“ഒരു ഹദീഥിന്റെ റിപ്പോര്‍ട്ടര്‍മാര്‍ എത്രയും പരിശുദ്ധരും സത്യസന്ധരുമായിരുന്നാല്‍ പോലും അതിലെ ആശയം ഖുര്‍ആനിന്റെ വ്യക്തമായ പ്രസ്താവനക്കെതിരായി വരുമ്പോള്‍ ആ ഹദീഥ് തള്ളിക്കളയണമെന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല.“ (കെ പി മുഹമ്മദ് മൗലവി - അത്തവസ്സുല്‍ ,പേജ്: 52)
"എന്നാല്‍ ഒരു ഹദീസിന്റെ റിപ്പോര്‍ട്ട് പ്രത്യക്ഷത്തില്‍ ന്യൂനതയില്ലാത്തതായി കണ്ടാലും അത് ഖുര്‍ആനിന്റെ വ്യക്തമായ നിർദേശത്തിന് വിരുദ്ധമായാല്‍ തള്ളേണ്ടതാകുന്നു. ഖുര്‍ആനിന് വിരുദ്ധമായത് നബി (സ) പറയുകയില്ലല്ലോ. ആകയാല്‍ എവിടെയോ അതില്‍ കുഴപ്പം വന്നിരിക്കാമെന്നും അത് അറിയപ്പെടാതെ പോയതായിരിക്കാം എന്നും അനുമാനിക്കാനേ നിവര്‍ത്തിയുള്ളൂ." (വിചിന്തനം - 2013മാര്‍ച്ച് 15. പേജ് 12)
വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, നബി(സ) മസ്‌ഹൂറാണെന്നത് അക്രമികളുടെ വാദമാണെന്നും അങ്ങിനെ പറഞ്ഞതിനാൽ അവർ വഴിപിഴച്ചെന്നും.(17:47,48 & 25:8,9) ആ സ്ഥിതിക്ക് പ്രസ്തുത പ്രഖ്യാപനത്തിന്റെ സമയത്ത് മാത്രമല്ല അതിനു മുൻപോ ശേഷമോ ഒരു നിമിഷം പോലും നബി(സ) മസ്‌ഹൂറായെന്ന് എങ്ങിനെ അംഗീകരിക്കും?.
വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, മാരണക്കാർക്ക് ഒരിക്കലും വിജയിക്കാനാവില്ല എന്ന്.(20:69 & 10:77). ആ സ്ഥിതിക്ക് പ്രവാചകനെ ഉപദ്രവിക്കാൻ കൂടോത്രം ചെയ്ത ലബീദ് എന്ന സാഹിർ വിജയിച്ചെന്ന് എങ്ങിനെ അംഗീകരിക്കും?
വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസന്‍മാരെ ഉപദ്രവിക്കാന്‍ പിശാചിനു സാധ്യമല്ലെന്ന് (15:40,41,42), ആ സ്ഥിതിക്ക് അത്യുത്തമനായ പ്രവാചകനെ പിശാചിന്റെ സഹായത്തോടെ ലബീദെന്ന ജൂതൻ കൂടോത്രം ചെയ്ത് ഉപദ്രവിച്ചെന്ന് എങ്ങിനെ അംഗീകരിക്കും?
വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, (പ്രബോധന ദൗത്യത്തെ ബാധിക്കുന്ന) ജനോപദ്രവങ്ങളില്‍ നിന്ന് അല്ലാഹു നബിയെ സംരക്ഷിക്കുമെന്ന് (5:67), ആ സ്ഥിതിക്ക് ഒരു ജൂതന്റെ ദ്രോഹത്തിന് ഇരയായി പ്രവാചകന്റെ ധിഷണയിൽ താളപ്പിഴയുണ്ടായെന്ന് പറയുന്നത് എങ്ങിനെ അംഗീകരിക്കും?
വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, പ്രത്യക്ഷ ദൃഷ്ടാന്തമെന്ന നിലക്ക് ആകാശത്തിലേക്ക് ഒരു മാർഗ്ഗം തുറന്ന് കൊടുത്താലും മുശ്‌രിക്കുകൾ ഇതൊന്നും യഥാർത്ഥമല്ല സിഹ്‌റ് കാരണമുള്ള തോന്നൽ മാത്രമാണെന്ന് പറയുമെന്ന് വ്യക്തമാക്കുന്ന 15:14,15 വചനങ്ങൾ ഹഖീഖത്തില്ലാത്തതിനെയാണ് സിഹ്‌ർ എന്ന് പറയുക എന്ന് മനസ്സിലാക്കിത്തരുന്നു. ആ സ്ഥിതിക്ക് സിഹ്‌റിനു യാഥാർത്ഥ്യമുണ്ടെന്ന് എങ്ങിനെ അംഗീകരിക്കും?
വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി (സിഹ്‌റാണെന്ന്) നിങ്ങള്‍ പറയുകയോ? സിഹ്‌റാണോ ഇത്? എന്ന് മൂസാ(അ) ചോദിക്കുന്നു. (10:77). യാഥാർത്ഥ്യമില്ലാത്തത് എന്ന ആശയംതന്നെയാണ് ഇവിടെയും സിഹ്‌റിനു നൽകപ്പെട്ടിട്ടുള്ളത്. ആ സ്ഥിതിക്ക് സിഹ്‌റിനു യാഥാർത്ഥ്യമുണ്ടെന്ന് എങ്ങിനെ അംഗീകരിക്കും?
വിശുദ്ധ ഖുർആൻ പറയുന്നു, അവിശ്വാസികൾ നരകാഗ്നിയിലേക്ക് ശക്തിയായി പിടിച്ച് തള്ളപ്പെടുന്ന ദിവസം, ഇതത്രെ നിങ്ങള്‍ നിഷേധിച്ച് കളഞ്ഞിരുന്ന നരകം , അപ്പോള്‍ ഇത് സിഹ്‌റാണോ, അതോ നിങ്ങളിത് (യാഥാര്‍ത്ഥ്യമാണെന്ന്) കാണുന്നില്ലയോ എന്ന് അവരോട് ചോദിക്കപ്പെടുമെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍(52:13,14,15) പറയുന്നു. സിഹ്ര്‍ യാഥാര്‍ത്ഥ്യമല്ലെന്നും കേവലം മിഥ്യയാണെന്നും ഈ വചനം നമ്മെ ബോധ്യപ്പെടുത്തുന്നു. ആ സ്ഥിതിക്ക് സിഹ്‌റിനു യാഥാർത്ഥ്യമുണ്ടെന്ന് എങ്ങിനെ അംഗീകരിക്കും?
വിശുദ്ധ ഖുർആൻ പറയുന്നു, ഓരോ പ്രവാചകന്‍മാരുടെയും പ്രബോധിതര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍, ഇത് വ്യക്തമായ സിഹ്‌റല്ലാതെ മറ്റൊന്നുമല്ലെന്ന് പറയാറുണ്ടായിരുന്നെന്ന്.(ഉദ: 5:110, 6:7, 10:2, 10:76, 15:15, 17: 101, 21:2-3 , 26: 153, 26:185, 27:13, 28:36, 34: 43, 37:15, 46:7, 54:2, 61:6 , 74: 24 , ..). സിഹ്‌ർ എന്നാൽ അടിസ്ഥാനമില്ലാത്ത മിഥ്യയാണെന്നാണിതിൽ നിന്ന് വ്യക്തമാവുന്നതെന്നിരിക്കെ അത്തരമൊരു മിഥ്യ പ്രവാചകനെതിരിൽ യഥാർത്ഥത്തിൽ ഫലിപ്പിക്കാൻ ഒരു ജൂതന് കഴിഞ്ഞു എന്ന് എങ്ങിനെ അംഗീകരിക്കും?
വിശുദ്ധ ഖുർആൻ പറയുന്നു, നിങ്ങളുടെ പങ്കാളികളെയൊക്കെ പൂജിച്ച് ഒട്ടും ഇട തരാതെ (മറഞ്ഞ മാർഗ്ഗത്തിൽ) എനിക്കെതിരെ കുതന്ത്രം പ്രയോഗിച്ച് കൊള്ളുക എന്ന് അല്ലാഹു പ്രവാചകനോട് ശത്രുക്കളെ വെല്ലുവിളിക്കാൻ നിർദ്ദേശിക്കുന്നു .(7: 195 ). ശത്രുക്കൾക്ക് ഒരിക്കലുമങ്ങിനെ ചെയ്യാനാവില്ലെന്നാണിതിന്റെ ഉദ്ദേശമെന്നിരിക്കെ ലബീദെന്ന ശത്രുവിന് ശിർക്കിലധിഷ്ഠിതമായ ക്ഷുദ്രക്രിയകളിലൂടെ അത് സാധിച്ചെന്ന് എങ്ങിനെ അംഗീകരിക്കും?
വിശുദ്ധ ഖുർആൻ പറയുന്നു, തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു എന്ന് (7:201). അപ്പോൾ മറ്റേതൊരു മനുഷ്യനേക്കാളും സൂക്ഷ്മത പാലിക്കുന്ന പ്രവാചകന് മാസങ്ങളോളം കൂടോത്രം ബാധിച്ച് അദ്ദേഹത്തിന്റെ മനോനിലയിൽ വ്യതിയാനം വന്നു പ്രയാസമനുഭവിച്ചെന്ന് എങ്ങിനെ അംഗീകരിക്കും?
വിശുദ്ധ ഖുർആൻ പറയുന്നു, സിഹ്‌റിൽ വിശ്വസിക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് .(4:51,52), അപ്പോൾ, പ്രവാചകനു മാരണം ബാധിച്ചെന്ന് എങ്ങിനെ അംഗീകരിക്കും?
പക്ഷെ.............!!! വസ്തുത ഇങ്ങിനെയൊക്കെയാണെങ്കിലും, ചിലർക്ക് ലബീദ് ബ്‌നു അഅ്സം പ്രവാചകനെതിരെ ചെയ്ത കൂടോത്രം പിശാചിന്റെ സഹായത്തോടെ ഫലിക്കുകയും അത് വഴി അല്ലാഹുവിന്റെ റസൂലിന്റെ മനോനിലയിൽ തകരാറ് സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനും വലിയ വാശിയാണിപ്പോൾ. പക്ഷെ, പ്രമാണങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുന്നുമില്ല. ചിലരെങ്കിലുമിപ്പോൾ ഗവേഷണത്തിലാണ്...
ചിലർ പറയുന്നു, റസൂലിനു മൂസാ(അ)ക്ക് തോന്നിയ പോലെ ചെറിയൊരു തോന്നൽ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന്. ആ ന്യായീകരണത്തിന് നിലനിൽപ്പില്ല. കാരണം, മൂസ(അ)യുടെ മുന്നിൽ നടന്നത് കാര്യകാരണ ബന്ധം മനസ്സിലാക്കാവുന്ന വെറുമൊരു മാജിക്ക് ആയിരുന്നു. പ്രവാചകനെതിരിൽ ചെയ്തെന്ന് ഹദീസിൽ പറയുന്നത് ഗൈബിയായ നിലക്കുള്ളതെന്ന് പറയപ്പെടുന്ന കൂടോത്രമാണ്.
ചിലർ പറയുന്നു, ഭാര്യമാരെ സമീപിക്കുന്നതിലുള്ള ചെറിയ ആശയക്കുഴപ്പമേ നബിക്കുണ്ടായിട്ടുള്ളൂ എന്ന്. ആ ന്യായീകരണത്തിനും നിലനിൽപ്പില്ല. കാരണം, റസൂലിന് ഒരു സംഗതി ചെയ്തിട്ടുണ്ടാവുമെന്ന് തോന്നും, വാസ്തവത്തിൽ അത് ചെയ്തിട്ടുണ്ടാവില്ല എന്നാണ് സ്വഹീഹുൽ ബുഖാരിയിലെ ഇത് സംബന്ധിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്. നാൽപ്പത് ദിവസമോ ആറ് മാസമോ ഒക്കെ ഇത്തരമൊരു അനുഭവമുണ്ടാവുക എന്നത് ഗുരുതരമായ അവസ്ഥ തന്നെയാണ്.
ചിലർ പറയുന്നു, റസൂലിനു ബാധിച്ചു എന്ന് പറയുന്ന മാരണത്തിൽ പിശാചിനു പങ്കില്ല. അത് വിമർശകർ വെറുതെ ആരോപിക്കുകയാണ്. ആ ന്യായീകരണത്തിനും നിലനിൽപ്പില്ല. കാരണം, സ്വഹീഹുൽ ബുഖാരിയിൽ ബാബു സ്വിഫത്തു ഇബ്‌ലീസി വ ജുനൂദിഹി എന്ന അധ്യായത്തിൽ ഒന്നാമത്തേതായി കൊടുത്തിട്ടുള്ളത് നബിക്ക് സിഹ്ർ ബാധിച്ചെന്ന ഹദീ്സ് ആണ്. ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) ഇതിനെ കുറിച്ച്, ശൈത്വാന്റെ സഹായത്തോടെയേ മാരണം പൂർത്തിയാവൂ എന്നും അത് കൊണ്ടാണ് ഈ അധ്യായത്തിൽ ഇത് കൊണ്ടുവന്നത് എന്നും പ്രസ്താവിക്കുന്നുണ്ട്. സ്വഹീഹുൽ ബുഖാരിയിലെ ഹദീസിനെ വിമർശിക്കുന്നത് ഹദീസ് നിഷേധമായി കാണുന്നവർ റസൂലിനു ബാധിച്ചു എന്ന് പറയുന്ന മാരണത്തിൽ പിശാചിനു പങ്കില്ല എന്ന വാദത്തെ എങ്ങിനെ കാണും.
ചിലർ പറയുന്നു നബി(സ)ക്ക് ഫലിച്ചു എന്ന് പറയുന്ന കൂടോത്രത്തിന്റെ പ്രവർത്തനം കാര്യകാരണ ബന്ധത്തിനധീനമാണെന്ന്. ആ ന്യായീകരണത്തിനും നിലനിൽപ്പില്ല. കാരണം, ലബീദ് എന്നൊരു ജൂതന്‍ മദീനയുടെ എവിടെയോ ഇരുന്ന് ചീര്‍പ്പ്, മുടി, ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാള എന്നീ വസ്തുക്കളില്‍ എന്തോ ആഭിചാരക്രിയകള്‍ നടത്തി ദർവാൻ എന്ന കിണറ്റിലിട്ടതിന്റെ പേരില്‍, അതൊന്നുമറിയാതിരുന്ന നബിക്ക് അത് ആ ജൂതന്‍ ഉദ്ദേശിച്ച പ്രകാരം നബിയുടെ മാനസിക നില തകരാറിലാവാന്‍ കാരണമായെന്ന്പറയുന്നതിലെ കാര്യകാരണ ബന്ധം ആർക്കും വിശദീകരിക്കാനായിട്ടില്ല.
ചിലർ പറയുന്നു, നബി(സ)ക്ക് സേവനം ചെയ്തിരുന്ന ജൂതപ്പയ്യന്റെ കയ്യിൽ ലബീദ് എൽപ്പിച്ച വിഷം അവൻ തന്ത്രപരമായി നബിയുടെ ഭക്ഷണത്തിൽ ചേർത്തതാണ് ആ സിഹ്റ് എന്ന്. മറ്റു ചിലർ പറയുന്നു, ലബീദ് വിഷം പുരട്ടി വെച്ച ചീർപ്പുപയോഗിച്ച് മുടി ചീകിയപ്പോൾ റസൂലിന്റെ തലയോട്ടി വഴി തലച്ചോറിന്റെ പ്രവർത്തനത്തിൽ അത് മാറ്റങ്ങളുണ്ടാക്കി എന്ന്. വേറെ ചിലർ പറയുന്നു, റസൂലിന്റെ മുടിയും ചീർപ്പും ഉപയോഗിച്ച് റസൂലിന്റെ മുന്നിൽ നിന്ന് എന്തോ ചെയ്തപ്പോൾ റസൂലിനു തോന്നലുണ്ടായി എന്ന്. ആ ന്യായീകരണങ്ങൾക്കും നിലനിൽപ്പില്ല. കാരണം, റസൂലിനു സിഹ്‌ർ ബാധിച്ചെന്ന വാദത്തിനു അടിസ്ഥാനമാക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾ പ്രകാരം ഇങ്ങിനെ വ്യാഖ്യാനിക്കാൻ കഴിയില്ല.
ചുരുക്കത്തിൽ, പുണ്യറസൂലിനു കൂടോത്രം ബാധിച്ചെന്ന് വിശ്വസിക്കാൻ തയ്യാറാവാത്തതിന്റെ പേരിൽ നിങ്ങൾക്ക് ഞങ്ങളെ എന്തും വിളിക്കാം. മുഅത്തസലിയെന്നോ ചേകനൂരിയെന്നോ നുബുവ്വത്ത് നിഷേധികളുടെയോ വിധി നിഷേധികളുടെയോ ജിന്ന് നിഷേധികളുടെയോ ഒക്കെ പിൻഗാമി എന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ. എങ്കിലും ആണയിട്ട് ഞങ്ങൾ പറയും, ഞങ്ങളുടെ മുത്ത് റസൂലിനു മാരണം ബാധിച്ചിട്ടില്ല എന്ന്.
ഒടുവിൽ ഇത് കൂടി വായിക്കാം...👇 ''ഒരു വിഷയത്തില്‍ എന്താണ് വിധിയെന്ന് ചോദ്യം വന്നാല്‍, ഉടനെ പലരും ചെയ്യുന്നത് ഏതെങ്കിലുമൊരു ഫിഖ്ഹ് ഗ്രന്ഥത്തിലെ വാചകമെടുത്തുകൊടുക്കുകയാണ്. അതാണ് വിധിയെന്ന നിലക്ക്. അതോടെ ചര്‍ച്ച അവസാനിക്കുന്നു. തെളിവായി ഖുര്‍ആനോ സുന്നത്തോ ഉദ്ധരിക്കുന്നില്ല. അതിന്റെ ആവശ്യമുണ്ട് എന്നുപോലും അവര്‍ക്ക് തോന്നുന്നില്ല!.... തെളിവാക്കാന്‍ കൊള്ളാത്തത് തെളിവാക്കാന്‍ ശ്രമിച്ചാലോ? അത് നമുക്ക് നഷ്ടവും ബാധ്യതയും ശല്യവുമായി മാറുന്നു. അത്തരം തെളിവുകളെ വലിച്ചെറിയാനും തെറ്റുതിരുത്താനും ഖേദം പ്രകടിപ്പിക്കാനും തയ്യാറാവണം. പണ്ഡിതന്മാരും ഗ്രന്ഥങ്ങളും നമുക്ക് ആസ്തിയാണ്, ബാധ്യതയല്ല. ഏതെങ്കിലും പണ്ഡിതനോ കുറെ പണ്ഡിതന്മാരോ പറഞ്ഞെന്നു കരുതി അത് സത്യമാകണം എന്നു ശഠിക്കേണ്ടതില്ല. സത്യവുമായി അല്പമെങ്കിലും ബന്ധം കുറവുണ്ടെങ്കില്‍ അഥവാ പൂര്‍ണ സത്യമല്ലെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ഭാരവും ബാധ്യതയും കാര്യവും നമുക്കില്ല. പണ്ഡിതന്മാര്‍ പണ്ഡിതന്മാര്‍ മാത്രം. നമുക്ക് കടപ്പാട് ഖുര്‍ആനിനോടും സുന്നത്തിനോടും മാത്രം. അബദ്ധം ആരു പറഞ്ഞാലും അബദ്ധം. ഒരു ദുര്‍ബല വചനം എത്ര പണ്ഡിതന്മാര്‍ ഏതു ഗ്രന്ഥത്തില്‍ വിവരിച്ചാലും അത് പ്രബല വചനമാവില്ലല്ലോ. ഒരു അസത്യ വ്യാഖ്യാനം എത്ര മുസ്‌ലിംകള്‍ നൂറ്റാണ്ടുകളുമായി ആവര്‍ത്തിച്ചാലും അത് സത്യമാവില്ലല്ലോ. എങ്കില്‍ പണ്ഡിതന്മാരുടെ വാക്കുകളെച്ചൊല്ലി നാം ബേജാറാവാതിരിക്കണം. അവര്‍ അങ്ങനെയാണല്ലോ പറഞ്ഞത് എന്നത് സത്യമെന്തെന്നു കണ്ടെത്താനോ വെട്ടിത്തുറന്ന് പറയാനോ നമുക്ക് തടസ്സമാവരുത്. ഉത്തമ പണ്ഡിതന്മാരൊക്കെ ചെയ്തത് അവര്‍ക്ക് മനസ്സിലായ സത്യം ധീരമായി പറയുകയാണ്. ഒരു കാര്യം സത്യമാവണമെങ്കില്‍ അത് സത്യമായാല്‍ മാത്രം മതി. പണ്ടുള്ള പണ്ഡിതന്മാരാരെങ്കിലും അത് പറഞ്ഞിട്ടുണ്ടാകണമെന്നില്ല. പണ്ടുള്ളവരാരെങ്കിലും പറഞ്ഞതുകൊണ്ടുമാത്രം ഒരു കാര്യവും സത്യമായിത്തീരുന്നുമില്ല. പണ്ടുള്ളവര്‍ പലരും പല രീതിയില്‍ പറഞ്ഞു. അതിനര്‍ഥം, അവരാരും താന്താങ്ങള്‍ക്ക് മനസ്സിലായ സത്യം തുറന്നുപറയുമ്പോള്‍, അതു മറ്റാരെങ്കിലും പറഞ്ഞതാണോ എന്നു പരിഗണിച്ചില്ല എന്നതാണ്. സത്യത്തിന്റെ വില, അതു സത്യമാണ് എന്നത് മാത്രം..... പക്ഷേ ആരും മുമ്പ് പറഞ്ഞില്ല എന്നതു കൊണ്ടു മാത്രം തെളിവുള്ള ഒരു സത്യം പറയാതിരിക്കേണ്ടതില്ല. പല സ്റ്റേജില്‍ നിന്നും പേജില്‍ നിന്നും ഉയരുന്ന ചോദ്യമാണ്, പണ്ടാരെങ്കിലുമങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന കാര്യമാണെങ്കില്‍ മുന്‍കാല പണ്ഡിതര്‍ എന്തു പറഞ്ഞുവെന്നത് തീര്‍ച്ചയായും ഒരു വിഷയം തന്നെ. ഭാഷ, വ്യാകരണം തുടങ്ങിയ കാര്യങ്ങളിലും രേഖപ്പെട്ടതെന്തെന്നറിയുക ആവശ്യമാണ്. പക്ഷേ, ഏതു കാര്യത്തിലും നമുക്ക് വ്യക്തമായ കാര്യം തുറന്നു പറയണമെങ്കില്‍ അതു മുന്‍ഗാമികളാരെങ്കിലും പറഞ്ഞിരിക്കണം എന്നു ശഠിച്ചിരുന്നെങ്കില്‍ മുമ്പും ആര്‍ക്കും ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല.... എന്നാല്‍ ആ പ്രബലമായ റിപ്പോര്‍ട്ടിന്റെ വാല്‍ക്കഷ്ണമായി ഒരു ദുര്‍ബലമായ റിപ്പോര്‍ട്ടുണ്ട്. മഹ്ര്‍ നിയന്ത്രിക്കാന്‍ താങ്കള്‍ക്കവകാശമില്ലെന്ന് ഒരു സ്ത്രീ പറയുകയും അത് കേട്ട് ഉമര്‍(റ) കരയുകയും ചെയ്തുവെന്നൊക്കെയുള്ള റിപ്പോര്‍ട്ട്. സന്ദര്‍ഭവശാല്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയെപ്പോലുള്ളവരുടെ കൃതികളില്‍ ഈ വാല്‍ക്കഷ്ണവും വന്നു. പിന്‍ഗാമികള്‍ മിക്കവരും പരിശോധന കൂടാതെ അതാവര്‍ത്തിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച ചര്‍ച്ചയിലും പള്ളി പ്രവേശം സംബന്ധിച്ച ചര്‍ച്ചയിലും വ്യാപകമായി ഈ വാല്‍ക്കഷ്ണം ഉദ്ധരിക്കപ്പെട്ടു. പരിശോധിച്ചാലറിയാം ഈ വാല്‍ക്കഷ്ണം തെളിവിനു കൊള്ളാത്തത്ര ദുര്‍ബലമാണെന്ന്. പക്ഷേ കാലങ്ങളായി ഉദ്ധരിക്കപ്പെട്ടുവന്നതുകൊണ്ട് അങ്ങനെയൊരു ദുര്‍ബലത അംഗീകരിക്കാന്‍ തന്നെ മിക്കവര്‍ക്കും പ്രയാസം. നമ്മളെത്രെ കാലം എടുത്തുകാണിച്ച ഹദീഥാണിത് എന്നുവരെ ചിലര്‍. ഇത് ഹദീഥല്ല. അസര്‍ (സ്വഹാബിയുടെ വചനം) ആണ്. നബിവചനത്തിന്റെ ആധികാരികത അതിനില്ല. 'ഒരു പെണ്ണിന്റെ വാക്കിനുവേണ്ടി നാം സത്യത്തെ തള്ളുകയോ എന്ന ഉമറി(റ)ന്റെ പ്രസിദ്ധമായ വാക്കിനു തന്നെ വിരുദ്ധവുമാണിത്....... ശരി, നാം കുറെ തവണ ഉദ്ധരിച്ചുപോയി എന്നതുകൊണ്ട് മാത്രം ഒരബദ്ധം ആവര്‍ത്തിക്കുന്നത് മഹാപാതകമാണ്.'' (സുഹൈർ ചുങ്കത്തറ, വിചിന്തനം വാരിക, 2005 ജൂലയ് 29, പേജ് 3)
Comments
Post a Comment