Monday, April 2, 2012

സൂറതുല്‍കഹ്ഫ് 51-ാം ആയത്തും
പിശാചിന്റെ സേവനവും

ആദ്യം പരിശുദ്ധ ഖുര്‍ആനിനു നുണാര്‍ഥമുണ്ടാക്കി അതിനൊപ്പിച്ച് തഫ്‌സീര്‍ ഗ്രന്ഥത്തിലുള്ളതിന്റെ അര്‍ഥവും മാറ്റി. ശേഷം അതിനൊപ്പിച്ചുകൊണ്ടൊരു വിശദീകരണവുമെഴുതിയുണ്ടാക്കി വലിയ ആലിമായി ചമഞ്ഞ് സാധാരണക്കാരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടോ? ആ നുണകള്‍ കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ തിരുത്ത് വന്നു. തഫ്‌സീര്‍ ഗ്രന്ഥത്തിന് എഴുതിയ തെറ്റ് മാത്രം തിരുത്തി. അതനുസരിച്ച് വിശദീകരിച്ച നുണ തിരുത്തിയോ? ഇല്ല. ഇന്നും ആ കളവ് അതേ പടി നിലകൊള്ളുന്നു.'' (ഇസ്വ്‌ലാഹ് മാസിക -2009 ഓക്‌ടോബര്‍, പേ. 11)
''ഇതിന്റെ അര്‍ഥം പിശാചുകള്‍ക്ക് ആരെയും ഒരു നിലക്കും സഹായിക്കാന്‍ സാധ്യമല്ല എന്നാണോ? ഒരിക്കലും അതല്ല അര്‍ഥം. ഈ ലോക സൃഷ്ടിപ്പില്‍ അത്തരം പിശാചുക്കളെ അല്ലാഹു സഹായികളായി കൂട്ടിയിട്ടില്ല. അവരുടെ സഹായം സ്വീകരിക്കേണ്ട ആവശ്യം അല്ലാഹുവിനില്ല. നിങ്ങള്‍ പിശാചുക്കളെ സഹായികളായി സ്വീകരിക്കരുത് എന്നൊക്കെയാണ് അല്ലാഹു ഇവിടെ പഠിപ്പിക്കുന്നത് എന്നല്ലാതെ പിശാചുക്കള്‍ക്കു ഒരു നിലക്കും തെറ്റായ മാര്‍ഗത്തില്‍ പോലും ഒരു സൃഷ്ടിയെയും സഹായിക്കാന്‍ കഴിയുകയില്ല എന്നല്ല. എന്നാല്‍ പ്രസ്തുത ഭാഗത്തിന് സുല്ലമി അര്‍ഥം നല്‍കിയത് കാണുക. വഴിപിഴപ്പിക്കുന്നവരെ (പിശാചിനെ) ഞാന്‍ സഹായികളായി വെച്ചിട്ടുമില്ല (18:51) (ജിന്ന്, പിശാച്, സിഹ്ര്‍, പേജ് 66)'' (അതേമാസിക, പേ. 12)
തഫ്‌സീര്‍ ഗ്രന്ഥത്തിന് ഞാന്‍ എഴുതിയ തെറ്റ് മാത്രം തിരുത്തി. അതനുസരിച്ച് വിശദീകരിച്ച നുണ ഞാന്‍ തിരുത്തിയില്ല എന്നാണ് ഇവരുടെ ആക്ഷേപം. ഞാന്‍ എഴുതിയതായി ഇവര്‍ പറയുന്നത് ആദ്യമായി വിവരിക്കാം; ഇവര്‍ എന്നോട് അംഗീകരിക്കാന്‍ പറയുന്ന ഇവരുടെ ആശയവും. ശേഷം വിമര്‍ശനത്തിന്റെ ദുര്‍ബലത വിവരിക്കാം.
എന്റെ ആദര്‍ശം
താമരശ്ശേരി ചുരത്തില്‍ യാത്ര ചെയ്യുമ്പോള്‍ വാഹനം അപകടത്തില്‍ പെടുന്ന സന്ദര്‍ഭത്തിലും സമുദ്രത്തില്‍ വെച്ച് കപ്പല്‍ മനുഷ്യനിയന്ത്രണം വിട്ടു അപകടത്തില്‍ പെടുന്ന സന്ദര്‍ഭത്തിലും പകല്‍ വെളിച്ചത്തില്‍ വിജനമായ മരുഭൂമിയിലൂടെ വഴിയറിയാതെ നടന്നുനീങ്ങുന്ന മനുഷ്യനും അല്ലാത്ത മനുഷ്യനും മലക്കുകളെയും ജിന്നുകളെയും പിശാചുക്കളെയും വിളിച്ച് സഹായം ആവശ്യപ്പെടല്‍ ശിര്‍ക്കും കുഫ്‌റുമാണ്. ശബ്ദം കേള്‍ക്കുന്ന പരിധിയില്‍ വരുന്ന മലക്കുകളും ജിന്നുകളും, പരിധിയില്‍ വരാത്ത ജിന്നുകളും മലക്കുകളും എന്ന വ്യത്യാസം ഇവിടെയില്ല. മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം ആവശ്യപ്പെട്ടാല്‍ അവര്‍ സഹായിക്കുകയുമില്ല.
നവയാഥാസ്ഥിതികരുടെ ആദര്‍ശം
1). മുകളില്‍ വിവരിച്ച സന്ദര്‍ഭങ്ങളിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും മലക്കുകളെയും ജിന്നുകളെയും വിൡ് സഹായം തേടുന്നതിന് വിരോധമില്ല. ശബ്ദത്തിന്റെ പരിധിയില്‍ വരുന്ന മലക്കുകളും ജിന്നുകളും പിശാചുക്കളുമാണെങ്കില്‍ ശബ്ദത്തിന്റെ പരിധിയില്‍ വരുന്ന മനുഷ്യരെ ഉദ്ദേശിച്ച് സഹായം ആവശ്യപ്പെടുന്നതുപോലെയാണിത്. (ഇസ്വ്‌ലാഹ് മാസിക -2007 ഏപ്രില്‍, പേ. 42)
2). മലക്കുകളെയും ജിന്നുകളെയും പിശാചുക്കളെയും വിളിച്ച് സഹായം ആവശ്യപ്പെടല്‍ ശിര്‍ക്കല്ല. നിഷിദ്ധവുമല്ല. എങ്കിലും വിഡ്ഢിത്തവും പോഴത്തരവുമാണ്.
3). മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായംതേടല്‍ ശിര്‍ക്കല്ല. പക്ഷേ മദ്യപാനം പോലെ ഹറാമാണ്.
4). മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം ആവശ്യപ്പെടുകയും ജിന്നുകളെയും പിശാചുക്കളെയും ആരാധിക്കുകയും ചെയ്താല്‍ അവര്‍ സഹായിക്കും. ജര്‍മനിയിലെ മരുന്നും വാച്ചുകളും നഷ്ടപ്പെട്ട വസ്തുക്കളും അവര്‍ കൊണ്ടുവന്നു തരും. പ്രാര്‍ഥിച്ചാല്‍ ഇവരില്‍ ആരും തന്നെ സഹായിക്കുകയില്ല.
5). മലക്കുകളോടും ജിന്നുകളോടും പിശാചിനോടും പ്രാര്‍ഥിച്ചു എന്ന് പറയണമെങ്കില്‍ അവരുടെ കഴിവുകള്‍ക്ക് അതീതമായത് ചോദിക്കണം. അധീനമായത് ചോദിച്ചാല്‍ പ്രാര്‍ഥനയല്ല.
ഇനി ഞാന്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പറയുന്ന സൂക്തം പരിശോധിക്കാം: ''അല്ലാഹു പറയുന്നു: നാം മലക്കുകളോട് നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുവിന്‍). അവര്‍ അപ്പോള്‍ സുജൂദ് ചെയ്തു. ഇബ്‌ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അവന്‍ തന്റെ രക്ഷിതാവിന്റെ കല്പന ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. അക്രമികള്‍ക്ക് (അല്ലാഹുവിന്) പുറമെ പകരക്കാരെ കിട്ടിയത് വളരെ ചീത്തയാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനോ അവരുടെ തന്നെ സൃഷ്ടിപ്പിനോ നാം അവരെ സാക്ഷികളാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ (പിശാചിനെ) ഞാന്‍ സഹായികളായി വെച്ചിട്ടുമില്ല. (സഹായികളായി സ്വീകരിക്കുന്നവനുമല്ല).'' (സൂറതുല്‍ കഹ്ഫ് 50,51)
51-ാം ആയത്തിന് ജലാലൈനി നല്കുന്ന വ്യാഖ്യാനം നോക്കൂ: ''പിശാചുക്കളെ ഖല്‍ഖില്‍ സഹായികളാക്കി ഞാന്‍ വെച്ചിട്ടില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെ അവരെ അനുസരിക്കും.'' ഖല്‍ഖ് എന്ന പദം ഭാഷയിലും ഖുര്‍ആനിലും ഹദീസിലും സൃഷ്ടികള്‍ എന്ന അര്‍ഥത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രയോഗിച്ചതു കാണാം. ജിന്ന്, പിശാച്, സിഹ്ര്‍ എന്ന പുസ്തകത്തില്‍ സൃഷ്ടികള്‍ക്കിടയില്‍ എന്ന അര്‍ഥം ഞാന്‍ എഴുതിയത് സൃഷ്ടിപ്പില്‍ എന്നാണര്‍ഥമെന്ന് പറഞ്ഞ് നവയാഥാസ്ഥിതികര്‍ ബഹളം കൂട്ടിയപ്പോള്‍ അനാവശ്യമായ ഒരു തര്‍ക്കം ഒഴിവാക്കാന്‍ തിരുത്ത് നല്‍കുകയാണ് ചെയ്തത്. ആകാശഭൂമിയുടെ സൃഷ്ടിപ്പില്‍ പിശാചുക്കളെ ഞാന്‍ സഹായികളായി സ്വീകരച്ചിട്ടില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെ അവരെ അനുസരിക്കും എന്ന് അര്‍ഥം നല്‍കാന്‍ പാടില്ലെന്ന് ഞാന്‍ ഒരിക്കലും വാദിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. എന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ ഇപ്രകാരം തന്നെയാണ് ആയത്തിന് അര്‍ഥവും വ്യാഖ്യാനവും നല്‍കിയിട്ടുള്ളത്. അപ്പോള്‍ നിങ്ങള്‍ എങ്ങനെ അവരെ അനുസരിക്കും എന്ന ചോദ്യം കൊണ്ട് അല്ലാഹുവും ജലാലൈനിയും എന്താണ് ഉദ്ദേശിച്ചത്?
ഇവിടെയാണ് അടിസ്ഥാനപരമായ തര്‍ക്കം. ഈ പ്രശ്‌നത്തില്‍ ജനശ്രദ്ധ തെറ്റിക്കാന്‍ പിശാചുക്കളെ വിളിച്ച് സഹായം തേടാം. സഹായം തേടിയാല്‍ അവര്‍ സഹായിക്കുമെന്ന് ജല്‍പിക്കുന്നവര്‍ കുതന്ത്രം പ്രയോഗിക്കുകയാണ് ചെയ്യുന്നത്. ആകാശ ഭൂമിയുടെ സൃഷ്ടിപ്പില്‍ പിശാചുക്കളെ ഞാന്‍ സഹായികളായി സ്വീകരിച്ചിട്ടില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെ അവരെ സഹായികളായി സ്വീകരിക്കും? സ്വീകരിച്ചാല്‍ അവര്‍ നിങ്ങളെ ഒരിക്കലും സഹായിക്കുകയില്ല. നിങ്ങളുടെ ഈ സഹായതേട്ടം ശിര്‍ക്കും കുഫ്‌റുമാണ്. ഇതാണ് അല്ലാഹു പറയുന്നത്. 50-ാമത്തെ ആയത്ത് ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. ''എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. അക്രമികള്‍ക്ക് പകരം കിട്ടിയത് വളരെ ചീത്ത'' എന്നാണ് ഈ ആയത്തില്‍ അല്ലാഹു പറയുന്നത്. പിശാചിനെ വിളിച്ച് സഹായം ആവശ്യപ്പെടല്‍ ശിര്‍ക്കല്ല. സഹായംതേടിയാല്‍ ജര്‍മനിയിലെ മരുന്നും വാച്ചുകളും അവര്‍ കൊണ്ടുവന്നുതരും. സന്താനം ഇല്ലാതിരിക്കാനുള്ള കാരണം അവര്‍ ഇല്ലാതെയാക്കും. ദാരിദ്ര്യവും രോഗവും ഉണ്ടാകാനുള്ള കാരണങ്ങള്‍ അവര്‍ ഇല്ലാതെയാക്കും എന്നെല്ലാം ഇവര്‍ ജല്‍പിക്കുന്നത് എന്റെ ആദര്‍ശവും തിരുത്തി ഈ സൂക്തങ്ങള്‍ക്ക് ഞാന്‍ വ്യാഖ്യാനം എഴുതണം; ജലാലൈനിയുടെ പ്രസ്താവന തിരുത്തിയതു പോലെ, ഇതാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഞാന്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുപോയി ജിന്നുകളെ സേവിക്കുന്ന ബഹുദൈവവിശ്വാസികളില്‍ ഉള്‍പ്പെട്ട് മരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ ആയത്തുകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ വ്യാഖ്യാനം തിരുത്തേണ്ടതായ യാതൊരു ആവശ്യവും മുജാഹിദുകള്‍ക്കില്ല. 51-ാം ആയത്തില്‍ നിന്ന് എന്റെ ആദര്‍ശം ലഭിക്കുകയില്ലെങ്കില്‍ അതിന്റെ നേരെ മുകളിലുള്ള ആയത്തില്‍ നിന്ന് ലഭിക്കുന്നതാണ്. ഇവര്‍ പറയുന്നതാണ് ശരിയെങ്കില്‍ ''എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ടു അവനെയും അവന്റെ സന്തതികളെയും സഹായികളാക്കുകയാണോ?'' എന്ന് അല്ലാഹു ചോദിക്കുകയില്ല. എനിക്കു പകരം കിട്ടിയവര്‍ എത്ര ചീത്ത എന്നും പറയുകയില്ല.
ഇമാം ശൗക്കാനി(റ) 50-ാം സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു: ''പിശാചുക്കളില്‍ നിന്ന് യാതൊരു സഹായവും നിങ്ങള്‍ക്ക് ലഭിക്കുകയില്ല. അത്രയുമല്ല എല്ലാ സമയത്തും നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നതിനെ കാത്തിരിക്കുന്ന നിങ്ങളുടെ ശത്രുക്കളാണവര്‍'' (ഫത്ഹുല്‍ഖദീര്‍ 3:364). ഇബ്‌നുകസീര്‍(റ) എഴുതുന്നു: ''യാതൊന്നും അവര്‍ ഉടമയാക്കുന്നില്ല. ആകാശഭൂമിയുടെ സൃഷ്ടിപ്പില്‍ ഞാന്‍ അവരെ സഹായികളാക്കുകയും ചെയ്തിട്ടില്ല'' (3:122). എന്റെ ആശയം സ്ഥാപിക്കാന്‍ സൂറതുല്‍ കഹ്ഫിലെ 51-ാം സൂക്തം മാത്രമല്ല ഈ ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുള്ളത്. ധാരാളം ആയത്തുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അതുപോലെ തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും എന്ന ഗ്രന്ഥത്തിലും. ഈ ഗ്രന്ഥത്തില്‍ സൂറതുല്‍ കഹ്ഫിലെ 50-ാം സൂക്തം മാത്രമാണ് ഞാന്‍ ഉദ്ധരിച്ചിട്ടുള്ളത്. 51-ാം സൂക്തം ഉദ്ധരിച്ചിട്ടില്ല. അതിന്റെ ആവശ്യം ഇല്ലാത്തതുകൊണ്ടു തന്നെ. l

എ അബ്ദുസ്സലാം സുല്ലമി
(ശബാബ് 2010 ജനു. 15)


1 comments:

sayyid muhammad musthafa said...

താമരശ്ശേരി ചുരത്തില്‍ യാത്ര ചെയ്യുമ്പോള്‍ വാഹനം അപകടത്തില്‍ പെടുന്ന സന്ദര്‍ഭത്തിലും സമുദ്രത്തില്‍ വെച്ച് കപ്പല്‍ മനുഷ്യനിയന്ത്രണം വിട്ടു അപകടത്തില്‍ പെടുന്ന സന്ദര്‍ഭത്തിലും പകല്‍ വെളിച്ചത്തില്‍ വിജനമായ മരുഭൂമിയിലൂടെ വഴിയറിയാതെ നടന്നുനീങ്ങുന്ന മനുഷ്യനും അല്ലാത്ത മനുഷ്യനും മലക്കുകളെയും ജിന്നുകളെയും പിശാചുക്കളെയും വിളിച്ച് സഹായം ആവശ്യപ്പെടല്‍ ശിര്‍ക്കും കുഫ്‌റുമാണ്. ശബ്ദം കേള്‍ക്കുന്ന പരിധിയില്‍ വരുന്ന മലക്കുകളും ജിന്നുകളും, പരിധിയില്‍ വരാത്ത ജിന്നുകളും മലക്കുകളും എന്ന വ്യത്യാസം ഇവിടെയില്ല. മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം ആവശ്യപ്പെട്ടാല്‍ അവര്‍ സഹായിക്കുകയുമില്ല.

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes