Tuesday, August 21, 2012

Palliative Clinic ഉള്ളു തുറന്നൊരു കാരുണ്യസ്പർശംപെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കുകള്‍
ഉള്ളുതുറന്നൊരു കാരുണ്യസ്പര്‍ശംആ കുഗ്രാമത്തില്‍ ഏറെ അന്വേഷിച്ചാണ് ഞങ്ങള്‍ അബ്ദുല്ലക്കുട്ടിയുടെ വീട്ടുപരിസരത്തെത്തിയത്. അവിടെയെത്തിയപ്പോള്‍ വീടേതെന്ന് പിന്നീട് ഞങ്ങള്‍ക്കന്വേഷിക്കേണ്ടി വന്നില്ല. രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു ആ വീടിന്റെ അടയാളം. അബ്ദുല്ലക്കുട്ടി എന്ന മുപ്പത്തിരണ്ടുകാരന്റെ ശരീരത്തിലെ പൊട്ടിയൊലിക്കുന്ന മുറിവായിരുന്നു ആ ഗന്ധത്തിന്റെ ഉറവിടം.
അപരിചിതരായ കുറെയാളുകള്‍ ബാഗും പെട്ടിയുമൊക്കെയായി ഈ വീട്ടിലേക്ക് വരുന്നത് കണ്ട് അല്‍വാസികള്‍ പലരും ജനലുകളിലൂടെ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു. തങ്ങള്‍പോലും എന്നേ കൈയൊഴിഞ്ഞ ഈ വീട്ടിലേക്ക് ഇങ്ങനെയൊരു കൂട്ടം ചെറുപ്പക്കാര്‍ വരുന്നത് എന്തിനെന്ന ഉത്ക്കണ്ഠയായിരുന്നു അവരുടെ മുഖത്ത്. അപ്പോഴും ആ കൊച്ചുകൂരയില്‍നിന്നും നേര്‍ത്ത ആ നിലവിളി ഉയരുന്നുണ്ടായിരുന്നു. നിസ്സാഹയതയുടെയും ദുരിതത്തിന്റെയും വേദന പുരണ്ട ഒരു നിലവിളി, പ്രതീക്ഷയറ്റ ഒരു ദീനവിലാപം.
ഞങ്ങളോടൊപ്പമുണ്ടായിരുന്ന നഴ്‌സ് അബ്ദുല്ലക്കുട്ടിയുടെ മുറിവ് വൃത്തിയാക്കാന്‍ തുടങ്ങി. ഭീകരമായ ആ മുറിവില്‍നിന്നും പുഴുക്കളെയും മറ്റു മാലിന്യങ്ങളെയും മൃദുവായി നീക്കംചെയ്തു മുറിവില്‍ മരുന്നും അണുവിമുക്ത പരുത്തികളും നിറച്ച് വെച്ചുകെട്ടി. ആ സമയത്ത്, കൊണ്ടുവന്ന വാട്ടര്‍ബെഡ് സജ്ജീകരിക്കുകയായിരുന്നു ഞങ്ങള്‍. വീടിനടുത്തുള്ള കിണറ്റില്‍നിന്ന് വെള്ളം കോരി ബക്കറ്റുകളില്‍ ഞങ്ങള്‍ വീട്ടിനകത്തേക്കു കൊണ്ടുപോകുന്നതെല്ലാം നോക്കി അയല്‍വാസികള്‍ പകച്ചുനില്ക്കുകയാണെന്ന് തോന്നി. മുറിവ് കെട്ടി, ശരീരം വൃത്തിയാക്കി വാട്ടര്‍ ബെഡില്‍ കിടത്തി, ആവശ്യമായ മരുന്നുകള്‍ നല്കിയപ്പോള്‍ അബ്ദുല്ലക്കുട്ടിയുടെ കണ്ണുകള്‍ അമ്പരപ്പിലും ആശ്വാസത്തിലും തിളങ്ങുകയായിരുന്നു. പിന്നീടവ ഈറനണിഞ്ഞു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍ തുടച്ചുകൊണ്ട് അബ്ദുല്ലക്കുട്ടി ഞങ്ങള്‍ക്കു മുന്നില്‍ മനസ്സുതുറക്കുകയാണ്. അപ്പോഴേക്കും, ആ വീട്ടിലെ ദുര്‍ഗന്ധം എങ്ങോ പോയ്മറഞ്ഞിരുന്നു.
ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ള തത്രപ്പാടില്‍, വൃദ്ധമാതാപിതാക്കളുടെയും ഭാര്യയും പറക്കമുറ്റാത്ത മൂന്ന് പിഞ്ചുമക്കളുമടങ്ങുന്ന കുടുംബത്തിന്റെയും വിശപ്പടക്കാന്‍, കടംവാങ്ങിയ കാശുപയോഗിച്ച് കടല്‍ കടന്നതായിരുന്നു അബ്ദുല്ലക്കുട്ടി. അമിതമായ പ്രതീക്ഷകളോ അത്യാഗ്രഹങ്ങളോ ഒരു ഗള്‍ഫുകാരന്റെ പത്രാസോ ഒന്നുമായിരുന്നില്ല ആ യുവാവിന്റെ മനസ്സില്‍. പട്ടിണിക്കൊരു പരിഹാരം, ആരുടെയും മുന്നില്‍ കൈനീട്ടാത്ത ശരാശരി ജീവിതം -അത്രയേ ഇയാള്‍ സ്വപ്നം കണ്ടിരുന്നുള്ളൂ. പക്ഷേ, വിധി മറിച്ചായിരുന്നു. ചെറിയൊരു ഉണല്‍! അതൊരു കുരുവായി.... പിന്നെപ്പിന്നെ... പരിശോധിച്ചിരുന്ന ഡോക്ടറുടെ മുഖഭാവത്തിലൂടെ തന്റെ അസുഖം അത്ര പന്തിയുള്ളതല്ലെന്ന് ആ യുവാവ് മനസ്സിലാക്കി. അത്രയേ മനസ്സിലാക്കിയുള്ളൂ. തന്റെ ജീവനും ജീവിതവും ഉഴുതുമറിക്കാനെത്തിയ കാന്‍സര്‍ എന്ന ഭീകരനാണിതെന്ന് അയാളൂഹിച്ചിട്ടുണ്ടാവില്ല. പിന്നീട്... പരിശോധനകള്‍, ചികിത്സകള്‍, മരുന്നുകള്‍..!! ഗള്‍ഫിലേക്ക് പറന്നതിന്റെ കടത്തിനു മുകളില്‍ കടങ്ങള്‍ വീണ്ടും കുന്നുകൂടി. ഒടുവില്‍ കടങ്ങളും ദുരിതങ്ങളും അസഹ്യമായ വേദനയുമായി വീണ്ടും വീട്ടിലേക്ക്. ''ഇനിയൊന്നും ചെയ്യാനില്ല, വീട്ടിലേക്ക് കൊണ്ടുപോയ്‌ക്കോളൂ'' എന്ന ഡോക്ടര്‍മാരുടെ ഉപദേശം ആ മനസ്സിനെയും കുടുംബത്തെയും ഒരുപോലെ തളര്‍ത്തി. പിന്നീട് ഒറ്റപ്പെടലിന്റെ നാളുകളായിരുന്നു. സ്വന്തം ഭാര്യപോലും അറച്ചുനിന്ന നിമിഷങ്ങള്‍! പിന്നെ, ബന്ധുക്കളുടെയും അയല്‍വാസികളുടെയും നിലപാടില്‍ അത്ഭുതമില്ലല്ലോ. എങ്കിലും കീറിമുറിക്കുന്ന വേദനയും താനൊരു ഭാരമാവുന്നെന്ന ആധിയും കടിച്ചിറക്കി ആരോടും പരിഭവമില്ലാതെ അബ്ദുല്ലക്കുട്ടി ആഗ്രഹിച്ചു; ഈ മുറിവൊന്നുണങ്ങിയിരുന്നെങ്കില്‍ കടല വിറ്റെങ്കിലും കുടുംബത്തെ നോക്കാമായിരുന്നെന്ന്. തന്നെ ചികിത്സിച്ച് ചികിത്സിച്ച്, വീട്ടിലെ അടുപ്പുപോലും അണഞ്ഞെന്ന് വേദനയോടെ തിരിച്ചറിഞ്ഞ അയാള്‍ പിന്നെ കരച്ചില്‍ പതുക്കെയാക്കാന്‍ ശ്രമിച്ചു. മരുന്നുവാങ്ങാനുള്ള വീട്ടുകാരുടെ നിസ്സഹായത അവരില്‍ വേദനയാവാതിരിക്കാന്‍. പക്ഷെ, ഏറെ നാളൊന്നുമതിന് കഴിഞ്ഞില്ല... തന്റെ കണ്ണുകള്‍ വിടര്‍ത്തിയ, മനസ്സ് തണുപ്പിച്ച സ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശത്തിന്റെ അനുഭൂതിയില്‍ അബ്ദുല്ലക്കുട്ടി തന്റെ ഭൂതകാലവും പ്രതീക്ഷകളും നിരാശകളും നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെ ഞങ്ങള്‍ക്കു മുന്നില്‍ തുറക്കുകയായിരുന്നു. എവിടെനിന്നോ വന്ന ഏതോ അപരിചതര്‍ ഇത്രയൊക്കെ ചെയ്തപ്പോഴും ജാള്യതയോടെയും കുറ്റബോധത്തോടെയും അയല്‍വാസികളും ഓരോരുത്തരായി ആ വീട്ടിലേക്ക് കയറിവന്നു. അതെ, അബ്ദുല്ലക്കുട്ടി തീവ്രമായ ഒറ്റപ്പെടലിന്റെ നെരിപ്പോടില്‍നിന്ന് മോചിതനാവുകയാണ്. അസഹ്യമായ വേദനയില്‍നിന്നും!! ഏതാനും ആഴ്ചകള്‍ക്കുശേഷം അയാള്‍ അനിവാര്യമായ വിധിക്കു കീഴടങ്ങി. ചിരിച്ചുകൊണ്ടല്ലെങ്കിലും കരയാതെ... നന്ദിയോടെ.... പ്രാര്‍ഥനയോടെ ആ യുവാവ് കണ്ണടച്ചു.
കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാ
നം ഇന്നത്തെയത്ര വിപുലവും വ്യവസ്ഥാപിതവുമല്ലാതിരുന്ന കാലത്തെ ഒരനുഭവമാണിത്. അബ്ദുല്ലക്കുട്ടിയുടേതുപോലെ നിരവധി മുഖങ്ങള്‍... 'എല്ലാ മനുഷ്യരും മരിക്കും, ഞാന്‍ മാത്രം മരിക്കില്ല എന്ന ചിന്തയാണ് ഓരോ മനുഷ്യനെയും ജീവിപ്പിക്കുന്നത്' എന്ന ആമുഖത്തോടെ തന്റെ വേദനകളെല്ലാം കടലാസിലേക്ക് പകര്‍ത്തി കടന്നുപോയ ശ്രീധരി എന്ന പതിനേഴുകാരി, മുല്ലബീവി, ബാലേട്ടന്‍... അങ്ങനെയെത്രയെത്ര പേര്‍!! ഇന്ന് പാലിയേറ്റീവ് കെയറിന്റെ സ്‌നേഹസ്പര്‍ശത്തിന്റെ അനുഭൂതി നുകര്‍ന്ന് വേദനകളില്ലാത്ത ഒര്‍മകളിലേക്ക് നടന്നു നീങ്ങിയവരുടെ എണ്ണം എത്രയോ വലുതാണ്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഈ പ്രസ്ഥാനത്തിന് അത്രയും വളര്‍ച്ചയും സ്വീകാര്യതയുമാണ് ഉണ്ടായിട്ടുള്ളത്.
ഔഷധ പ്രധാനമായ ഒരു വൈദ്യശാസ്ത്രചികിത്സാശാഖയല്ല പാലിയേറ്റീവ് കെയര്‍. മനസ്സുകളുടെ പരിചരണവും ഇതില്‍ അതിപ്രധാനമാണ്. ലോകാരോഗ്യ സംഘടന ഇതിനെ നിര്‍വചിച്ചത് ഇപ്രകാരം: ''മാറാ രോഗികളുടെ സമ്പൂര്‍ണമായ രോഗപരിചരണമാണ് പാലിയേറ്റീവ് കെയര്‍. വേദന പോലുള്ള ശാരീരിക പ്രയാസങ്ങളുടെ ശമനം, മാനസികവും ആത്മീയവും സാമൂഹികവുമായ പ്രശ്‌നങ്ങളുടെ പരിഹാരം -ഇവ പരിചരണത്തില്‍ പരമപ്രധാനമാണ്. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പരമാവധി മെച്ചപ്പെട്ട ജീവിതം നല്കുകയാണ് ലക്ഷ്യം.''
കാന്‍സര്‍... മാരകവും അതിഭീകരവുമായ രോഗം. അതിന്റെ സാധ്യതയില്‍നിന്നും ആരും മുക്തരല്ലെന്ന് ലോകം നമ്മോട് വിളിച്ചുപറയുന്നു. നിസ്സാരമെന്ന് കരുതുന്ന ചില ലക്ഷണങ്ങള്‍ ഒടുവില്‍ ഭീകരരൂപം പ്രാപിക്കുമ്പോഴേക്കും എന്തൊക്കെ നടക്കുന്നു. മരുന്നുകള്‍, സ്‌കാനിംഗ്, രക്തപരിശോധന, ബയോപ്‌സി, ഓപ്പറേഷന്‍, റേഡിയേഷന്‍, കീമോ തെറാപ്പി... വൈദ്യശാസ്ത്രത്തിന്റെ ആവനാഴി കാലിയാവുകയാണ്. ഒടുവില്‍ പതിവു ഉപദേശം. ''ഇനി കാര്യമായൊന്നും ചെയ്യാനില്ല. വീട്ടിലേക്ക് കൊണ്ടുപോയ്‌ക്കോളൂ.'' ഏതു വീട്! ആ വീടിന്റെ ആധാരം ഇതിനകം തന്നെ പണയത്തിലായികിക്കഴിഞ്ഞു. ആഭരണങ്ങളും മറ്റു വസ്തുക്കളും വിറ്റിട്ടും കടങ്ങള്‍ പല്ലിളിച്ച് നില്ക്കുന്നു.
രോഗിയുടെ അവസ്ഥയോ? മാറാരോഗത്തിന്റെ നിതാന്ത ദുരിതങ്ങളുടെയും ദുസ്സഹവേദനയുടെയും നെരിപ്പോടുകളിലെരിഞ്ഞമര്‍ന്ന്, ഏകാന്തതയുടെ തടവറകളില്‍ ഉപേക്ഷിക്കപ്പെടുകയാണവര്‍. മരണം അവന്റെ കണ്‍മുന്നിലാണ്. ഉറങ്ങാന്‍പോലും ധൈര്യം വരുന്നില്ല. സ്വപ്നത്തില്‍നിന്നും പ്രതീക്ഷയില്‍നിന്നും 'നാളെ'കള്‍ അന്യമാവുന്നു. അവ 'ഇന്നിലേക്ക്' പരിമിതപ്പെടുകയായി. ലോകത്തിന്റെയും സമൂഹത്തിന്റെയും സഞ്ചാരപഥത്തില്‍നിന്നും വേറിട്ട് മറ്റൊരു വീഥിയിലേക്ക് താന്‍ മാറിയതായി അയാള്‍ക്കനുഭവപ്പെടുന്നു. ഒരു തിരിച്ചുവരവിന് നേരിയൊരു പ്രതീക്ഷപോലും ശേഷിക്കുന്നില്ലെന്ന് തിരിച്ചറിയുന്നതോടെ അയാളുടെ നെഞ്ചില്‍ വലിയൊരഗ്നികുണ്ഠം ആളിക്കത്തുകയാണ്. ഒരു സാന്ത്വനവാക്കിനും അവയെ അണയ്ക്കാനാവുന്നില്ല. ജീവിതം അവസാനിക്കുകയാണ്. നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കപ്പെടുകയാണ്. ആശങ്കകള്‍ മാത്രം ബാക്കി.
തന്റെ ചികിത്സ ഉണ്ടാക്കിയ കടക്കെണി, കുടുംബത്തിന്റെ ഭാവി തുടങ്ങി ആത്മീയവും മാനസികവുമായ ആധികള്‍. ഇഞ്ചിഞ്ചായി ദിനേന ഹോമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സഹജീവികള്‍ നാമടക്കമുള്ള സമൂഹത്തെ ദൈന്യമായി തുറിച്ചു നോക്കുന്നില്ലേ. ആ നോട്ടം മനസ്സിനെ മുറിവേല്പ്പിച്ച ചില മനുഷ്യസ്‌നേഹികളുടെ കൂട്ടായ്മയിലൂടെയാണ് ഓരോ പാലിയേറ്റീവ് ക്ലിനിക്കുകളും യാഥാര്‍ഥ്യമാവുന്നത്. ഇവിടെ രോഗികളെയും ഡോക്ടറെയും വളണ്ടിയര്‍മാരെയും വേര്‍തിരിച്ചറിയുക പ്രയാസം. ആശുപത്രിയുടെ നിറമോ മണമോ ഇല്ല. യൂനിഫോമുകളോ വേര്‍തിരിച്ച ഇരിപ്പിടങ്ങളോ ഇല്ല. പരസ്പരം സ്‌നേഹിക്കാനും കരുണ കാണിക്കാനും മാത്രമറിയാവുന്ന പച്ച മനുഷ്യര്‍ മാത്രം.
രോഗിക്ക് ശാരീരികവും മാനസികവുമായ പരിചരണം, സൗജന്യമായി മരുന്നുകള്‍, വാട്ടര്‍ബെഡ്, വീല്‍ചെയര്‍, മറ്റു ഉപകരണങ്ങള്‍, ക്ലിനിക്കുകളിലെത്താനാവാത്ത രോഗികളെ വീട്ടില്‍വന്ന് പരിചരിക്കുന്ന ഹോം കെയര്‍ യൂനിറ്റുകള്‍, സാമ്പത്തിക സഹായങ്ങള്‍.... അങ്ങനെ പലതുമായി വേദനയുടെ വഴിത്താരയിലെ അണയാത്ത സാന്ത്വന ദീപമായി നമ്മുടെ നാട്ടില്‍ നിരവധി പാലിയേറ്റീവ് ക്ലിനിക്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. ഭൗതികമായ യാതൊരു ലാഭേച്ഛയുമില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ് അവയില്‍ മിക്കതും. ഇവയുടെ ശില്പികളും പ്രവര്‍ത്തകരും ഈ സേവനവീഥിയില്‍ സ്വയം ജീവിക്കാന്‍പോലും മറന്നുപോവുന്ന സന്ദര്‍ഭങ്ങള്‍. തുടങ്ങിവെച്ച മഹാസംരംഭം നിലനില്ക്കാന്‍ വേണ്ടിമാത്രം സ്വന്തം വരുമാനങ്ങളും ഊര്‍ജവും വിയര്‍പ്പും ജീവിതം തന്നെയും ഇവയ്ക്കുവേണ്ടി സമര്‍പ്പിച്ചവര്‍. അവര്‍ നമ്മുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ വരുന്നതിനു മുമ്പുതന്നെ കണ്ണു തുറക്കേണ്ടവരാണ് വിശ്വാസികള്‍. നാം നല്കുന്ന സഹായം അതെത്ര ചെറുതായാലും മരണം മുന്നില്‍ കാണുന്ന ഒരു സഹജീവിയുടെ തീവ്രമായ വേദനക്ക് അതൊരാശ്വാസമാണ്. ആ ആശ്വാസം നാളെ നമുക്കൊരു വലിയ തണലാകുമെന്നുറപ്പാണ്.
കാരുണ്യം മുഖമുദ്രയായ ഇസ്‌ലാമിന്റെ അനുയായികള്‍ക്ക്, വിശിഷ്യാ ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ക്ക് ഈ മേഖലയില്‍ ബാധ്യതകളേറെയാണ്. ഇവയൊന്നും നമ്മുടെ പണിയല്ലെന്ന് ചന്തിക്കുന്നത് മതവിരുദ്ധമാണ്. മറ്റാരെങ്കിലും ചെയ്യുന്നുണ്ടെന്ന് വെച്ച് ഈ മേഖലയോട് മുഖം തിരിക്കണമെന്ന പ്രേരണ മതാനുശാസനമല്ല. കുറച്ചുകാലത്തേക്കെങ്കിലും ഇവ നിര്‍ത്തിവെക്കണമെന്ന ആശയം പൈശാചികമാണ്. പരിഹാസങ്ങളും കുത്തുവാക്കുകളും ഒറ്റപ്പെടുത്തലുകളും അവഗണിച്ച് പ്രബോധനത്തോടൊപ്പം നിസ്തുലമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കാഴ്ചവെച്ച് മുന്നേറുന്ന സുഹൃത്തുക്കള്‍ക്ക് കരുത്തു പകരാന്‍ തയ്യാറാവുക. നമ്മുടെ ദാനധര്‍മങ്ങളിലെ നല്ലൊരു വിഹിതം ഇത്തരം ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് നീക്കിവെക്കുക. നമ്മുടെ ഒരു സഹോദരന് മരണത്തിന്റെ ഇരുണ്ട ഗുഹാമുഖത്തും ശിഷ്ടജീവിതം ചൈതന്യപൂര്‍ണമാക്കാന്‍, ക്രിയാത്മകമാക്കാന്‍ ആ സഹായത്തിനാവും. അതാവട്ടെ പാഴായിപ്പോവാത്ത ഒരു പണച്ചെലവുമാണെന്നു നാം തിരിച്ചറിയുക.

മന്‍സൂറലി ചെമ്മാട്‌

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes