Monday, October 22, 2012

Sihr_ Mujahid Leaders


 സിഹ്‌റിനെ കുറിച്ച് പൂർവ്വിക മുജാഹിദ് നേതാക്കൾ

മരണപ്പെട്ടു പോയ ഒരാൾ തന്റെ ജീവിതകാലത്ത് ഒരു വിഷയത്തിൽ പുലർത്തിയ നിലപാടിനെ പറ്റി ആധികാരികമായി പറയാൻ ഏറ്റവും അർഹത അദ്ദേഹത്തിന്റെ ഉറ്റവർക്കാണ്.സിഹ്‌റിനെ കുറിച്ചുള്ള ചില സാക്ഷ്യപ്പെടുത്തലുകൾ കാണുക

...
സിഹ്റിനെ കുറിച്ച് അനാവശ്യ ഭയം ജനങ്ങളെ വേട്ടയാടുകയും സ്വൈര്യജീവിതത്തെയും ബന്ധങ്ങളെയും അവ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്ന കാലത്ത് അതിനെതിരിലും ഉപ്പ പ്രമാണങ്ങൾ കൊണ്ട് പോരാടി. വി. ഖുർആനിലെ സൂറ. ഫലഖിലെവമിൻ ശർറി നഫാസാത്തി..’ എന്ന് തുടങ്ങുന്ന ആയത്തിന്സിഹ് ഫലിക്കുമെന്ന് പറയുന്ന ആളുകളിൽ നിന്ന് ഞാൻ ശരണം തേടുന്നുഎന്നാണ് ഉപ്പ പഠിപ്പിച്ചിരുന്നത്
(ഉമർ മൌലവിയുടെ മൂത്ത മകൾ പ്രൊഫ. ഹബീബ- സ്മൃതിചിത്രങ്ങൾ , പേജ്: 233)


ഉപ്പക്ക് ഏറ്റവും പ്രിയങ്കരനായിരുന്നു അയൽ‌വാസി മൊയ്തുക്ക. പറമ്പിലെ ചില അത്യാവശ്യ പണികൾക്കായി മൊയ്തുക്കയെ വിളിച്ചതായിരുന്നു അന്ന്. തെങ്ങിന്റെ ചുവട്ടിൽ കിളക്കുന്നതിനിടെ മൊയ്തുക്ക എന്തോ ഒന്ന് കുനിഞ്ഞെടുത്തു. അദ്ദേഹം വല്ലാതെ പരിഭ്രാന്തനായി. ഒരു കുപ്പി, ചെമ്പ്, തകിട്, മാരണം ചെയ്യാനുപയോഗിക്കുന്ന കുറേ സാധനങ്ങൾ! “മൌലവീ..ആരോ നിങ്ങൾക്കെതിരെ സിഹ്‌റ് ചെയ്തിട്ടുണ്ട്. ഉടൻ ഇത് ഒഴിവാക്കാൻ വേണ്ടത് ചെയ്യണം.” മൊയ്തുക്ക ബേജാറോടെ പറഞ്ഞു. ഉപ്പയുടെ മറുപടി ഇപ്രകാരമായിരുന്നു:“അതവിടെ കിടക്കട്ടെ. സിഹ്‌റ് ചെയ്ത് ആർക്കെങ്കിലും എന്നെ നശിപ്പിക്കാൻ കഴിയുമെങ്കിൽ അതൊന്ന് കാണട്ടെ. അല്ലാഹുവിന്റെ തീരുമാനമേ നടക്കൂ.അത് മാറ്റി മറിക്കാൻ ഒന്നിനുമാവില്ല”
(പി സൈദ് മൌലവിയുടെ മൂത്ത മകൻ അബ്ദുറഹ്‌മാൻ അൻസ്വാരി- സ്മൃതി ചിത്രങ്ങൾ, പേജ്: 45,46)


“സിഹ്‌റിന് ഫലമുണ്ടെന്നും ജിന്ന് ബാധ സംബന്ധിച്ചുമൊക്കെയുള്ള വാദം വാപ്പയുൾപ്പെടെ അന്നത്തെ നേതാക്കളാരും അംഗീകരിച്ചിരുന്നില്ല. അവരൊക്കെ അതിനെതിരിൽ ശക്തിയായി പോരാടിയതാണ് അനുഭവം.”
(എ അലവി മൌലവിയുടെ മൂത്ത മകൾ എ ജമീല ടീച്ചർ- സ്മൃതിചിത്രങ്ങൾ, പേജ്:68)


“ജിന്ന് ബാധ, സിഹ്‌റ് ബാധ, മന്ത്രവാദം തുടങ്ങിയവയെ എല്ലാം വാപ്പ തുറന്നെതിർത്തു. സിഹ്‌റിന് ഫലമുണ്ടെന്ന് വാപ്പയുൾപ്പെടെയുള്ള പഴയ കാല പണ്ഡിതൻ‌മാർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല”
(ശൈഖ് മുഹമ്മദ് മൌലവിയുടെ മൂത്ത മകൻ റഷീദ് മാസ്റ്റർ- സ്മൃതിചിത്രങ്ങൾ, പേജ്: 121)


“..മറ്റൊരയൽ‌വാസിയായിരുന്ന കുഞ്ഞിക്കോയക്ക് ഇടക്ക് രാത്രികളിൽ ശൈത്വാനിളക്കമെന്ന പേരിൽ അട്ടഹാസങ്ങളും ഇളക്കങ്ങളുമുണ്ടാകും. ഇതിന്റെ പേരിൽ വാപ്പ പലപ്പോഴും അയാളെ ശകാരിച്ചിരുന്നു. കണ്ണേറ്‌ തട്ടിയെന്നും സിഹ്‌റ് ബാധിച്ചെന്നും പറയുന്ന ആളുകളോട് വളരെ കാർക്കശ്യത്തോടെ എതിർപ്പ് പ്രകടിപ്പിക്കും. അതിലെ വ്യർത്ഥതകൾ മനസ്സിലാക്കിക്കൊടുക്കും. ശൈത്വാനെ സ്വാധീനിച്ച് ഉപയോഗപ്പെടുത്തുന്നതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സിഹ്‌റിന് ഫലമുണ്ടെന്ന് ഒരിക്കലുമദ്ദേഹം അംഗീകരിച്ചിട്ടില്ല.”
(അമാനി മൌലവിയുടെ മകൻ സലീം അമാനി- സ്മൃതിചിത്രങ്ങൾ, പേജ്: 192)
 

“അക്കാലത്ത് നിറം പിടിപ്പിച്ച കഥകളുടെ മേമ്പൊടിയുമായി പുരോഹിതർ പ്രചരിപ്പിച്ചിരുന്ന ജിന്ന് ബാധ, സിഹ്‌റ് തുടങ്ങിയ അന്ധവിശ്വാസങ്ങളെ തുരത്താൻ സി എ മൌലവി അന്നത്തെ മഹാരഥൻ‌മാരോടൊപ്പം ഏറെ വിയർപ്പൊഴുക്കിയിട്ടുണ്ട്.”
(സി എ മുഹമ്മദ് മൌലവിയുടെ സഹോദര പുത്രൻ സി എ മുഹമ്മദ് ഫാറൂഖി- സ്മൃതിചിത്രങ്ങൾ, പേജ്:130)

“ജിന്ന് ബാധയുടെയും സിഹ്‌റിന്റെയും കഥകളെ മറ്റെല്ലാ ഇസ്ലാഹി പണ്ഡിതൻ‌മാർക്കുമൊപ്പം വാപ്പയും ശക്തിയായി എതിർത്തു. ഇന്ന് മുജാഹിദിൽ നിന്ന് സലഫിയിലേക്ക് വഴി മാറിയപ്പോൾ, അവർ പ്രമാണങ്ങളുയർത്തി എതിർത്ത അന്ധവിശ്വാസങ്ങൾക്കെല്ലാം വീണ്ടും അഡ്രസ്സുണ്ടാവുന്നത് ഏതായാലും പ്രസ്ഥാനത്തിന്റെ ശിൽ‌പ്പികൾ വിഭാവനം ചെയ്ത ആദർശത്തിന്റെ ഭാഗമല്ല”
(കുഞ്ഞോയി വൈദ്യരുടെ മകൻ ഡോ അബ്ദുൽ മജീദ്, സ്മൃതിചിത്രങ്ങൾ: പേജ്: 165,166)

“ഇസ്ലാമിനെയും പ്രവാചകനെയും അതിരൂക്ഷമായി വിമർശിച്ച് കൊണ്ട് ഇടമറുക് ഗ്രന്ഥമെഴുതുകയും അത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഒരിക്കൽ, മെസ്കോ അബൂബക്കർ മുൻ‌കയ്യെടുത്ത് ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. ഫാറൂഖ് കോളജായിരുന്നു ഇതിനു വേദിയായി തെരഞ്ഞെടുത്തിരുന്നത്. മതപണ്ഡിതൻ‌മാരും ബുദ്ധിജീവികളുമായ പതിനെട്ടോളം പ്രഗൽഭമതികൾ സംബന്ധിച്ചിരുന്നു. ഇടമറുകിന് മറുപടി പറയുക എന്നതായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം. മുഹമ്മദ് നബി(സ)ക്ക് സിഹ്‌ർ ബാധിച്ചുവെന്നും ചെയ്യാത്തകാര്യം ചെയ്യുന്നതായി തോന്നിയെന്നും സൂചിപ്പിക്കുന്ന ഹദീഥ് ഉദ്ധരിച്ച് ഇതാണ് വഹ്‌യിന്റെ പിന്നിലുള്ളതെന്ന് സമർത്ഥിച്ച് കൊണ്ടാണ് ഇടമറുക് എഴുതിയിരുന്നത്. ഈ അഭിപ്രായത്തിന് എങ്ങിനെ മറുപടി പറയണമെന്ന വിഷയത്തിൽ വിവിധ അഭിപ്രായങ്ങളുയർന്നു. നബി(സ)ക്ക് അത്തരമൊരവസ്ഥ ഉണ്ടായിട്ടുണ്ടോ? സിഹ്‌റ് ബാധിച്ചുവെന്ന ഹദീഥ് എന്തുചെയ്യണം? ഇതിൽ ചർച്ച മുട്ടിനിന്നു. ഈ ഹദീഥിലെ പരാമർശം നബി(സ)യുടെ വിശുദ്ധിക്ക് നിരക്കാത്തതാണെന്നും ഖുർ‌ആനിന്റെ വ്യക്തമായ പ്രസ്താവനക്ക് വിരുദ്ധവുമാണെന്നതിനാൽ സ്വീകാര്യമല്ല എന്ന് ചിലർ വാദിച്ചു. ഈ അഭിപ്രായത്തെ പറ്റി ഉമർ മൌലവി എന്ത് പറയുന്നു എന്നായിരുന്നു പിന്നെ ചോദ്യം. അതിനോട് അദ്ദേഹം യോജിക്കുകയായിരുന്നു. കെ പിയും അതിനെ അനുകൂലിക്കുകയാണുണ്ടായത്.”
(സി പി ഉമർ സുല്ലമി, സ്മൃതിചിത്രങ്ങൾ, പേജ്:256)

1 comments:

Nawaz.irf said...

ee smrithichithrangale kurich kooduthal details tharumo?? Oru articlenu vendi reference kodukkana

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes