ആദര്‍ശവ്യതിയാനവും ഹദീസ് നിഷേധവും

                 ആദര്‍ശവ്യതിയാനവും ഹദീസ് നിഷേധവും

എ അബ്ദുസ്സലാം സുല്ലമി , കേരളത്തിലെ ഏറ്റവും മികച്ച ഹദീസ് പണ്ഡതന്‍. യാഥാസ്ഥിതികര്‍ പോലും അംഗീകരിക്കുന്ന ഹദീസ് പാണ്ഡിത്യം. മുസ്‌ലിം നവോത്ഥാന നായകരില്‍ പ്രധാനിയായ എ അലവി മൗലവിയുടെ പുത്രന്‍. വിശ്രമമില്ലാതെ മതപ്രബോധനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അനിതര വ്യക്തിത്വം. മത താരതമ്യം, ഖുര്‍ആന്‍-ഹദീസ്, കര്‍മശാസ്ത്രം, ഗവേഷണ പഠനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ നൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവ്.
യാഥാസ്ഥിതികരുടെയും പിന്തിരിപ്പന്‍ ആശയഗതിക്കാരുടെയും വാദങ്ങളെ മുനയൊടിച്ചു കാണിക്കുന്ന സുല്ലമിയെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ക്ക് എ അബ്ദുസ്സലാം സുല്ലമി തന്നെ മറുപടി പറയുന്നു. വിശ്വാസ വൈകല്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും വാദങ്ങള്‍ തുറന്നുകാണിക്കുന്ന അഭിമുഖം.

(2006 ഡിസംബര്‍ 2007 ഏപ്രില്‍ കൂടിയ മാസങ്ങളില്‍ ശബാബ് വാരിക പ്രസിദ്ധീകരിച്ചത്)


? നിങ്ങളെ സംബന്ധിച്ച് എ പി വിഭാഗം മുജാഹിദുകളിലെ പണ്ഡിതന്മാര്‍ ഈയിടെ പല ആരോപണങ്ങളും ഉന്നയിച്ചുകേള്‍ക്കുന്നു. അവയുടെ യാഥാര്‍ഥ്യം?
 
= സംഘടനയില്‍ പ്രശ്‌നമുണ്ടാകാനും അവസാനം സംഘടന പിളരാനും ഞാനും എന്റെ അഭിപ്രായങ്ങളും കാരണമായിരുന്നെങ്കില്‍ സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍വേണ്ടി രണ്ടു പ്രബന്ധങ്ങള്‍ വീതം അവതരിപ്പിക്കാനും ശേഷം പണ്ഡിതചര്‍ച്ച നടത്താനും അവസാനം ജംഇയ്യത്തുല്‍ ഉലമ ഭരണസമിതി തീരുമാനമെടുക്കാനും തീരുമാനിച്ച് രണ്ടു ദിവസങ്ങളിലായിഇവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടും എന്നെക്കുറിച്ച് ഇവര്‍ ഇന്ന് ഉന്നയിക്കുന്ന ഒരു ആരോപണം പോലും ഉന്നയിച്ചിട്ടില്ല. പണ്ഡിതചര്‍ച്ചയില്‍ ഒരൊറ്റ ആരോപണംപോലും പറഞ്ഞില്ല. ജംഇയ്യത്തിന്റെ തീരുമാനങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിച്ചവ തിരുത്താന്‍ ധാരാളം നമ്പറുകള്‍ നല്കി വിവരിച്ചിട്ടും എന്റെ അഭിപ്രായങ്ങളില്‍ ഒന്നുപോലും തിരുത്തുവാന്‍ ആവശ്യപ്പെട്ടില്ല. ഞാന്‍ എഴുതിയ അബൂഹുറയ്‌റ(റ) എന്ന പുസ്തകത്തിന് സുഹൈര്‍ ചുങ്കത്തറ എഴുതിയ ആമുഖത്തില്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് എഴുതിയതു മാത്രമാണ് തിരുത്തുവാന്‍ ആവശ്യപ്പെട്ടത്. ഇവര്‍ ഉന്നയിക്കുന്ന  വിഷയങ്ങള്‍ എല്ലാം തന്നെ കെ കെ സകരിയ്യ, അബ്ദുര്‍റഹ്മാന്‍ സലഫി, ഉസ്മാന്‍ മദനി മുതലായവര്‍ എന്റെ വീട്ടില്‍ വന്ന് എന്നെ അവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതിന്റെ മുമ്പ് എഴുതിയതാണ്.
പുതിയതായി പുടവയില്‍ ഞാന്‍ എഴുതിയ രണ്ട് വിഷയങ്ങളാണ് ഇവര്‍ക്ക് ഉദ്ധരിക്കുവാനുള്ളത്. അതിന്റെ യാഥാര്‍ഥ്യം ആ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് ഗ്രഹിക്കുകയും ചെയ്യാം.  പുടവയില്‍ ഇപ്രകാരം എഴുതിയ ശേഷവും ഉപാധികള്‍ പറയാതെതന്നെ ഇവര്‍ എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയുണ്ടായി. സംഘടനയില്‍ പ്രശ്‌നമുണ്ടാക്കുവാന്‍ ഇവര്‍ ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ എന്നെക്കുറിച്ച് യാതൊരു ആരോപണവും ഇവര്‍ ഉന്നയിച്ചില്ല. ഞാന്‍ ജാമിഅ നദ്‌വിയ്യയിലും ജാമിഅ സലഫിയ്യയിലും ജോലിചെയ്യുന്ന സന്ദര്‍ഭത്തില്‍ എഴുതിയതുമാണ് ഇവയെല്ലാം. ഇതേപ്പറ്റി അബ്ദുറഹ്മാന്‍ ഇരിവേറ്റി കത്തുകള്‍ എഴുതി എന്നെ അവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതിന്റെ മുമ്പും എഴുതിത്തുടങ്ങിയതും പ്രസംഗിച്ചതുമാണ്. 20-9-2000 ല്‍ അദ്ദേഹം എഴുതിയ കത്തിലെ അവസാനഭാഗം കാണുക: ''താങ്കള്‍ക്ക് തിക്തമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാവാം.  അവയെല്ലാം  വിസ്മരിച്ചുകൊണ്ട് സംഘടനാനേതൃത്വത്തിന്റെ കൂടെ നില്ക്കണമെന്നാണ് ഞാന്‍ താഴ്മയോടെ അപേക്ഷിക്കുന്നത്. ഇതില്‍ എനിക്കശേഷം സ്വാര്‍ഥതയില്ലെന്നതിന് അല്ലാഹുവാണ് സാക്ഷി. സംഘടന ഈ പ്രതിസന്ധി അതിജീവിക്കണമെങ്കില്‍ അതാവശ്യമാണ്. അതിജീവിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള പ്രശ്‌നങ്ങള്‍ ഇ.അ. നമുക്കു കൂട്ടായി പരിഹരിക്കാം. അത് ശരിയായി താങ്കള്‍ക്ക് തോന്നുന്നില്ലെങ്കില്‍ നിഷ്പക്ഷമായെങ്കിലും നിലകൊള്ളുക. സ്‌നേഹപൂര്‍വം, അബുറഹ്മാന്‍ ഇരിവേറ്റി.''
ഇവര്‍ എന്നെ വിമര്‍ശിക്കുവാന്‍ ആശ്രയിക്കുന്ന പുസ്തകങ്ങള്‍ എല്ലാംതന്നെ 20-9-2000 ന് മുമ്പ് എഴുതിയതാണ്. സംഘടനാപ്രശ്‌നത്തെ സംബന്ധിച്ച് ചര്‍ച്ചചെയ്യുവാന്‍  അബ്ദുല്ലക്കോയ മദനിയും  എ പി അബ്ദുല്‍ഖാദിര്‍ മൗലവിയും എന്നെ മുജാഹിദ് സെന്ററിലേക്ക് ക്ഷണിക്കുകയുണ്ടായി. മൂന്ന് മണിക്കൂറോളം സംസാരിച്ചിട്ടും എനിക്കോ ഹുസൈന്‍ മടവൂരിനോ അദ്ദേഹത്തിന്റെ ഭാഗത്തു നില്ക്കുന്ന വല്ല പണ്ഡിതനോ ആദര്‍ശവ്യതിയാനം ആരോപിക്കുകയുണ്ടായില്ല എന്ന് മാത്രമല്ല, എ പി എന്നോട് പറഞ്ഞത് നമുക്ക്  വല്ല വിഷയത്തിലും ഇന്നതുതന്നെ ആയിരിക്കണമെന്നുണ്ടോ? ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി മുന്നോട്ടുപോകുക എന്നതുമാത്രമാണ് നമ്മുടെ നയം. പല വിഷയങ്ങളിലും നമ്മുടെ പണ്ഡിതന്മാര്‍ക്ക് അഭിപ്രായഭിന്നതയുണ്ടായിരുന്നില്ലേ? എന്നായിരുന്നു. എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ലഭിക്കുകയില്ലെന്ന് ബോധ്യമായ സന്ദര്‍ഭത്തിലാണ് ഇവര്‍ എന്നെ പ്രതിയാക്കാന്‍ തുടങ്ങിയത്. ഞാന്‍ ഇവരുടെ ഗ്രൂപ്പിലായിരുന്നുവെങ്കില്‍ ഇവര്‍ എന്നെ വിമര്‍ശിക്കുമായിരുന്നുവോ? എന്റെ ഈ ചോദ്യത്തിന് ഇവര്‍ അല്ലാഹുവിനെ സാക്ഷിനിര്‍ത്തി  മറുപടി പറയണം.

? ബുദ്ധിക്ക് എതിരായി തോന്നുന്ന എല്ലാ ഹദീസുകളും തള്ളിക്കളയണമെന്ന് നിങ്ങള്‍ എഴുതിയിട്ടുണ്ടെന്നും നിങ്ങള്‍ ഹദീസ് നിഷേധിയാണെന്നുമാണ് എ പി വിഭാഗത്തിന്റെ ശക്തമായ വിമര്‍ശനം.

= എന്തുകൊണ്ട് ജംഇയ്യത്തിന്റെ യോഗങ്ങളില്‍ ഇവര്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ ഈ ആരോപണം ഉന്നയിച്ചില്ല. പണ്ഡിത ചര്‍ച്ചയില്‍ എന്തുകൊണ്ട് ഈ ആരോപണം കൊണ്ടുവന്നില്ല. ജംഇയ്യത്തിന്റെ തീരുമാനത്തില്‍ എന്തുകൊണ്ടു ഇത് തിരുത്തുവാന്‍ പറഞ്ഞില്ല. എന്നെ എന്തുകൊണ്ട് ജാമിഅഃ നദ്‌വിയ്യയില്‍ നിന്ന് പിരിച്ചുവിട്ടില്ല. ഞാന്‍ ജാമിഅയില്‍നിന്ന് രാജിവെച്ച് പോന്ന സന്ദര്‍ഭത്തില്‍ ഇവര്‍ പൊതുയോഗം സംഘടിപ്പിച്ച് സുല്ലമിയെ ഞങ്ങള്‍ പിരിച്ചുവിട്ടതല്ലെന്നും അദ്ദേഹം സ്വയം രാജിവെച്ച് പോയതാണെന്നും പ്രസ്താവിക്കുകയുണ്ടായല്ലോ.
ജാമിഅയില്‍ ഞാന്‍ ജോലിചെയ്ത സന്ദര്‍ഭത്തില്‍ ഖുര്‍ആനും ഹദീസും ഹദീസിന്റെ അടിസ്ഥാനനിയമങ്ങളും (ഉസൂലുല്‍ ഹദീസും) ഫിഖ്ഹിന്റെ അടിസ്ഥാനനിയമങ്ങളും (ഉസൂലുല്‍ ഫിഖ്ഹ്) ആണ് പഠിപ്പിച്ചിരുന്നത്. എന്തിന് ഈ വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ എന്നെ ഏല്പിച്ചു. ഹദീസ് നിഷേധിയായ എന്നെ എന്തിന് ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. കേരളത്തിലെ ഹദീസ് നിഷേധികള്‍ക്ക് എതിരെ കെ എന്‍ എം പ്രസിദ്ധീകരിച്ചത് ഹദീസ് രണ്ടാം പ്രമാണമോ എന്ന എന്റെ പുസ്തകമാണ്.  യുവത പ്രസിദ്ധീകരിച്ചതും എന്റെ ഗ്രന്ഥമാണ്. ബുദ്ധിക്ക് അസംഭവ്യമായി അനുഭവപ്പെടുന്ന ഹദീസുകള്‍ അസ്വീകാര്യമാണെന്ന് ഹദീസിനെ നിഷേധിക്കുവാന്‍ ആദ്യമായി ഞാന്‍ ഇറക്കുമതി ചെയ്ത തത്വമാണെന്ന് ഇക്കൂട്ടര്‍ എന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഐ എസ് എം വാഴക്കാട് യൂണിറ്റ് സെക്രട്ടറിയുടെ പേരില്‍ ഇറക്കിയ ലഘുലേഖയില്‍ ഇവര്‍ എഴുതുന്നു: ഇതും പോരാഞ്ഞിട്ട് അബ്ദുസ്സലാം സുല്ലമി ഉണ്ടാക്കിയ മറ്റൊരു നിയമമാണ് ഹദീസുകള്‍ ബുദ്ധിക്കെതിരാണെങ്കില്‍ തള്ളണമെന്നത് (സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും 218, 315). മതത്തെ ബുദ്ധികൊണ്ടു തകര്‍ക്കാന്‍ ശ്രമിക്കുന്ന നിരീശ്വരവാദികളുണ്ടല്ലോ പലപ്പോഴും അവരെപ്പോലും നാണിപ്പിക്കും വിധമാണ് ഹദീസുകള്‍ക്കെതിരെ ഈ സുല്ലമി ബുദ്ധി പ്രയോഗിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഹദീസ് പണ്ഡിതന്‍, ബുദ്ധിജീവി എന്നൊക്കെ വ്യതിയാനക്കാര്‍ നാടുനീളെ പ്രചരിപ്പിച്ചു നടക്കുന്ന ഈ സുല്ലമി നിഷേധിച്ചുതള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും വിശദീകരിച്ചുകൊണ്ട് ജാമിഅ നദ്‌വിയ്യ കോളേജ് പ്രിന്‍സിപ്പാളും ഹദീസ് പണ്ഡിതനുമായ അബൂബക്കര്‍ സലഫി......''
പ്രവാചകനെയും പ്രവാചകന്റെ ശരിയായ ഹദീസുകളെയും നിരീശ്വരവാദികളുടെയും സത്യനിഷേധികളുടെയും വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ വേണ്ടി സര്‍വ്വ ഹദീസ് പണ്ഡിതന്മാരും ഏകോപിച്ച് പ്രഖ്യാപിച്ചതാണ് ബുദ്ധിക്ക് അസംഭവ്യമായി തോന്നുന്ന ഹദീസുകള്‍ അസ്വീകാര്യമാണെന്നും അവ ഉദ്ധരിച്ച് ഇസ്‌ലാമിനെയോ പ്രവാചകനെയോ വിമര്‍ശിക്കുവാന്‍ പാടില്ലെന്നതും. ബുഖാരിയുടെ മൂന്നാം വാള്യം പ്രസിദ്ധീകരിക്കുന്നത് 1999 ഏപ്രില്‍ മാസത്തിലാണ്. ഈ പരിഭാഷകളുടെ ആമുഖത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ സംഗതി അറബി മൂലത്തോടുകൂടി എടുത്തുകാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.  ആദ്യമായി അവ ഉദ്ധരിക്കാം. 1. ഇമാം സുയൂതി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ തദ്‌രീബില്‍ ഇമാം ഇബ്‌നു ജൗസി(റ)യില്‍നിന്ന് ഉദ്ധരിക്കുന്നു. ഒരു ഹദീസ് ബുദ്ധിക്കോ അല്ലെങ്കില്‍ (പൊതുവായി) ഉദ്ധരിക്കപ്പെടുന്നതിനോ അല്ലെങ്കില്‍ അടിസ്ഥാന തത്വത്തിനോ എതിരായി നീ കണ്ടാല്‍ ആ ഹദീസ് മനുഷ്യനിര്‍മിതമാണെന്ന് നീ മനസ്സിലാക്കുക എന്ന് ഒരാള്‍ പറഞ്ഞതു വളരെ നല്ലതായിരിക്കുന്നു. (തദ്‌രീബ്, വാള്യം 1, പേജ്: 327) ഹദീസിന്റെ നിരൂപകന്മാരില്‍ പ്രഥമ സ്ഥാനത്തു നില്ക്കുന്ന ഇമാം ജൗസി(റ)യുടെ ഈ അഭിപ്രായത്തെ സുയൂതി(റ) ഇവിടെ നൂറ് ശതമാനവും അംഗീകരിക്കുന്നു. 2. ഇബ്‌നു കസീര്‍(റ) തന്റെ അല്‍ബാഇസ് എന്ന ഗ്രന്ഥത്തിലും ഇതുപോലെ പദത്തില്‍പോലും വ്യത്യാസമില്ലാതെ പറയുന്നു. (അല്‍ബാഇസ,് പേജ്-78) 3. ഇബ്‌നു കസീര്‍(റ) എഴുതുന്നു: ബുദ്ധിക്ക് എതിരായാല്‍ ഹദീസ് നബി(സ) പറഞ്ഞതല്ലെന്ന് തെളിവ് പിടിക്കപ്പെടും (ജാമിഉല്‍ ഉസൂല്‍: പേജ്-157) 4. ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ഹദീസില്‍ പറയപ്പെടുന്ന സംഗതി ഖുര്‍ആനിന്റെ ഖണ്ഡിതമായ അഭിപ്രായത്തിനോ അല്ലെങ്കില്‍ മുതവാത്തിറായ ഹദീസിനോ അല്ലെങ്കില്‍ ഖണ്ഡിതമായ ഇജ്മാഇനോ അല്ലെങ്കില്‍ വ്യക്തമായ ബുദ്ധിക്കോ എതിരായാല്‍ അത് മനുഷ്യനിര്‍മിതമായ ഹദീസാണ് (നഖ്ബതുല്‍ ഫിക്‌രി: പേജ് 85) 5. ഹദീസ് പരിശോധനാ വിദഗ്ധന്മാരില്‍ പ്രമുഖനായ ഇമാം ഇബ്‌നു ജൗസി(റ) തന്നെ എഴുതുന്നു. യുക്തിക്കോ ഖുര്‍ആന്റെ മൗലിക സിദ്ധാന്തങ്ങള്‍ക്കോ വിരുദ്ധമായി കാണുന്ന സര്‍വ ഹദീസുകളും വ്യാജനിര്‍മിതങ്ങളാണെന്നു ധരിച്ചുകൊള്ളുക. അങ്ങനെ കാണുമ്പോള്‍ അതിന്റെ റാവികളെക്കുറിച്ച് അന്വേഷിക്കുവാന്‍ നീ മിനക്കെടേണ്ടതില്ല. (ഫത്ഹുല്‍ മുഗീബ്: പേജ്-114) 6. ഹദീസ് വിജ്ഞാനത്തെക്കുറിച്ച് പൂര്‍ണ പരിചയം ലഭിക്കണമെങ്കില്‍ അതിന്റെ രണ്ടു വശങ്ങളെ സംബന്ധിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഹദീസിന്റെ സാധുത മനസ്സിലാക്കാനുള്ള കഴിവാണ് ഒന്ന്. അതിനാണ് ദിറായത് എന്ന് പറയപ്പെടുന്നത് (1980 ജൂണ്‍- സുന്നത്ത് മാസിക. പേജ്:9) 7. തുഹ്ഫയുടെ ഗ്രന്ഥകര്‍ത്താവായ ഇബ്‌നു ഹജറില്‍ ഹൈതമി(റ) എഴുതുന്നു: ഒരു ഹദീസിന്റെ പരമ്പര സ്വഹീഹായി എന്നത് മത്‌ന് (ഹദീസില്‍ പറയുന്ന സംഗതി) സ്വഹീഹാകുക എന്നതിനെ തീര്‍ച്ചയായും നിര്‍ബന്ധമാക്കുന്നില്ല (അല്‍ഫതാവല്‍ ഹദീസിയ്യഃ പേജ്: 141) 8. ഇമാം സുയൂതി(റ) പ്രഖ്യാപിക്കുന്നു. തീര്‍ച്ചയായും ഒരു ഹദീസിന്റെ പരമ്പര (സനദ്) സ്ഥിരപ്പെട്ടു (സ്വഹീഹായി) എന്നത് ഹദീസില്‍ പറയുന്ന സംഗതി സ്ഥിരപ്പെട്ടതാകുക എന്നതിനെ അനിവാര്യമാക്കുന്നില്ല. ഇതു ഹദീസ് വിജ്ഞാനത്തില്‍ സ്ഥിരപ്പെട്ട തത്വമാണ് (അല്‍ഹാവി, വാള്യം-2 പേജ് 124) ഇമാം ബൈഹഖിയും ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട്.
ബുഖാരിയുടെ രണ്ടാം വാള്യം പ്രസിദ്ധീകരിക്കുന്നത് 1986 ല്‍ ആണ്. ഇതിന്റെ ആമുഖത്തിലും ഈ സംഗതികള്‍ എടുത്തു കാണിച്ചിട്ടുണ്ട്. ഇതെല്ലാം വെട്ടിമാറ്റിയാണ് ഇതും പോരാഞ്ഞിട്ട് അബ്ദുസ്സലാം സുല്ലമി ഉണ്ടാക്കിയ മറ്റൊരു നിയമമാണ് ഹദീസുകള്‍ ബുദ്ധിക്കെതിരാണെങ്കില്‍ തള്ളണമെന്നത് എന്ന് ഇവര്‍ എഴുതി വിടുന്നത്. പല സ്ഥലങ്ങളിലും പള്ളി മിമ്പറുകള്‍ പോലും ഈ കള്ളപ്രചരണത്തിന് ഇവര്‍ ഉപയോഗിക്കുന്നു. കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണവിഭാഗം 1998ല്‍ പ്രസിദ്ധീകരിച്ച ഹദീസ് രണ്ടാം പ്രമാണമോ? എന്ന എന്റെ പുസ്തകത്തിലും ഇതെല്ലാം ഞാന്‍ എഴുതിയിട്ടുണ്ട്. ശേഷം ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഈ പുസ്തകത്തിലാണ് ഞാന്‍ എഴുതുന്നത്. ആ ഭാഗം മറച്ചുവെച്ചാണ് ഇവര്‍ എന്നെ വിമര്‍ശിക്കുന്നത്. പ്രസ്തുത ഭാഗം കാണുക: മനുഷ്യ ബുദ്ധി ആപേക്ഷികമാണ്. അതിനാല്‍ ഒരാളുടെ ബുദ്ധിക്ക് എതിരായി എന്ന കാരണത്താല്‍ ഉടനെ സ്വഹീഹായ പരമ്പരയിലൂടെ ഉദ്ധരിച്ച ഹദീസുകളെ തള്ളുക എന്നത് ശരിയല്ല. പരലോകത്തെ ഭയപ്പെടുന്ന ഒരു മനുഷ്യനും അപ്രകാരം പ്രവര്‍ത്തിക്കുകയുമില്ല. മറ്റുള്ളവരോട് അന്വേഷിച്ച്, ബുദ്ധിക്ക് എതിരാവുക എന്ന അവസ്ഥയും ഖുര്‍ആനിന്ന് എതിരാവുക എന്ന അവസ്ഥയും ഇല്ലാതാകുവാന്‍ ശ്രമിക്കുക. തന്റെ പരിശ്രമം പരാജയപ്പെടുകയും മനസ്സ് ശുദ്ധമാണെന്ന ഉറപ്പ് നമ്മെ സംബന്ധിച്ച് ഉണ്ടാവുകയും ചെയ്താല്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞതുപോലെ അതിനെ വര്‍ജിക്കാം. എങ്കിലും സൂക്ഷ്മതക്ക് ഏറ്റവും നല്ലതും അനുയോജ്യവും അതില്‍ പറഞ്ഞതു പ്രവര്‍ത്തിക്കാതെ നിര്‍ത്തിവെക്കുക എന്നതാണ്. അതായത് അത്തരം ഹദീസ് ഉദ്ധരിച്ച് ഹദീസ് പണ്ഡിതന്മാരെ കുതിരകയറാതെ തന്റെ പ്രവര്‍ത്തനത്തില്‍നിന്ന് അതിനെ മാറ്റിനിര്‍ത്തിയാല്‍ മതി. (ഹദീസ് രണ്ടാം പ്രമാണമോ? പേജ്: 64,66 കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണ വിഭാഗം) ബുഖാരിയുടെ പരിഭാഷയുടെ ആമുഖത്തില്‍ ഞാന്‍ എഴുതിയ സംഗതികള്‍ എല്ലാംതന്നെ നബിചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന പേരില്‍ മര്‍ഹൂം ഡോക്ടര്‍ മുസ്തഫാ സബാഈ എഴുതിയതും മൗലവി മുഹമ്മദ് അമാനി മൗലവി വിവര്‍ത്തനം ചെയ്തതും കെ എന്‍ എം പ്രസിദ്ധീകരിച്ചതുമായ പുസ്തകത്തിലും എഴുതിയിട്ടുണ്ട്. ചില ഭാഗങ്ങള്‍ കാണുക: ''നിര്‍മിത ഹദീസുകളുടെ അടയാളങ്ങള്‍-മത്‌നില്‍- ഉ: ആശയം സ്വീകാര്യമല്ലാത്തതായിരിക്കുക. ഇതിന്നു കാരണം പലതാവാം. ചിലപ്പോള്‍ വ്യാഖ്യാനം നല്കി ഒപ്പിക്കുവാന്‍ കഴിയാത്തവിധം പ്രാഥമിക ബുദ്ധിക്കു എതിരായതു കൊണ്ടായിരിക്കാം... ഇബ്‌നു ജൗസി(റ) പറയുന്നു: ഒരു വക്താവ് പറഞ്ഞതു എത്ര നന്നായിട്ടുണ്ട്. ബുദ്ധികള്‍ക്ക് എതിരായതോ മൗലികതത്വങ്ങള്‍ക്ക് വിപരീതമായതോ നഖ്‌ലുകള്‍ക്ക് (ഖുര്‍ആനിലും ഹദീസിലും വന്നതിനു) വ്യത്യാസമായതോ ആയ എല്ലാ ഹദീസും നിര്‍മിതമാണെന്ന് അറിഞ്ഞുകൊള്ളുക. റാസി(റ)യുടെ മഹ്‌സ്വൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: അയഥാര്‍ഥമെന്നു തോന്നിക്കുകയും വ്യാഖ്യാനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ വാര്‍ത്തയും കളവായിരിക്കും. അല്ലെങ്കില്‍ തെറ്റിദ്ധാരണ നീക്കുമാറുള്ള ഭാഗം അതില്‍നിന്ന് നഷ്ടപ്പെട്ടുപോയിട്ടുണ്ടാകും. (ബുദ്ധിക്ക് എതിരാകുക എന്നതുകൊണ്ടു വിവക്ഷ ബുദ്ധിക്ക് അപരിചിതമാകുക എന്നോ അതിന് ആശ്ചര്യകരമായിത്തോന്നുക എന്നോ അല്ലെന്നും ബുദ്ധി അസംഭവ്യമായി കാണുന്നത് എന്നാണെന്നും മുമ്പ് പ്രസ്താവിച്ചിട്ടുള്ളത് ഓര്‍ക്കുക) (നബിചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും മൗലവി മുഹമ്മദ് അമാനി കെ എന്‍ എം പ്രസിദ്ധീകരണ വിഭാഗം (പേജ് 101, 102)
? ഹദീസുകളെ തള്ളുവാന്‍ വേണ്ടി സുല്ലമി ഉണ്ടാക്കിയ മറ്റൊരു നിയമമാണ് ആഹാദായ ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് പറ്റില്ല എന്നത്- ഇപ്രകാരം ഒരു വിമര്‍ശനവും നിങ്ങളെ സംബന്ധിച്ച് എ പി വിഭാഗം ഉന്നയിക്കുന്നു. ഇതിന്റെ യാഥാര്‍ഥ്യമെന്ത്?
= ഐ എസ് എം വാഴക്കാട് യൂണിറ്റ് പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ എഴുതുന്നു: ''ചേകന്നൂര്‍ മൗലവി ചില ഹദീസുകളെ അംഗീകരിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ ഹദീസുകളേയും (മുതവാത്തിറല്ലാത്ത) സന്ദര്‍ഭോചിതം തകര്‍ത്ത് കളയാന്‍ ഇവര്‍ സ്വീകരിക്കുന്ന ഒരു നിയമം നോക്കൂ. വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടാന്‍ ഖുര്‍ആനിന്റെ വ്യക്തമായ നിര്‍ദേശമോ അല്ലെങ്കില്‍ മുതവാതിറായ ഹദീസോ ആവശ്യമാണ്. (സ്വഹീഹുല്‍ ബുഖാരി-പരിഭാഷയും വ്യാഖ്യാനവും, എ അബ്ദുസ്സല്ലാം സുല്ലമി 3:207)'' എങ്കില്‍ ഇവര്‍ എന്തുകൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിലെ ആദര്‍ശപരമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ വിളിച്ച് കൂട്ടിയ യോഗങ്ങളില്‍ ഈ പ്രശ്‌നം അവതരിപ്പിച്ചില്ല? ജംഇയ്യത്തിന്റെ തീരുമാനങ്ങളില്‍ എന്നോട് ഈ എഴുതിയത് തിരുത്തുവാന്‍ പറഞ്ഞില്ല? എന്തിന് എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു? ജാമിഅഃ നദ്‌വിയ്യയില്‍ നിന്ന് എന്തുകൊണ്ട് പിരിച്ചുവിട്ടില്ല?
ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങളേയും വികൃതമാക്കുവാന്‍ ജൂതന്‍മാരും  കപടവിശ്വാസികളും  നിരീശ്വരവാദികളും  സ്വീകരിച്ച മാര്‍ഗം വിശ്വാസകാര്യങ്ങളിലും കള്ള ഹദീസുകള്‍ നിര്‍മിക്കുക എന്നതാണ്. കര്‍മരംഗങ്ങളില്‍ (ഉദാ: തല തടവുക, നമസ്‌കാരത്തില്‍ കൈ കെട്ടുക) വീഴ്ച സംഭവിച്ചാലും ഒരാള്‍ അവിശ്വാസിയാവുകയില്ല. വിശ്വാസ രംഗങ്ങളില്‍ പിഴവ് സംഭവിച്ചാല്‍ അവന്‍ അവിശ്വാസിയാകുന്നതാണ്. അതിനാല്‍ ഇസ്‌ലാമിലെ സുന്ദരമായ വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുവാന്‍ ആ കാര്യം പരിശുദ്ധ ഖുര്‍ആനിലോ മുതവാത്തിറായ ഹദീസിലോ സ്ഥിരപ്പെടണമെന്ന് ഏകദേശം സര്‍വ്വഹദീസ് പണ്ഡിതന്മാരും കര്‍മശാസ്ത്രപണ്ഡിതന്മാരും പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനം പിന്തുടര്‍ന്നുപോന്ന ആശയാദര്‍ശവും ഇതു തന്നെയായിരുന്നു. ബുഖാരിയുടെ  ആമുഖത്തില്‍ ഞാന്‍ ഇത് അറബി മൂലത്തോടുകൂടി തന്നെ ഉദ്ധരിച്ചത് വെട്ടിമാറ്റി എന്റെ സ്വയം അഭിപ്രായമായി അവതരിപ്പിക്കുകയാണ്  സ്വീകരിച്ച കുതന്ത്രം. ഇവര്‍ വെട്ടിമാറ്റിയ ഭാഗങ്ങള്‍ കാണുക: ''9: ഇമാം ബുഖാരി(റ) എഴുതുന്നു: വിശ്വസ്തന്റെ ഖബറുല്‍ വാഹിദ് (ഒന്നോ രണ്ടോ മൂന്നോ സഹാബിമാര്‍ നബിയില്‍നിന്ന് ഉദ്ധരിക്കുന്ന ഹദീസുകള്‍) ബാങ്ക്, നമസ്‌കാരം, നോമ്പ്, അനന്തരാവകാശം, വിധികള്‍ എന്നിവയില്‍ സ്വീകരിക്കല്‍ അനുവദനീയമാണ.് ഇമാം ബുഖാരി ഇപ്രകാരം ഒരു അധ്യായം നല്കിയതിന്റെ ലക്ഷ്യം ഇമാം കര്‍മാനി(റ) വിവരിക്കുന്നത് കാണുക: ഖബറുല്‍ വാഹിദുകൊണ്ട് പ്രവൃത്തികള്‍ (അമലുകള്‍) മാത്രമാണ് സ്ഥിരപ്പെടുക. വിശ്വാസകാര്യങ്ങള്‍ക്ക് ഇത് പറ്റുകയില്ലെന്ന് അറിയിക്കുവാനാണ് (ഫത്ഹുല്‍ബാരി: 17-32) ഇബ്‌നു ഹജര്‍(റ) ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു; ഖണ്ഡിക്കുന്നില്ല. 10. ശുദ്ധാത്മാക്കളുടെ അന്നമാണ് എന്ന് മമ്പുറം സയ്യിദ് അലവി തങ്ങള്‍ പ്രശംസിച്ച ജൗഹറതുത്തൗഹീദ് എന്ന അഖീദാ ഗ്രന്ഥത്തില്‍ പറയുന്നു. നബിമാര്‍ ഇത്ര, മുര്‍സലുകള്‍ ഇത്ര എന്ന് ക്ലിപ്തമായി പറയാന്‍ ഖണ്ഡിതമായ യാതൊരു തെളിവുമില്ല. കാരണം പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ തീര്‍ത്തും ഖണ്ഡിതമായി പറയണമെങ്കില്‍ മുതവാതിര്‍ ആയ ഹദീസ് (നീതിമാന്മാരും സത്യസന്ധരുമായ ഓരോ സംഘം ആളുകളിലൂടെ അതേ പ്രകാരത്തിലുള്ള ഒരു സംഘം ആളുകളില്‍നിന്ന് നബി(സ) വരെ എത്തുന്ന നിവേദകശൃംഖലയുള്ള ഹദീസ്) ഉണ്ടായിരിക്കണം. അതില്ല തന്നെ. പിന്നെ ഇതു സംബന്ധമായി വന്നിട്ടുള്ള ഹദീസുകള്‍ എല്ലാം ആഹാദിന്റെ (മുതവാതിറിന്ന് താഴെയുള്ള ആളുകള്‍ നിവേദനം ചെയ്യുന്ന) ഹദീസുകളാണ്. ഈ നിലക്കുള്ള ഹദീസുകള്‍കൊണ്ട് അവ ഉസൂലുല്‍ ഫിഖ്ഹ് (കര്‍മശാസ്ത്ര നിദാനം) ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാ ഉപാധികളും പൂര്‍ത്തിയായിട്ടുള്ളതാണെങ്കില്‍ തന്നെ ഭാവനാപരമായ ഒരറിവ് മാത്രമേ സിദ്ധിക്കുകയുള്ളൂ. ഖണ്ഡിതമായ ഒരറിവ് ലഭിക്കുകയില്ല. ദീനിന്റെ മൗലിക വിഷയങ്ങളിലും വിശ്വാസപ്രമാണങ്ങളിലും അടിസ്ഥാനപരമായ നിയമങ്ങളിലും ഖണ്ഡിതമായ അറിവ് ലഭിച്ചേ തീരൂ. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല (ജൗഹറത്തു തൗഹീദ്). മര്‍ഹൂം കെ എം മൗലവി വരെ പ്രശംസിച്ച കിതാബാണിത്. മര്‍ഹൂം അമാനി മൗലവി വിവര്‍ത്തനം ചെയ്തതും കെ എന്‍ എം പ്രസിദ്ധീകരിച്ചതുമായ നബിചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന ഗ്രന്ഥത്തിലും വിശ്വാസകാര്യങ്ങള്‍ക്ക് ആഹാദായ ഹദീസുകള്‍ പറ്റുകയില്ലെന്ന് വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ഏകാഭിപ്രായമുണ്ടെന്ന് പറയുന്ന വാദത്തെ വരെ അംഗീകരിക്കുന്നു. (പേജ്:160,161)
എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും മര്‍ഹൂം അലി അക്ബര്‍ മൗലവിയും എഴുതിയ 'അത്തൗഹീദുല്‍ മുസ്തഖീം' എന്ന ഗ്രന്ഥത്തില്‍ നബി(സ)യുടെ ഖബറിനടുത്തു വന്ന് ഒരു ഗ്രാമീണന്‍ നബിയെ വിളിച്ച് മഴക്ക് വേണ്ടി വിളിച്ച് തേടിയെന്ന് പറയുന്ന സംഭവത്തെ ഖണ്ഡിച്ച സന്ദര്‍ഭത്തില്‍, വിശ്വാസകാര്യങ്ങള്‍ക്ക് ഒറ്റപ്പെട്ട ഹദീസുകള്‍ വരെ തെളിവായി ഉദ്ധരിക്കുവാന്‍ പാടില്ലെന്ന് എഴുതിയിട്ടുണ്ട്.
ആഹാദായ ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് പറ്റുമെന്ന് പറയുന്നവര്‍ തന്നെ അതിന് മറ്റു തെളിവുകള്‍ (ഖരീനതുകള്‍) ഉണ്ടായിരിക്കണമെന്ന് പറയുന്നു. ഇന്നും ഇവരുടെ അറബിക്കോളജുകളില്‍ പഠിപ്പിക്കുന്ന ഖല്ലാഫിന്റെ ഉസൂലുല്‍ ഫിഖ്ഹില്‍ എഴുതുന്നു: വിശ്വാസപരമായ കാര്യങ്ങള്‍ക്കാണ് ആഹാദായ ഹദീസുകളെ പിന്‍തുടരുന്നത് വിരോധിക്കപ്പെടുന്നത്,  പ്രവൃത്തികളായ  (അമലുകളായ) കാര്യങ്ങള്‍ക്കല്ല(പേജ്:52 ഖിയാസിന്റെ അധ്യായം). കെ പി മുഹമ്മദ് മൗലവി ആധികാരിക ഗ്രന്ഥമെന്ന് വിശേഷിപ്പിച്ച ജംഉല്‍ ജവാമി
അ് എന്ന് ഗ്രന്ഥത്തിലും ഈ സത്യം വിവരിക്കുന്നതു കാണാം. (ജംഉല്‍ ജവാമിഅ്: 2:130 കിതാബുസ്സാനീ ഫിസ്സുന്നത്തി)
മദീനയില്‍ വെച്ച് ഞാനും ചില പണ്ഡിതന്മാരും ഈ വിഷയം ചര്‍ച്ച ചെയ്യുകയുണ്ടായി. അപ്പോള്‍ ഖുര്‍ആന്റെ സൂചനപോലും ഇല്ലാതെ ആഹാദായ ഹദീസുകളെ മാത്രം അവലംബമാക്കി നാം വിശ്വസിക്കേണ്ടതായ നിര്‍ബന്ധവിശ്വാസകാര്യം ഏതാണെന്ന് ചോദിച്ചപ്പോള്‍ ശൈഖന്മാര്‍ മറുപടി പറയാതെ മൗനം പാലിക്കുകയാണ് ചെയ്തത്.
സ്വഹീഹുല്‍ ബുഖാരി എടുത്തു കാണിച്ചു കൊടുത്ത സന്ദര്‍ഭത്തില്‍ യാതൊരു മറുപടിയും അവര്‍ പറയുകയും ചെയ്തില്ല.

ബുഖാരിയിലെ ഹദീസുകള്‍   ദുര്‍ബലമാക്കിയെന്നോ?

? ബുദ്ധിക്ക് അസംഭവ്യമായി തോന്നുന്ന ഹദീസുകള്‍ അസ്വീകാര്യമാണെന്ന് ഹദീസ് പണ്ഡിതന്മാര്‍ പറയുന്നത് പരമ്പര(സനദ്) ദുര്‍ബലമായ ഹദീസിന്റെ സ്വഭാവം വിവരിച്ചതാണ്. കള്ള് ഷാപ്പിന്റെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്ത് പള്ളിയുടെ മുന്നില്‍ വെക്കുകയാണ് സുല്ലമി ചെയ്തത്. ബുഖാരിയുടെ പരിഭാഷയുടെ ആമുഖത്തില്‍ എന്തിനാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ ഈ തത്വം എഴുതി കാണിച്ചത്'' എന്ന്  എ പി വിഭാഗത്തിലുള്ള ഒരു നേതാവ് പ്രസംഗിക്കുന്നു. എന്താണ് ഇതിന്റെ സത്യാവസ്ഥ?
= ഭിന്നിപ്പുകാരുടെ അജ്ഞതയുടെയും അഹങ്കാരത്തിന്റെയും ആഴമാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ചത്ത കുട്ടിയുടെ ജാതകം നോക്കുകയല്ല ഹദീസ് പണ്ഡിതന്മാര്‍ ഇവിടെ ചെയ്യുന്നത്. ഹദീസിന്റെ പരമ്പര സ്വഹീഹായതുകൊണ്ടുമാത്രം ഒരു ഹദീസ് സ്വഹീഹാവുകയില്ല. പ്രത്യുത ഹദീസില്‍ പറയുന്ന ആശയം (മത്‌ന്) ചില ന്യൂനതകളില്‍നിന്ന് കൂടി മോചിതമായിരിക്കണം എന്ന് പ്രസ്താവിച്ചുകൊണ്ട് പ്രസ്തുത ന്യൂനതകള്‍ വിവരിച്ചുകൊണ്ട് പ്രഖ്യാപിച്ചതാണിത്. ഇബ്‌നു കസീര്‍(റ)ന്റെ അല്-ബാഇസ്: എന്ന ഗ്രന്ഥമെങ്കിലും ഇവര്‍ വായിച്ചിരുന്നുവെങ്കില്‍ ഇപ്രകാരം വിഡ്ഢിത്തം പറയുമായിരുന്നില്ല. ഈ ഗ്രന്ഥം ജാമിഅഃയില്‍നിന്ന് രാജിവെച്ച് പോരുന്ന ദിവസംപോലും ഞാന്‍ പഠിപ്പിച്ചിരുന്നു. ഇന്നും ഇവരുടെ കോളജുകളില്‍ പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇമാം ഷൗക്കാനി(റ)യുടെ ഇര്‍ശാദുല്‍ഫുഹൂല്‍ എന്നത്. ആഹാദായ ഹദീസുകള്‍ സ്വീകരിക്കാനുള്ള നിബന്ധന (ശര്‍ത്ത്) ആയിട്ടാണ് ബുദ്ധിക്ക് അസംഭവ്യമായി തോന്നാതിരിക്കുക എന്നത് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത് (പേജ്-15) ഇമാം ഷൗക്കാനി ശേഷം എഴുതുന്നു: ഒറ്റപ്പെട്ട ഹദീസുകള്‍ (ആഹാദ്) സ്വീകരിക്കാനുള്ള നിബന്ധനകളില്‍ പെട്ടതാണ് ഹദീസ് ബുദ്ധിക്ക് അസംഭവ്യമാവാതിരിക്കുക എന്നത്. ബുദ്ധിക്ക് അസംഭവ്യമായാല്‍ അതു തള്ളപ്പെടും (പേജ്: 15)
സനദ് ദുര്‍ബലമായ ഹദീസുകളിലും മനുഷ്യനിര്‍മിതമായ ഹദീസുകളിലും പ്രസ്താവിക്കുന്ന മിക്ക സംഗതികളും പരിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനതത്വത്തോടും മനുഷ്യബുദ്ധിയോടും പരിപൂര്‍ണമായി യോജിക്കുന്നവയുമായിരിക്കും. ബുദ്ധിക്ക് അസംഭവ്യമായിരിക്കണമെന്നില്ല. ഇമാം ദഹബി(റ), ഇമാം ഇബ്‌നു ജൗസി(റ), ഇബ്‌നു ഖയ്യിം(റ), ഇമാം ഇബ്‌നു ഹിബ്ബാന്‍(റ), ഇമാം ഖത്വാബി(റ), ഖാൡമാള്(റ), ഇമാംറാസി(റ), ഇമാം ഗസ്സാലി(റ), ഇമാം സുയൂഥി (റ), ഇമാം ദാറഖുത്വ് നി(റ), ഇബ്‌നു ദഖീഖുല്‍ തുമ്മദി(റ), ഹാഫിള് ഇബ്‌നു അറബി (റ) മുതലായവരെല്ലാം ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസുകളെ പരമ്പരയില്‍ വന്ന നിവേദകന്മാരെ വിമര്‍ശിച്ചുകൊണ്ടും ഖുര്‍ആനിന് എതിരാണ് മനുഷ്യബുദ്ധിക്ക് എതിരാണ്, ഭാഷാ പ്രയോഗത്തിന് എതിരാണ്, അല്ലാഹുവിന്റെ കാരുണ്യത്തിന് എതിരാണ് എന്നെല്ലാം പ്രഖ്യാപിച്ചുകൊണ്ട് തള്ളുന്നതു കാണാം.
? നിങ്ങള്‍ ബുഖാരിയിലെ അറുപതില്‍ പരം ഹദീസുകളെ ദുര്‍ബലമാക്കിയെന്നും ഇന്ന ഹദീസ് എന്റെ ബുദ്ധിക്ക് യോജിക്കുന്നില്ലെന്നും പ്രസ്താവിച്ചുകൊണ്ട് തള്ളിയിട്ടുണ്ടെന്നും ഇവര്‍ വിമര്‍ശിക്കുന്നുണ്ടല്ലോ?
= പിളര്‍പ്പിന് ശേഷം ഒരൊറ്റ ഹദീസും  ഞാന്‍ ദുര്‍ബലമാണെന്ന്  പ്രസ്താവിച്ചിട്ടില്ല. ബുഖാരിയുടെ പരിഭാഷകള്‍ എല്ലാംതന്നെ ഇവര്‍ എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതിന്റെ മുമ്പ് പ്രസിദ്ധീകരിച്ചതാണ്. ഈ പരിഭാഷയുടെ ആമുഖത്തില്‍ ഞാന്‍ എഴുതിയത് വെട്ടി മാറ്റിയാണ് പിളര്‍പ്പന്മാര്‍ ഈ ആരോപണം ഉന്നയിക്കുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ.  ഈ പരിഭാഷയില്‍ ചില ഹദീസുകള്‍ക്ക് വിമര്‍ശനം നല്കിയിട്ടുണ്ട്. ന്യൂനതകള്‍ വിവരിച്ചിട്ടുണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല. പൂര്‍വികരും ആധുനികരുമായ ചില പണ്ഡിതന്മാര്‍ക്കുള്ള വീക്ഷണം വായനക്കാര്‍ക്ക് വേണ്ടി എടുത്തു കാണിച്ചതാണ് (ആമുഖം: പേജ്-4 അവസാനത്തെ ഖണ്ഡിക)  എന്നാല്‍ ഇവര്‍ പ്രസ്ഥാനത്തെ പിളര്‍ത്തിയ ശേഷം മുജാഹിദുകള്‍ ദുര്‍ബലമായി ദര്‍ശിച്ചുപോന്ന ഹദീസുകളെ സ്വഹീഹാക്കുകയും സ്വഹീഹാക്കിയ ഹദീസുകളെ ദുര്‍ബമാക്കുകയും ചെയ്തതുകൊണ്ട് വിശ്വാസരംഗത്തും കര്‍മരംഗത്തും ധാരാളം വ്യതിയാനങ്ങള്‍ ഇവര്‍ ഉണ്ടാക്കിയതിന് എത്രയോ തെളിവുകളുണ്ട്.  ഇവര്‍ ഈ പ്രസ്ഥാനത്തെ സംഘടനാപരമായി നശിപ്പിച്ചതുപോലെ ആദര്‍ശപരമായും തീര്‍ത്തും നശിപ്പിക്കുന്നത് നോക്കിക്കാണാം. ജിന്ന് ബാധ, സിഹ്ര്‍ ബാധ, വിത്‌റിലെ ഖുനൂത്, തസ്ബീഹ് നമസ്‌കാരം, സുജൂദില്‍നിന്ന് എഴുന്നേല്ക്കല്‍, ഒരു പള്ളിയില്‍ ആദ്യജമാഅത്തു കഴിഞ്ഞാല്‍ രണ്ടാമത്തെ ജമാഅത്തു സംഘടിപ്പിക്കല്‍, പല്ലിയെ വധിക്കല്‍, മന്ത്രിച്ചൂതല്‍, രോഗത്തിന് ചികിത്സിക്കല്‍, പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കല്‍ മുതലായവ ഏതാനും ഉദാഹരങ്ങളാണ്. നമ്മുടെ പണ്ഡിതന്മാര്‍ക്ക് ഹദീസ് അറിയാത്തതുകൊണ്ടാണ് മഹ്ദിയുടെ വരവിനെ നിഷേധിച്ചതെന്ന് വരെ ഇവര്‍ എഴുതിയിരിക്കുന്നു. തഖ്‌ലീദിനെ വരെ ന്യായീകരിക്കുന്നു. പ്രമാണങ്ങള്‍വരെ ഇവര്‍ അട്ടിമറിച്ചു. നമ്മുടെ സംഘടനയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ ഞാന്‍ ഒരിക്കലും കക്ഷിയല്ല. ഇവര്‍ എന്നെ കക്ഷിയാക്കിയിട്ടുമില്ല. എന്റെ ഒരൊറ്റ അഭിപ്രായം പോലും ആദര്‍ശ വ്യതിയാനത്തിന് തെളിവായി ഇവര്‍ ഉദ്ധരിച്ചിരുന്നില്ല. എം എം അക്ബര്‍, ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് മൗലവി, എം എം നദ്‌വി, മുഹമ്മദ് കുട്ടശ്ശേരി, ഹുസൈന്‍ മടവൂര്‍, കുഞ്ഞീതു മദനി, സുല്‍ഫിക്കര്‍  മുതലായവര്‍ എഴുതിയ ചില ആശയങ്ങളാണ് ആദര്‍ശ വ്യതിയാനമായി സംഘടനയെ  പിളര്‍ത്തുവാന്‍ ഇവര്‍ ഉന്നയിച്ചിരുന്നത്. സത്യവും നീതിയും ഇന്ന ഭാഗത്താണെന്ന് എന്റെ സ്വന്തം  അനുഭവങ്ങളില്‍നിന്ന് എനിക്ക് ബോധ്യമായപ്പോള്‍ ഖുര്‍ആന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് സത്യത്തിന്റെയും നീതിയുടെയും ഭാഗത്തു അടിയുറക്കുകയാണ് ചെയ്തത്. അപ്പോള്‍ ഞാന്‍ ഇവര്‍ പറയുന്നതുപോലെ ഹദീസ് നിഷേധിയും ഖുര്‍ആന്‍ നിഷേധിയും മുഅ്തസിലിയും തെമ്മാടിയും ആയിരുന്നാല്‍ പോലും ഇവര്‍ക്ക് എന്താണ് നീതിയുടെയും സത്യത്തിന്റെയും കൂടെ നില്ക്കുവാന്‍ ഇസ്‌ലാമികമായ തടസ്സം? ബിലാല്‍, അമ്മാര്‍, ഖബ്ബാബ്, യാസിര്‍(റ) മുതലായവര്‍ മുഹമ്മദ് നബി(സ)യുടെ കൂടെ നിന്നപ്പോള്‍ അതു കാരണം ഇസ്‌ലാമില്‍ നിന്ന് അകന്ന് നിന്ന അബൂജഹ്ല്‍, ഉമയ്യത്ത്, വലീദ്, ശൈബ, മുതലായവരുടെ ചരിത്രം വീണ്ടും നാം ആവര്‍ത്തിക്കരുത്. മുജാഹിദ് പ്രസ്ഥാനം പിന്‍തുടര്‍ന്നുപോന്ന ആശയാദര്‍ശങ്ങളോടാണ് അവര്‍ക്ക് ബന്ധമുള്ളത്. യാതൊരു സ്ഥാനവും ഞാന്‍ ഈ ഭാഗത്തു വഹിക്കുന്നില്ല. സംഘടനയില്‍ ഉണ്ടായ പിളര്‍പ്പിന് കാരണം ഞാനും എന്റെ പുസ്തകങ്ങളുമാണെങ്കില്‍ എന്റെ പുസ്തകങ്ങള്‍ എല്ലാം പിന്‍വലിച്ച് പുസ്തകങ്ങളില്‍ പറയുന്ന ആശയങ്ങളുമായി എനിക്ക് ബന്ധമില്ലെന്ന് പരസ്യം നല്കി ഞാന്‍ മതരംഗത്തുനിന്ന് പൂര്‍ണമായും ഒഴിവായാല്‍ ഇവര്‍ ആദര്‍ശവ്യതിയാനം ആരോപിക്കല്‍ പിന്‍വലിച്ചുകൊണ്ട് സംഘടനയില്‍ ഐക്യം ഉണ്ടാക്കുകയും പരസ്പരം ശത്രുക്കളാക്കിയ മുജാഹിദുകളെ മിത്രങ്ങളാക്കുകയും ചെയ്യുമോ?
പിന്നെ മറ്റൊരു കാര്യം. ഞാനൊരു 'മുഹദ്ദിസ്' ചമഞ്ഞ് നടക്കുകയാണെന്ന് ഇവര്‍ പ്രസംഗങ്ങളിലും ലേഖനങ്ങളിലും (ഇസ്വ്‌ലാഹ് മാസിക-ഡിസംബര്‍ 2006, പേജ്-4) ആരോപിക്കുന്നതും എന്നെ അങ്ങനെ വിശേഷിപ്പിച്ചതും പ്രചരിപ്പിച്ചതും ഈ ആരോപകര്‍ തന്നെയാണ്. അല്ലാതെ ഞാന്‍ എവിടെയും മുഹദ്ദിസ് ചമഞ്ഞിട്ടില്ല. തര്‍ക്കവിഷയങ്ങളിലുള്ള ഹദീസുകളും അവയുടെ ന്യൂനതകളും വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നതിനായി എന്നെ പുളിക്കല്‍ സലഫി കോളജില്‍ കെ പിയും എ പിയുമാണ് നിയോഗിച്ചത്.  ജാമിഅഃ നദ്‌വയ്യയിലെ ഹദീസ് ക്ലാസിലും അങ്ങനെതന്നെ. 'സുന്നത്തും ബിദ്അത്തും ഒരു സമ്പൂര്‍ണ മുഖവുര' എന്ന എന്റെ പുസ്തകത്തെക്കുറിച്ച് അല്‍മനാര്‍ (2000 മാര്‍ച്ച്) എഴുതിയത് ഇവര്‍ വായിക്കട്ടെ.
? ഭാര്യയുമായി ലൈംഗികബന്ധം സ്ഥാപിക്കുമ്പോള്‍ പ്രകൃതിവിരുദ്ധ രീതി സ്വീകരിക്കാമെന്ന് നിങ്ങള്‍ ഫത്‌വ നല്കിയതായി ഇവരിപ്പോള്‍ പ്രചരിപ്പിക്കുന്നു. സ്വയംഭോഗം അനുവദനീയമാണെന്നും നിങ്ങള്‍ വാദിക്കുന്നുവെന്ന് ആരോപണമുണ്ട്. (ഉദാ: കെ കെ സകരിയ്യ തളിപ്പറമ്പ് പ്രോഗ്രാം)
= ലജ്ജ കാരണമാണ് പൊതുജനമധ്യത്തില്‍ ഞാനിതിന് മറുപടി പറയാതിരുന്നത്. നേരത്തെ പറഞ്ഞതുപോലെ ഇവര്‍ എന്നെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതിന്റെയും സംഘടന പിളരുന്നതിന്റെയും മുന്‍പുള്ള അഭിപ്രായമേ ഇപ്പോഴും ഈ വിഷയത്തിലും എനിക്കുള്ളൂ. 'ഇളവുകള്‍ ഇസ്‌ലാമിക വിധികളില്‍' എന്ന പുസ്തകത്തില്‍ ഈ വിഷയകമായി എന്റെ അഭിപ്രായം ഞാനെഴുതിയിട്ടില്ല. സ്വഹാബി വര്യന്മാരുടെയും അവര്‍ക്ക് ശേഷമുള്ള പണ്ഡിതന്മാരുടെയും അഭിപ്രായം മറ്റൊരു വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ വിവരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്റെ അഭിപ്രായം 'ഇസ്‌ലാമിലെ അനുഷ്ഠാന മുറകള്‍' എന്ന പുസ്തകത്തില്‍ (പേജ് 370) വായിക്കുക. സ്വയംഭോഗത്തെ സംബന്ധിച്ച് ഇതേ പുസ്തകത്തില്‍ (പേജ് 368) ഞാനെഴുതിയതും വായിക്കുക. ഇവയൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ല  ഞാനെഴുതിയതെന്നും അപ്പോള്‍ മനസ്സിലാവും. മാത്രമല്ല, 1996 ലാണ് ഈ പുസ്തകം രചിച്ചത്. എന്നാല്‍, സ്വയംഭോഗം നിഷിദ്ധമല്ലെന്നും വളരെയധികം സൂക്ഷ്മത പാലിക്കുന്ന ഇമാം അഹ്മദ്(റ) ഇത് അനുവദനീയമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. വിശദീകരിക്കുകയും എതിര്‍രേഖകള്‍ക്ക് മറുപടി നല്കുകയും ചെയ്ത അല്‍മനാര്‍ (1985 ജൂണ്‍, പേജ് 43,44,45) മാസികയിലെ ചോദ്യോത്തരം ഇവര്‍ ഈ വിഷയത്തില്‍ മറച്ചു പിടിക്കുകയും ചെയ്യുന്നു.
എനിക്ക് ഒരു വിഷയത്തിലും ആദര്‍ശ വ്യതിയാനം സംഭവിച്ചിട്ടില്ലെന്നും കര്‍മ്മാനുഷ്ഠാനങ്ങളിലുള്ള  അഭിപ്രായ  വ്യത്യാസങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നും എന്നോട് മുന്‍പ് നേരിട്ട് പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍, ഞാന്‍ സത്യത്തിന്റെ കൂടെ ഉറച്ചു നിന്നതിന്റെ പേരില്‍ എന്നെ അതേ വിഷയങ്ങളെടുത്ത് ആക്രമിക്കുന്നത്.
? ജിന്ന് ബാധയുടെയും സിഹ്ര്‍ ബാധയുടെയും പ്രശ്‌നം എന്തുകൊണ്ട് പണ്ഡിതചര്‍ച്ചയില്‍ അവതരിപ്പിച്ചില്ല എന്ന് ആരോപകര്‍ ചോദിക്കുന്നു?
= ഇവര്‍ പ്രശ്‌നം അട്ടിമറിക്കുകയാണ്. ഒരിക്കലും മറുകക്ഷിക്ക് ആദര്‍ശവ്യതിയാനം ഉണ്ടെന്ന് ആരോപിക്കുകയും ഇതു സ്ഥാപിക്കുവാന്‍ പണ്ഡിത ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിട്ടില്ല. പ്രത്യുത മറുകക്ഷികളുടെ ആരോപണത്തെ പ്രതിരോധിക്കുവാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയാണ് ചെയ്തത്. പുറമെ ഈ വിഷയം തീരെ പരാമര്‍ശിച്ചിട്ടില്ല എന്നതും നുണയാണ്. പ്രബന്ധം വായിക്കുന്നവര്‍ക്ക് ഇതു ബോധ്യമാകുന്നതാണ്. അതിനുംപുറമെ ഇന്ന് ഇവര്‍ ജല്പിക്കുന്ന പല വാദങ്ങളും ജിന്നു ബാധയെ സംബന്ധിച്ച് മുജാഹിദുകളുടെ ഇടയില്‍ പ്രചിരിപ്പിക്കുകയും ചെയ്തിരുന്നില്ല. 1986 ല്‍ ഫിബ്രവരി മാസത്തെ അല്‍മനാറില്‍ ചോദ്യവും മറുപടിയും എന്ന പംക്തിയില്‍ പിശാച് ശാരീരികമായി ഉപദ്രവിക്കുകയോ രോഗം ഉണ്ടാക്കുകയോ വിവിധ രൂപങ്ങളില്‍ വരികയോ ചെയ്യുകയില്ലെന്നും അവന്റെ ഉപദ്രവം ആത്മീയമാണെന്നും എഴുതുകയുണ്ടായി. ഇതിനെ സംബന്ധിച്ച് ഇവര്‍ എഴുതുന്നത് ഇപ്രകാരമാണ്: ''വാസ്തവത്തില്‍ കെ പി മുഹമ്മദ് മൗലവി ജീവിച്ചിരുന്ന കാലത്ത് കുറച്ചുകാലം ചോദ്യങ്ങള്‍ക്ക് മറുപടി എഴുതുവാന്‍ ഇയാളെ ഏല്പിച്ചിരുന്നു. ആ സന്ദര്‍ഭം മുതലെടുത്ത് അന്ന് ഇയാള്‍ തന്നെ അല്‍മനാറില്‍ എഴുതിയ ചോദ്യോത്തരമാണ് ഇന്ന് കെ എന്‍ എമ്മിനെ അടിക്കാന്‍ ഇയാള്‍ ഉപയോഗിക്കുന്നത്.'' (ഇസ്വ്‌ലാഹ് മാസിക: 2006 ഡിസംബര്‍)
അപ്പോള്‍ പിശാച് ബാധയില്ലെന്നും പിശാച് ശാരീരികമായി ഉപദ്രവിക്കുകയില്ലെന്നും രോഗങ്ങള്‍ ഉണ്ടാക്കുകയില്ലെന്നും വിവിധ രൂപങ്ങളില്‍ വരികയില്ലെന്നും മറ്റും അല്‍മനാറില്‍ എഴുതിയത് കെ എന്‍ എമ്മിന്റെ അഭിപ്രായമല്ലെന്നും എന്റെ അഭിപ്രായമാണെന്നും ഇദ്ദേഹം ഇവിടെ എഴുതുന്നു. ഈ മറുപടി ഉദ്ധരിക്കല്‍ കെ എന്‍ എമ്മിനെ അടിക്കലാണെന്നും എഴുതുന്നു. പിശാച് ബാധയെ സംബന്ധിച്ച് ഇവര്‍ പറയുന്ന രീതിയിലുള്ളതാണ് കെ എന്‍ എമ്മിന്റെ അഭിപ്രായമെന്ന് പണ്ഡിത ചര്‍ച്ച വേളയില്‍ ഇവര്‍ അവതരിപ്പിച്ചിരുന്നില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് അല്‍ മനാറില്‍ വന്നതെങ്കില്‍ ഇന്നുവരെ എന്തുകൊണ്ട് ഇവര്‍ ഒരു എതിര്‍ കുറിപ്പ് നല്കിയില്ല. ഇസ്‌ലാഹില്‍ ഇദ്ദേഹം എഴുതിയ ലേഖനങ്ങള്‍ അല്‍-മനാറില്‍ പ്രസിദ്ധീകരിപ്പിക്കുമോ? കെ പി മുഹമ്മദ് മൗലവി ജീവിച്ചിരിക്കുന്ന കാലത്ത് കുറച്ചുകാലം ചോദ്യങ്ങള്‍ക്ക് മറുപടി എഴുതുവാന്‍ എന്നെ അദ്ദേഹം സ്വയം ഏല്പിച്ചിരുന്നുവെന്ന് എഴുതുന്നു. ഇതു എഴുതിയ വ്യക്തി ഈ ലക്കത്തില്‍ തന്നെ ഞാന്‍ മുഹദ്ദിസ് ചമഞ്ഞ് നടക്കുന്ന വ്യക്തിയാണെന്നും എഴുതുന്നു. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ കെ പി എന്തിന് ചോദ്യോത്തരത്തിന് മറുപടി എഴുതുവാന്‍ നിശ്ചയിച്ചു. ഈ ലേഖനത്തില്‍ തന്നെ, നാം ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ ജിന്നുകള്‍ നമ്മെ സഹായിക്കുമെന്ന് വിശ്വസിക്കല്‍ ഖുര്‍ആനിനും ഹദീസിനും എതിരാണെന്നും മറഞ്ഞ മാര്‍ഗത്തിലൂടെ അല്ലാഹു മാത്രമേ സഹായിക്കുകയുള്ളൂ എന്ന് പറയുന്ന തൗഹീദിന്റെ തത്വത്തിന് എതിരാണെന്നും എഴുതുന്നു (പേജ്:6) എന്നാല്‍ പിശാചിനെ തൃപ്തിപ്പെടുത്തുന്ന പ്രവൃത്തികള്‍ നാം ചെയ്താല്‍ പിശാച് സഹായിക്കുമെന്ന് ഇതേ ലക്കത്തില്‍ തന്നെ പല സ്ഥലങ്ങളില്‍ എഴുതുന്നു. സിഹ്‌റ് ചെയ്യുന്നവര്‍ പിശാചിനെ വിട്ടു ഉപദ്രവിക്കുമെന്ന് ആദ്യത്തെ ലേഖനത്തിലും എഴുതുന്നു. സിഹ്‌റ് ഫലിക്കുമെന്ന് പറയുന്നതു നാം ആവശ്യപ്പെട്ടപ്പോള്‍ പിശാച് നമ്മെ സഹായിക്കുമെന്ന് വിശ്വസിക്കല്‍ തന്നെയാണെന്ന് മനസ്സിലാക്കുവാന്‍ പിശാച് ഇവര്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ്. ഇദ്ദേഹം തന്നെ ജിന്നു ഉദ്ധരിച്ച് അംഗീകരിക്കുന്നതു കാണുക: ''യഥാര്‍ഥ വിശ്വാസികളുടെ ജീവിതത്തില്‍ പിശാചിന് യാതൊരു  സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടികൊള്ളുക. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്ന് (പിശാചിന്) യാതൊരധികാരവുമില്ല; തീര്‍ച്ച. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് (ഇതരരെ) പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു (വി.ഖു 16:98-100) അല്ലാഹു അല്ലാത്തവരെയൊന്നും അഭൗതികമായി ഭയപ്പെടാതിരിക്കുവാന്‍ ബാധ്യസ്ഥരാണ് സത്യവിശ്വാസികള്‍. ഇബ്‌റാഹീം നബി(അ) അദ്ദേഹത്തിന്റെ നിര്‍ഭയത്വം പ്രഖ്യാപിച്ചത് 6:80,81 സൂക്തങ്ങളില്‍ കാണാം. തന്റെ ദാസന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെപ്പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല (39:36) എന്ന ഖുര്‍ആന്‍ സൂക്തവും ഇതോടൊപ്പം വിലയിരുത്തപ്പെടേണ്ടതാകുന്നു. നമ്മെ പിഴപ്പിക്കാന്‍ വേണ്ടി പിശാചുക്കള്‍ നടത്തുന്ന കുതന്ത്രങ്ങള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തുകയും പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് രക്ഷിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അവന്റെ മേല്‍ പൂര്‍ണമായി ഭരമേല്പ്പിക്കുകയും അതോടൊപ്പം എല്ലാ ഭയവും കൈവെടിയുകയും ചെയ്യുക.
ഇതാണ് സത്യവിശ്വാസികള്‍ക്ക് കരണീയമായിട്ടുള്ളത്. അല്ലാഹുവല്ലാത്തവരെ പേടിപ്പെടുന്നതും അവരെപ്പറ്റി പേടിപ്പെടുത്തുന്നതും സത്യവിശ്വാസികള്‍ക്ക് ഭൂഷണമല്ല. (ശബാബ് 2002 ഒക്‌ടോബര്‍ 25.പേജ് -7) (ജിന്ന് സേവയും പിശാചുബാധയും പേജ്: 35,36) ഇതു ഖണ്ഡിക്കുവാന്‍ ഉദ്ധരിച്ചതല്ല. പ്രത്യുത അംഗീകരിക്കുവാന്‍ ഉദ്ദേഹം ഉദ്ധരിച്ചതാണ്. ഇദ്ദേഹം തന്നെ പ്ലേഗ് രോഗം വരെ ജിന്നുകള്‍ ഉണ്ടാക്കുമെന്നും ജിന്നുകള്‍ സര്‍പ്പമായും മറ്റും പ്രത്യക്ഷപ്പെടുമെന്നും ശാരീരികമായി ഉപദ്രവിക്കുമെന്നും ചരക്കുകള്‍ കൊണ്ടുപോകുമെന്നും പറയുന്നു. ജിന്നുകള്‍ നമ്മെ വധിക്കുമെന്ന് വരെ ഇവര്‍ ജല്പിക്കുന്നു. പ്രസ്ഥാനത്തില്‍ ഇവര്‍ പിളര്‍പ്പുണ്ടാക്കുന്നതിന്റെ അല്പം മുമ്പ് ഈ സ്വലാഹി പാറാല്‍ എന്ന സ്ഥലത്തുവെച്ച് ജിന്ന് ബാധയെ സംബന്ധിച്ചും സിഹ്‌റ് ബാധയെ സംബന്ധിച്ചും പ്രസംഗിച്ച പ്രസംഗവും ഇപ്പോള്‍ ഇദ്ദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവയും തമ്മില്‍ മുജാഹിദുകള്‍ താരതമ്യപ്പെടുത്തി മനസ്സിലാക്കുക. അപ്പോള്‍ ആരോടാണ് പരലോകമുണ്ടെന്ന് മറക്കരുതെന്ന ചോദ്യം മുജാഹിദുകള്‍ ഉന്നയിക്കേണ്ടതെന്ന് ബോധ്യമാകുന്നതാണ്. പാറാലില്‍ വെച്ച് പ്രസംഗിക്കുന്ന സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തിന് തൗഹീദില്‍ വ്യതിയാനം സംഭവിച്ചിരുന്നുവോ? ഈമാന്‍ കാര്യത്തിന്റെ അര്‍ഥംപോലും ഇദ്ദേഹം ഗ്രഹിച്ചിരുന്നില്ലേ? ഈമാന്‍ കാര്യത്തിനുപോലും എതിരാണ് സിഹ്‌റ് ബാധയും ജിന്ന് ബാധയും എന്നായിരുന്നു ഇദ്ദേഹം അന്ന് പ്രസംഗിച്ചിരുന്നത്.
ഗള്‍ഫിലെ ശൈഖന്‍മാരുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തിലാണുപോലും തൗഹീദില്‍ ഇദ്ദേഹത്തിന് സംഭവിച്ച വ്യതിയാനം മനസ്സിലായത്! തറാവിഹ് നമസ്‌കാരത്തെ സംബന്ധിച്ചും സ്ത്രീ ജുമുഅഃയെ സംബന്ധിച്ചും ജുമുഅഃയുടെ രണ്ടാം ബാങ്കിനെ സംബന്ധിച്ചും സ്ത്രീ-പുരുഷ വിദ്യാഭ്യാസത്തെ സംബന്ധിച്ചും ശൈഖന്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ പാറാലില്‍ വെച്ച് പ്രസംഗിച്ച സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്ന അഭിപ്രായം മാറിയോ? 'മുജാഹിദുകള്‍ക്ക് ആദര്‍ശവ്യതിയാനമോ?' എന്ന എന്റെ പുസ്തകത്തില്‍ എന്നെ സംബന്ധിച്ച് അവര്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി എഴുതിയിട്ടുണ്ട്. ഇനിയും ചില ഗ്രന്ഥങ്ങള്‍ രചിക്കുവാന്‍ ഉദ്ദേശിക്കുന്നു. അവസാനം യാഥാസ്ഥിതിക പണ്ഡിതന്മാരും നവ യാഥാസ്ഥിതികന്മാരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും മറുപടിയായി ഒരു സമ്പൂര്‍ണ ഗ്രന്ഥം ഇറക്കുന്നതാണ് (ഇന്‍ശാ അല്ലാഹ്)


സംസം വെള്ളത്തിന്റെ ശ്രേഷ്ഠതയും ഖുബുസ്, ഖബാഇസിന്റെ അര്‍ഥവും

? സംസം വെള്ളത്തിന് യാതൊരു പ്രാധാന്യവുമില്ലെന്ന് നിങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും അത് നിങ്ങള്‍ ഹദീസ് നിഷേധിയാണെന്നതിനുള്ള രേഖയാണെന്നും എ പി വിഭാഗം ആരോപിക്കുന്നുണ്ടല്ലോ.
= ഒരു ഹദീസ് പണ്ഡിതനോ ഇമാമോ സ്വഹീഹാണെന്ന് പറഞ്ഞ ഹദീസുകളെ മറ്റൊരു ഹദീസ് പണ്ഡിതനോ ഇമാമോ ദുര്‍ബലമാണെന്ന് പ്രഖ്യാപിക്കുന്നത് കാണാം. ദുര്‍ബലമാണെന്ന് പ്രഖ്യാപിച്ചതിനെ സ്വഹീഹാക്കുകയും ചെയ്യുന്നു! ഇമാം തിര്‍മിദി, ഹാകിം, അഹ്മദ് പോലെയുള്ളവര്‍ സ്വഹീഹാക്കിയ നൂറിലധികം ഹദീസുകളെ നാം ദുര്‍ബലമാക്കുകയും ചിലത് മനുഷ്യനിര്‍മിതം (മൗദ്വൂഅ്) ആക്കുകയും ചെയ്യുന്നുണ്ട്. ഈ അല്പജ്ഞാനികളുടെ നിര്‍വചനം അടിസ്ഥാനമാക്കുന്ന പക്ഷം സര്‍വ ഹദീസ് പണ്ഡിതന്മാരും ഇമാമുകളും ഹദീസ് നിഷേധികളായിരിക്കും; ഇമാം ബുഖാരി ഉള്‍പ്പെടെ. യഥാര്‍ഥത്തില്‍ ഹദീസ് പ്രമാണമല്ലെന്ന് പറയുന്നവരെയാണ് ഹദീസ് നിഷേധികള്‍ എന്നു പറയുക. ഒരു ഹദീസ് സ്വഹീഹാകാന്‍ ഇമാം ബുഖാരി സ്വീകരിച്ച നിബന്ധനയല്ല ഇമാം മുസ്‌ലിം സ്വീകരിച്ചിട്ടുള്ളത്.
സംസം വെള്ളം സംബന്ധിച്ച്, കെ എന്‍ എം പ്രസിദ്ധീകരിച്ച എന്റെ, മുസ്‌ലിംകളിലെ അനാചാരങ്ങള്‍ ഒരു സമഗ്രവിശകലനം എന്ന പുസ്തകത്തില്‍ എഴുതിയത് ഇപ്രകാരമാണ്: ''ഹാജറ ബീവിക്കും ഇസ്മാഈല്‍ നബിക്കും കുടിക്കുവാനും കുളിക്കുവാനും മലമൂത്രവിസര്‍ജനവും  മറ്റും ചെയ്താല്‍ ശുദ്ധിയാക്കുവാനും വേണ്ടി അല്ലാഹു അത്ഭുതകരമായി സൃഷ്ടിച്ചുകൊടുത്ത കിണറാണ് സംസം. ഇതിന്റെ ശ്രേഷ്ഠതയായി ഒരു ഹദീസ് മാത്രമാണ് സ്വഹീഹായിട്ടുള്ളത്. അത് താഴെ വിവരിക്കാം: അബൂദര്‍റ്(റ) നിവേദനം: നബി(സ) സംസം വെള്ളത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: നിശ്ചയം അത് വിശപ്പിന് ഭക്ഷണമാണ് (മുസ്‌ലിം). സംസം വെള്ളം രോഗത്തിന് ഔഷധമാണെന്ന് പ്രസ്താവിക്കുന്ന ഹദീസുകള്‍ എല്ലാം തന്നെ ദുര്‍ബലമാണ്. നബി(സ) രോഗശമനം ലഭിക്കുവാന്‍ വേണ്ടി തേന്‍ കുടിക്കുവാനും ജീരകം ഉപയോഗിക്കുവാനും മറ്റും ഉപദേശിച്ചതുകാണാം. എന്നാല്‍ സ്വഹീഹായ ഒരു ഹദീസില്‍ പോലും സംസം വെള്ളം കുടിക്കുവാന്‍ നബി(സ) ആരോടെങ്കിലും ഉപദേശിച്ചത് കാണാന്‍ സാധ്യമല്ല. സ്വഹാബിമാര്‍ ആരെങ്കിലും രോഗശമനത്തിന് സംസം വെള്ളം കുടിച്ചതോ കുടിക്കാന്‍ ഉപദേശിച്ചതോ കാണാന്‍ സാധ്യമല്ല. ഹജ്ജിന് ശേഷം സംസം വെള്ളം കെട്ടിക്കൊണ്ട് പോകുവാന്‍ നബി(സ) നിര്‍ദേശിച്ച ഒരു ഹദീസും സ്വഹീഹായിട്ടില്ല. സ്വഹാബിമാരില്‍ ആരെങ്കിലും അപ്രകാരം ചെയ്തത് ഉദ്ധരിക്കുന്നില്ല. ഈ വിഷയത്തില്‍ ഉദ്ധരിക്കുന്ന ഹദീസുകള്‍ ദുര്‍ബലമായതാണ്. തെളിവിന് ഒരിക്കലും കൊള്ളുകയില്ല. ദാഹമുണ്ടെങ്കില്‍ അതു കുടിക്കാമെന്നു മാത്രം. നാഫിഅ്(റ) നിവേദനം: നിശ്ചയം, ഇബ്‌നുഉമര്‍(റ) ഹജ്ജ് വേളയില്‍ സംസം വെള്ളം കുടിക്കാറില്ല. (ഫത്ഹുല്‍ബാരി) സംസം വെള്ളം കുടിക്കല്‍ പോലും ഹജ്ജിന്റെ കര്‍മങ്ങളില്‍ ഉള്‍പ്പെട്ടതല്ലെന്ന് പഠിപ്പിക്കുവാനാണ് ഇബ്‌നുഉമര്‍(റ) ഇപ്രകാരം ചെയ്തിരുന്നത്. നബി(സ) കുടിച്ച സംഭവം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സ്വഹാബിമാരില്‍ ആരും തന്നെ കഫന്‍പുടവ സംസം വെള്ളംകൊണ്ട് കഴുകാറില്ല. നബി(സ) സംസം വെള്ളംകൊണ്ട് മയ്യിത്ത് കുളിപ്പിക്കുന്നതിനെയോ കഫന്‍ പുടവ അതില്‍ കഴുകിയെടുക്കുന്നതിനെയോ പ്രേരിപ്പിച്ച ഒരു ഹദീസ് പോലും സ്വഹീഹായി ഉദ്ധരിക്കുന്നില്ല.'' (പേജ് 298,299)
പ്രസാധകക്കുറിപ്പും പുറംചട്ടക്കുമേല്‍ ഇവര്‍ എഴുതിയതും ഇതോട് ചേര്‍ത്തുവായിക്കുക. ആമുഖത്തില്‍ എ അബ്ദുസ്സലാം സുല്ലമി, ജാമിഅ നദ്‌വിയ്യ, എടവണ്ണ എന്നാണ് പേര് നല്കിയിട്ടുള്ളത്. സംഘടനയില്‍ പ്രശ്‌നമുണ്ടാകുന്നതിന്റെ എത്രയോ മുമ്പ് പ്രസിദ്ധീകരിച്ചതാണിത്. മുജാഹിദ് പ്രസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ  മുമ്പ് പ്രസിദ്ധീകരിച്ച മദ്‌റസാ പാഠപുസ്തകങ്ങളില്‍ ഒന്നിലും സംസംവെള്ളം സര്‍വ രോഗങ്ങള്‍ക്കും ശമനമാണെന്നോ അതില്‍ രോഗത്തിന് ശമനമുണ്ടെന്നോ കുട്ടികളെ പഠിപ്പിച്ചിരുന്നില്ല.
 എന്നാല്‍ 2002ല്‍ ഇവര്‍ ആറാം തരത്തിലേക്ക് തയ്യാറാക്കിയ ഇസ്‌ലാമിക കര്‍മപാഠങ്ങള്‍ എന്ന പുസ്തകത്തില്‍ എഴുതുന്നു: ''ഈ വെള്ളത്തിന്റെ ശ്രേഷ്ഠതയെ കുറിച്ച് ഹദീസുകളില്‍ പരാമര്‍ശം വന്നിട്ടുണ്ട്. റസൂല്‍(സ) സംസം വെള്ളം കുടിച്ചു. അവിടുന്ന് പറഞ്ഞു. അനുഗൃഹീതമാണ്. വിശപ്പിന് ഭക്ഷണമാണ്. രോഗത്തിന് ശമനമാണ്. (മുസ്‌ലിം) സംസം വെള്ളം എന്തിനുവേണ്ടി കുടിച്ചുവോ അതിനു അതുപകരിക്കുന്നതാണ്. (ദാറഖുത്വ്‌നി, ഹാകിം).''
'രോഗത്തിന് ശമനമാണ്' എന്ന ഭാഗം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടില്ല. ഇബ്‌നുമാജ, അഹ്മദ് പോലെയുള്ളവരാണ് ഈ ഹദീസ് ഉദ്ധരിക്കുന്നത്. ഇതിന്റെ പരമ്പര ദുര്‍ബലമായതാണ്. അല്‍ബാനി ഈ ഹദീസ് സ്വഹീഹാക്കിയിട്ടുണ്ടെങ്കിലും ഹദീസിന്റെ ന്യൂനതകള്‍ വിവരിക്കുന്നുണ്ട്. ധാരാളം ദുര്‍ബലമായ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇദ്ദേഹം ഈ ഹദീസുകള്‍ സ്വഹീഹാക്കുന്നത്. ഇത് മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ചുപോന്ന ആശയാദര്‍ശത്തിന് യോജിച്ചതുമല്ല.
ഹസന്‍ മുസ്‌ലിയാര്‍ ഈ തത്വം ഉന്നയിച്ചപ്പോള്‍ നാം ശക്തിയായി പരിഹസിച്ച് തള്ളിയതാണ്. ഇമാം ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്‌കാരങ്ങളില്‍ പിന്നിലുള്ളവര്‍ ഫാതിഹ പാരായണം ചെയ്യേണ്ടതില്ലെന്ന് സമര്‍ഥിക്കാന്‍ സ്വഹീഹായ ഹദീസുകളെ ദുര്‍ബലമാക്കുവാന്‍ വളരെ പ്രയാസപ്പെട്ടു ശ്രമിച്ചതുപോലെയാണ് സംസമിന്റെ വിഷയത്തില്‍ ദുര്‍ബലമായ ഹദീസുകളെ സ്വഹീഹാക്കാന്‍ ശ്രമിച്ചിട്ടുള്ളതും. 'സംസം വെള്ളം എന്തിനുവേണ്ടി കുടിച്ചുവോ അതിനു അതുപകരിക്കുന്നതാണ്' എന്നു പറയുന്ന ദാറഖുത്വ്‌നി ഉദ്ധരിച്ച ഹദീസിനെ സംബന്ധിച്ച് അല്‍ബാനിപോലും പറയുന്നത് അടിസ്ഥാനരഹിതവും മനുഷ്യനിര്‍മിതവുമായ ഹദീസ് എന്നാണ്. ഹാകിമിന്റെ നിവേദനത്തില്‍ രണ്ട് ദുര്‍ബലരായ നിവേദകരുണ്ട്. മുസ്‌ലിം ഉദ്ധരിക്കാത്ത ഒരു ഹദീസ് മുസ്‌ലിമില്‍ ഉണ്ടെന്ന് കുട്ടികളുടെ മദ്‌റസാ പാഠപുസ്തകത്തില്‍ പോലും എഴുതുന്നു: ഇവര്‍ പറയുന്ന കളവ് അംഗീകരിച്ചാല്‍ ഞാനും ഇവര്‍ക്ക് ഹദീസ് പ ണ്ഡിതനാവും. ഇവര്‍ ആദരിക്കുന്ന അല്‍ബാനിപോലും മനുഷ്യനിര്‍മിതമാണെന്ന് പറഞ്ഞ ഹദീസ് സ്വഹീഹാക്കി പഠിപ്പിക്കുന്നതിനെ ഞാന്‍ അംഗീകരിച്ചാല്‍ ഹദീസ് നിഷേധി എന്ന വിമര്‍ശനത്തില്‍ നിന്ന് ഞാന്‍ മോചിതനാവും!
സംസം വെള്ളം സര്‍വരോഗത്തിനും ശമനമാണോ അല്ലയോ എന്ന തര്‍ക്കമാണോ നമ്മുടെ സംഘടനയിലുണ്ടായ പ്രശ്‌നം? എങ്കില്‍ എന്തുകൊണ്ട് പണ്ഡിതചര്‍ച്ചയില്‍ ഈ പ്രശ്‌നം ഉന്നയിച്ച് ഇതിന്റെ വിധി ജംഇയ്യത്തുല്‍ ഉലമ രേഖപ്പെടുത്തിയില്ല. എനിക്ക് സംഭവിച്ച വ്യതിയാനം തിരുത്താന്‍ ആവശ്യപ്പെട്ടില്ല? സംസമിനെ സംബന്ധിച്ച് സ്വഹീഹായ ഹദീസില്‍ വന്നിട്ടുള്ള സര്‍വ ശ്രേഷ്ഠതകളും ഞാന്‍ അംഗീകരിക്കുന്നു. സനദ് മാത്രം സ്വഹീഹായാലും ശരി. മാത്രമല്ല, മറ്റെല്ലാ വിഷയങ്ങളെയും പോലെ ഇതും ആദര്‍ശവ്യതിയാനമായത് എന്നെ ഇവരുടെ കൂടെ കിട്ടില്ല എന്നു കണ്ടപ്പോഴാണ്. കാരണം സംഘടന പിളരുന്നതിന് തൊട്ടു മുമ്പിറങ്ങിയ അല്‍മനാര്‍ മാസികയില്‍, മേല്‍ വിഷയത്തില്‍ എന്റെ അഭിപ്രായം സംബന്ധിച്ച് നല്കിയ മറുപടി ഇപ്രകാരമായിരുന്നു: ''ചിലര്‍ (സംസം വെള്ളം സംബന്ധിച്ച) ചില ഹദീസുകളെങ്കിലും സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ടാകാം എന്നതിനെ നിഷേധിക്കുന്നില്ലെന്ന് സാരം. പക്ഷേ, ശരിയാണെന്ന് പറഞ്ഞവരോട് ഗ്രന്ഥകാരന്‍ (അബ്ദുസ്സലാം സുല്ലമി) യോജിച്ചുകൊള്ളണമെന്നില്ല. ഇതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കാന്‍ പറ്റില്ലതാനും.... ഇവിടെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ വിലയിരുത്തപ്പെടുകയാണ് വേണ്ടത്. അതാണ് ഇവിടെ നടന്നിട്ടുള്ളതും.'' (അല്‍മനാര്‍, 2002 ഏപ്രില്‍)
? ചന്ദ്രന്‍ പിളര്‍ന്നതിനെ നിങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്നും താങ്കളെ ഹദീസ് നിഷേധിയാക്കുന്നതിന് തെളിവായി ചിലര്‍ പ്രചരിപ്പിക്കുന്നു.
= ഇതും എന്തുകൊണ്ട് പണ്ഡിതചര്‍ച്ചയില്‍ ഉന്നയിച്ചില്ല, തിരുത്താന്‍ ആവശ്യപ്പെട്ടില്ല? സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനത്തില്‍ എഴുതിയിട്ടുണ്ടെന്നതാണ് ഇവര്‍ പറയുന്നത്. എന്നെ ഹദീസ് പണ്ഡിതനായി ഇവര്‍ വിശേഷിപ്പിക്കുകയും ജാമിഅയില്‍ പഠിപ്പിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ എഴുതിയ ഈ പരിഭാഷയുടെ ആമുഖത്തില്‍ എഴുതിയത് ഒന്നുകൂടി വായിക്കുക: ''ഈ പരിഭാഷയില്‍ ചില ഹദീസുകള്‍ക്ക് വിമര്‍ശനം നല്കിയിട്ടുണ്ട്. ന്യൂനതകള്‍ വിവരിച്ചിട്ടുണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല. പൂര്‍വികരും ആധുനികരുമായ ചില പണ്ഡിതന്മാര്‍ക്കുള്ള പ്രസ്തുത വീക്ഷണം വിജ്ഞാനത്തില്‍ വര്‍ധനവ് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എടുത്തുകാണിച്ചതാണ്.'' (ആമുഖം, പേജ് 4) ഞാന്‍ എഴുതിയത് കാണുക: ''ഇബ്‌നുഹജര്‍(റ) എഴുതുന്നു: അനസും ഇബ്‌നുഅബ്ബാസും ഈ സംഭവത്തിനു സാക്ഷികളായിട്ടില്ല. കാരണം ഈ സംഭവം ഹിജ്‌റയുടെ അഞ്ച് വര്‍ഷം മുമ്പ് മക്കയില്‍ വെച്ച് സംഭവിച്ചതാണ്. ഇബ്‌നുഅബ്ബാസ്(റ) അന്ന് ജനിച്ചിട്ടില്ല. അനസ്(റ) നാലോ അഞ്ചോ വയസ്സുള്ള കുട്ടിയായി മദീനയില്‍ ജീവിക്കുകയാണ്. ഇബ്‌നുമസ്ഊദ്(റ) സംഭവത്തിന് ഹാജറായത് വ്യക്തമായി ഈ റിപ്പോര്‍ട്ടില്‍ (ഹദീസ് നമ്പര്‍ 3636) പറയുന്നില്ല. (ഫത്ഹുല്‍ബാരി 8:548, വാള്യം 3, പേജ് 243, അധ്യായം 27). മുജാഹിദ് പ്രസ്ഥാനം കേരളത്തില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന തൗഹീദ് പണ്ഡിതനായ കൂട്ടായി അബ്ദുല്ലഹാജി(റ)യെ സംബന്ധിച്ച് പി വി ഉമര്‍കുട്ടി ഹാജി (ഒതായി) എഴുതിയ പുസ്തകത്തില്‍ പറയുന്നത് കാണുക: ''മറ്റൊരിക്കല്‍ വയള് മതിയാക്കി സ്റ്റേജില്‍ ഇരുന്നു മുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കാരണവര്‍ക്കൊരു സംശയം. അല്ലാഹുവിന്റെ റസൂല്‍ ഖമര്‍ പിളര്‍ത്തിക്കാണിച്ചു കൊടുത്തിട്ടില്ലേ? നാളെ പറയാം എന്നു മാത്രം പറഞ്ഞു. പിറ്റേ ദിവസം വയളിന്റെ അവസാനത്തില്‍ സൂറത് ഖമറിലെ ഇഖ്തറബത്തിസ്സാഅത്തില്‍ ശഖല്‍ ഖമറു.... എന്ന ആയത്ത് ഓതി. പിന്നെ് അര്‍ഥം പറഞ്ഞു. ഇഖ്തറബത്തിസ്സാഅതു (ഖിയാമം വന്നു) വല്‍ശഖല്‍ ഖമറു (ഖമര്‍ പിളര്‍ന്നു) വഇന്‍ യറൗ ആയത്തന്‍ (ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങള്‍ കണ്ടാലും) വയഖൂലു സിഹ്‌റും മുസ്തമിറ്- ഇത് (മുഹമ്മദിന്റെ) സിഹ്‌റിന്റെ തുടര്‍ച്ചയാണ് എന്നു പറയുകയും ചെയ്യും. ഖിയാമം വന്നു ഖമര്‍ പിളര്‍ന്നു ഇതെല്ലാമായാലും അവര്‍ വിശ്വസിക്കുകയില്ല. മുഹമ്മദിന്റെ (ശക്തിമത്തായ) സിഹ്‌റിന്റെ ഭാഗമാണെന്നു പറഞ്ഞു തിരിഞ്ഞുകളയും. മനസ്സിലായോ. ഖിയാമം വന്നോ? ഇല്ല. എന്നാല്‍ ഖമര്‍ പിളര്‍ന്നിട്ടും ഇല്ല കെട്ടോ. അന്ന് ഖമര്‍ പിളര്‍ന്നു എന്ന് പൊതുവെ മുസ്‌ലിംകള്‍ ധരിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു. ഈ അഭിപ്രായത്തിന് അല്പസ്വല്പം കോളിളക്കം ഉണ്ടാവാതിരിന്നില്ല.'' (പേജ് 17, വി ടി അബ്ദുല്ല ഹാജി ഒതായി) -മര്‍ഹൂം കൂട്ടായി അബ്ദുല്ലഹാജി ഹദീസ് നിഷേധിയായിരുന്നുവോ?
ഇമാം മാവര്‍ദി(റ) പറയുന്നു: ''ഇത് അന്ത്യദിനത്തില്‍ സംഭവിക്കാന്‍ പോകുന്ന സംഗതി പറയുകയാണ്. ഈ വ്യാഖ്യാനമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും നല്കുന്നത്. കാരണം ചന്ദ്രന്‍ പിളര്‍ന്നുകഴിഞ്ഞിട്ടുണ്ടെങ്കില്‍ എല്ലാവരും അതു ദര്‍ശിക്കുമായിരുന്നു.'' (ഖുര്‍ത്വുബി) -ഈ ഉദ്ധരണിയനുസരിച്ച് ഇമാം മാവര്‍ദി(റ) ഹദീസ് നിഷേധിയാണോ? ഈ വിഷയത്തെ സംബന്ധിച്ച് എന്റെ അഭിപ്രായം ബുഖാരിയുടെ പരിഭാഷയില്‍ ഞാന്‍ എഴുതിയിട്ടുമില്ല. ''എന്റെ ബുദ്ധിക്ക് എതിരായതിനാല്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന പ്രയോഗം എന്റെ യാതൊരു ഗ്രന്ഥത്തിലും ഞാന്‍ പ്രയോഗിച്ചിട്ടില്ല. പ്രയോഗിക്കുകയുമില്ല. ഇതെല്ലാം പിളര്‍പ്പിന്റെ പ്രയോജനം ആസ്വദിക്കുന്ന ചിലര്‍ക്ക് എന്നോടുള്ള അന്ധമായ ശത്രുത കാരണം പ്രസംഗിക്കുന്നതാണ്.
? വിസര്‍ജന സ്ഥലത്തുള്ള കൊതുകുകളും രോഗാണുക്കളുമാണ് ഖുബ്‌സ്, ഖബാഇസ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ സ്വന്തമായി അര്‍ഥം നല്കിയതായി ആരോപണമുണ്ടല്ലോ?
= ഇതു സംബന്ധിച്ച ഹദിസിന് ഞാനങ്ങനെ എവിടെയും അര്‍ഥം നല്കിയിട്ടില്ല. അതിന്റെ വ്യാഖ്യാനക്കുറിപ്പില്‍ ഫത്ഹുല്‍ബാരിയിലെ അഭിപ്രായം അവലംബിക്കുകയാണ് ചെയ്തത്. ഇത് ഉയര്‍ത്തിപ്പിടിച്ച് പിശാചിനെ തന്നെ നിഷേധിക്കുന്നയാളായി എന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. സംഘടനാ പിളര്‍പ്പിന് വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ ഈ വ്യാഖ്യാനക്കുറിപ്പ് ഇപ്പോള്‍ മാത്രം എങ്ങനെ ആദര്‍ശവ്യതിയാനമായി. മാത്രമല്ല അല്‍മനാറില്‍ അബ്ദുല്‍ഹഖ് സുല്ലമി എഴുതിയ ഹദീസ് പാഠത്തില്‍ ഈ ഹദീസ് വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്:
''ഖുബ്‌സ്, ഖബാഇസ് എന്നീ പദങ്ങള്‍ക്ക്, മ്ലേച്ഛത, ആണ്‍പെണ്‍ പിശാചുക്കള്‍ എന്നീ അര്‍ഥങ്ങള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ അര്‍ഥപ്രകാരം വിസര്‍ജന സ്ഥലത്തുനിന്ന് പകരാനിടയുള്ള രോഗങ്ങളില്‍നിന്ന് നാഥാ ഞാന്‍ രക്ഷ ചോദിക്കുന്നു എന്നാണര്‍ഥം. വിസര്‍ജനസ്ഥലങ്ങളില്‍ പാദരക്ഷകള്‍ അണിയണമെന്ന് നബി(സ) കല്പിച്ചിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. രണ്ടാമത്തെ അര്‍ഥ കല്പന പ്രകാരം, ഗുഹ്യസ്ഥലങ്ങള്‍ കാണാനിടവരുന്ന ഈ ഘട്ടത്തില്‍ പിശാചിന്റെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് ശരണംതേടുന്നു എന്നര്‍ഥം. ഗുഹ്യസ്ഥലം വെളിപ്പെടുത്തി സ്വസ്ഥമായിരിക്കുമ്പോള്‍ പലവിധ പൈശാചിക വിചാരവുമുണ്ടാകാം. രണ്ടര്‍ഥവും ഒന്നിച്ചുദ്ദേശിച്ചാലും ശരി തന്നെയാണ്. മാലിന്യങ്ങളില്‍ നിന്നുണ്ടായേക്കാവുന്ന   രോഗങ്ങളില്‍നിന്നും പൈശാചികദുര്‍ബോധനങ്ങളില്‍നിന്നും അല്ലാഹുവിനോടു രക്ഷതേടല്‍ വിസര്‍ജന സമയത്ത് അനിവാര്യമാകുന്നു.'' (അല്‍മനാര്‍ 1984 ഏപ്രില്‍)
(മുജാഹിദ് സെന്ററിൽ നിന്ന് പുറത്തിറങ്ങുന്ന മൂന്നാം ക്ലാസിലെ കർമ്മശാസ്ത്രത്തിലും അമാനി മൌലവിയുടെ ഇസ്ലാമിക ജീവിതം എന്ന പുസ്തകത്തിലും ഒക്കെ ഇത്തരത്തിൽ തന്നെയാണ് ഇതിനു അർത്ഥവും വ്യാഖ്യാനവും നൽകിയിട്ടുള്ളത്)

ജിന്ന് ബാക്ടീരിയയോ

? ജിന്നുകളെന്നാല്‍ ബാക്ടീരിയയും വൈറസുമാണെന്ന വാദം താങ്കള്‍ക്കുള്ളതായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടല്ലോ?
= ഈ വിഭാഗം മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയത് അടിസ്ഥാന രഹിതമായ നുണപ്രചരണങ്ങള്‍ നടത്തിക്കൊണ്ടാണെന്നതിന് ഇതും ഒരു തെളിവാണ്. ജിന്നുകളെന്നാല്‍ ബാക്ടീരിയയും വൈറസുമാണെന്ന് പറയുവാന്‍ ഞാന്‍ ഖുര്‍ആന്‍ നിഷേധിയല്ല. ജിന്ന് എന്ന പദം ഇവയ്ക്കും ചിലപ്പോള്‍ പ്രയോഗിക്കുമെന്നാണ് ഞാന്‍ പറയുന്നത്. ജിന്നിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനം പ്രബോധനം ചെയ്യുന്ന തൗഹീദിനെ ഇവര്‍ തകര്‍ക്കുവാന്‍ രംഗത്തു വന്നതിനെ ഞാന്‍ ശക്തിയായി എതിര്‍ത്തതാണ് ഇവര്‍ എന്റെ നേരെ വിമര്‍ശനവുമായി രംഗത്ത് വരാന്‍ കാരണം.
?അതൊന്ന് വിശദീകരിക്കാമോ?
= മറഞ്ഞ വഴി, അദൃശ്യ മാര്‍ഗം, കാര്യകാരണ ബന്ധത്തിന് അതീതം എന്നെല്ലാം പറയുവാന്‍ പിശാചിന്റെയും മലക്കുകളുടെയും കഴിവുകള്‍ കൂടി പ്രയോജനപ്പെടാതിരിക്കണമെന്ന് ഇവര്‍ എഴുതിവിടുകയുണ്ടായി. (ഇസ്വ്‌ലാഹ് മാസിക: ഡിസംബര്‍ 2006) സുന്നികള്‍ മഹാത്മാക്കളെയാണ് പരിഗണിച്ചിരുന്നത്. പിശാചിനെ പരിഗണിക്കുവാന്‍ അവര്‍ പോലും ധീരത പ്രകടിപ്പിച്ചിരുന്നില്ല. അപ്പോള്‍ ഒരാള്‍ വാഹനാപകടത്തിന്റെ സന്ദര്‍ഭത്തില്‍ പിശാചിനെയോ മലക്കിനെയോ മുസ്‌ലിം ജിന്നുകളെയോ വിളിച്ച് സഹായം തേടിയാന്‍ ഇവരുടെ സൃഷ്ടിയില്‍ ഇത് കാര്യകാരണ ബന്ധത്തിന് അതീതമല്ലാത്തതിനാല്‍ ശിര്‍ക്കോ കുഫ്‌റോ ആകുന്നില്ല. കാരണം ഒരാള്‍ സൃഷ്ടികളെ ഇലാഹാക്കാതെ വിളിച്ച് സഹായം തേടുകയാണെങ്കില്‍ സൃഷ്ടികളോടുള്ള സഹായം തേടല്‍ ശിര്‍ക്കും കുഫ്‌റുമാകുന്നത് കാര്യകാരണബന്ധത്തിന് അതീതമാകുന്ന സന്ദര്‍ഭങ്ങളിലാണ്, അതായത് മറഞ്ഞ മാര്‍ഗത്തിലൂടെയാകുമ്പോള്‍. മറഞ്ഞ മാര്‍ഗത്തിലൂടെയല്ലെങ്കില്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ എല്ലാവരോടും സഹായം തേടാം. പിശാചാണ് പ്ലേഗ് രോഗം ഉണ്ടാക്കുന്നത്. അപസ്മാരവും മാനസികരോഗങ്ങളും പനിയും സര്‍വരോഗങ്ങളും ഉണ്ടാക്കുന്നത് പിശാചാണ്. നബിമാരുടെ പോലും ധനത്തിലും ആരോഗ്യത്തിലും പിശാച് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും. പ്രാര്‍ഥനയും വൈദ്യശാസ്ത്രവും പരാജയപ്പെടുന്ന രംഗങ്ങളില്‍ വരെ പിശാചിനെ നാം തൃപ്തിപ്പെടുത്തിയാല്‍ സന്താനവും സമ്പത്തും ആരോഗ്യവും പിശാച് നമുക്ക് പ്രദാനം ചെയ്യും. പിശാചിനെ സേവിച്ചാല്‍ സുലൈമാന്‍ നബി(അ)ക്ക് ഇഫ്‌രീത് വളരെ ദൂരെയുള്ള ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവന്ന് കൊടുത്തതുപോലെ ദൂരെയുള്ള സാധനങ്ങള്‍ വരെ നമുക്ക് കൊണ്ടുത്തരും. പിശാച് മുഖേന മനുഷ്യസ്ത്രീകള്‍ ഗര്‍ഭിണിയായി കുട്ടികളെ പ്രസവിക്കും. സര്‍പ്പ രൂപത്തിലും മനുഷ്യന്റെ രൂപത്തിലും പിശാചിന് പ്രത്യക്ഷപ്പെടാന്‍ സാധിക്കും. പിശാച് മനുഷ്യനെ വധിക്കും. അല്ലാഹുവിനെ ഭയപ്പെടുന്നതിലുപരി അദൃശ്യമായ മാര്‍ഗത്തിലൂടെ പിശാചിനെ നാം ഭയപ്പെടണം എന്നെല്ലാം ഇവര്‍ ജല്പിച്ചു. സംഘടനയെ പിളര്‍ത്തി അതിന്റെ പവിത്രത നശിപ്പിച്ചിട്ടും മതിയാകാതെ മുജാഹിദ് പ്രസ്ഥാനം പ്രബോധനം ചെയ്ത മഹത്തായ തൗഹീദിനെയും നശിപ്പിക്കുവാന്‍ ഇവര്‍ രംഗത്ത് വന്നപ്പോള്‍ അതിനെയാണ് ഞാന്‍ എതിര്‍ത്തത്. അല്ലാതെ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ജിന്ന് എന്ന അദൃശ്യ സൃഷ്ടിയെ ഞാന്‍ ഒരിക്കലും എതിര്‍ക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ ഞാന്‍ ഈയിടെ ഗ്രന്ഥം എഴുതിയിട്ടുണ്ട്. എന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ച-അല്പമെങ്കിലും ദീനീബോധവും ദൈവഭയവും ഉള്ള - ഒരു മനുഷ്യനും ജിന്നുകളെന്നാല്‍ ബാക്ടീരിയയും വൈറസുമാണെന്ന് ഞാന്‍ പറയുന്നുണ്ടെന്ന് മനുഷ്യരുടെ മുന്നില്‍ വെച്ച് പ്രസംഗിക്കുവാന്‍ പോലും ധീരത കാണിക്കുകയില്ല. എന്നാല്‍ ഇവര്‍ ഈ കള്ള ആരോപണങ്ങള്‍ പുസ്തകമാക്കുകയും പ്രസംഗിക്കുകയും വരെ ചെയ്തിരിക്കുകയാണ്.
 ? വസ്ത്രം ഭൂമിയിലൂടെ വലിച്ചിഴക്കല്‍ നിഷിദ്ധമല്ലെന്ന് നിങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് ചിലര്‍ വാദിക്കുന്നു. നിങ്ങള്‍ ഇപ്രകാരം എഴുതിയിട്ടുണ്ടോ?
= ഞാന്‍ എഴുതിയത് പൂര്‍ണമായും ഉദ്ധരിക്കാം. ''വസ്ത്രം വലിച്ചിഴക്കല്‍: അഹങ്കാരമില്ലെങ്കിലും മനഃപൂര്‍വം വസ്ത്രം ഭൂമിയിലൂടെ വലിച്ചിഴക്കല്‍ കുറ്റകരമാണ്. എന്നാല്‍ മനപ്പൂര്‍വമല്ലാതെ വസ്ത്രം ഭൂമിയില്‍ പതിക്കുന്നതു കൊണ്ട് കുറ്റമില്ല. സ്വഹീഹുല്‍ ബുഖാരിയില്‍ ''അഹങ്കാരമില്ലാതെ വസ്ത്രം വലിച്ചിഴക്കല്‍ എന്നൊരു അധ്യായം കാണാം. അതില്‍ അദ്ദേഹം ഉദ്ധരിക്കുന്നു. ''ഇബ്‌നു ഉമര്‍(റ) നിവേദനം നബി(സ) അരുളി: ആരെങ്കിലും വസ്ത്രം അഹങ്കാരത്തോടുകൂടി ഭൂമിയില്‍ വലിച്ചിഴച്ചാല്‍ പരലോകദിനത്തില്‍ അല്ലാഹു അവനെ നോക്കുകയില്ല. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ, എന്റെ തുണിയുടെ ഒരു ഭാഗം ഞാനറിയാതെ ഭൂമിയില്‍ പതിക്കാറുണ്ട്. താങ്കള്‍ അത് അഹങ്കാരത്തോടുകൂടി ചെയ്യുന്നതല്ല എന്ന് നബി(സ) പ്രത്യുത്തരം നല്കി (ബുഖാരി: 5784) അബൂബക്കര്‍(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ അടുത്തായിരുന്ന സന്ദര്‍ഭം. സൂര്യന് ഗ്രഹണം ബാധിച്ചു. നബി(സ) തന്റെ വസ്ത്രം വലിച്ചിഴച്ചു ധൃതിപ്പെട്ടു പള്ളിയിലേക്ക് പുറപ്പെട്ടു (ബുഖാരി)'' (ഇളവുകള്‍ ഇസ്‌ലാമിക വിധികളില്‍: പേജ് 154, 155)
? നിങ്ങള്‍ ഖബര്‍ ശിക്ഷയെയും മസീഹുല്‍ ദജ്ജാലിനെയും നിഷേധിക്കുന്നവനാണെന്നും ഹദീസ് നിഷേധികളെ കൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ പ്രസംഗിക്കുന്നു. എന്താണ് യാഥാര്‍ഥ്യം?
= ഇവരുടെ ഗ്രൂപ്പിലേക്ക് എന്നെ ക്ഷണിക്കുകയും ജാമിഅയിലെ അധ്യാപകനായി ഞാന്‍ തുടരുകയും ചെയ്തിരുന്ന കാലത്ത് എനിക്കുണ്ടായിരുന്ന അഭിപ്രായം തന്നെയാണ് ഇപ്പോഴും ഈ വിഷയങ്ങളെ സംബന്ധിച്ച് ഉള്ളത്. വധശിക്ഷ അര്‍ഹിക്കുന്ന ഒരു വ്യക്തിയെ എന്തിനാണ് ഇവര്‍ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയും ജാമിഅഃയിലെ അധ്യാപകനായി നിര്‍ത്തുകയും ചെയ്തത്? ഞാന്‍ അത് നേരത്തെ നമസ്‌കാരങ്ങളിലും സുന്നത്തുകളിലും ഖബറിലെ ശിക്ഷയെ തൊട്ടും മസീഹുദജ്ജാലിന്റെ ഫിത്‌നയെ തൊട്ടും രക്ഷ തേടാറുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ജുമുഅ ഖുത്വുബ ഞാന്‍ നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നും തുടരുന്നു. ഒരൊറ്റ വെള്ളിയാഴ്ചയെങ്കിലും ഖബര്‍ ജീവിതവും പലലോകജീവിതവും രക്ഷ നിറഞ്ഞതാക്കുവാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാതിരുന്നത് ഓര്‍മയില്ല. മരണപ്പെട്ടവര്‍ക്കുവേണ്ടി മയ്യിത്ത് നമസ്‌കരിക്കുന്ന സന്ദര്‍ഭത്തിലും മയ്യിത്തിനെ സന്ദര്‍ശിക്കുന്ന സന്ദര്‍ഭത്തിലും തസ്ബീഅ് ചൊല്ലുന്ന സന്ദര്‍ഭത്തിലും ഖബര്‍ ശിക്ഷയെത്തൊട്ട് രക്ഷ തേടാറുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് ഇത്ര മാത്രമാണ് പറയുവാന്‍ ഉദ്ദേശിക്കുന്നത്. പണ്ഡിത ചര്‍ച്ചയില്‍ ഈ വിഷയങ്ങള്‍ എന്തുകൊണ്ട് ഇവര്‍ ഉന്നയിച്ചില്ല? ഈ പുരോഹിതരുടെ അഭിപ്രായ പ്രകാരം ഹദീസ് പണ്ഡിതന്മാരെല്ലാം വധിക്കപ്പെടുവാന്‍ അവകാശപ്പെട്ടവരായിരിക്കും, മദ്ഹബിന്റെ ഇമാമുകളും സര്‍വ മുജാഹിദ് പണ്ഡിതന്മാരും. ഹദീസ് പണ്ഡിതന്‍ സ്വഹീഹാക്കുന്ന ഹദീസിനെ മറ്റൊരു ഹദീസ് പണ്ഡിതന്‍ ദുര്‍ബലമാക്കുന്നതു കാണാം. ഈ മദ്ഹബിന്റെ ഇമാം അംഗീകരിക്കുന്ന ഹദീസിനെ മറ്റൊരു ഇമാം ദുര്‍ബലമാക്കുന്നതു കാണാം. ഖബര്‍ വാഹിദിനെ നിഷേധിക്കുന്നവരെ കൊല്ലണമെന്ന് പിളര്‍പ്പന്മാരല്ലാതെ മറ്റാരും പറഞ്ഞിട്ടില്ല. തവസ്സുലിന്റെ ഹദീഥിനെ ഇമാം തിര്‍മിദിയും ഇമാം ഹാജിമും മറ്റും സ്വഹീഹാക്കുന്നു. ഇസ്തിഗാസയുടെ ഹദീഥിനെ പല പ്രഗത്ഭരായ പണ്ഡിതന്മാരും സ്വഹീഹാക്കുന്നു. എന്നാല്‍ ഇവയെല്ലാം ദുര്‍ബലമാണെന്ന് സര്‍വ മുജാഹിദ് പണ്ഡിതന്മാരും പറയുന്നു. അപ്പോള്‍ ഇവരെല്ലാം വധിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടവരായിരിക്കും? ഈസാനബി(അ) മരണപ്പെട്ടുവെന്നും അദ്ദേഹം വരികയില്ലെന്നും വിശ്വസിക്കുന്നതിന് വിരോധമില്ലെന്ന് അല്‍മനാര്‍ മാസികയില്‍ തന്നെ എഴുതി. സിഹ്ര്‍ ഫലിക്കുകയില്ലെന്നും ദുര്‍ബല വിശ്വാസികള്‍ക്ക് മാത്രമേ ഫലിക്കുകയുള്ളൂവെന്നും അതിന് യാഥാര്‍ഥ്യമില്ലെന്നും അബ്ദുല്‍ ഹഖ് സുല്ലമിയും മൂസാ വാണിമേലും അല്‍മനാര്‍ മാസികയില്‍ എഴുതി. മഹ്ദി വരികയില്ലെന്ന് അല്‍മനാര്‍ മാസികയില്‍ മുഖപ്രസംഗംവരെ എഴുതി. ചന്ദ്രന്‍ പിളര്‍ന്നിട്ടില്ലെന്ന് കൂട്ടായി അബ്ദുല്ലഹാജി പ്രസംഗിച്ചു. ആഭരണത്തിന് സകാത്തില്ലെന്ന് ജംഇയ്യത്തിന്റെ യോഗത്തില്‍ എ പിയും അബ്ദുറഹ്മാന്‍ സലഫിയും വാദിച്ചു. ഇവരെല്ലാം വധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവരാണോ? എന്നെ കൊല്ലുവാന്‍ ഇവര്‍ പരസ്യമായി പ്രഖ്യാപിക്കുക തന്നെയാണ് ഖുത്വുബയില്‍ ചെയ്തിട്ടുള്ളത്.
?പ്രണയവിവാഹത്തിന് രക്ഷിതാക്കള്‍ എതിര് നില്ക്കരുതെന്ന് ഫത്‌വ നല്കാന്‍ താങ്കള്‍ വിശുദ്ധ ഖുര്‍ആന്‍ 2:232 ആയത്ത് വെട്ടിമാറ്റി വ്യാഖ്യാനിച്ചതായും ആരോപണമുണ്ടല്ലോ.
= അങ്ങനെയും ഒരാരോപണം ഈയിടെ ഉയര്‍ന്നിട്ടുണ്ട്. ഞാനങ്ങനെ ഫത്‌വ നല്കിയിട്ടില്ല. ഈ ആയത്തിന് എന്റെ ഖുര്‍ആന്‍ പരിഭാഷയിലെ വ്യാഖ്യാനം തെറ്റിദ്ധരിപ്പിക്കുകയാണിവര്‍. മര്‍ഹൂം അമാനി മൗലവി ഈ ആയത്തിന് നല്കിയ വ്യാഖ്യാനത്തിനപ്പുറം ഞാന്‍ മറ്റൊരു വീക്ഷണവും എഴുതിയിട്ടില്ല. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള തങ്ങളുടെ കുതന്ത്രങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ പിടിച്ചുനില്ക്കാനും പ്രതിരോധിക്കാനും എന്റെ പുസ്തകങ്ങള്‍ പരതുന്ന ഇവര്‍ക്ക് ഗ്രൂപ്പിന്റെ തിമിരം മാറാതെ സത്യം കണ്ടെത്താനാവില്ല.                  

ഹദീസ് നിഷേധത്തിന്റെ ഇല്ലാക്കഥകള്‍


   ?നിങ്ങള്‍ രണ്ടാം ചേകന്നൂര്‍ ആണെന്ന് എ പി വിഭാഗം ശക്തിയായി ആരോപിക്കുന്നു. എന്താണ് കാരണം? നിങ്ങള്‍ ഏതെങ്കിലും കാലത്ത് ചേകന്നൂര്‍ പക്ഷത്ത് ഉണ്ടായിരുന്നോ?
= ചേകന്നൂര്‍ മൗലവി പോലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെ സഹകരിച്ചിരുന്നുവെന്ന് എന്നെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചിട്ടില്ല. എന്നാല്‍ എ പി അബ്ദുല്‍ഖാദിര്‍ മൗലവി ചേകന്നൂരിനെ രംഗത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയും ശേഷം സമൂഹത്തിലെ പദവികള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് പിന്‍മാറുകയുമാണ് ചെയ്തതെന്ന് ചേകന്നൂര്‍ മൗലവി പലപ്രാവശ്യം എഴുതുകയും പ്രസംഗിക്കുകയും ചെയ്തതിന് ധാരാളം തെളിവുകള്‍ കാണാം. ഞാന്‍ അരീക്കോട് പ്രിലിമിനറി ക്ലാസില്‍ പഠിക്കുന്ന സന്ദര്‍ഭത്തില്‍ എടവണ്ണ വെച്ച് ചേകന്നൂര്‍ മൗലവി ഒരു പ്രസംഗ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.  പ്രവാചകന്റെ  ഹദീസിനെ പരിഹസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇന്ന് ഞാന്‍ രണ്ടാം ചേകന്നൂരാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നവരില്‍ ചിലര്‍ ഈ പ്രസംഗം കേട്ടു ചിരിക്കുകയായിരുന്നു.
എനിക്ക് ഉണ്ടായ മന:പ്രയാസം കാരണം അടുത്ത ദിവസം എന്റെ അറിവിന്റെ പരിധിയില്‍ വരുന്ന ചില ചോദ്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും എന്നെ വളരെ പരിഹസിച്ചുകൊണ്ട് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഇവരില്‍പ്പെട്ട ഒരൊറ്റ മൗലവിപോലും ഇതുപോലെ ഒരു ചോദ്യമെങ്കിലും നല്കുകയുണ്ടായിട്ടില്ല. ഇതാണ് ചേകന്നൂരുമായുള്ള എന്റെ ആദ്യത്തെ ബന്ധം. മൗലവി കുറെക്കാലം മതരംഗത്തുനിന്ന് പിന്‍മാറിയ ശേഷം വീണ്ടും ശക്തിയായി രംഗത്തു വന്നു. വെല്ലുവിളി നടത്തിക്കൊണ്ട് ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. വെല്ലുവിളി പ്രസംഗങ്ങള്‍ നടത്തി. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുന്നതുവരെ ഒരു ലഘുലേഖ പോലും ഇവര്‍ അദ്ദേഹത്തിന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ടും ഹദീസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയും പ്രസിദ്ധീകരിക്കുകയുണ്ടായിട്ടില്ല.
പലരെയും സമീപിച്ച് പൈസ കടം വാങ്ങി ചേകന്നൂരിന്റെ ഗ്രന്ഥങ്ങള്‍ക്ക് സുവ്യക്ത മറുപടി എന്ന പുസ്തകം ഞാന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഹദീസിന് എതിരായി ഉന്നയിക്കപ്പെട്ട സര്‍വ്വ തെളിവുകള്‍ക്കും ഞാനതില്‍ മറുപടി നല്കിയിട്ടുണ്ട്. എന്റെ അടുക്കല്‍ നിന്ന് കുറിപ്പുകള്‍ വാങ്ങിയും പ്രസംഗിക്കേണ്ട ശൈലിവരെ ചോദിച്ച് മനസ്സിലാക്കിയും അബ്ദുറഹ്മാന്‍ സലഫി പോലെയുള്ളവര്‍ ചില പ്രസംഗം നടത്തുക മാത്രമാണ് ചെയ്തത്.
കരുളായി എന്ന സ്ഥലത്ത് ചേകന്നൂരിന്റെ ഹദീസ് നിഷേധത്തിന് എതിരായി ഇദ്ദേഹത്തിന് പ്രസംഗിക്കേണ്ടി വന്നു. വിഷയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഇദ്ദേഹത്തിന് ഒരു കുട്ടിയെ പഠിപ്പിക്കുന്നതുപോലെ വിഷയം ഞാന്‍ പഠിപ്പിച്ചുകൊടുത്തു. പ്രസംഗം നിര്‍വഹിച്ച് വന്ന ശേഷം ഈ സലഫി എന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ''പ്രസംഗിച്ചതിന്റെ പ്രശംസ എനിക്ക് ലഭിച്ചു. വിഷയം നിങ്ങളുടേതുമായിരുന്നു.''
ചേകന്നൂരിനെ ചിലര്‍ വധിച്ചുകളഞ്ഞ കേസില്‍ മുജാഹിദ് വിഭാഗത്തില്‍നിന്ന് എന്നെയും ഉമര്‍ മൗലവിയെയും അലി അക്ബര്‍ മൗലവിയെയുമാണ് പോലീസ് വിചാരണ ചെയ്തിരുന്നത്. അലി അക്ബര്‍ മൗലവിയെ പോലീസ് സമീപിച്ചിരുന്നത് കേസില്‍ പങ്കുണ്ടെന്ന സംശയത്തിലായിരുന്നില്ല. കുറ്റവാളികളെക്കുറിച്ച് ചേകന്നൂര്‍ മൗലവിയുമായുള്ള ബന്ധം കാരണം വല്ല അറിവും ലഭിക്കുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു. മൗലവിയെ ശക്തിയായി എതിര്‍ത്തു എന്ന കാരണത്താല്‍ ഉമര്‍ മൗലവിയെയും എന്നെയുമാണ് സമീപിച്ചത്. ഉമര്‍ മൗലവിയെ കണ്ടയുടനെ തന്നെ കേസില്‍നിന്ന് ഒഴിവാക്കി. ശേഷം ക്രൈംബ്രാഞ്ചും സി ബി ഐ യും വിചാരണ ചെയ്തത് മൗലവിമാരില്‍ എന്നെ മാത്രമാണ്. സി ബി ഐ എന്നെ മാനസികമായി വളരെയധികം പീഡിപ്പിക്കുകയുണ്ടായി. എന്റെ കൂടെ പി ടി വീരാന്‍കുട്ടി വന്നിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ കുറ്റിപ്പുറത്തുനിന്ന് മാനസിക പ്രയാസം കാരണം വീട്ടില്‍ തിരിച്ചുവരാന്‍ പ്രയാസപ്പെടുമായിരുന്നു. എന്നെ രണ്ടാം ചേകന്നൂരാക്കി പ്രസംഗിച്ച് നടക്കുന്ന ഒരു മൗലവിയെപ്പോലും വിചാരണ ചെയ്യുകയുണ്ടായിട്ടില്ല. ചേകന്നൂരിന് എതിരായി ഇവര്‍ പ്രതികരിച്ചിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നില്ലേ! പ്രതികരിച്ചിരുന്നുവെങ്കില്‍ പ്രതികരണം ശക്തമായിരുന്നില്ലെന്ന് വ്യക്തമല്ലേ! സി ബി ഐ കുറ്റവാളികളുടെ രേഖാചിത്രം പുറത്തു വിട്ടിരുന്നു. ഈ രൂപവുമായി സാദൃശ്യം തോന്നിയതുകൊണ്ടു മാത്രമാണ് മറുഭാഗത്തു ഉണ്ടായിരുന്ന ചില മൗലവിമാരെ വിചാരണ ചെയ്തിരുന്നത്.
ഹദീസിനെക്കുറിച്ച് ഈ കാലഘട്ടങ്ങളിലും ഇവര്‍ എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയും ഞാന്‍ ജാമിഅ നദ്‌വിയ്യ:യില്‍ ജോലി തുടരുകയും ചെയ്തിരുന്ന സന്ദര്‍ഭത്തിലും എനിക്കുണ്ടായിരുന്ന അഭിപ്രായം മാത്രമാണ് ഇന്നും ഉള്ളത്. ഹദീസ് രണ്ടാം പ്രമാണമോ എന്ന പേരില്‍ എന്റെ ഒരു ഗ്രന്ഥം കെ എന്‍ എം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ യാതൊരു മാറ്റവും എനിക്ക് ഇപ്പോള്‍ ഉണ്ടായിട്ടില്ല. സംഘടന പിളര്‍ന്ന ശേഷം ഒരൊറ്റ ഹദീസിനെക്കുറിച്ചു പോലും പുതിയതായി ഞാന്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. എന്നിട്ടും ഇവര്‍ എന്തുകൊണ്ടാണ് ഞാന്‍ രണ്ടാം ചേകനൂരാണെന്ന് ആക്ഷേപിച്ച് നടക്കുന്നതെന്ന് ഇവരോടു തന്നെചോദിച്ചു നോക്കുക. ഞാന്‍ രണ്ടാം ചേകന്നൂരായി തീരുന്നതിലുള്ള ദു:ഖമല്ല പ്രത്യുത അപ്രകാരം ആയിത്തീരാത്തതിലുള്ള ദു:ഖമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ഞാന്‍ ഹദീസ് നിഷേധിയായി മാറിയതിലുള്ള ദു:ഖമല്ല പ്രത്യുത അപ്രകാരം ആവാത്തതിലുള്ള ദു:ഖമാണ് ഇവര്‍ക്കുള്ളത്. എനിക്ക് വല്ല വ്യതിയാനവും സംഭവിച്ചാല്‍ അവര്‍ സന്തോഷിക്കുകയാണ് ചെയ്യുക. ഒരു മുസ്‌ലിം നഷ്ടപ്പെട്ടതിലോ ഞാന്‍ നരകത്തില്‍ പ്രവേശിച്ചതിലോ ഇവര്‍ക്ക് അല്പം പോലും ദു:ഖമുണ്ടാവുകയില്ല. ഹുസൈന്‍ മടവൂരിനെ ഇവന്‍ വിമര്‍ശിച്ചപ്പോള്‍ എന്നോട് പറഞ്ഞിരുന്നത് അദ്ദേഹത്തിന് ശിര്‍ക്കിനോടും ബിദ്അത്തിനോടും എതിര്‍പ്പില്ല എന്നായിരുന്നു. ഇവക്ക് എതിരായി ഒരു പ്രസംഗം പോലും അദ്ദേഹം നിര്‍വഹിച്ചിട്ടില്ല എന്നും പറയുകയുണ്ടായി. അബ്ദുല്ലക്കോയ മദനിയും എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയും മുജാഹിദ് സെന്ററിലേക്ക് എന്നെ ചര്‍ച്ചക്ക് ക്ഷണിക്കുകയും ചര്‍ച്ചയുടെ വേളയില്‍ ഹുസൈന്‍ കുറെ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശരിതന്നെ. അത് മുജാഹിദ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തലാകുമോ? ആദര്‍ശ രംഗത്ത് എന്താണ് അദ്ദേഹം ചെയ്തത് എന്നുമാണ് എ പി എന്നോട് ചോദിച്ചത്. എന്നിട്ടും ശിര്‍ക്കിനും ബിദ്അത്തിനും എതിരായി ഞാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് ഇവര്‍ ആരോപിച്ചോ? ചേകന്നൂരിന് എതിരായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഇവര്‍ പറയുമോ? ചുരുക്കത്തില്‍ ഇവരുടെ ഭൗതിക താല്പര്യങ്ങളും വ്യക്തി താല്പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടി ഇവര്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക് എതിരായി ആര് ശബ്ദിച്ചാലും അവരെ സാധിക്കും പ്രകാരം നശിപ്പിച്ചു കളയുക എന്നതാണ് ഇവരുടെ പരിപാടി.
?നിങ്ങള്‍ എഴുതിയ ബുഖാരിയുടെ പരിഭാഷയില്‍ ഖബര്‍ ആഹാദിനെ വിശ്വാസകാര്യങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് എഴുതിയതും 60 ഹദീസുകള്‍ നിങ്ങള്‍ ദുര്‍ബലമാക്കിയതുമാവില്ലേ നിങ്ങളെ രണ്ടാം ചേകന്നൂരായി വിശേഷിപ്പിക്കുവാന്‍ കാരണം?
ഈ പരിഭാഷ ഇവരുടെ ഗ്രൂപ്പിലേക്ക് എന്നെ ക്ഷണിക്കുന്നതിന്റെ മുമ്പ് പ്രസിദ്ധീകരിച്ചതാണ്. വിശ്വാസകാര്യങ്ങള്‍ക്ക് ഖബറുല്‍ ആഹാദ് യാതൊരു സന്ദര്‍ഭത്തിലും തെളിവാക്കുവാന്‍ പാടില്ലെന്ന് ഞാന്‍ എഴുതിയിട്ടില്ല. അനുഷ്ഠാന കര്‍മങ്ങള്‍ക്കുവരെ ഒരു ഹദീസിനെ സ്വഹീഹായി അംഗീകരിക്കുവാന്‍ ഹദീസ് പണ്ഡിതന്‍മാര്‍ ആശയത്തിന് പറഞ്ഞ നിബന്ധനകള്‍ യോജിക്കാത്ത ഹദീസുകള്‍ വിശ്വാസപരമായ കാര്യങ്ങള്‍ പറയുന്ന ഹദീസുകള്‍ക്ക് പോലും യോജിക്കാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഹദീസു പണ്ഡിതന്മാര്‍ പറഞ്ഞ ഈ നിയമം ഞാന്‍ ബുഖാരി വ്യാഖ്യാനത്തില്‍ കിതാബിന്റെ പേരുകള്‍ നല്കി എടുത്തു കാണിച്ചിട്ടുള്ളത്. അതുപോലെ നിരീശ്വരവാദികളും ക്രിസ്ത്യാനികളും ഹദീസ് നിഷേധികളും ഹിന്ദു വര്‍ഗീയ വാദികളും ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയും ഹദീസുകളെയും ഇമാം ബുഖാരി(റ)യെയും വിമര്‍ശിക്കുവാന്‍ ഉന്നയിക്കുന്ന ഹദീസുകളെ വ്യാഖ്യാനിക്കലുമാണ് എടുത്തു കാണിച്ചിട്ടുള്ളത്. അതുതന്നെ ഇത്തരം ഹദീസുകളെ എന്റെ വിജ്ഞാനവും ബുദ്ധിയും പരമാവധി പ്രയോഗിച്ച് വ്യാഖ്യാനിച്ച് സ്ഥിരപ്പെടുത്തിയശേഷം ''പുറമെ ഖുര്‍ആന്‍ കൊണ്ടോ മുതവാതിറായ ഹദീസുകള്‍ കൊണ്ടോ മാത്രമേ വിശ്വാസ കാര്യങ്ങള്‍ സ്ഥിരപ്പടുകയുള്ളൂ'' എന്ന് കിതാബുക
ളുടെ പേരുകള്‍ എടുത്തു കാണിച്ച് ഉണര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിന്റെ ഉദ്ദേശ്യം എന്റെ വ്യാഖ്യാനത്തെ തകര്‍ത്തു കളയുവാന്‍ ആര്‍ക്കെങ്കിലും സാധിച്ചാല്‍പോലും ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും ഹദീസുകളെയും ഇമാം ബുഖാരിയെയും ആരും വിമര്‍ശിക്കരുതെന്ന് മാത്രമാണ്. വിശ്വാസ കാര്യങ്ങള്‍ക്ക് ഖബറുല്‍ ആഹാദിനെ പ്രമാണമാക്കാവുന്നതാണ് എന്ന് വിശ്വാസമുള്ളവര്‍ക്ക് തെളിവാക്കുന്നതിന് വിരോധമില്ലെന്ന് പോലും ചില ഹദീസുകളുടെ വ്യാഖ്യാനത്തില്‍ പ്രത്യേകം എഴുതുകയും ചെയ്തിട്ടുണ്ട്. ചില ഉദാഹരണങ്ങളിതാ: ബുഖാരിയിലെ അബൂഹൂറൈറ(റ)യില്‍ നിന്ന് 3245-ാം നമ്പറായി ഉദ്ധരിക്കുന്ന ഹദീസില്‍ സ്വര്‍ഗവാസികള്‍ക്ക് രണ്ടു ഭാര്യമാര്‍ വീതമുണ്ടായിരിക്കുമെന്ന് പറയുന്ന ഹദീസിന് ഞാന്‍ നല്കിയ വ്യാഖ്യാനം കാണുക: ''ദുന്‍യാവിലെ സ്ത്രീകളാണ് ഇവിടെ വിവക്ഷ. ഇബ്‌നു ഹജര്‍(റ) എഴുതുന്നു: സ്വര്‍ഗത്തില്‍ സ്ത്രീകളാണ് കൂടുതലെന്ന അഭിപ്രായത്തിന് അബൂഹൂറൈറ(റ) ഈ ഹദീസ് തെളിവ് പിടിക്കുന്നു (ഫത്ഹുല്‍ ബാരി: 868). വിശ്വാസ കാര്യങ്ങള്‍ക്ക് ഇത്തരം ഹദീസുകള്‍ അടിസ്ഥാനമാക്കല്‍ അനിവാര്യമല്ല. അടിസ്ഥാനമാക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാമെന്ന് മാത്രം'' (ജനഹത്തുതൗഹീദ്). (സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖാനവും വാള്യം. 3 പേജ്: 156)
നാലാം മാസത്തില്‍ അല്ലാഹു ഒരു മലക്കിനെ അയച്ച് മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍, അവന്റെ ആഹാരം, അവന്റെ ആയുസ്സ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതി വെക്കാന്‍ നിര്‍ദേശിക്കുമെന്ന് പറയുന്ന ബുഖാരി ഉദ്ധരിച്ച 3208-ാം നമ്പര്‍ ഹദീസിനെ ഞാന്‍ വ്യാഖ്യാനിച്ചുകൊണ്ട് എഴുതിയത് ഇങ്ങനെയാണ്: ''അല്ലാഹു സൂക്ഷ്മ ജ്ഞാനിയും ആദൃശ്യജ്ഞാനിയുമാണ്. മനുഷ്യന്‍ അവന്റെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മങ്ങളാണ് ഇവിടെ എഴുതുന്നത്. അതായത് അവന്റെ മുന്‍കൂട്ടിയുള്ള അറിവ് എഴുതിവെക്കുക. ഈ എഴുത്ത് മനുഷ്യനില്‍ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. ഒരു മുഴം മാത്രം അവശേഷിക്കുമ്പോള്‍ നരകവാസി സ്വര്‍ഗത്തിലേക്കുള്ള പ്രവൃത്തിയും സ്വര്‍ഗവാസി നരകത്തിലേക്കുള്ള പ്രവൃത്തിയും ചെയ്യുന്നത് അല്ലാഹുവിന്റെ ഈ എഴുത്ത് അവനില്‍ നിര്‍ബന്ധം ചെലുത്തുന്നതുകൊണ്ട് അല്ല തന്നെ. പ്രത്യുത അല്ലാഹു അദൃശ്യജ്ഞാനിയായതിനാല്‍ അവന്‍ ഒരു മനുഷ്യനെ സംബന്ധിച്ച് മനസ്സിലാക്കിയത് ഒരിക്കലും തെറ്റുകയില്ലെന്ന് ഉണര്‍ത്തുകയാണ്. അബൂലഹബും അവന്റെ ഭാര്യയും നരകത്തിലാണെന്ന് ഖുര്‍ആന്‍ മുന്‍കൂട്ടി തന്നെ പ്രവചിക്കുന്നു. ഈ പ്രവചനം അവനില്‍ ഒരിക്കലും സ്വാധീനിക്കുന്നില്ല. ഇപ്രകാരം ഖുര്‍ആന്‍ മുന്‍കൂട്ടി പ്രവചിച്ചതുകൊണ്ടുമല്ല അവര്‍ നരകാഗ്നിയില്‍ പ്രവേശിച്ചത്. പുറമെ വിശ്വാസ കാര്യങ്ങള്‍ സ്ഥിരപ്പെടുത്തുവാന്‍ ഇത്തരം ഹദീസുകള്‍ (ഖബറുല്‍ വാഹിദി)ന് സാധ്യമല്ലെന്ന് ഹദീസ് പണ്ഡിതന്മാര്‍ ഏകോപിച്ച് പ്രഖ്യാപിക്കുന്നു'' (വാള്യം: 33 പേജ്-148)
ഇവിടെ ഹദീസിനെ ഞാന്‍ ദുര്‍ബലപ്പെടുത്തിയിട്ടില്ല. ''ഈ ഹദീസ് വിശ്വാസ കാര്യങ്ങള്‍ക്ക് പറ്റുകയില്ല. അതിനാല്‍ ഹദീസ് ദുര്‍ബലമാണ്'' ഈ ശൈലിയല്ല ഞാന്‍ പ്രയോഗിച്ചിട്ടുള്ളത്. പുറമെ ഹദീസ് ദുര്‍ബലമായിട്ടുണ്ടെങ്കില്‍ ഈ നിയമം ഉണര്‍ത്തേണ്ടതുമില്ല. കാരണം ദുര്‍ബലമായ ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് മാത്രമല്ല പ്രത്യുത കര്‍മങ്ങള്‍ക്കുപോലും പറ്റുകയില്ല. ചുരുക്കത്തില്‍ അനുഷ്ഠാന കര്‍മങ്ങള്‍ക്കുപോലും ഹദീസ് സ്വഹീഹാകുവാന്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ നിബന്ധനകള്‍ യോജിക്കാത്ത ഹദീസുകളെ സംബന്ധിച്ച് മാത്രമാണിത.് ഈ ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് പറ്റുകയില്ല, ഇവിടെ വിശ്വാസ കാര്യമാണ് പറയുന്നതെന്ന്, ഞാന്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായം എടുത്തു കാണിച്ചിട്ടുള്ളത്. യാതൊരു സന്ദര്‍ഭത്തിലും ഖബറുല്‍ ആഹാദ് വിശ്വാസ കാര്യങ്ങള്‍ക്ക് തെളിവാക്കാന്‍ പറ്റുകയില്ലെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല. പരിശുദ്ധ ഖുര്‍ആന്റെ സൂചനകള്‍ ഉള്ള സംഗതികള്‍ക്കും ഖബറുല്‍ ആഹാദ് സ്വഹീഹാകാന്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ നിബന്ധനകള്‍ യോജിച്ച ഹദീസുകളും വിശ്വാസ കാര്യങ്ങള്‍ക്ക് വരെ തെളിവാക്കാമെന്നാണ് എന്റെ അഭിപ്രായം. എത്രയോ സ്ഥലങ്ങളില്‍ ഞാനത് തെളിവാക്കുകയും ചെയ്തിട്ടുണ്ട്.

ഇമാം ബുഖാരിയോട് ശത്രുതയോ!

? താങ്കള്‍ക്ക് ബുഖാരിയോട് കഠിനശത്രുതയും പകയും ഉണ്ടെന്നും നിങ്ങള്‍ ആവശ്യമില്ലാതെ ബുഖാരിയെ വിമര്‍ശിക്കുന്നുണ്ടെന്നും ഉദാഹരണമായി ബുഖാരിയുടെ പരിഭാഷ ഒന്നാം വാള്യത്തില്‍ 209-ാം പേജില്‍ നിങ്ങള്‍ അദ്ദേഹത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്നും അബൂബക്കര്‍ സലഫി എന്നൊരാള്‍ പറയുന്നു. എന്താണ് യാഥാര്‍ഥ്യം?
= ഇദ്ദേഹം ചെയ്ത പ്രസംഗവും ബുഖാരിയുടെ പരിഭാഷയും തമ്മില്‍ താരതമ്യം ചെയ്തു വായിക്കുന്ന ഏതൊരാള്‍ക്കും അയാള്‍ നീതിബോധമുള്ളയാളാണെങ്കില്‍ എനിക്ക് ബുഖാരിയോടല്ല പ്രത്യുത, ഈ മനുഷ്യന് എന്നോടാണ് അന്ധമായ ശത്രുതയും പകയും ഉള്ളതെന്ന് ബോധ്യമാകുന്നതാണ്.
ബുഖാരിയിലെ 258-ാം നമ്പര്‍ ഹദീസിന്റെ വ്യാഖ്യാനമാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്. ആദ്യമായി ഉദ്ധരിക്കാം: ''പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ ഇമാം ബുഖാരിയെ കഠിനമായി വിമര്‍ശിച്ച ഒരു സ്ഥലമാണിത്. ഈ വിമര്‍ശനങ്ങള്‍ എല്ലാം തന്നെ ഫത്ഹുല്‍ബാരിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഊഹത്തിന്റെ (വഹ്മ്) അടിസ്ഥാനത്തില്‍ ബുഖാരി ഉദ്ധരിച്ചതാണിത് എന്നുവരെ ചിലര്‍ അഭിപ്രായപ്പെടുന്നു. ഇസ്മാഈല്‍(റ) പറയുന്നു: അല്ലാഹു ഇമാം ബുഖാരിക്ക് അനുഗ്രഹം ചൊരിയട്ടെ. തെറ്റില്‍ നിന്ന് സുരക്ഷിതരായവര്‍ ആരുണ്ട്? (ഫത്ഹുല്‍ബാരി 1:369) ഹിലാബ് എന്നതിന്റെ അര്‍ഥം ചെറിയ പാത്രമാണെന്ന് ചിലര്‍ പറയുന്നു. അപ്പോള്‍ ഈ അധ്യായത്തിന് എന്തര്‍ഥമാണെന്ന് അവര്‍ സംശയം ഉന്നയിക്കുന്നു. സുഗന്ധദ്രവ്യമാണെന്ന് ചിലര്‍ പറയുന്നു. കുളിക്ക് മുമ്പ് സുഗന്ധദ്രവ്യം ഉപയോഗിക്കുന്നതുകൊണ്ട് എന്തു ഫലമാണെന്ന് അവരും ചോദിക്കുന്നു.'' ഇത്രയും ഭാഗം വായിച്ച് കേള്‍പ്പിച്ച് തുടര്‍ന്നുള്ള വരികള്‍ വിട്ടുകളഞ്ഞ് ബാക്കിയുള്ള ഭാഗമാണ് ഇയാള്‍ വായിക്കുന്നത്. ഇയാള്‍ വിട്ടുകളഞ്ഞ ഭാഗം പ്രത്യേകം ശ്രദ്ധിക്കുക: ''നമ്മുടെ പ്രദേശത്ത് ഉപയോഗിക്കാറുള്ള താളി പോലെ അഴുക്ക് നീക്കുന്ന എന്തെങ്കിലും വസ്തുവായിരിക്കാം ഹിലാബ് എന്ന് വ്യാഖ്യാനിക്കുന്ന പക്ഷം ബുഖാരിയെ വിമര്‍ശനത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും.''(വാള്യം1, പേജ് 209)
ഇയാള്‍ ഉദ്ധരിച്ച ഭാഗത്തുപോലും ഇമാം ബുഖാരി(റ)യെ ഞാന്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്നതുപോയിട്ട് അല്പംപോലും വിമര്‍ശിച്ചത് കാണിക്കാന്‍ സാധ്യമല്ല. ഇബ്‌നുഹജര്‍(റ) ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ അതേപടി ഉദ്ധരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ശേഷം എന്റേതായ ഒരു വ്യാഖ്യാനം നല്കി അദ്ദേഹത്തെ വിമര്‍ശനത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് ചെയ്യുന്നത്. എനിക്ക് ബുഖാരിയോട് ശത്രുതയുണ്ടെന്ന് സ്ഥാപിക്കാന്‍ ഇയാള്‍ ഈ ഭാഗമെല്ലാം വിട്ടുകളഞ്ഞുകൊണ്ടാണ് വായിക്കുന്നത്. 'കുളി ഹിലാബ് അല്ലെങ്കില്‍ സുഗന്ധദ്രവ്യംകൊണ്ട് ആരംഭിക്കല്‍' എന്നതാണ് അധ്യായം. ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഈ ഹദീസിനെ വിമര്‍ശിച്ച പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ക്കും അത് ഉദ്ധരിച്ച ഇബ്‌നുഹജറിനും(റ) ബുഖാരിയോട് ശത്രുതയുണ്ടെന്ന് പറയാതെ എന്നെ അനാവശ്യമായി ആക്ഷേപിക്കുന്നതെന്തിന്! അതും എന്റെ വ്യാഖ്യാനത്തെ ക്രൂരമായി വെട്ടിമാറ്റിക്കൊണ്ട്! ഇമാം ഖത്വാബി, ഖുര്‍ത്വുബി, ഖാദ്വീ ഇയാദ്വ്, ബസ്സാര്‍, ഇബ്‌നു ഖുത്തൈബ, ഇബ്‌നുജൗസി, ഇബ്‌നു ഖുസൈമ, ഇബ്‌നുഹിബ്ബാന്‍, ഇബ്‌നു ഖയ്യിം, സമഖ്ശരി, റാസി, ഇസ്മാഈലി, ഇബ്‌നു ഫൗറക്, നവവി, സുഹൈലി, ബത്വാല്‍, ബല്‍ഖീനി, അബുല്‍ഹസന്‍, ഇബ്‌നുഹസം, ഗസ്സാലി, തിര്‍മിദി, സഖാവി, ദഹബി, റശീദ് രിദ്വാ (റ) മുതലായവരെല്ലാം ഇമാം ബുഖാരിയുടെ ഹദീസുകളെ വിമര്‍ശിച്ചിട്ടുണ്ട്. ഇമാം ദാറഖുത്വ്‌നി(റ) നൂറിലധികം ഹദീസുകളെ വിമര്‍ശിക്കുന്നു. ഇവരെല്ലാം ബുഖാരിയുടെ ശത്രുക്കളാണെന്ന് അല്പജ്ഞാനികള്‍ മാത്രമേ ജല്പിക്കുകയുള്ളൂ. ഇമാം ഹാക്കിം(റ) ബുഖാരി മുസ്‌ലിമിന്റെ നിബന്ധനയോടുകൂടി സ്വഹീഹാക്കിയ ഇരുനൂറിലധികം ഹദീസുകളെ ഇമാം ദഹബി(റ) ദുര്‍ബലമാക്കുകയും ചിലതിനെ മൗദ്വൂഅ് (മനുഷ്യനിര്‍മിതം) ആക്കുകയും ചെയ്യുന്നു. അതിനാല്‍ ഇമാം ദഹബി(റ)ക്ക് ഇമാം ഹാക്കിമിനോട് പകയും ശത്രുതയുമുണ്ടെന്ന് ഇവര്‍ ജല്പിക്കുമോ? ഇമാം തിര്‍മിദി(റ) ഇമാം അബൂദാവൂദ്, ഇബ്‌നുമാജ, നസാഈ, ത്വബ്‌റാനി, ബൈഹഖി (റ) മുതലായവര്‍ സ്വഹീഹാക്കിയ ശതക്കണക്കിന് ഹദീസുകളെ അല്‍ബാനി ദുര്‍ബലമാക്കുകയും ചിലത് മനുഷ്യനിര്‍മിതമാക്കുകയും ചെയ്യുന്നു. ഇവര്‍ ദുര്‍ബലമാക്കിയതിനെ സ്വഹീഹാക്കുകയും ചെയ്യുന്നു. ഇതുകാരണം അല്‍ബാനിക്ക് ഈ ഹദീസ് പണ്ഡിതന്മാരോട് ശത്രുതയുണ്ടായിരുന്നുവെന്ന് ഇവര്‍ പ്രഖ്യാപിക്കുമോ?
? ഇമാം ബുഖാരിയെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?
എനിക്ക് ബുഖാരിയോട് ശത്രുതയുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ ഉദ്ധരിച്ച ഒന്നാം വാള്യത്തില്‍ തന്നെ ബുഖാരി(റ)യെ സംബന്ധിച്ച് ഞാന്‍ എഴുതിയതില്‍ ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട്. അതില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കാം. ഖുറാഫീ പുരോഹിതന്മാരെക്കാള്‍ ഇവര്‍ അധപ്പതിച്ചിട്ടുണ്ടെന്ന് ബോധ്യമാകാന്‍ ഇത് ഉപകാരപ്പെടുമെന്ന് ഞാന്‍ വിചാരിക്കുന്നു. ''ശൈശവത്തില്‍ തന്നെ ഇമാം അവര്‍കള്‍ പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി മനപ്പാഠമാക്കി. അറബിഭാഷയിലും ഇസ്‌ലാമിക വിജ്ഞാനശാഖകളിലും നല്ല പാണ്ഡിത്യം അദ്ദേഹം കരസ്ഥമാക്കി.... അനിതരസാധാരണമായ ഓര്‍മശക്തിയുടെ ഉടമയായിരുന്നു ഇമാം ബുഖാരി.... ഇമാം ബുഖാരി നിവേദനം ചെയ്ത പല ഹദീസുകളെയും ശക്തിയായി വിമര്‍ശിച്ചിട്ടുള്ള പണ്ഡിതന്മാര്‍ പോലും അദ്ദേഹത്തിന്റെ ഹദീസ് പാണ്ഡിത്യത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇബ്‌നുഖുസൈമ(റ) പറയുന്നു: ആകാശത്തിനു ചുവട്ടില്‍ ബുഖാരിയെക്കാള്‍ ഹദീസ് പാണ്ഡിത്യമുള്ള മറ്റൊരു വ്യക്തിയില്ല തന്നെ. ബുഖാരിയെക്കാള്‍ ഹദീസുകളുടെ ന്യൂനതകള്‍ മനസ്സിലായിട്ടുള്ള മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ലെന്നു ഇമാം തിര്‍മിദിയും പറയുന്നു. ബുഖാരിയുടെ 110 ഹദീസുകളെ വിമര്‍ശിച്ച പ്രഗത്ഭ പണ്ഡിതനും നിരൂപകനുമായ ഇമാം ദാറഖുത്വ്‌നി(റ) പോലും ബുഖാരിയുടെ ഹദീസ് വിജ്ഞാനത്തെ സമ്മതിക്കുന്നുണ്ട്. ബുഖാരി ഇല്ലായിരുന്നുവെങ്കില്‍ ഇമാം മുസ്‌ലിമിന് ഒരു പ്രസിദ്ധിയും ലഭിക്കുമായിരുന്നില്ല എന്നുവരെ അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഇമാം മുസ്‌ലിം(റ) പറയുന്നു: ''ഇമാം ബുഖാരിക്ക് സമശീര്‍ഷനായി മറ്റൊരു ഹദീസ് പണ്ഡിതന്‍ ഇല്ല തന്നെ.''
ബുഖാരിയുടെ മതബോധത്തെ എതിരാളികള്‍ പോലും വിമര്‍ശിച്ചിട്ടില്ല. മുസ്‌ലിം ലോകത്ത് ജനിച്ച സര്‍വ പണ്ഡിതന്മാരും ഇക്കാര്യത്തില്‍ അദ്ദേഹത്തെ പ്രശംസിക്കുന്നവരാണ്. ഒരു മനുഷ്യനെയും പരദൂഷണം പറയാത്ത നിലയില്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന വ്യക്തിയായിരിക്കും ഇമാം ബുഖാരിയെന്നാണ് ഒരു പണ്ഡിതന്‍ അദ്ദേഹത്തെ ശ്ലാഘിക്കുന്നത്. ഹദീസ് നിവേദകരെ വിലയിരുത്തുന്ന സന്ദര്‍ഭത്തില്‍പോലും ബുഖാരിയുടെ ഈ ശ്രേഷ്ഠ സ്വഭാവം നമുക്ക് കാണാന്‍ സാധിക്കും. പലരും ദജ്ജാല്‍, പിശാച് എന്നെല്ലാം ഒരു വ്യക്തിയെ പരിചയപ്പെടുത്തുമ്പോള്‍ അയാളെക്കുറിച്ച് ജനങ്ങള്‍ക്ക് വിമര്‍ശനമുണ്ട്. അതിനാല്‍ ഞാനയാളെ വര്‍ജിക്കുന്നുവെന്ന് മാത്രമേ ബുഖാരി പറയാറുള്ളൂ.
ഇമാം ബുഖാരി രാത്രി വളരെക്കുറച്ച് മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. ആരാധനയിലും പഠനത്തിലും മുഴുകി അദ്ദേഹം സമയം ചെലവ് ചെയ്തു. ഇബ്‌നുമുജാഹിദ്(റ) പറയുന്നു: അറുപത് വര്‍ഷത്തിനിടക്ക് ബുഖാരിയെപ്പോലെ ഒരു മതബോധമുള്ള പണ്ഡിതനെ ഞാന്‍ കണ്ടിട്ടില്ല. മര്‍റിലെ സര്‍വ പണ്ഡിതന്മാരും ബുഖാരിയുടെ ധാര്‍മികബോധത്തെ പ്രശംസിക്കുന്നു. പരലോകജീവിതത്തിലെ സൗഖ്യത്തെ മാത്രം ലക്ഷ്യമായി കാണുന്ന പണ്ഡിതന്മാരുടെ മഹത്തായ വിശേഷണമാണ് മുതലാളിമാരുടെയും ഭരണാധികാരികളുടെയും പടിപ്പുരകള്‍ കയറിയിറങ്ങാതിരിക്കുക എന്നത്. ഇമാം ബുഖാരി(റ) ഇതില്‍ നൂറ് ശതമാനവും വിജയിച്ചിട്ടുണ്ട്. ഒരിക്കല്‍ ബുഖാറയിലെ ഗവര്‍ണറായിരുന്ന ഖാലിദ്ബ്‌നു മുഹമ്മദ് കൊട്ടാരത്തില്‍ ചെന്ന് ഹദീസ് പഠിപ്പിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇമാം ബുഖാരിയുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു. അതിന് അദ്ദേഹം നല്കിയ മറുപടി ഇപ്രകാരമായിരുന്നു. ''അധികാരി വര്‍ഗത്തിന്റെ പടിവാതില്‍ക്കല്‍ കൊണ്ടുചെന്ന് വിജ്ഞാനത്തെ അപമാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ ഹദീസ് ഗ്രന്ഥത്തില്‍ നിന്ന് എന്തെങ്കിലും കേള്‍ക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കില്‍ എന്റെ താമസസ്ഥലത്തോ പള്ളിയിലോ വരാന്‍ പറഞ്ഞേക്കുക. എന്റെ മറുപടി താങ്കള്‍ക്കിഷ്ടപ്പെടുന്നില്ലെങ്കില്‍ താങ്കള്‍ ഒരു ഭരണാധികാരി തന്നെയാണ്. അതിനാല്‍ എന്നെ നീ ശല്യപ്പെടുത്താതെ വിട്ടുപോവുക. ഇത് അല്ലാഹുവിന്റെ അടുത്ത് അന്ത്യദിനത്തില്‍ എനിക്കുള്ള വിട്ടുവീഴ്ചയാണ്. വിജ്ഞാനത്തെ ഞാന്‍ ഗോപ്യമാക്കുന്നില്ല''.
കൊട്ടാരത്തില്‍ ചെന്ന് തന്റെ കുട്ടികള്‍ക്ക് മാത്രമായി ഹദീസ് പഠിപ്പിച്ചുകൊടുക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഇത് സമ്പന്ന വര്‍ഗത്തിന്റെ കുട്ടികള്‍ക്ക് മാത്രമായി കൊടുക്കുക സാധ്യമല്ല' എന്നായിരുന്നു ഇമാമിന്റെ മറുപടി. ഇക്കാരണത്താല്‍ ഗവര്‍ണര്‍ക്ക് അദ്ദേഹത്തോട് വിരോധമാവുകയും നാടുവിട്ടുപോകാന്‍ കല്പിക്കുകയും ചെയ്തു. ഇമാം ബുഖാരി(റ) വളരെ കുറച്ചുമാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ഒരു യാത്രക്കാരനെപ്പോലെയാണ് ഈ ലോകത്തെ അദ്ദേഹം ദര്‍ശിച്ചിരുന്നത്. ദരിദ്രരെയും വിദ്യാര്‍ഥികളെയും ഉള്ളഴിഞ്ഞ് സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത ഒരു ധര്‍മിഷ്ഠന്‍ കൂടിയായിരുന്നു ഇമാം അവര്‍കള്‍.... അഹങ്കാരികളും ഭൗതികതല്പരരുമായ ചില ഭരണാധികാരികളില്‍ നിന്നുള്ള എതിര്‍പ്പ് കഠിനമായപ്പോള്‍ ആ മഹാത്മാവ് ഇപ്രകാരം പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, ഭൂമി വിശാലമായിരിക്കേ, എനിക്കത് കുടുസ്സായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ നീ എന്നെ സ്വീകരിച്ചാലും.'' അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ഇടനല്കാതെ ഹിജ്‌റ 256 ല്‍ ചെറിയ പെരുന്നാള്‍ ദിവസം ശനിയാഴ്ച രാത്രി തന്റെ ആ പ്രിയദാസനെ അവന്‍ തിരിച്ചുവിളിച്ചു. അഹങ്കാരികളുടെയും കപടന്മാരുടെയും ഈ ലോകത്ത് നിന്ന് അന്ത്യയാത്ര പുറപ്പെടുമ്പോള്‍ ആ വിശുദ്ധാത്മാവിന് 62 വയസ്സ് പ്രായമായിരുന്നു. ''അല്ലാഹുവേ, നിന്റെ മതത്തിനു വേണ്ടി ജീവിതം മുഴുവന്‍ അര്‍പ്പിച്ച ഈ ത്യാഗിവര്യനില്‍ ഈ പണ്ഡിത ശ്രേഷ്ഠനില്‍ വന്നുപോയ പിഴവുകള്‍ നീ പൊറുത്തുകൊടുക്കേണമേ. അല്ലാഹുവേ, ഞങ്ങള്‍ നിന്റെ പ്രവാചകന്മാരെപ്പോലെ നീ പ്രത്യേകം സംരക്ഷിച്ചവരില്‍ പെട്ടവരല്ല. ഞങ്ങളുടെ വീക്ഷണത്തിലും വിജ്ഞാനത്തിലും തെറ്റുകള്‍ സംഭവിക്കാം. അപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കില്‍ നീ ഞങ്ങള്‍ക്ക് മാപ്പ്‌ചെയ്തു തരേണമേ. ഒരു മുജ്തഹിദായ പണ്ഡിതന് തെറ്റ് സംഭവിച്ചാലും ഒരു പ്രതിഫലമുണ്ടെന്നാണല്ലോ നിന്റെ പ്രവാചകന്‍ ഞങ്ങളെ ഉണര്‍ത്തിയത്.''
(സ്വഹീഹുല്‍ ബുഖാരി: പരിഭാഷയും വ്യാഖ്യാനവും, വാള്യം 1, ആമുഖം)
ഇത്രയും എഴുതിയ എന്നെക്കുറിച്ചാണ് ഞാന്‍ ഇമാം ബുഖാരിയുടെ ശത്രുവും അദ്ദേഹത്തോടു പകയുള്ളവനുമാണെന്ന് ഇയാള്‍ പറയുന്നത്. ബുഖാരിയുടെ ശത്രുവാണ് ഞാനെങ്കില്‍ എന്നെ എന്തിനാണ് ഇവരുടെ ഗ്രൂപ്പിലേക്കിവര്‍ ക്ഷണിച്ചത്? ബുഖാരിയിലെ 359-ാം ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഞാന്‍ എഴുതിയ ഒരു ഭാഗം കൂടി ഉദ്ധരിക്കുന്നു: ''ചില ആധുനിക ഹദീസ് നിഷേധികള്‍ ബുഖാരിയെയും അബൂഹുറൈറ(റ)യെയും വിമര്‍ശിക്കാന്‍ ഈ ഹദീസ് ഉദ്ധരിക്കുന്നതുകൊണ്ടാണ് ഇത്രയും വിവരിച്ചത്. ഈ രണ്ട് വസ്ത്രധാരണയുടെ രീതി വ്യക്തമായി നമുക്ക് ഗ്രഹിക്കാന്‍ സാധ്യമല്ല.'' (വാള്യം 1, പേജ് 271)
ചേകന്നൂര്‍ മൗലവി, ഇമാം ബുഖാരിയെയും അബൂഹുറൈറയെയും അതിരൂക്ഷമായി വിമര്‍ശിക്കാന്‍ ഉദ്ധരിക്കാറുള്ള ഹദീസുകള്‍ക്ക് എന്റെ അറിവിന്റെ പരമാവധി ഉപയോഗിച്ച് വിമര്‍ശനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇതുപോലെ ശ്രമിക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഒരു ഹദീസ് പണ്ഡിതന്‍ ഉദ്ധരിച്ച ഹദീസിനെ ദുര്‍ബലമാക്കല്‍ ആ ഹദീസ് പണ്ഡിതനോടുള്ള ശത്രുതയും പകയും കാരണമായിട്ടാണെന്ന് വ്യാഖ്യാനിക്കുന്ന പക്ഷം സര്‍വഹദീസ് പണ്ഡിതന്മാരും പരസ്പരം ശത്രുക്കളും പകയുള്ളവരുമാണെന്ന് പ്രഖ്യാപിക്കേണ്ടിവരും. ഇമാം മുസ്‌ലിം(റ) ഇമാം ബുഖാരിയുടെ ഹദീസ് സ്വീകരിക്കാനുള്ള നിബന്ധനയെ (ശര്‍ത്വിനെ) അതിരൂക്ഷമായി വിമര്‍ശിച്ചതുകാണാം. ഇതുകാരണം ഇമാം മുസ്‌ലിമിന് ബുഖാരിയോട് ശത്രുതയും പകയുമുണ്ടെന്ന് ഇവര്‍ ജല്പിക്കുമോ?
മാത്രമല്ല, ഈയടുത്ത് എടത്തനാട്ടുകരയിലും താനാളൂരിലും നടത്തിയ പ്രസംഗത്തില്‍ കെ കെ സകരിയ്യ സ്വലാഹി ''ഇമാം ബുഖാരി തെറ്റുപറ്റാത്ത മഅ്‌സൂമാണെന്നോ സ്വഹീഹുല്‍ ബുഖാരിയുടെ രണ്ട് ചട്ടകള്‍ക്കുള്ളിലുള്ളതെല്ലാം സത്യസമ്പൂര്‍ണമാണെന്നോ ഞങ്ങള്‍ക്കഭിപ്രായമില്ല'' എന്ന് പറയുന്നുണ്ട്. ഇത് അബൂബക്കര്‍ സലഫിയും കൂട്ടരും എങ്ങനെ ന്യായീകരിക്കുമെന്നറിയാനും താല്പര്യമുണ്ട് n


Comments

  1. സമൂഹത്തില്‍ വളരെ കൂടുതല്‍ പ്രചരിക്കപ്പെട്ട ആരോപണങ്ങള്‍ ... ഏറെ കുറെ ആളുകള്ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ സാദിച്ച ഒട്ടു മിക്ക ആരോപങ്ങള്‍ക്കും മറുപടി ഇതില്‍ വായിക്കാം
    ജനാബ് അബ്ദുസ്സലാം സുല്ലമിക്കും ഈ കുറിപ്പ് അപ്ലോഡ് ചെയ്ത എന്റെ പ്രിയ സഹോദരന്‍ മുജാഹിദ്‌ വോയിസ്‌ നും പടച്ച തമ്പുരാന്‍ എല്ലാ പ്രയാസങ്ങളും നീക്കി കൊടുക്കട്ടെ ഇഹത്തിലും പരത്തിലും രക്ഷയും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

    ReplyDelete
  2. തങ്ങളുടെ മുഹിബ്ബുകളായ മൊല്ലമാർ പറയുന്നതും എഴുതുന്നതും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ഖുറാഫിയൻ ശൈലിയാണ് മുജാഹിദുകൾ എന്നവകാശപ്പെടുന്ന ചിലർക്കും ഇന്നുള്ളത്. പ്രസ്ഥാനപ്പിളർപ്പിലൂടെ അകത്തു നുഴഞ്ഞു കയറിയ ചില മുസ്ലിയാക്കളാണ് ഇന്ന് പ്രസ്ഥാനത്തിന്റെ മൊത്തക്കുത്തകക്കാരായി ഓടി നടന്ന് തൊണ്ട കീറുന്നത് എന്നത് എത്ര അതിശയകരമാണ്. സി പി ഉമർ സുല്ലമിയുടെ തൗഹീദിനെ വരെ ചോദ്യം ചെയ്യാൻ തൊലിക്കട്ടി കാണിച്ചവരാണിവർ. ആദർശത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ത്യാഗികളായ പൂർവ്വികരെ ഇവന്മാരൊന്നും കേട്ടിട്ടുപോലുമുണ്ടാകില്ല; എന്നിട്ടു വേണ്ടേ അവരുടെ വഴിയറിയാൻ. വാഹനവും, വീടും, ഭൂമിയുമൊക്കെ ഓഫറായി കിട്ടിയാൽ അതുവരെ പറഞ്ഞ തൗഹീദും ശിർക്കും വരെ ഇവന്മാർ മാറ്റി മറിക്കും. തങ്ങൾക്ക് രുചിക്കാത്തവരെ ഏതു നെറികെട്ട ആരോപണ മുന്നയിച്ചും അരുക്കാക്കാൻ മടി കാണിക്കാത്ത ഈ നവ ജനുസുകൾ ഇപ്പോൾ അവരുടെ ദുഷ്ചെയ്തികളുടെ ഫലം ഓരോന്നായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ആദർശ നേതാക്കളെയും മുവഹിദുകളെയും 'വ്യതിയാനിക'ളാക്കാൻ നീട്ടിയ നാക്കുകൾ ഇപ്പോൾ പരസ്പരം ചവിട്ടിയും മാന്തിയും മത പ്രബോധന രംഗം മലീമസമാക്കുന്ന തിരക്കിലാണ്. ഇവരിൽ നിന്ന് രക്ഷിച്ച നാഥനു സ്തുതി.

    ReplyDelete

  3. സലാം സുല്ലമിയെ തെറി വിളിക്കുന്നതിലൂടെ സുഖം കിട്ടുന്ന മനൊരോഗികളെ അവഗണിക്കുക

    ReplyDelete

Post a Comment