനങ്ങള്‍ക്ക് എന്ന അടിത്തറയാണു ജനാധിപത്യത്തില്‍ ഇസ്ലാമിന്റെ തൌഹിദുമായി നേര്‍ക്കു നേരെ ഏറ്റുമുട്ടുന്ന പ്രഥമ പോയിന്റ്. ഇത്രയേ മൌദൂദി സാഹിബും പറഞ്ഞിട്ടുള്ളൂ. എന്നല്ല പാക്കിസ്ഥാനില്‍ പില്‍ക്കാലത്ത് ജനാധിപത്യ വ്യവസ്ഥയെ തന്റെ വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തി വോട്ടു രേഖപ്പെടുത്തുകകൂടി ചെയ്ത പണ്ഡിതനാണ് അദ്ദേഹം എന്ന കാര്യം അബൂ ഹിമയെപ്പോലെയുള്ള മുജാഹിദ് മൗലവിമാരുടെ ലേഖനങ്ങള്‍ വായിക്കുകയും പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും മാത്രം ചെയ്തു ജമാഅത്തിനെ തെറ്റിദ്ധരിച്ച എത്ര മുജാഹിദുകള്‍ക്ക് അറിയാം?! (ഒരേ സമയം രണ്ടു ദൈവങ്ങള്‍ എന്ന തലക്കെട്ടില്‍ അബൂ ഹിമ ഉദ്ധരിക്കുന്ന മതേതരത്വ സംബന്ധമായ ഉദ്ധരണിയുടെ ആശയവും അത് സംബന്ധമായ വിശദീകരണവും നേരത്തെ പറഞ്ഞതിനാല്‍ ഇനിയും ആവര്‍ത്തിക്കുന്നില്ല)

Aboo Amna Vatakara said...

(Part 6)
* ‘വല്ലാത്തൊരു തത്വം!!’ എന്ന തലക്കെട്ടിനു കീഴില്‍ അബൂ ഹിമ ഉദ്ധരിക്കുന്ന പ്രബോധനത്തില്‍ നിന്നുള്ള ഉദ്ധരണികൊണ്ട് എന്താണ് ഉദ്ദേശിച്ചത്?, അതില്‍ കണ്ട തെറ്റ് എന്താണ് എന്നും ഒട്ടും വ്യക്തമല്ല. അതൊന്നു അബൂ ഹിമ വ്യക്തമാക്കണം. നിയമനിര്‍മാണാധികാരം വകവെച്ചുകൊണ്ടുള്ളതല്ലാത്ത (അങ്ങനെ വകവെച്ചു കൊടുത്താല്‍ അത് ശിര്‍ക്കായി) ഒരു അനുസരണം ഇസ്ലാമികേതര വ്യ്വസ്ഥക്ക് സാധ്യമല്ല എന്നതാണോ താങ്കളുടെ വാദം? എങ്കില്‍ അതൊന്നു തുറന്ന് പറയുക. ജമാഅത്തിനെ വിമര്‍ശിച്ചു വിമര്‍ശിച്ചു മുജാഹിദുകള്‍ ഖവാരിജുകളുടെ വാദം കടമെടുക്കുന്നുണ്ട് എന്നാണു തോന്നുന്നത്.
* ‘മറന്നുപോയ നയം’ എന്ന തലക്കെട്ടില്‍ പറയുന്നത് തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുക എന്നതാണ് ജമാഅതതിന്റെ നയം എന്ന് എല്ലാവര്ക്കും അറിയാം എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്ത് എന്തല്ല എന്ന ലഘുലേഖയില്‍ നിന്നുള്ള ഉദ്ധരണിയാണ്. ഇതിലെന്താണ് സാഹിബേ ഇത്ര അദ്ഭുതം? പില്‍ക്കാലത്ത് ആ നയം മാറ്റി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ പഴയ നയം ഇങ്ങനെ ഓര്‍ത്ത് നടക്കണം എന്നാണോ?! അങ്ങനെ ഓര്‍ത്ത് അതിനെ ഹറാം ഹലാലാക്കലും ആദര്‍ശമാറ്റമാക്കി ചിത്രികരിക്കലും മുസ്ലിം ലീഗിന്റെ ബി ടിമായ മുജാഹിദുകളുടെ ആവശ്യമാണ്‌ എന്നതല്ലേ വാസ്തവം?! ഇങ്ങനെ പല നയങ്ങളും (അങ്ങനെ ഒന്നുണ്ടെങ്കില്‍) മുജാഹിദുകളും മാട്ടിയിട്ടില്ലേ ന്നു ഉദാഹരണ സഹിതം മുകളില്‍ ചോദിച്ചത് മറക്കേണ്ട.
* അനിസ്ലാമിക ഭരണ വ്യവസ്ഥയില്‍ ഭാഗവാക്കാകുന്നത് ഇസ്ലാമികമായി അനുവദനീയമല്ല എന്ന പ്രബോധനത്തിലെ പരാമര്‍ശവുമായി ബന്ധപ്പെട്ടും നേരത്തെ പല പ്രാവശ്യം പറഞ്ഞത് തന്നെയാണ് ആവര്ത്തിക്കാനുള്ളത്. ഇസ്ലാമികേതരമായ വ്യവസ്ഥ നടത്തിക്കൊണ്ടുപോകലാണ് ഉദ്ദേശ്യമെങ്കില്‍ അത് അനുവദനീയമല്ല തന്നെ. ആണെന്ന് വാദിക്കുന്ന മുജാഹിദുകള്‍ അതിന്നുള്ള തെളിവൊന്നു ഹാജരാക്കിയേ പറ്റു. (അതിനാല്‍ തന്നെ ‘അലിഞ്ഞ് പോയ ഉറപ്പ്’ എന്നത് അബൂ ഹിമയുടെ വിവരക്കേടോ ഇസ്ലാം വിരുദ്ധ മനസ്സോ ആണ് സ്വയം വെളിപ്പെടുത്തുന്നത്.)
എന്നാല്‍ ഇത്തരമൊരു വ്യവസ്ഥയെ ഇസ്ലാമിക വ്യവസ്ഥക്ക് വേണ്ടിയുള്ള സംസ്ഥാപനത്തിന്റെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താമോ എന്ന ഇജ്തിഹാദിയായ വിഷയത്തില്‍ ഉപയോഗപ്പെടുത്താം എന്ന നിലപാടില്‍ എത്തിപ്പെട്ടതാണ് ജമാഅത്ത് ഇന്ന് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന ഒരു രാഷ്ട്രിയ പാര്‍ട്ടി തന്നെ ഉണ്ടാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലേക്ക് നേരിട്ട് ഇറങ്ങാനുള്ള കാരണം. അല്ലാതെ മുമ്പ് ശിര്‍ക്ക് എന്ന് പറഞ്ഞതിനെ തൌഹീദാക്കിയതോ ഹറാം എന്ന് പറഞ്ഞതിനെ ഹലാല്‍ ആക്കിയതോ മതേതരത്വത്തേയും ജനാധിപത്യത്തേയും തൌഹീദിനും ആഖിറത്തിനും പകരമായി സ്വികരിച്ചതോ അല്ല തന്നെ. ആണെന്നത് മുജാഹിദുകളുടെ കല്ലുവെച്ച നുണകള്‍ മാത്രം.
മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിഷയത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ താത്വികവും പ്രായോഗികവുമായ വശങ്ങളിലെ ഈ നിലപാടുകള്‍ ഇസ്ലാമിക വിരുദ്ധമാണ് എന്നു വാദിക്കുന്ന മുജാഹിദുകള്‍ക്ക് ആത്മാര്‍ഥതയുടെ അംശമെങ്കിലും ഉണ്ടെങ്കില്‍ ഈ വിഷയങ്ങളിലൊക്കെയുംജമാഅതതിന്റെതിനേക്കാള്‍ കര്‍ക്കശ നിലപാട് സ്വികരിച്ച ലോക പ്രശസ്തരായ സലഫി പണ്ഡിതന്മാരെ കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകമുണ്ട്. ഈ ചോദ്യത്തോട് ഉരുളാതെ പ്രതികരിക്കാന്‍ അബൂ ഹിമയോ മറ്റേതെങ്കിലും മുജാഹിദുകാരോ തയ്യാറാവുമോ?
എന്‍.ബി: മേല്‍ പറയപ്പെട്ടതും അല്ലാത്തതുമായ ജമാഅത്ത് മുജാഹിദ് അഭിപ്രായ വ്യത്യാസങ്ങളില്‍ അടിസ്ഥാന സ്വഭാവമുള്ള വിഷയങ്ങളില്‍ പ്രമാണ സഹിതമുള്ള വാട്ട്സ്അപ്പ് ചര്‍ച്ചക്ക് സന്നദ്ധതയുള്ള ഏതെങ്കിലും മുജാഹിദുകള്‍ –അവര്‍ എത്ര വലിയ എഴുത്തുകാരും പ്രഭാഷകരും ആയാലും ശരി- ഉണ്ടെങ്കില്‍ അവരെ സസന്തോഷം ക്ഷണിക്കുന്നു, ‘തജ്ദീദു’ ഗ്രൂപ്പിലേക്ക്. താല്‍പര്യമുള്ളവര്‍azeezpnm@gmail.com എന്ന ഇമെയ്ല്‍ ഐ.ഡിയില്‍ വാട്ട്സ് അപ്പ് നമ്പര്‍ സഹിതം ബന്ധപ്പെടുക. അതുപോലെ, ജനാധിപത്യം, മതേതരത്വം, വോട്ടിംഗിനോടും തെരഞ്ഞെടുപ്പുകളോടുമുള്ള നിലപാട് തുടങ്ങിയ വിഷയങ്ങളിലെ സലഫി ഉദ്ധരണികളുടെ അറബി മുലം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാവുന്നതാണ്. മുജാഹിദുകളുടെ സലഫി മുഖംമൂടി പൊളിച്ചുമാറ്റാന്‍ അവ തന്നെ ധാരാളമാണ് എന്ന് നിങ്ങള്‍ക്ക് കണ്ടറിയാം.
|(ജമാഅത്തുകാരുടെ ക്ഷമയും ദയയും കൊണ്ട് മാത്രമാണ് ഇത്രയും കാലം മുജാഹിദുകള്‍ക്ക് സലഫി മുഖംമൂടി അണിഞ്ഞു നടക്കാനയത്, ഈ കപട നിലപാടിനെയൊക്കെ എന്നോ പൊളിച്ചടക്കേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം.)
എന്ന്,
അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടം

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes