Paravoor Masjid

പരവൂർ മുജാഹിദ് പള്ളിക്കെതിരായി എ പി വിഭാഗം മുജാഹിദുകൾ നടത്തിയ നെറികേടുകൾ സംബന്ധിച്ച് 2005 ജൂലായ് 1, 14, ആഗസ്റ്റ് 1 ലക്കങ്ങളിൽ വന്ന ലേഖനങ്ങൾ

 

 

1

പള്ളി നിർമ്മാണം തടയാൻ എ പി മുജാഹിദുകൾ

സംഘപരിവാറിന്റെ സഹായം തേടി!!


ഒടുവില്‍ അതും സംഭവിച്ചു! പാലക്കാട് കൊടുന്തിരപ്പുള്ളിയില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കാനായി നിര്‍മിച്ച വിശുദ്ധഭവനം അര്‍ധരാത്രി ജെ സി ബി ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കുകയും കാസര്‍കോടും മഞ്ചേരിയിലും പള്ളി പൂട്ടിക്കുകയും ചെയ്ത ഭിന്നിപ്പുകാര്‍ കൊല്ലം ജില്ലയിലെ പരവൂരില്‍ പള്ളി നിന്ദയുടെ പുതിയൊരു കാടന്‍ ചരിത്രം സൃഷ്ടിച്ചു. പരവൂര്‍ തെക്കുംഭാഗത്ത് അല്‍ഫുര്‍ഖാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന് കീഴില്‍ പ്രദേശത്തെ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ പണിയുന്ന മസ്ജിദിന്റെ നിര്‍മാണം തടയാന്‍ സംഘ്പരിവാറിനെ കൂട്ടുപിടിച്ചാണ് ഭിന്നിപ്പുകാര്‍ തങ്ങളുടെ 'ആദര്‍ശം' ഒരിക്കല്‍ കൂടി ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയത്. കക്ഷിത്വത്തിന്റെ തിമിരത്തില്‍ എന്തു നെറികേടും മുഖമുദ്രയാക്കിയ ഭിന്നിപ്പുകാര്‍ക്ക് ഇനി എന്താണ് ചെയ്തുകൂടാത്തത് എന്ന ചോദ്യം മാത്രമാണിനി അവശേഷിക്കുന്നത്.
തൗഹീദീ പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും നേരെ ഖുറാഫികള്‍ പയറ്റുന്ന സകലകുതന്ത്രങ്ങളെയും കടത്തി വെട്ടുന്ന നീചമാര്‍ഗമാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന പള്ളിയുടെ നിര്‍മാണം തടയാന്‍ ഭിന്നിപ്പുകാര്‍ പരവൂരില്‍ സ്വീകരിച്ചത്. വര്‍ഗീയത ഇളക്കിവിട്ട് പള്ളിനിര്‍മാണം തടസ്സപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചത്.
പരവൂര്‍ തെക്കും ഭാഗം പുതിയകാവ് ദേവീക്ഷേത്രത്തിനടുത്തായി പള്ളി നിര്‍മിക്കാന്‍ അല്‍ഫുര്‍ഖാന്‍ ട്രസ്റ്റ് സ്ഥലമെടുത്തതോടെയാണ് ഭിന്നിപ്പുകാര്‍ കുതന്ത്രങ്ങളുമായി രംഗത്തെത്തിയത്. പള്ളിനിര്‍മാണം തടയാന്‍ പ്രേരിപ്പിച്ചുകൊണ്ട് ഇവര്‍ ദേവസ്വം ഭാരവാഹികളെയും ആര്‍ എസ് എസിന്റെ കാര്യദര്‍ശിയെയും സമീപിച്ചു. പള്ളി പണിതാല്‍ മതസൗഹാര്‍ദം നശിക്കാനും ക്ഷേത്രത്തിലെ ഉഷപൂജ, ദീപാരാധന ഇവകള്‍ക്ക് കുഴപ്പം ഉണ്ടാക്കാനും ഇടയുള്ളതാണെന്നും വേണ്ടത് മുളയിലെ ചെയ്യണമെന്നും കാണിച്ച് ഇവര്‍ പരവൂര്‍ ആര്‍ എസ് എസിന്റെ കാര്യദര്‍ശിക്ക് കത്തു നല്കുക വരെ ചെയ്തു. ഇതു സംബന്ധമായി രാഷ്ട്രപതിയുടെ കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് നല്കുന്നതിനായുള്ള നിവേദനത്തിന്റെ രൂപവും ഭിന്നിപ്പുകാര്‍ തന്നെ എഴുതിത്തയ്യാറാക്കി ഈ കത്തിനൊപ്പം നല്കിയിട്ടുണ്ട്. പള്ളി നിര്‍മിച്ചാലുള്ള പ്രത്യാഘാതങ്ങള്‍ അക്കമിട്ട് വിശദീകരിക്കുന്ന പ്രസ്തുത കുറിപ്പും കത്തും മനസാക്ഷിയുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്.
ഇഖ്‌വാനികളായ തീവ്രവാദികളാണ് പള്ളിപണിയുന്നതെന്നും അത് തടഞ്ഞില്ലെങ്കില്‍ ക്ഷേത്രത്തിലെ ആരാധനകള്‍ക്കും മതമൈത്രിക്കും ഭംഗം വരുത്തുകയും മത സംഘട്ടനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് നിവേദനത്തിന്റെ 'മാതൃക'യില്‍ ഭിന്നിപ്പുകാര്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. പള്ളിക്കായി വാങ്ങിയ സ്ഥലത്തിന്റെ ആധാരത്തില്‍ സാക്ഷിയായി ഒപ്പിട്ട വ്യക്തിയെക്കുറിച്ചും വളരെ ഗുരുതരമായ ആരോപണവും ഈ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരാതി അയക്കേണ്ടവരുടെ വിശദമായ വിലാസവും കൃത്യമായി ആര്‍ എസ് എസ് കാര്യദര്‍ശിക്ക് ഈ നിവേദനത്തിന്റെ മാതൃകയോടൊപ്പം ഭിന്നിപ്പുകാര്‍ എഴുതി നല്കി 'സഹായിച്ചി'ട്ടുണ്ട്.
ഭിന്നിപ്പുകാരുടെ സമ്മര്‍ദത്തിനും തെറ്റിദ്ധരിപ്പിക്കലിനും ഇരയായ ദേവസ്വം, ആര്‍ എസ് എസ് ഭാരവാഹികള്‍ പള്ളി നിര്‍മാണത്തിന്നെതിരെ അധികൃതര്‍ക്ക് പരാതി നല്കി. എന്നാല്‍ അധികം വൈകാതെ തന്നെ ഭിന്നിപ്പുകാരുടെ കാപട്യം പുറത്തുവന്നു. തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ദേവസ്വം ഭാരവാഹികളും ആര്‍ എസ് എസ് നേതൃത്വവും തിരിച്ചറിഞ്ഞു. ഇതോടെയാണ് ഭിന്നിപ്പുകാരുടെ നാണം കെട്ട കളിയുടെ കഥ പുറംലോകമറിഞ്ഞത്. വസ്തുതകള്‍ ബോധ്യപ്പെട്ട പരവൂര്‍ തെക്കുംഭാഗം പുതിയകാവ് ദേവസ്വം ഭാരവാഹികള്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. ദേവസ്വം പ്രസിഡന്റ് കെ മണിചന്ദ്രന്‍ ഉണ്ണിത്താന്‍ അല്‍ഫുര്‍ഖാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന് നല്കിയ കത്തില്‍ ഭിന്നിപ്പുകാര്‍ സമ്മര്‍ദം ചെലുത്തിയാണ് തങ്ങളെക്കൊണ്ട് പരാതി അയപ്പിച്ചതെന്നും പലതവണ ഭീഷണിപ്പെടുത്തുകവരെയുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു. പ്രദേശത്തെ മത സൗഹാര്‍ദം നിലനില്ക്കത്തക്ക രീതിയിലും ക്ഷേത്രാചാരങ്ങള്‍ക്കും ആരാധനാ ചടങ്ങുകള്‍ക്കും ബാധിക്കാത്ത രീതിയിലും അല്‍ഫുര്‍ഖാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം നടത്തുന്നതില്‍ ദേവസ്വം ഭരണസമിതിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും ശ്രീ ഉണ്ണിത്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. പള്ളി പണിയാന്‍ ശ്രമിച്ചതിനെ തെറ്റിദ്ധരിച്ച് മേലാധികാരികള്‍ക്ക് പരാതി നല്കിയ സാഹചര്യം വ്യക്തമാക്കണമെന്നതിനാലാണ് കത്തെഴുതുന്നതെന്ന ആമുഖത്തോടെയാണ് അദ്ദേഹത്തിന്റെ കത്ത്. ദേവസ്വം ഭാരവാഹികള്‍ക്കും ആര്‍ എസ് എസ് കാര്യദര്‍ശിക്കും ഭിന്നിപ്പുകാര്‍ നല്കിയ കത്തിന്റെ കോപ്പിയും അധികാരികള്‍ക്ക് നല്കാനായി ഭിന്നിപ്പുകാര്‍ തയ്യാറാക്കി നല്കിയ നിവേദനത്തിന്റെ കോപ്പിയും ദേവസ്വം പ്രസിഡന്റ് അല്‍ഫുര്‍ഖാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന് കൈമാറിയിട്ടുണ്ട്.
ഇല്ലാത്ത ആദര്‍ശവ്യതിയാനത്തിന്റെ പേര് പറഞ്ഞ് സംഘടനയില്‍ ശൈഥില്യമുണ്ടാക്കുകയും അത് പിളര്‍പ്പിലേക്ക് വരെ എത്തിക്കുകയും ചെയ്ത ഭിന്നിപ്പുകാരുടെ കാപട്യം ഒന്നൊന്നായി പുറത്താവുകയാണ്. ആദര്‍ശവും ഭിന്നിപ്പുകാരും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലെയാണെന്ന്  അനുയായികള്‍  പോലും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.
വന്ദ്യവയോധികനായ എ വി അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ നേതൃത്വത്തില്‍ നട്ടുച്ചക്ക് മുജാഹിദ് സെന്റര്‍ അക്രമിച്ചുവെന്ന പച്ചക്കള്ളത്തിന് താഴെ ഇതുകള്‍ സത്യമെന്ന് എഴുതി ഒപ്പിട്ട് കോടതിയില്‍ നല്കിയ, പലിശപ്പണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച, അര്‍ധരാത്രി അല്ലാഹുവിന്റെ ഭവനം ജെ സി ബി ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയ, തൗഹീദ് പ്രബോധനത്തെയും സംഘടനാ ചലനങ്ങളെയും 'മുടക്കുതന്ത്രങ്ങള്‍' കൊണ്ട് അക്രമിക്കുന്ന, സലഫി പണ്ഡിതന്മാരെയും നേതാക്കളെയും തേജോവധം ചെയ്യുന്ന, വ്യാജവാര്‍ത്തകളും കുപ്രചാരണങ്ങളുമായി മുജാഹിദ് പ്രവര്‍ത്തകരെ വേട്ടയാടുന്ന ആദര്‍ശം ഏതു മന്‍ഹജിന്റേതാണെന്ന ജനങ്ങളുടെ ആശങ്കയ്ക്ക് ഭിന്നിപ്പുകാരുടെ ഈ പുതിയ നീക്കം വ്യക്തമായ മറുപടിയാവുകയണ്. ദീനോ തൗഹീദോ ആദര്‍ശസ്‌നേഹമോ ഒന്നുമല്ല ഭിന്നിപ്പുകാരുടെ പ്രേരകം എന്ന ശക്തമായ തിരിച്ചറിവാണ് ഈ സംഭവം.
അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ഥിക്കുന്ന, സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന, അന്യഭാഷയില്‍ ഖുത്വ്ബ നിര്‍വഹിക്കുന്ന, സ്വുബ്ഹിക്ക് ഖുനൂത്തില്ലാത്ത, ശിര്‍ക്കും ഖുറാഫാത്തുമില്ലാത്ത, തികച്ചും അനുശാസനകള്‍ക്ക്  വിധേയമായി  പ്രവര്‍ത്തിക്കുന്ന വിശുദ്ധ ഭവനത്തിന്റെ നിര്‍മാണത്തെ ഇവര്‍ ഭയപ്പെട്ടതെന്തിന്? മുസ്‌ലിംകള്‍ക്കും മസ്ജിദുകള്‍ക്കുമെതിരില്‍ ഭീഷണിയുമായി നില്ക്കുന്ന ആര്‍ എസ് എസിനെ ഇവര്‍ കൂട്ടുപിടിക്കാന്‍ ശ്രമിച്ചതെന്തിന്? സംഘടനാ പിളര്‍പ്പിന്റെ യഥാര്‍ഥ ചിത്രം ബോധ്യപ്പെടാന്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കാവും.

                                                      2

പരവൂര്‍ പള്ളിനിര്‍മാണം തടഞ്ഞ സംഭവം

ഭിന്നിപ്പുകാരുടെ നിഷേധവും പൊളിയുന്നു



നുണപറയലില്‍ സംസ്ഥാനതല പ്രതിഭ തങ്ങളുടെ നേതാവാണെന്ന് നാടൊട്ടുക്കും ഉളുപ്പില്ലാതെ ഊറ്റം കൊള്ളുന്ന ഭിന്നിപ്പുകാര്‍ കളവിനും കുരുട്ടുബുദ്ധിക്കും അന്താരാഷ്ട്ര പ്രതിഭാപട്ടത്തിലേക്ക് അര്‍ഹത നേടുകയാണ്! മുസ്‌ലിം കേരളത്തിന് തന്നെ അപമാനമായി പച്ചക്കളവുകളുടെ 'പെരുമഴക്കാലം' തന്നെ കാഴ്ചവെച്ച ഭിന്നിപ്പുകാര്‍ കൊല്ലം പരവൂര്‍ തെക്കും ഭാഗം സലഫി മസ്ജിദ് നിര്‍മാണ വിവാദവുമായി ബന്ധപ്പെട്ടാണ് പുതിയ നുണബോംബ് പൊട്ടിച്ചത്. പള്ളിനിര്‍മാണം തടയാന്‍ നടത്തിയ ശ്രമത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും പരവൂരില്‍ കെ എന്‍ എമ്മിന് ശാഖയില്ലെന്നും പള്ളിനിര്‍മാണം തടയാന്‍ സമര്‍പ്പിച്ച ആക്ഷേപം ഒരാള്‍ വ്യക്തിപരമായി നല്കിയതാണെന്നുമൊക്കെ ഭിന്നിപ്പുവാരിക (2005 ജൂലായ് 15) വിളംബരം മുഴക്കിയിരിക്കുകയാണ്. അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുന്ന, തികച്ചും യഥാര്‍ഥ മതാനുശാസനകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന വിശുദ്ധ ഭവനത്തിന്റെ നിര്‍മാണത്തെ തടയാന്‍ സംഘപരിവാറിന്റെ സഹായം തേടിപ്പോയവര്‍ക്ക് അതിനു പിറകെ ഒരു പച്ചക്കള്ളം കൂടി തൊടുത്തുവിട്ടതില്‍ മനസ്താപത്തിന് പഴുതില്ലല്ലോ.
പരവൂര്‍ തെക്കുംഭാഗത്ത് അല്‍ഫുര്‍ഖാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന് കീഴില്‍ പ്രദേശത്തെ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ പണിയുന്ന മസ്ജിദിന്റെ നിര്‍മാണം തടയാനാണ് ഭിന്നിപ്പുകാര്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത നിന്ദ്യമാര്‍ഗം സ്വീകരിച്ചത്. വര്‍ഷങ്ങളായി സ്ഥലത്തെ ഒരു വാടകക്കെട്ടിടത്തില്‍ നമസ്‌കാരം നിര്‍വഹിച്ചു വരുന്ന പ്രവര്‍ത്തകരുടെ മഹത്തായ ഒരാഗ്രഹത്തിന് തടയിടാന്‍ വര്‍ഗീയത ഇളക്കിവിടാന്‍ പോലും ഭിന്നിപ്പുകാര്‍ ശ്രമിച്ചു. നിര്‍ദിഷ്ട സ്ഥലത്ത് മസ്ജിദ് ഉയര്‍ന്നാല്‍ തൊട്ടടുത്ത പുതിയകാവ് ദേവീ ക്ഷേത്രത്തിലെ ഉഷപൂജ, ദീപാരാധന തുടങ്ങിയവയ്ക്ക് കുഴപ്പം ഉണ്ടാകാനും നാട്ടിലെ മതസൗഹാര്‍ദം നശിക്കാനും ഇടയാവുമെന്ന് കാണിച്ച് ഇവര്‍ ദേവസ്വം ഭാരവാഹികളെയും ആര്‍ എസ് എസ് കാര്യദര്‍ശിയെയും സമീപിക്കുകയായിരുന്നു. ഇതു സംബന്ധമായി രാഷ്ട്രപതിയുടെ കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് നല്കുന്നതിനായുള്ള നിവേദനത്തിന്റെ രൂപവും ഭിന്നിപ്പുകാര്‍ തന്നെ എഴുതിത്തയ്യാറാക്കി ദേവസ്വം ബോര്‍ഡിന് നല്കിയിട്ടുണ്ട്. മനസ്സാക്ഷിയുള്ളവരെ ഞെട്ടിപ്പിക്കുന്ന ഈ വിവരം  ശബാബിലൂടെ  മാലോകരറിഞ്ഞപ്പോഴാണ് 'ഞങ്ങളൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടിലൊരു കൈകഴുകല്‍ ശ്രമം. ഏതായാലും ഈ കരണംമറിച്ചിലിലും തങ്ങളുടെ തനിസ്വഭാവം മറച്ചുവെക്കാനിവര്‍ക്കായില്ലെന്നത് ദയനീയമായ സത്യം മാത്രം!
പരവൂരില്‍ കെ എന്‍ എമ്മിന് ശാഖയില്ലെന്നതാണ് ഭിന്നിപ്പുകാരുടെ ഒന്നാമത്തെ വെടി. ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ റെഡിമെയ്ഡ് പ്രസ്താവന എഴുതിയുണ്ടാക്കുമ്പോള്‍, മുജാഹിദ് സെന്ററിന്റെ തന്നെ മൂലയില്‍ പൊടിപിടിച്ചുകിടക്കുന്ന ഫയലുകളൊന്ന് പരതാനുള്ള മിനിമം വിവേകം പോലും ഇക്കൂട്ടര്‍ക്കില്ലാതെ പോയി. ഗ്രൂപ്പിസത്തിന്റെ അന്ധതയില്‍ ഭിന്നിപ്പുകാര്‍ക്ക് വിവേകവും ഓര്‍മശക്തിയുമെല്ലാം എന്നേ നഷ്ടപ്പെട്ടതാണല്ലോ. അല്ലെങ്കില്‍ KLM/1233/M-110/99 നമ്പറില്‍ പരവൂര്‍ ശാഖയെ അംഗീകരിച്ച് ഒപ്പിട്ട എ പി അബ്ദുല്‍ഖാദര്‍ മൗലവിക്കെങ്കിലും ഇങ്ങനെയൊരു ശാഖ തന്നെയില്ലെന്ന പ്രസ്താവന അംഗീകരിക്കാന്‍ കഴിയുമായിരുന്നോ? 22. 9. 1999ന് പരവൂര്‍ ശാഖയില്‍ നടന്ന കെ എന്‍ എം തെരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസറായി പങ്കെടുത്ത് രേഖയില്‍ ഒപ്പുവെച്ച ഭിന്നിപ്പുകാരുടെ ഇപ്പോഴത്തെ സംസ്ഥാന വൈസ്പ്രസിഡന്റും കൊല്ലം ജില്ലാ പ്രസിഡന്റുമായ ഡോക്ടറും ഇക്കാര്യം മറന്നുപോയോ? അതോ എ വി അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ നേതൃത്വത്തില്‍ മുജാഹിദ് സെന്റര്‍ 'അക്രമിച്ച അധോലോക ഗുണ്ടാ സംഘം' അവിടുത്തെ രേഖകളും ഇവരുടെ ഓര്‍മശേഷിയുമെല്ലാം കവര്‍ന്നെടുത്തോ? സ്വന്തം അനുയായികളെ വിഡ്ഢികളായി കാണുന്ന ഒരു നേതൃത്വത്തിനേ ഇത്തരത്തിലൊരു വ്യാജ പ്രസ്താവന നല്കാന്‍ ധൈര്യം വരൂ.
ഇനി പള്ളിനിര്‍മാണം തടയാനുള്ള കുതന്ത്രങ്ങള്‍ക്ക് നേതൃത്വം നല്കിയ, ഭിന്നിപ്പുകാര്‍ക്ക് 'വഴിയില്‍ വെച്ച് കണ്ട പരിചയം പോലുമില്ലാത്ത' ആ 'ഏതോ ഒരു വ്യക്തി' ആരെന്ന് നോക്കാം. ഭിന്നിപ്പുവാരികയുടെ ഭാഷയില്‍, പള്ളി നിര്‍മാണം തടയാന്‍ ഇയാള്‍ വ്യക്തിപരമായി ആക്ഷേപം നല്കിയതിന്റെ പിന്നാമ്പുറ പ്രേരണയും നാമറിയേണ്ടതുണ്ട്. എ മുഹമ്മദ് മന്‍സൂര്‍, തുണ്ടില്‍ വീട്, തെക്കുംഭാഗം, പരവൂര്‍, കൊല്ലം എന്നയാളാണ് 'മഹത്തായ' ഈ (ഗ്രൂപ്പ്) സേവനത്തിന് നേതൃത്വം നല്കിയത്. എ പി അബ്ദുല്‍ഖാദര്‍ മൗലവി ഒപ്പുവെച്ച് അംഗീകരിച്ച KLM/1233/M-110/99 നമ്പര്‍ പരവൂര്‍ ശാഖാ കെ എന്‍ എം പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടില്‍ പ്രസിഡന്റാണ് ഈ 'ഏതോ ഒരാള്‍!' പരവൂര്‍ ശാഖയിലെ 99ലെ കെ എന്‍ എം അംഗത്വത്തിനുള്ള അപേക്ഷാഫോറത്തില്‍ മെമ്പര്‍ഷിപ്പ് ചേര്‍ത്ത ആളുടെ പേരും ഒപ്പും ചേര്‍ക്കേണ്ടിടത്ത് പേരെഴുതി ഒപ്പിട്ടിട്ടുള്ളതും ഈ 'ഏതോ ഒരാള്‍' തന്നെ!! പരവൂര്‍ തെക്കും ഭാഗം മുജാഹിദ് പള്ളിക്കുവേണ്ടി സ്ഥലം വാങ്ങുന്നത് സംബന്ധിച്ച് കൊല്ലം മണ്ഡലം കെ എന്‍ എം പ്രസിഡണ്ടിനും സെക്രട്ടറിക്കും 2001 മെയ് 18ന് ഈ 'ഏതോ ഒരാള്‍' അയച്ച കത്തിനടിയിലും പ്രസിഡന്റ്, കെ എന്‍ എം യൂണിറ്റ്, പരവൂര്‍ തെക്കുംഭാഗം എന്നെഴുതിയതും കാണുക. ഈ കത്തില്‍, 'മുജാഹിദ് എന്ന് പേര് പറഞ്ഞ് വരുന്നവര്‍ മുജാഹിദല്ല. കര്‍മം ആണ് പ്രധാനം. ആരെങ്കിലും ഇവിടുത്തെ യൂണിറ്റ് നശിപ്പിക്കാന്‍ മുജാഹിദ് വേഷം കെട്ടിയേക്കാം' എന്നൊക്കെ സൂചനയുമുണ്ട്.

'ആളെ നോക്കാതെ തെളിവു നോക്കുക' എന്ന ശീര്‍ഷകത്തില്‍ ഈ 'ഏതോ ഒരാള്‍' പുറത്തിറക്കിയ ലഘുലേഖയില്‍ അവസാനം ചേര്‍ത്ത വിലാസം എ മുഹമ്മദ് മന്‍സൂര്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, തെക്കുംഭാഗം, പരവൂര്‍ യൂണിറ്റ് എന്നാണ്. 'പരവൂര്‍ തെക്കും ഭാഗം ജമാഅത്ത് ജൂത ക്രിസ്ത്യന്‍ സിയാജമാഅത്ത്. അല്ലാതെ സുന്നത്ത് ജമാഅത്തല്ല' എന്ന പേരില്‍ ഇയാളിറക്കിയ നോട്ടീസില്‍ സ്വന്തം പേരിനോടൊപ്പം കെ എന്‍ എം ജില്ലാ കമ്മിറ്റി മെമ്പര്‍ എന്നാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. 'തെക്കുംഭാഗം ജമാഅത്ത് പള്ളിയിലെ ഇമാമുമാര്‍ ചെപ്പടി വിദ്യക്കാരായ വ്യാജവാദികള്‍' എന്ന തലക്കെട്ടിലും ''ലാ ഇലാഹ ഇല്ലല്ലാഹുവില്‍ മായം ചേര്‍ത്ത്....'' എന്ന് തുടങ്ങുന്ന തലക്കെട്ടിലും ഇയാള്‍ പുറത്തിറക്കിയ നോട്ടീസുകളിലും കെ എന്‍ എം ജില്ലാ കമ്മിറ്റി മെമ്പര്‍ എന്നാണ് ഈ 'ഏതോ ഒരാളെ' പരിചയപ്പെടുത്തുന്നത്. തീര്‍ന്നില്ല, 'വിഘടിതര്‍ കെ എന്‍ എം എന്ന സംഘടനയില്‍പെട്ടവരല്ല' എന്ന ഗ്രൂപ്പ് വാറോലയും ഇതിനിടെ ഇയാള്‍ പുറത്തിറക്കി. 2004 ജനുവരി 25ന് പ്രസിദ്ധീകരിച്ച ഇതിലും കെ എന്‍ എം കൊല്ലം ജില്ലാ കമ്മിറ്റി മെമ്പര്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കെ എന്‍ എമ്മിന് പരവൂരില്‍ ശാഖ തന്നെ ഇല്ലെന്ന് പ്രസ്താവനയിറക്കിയ ബഹുമാന്യനേതാക്കള്‍ സൗത്ത് പരവൂര്‍ ബ്രാഞ്ച് ഫെഡറല്‍ ബാങ്കിലെ 9979 നമ്പര്‍ സേവിംഗ് ബാങ്ക് അക്കൗണ്ട് ആരുടേതാണെന്ന് കൂടി വിശദമാക്കണം. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പരവൂര്‍ യൂണിറ്റിന്റെ പേരിലുള്ള ഈ പാസ്ബുക്കില്‍ പതിച്ചിട്ടുള്ള രണ്ട് ഫോട്ടോകളില്‍ ഒന്ന് ഈ 'ഏതോ ഒരാളു'ടേതാണ്.
ഭിന്നിപ്പുനേതാക്കളുടെയും ഭിന്നിപ്പുവാരികയുടെയും കാപട്യവും വഞ്ചനയും തിരിച്ചറിയാന്‍ പരവൂര്‍ സംഭവം തന്നെ സത്യാന്വേഷികള്‍ക്ക് ഏറെയാണ്. ഇപ്പോള്‍ 'അരിയും തിന്ന്, ആശാരിച്ചിയേയും കടിച്ചിട്ടും....' എന്നപോലെയാണ് ഭിന്നിപ്പുവാരികയുടെ വിശദീകരണം. നെറികേടുകള്‍ മാത്രം കൈമുതലാക്കി മഹത്തായ ആദര്‍ശ പ്രസ്ഥാനത്തിന്റെ അന്തസ്സിനും വളര്‍ച്ചക്കും മുറിവേല്പിച്ച ഇക്കൂട്ടരെ സമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ തിരിച്ചറിവിനെ ചെറുക്കാന്‍ നടത്തുന്ന ഇത്തരം കോപ്രായങ്ങളും ഭിന്നിപ്പുകാര്‍ക്ക് വിനയാവുകയാണ്. മുഖം രക്ഷിക്കാനുള്ള വ്യഗ്രതയിലാണ് കെ എന്‍ എമ്മിന് പരവൂരില്‍ യൂണിറ്റില്ലെന്നും ദേവസ്വം ബോര്‍ഡില്‍ ആക്ഷേപം നല്കിയത് ഒരാളുടെ വ്യക്തിപരമായ നീക്കമാണെന്നും ഇവര്‍ തട്ടിവിട്ടത്.
ഒരു വ്യക്തി ചെയ്ത പ്രശ്‌നം കെ എന്‍ എമ്മിന്റെ പേരില്‍ കെട്ടിവെക്കുകയാണെന്നാണ് ഭിന്നിപ്പുവാരിക (2005 ജൂലായ് 15) പരിതപിക്കുന്നത്. ഭിന്നിപ്പുകാരുടെ യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമായ ഒരാള്‍ ഭിന്നിപ്പുകാര്‍ക്ക് വേണ്ടി, മുജാഹിദ് പ്രവര്‍ത്തകരെ ഇഖ്‌വാനികളെന്ന തീവ്രവാദികള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തിയ ഒരു കുതന്ത്രം ഏതായാലും അയാളുടെ വ്യക്തിപരമായ കാര്യമായി ലഘൂകരിച്ച് കാണാന്‍ ആദര്‍ശസ്‌നേഹികള്‍ക്ക് കഴിയില്ല. അല്ലെങ്കിലും കുടുങ്ങുമ്പോള്‍, ഇടനിലക്കാരെ പ്രതിയാക്കുന്ന സംഭവം ഭിന്നിപ്പുപാളയത്തില്‍ പതിവാണല്ലോ. തിക്കോടി കേസില്‍ വ്യാജരേഖകള്‍ നല്കി ശാഖാ സെക്രട്ടറിയെ കരുവാക്കിയതും വയനാട്ടില്‍ ജമാലുദ്ദീന്‍ ഫാറൂഖി, മുസ്തഫ ഫാറൂഖി തുടങ്ങിയവര്‍ക്കെതിരെ കള്ളക്കേസു നല്കാന്‍ ഒരു ശാഖാ പ്രസിഡന്റിനെ കരുവാക്കിയതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങള്‍ മാത്രം.
ഒരു വ്യക്തി ചെയ്ത പ്രശ്‌നം കെ എന്‍ എമ്മിന്റെ പേരില്‍ കെട്ടിവെക്കുന്നുവെന്ന് വിലപിക്കുന്നവര്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് 'ഇസ്‌ലാമിക് ഫെമിനിസം' സെമിനാര്‍ സംഘടിപ്പിച്ച ഫാറൂഖ് കോളെജ് സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മര്‍കസുദ്ദഅ്‌വയിലേക്ക് കുറുക്കുവഴിയുണ്ടാക്കാന്‍ സാഹസപ്പെട്ടിരുന്നതെന്നത് ചിരിക്ക് വക നല്കുന്ന വിരോധാഭാസം മാത്രം. ഇങ്ങനെ എന്തെല്ലാം സംഭവങ്ങള്‍ യാതൊരു ബന്ധവുമില്ലാതിരിന്നിട്ടുകൂടി ഡോ. ഹുസൈന്‍ മടവൂരിന്റെയും മുജാഹിദ് പ്രസ്ഥാനത്തിന്റെയും മേല്‍ വെച്ചുകെട്ടാന്‍ ഇവര്‍ ശ്രമിച്ചു. ഇപ്പോള്‍ സ്വന്തം ഗ്രൂപ്പിന് വേണ്ടി, സ്വന്തം നേതാവ് ചെയ്ത ഹീനകൃത്യം ജനരോഷം ഭയന്ന് തള്ളിപ്പറയാന്‍ ശ്രമിക്കുന്നു. പക്ഷേ അതിനും ഇവര്‍ തെരഞ്ഞെടുത്തത് കള്ളത്തരത്തിന്റെ വഴിതന്നെ. 'നടുക്കടലില്‍ ചെന്നാലും........'!!!

3

പരവൂർ പള്ളിപ്രശ്നം

ഭിന്നിപ്പുകാർക്ക് ഉത്തരം മുട്ടുന്നു


മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് വധശിക്ഷ വിധിക്കപ്പെട്ട പ്രതി, താന്‍ ഉമ്മയും ബാപ്പയുമില്ലാത്ത അനാഥനാണെന്ന പരിഗണനയില്‍ ശിക്ഷയില്‍  നിന്നൊഴിവാക്കി  ദയകാട്ടണമെന്ന് കോടതിയോടഭ്യര്‍ഥിക്കുന്നതുപോലെയാണ് പരവൂര്‍ പള്ളി പ്രശ്‌നത്തില്‍ ഭിന്നിപ്പുവാരിക പരിതപിക്കുന്നത്. പരവൂര്‍ തെക്കുംഭാഗത്ത് മുജാഹിദ് പ്രവര്‍ത്തകര്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ നിര്‍മാണം തടയാന്‍ തെക്കുംഭാഗം പുതിയകാവ് ദേവസ്വത്തിന്റെയും പരവൂര്‍ കുറുമണ്ടല്‍ ആര്‍ എസ് എസ് കാര്യദര്‍ശിയുടെയും സഹായം തേടിയ ഭിന്നിപ്പുകാരുടെ നടപടി ജനരോക്ഷമുയര്‍ന്നതിനെ തുടര്‍ന്ന് ദുര്‍വ്യാഖ്യാനങ്ങളുടെ പുകമറക്കുള്ളില്‍ മറച്ചുവെക്കാന്‍ വിഫല ശ്രമം നടത്തുകയാണ് ജൂലയ് 29ലെ ഭിന്നിപ്പുവാരിക വീണ്ടും.
മനസാക്ഷിയുള്ളവരെ മുഴുവന്‍ ഞെട്ടിച്ച ഈ സംഭവം തെറ്റാണെന്ന് അംഗീകരിച്ച്  ഇതിനുപിന്നില്‍  പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കുതന്ത്രങ്ങളിലൂടെ രക്ഷപ്പെടാനുള്ള ഭിന്നിപ്പുനേതൃത്വത്തിന്റെ ഇത്തരം നീക്കങ്ങള്‍ മാത്രം മതി, ഈ ഹീനകൃത്യത്തിന് നേതൃത്വത്തിന്റെ ഒത്താശയും പിന്തുണയും ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍.
പരവൂരില്‍ കെ എന്‍ എമ്മിന് ശാഖപോലുമില്ലെന്നും പള്ളി നിര്‍മാണത്തിന്നെതിരെ സംഘപരിവാര്‍ സഹായം തേടിയ വ്യക്തിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നുമുള്ള ഭിന്നിപ്പു വാരികയുടെ വിശദീകരണത്തിലെ കളവും കാപട്യവും തെളിവുസഹിതം തുറന്നുകാട്ടിയ ശബാബിലെ ലേഖനത്തെ കേവലം 'തെറ്റിദ്ധരിപ്പിക്കല്‍' എന്നുമാത്രം വിശേഷിപ്പിച്ച് രക്ഷപ്പെടാന്‍ ഇസ്വ്‌ലാഹീ കേരളം ഭിന്നിപ്പുകാരെ അനുവദിക്കില്ല. പരവൂരില്‍ ശാഖയില്ലെന്ന വിശദീകരണത്തിന് മറുപടിയായി ശബാബ് ഉദ്ധരിച്ചത് 99ലെ അംഗത്വഫോറമാണെന്നാണ് ഭിന്നിപ്പുവാരിക ആശ്വാസം കൊള്ളാന്‍ ശ്രമിക്കുന്നത്. സമ്മതിക്കാം! എങ്കില്‍ 99ല്‍ 17 അംഗങ്ങള്‍ പ്രതിജ്ഞ ചെയ്ത് അംഗത്വമെടുത്ത ആ ശാഖക്കെന്തുപറ്റി? 17 പേരും മരിച്ചുപോയോ? അല്ല, ശാഖയില്ലെന്ന വിശദീകരണം മേലുദ്ധരിച്ച കൊലയാളിയായ മകന്റെ അപേക്ഷയുടെ അതേ സ്വരം തന്നെയാണ്.
പിന്നെ, ഐ എസ് എമ്മുകാരും മടവൂരുമൊക്കെ 99ലെ അംഗത്വലിസ്റ്റില്‍ പെട്ടതുപോലുള്ള ബന്ധം മാത്രമാണത്രെ പള്ളി നിര്‍മാണത്തിന്നെതിരെയുള്ള നീചകൃത്യങ്ങള്‍ക്ക് നേതൃത്വം നല്കിയ വ്യക്തിയുമായും ഭിന്നിപ്പുകാര്‍ക്കുള്ളത്! നുണ പറയലിനും കുതന്ത്രത്തിനും സമ്മാനം എന്നും ഭിന്നിപ്പുകാര്‍ക്കു തന്നെ!! കൊല്ലം ജില്ലയിലുള്ളവരെങ്കിലും ഈ നുണപ്രസ്താവനയെ എങ്ങനെ കാണുമെന്ന മിനിമം വിവേകം പോലും ഭിന്നിപ്പുകാര്‍ക്കില്ലാതെ പോയി.
സംഘടന പിളര്‍ന്നതിനുശേഷം ഇവര്‍ക്ക് 'വഴിയില്‍ വെച്ചുകണ്ട പരിചയം പോലുമില്ലാത്ത' നമ്മുടെ ബഹുമാന്യ പരാതിക്കാരന്‍ കെ എന്‍ എം ജില്ലാ കമ്മിറ്റിയംഗം എന്ന പേരില്‍ പുറത്തിറക്കിയ നോട്ടീസുകള്‍ തങ്ങളുടെ പള്ളിയില്‍, തങ്ങളുടെ പ്രവര്‍ത്തകര്‍ വിതരണം ചെയ്തപ്പോഴൊക്കെ ഇയാള്‍ മടവൂരിന്റെ 'ആളാ'ണെന്ന് തെറ്റിദ്ധരിച്ചാണ് ഞങ്ങള്‍ സഹായിച്ചതെന്നും ഇനി ഇവര്‍ പറയുമോ ആവോ? സംഘടന പിളരും മുമ്പ് പരവൂര്‍ ശാഖാ പ്രസിഡന്റായിരുന്ന മേല്‍ വ്യക്തി സംഘടനാ പിളര്‍പ്പിന് ശേഷം ജില്ലാ കമ്മിറ്റിയംഗമായതെങ്ങനെ?
'വഴിയിലൂടെ പോയ ഏതോ ഒരാള്‍' സ്വയം കെ എന്‍ എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം എന്ന് പരിചയപ്പെടുത്തി പ്രസിദ്ധീകരിച്ച 'വിഘടിതര്‍ കെ എന്‍ എം എന്ന സംഘടനയില്‍ പെട്ടവരല്ല' എന്ന നോട്ടീസിനടിയില്‍ 25. 01. 2004 എന്നാണ് തിയ്യതി വെച്ചിട്ടുള്ളത്. ഈ നോട്ടീസിന്റെ അച്ചടി മുതല്‍ വിതരണം വരെയുള്ള കാര്യങ്ങളില്‍ ഇയാളെ സഹായിച്ചവരെയും തങ്ങളറിയാത്ത ഏതോ ആള്‍ക്കാര്‍ എന്നു തന്നെയാണോ ഭിന്നിപ്പുകാര്‍ക്ക് പറയാനുള്ളത്? കൊല്ലം സലഫി മസ്ജിദില്‍ ഈ നോട്ടീസ് വിതരണം ചെയ്തപ്പോഴും ഇവരൊക്കെ ഉറങ്ങുകയായിരുന്നോ?
തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലാത്ത ഈ 'ഏതൊ ഒരാള്‍' പ്രസിദ്ധീകരിച്ച ഈ നോട്ടീസിലെ ചില വരികള്‍ ഇപ്രകാരമാണ്: ''ബഹുമാന്യരേ, ലോക സലഫി പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സംഘടനയില്‍ നിന്നും ആശയപരമായി വ്യതിചലിച്ച കുറേപേര്‍ സംഘടനയില്‍ നിന്നും പുറത്തുചാടി കെ എന്‍ എം എന്ന പേരില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. അതുമൂലം കേരളത്തിന്റെ പല പല സ്ഥലങ്ങളിലും കേസുകള്‍ ഉണ്ടാക്കുകയും ആ കേസുകളില്‍ വിധി ന്യായങ്ങള്‍ പുറത്തുവരികയും ചെയ്തു. അവയില്‍ ചിലത് താഴെ രേഖപ്പെടുത്തുന്നു....
വിഘടന വിഭാഗത്തെ കെ എന്‍ എമ്മിന്റെ പേര്, ലെറ്റര്‍ ഹെഡ്, രസീത്, സീല്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട എല്ലാ കോടതി ഉത്തരവുകളിലും വിഘടന വിഭാഗത്തിന് വിലക്കുള്ളതാണ്.
ലോക സലഫി സംഘടനയില്‍ നിന്നും വ്യതിചലിച്ചുള്ള പ്രസംഗങ്ങളോ മറ്റ് എന്തു തന്നെയോ വിഘടിത വിഭാഗം നടത്തിയാലും അത്തരം വ്യതിയാനത്തിന് കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനയ്ക്ക് യാതൊരു ബാധ്യതയും ഇല്ലെന്നുള്ള വിവരം പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ വക സ്ഥാവരജംഗമ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുകയും സംഘടനയുടെ പേരില്‍ പരവൂര്‍ തെക്കുംഭാഗത്തും മറ്റും പിരിവുകള്‍ നടത്തുകയും സംഘടനയുടെ പേരില്‍ പ്രസംഗം നടത്തുകയും ചെയ്തു. ഇത്തരം ആള്‍മാറാട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കെ എന്‍ എമ്മിന് യാതൊരു ബന്ധവും അംഗീകാരവും ഉള്ളതല്ലെന്നുമുള്ള വിവരം കൂടി പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പ്രസിഡന്റ് ജനാബ് ടി പി അബ്ദുല്ലക്കോയ മദനി അവര്‍കള്‍ പേര്‍ക്ക് പരവൂര്‍ സബ് രജിസ്ട്രിയില്‍ 2001-ാം ആണ്ടില്‍ രജിസ്റ്റര്‍ ചെയ്ത 1815-ാം നമ്പര്‍ വിലയാധാരത്തില്‍ പെട്ട വസ്തുവിലും അതിലുള്ള കടയിലും ജുംആയും 5 നേരത്തെ നമസ്‌കാരവും ഇപ്പോഴും നടന്നുവരുന്നതുമാകുന്നു. ടി സ്ഥലത്തിന്റെ ഉടമസ്ഥര്‍ക്ക് ബാക്കി വില കൊടുക്കാതെ കുബുദ്ധിയുടെ പ്രേരണയില്‍ കെ എന്‍ എമ്മിന്റെ നമസ്‌കാര സ്ഥലം നശിപ്പിക്കണമെന്ന ദുഷ്ടലാക്കോടെ തൊട്ടടുത്ത് പതിനാലര സെന്റ് സ്ഥലം കൊല്ലം അല്‍ഫുര്‍ഖാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ കരുനാഗപ്പള്ളി താലൂക്കില്‍ കെ എസ് പുരം വില്ലേജില്‍ കടത്തൂര്‍ മുറിയില്‍ കെ എസ് പുരം പി ഒയില്‍ പാലമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞ് മകന്‍ ബിസിനസ് 40 വയസ്സുള്ള അബ്ദുസ്സലാം പേര്‍ക്ക് പരവൂര്‍ സബ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത 2003-മാണ്ടിലെ 1289ാം നമ്പര്‍ വിലയാധാരം എഴുതിയിട്ടുള്ളതും ഒരു സെന്റ് വസ്തുവിന് 26000 രൂപ വിലവെച്ച് കൊടുത്തിട്ട് ആധാരത്തില്‍ പതിനാലര സെന്റിന് മൊത്തം വില 50000 രൂപ വിലവച്ച് പൊതുഖജനാവിനെ കബളിപ്പിച്ചിട്ടുള്ളതാണ്. ആധാരങ്ങള്‍ കൊണ്ടുതന്നെ വിഘടിതര്‍ കെ എന്‍ എം എന്ന സംഘടനയില്‍ പെട്ടവര്‍ അല്ലാത്തതും പിന്നെ പിരിവിനുവേണ്ടി കെ എന്‍ എം എന്ന പേര്‍ ഉപയോഗിക്കുന്നത് തന്നെ വഞ്ചനയാണ്.
ഇത്തരം ആളുകളുടെ പിന്നണിയില്‍ ഗീബല്‍സും ബ്ലെയിഡുകാരും വലിയ ക്രിമിനല്‍സും പല പല വ്യാജപരസ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. വിഘടിത നേതാവ് ജനാബ് ഹുസൈന്‍ മടവൂര്‍ കോടിക്കണക്കിന് രൂപ മുടക്കി പള്ളിയും ആശുപത്രിയും ഒക്കെ ഉണ്ടാക്കാന്‍ പോകുന്നു. അതുകൊണ്ട് ചില്ലറകിട്ടും, ജനങ്ങളേ വിഘടിതരുടെ കൂടെ വരൂ എന്നാണ് ഇക്കൂട്ടരുടെ പരസ്യം. ചില ശുദ്ധമനസ്‌കര്‍ ഈ പരസ്യത്തിന്റെ കെണിയില്‍ വീഴാനിടയുള്ളതുമാണ്.

കെ എന്‍ എം വക സ്ഥലം കുടികിടപ്പ് നമസ്‌കാരക്കാരായ വിഘടിതര്‍ ഉപയോഗിക്കുന്നതുമൂലം വസ്തു ഉടമസ്ഥര്‍ക്ക് വിലകിട്ടാതെ അവര്‍ ബുദ്ധിമുട്ടുന്നു.
എത്രയും പെട്ടന്ന് കെ എന്‍ എം എന്ന സംഘടനയുടെ സ്ഥാവര ജംഗമ സ്വത്തുക്കളില്‍ നിന്നും വിഘടിതര്‍ മാറേണ്ടതും സംഘടനയുടെ പേരില്‍ പ്രസംഗങ്ങളോ പിരിവുകളോ നടത്തരുതെന്നും അറിയിക്കുന്നു. ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നുമുള്ള വിവരം കൂടി അറിയിക്കുന്നു.....
ഇന്‍ശാഅല്ലാഹ് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ അവര്‍കളുടെ പരിപാടി പരവൂര്‍ തെക്കുംഭാഗം ആഡിറ്റോറിയത്തില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പരസ്യപ്പെടുത്തുന്നതാണ്.''
വഴി പോക്കനെപ്പോലെ യാതൊരു ബന്ധവുമില്ലാത്ത ഒരാള്‍ക്ക് ഇപ്രകാരമൊരു നോട്ടീസ് സ്വന്തം ചെലവില്‍ ഇറക്കേണ്ട കാര്യമെന്താണ്? പരവൂര്‍ തെക്കുംഭാഗം ഓഡിറ്റോറിയ
ത്തില്‍ എം എം അക്ബറിന്റെ പരിപാടി സംഘടിപ്പിക്കാന്‍ ഇയാളാരാണ്?
ടി പി അബ്ദുല്ലക്കോയ മദനിക്കും അദ്ദേഹം പ്രസിഡന്റായ സംഘടനയ്ക്കും വേണ്ടി ഇത്തരമൊരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാന്‍ ഇങ്ങനെ 'യാതൊരു ബന്ധവുമില്ലാത്ത' ഒരാളെ ആരു ചുമതലപ്പെടുത്തി? കെ എന്‍ എം ജില്ലാ കമ്മിറ്റി മെമ്പര്‍ എന്ന വിശേഷണത്തോടെ ഇതേ വ്യക്തി പുറത്തിറക്കിയ 'വിജ്ഞാപനം 4' എന്ന നോട്ടീസില്‍ 'ഇപ്പോഴുണ്ടായ പുതിയ ഒരു കൂട്ടര്‍ തങ്ങളെ പള്ളി പൊളിക്കുന്നവര്‍, നുണപറയുന്നവര്‍, പലിശ വാങ്ങുന്നവര്‍' എന്നൊക്കെ ആക്ഷേപിക്കുന്നതായി പരാതിപ്പെടുന്നുണ്ട്. ഈ നോട്ടിസുകളിലെല്ലാം (ഇടക്കിടക്ക് പുറത്തിറക്കുന്ന 'വിജ്ഞാപന'ങ്ങളിലുള്‍പ്പെടെ) എ മുഹമ്മദ് മന്‍സൂര്‍, കെ എന്‍ എം ജില്ലാ കമ്മിറ്റി അംഗം എന്ന് രേഖപ്പെടുത്തിയിട്ട്, ഈ നോട്ടീസുകള്‍ തങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും വിതരണം ചെയ്തിട്ട്, തങ്ങള്‍ക്ക്
സ്വാധീനമുള്ള സ്ഥാപനങ്ങളിലും മറ്റും ഇവ പ്രചരിപ്പിച്ചിട്ട്, പ്രസ്താവനപ്പണിയില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഭിന്നിപ്പുകേന്ദ്രങ്ങള്‍ ഇതിനെക്കുറിച്ചൊരു നിഷേധ പ്രസ്താവന എന്തുകൊണ്ട് തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലെങ്കിലും കൊടുത്തില്ല?
ഇനി, വന്ദ്യവയോധികനായ എ വി അബ്ദുര്‍റഹ്മാന്‍ ഹാജി നട്ടുച്ചക്ക് മുജാഹിദ് സെന്റര്‍ അക്രമിച്ചെന്ന് സത്യം ചെയ്ത് കോടതിയില്‍ പരാതി നല്കിയതും പലിശപ്പണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും 'ഏതോ ഒരു അബ്ദുല്‍ഖാദറാണെന്നും,' ഈ കുറിപ്പുകാരന്റെ നേതൃത്വത്തില്‍ കോഴിക്കോട് എം എസ് എം സ്റ്റുഡന്റ്‌സ് സെന്റര്‍ പട്ടാപകല്‍ അക്രമിച്ചെന്ന് കള്ള സത്യം ചെയ്ത് കോടതിയില്‍ പരാതി നല്കിയത് 'ഏതോ ഒരാളാണെന്നും' മലപ്പുറം ജില്ലയിലെ അയനിക്കോട് പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് മുജാഹിദ് പള്ളിനിര്‍മാണം തടയാന്‍ അധികൃതര്‍ക്ക് പരാതി നല്കിയതും നിരവധി പള്ളികള്‍ക്കുള്ള ധനസഹായം മുടക്കിയതുമെല്ലാം 'തങ്ങള്‍ക്ക് ബന്ധമില്ലാത്ത ആരൊക്കെയോ ആണെന്നും' പാലക്കാട് കൊടുന്തിരപ്പുള്ളി മുജാഹിദ് പള്ളി അര്‍ധരാത്രി ജെ സി ബി ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയത് 'ഏതോ ഒരു മുതലാളിയാണെന്നു'മൊക്കെയുള്ള വിശദീകരണങ്ങള്‍ നമുക്ക് ഭിന്നിപ്പുകേന്ദ്രങ്ങളില്‍ നിന്ന് ഉടനെ പ്രതീക്ഷിക്കാം. സ്വന്തം അനുയായികളെ പ്രതികരണശേഷിയും ചിന്താശേഷിയും നഷ്ടപ്പെട്ട വിഡ്ഢികളായി കാണുന്ന ഒരു നേതൃത്വത്തില്‍ നിന്ന് ഇങ്ങനെയല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാന്‍!
ഭിന്നിപ്പുകാരുടെ നശീകരണത്വര ഇപ്പോള്‍ അല്ലാഹുവിന്റെ ഭവനങ്ങളുടെ നേരെയും ശക്തമായിരിക്കുന്നു. ''നടത്തിപ്പുകാര്‍ ആര് എന്ന് നോക്കിയല്ല പള്ളിയെ പരിഗണിക്കേണ്ടത്. പള്ളി അല്ലാഹുവിന്റെ ഭവനമാണെന്ന പവിത്രത നാം സംരക്ഷിക്കണം. വ്യക്തിദൂഷ്യങ്ങളും സമൂഹത്തിലെ ഇതര താല്പര്യങ്ങളും ഭൗതിക നേട്ടങ്ങളും മുതലെടുക്കാന്‍ പള്ളികളെ കരുവാക്കുന്ന പ്രവണത അല്ലാഹുവിന്റെ ശിക്ഷയ്ക്കും കോപത്തിനും കാരണമാവുമെന്നതിന് അനുഭവങ്ങള്‍ സാക്ഷിയാണ്'' (അല്‍മനാര്‍ 2005 ജൂലയ്) (ഇത് ആരെ ബോധിപ്പിക്കാന്‍ എഴുതിയതാണെങ്കിലും) എന്ന തിരിച്ചറിവ് ഒരു പുതിയ ചിന്തയ്ക്ക് ഭിന്നിപ്പുകാരെ പ്രേരിപ്പിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. സ്വന്തം ഗ്രൂപ്പ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു മസ്ജിദിന്റെ നിര്‍മാണത്തിന്നെതിരെ സംഘപരിവാറിന്റെ സഹായം തേടിയവരെയും ഒരു മസ്ജിദ് അര്‍ധരാത്രി ഇടിച്ചു നിരപ്പാക്കിയവരെയും അബ്ദുര്‍റഹ്മാന്‍ സലഫിക്ക് കേവലം ഒരു ഖുത്വ്ബ നടത്താനായി മഞ്ചേരി ഇസ്വ്‌ലാഹി കാമ്പസ് പള്ളി രണ്ടാഴ്ചക്കാലം പൂട്ടിയിടിച്ചവരെയും ഗ്രൂപ്പ് വൈരത്താല്‍ കാസര്‍കോട് പള്ളി മാസങ്ങളോളം പൂട്ടിയിടിയിച്ചവരെയും പള്ളികളില്‍ രക്തച്ചൊരിച്ചിലിന് കോപ്പുകൂട്ടുന്നവരെയും സംരക്ഷിച്ചുകൊണ്ട് ഏതായാലും ഇങ്ങനെയൊരു മാറ്റം അസാധ്യമാണല്ലോ.
പരവൂര്‍ പള്ളിക്കെതിരെ സംഘപരിവാറിനെ സമീപിച്ച ഭിന്നുപ്പുകാരുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗത്തിന്റെ നടപടിക്ക് നേതൃത്വവുമായി യാതൊരു ബന്ധവുമില്ലെന്ന ഭിന്നിപ്പുകാരുടെ ആവര്‍ത്തിച്ചുള്ള വിശദീകരണത്തിന്റെ അതേ അളവുകോലുപയോഗിച്ച് ഭിന്നിപ്പുകാര്‍ ഐ എസ് എമ്മിനും ഹുസൈന്‍ മടവൂരിനുമെതിരില്‍ ഉന്നയിച്ച ഓരോ ആരോപണങ്ങളും പുനരവലോകനം ചെയ്യാന്‍ പ്രവര്‍ത്തകര്‍ തയ്യാറായാല്‍ ഭിന്നിപ്പുകാരുടെ പ്രതികരണമെന്തായിരിക്കുമെന്നറിയാന്‍ കൗതുകമുണ്ട്. സ്വന്തം കാര്യത്തില്‍ ഒരു നീതിയും മറ്റുള്ളവരുടെ കാര്യത്തില്‍ മറ്റൊന്നും എന്ന രീതി ഇസ്‌ലാമികമല്ലല്ലോ.
ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം തീര്‍ന്നിരിക്കുന്നു. അവര്‍ പണി തുടങ്ങിയ എല്ലാ മനക്കോട്ടകളും തകര്‍ന്നുകഴിഞ്ഞു. ഒരു മഹാപ്രസ്ഥാനത്തിന്റെ അടിവേരില്‍ പുഴുക്കുത്ത് വീഴ്ത്തിയവര്‍ക്ക് ഇനിയും പലതും അനുഭവിച്ച് തീര്‍ക്കാനുണ്ട്. അല്ലാഹുവിന്റെ മതത്തെ ദുര്‍വ്യാഖ്യാനിച്ചും ദുരുപയോഗിച്ചും അവര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ മുജാഹിദ് കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു. ആരോപണങ്ങളുടെ അഴിഞ്ഞമാലകളെ അവഗണിച്ച് നാം മുന്നോട്ട്.         












Comments