Wednesday, February 20, 2013

ISM- വിവാദങ്ങളും വസ്തുതകളും

   പറിച്ചെറിഞ്ഞവരുടെ മുന്നില്‍ തഴച്ചുവളര്‍ന്ന പ്രസ്ഥാനം

                                                       മന്‍സൂറലി ചെമ്മാട്‌

ആടിനെ പട്ടിയെന്നും പിന്നീട് പേപ്പട്ടിയെന്നും വിളിച്ചു തല്ലിക്കൊല്ലുന്ന നെറികേടിന്റെ നേര്‍ക്കാഴ്ചയായിരുന്നു കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന്റെ പിന്നാമ്പുറങ്ങള്‍. സംഘടനയുടെ ചാലകശക്തിയായ യുവജനപ്രസ്ഥാനത്തിന്റെ ഖബറടക്കത്തിനു കാതോര്‍ത്തിരുന്ന ചില കാപാലികര്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത അപരാധങ്ങള്‍ക്കാണ് കാര്‍മ്മികത്വം വഹിച്ചത്. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയുടെയും കുതന്ത്രങ്ങളുടെയും ബാക്കിപത്രമെന്നോണം 2002 ആഗസ്റ്റ് 12ന് മഹത്തായ നമ്മുടെ പ്രസ്ഥാനം രണ്ട് കഷ്ണമായി.
ആഗസ്റ്റ് 13ന്റെ പത്രങ്ങള്‍ ഈ ദുരന്തവാര്‍ത്തയുമായി ഇറങ്ങിയപ്പോള്‍ ഇസ്ലാഹി കേരളം മാത്രമല്ല, ഇസ്ലാഹി പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവര്‍ തൊട്ട് ഇതിന്റെ പ്രതിയോഗികള്‍ വരെ വിതുമ്പുകയായിരുന്നു. മത, സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക ഉല്‍ബുദ്ധത പകര്‍ന്ന് നല്‍കി സമൂഹത്തിന്റെ നിയാമകശക്തിയായി മുന്നില്‍ നടന്ന ഒരു പ്രസ്ഥാനത്തിന് പരുക്കേല്‍ക്കുന്നത് അത്രമാത്രം വേദനാജനകമായിരുന്നു. ഐ എസ് എമ്മിനെ പിരിച്ച് വിട്ട വാര്‍ത്ത അവരില്‍ ഞെട്ടലുണ്ടാക്കി. നടപടിക്കുളള കാരണങ്ങളായി നിരത്തിയവ അതിലേറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. പിരിച്ച് വിടലിനു മുന്‍പ് നാടൊട്ടുക്കും കുറേ വ്യതിയാനക്കഥകള്‍ പാടിനടന്നിരുന്നെങ്കിലും പിരിച്ച് വിടല്‍ നോട്ടീസില്‍ അവയൊക്കെ അപ്രത്യക്ഷമായിരുന്നു. പകരം കുറേ നന്മകള്‍. നന്മകള്‍ ചെയ്‌തെന്ന് പറഞ്ഞ് കുറ്റപത്രം തയ്യാറാക്കിയ ലോകത്തെ ആദ്യസംഭവമാകാമിത്. കുടുംബ ശൈഥില്യങ്ങള്‍ കുറയ്ക്കാന്‍ ഒരുക്കിയ ഫാമിലിസെല്ലും പ്രമാണബദ്ധമായ ഹജ്ജ് നിര്‍വഹിക്കാന്‍ സഹയകമാവും വിധം ഒരുക്കിയ ഹജ്ജ് സെല്ലും ആദര്‍ശം പഠിപ്പിക്കാന്‍ ഒരുക്കിയ ഒരു സമ്മേളനവും ക്യു എല്‍ എസ് പഠിതാക്കള്‍ക്ക് ഇസ്ലാമിനെ അടുത്തറിയാന്‍ സംവിധാനിച്ച അത്തൗഹീദ് മാസികയും പ്രവാചകന്‍(സ) പുണ്യകര്‍മ്മമായി പഠിപ്പിച്ച മരം നടീലും എല്ലാം വ്യതിയാനപ്പട്ടികയിലേക്ക് മാറ്റേണ്ടി വന്നു ഐ എസ് എമ്മിന്റെ കഴുത്ത് വെട്ടാനൊരുങ്ങിയവര്‍ക്ക്.
യഥാര്‍ത്ഥ ആദര്‍ശവ്യതിയാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി ആദര്‍ശ ശത്രുക്കളില്‍ നിന്നും അച്ചാരം വാങ്ങിയ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമായിരുന്നു ദൗര്‍ഭാഗ്യകരമായ ആ പിളര്‍പ്പ്. ആദര്‍ശം നെഞ്ചേറ്റുകയും അതിന്റെ സംരക്ഷണത്തിനു വേണ്ടി ഏതു ഭീഷണിക്കു മുന്നിലും നെഞ്ച് വിരിച്ച് ചെറുക്കുകയും ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോവുന്ന യുവജനപ്രസ്ഥാനത്തെയും സാത്ത്വികരായ പണ്ഡിതന്‍മാരെയും വെട്ടിനിരത്താതെ ആ ഇറക്കുമതി അസാധ്യമാണെന്നവര്‍ കണക്കു കൂട്ടി. വ്യാജാരോപണങ്ങളുടെയും ഇല്ലാക്കഥകളുടെയും പെരുമഴക്കാലം തീര്‍ത്ത് ഇസ്ലാഹീ പ്രസ്ഥാനത്തിനകത്ത് കാലുഷ്യത്തിന്റെ പ്രളയമുണ്ടാക്കുകയായിരുന്നു ആ ഗൂഢാലോചനക്കാര്‍. അപ്രകാരം, ഐ എസ് എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നാടൊട്ടുക്കും ഇവര്‍ അഴിച്ച് വിട്ട ആരോപണങ്ങളുടെ നിജസ്ഥിതികള്‍ തുറന്ന് കാണിക്കുകയാണീ കുറിപ്പില്‍.

തൗഹീദ് പറയാന്‍

പൊതു താല്‍പര്യമേഖല

പിളര്‍പ്പിനോടനുബന്ധിച്ച് ഏറെ മുഴങ്ങിക്കേട്ട ആരോപണമാണിത്. ആരോപകരുടെ വാക്കുകളിലൂടെ നമുക്കത് നോക്കാം: തൗഹീദ് പറയാന്‍ പൊതു താല്‍പര്യ മേഖല വേണമെന്ന് ശബാബ് തന്നെ പറയുന്നത് കാണുക. ഒന്നാമതായി പ്രബോധകനും പ്രബോധിതനും തമ്മില്‍ പൊതു താല്‍പര്യമുളള വിഷയം കണ്ടെത്തുക. തുടര്‍ന്ന് ആ വിഷയം സംബന്ധിച്ച ചര്‍ച്ചകളിലൂടെ രൂപം കൊളളുന്ന സൗഹൃദത്തെ പ്രബോധിതന്റെ മനസ്സിലേക്ക് ഇസ്ലാമിന്റെ സന്ദേശവുമായി കടന്ന് ചെല്ലാനുളള ഒരു പാലമായി ഉപയോഗപ്പെടുത്തുക. നീ പറയുക, വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പൊതുവായി സ്വീകരിക്കാവുന്ന ഒരു തത്വത്തിലേക്ക് നിങ്ങള്‍ വരിക. അല്ലാഹുവിനെയല്ലാതെ ആരാധിക്കാതിരിക്കുകയും അവനില്‍ യാതൊന്നിനെയും നാം പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യുക.(വി: ഖു: 3:64) പൊതു താല്‍പര്യത്തിന്റെ ഭൂമിക കണ്ടെത്തിയിട്ട് സത്യപ്രബോധനം നിര്‍വഹിക്കേണ്ടത് എങ്ങിനെയാണെന്ന് ഈ ദൈവിക വചനം വ്യക്തമാക്കുന്നു. (ശബാബ് ഏപ്രില്‍ 23,1999 മുഖപ്രസംഗം).
ലോകത്ത് വന്ന മുഴുവന്‍ പ്രവാചകന്മാരും ആദ്യം ചെയ്തത് ജനങ്ങള്‍ക്ക് ഏറ്റവും വെറുപ്പുളളതും തീരെ താല്‍പര്യമില്ലാത്തതുമായ തൗഹീദ് പ്രബോധനം ചെയ്യുക എന്നതായിരുന്നു. ആ തൗഹീദ് വിട്ട്, ജനങ്ങള്‍ക്ക് ഇഷ്ടമുളള പൊതുതാല്‍പര്യ വിഷയം കണ്ടെത്തണമെന്നാണ് ഇവിടെ പറയുന്നത്. പൊതുതാല്‍പര്യത്തിന്റെ പാലം കെട്ടിയിട്ട് വേണം തൗഹീദ് പറയാന്‍.
തൗഹീദ് പറയാനുളള ഈ പാലമാണ് സാമുദായക്ഷേമ പ്രവര്‍ത്തനങ്ങള്‍. ഇത് സമര്‍ത്ഥിക്കാന്‍ ശബാബ് പോലും ദീര്‍ഘമായി ഉപന്യസിച്ചിരിക്കുന്നു. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളാണ് നാം ആദ്യം ചെയ്യേണ്ടത്. അതിനു ശേഷമാണ് തൗഹീദ് പറയേണ്ടത്. അപ്പോള്‍ മാത്രമേ ദഅവത്ത് ഫലപ്രദമാവൂ. പ്രബോധിതര്‍ക്ക് പ്രബോധകരോട് അടുപ്പം തോന്നുകയുളളൂ. പ്രബോധിതരും പ്രബോധകരും തമ്മില്‍ ശത്രുത ഇല്ലാതാവുകയുളളൂ.(ആരോപകരുടെ ഒന്നാം പ്രബന്ധം, പേജ്: 22,23)
വളരെ സദുദ്ദേശപരമായ ഒരു ഉദ്ധരണിയെ എത്രത്തോളം ദുര്‍വ്യാഖ്യാനം ചെയ്യാം എന്നതിന്റെ വലിയൊരു ഉദാഹരണമാണീ ആരോപണം. എഡിറ്റോറിയല്‍ എഴുതിയ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിക്കോ പ്രസിദ്ധീകരിച്ച ഐ എസ് എമ്മിനോ ഒരിക്കലുമില്ലാത്ത വാദങ്ങളാണ് പച്ചക്കളവിന്റെ അകമ്പടിയോടെ ഇവിടെ ആരോപിച്ചിട്ടുളള്ളത്. തൗഹീദ് വിട്ട് പൊതുതാല്‍പര്യമേഖല കണ്ടെത്തണമെന്നും പൊതുതാല്‍പര്യത്തിന്റെ പാലം കെട്ടിയിട്ട് വേണം തൗഹീദ് പറയാന്‍ എന്നുമൊക്കെ ആ എഡിറ്റോറിയലിലുണ്ടെന്ന് ദുര്‍വ്യാഖ്യാനിച്ചൊപ്പിച്ചതാണ്.
സത്യത്തില്‍, ഇസ്ലാമിനെ കുറിച്ച് അറിയാന്‍ ഒട്ടും താല്‍പര്യമില്ലാത്തവരും തൗഹീദ് മനസ്സിലാക്കുന്നതില്‍ നിന്ന് പുറം തിരിഞ്ഞ് നില്‍ക്കുന്നവരുമായ ആളുകളെ നമ്മുടെ പരബോധന ദൗത്യവുമായി ബന്ധിപ്പിക്കാനുള്ള മാര്‍ഗ്ഗത്തെ കുറിച്ചുളള ഒരന്വേഷണമായിരുന്നു പ്രസ്തുത ലേഖനത്തിലുണ്ടായിരുന്നത്. തൗഹീദ് അവരില്‍ എത്തിക്കാനും അവരെ കൊണ്ടതംഗീകരിപ്പിക്കാനും എന്തുണ്ട് മാര്‍ഗ്ഗമെന്ന അന്വേഷണം. ആ ആളുകളുമായി ആശയവിനിമയം നടത്തുന്നതിനുളള കവാടങ്ങള്‍ തുറന്ന് കിട്ടാനുളള ഒരു പാലമായി പൊതുതാല്‍പര്യമുളള വിഷയങ്ങളെ ഉള്‍പ്പെടുത്താം എന്നതായിരുന്നുവതിന്റെ ഉളളടക്കം.
ഭിന്നിപ്പുകാര്‍ ആ എഡിറ്റോറിയലില്‍ നിന്ന് മുറിച്ചെടുത്തതിന്റെ മുന്‍പുളള വരികള്‍ നമുക്കൊന്ന് വായിക്കാം: മുസ്ലിം സമൂഹത്തിനുളളില്‍ പ്രബോധകര്‍ക്ക് ഒരു പരിധി വരെ ആശയവിനിമയം നടത്താന്‍ സാധിക്കുന്നത്, പ്രബോധിതര്‍ ഇസ്ലാമിനെ കുറിച്ച് അറിയാന്‍ ഒട്ടൊക്കെ താല്‍പര്യമുളള്ളവരായത് കൊണ്ടാകുന്നു. എന്നാല്‍ മുസ്ലിം സമൂഹത്തില്‍ കുറേ പേരും ഇതര സമൂഹത്തില്‍ ഏറെ പേരും ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്തവരാകയാല്‍ ഇസ്ലാമിക പ്രഭാഷണങ്ങളോ പ്രസിദ്ധീകരണങ്ങളോ അവരുമായി ആശയവിനിമയത്തിന് ഉപകരിക്കാതെ പോവുന്നു. വിവരസാങ്കേതിക വിദ്യ(ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ജനങ്ങളില്‍ ഭൂരിഭാഗവുമായി നമുക്ക് ആശയവിനിമയം നടത്താന്‍ കഴിയാതെ പോവുന്നത് പ്രബോധന രംഗത്തെ ഒരു വലിയ നഷ്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. (ശബാബ് 99 ഏപ്രില്‍ 23).
നോക്കൂ ഇതിന്റെ തുടര്‍ന്നുളള വരികളാണ് ദുരാരോപണത്തിന്നവര്‍ ആയുധമാക്കിയത്. മാത്രമല്ല, തൗഹീദിനെ തന്നെയാണ് ഒരു പൊതുതാല്‍പര്യ മേഖലയായി നിര്‍ദ്ദേശിക്കുന്നതെന്ന് അതിലെ ആയത്ത് സൂചന നല്‍കുന്നു. ആ എഡിറ്റോറിയലിന്റെ അവസാന ഭാഗം കൂടി നോക്കിയാല്‍ ഈ കാര്യം കൂടുതല്‍ വ്യക്തമാവും.: സമൂഹവും  ലോകവും നന്നാവാന്‍ എന്തൊക്കെ വേണമെന്നത് സംബന്ധിച്ച ഒരു തുറന്ന ചര്‍ച്ചക്ക് ശേഷം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് ഇസ്ലാം നല്‍കുന്ന മാര്‍ഗ്ഗദര്‍ശനത്തിലേക്ക് അവരുടെ അവരുടെ ശ്രദ്ധ തിരിക്കാവുന്നതാണ്. തുടര്‍ന്ന് പ്രകൃതിയുടെ മൗലികതയെയും വിധാതാവിന്റെ അജയ്യതയെയും സംബന്ധിച്ച ഖുര്‍ആനിക വചനങ്ങളിലൂടെ കണിശമായ ഏകദൈവത്വത്തിലേക്ക് ചര്‍ച്ച നയിക്കാവുന്നതാണ്(അതേ പുസ്തകം).
നോക്കൂ വലിയവായില്‍ വ്യതിയാനമെന്ന് അലമുറയിട്ട് ഉയര്‍ത്തിപ്പിടിച്ച ആ എഡിറ്റോറിയലില്‍ അപാകതയെന്താണുളളത്. ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ പ്രയാസമുളള വല്ലതുമിതിലുണ്ടോ? ഒരു വശത്ത്, തൗഹീദ് പറയുന്നില്ലെന്ന് ഐ എസ് എമ്മിനെ ആക്ഷേപിച്ച് നടക്കുന്നവരാണ് ഇവിടെ പാലം ഉപയോഗപ്പെടുത്തിയെങ്കിലും തൗഹീദ് പഠിപ്പിക്കണമെന്ന നിലപാടിനെയും കടിച്ച് കീറുന്നത്. പ്രസ്ഥാനത്തെ പിളര്‍ത്താന്‍ മെനഞ്ഞെടുത്ത ഒരു ദുരാരോപണം മാത്രമായിരുന്നു ഇതെന്ന് വിളിച്ചോതുന്നതായിരുന്നു പിന്നീടൂളള കാഴ്ചകള്‍. കൃത്യമായ പാലംപണി ആരോപകരില്‍ തന്നെ പ്രത്യക്ഷപ്പെടുന്നതാണ് നമുക്ക് കാണാനായത്. ഭൗതിക പ്രലോഭനങ്ങള്‍ മുതല്‍ പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷനുകളും അമുസ്ലിംകള്‍ക്ക് കിടിലന്‍ സമ്മാനങ്ങള്‍ ഓഫര്‍ ചെയ്യുന്ന മത്സരങ്ങളും വരെ പൊതുതാല്‍പര്യമേഖലയാക്കുകയും അതുവഴി സംഘടനയിലേക്കുളള വഴിതുറക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു അവര്‍.

ഖണ്ഡന മണ്ഡന മുക്തമായ പ്രബോധനം

ആരോപകരുടെ മറ്റൊരു കച്ചിത്തുമ്പായിരുന്നു ഇത്. അവരുടെ ആരോപണം നമുക്കിങ്ങിനെ വായിക്കാം: ഐ എസ് എം സംസ്ഥാന കൗണ്‍സിലര്‍മാര്‍ക്കിടയില്‍ അച്ചടിച്ച് വിതരണം ചെയ്ത 1993 1994 കാലയളവിലേക്കുളള പ്രബോധന പ്രവര്‍ത്തനങ്ങളുടെ കരട് നയരേഖയില്‍ ഇപ്രകാരം വായിക്കാം. തൗഹീദി പ്രബോധനം നിര്‍വഹിക്കാന്‍ ഇസ്ലാഹി പ്രസ്ഥാനമല്ലാതെ മറ്റാരുമില്ല. ഖണ്ഡന മണ്ഡനങ്ങളില്‍ നിന്ന് മുക്തവും എന്നാല്‍ ഖുര്‍ആനും സുന്നത്തും യുക്തിദീക്ഷയോടുകൂടി പ്രചരിപ്പിക്കുന്നതുമായ ഇസ്ലാഹിന്റെയും തബ്‌ലീഗിന്റെയും ശൈലി പുനരാഖ്യാനിക്കണം. സമുദായ ഐക്യം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്(ഐ എസ് എം നയരേഖ, 93 94)
നമ്മുടെ പ്രബോധനശൈലി പുനരാഖ്യാനിച്ച് ഖണ്ഡന മണ്ഡന മുക്തമാക്കണം എന്ന് ജമാഅത്തെ ഇസ്ലാമി ആരംഭം തൊട്ടേ ആവശ്യപ്പെടുന്ന കാര്യമാണ്. ഇപ്പോള്‍ അതേകാര്യം നമ്മോട് ആവശ്യപ്പെടാന്‍ മാത്രം ചിലരെയെങ്കിലും അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞു. (ആരോപകരുടെ ഒന്നാം പ്രബന്ധം, പേജ്: 27)
യഥാര്‍ത്ഥത്തില്‍ ഐ എസ് എം ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. ആരുടെയും സ്വാധീനത്തിനിരയായിട്ടുമില്ല. കൗണ്‍സിലില്‍ ചര്‍ച്ചക്ക് വേണ്ടി അവതരിപ്പിച്ച കരട് രേഖയിലെ ചില പരാമര്‍ശങ്ങളാണ് ഇവിടെ തെറ്റിധരിപ്പിക്കാന്‍ ആയുധമാക്കപ്പെട്ടിട്ടുളളത്. ആ ചര്‍ച്ചക്ക് ശേഷമുളള തീരുമാനങ്ങളടങ്ങിയ രൂപരേഖയില്‍ ഇങ്ങിനെയൊരു ഭാഗമില്ല. കെ കെ സക്കരിയ സ്വലാഹിയും അബ്ദബ്ദുറഹ്മാന്‍ സലഫിയുമൊക്കെ അന്ന് കൗണ്‍സിലര്‍മാരായിരുന്നു. എന്നാല്‍ ഈ കരട് രേഖയില്‍ അന്നൊന്നും ആര്‍ക്കുമൊരപാകത തോന്നിയിട്ടുമുണ്ടായിരുന്നില്ല. മാത്രമല്ല, ആ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തത് എ പി അബ്ദുല്‍ ഖാദര്‍ മൗലവിയായിരുന്നു. ഖണ്ഡനമണ്ഡനവും വാദപ്രതിവാദവും നടത്തേണ്ടത് ഐ എസ് എമ്മിന്റെ പണിയല്ലെന്നും അല്ലാത്ത ദഅവത്ത് മേഖലയിലാണ് ഐ എസ് എം ശ്രദ്ധയൂന്നേണ്ടതെന്നുമാണ് അദ്ദേഹമന്ന് പ്രസംഗിച്ചത്.
പ്രബോധന രംഗത്ത് ചില അനാരോഗ്യകരമായ പ്രവണതകള്‍ തലപൊക്കുകയും വിശിഷ്യാ ബാബരി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അവയൊക്കെ അനുചിതമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ആ കൗണ്‍സില്‍ നടക്കുന്നത്. സ്വാഭാവികമായും ഉണ്ടായ ഒരു ചര്‍ച്ചയെ പിന്നീട് വ്യതിയാനഗവേഷകര്‍ പിടികൂടുകയായിരുന്നുവെന്നതാണ് സത്യം. വാദപ്രതിവാദങ്ങളെയും അനാരോഗ്യകരമായ ഖണ്ഡനപ്രസംഗങ്ങളെയും പിന്നീട് നിരുത്സാഹപെടുത്തുന്ന അവസ്ഥയിലേക്ക് ആരോപകര്‍ മാറി.

വമി ബന്ധവും വ്യതിയാനവും

മഹത്തായ ഇസ്വ്‌ലാഹി പ്രസ്ഥാനത്തെ കുത്തിപ്പിളര്‍ത്താനുള്ള ഭിന്നിപ്പുകാരുടെ മുന്നിട്ടിറങ്ങലിന്റെ 'ഔദ്യോഗിക ഉദ്ഘാടനം' 1999 മെയ് 13ന് പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ അരങ്ങേറുന്ന ദുരന്തവേള, വ്യതിയാനോമീറ്ററിന്റെ 'കുവൈത്ത് ഇംപോര്‍ട്ടറായ' പുളിക്കല്‍ മദനി ഘോരഘോരം ആഞ്ഞുവെട്ടി പ്രസംഗിക്കുകയാണ്. ഐ എസ് എമ്മിനും ഹുസൈന്‍ മടവൂരിനുമൊക്കെ ഇഖ്‌വാനിസം ബാധിച്ചിരിക്കുന്നുവെന്ന് സമര്‍ഥിക്കാന്‍ അദ്ദേഹം കിണഞ്ഞുപരിശ്രമിക്കുകയാണ്. ആ സമയത്ത് ടിയാന്റെ കൈയിലുണ്ടായിരുന്നത് ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ ഒരു ലെറ്റര്‍പാഡായിരുന്നു. അതില്‍ ഐ എസ് എമ്മിന്റെ 'വമി'യിലുള്ള അംഗത്വം രേഖപ്പെടുത്തിയത് ഉയര്‍ത്തിക്കാട്ടി ഐ എസ് എമ്മിന്റെ ഇഖ്‌വാനി ബന്ധം 'തെളിയിക്കാന്‍' ദയനീയമായി സാഹസപ്പെടുകയായിരുന്നു മദനി.
സുഊദി അറേബ്യ ആസ്ഥാനമായ 'വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്' (വമി) എന്ന ലോക മുസ്‌ലിം യുവജനവേദിയില്‍ 12 വര്‍ഷം മുമ്പാണ് ഐ എസ് എം അംഗത്വം നേടിയത്. എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞ്, വമി ഇഖ്‌വാനി സംഘടനയാണ്, അതിലെ അംഗത്വം ഐ എസ് എമ്മിന്റെ ഇഖ്‌വാനീബന്ധത്തിന്റെ  തെളിവാണ്  തുടങ്ങിയ ആരോപണങ്ങളോടൊപ്പം, ഇഖ്‌വാനികളെ സന്തോഷിപ്പിക്കാനായി വമിയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഐ എസ് എം ഇത്തിഹാദുശ്ശുബ്ബാനില്‍ മുസ്‌ലിമീന്‍ എന്നാണ് പേര് കൊടുത്തതെന്നൊരു ഭീമന്‍ വെടികൂടി ഭിന്നിപ്പുകാര്‍ പൊട്ടിച്ചു. ഇതെല്ലാം പച്ചക്കള്ളമാണെന്ന് തെളിവുസഹിതം വിശദീകരിക്കപ്പെട്ടിട്ടും മറ്റു വിഷയങ്ങളിലെ പോലെ തന്നെ ഭിന്നിപ്പുകാരുടെ തിമിരം നീങ്ങിയില്ല. എം എസ് എമ്മിന്റെ വമിയിലെ അംഗത്വത്തെപ്പറ്റിയും നിച്ച് ഓഫ് ട്രൂത്തിന്റെ വമിയുമായുള്ള ബന്ധത്തെപ്പറ്റിയുമൊക്കെയുള്ള പ്രവര്‍ത്തകരുടെ  മറുചോദ്യം  ഭിന്നിപ്പുകാര്‍ക്ക് തലവേദനയുണ്ടാക്കിയെങ്കിലും അവര്‍ ഈ ദുരാരോപണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
എന്നാല്‍ ഭിന്നിപ്പുകാരുടെ കുതന്ത്രങ്ങളുടെ താല്ക്കാലിക വിജയമായിക്കൊണ്ട് ഇസ്വ്‌ലാഹീ പ്രസ്ഥാനം പിളര്‍ന്നുകഴിഞ്ഞപ്പോള്‍ മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ അവര്‍ 'വമി'യുടെ വ്യതിയാനവും സൗകര്യപൂര്‍വം മറന്നു. പിന്നീട് അഡ്‌ഹോക്കുകാര്‍ 'വമി'യെ കബളിപ്പിച്ച് ഐ എസ് എമ്മിന്റെ അംഗത്വം പുതുക്കി സ്വന്തമാക്കുകയായിരുന്നു. ഹുസൈന്‍മടവൂര്‍ ഐ എസ് എമ്മിന്റെ പ്രസിഡന്റായ കാലത്ത് വമിയില്‍ രജിസ്റ്റര്‍ ചെയ്ത 148/2.8.1413 (ഫയല്‍ 134) നമ്പര്‍ ആക്ടീവ് മെമ്പര്‍ഷിപ്പ് തങ്ങളുടേതാണെന്ന് വമിയെ തെറ്റിദ്ധരിപ്പിച്ച് സ്വന്തമാക്കിയ എ പി വിഭാഗം തങ്ങളുടെ ആ ആരോപണങ്ങള്‍ വ്യാജമായിരുന്നുവെന്ന് സ്വയം തെളിയിക്കുകയായിരുന്നു.

ഇത്തിഹാദുശുബ്ബാനില്‍ മുസ്ലിമീന്‍?

ഇഖ്‌വാനീ സ്വാധീനം കാരണം, വമിയില്‍ ഇത്തിഹാദു ശുബ്ബാനില്‍ മുസ്ലിമീന്‍ എന്ന പേരിലാണ് ഐ എസ് എം രജിസ്റ്റര്‍ ചെയ്തതെന്ന് പച്ചക്കളവ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍ എന്ന് തന്നെയായിരുന്നു വമിയില്‍ രജിസ്റ്റര്‍ ചെയ്ത പേര്. മാത്രമല്ല, ഖത്തറിലെ അശ്ശര്‍ഖ് പത്രത്തില്‍ ഐ എസ് എമ്മിനെ പരിചയപ്പെടുത്തി ഈസാമുര്‍ഷിദ് എന്ന ലേഖകന്‍ എഴുതിയ കുറിപ്പില്‍ ഇത്തിഹാദു ശുബ്ബാനില്‍ മുസ്ലിമീന്‍ എന്ന് തെറ്റായി എഴുതിയതിനെയും ഐ എസ് എമ്മിന്റെ ഇഖ്‌വാനീ ബന്ധത്തിന്റെ തെളിവായി ഇവരുന്നയിച്ചു നടന്നു. അശ്ശര്‍ഖ് ലേഖകന് സംഭവിച്ച ഒരു പിഴവ് മാത്രമായിരുന്നുവത്.
എന്നാല്‍ പിന്നീട് നാം കാണുന്നതോ?, സാല്‍വേഷന്‍ എക്‌സിബിഷന്റെ ഭാഗമായി അഹ്‌ലേ ഹദീസ് മുഖപത്രമായ 'തര്‍ജുമാനില്‍' മുജാഹിദ് സെന്ററില്‍നിന്ന്  നല്കിയ പരസ്യത്തില്‍ യുവജനസംഘടനയുടെ പേര് 'ഇത്തിഹാദുശ്ശുബ്ബാനില്‍ മുസ്‌ലിമീന്‍'.  മാതൃസംഘടനയോ, 'നദ്‌വത്തുല്‍  മുജാഹിദീന്‍'! രൂപീകരിച്ചതോ 1924 ല്‍! എന്നായിരുന്നു. ഇത് തയ്യാറാക്കി നല്‍കിയ പരസ്യമായതിനാല്‍ ഒരു പിഴവാണെന്ന് കരുതാന്‍ ന്യായമില്ലല്ലോ.

കേരള ഇസ്‌ലാമിക് സെമിനാര്‍

മുജാഹിദ് യുവാക്കളില്‍ ഇഖ്‌വാനിസം പ്രചരിപ്പിക്കാനുള്ള ഗൂഢവേദി (ഭിന്നിപ്പുകാരുടെ ഒന്നാം പ്രബന്ധം, പേജ് 30) എന്ന് ആക്ഷേപിച്ച് ഇസ്‌ലാമിക് സെമിനാറിനോടും  ഇവര്‍ പിളര്‍പ്പിന്റെ കാലത്ത് അയിത്തം പുലര്‍ത്തി. ഇഖ്‌വാനികളെ സന്തോഷിപ്പിക്കാന്‍ സെമിനാറിന് സലഫി, മുജാഹിദ് തുടങ്ങിയ പേരുകള്‍ക്കു പകരം 'ഇസ്‌ലാമിക്' എന്നാക്കിയെന്ന ആരോപണവും ഇവരുന്നയിച്ചു. പക്ഷെ, ആ ആരോപണവും അധികനാള്‍ നിലനിന്നില്ല. പിളര്‍പ്പ് സാധ്യമായ ഉടനെ ഇതും സ്വന്തമെന്ന നിലയ്ക്ക് സംഘടിപ്പിക്കാന്‍ തുടങ്ങി.  ഇതും തങ്ങളുടെ കുതന്ത്രങ്ങളുടെ ഭാഗമായിരുന്നെന്ന്  ഇവര്‍ തന്നെ തെളിയിച്ചു. സെമിനാറില്‍ തൗഹീദല്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലും വ്യതിയാനമായി ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു.
എന്നാല്‍ പിന്നീടിവര്‍ സംഘടിപ്പിച്ച വ്യാജ ഇസ്‌ലാമിക് സെമിനാറില്‍ തൗഹീദുമായി ബന്ധപ്പെട്ട ഒരു വിഷയംപോലുമില്ലായിരുന്നു. ഭരണവും അധികാരവും, തീവ്രവാദം: തുടക്കവും മടക്കവും, തീവ്രവാദപ്രസ്ഥാനങ്ങളുടെ ആഗോളബന്ധങ്ങള്‍, മതരാഷ്ട്രവാദം: ചരിത്രവും വര്‍ത്തമാനവും, തീവ്രവാദം: ന്യായീകരണങ്ങളും വസ്തുതകളും എന്നിവയൊക്കെയായിരുന്നു സെമിനാറിലെ വിഷയങ്ങള്‍. ഐ എസ് എമ്മിനെ ആക്രമിക്കുന്നതിന്നിടെ ഇത്തരം വിഷയങ്ങളെ 'ലക്ഷ്യബോധമില്ലാത്ത ചവറുപ്രവര്‍ത്തനങ്ങള്‍' എന്നാണ് (ഭിന്നിപ്പുകാരുടെ ഒന്നാം പ്രബന്ധം, പേജ് 29) ഇവര്‍ ആക്ഷേപിച്ചിരുന്നത്.

മരം നടീലും സാമൂഹ്യ ക്ഷേമ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും

ആദര്‍ശവ്യതിയാനമെന്ന പുകമറക്ക് ഏറ്റവും പ്രധാനമായി ഭിന്നിപ്പുകാര്‍ ആയുധമാക്കിയിരുന്നത് മുജാഹിദ് പ്രവര്‍ത്തകരുടെ സാമൂഹ്യ സേവന, ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യത്തെയായിരുന്നു. ഇത് സംബന്ധമായി ഇവര്‍ വിളിച്ചുപറഞ്ഞ ചില ഉദ്ധരണിയാണ് താഴെ. രേഖകളിലും കാസറ്റുകളിലും സര്‍വോപരി മുജാഹിദ് പ്രവര്‍ത്തകരുടെ വ്രണിത മനസ്സിലും ഇന്നും നിലനില്ക്കുന്ന ഇവ പുതിയ പശ്ചാത്തലത്തില്‍ ഒന്നുകൂടി വായിക്കുക.
''നമ്മള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ജനങ്ങള്‍ ഏറ്റെടുത്തു. വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം, യത്തീംഖാന, സാമൂഹ്യക്ഷേമം തുടങ്ങിയവ ഉദാഹരണം. എന്നാല്‍ നാം പ്രചരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ഇപ്പോഴും ജനം ഏറ്റെടുത്തിട്ടില്ല. അതിനാല്‍ കുറച്ച് കാലത്തേക്ക് നാം തൗഹീദീ പ്രബോധനവുമായി മാത്രം മുന്നോട്ടുപോവണം.'' (എ പി അബ്ദുല്‍ഖാദര്‍ മൗലവി- ഭിന്നിപ്പുകാരുടെ രണ്ടാംപ്രബന്ധം പേജ്-8).
''ഒരു കാര്യം മനസ്സിലാക്കണം നമ്മള്‍, ഇവിടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍, റോഡ് വെട്ടിക്കൊടുക്കാന്‍, മരുന്ന് വാങ്ങിക്കൊടുക്കാന്‍, വസ്ത്രം വാങ്ങിക്കൊടുക്കാന്‍ നൂറുകൂട്ടം സംഘടനകളുണ്ട്. നമ്മെക്കാളും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യാനികളുണ്ട്. ആ വിഷയത്തില്‍ അവരെ വെല്ലാനൊന്നും നമ്മളായിട്ടില്ല. എത്ര പാലം കെട്ടിയാലും എത്ര റോഡ് വെട്ടിയാലും എത്ര മനസ്സിലേക്ക് പാലം കെട്ടിയാലും എത്ര റേഷന്‍ വാങ്ങിക്കൊടുത്താലും എത്ര മരുന്ന് വാങ്ങിക്കൊടുത്താലും എത്ര കണ്ണീരൊപ്പിയാലും നമ്മളെക്കാളും കണ്ണീരൊപ്പാന്‍ കഴിയുന്ന സംഘടനയാണ് ആ വിഷയത്തില്‍ ക്രിസ്തീയ സംഘടനകള്‍. അവരത് ചെയ്യുന്നുമുണ്ട്. പുറമെ എത്രയോ സാംസ്‌കാരിക സഘടനകളുണ്ട്, സാമൂഹിക സേവകരുണ്ട് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാന്‍. ഗുജറാത്തില്‍ വലിയ ഭൂകമ്പം ഉണ്ടായി.
നദ്‌വത്തുല്‍ മുജാഹിദീന്‍ തീരുമാനിക്കുകയാണ് നമ്മള്‍ കുപ്പായമെന്നും കൊടുത്തയക്കുന്നില്ല എന്ന്, നമ്മള്‍ പൈസയൊന്നും കൊടുത്തയക്കുന്നില്ല, അരിയും വാങ്ങിക്കൊടുക്കുന്നില്ല, ഒന്നും ചെയ്യുന്നില്ല എന്ന് നമ്മള്‍ പറഞ്ഞാല്‍ ഗുജറാത്തിലെ ആളുകള്‍ പട്ടിണി കിടന്ന് മരിക്കുമോ? പിരാന്തുണ്ടോ നിങ്ങള്‍ക്ക്? അവര്‍ക്ക് വേറെ നൂറുകൂട്ടം ആളുകള്‍ പോയി ഭക്ഷണം കൊടുക്കും, വസ്ത്രം കൊടുക്കും, നമ്മള്‍ കുറേ മരുന്ന് വാങ്ങിക്കൊടുക്കേണ്ടയെന്ന് തീരുമാനിച്ചു. അതുകൊണ്ട് മരുന്ന് കിട്ടാതിരിക്കുമോ? ഇല്ല. നൂറുകൂട്ടം സംഘടനകള്‍ അവര്‍ക്ക് മരുന്നെത്തിച്ച് കൊടുക്കും. നമ്മളാരും അങ്ങോട്ടു പോകേണ്ടയെന്ന് പറഞ്ഞു, എന്നാല്‍ വേറെയെത്രയാളുകള്‍ അങ്ങോട്ട് പോകും. അപ്പോള്‍ നമ്മളില്ലെങ്കിലും റോഡുണ്ടാകും. നമ്മളില്ലെങ്കിലും പാലമുണ്ടാകും, നമ്മളില്ലെങ്കിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ആള്‍ക്കാരുണ്ടാകും, നമ്മളില്ലെങ്കിലും കണ്ണീരൊപ്പാനും മരുന്ന് വാങ്ങാനും റേഷന്‍ വാങ്ങിക്കൊടുക്കാനും സംഘടനകളണ്ടാകും നൂറുകൂട്ടം. പക്ഷേ ഈ സംഘടന ഇവിടെ എന്നില്ലാതെയാകുന്നുവോ അന്ന് എന്താണോ ഇവിടെ ഇല്ലാതാകുന്നത്, അതിനുവേണ്ടി ജീവിക്കുന്ന സംഘടനയാണ് നദ്‌വത്തുല്‍ മുജാഹിദീന്‍.'' (കെ സി നിഅ്മത്തുള്ള)
''മരുന്ന് വേണോ മരുന്ന് എന്ന് ചോദിച്ച് ഒരു പ്രവാചകനും വന്നിട്ടില്ല. മരം നടണോ മരം എന്നു ചോദിച്ചും പ്രവാചകന്‍ വന്നിട്ടില്ല. (കെ കെ സകരിയ) ''അല്‍ ഇസ്‌ലാഹിലൂടെ മസാലകള്‍ വിളമ്പിയിരുന്ന അബ്ദുസ്സലാം സുല്ലമി ഇപ്പോള്‍ വളരെ വൈകി മരം നടാനും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങിയത് തന്നെയാണ് ആദര്‍ശവ്യതിയാനത്തിന് തെളിവ്.'' (ഭിന്നിപ്പ് വാരിക 2003 ജനുവരി 24)
പ്രബോധന രംഗത്ത് പൊതുതാല്‍പര്യമേഖലയുടെ പാലം ഉപയോഗപ്പെടുത്താമെന്ന നിര്‍ദ്ദേശത്തെ മഹാപാതകമായി വിശേഷിപ്പിച്ച ഇതേ കൂട്ടര്‍ മരം നടീലിലെത്തിയപ്പോള്‍ ഒന്ന് കരണം മറിയാന്‍ നോക്കീ. എന്തിനെയും ആദര്‍ശവ്യതിയാനമാക്കാനുളള തത്രപ്പാടില്‍ സ്വന്തം വാമൊഴികളും വരമൊഴികളും പാടെ മറന്നു പോയി പലപ്പോഴുമിവര്‍. എ പി അബ്ദുല്‍ ഖാദര്‍ മൗലവി, മരം നടീലിലിനെ എതിര്‍ക്കാന്‍ പറയുന്ന ന്യായം ഇതിനുദാഹരണമാണ്.
''മരം വെച്ചുപിടിച്ചിട്ട് എത്രപേര്‍ മുജാഹിദിലേക്ക് ആകര്‍ഷിക്കപ്പെട്ടു? മരം വെച്ചുപിടിപ്പിക്കാന്‍ ഇവിടെ ഗവ.ഏജന്‍സികളുണ്ട്. നമ്മളെ സംബന്ധിച്ചേടത്തോളം നമ്മള്‍ എന്തൊരു സാമൂഹ്യസേവനം പ്രവര്‍ത്തിക്കുകയാണെങ്കിലും അതിനൊരു ലക്ഷ്യമുണ്ട്. എന്താണെന്ന് വെച്ചാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആകൃഷ്ടരായി ആള്‍ക്കാര്‍ ഇതുമായി അടുക്കാന്‍. അതുപോലെ നമ്മുടെ തൗഹീദ് ശ്രദ്ധിക്കാന്‍. നമ്മുടെ മരം വെച്ചുപിടിപ്പിക്കല്‍ എത്ര ആളുകളെ ആകര്‍ഷിച്ചു? നമ്മുടെ നാട്ടില്‍ എന്തൊരു സ്വാധീനമാണ് ചെലുത്തിയത്.'' (എ പി അബ്ദുല്‍ഖാദര്‍ മൗലവി)
മഹത്തായ ആദര്‍ശ പ്രസ്ഥാനത്തെ പിളര്‍ത്തി ശിഥിലമാക്കാന്‍ നാടൊട്ടുക്കും വിളിച്ച് കൂവി നടന്നിരുന്ന ഇത്തരം വാദങ്ങളും കസേരയും ഖജനാവും 'ഭദ്ര'മായപ്പോള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങി. സകല സാമൂഹ്യക്ഷേമ ജീവകാരുണ്യ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അപ്പോസ്തലന്‍മാര്‍ തങ്ങളാണെന്ന മട്ടിലാണിപ്പോള്‍ ഭിന്നിപ്പുകാര്‍.

രണ്ട് ചിന്താധാരകള്‍?

'മുജാഹിദ് പ്രസ്ഥാനത്തിനകത്തുള്ള രണ്ടു ചിന്താധാരകള്‍ തമ്മിലാണ് ഇതുവരെ ആശയ സമരം നടന്നിരുന്നത്' എന്നു തുടങ്ങുന്ന ഉദ്ധരണി (ശബാബ് 2002 ആഗസ്ത് 10)ആദര്‍ശവ്യതിയാനത്തിന്റെ തെളിവാക്കി തെറ്റിധരിപ്പിക്കാന്‍ അന്നും ഇന്നും ഭിന്നിപ്പുകാര്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. പ്രസ്ഥാനത്തില്‍ രണ്ട് ആദര്‍ശങ്ങള്‍ തമ്മില്‍ സംഘട്ടനത്തിലായിരുന്നെന്ന് ശബാബ് തന്നെ സമ്മതിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ഹീനശ്രമമാണിവര്‍ നടത്തുന്നത്. എന്നാല്‍ പ്രസ്ഥാനത്തിലെ പ്രശ്‌നങ്ങളുയര്‍ത്തിയ പുതിയ ചിന്താധാരകളെപ്പറ്റി പ്രസ്തുത വാചകത്തിന്റെ തൊട്ടുശേഷമായി വ്യക്തമാക്കുന്നുണ്ട്. ജീവിത വിശുദ്ധി, അധാര്‍മികതകള്‍ക്കും അനീതികള്‍ക്കുമെതിരിലുള്ള പോരാട്ടം, സാംസ്‌കാരിക ജീവിതത്തിന്റെ മൂല്യവത്കരണം തുടങ്ങിയവയെ അപ്രധാനമായി കാണുകയും ഇത്തരം പ്രവര്‍ത്തനങ്ങളെ ആദര്‍ശ വ്യതിയാനമെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ചാണ് ഇവിടെ ചിന്താധാര എന്നതുകൊണ്ടുദ്ദേശിച്ചതെന്ന് ഈ ഖണ്ഡിക വായിച്ചാല്‍ മനസ്സിലാക്കാം.
വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം, യതീംഖാന, സാമൂഹ്യക്ഷേമം തുടങ്ങിയവ നിര്‍ത്തിവെച്ച് കുറച്ചുകാലത്തേക്ക് തൗഹീദ് പ്രബോധനവുമായി മാത്രം മുന്നോട്ട് പോവണമെന്നാഹ്വാനം ചെയ്ത എ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ വാക്കുകള്‍ (ഭിന്നിപ്പുകാരുടെ രണ്ടാം പ്രബന്ധം, പേജ് 8) ഈ ചിന്താധാരയ്ക്ക് ഉദാഹരണമാണ്. 'ഒരു നബിയും മരുന്നുവേണോ എന്ന് ചോദിച്ച് വന്നിട്ടില്ല', 'സാമൂഹ്യക്ഷേമം ചെയ്യാനിവിടെ ക്രിസ്ത്യാനികളുണ്ട്' തുടങ്ങിയ ഗ്രൂപ്പ് യോഗങ്ങളില്‍ ഉടനീളം മുഴങ്ങിക്കേട്ടിരുന്ന പ്രഖ്യാപനങ്ങളും ഇതിനുദാഹണം തന്നെ. പ്രസ്ഥാനത്തില്‍ ആദര്‍ശ വ്യതിയാനമുണ്ടായിട്ടുണ്ടെന്നല്ല, അനാവശ്യമായി ആദര്‍ശ വ്യതിയാനം ആരോപിക്കുന്ന പുതിയ ചിന്താധാര വളര്‍ന്നുവരുന്നുവെന്നാണ് മേല്‍ ഉദ്ധരണി വ്യക്തമാക്കുന്നതെന്ന് സാരം.

ഖലീഫാ റബ്ബാന്‍

ഖത്തറിലെ സലഫി പ്രവര്‍ത്തകനായ ശൈഖ് മുഹമ്മദ് ഖലീഫാ റബ്ബാനെക്കുറിച്ച് കേട്ടറിവെങ്കിലുമില്ലാത്തവര്‍ ഇന്ന് കേരള മുജാഹിദുകള്‍ക്കിടയിലുണ്ടാവാനിടയില്ല. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ ശിഥിലമാക്കാന്‍  ഭിന്നിപ്പുകാര്‍  ഉന്നയിച്ചുകൊണ്ടിരുന്ന വ്യാജപ്രചാരണങ്ങളിലെ 'മുഖ്യകഥാപാത്ര'മായിരുന്നല്ലോ ഖലീഫാ റബ്ബാന്‍. അതുകൊണ്ടു തന്നെ ഇദ്ദേഹത്തെക്കുറിച്ച് പലരുടെയും അറിവ് സലഫികള്‍ക്ക് അനഭിമതനാണിദ്ദേഹമെന്നാണ്.
സലഫി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇഖ്‌വാനികള്‍ രൂപം നല്കിയ സംഘടനയാണ് സുറൂറിസമെന്നും ഹുസൈന്‍മടവൂരും സംഘവും ഈ സുറൂറിസത്തിലേക്ക്  മുജാഹിദ്  പ്രസ്ഥാനത്തെ നയിക്കുകയാണെന്നുമാണ് ഭിന്നിപ്പുകാര്‍ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. സുറൂറിസത്തിന്റെ ലോകനേതാവ് മുഹമ്മദ് സുറൂര്‍, മിഡില്‍ ഈസ്റ്റിലെ സുറൂറി ഏജന്റ് ഖത്തറിലെ ഖലീഫാറബ്ബാന്‍, റബ്ബാന്റെ ഇന്ത്യയിലെ ഏജന്റ് ഹുസൈന്‍ മടവൂര്‍, റബ്ബാന്‍ മടവൂര്‍ മുഖേന മര്‍കസുദ്ദഅ്‌വ വഴി സുറൂറിസം പ്രചരിപ്പിക്കുന്നു, അതിനാല്‍ മടവൂര്‍ സുറൂറിയാണ്, പ്രശ്‌നം ആദര്‍ശപരം തന്നെ! ഇങ്ങനെയായിരുന്നു ഭിന്നിപ്പ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നത്. ഈ ആരോപണം ഇവരുടെ നിരവധി പ്രസംഗ കാസറ്റുകളിലും ലേഖനങ്ങളിലും വന്നിട്ടുള്ളത് ഇസ്വ്‌ലാഹി കേരളം ഒരിക്കലും മറക്കില്ല.
''ഇങ്ങനെ ലോകത്തെങ്ങും നടക്കുന്ന സലഫി വിരുദ്ധ പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തിലും എത്തിത്തുടങ്ങി. ഇതിന്റെ ആസ്ഥാനമായി സമാന്തര സ്ഥാപനമായി മര്‍കസുദ്ദഅ്‌വ മാറിയിരിക്കുന്നു. സാമ്പത്തിക സഹായം നല്കിയത് ഖത്തറിലെ അറിയപ്പെടുന്ന 'ഖുതുബി' ആയ ശൈഖ് റബ്ബാന്‍. അതിനാല്‍ തന്നെ കെ പി എതിര്‍ത്തു.'' (സംഘടനാ പ്രശ്‌നങ്ങളുടെ തുടക്കത്തില്‍ അബ്ദുര്‍റഹ്മാന്‍ സലഫിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഫയലിലെ പ്രസംഗ നോട്ട്, പേജ് 5)
''മര്‍കസുദ്ദഅ്‌വ വ്യതിയാനത്തിന്റെ ആസ്ഥാനം. ഖത്തറിലെ അറിയപ്പെട്ട ഇഖ്‌വാനിയായ ഖലീഫാ റബ്ബാനില്‍ നിന്നാണ് മടവൂര്‍ മര്‍കസുദ്ദഅ്‌വയുടെ കെട്ടിട നിര്‍മാണത്തിന് കാര്യമായ സാമ്പത്തിക സഹായം സ്വീകരിച്ചത്. അത് യാദൃച്ഛികമായിരുന്നില്ലെന്നും കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ  ആദര്‍ശപ്രബോധനത്തില്‍  ക്രമേണ വ്യതിചലനങ്ങളുണ്ടാക്കാമെന്ന് റബ്ബാനും മടവൂരും കരാറിലെത്തിയിരുന്നു എന്നും സംശയിക്കുന്ന വിധത്തിലാണ് മര്‍കസുദ്ദഅ്‌വയുടെ ലേബലില്‍ പിന്നീട് നടന്ന പ്രവര്‍ത്തനങ്ങളെ നാം കാണുന്നത്.'' (ആദര്‍ശ വ്യതിയാനം കള്ളപ്രചാരണമോ, കെ കെ സകരിയ്യ, പേജ് 4)
''ഞങ്ങള്‍ സലഫികളാണ് എന്നു വാദിച്ചുകൊണ്ട് ഇഖ്‌വാന്റെയും ജമാഅത്തിന്റെയും ആശയങ്ങള്‍ പറഞ്ഞ് നടക്കുന്ന ഒരു വിഭാഗം. അവര്‍ ഇപ്പോള്‍ സുറൂറികള്‍ എന്നു വിളിക്കപ്പെടുന്നു. സുഊദി അറേബ്യക്കാരനായ മുഹമ്മദുബ്‌നു സുറൂറിലേക്ക് ചേര്‍ത്താണ് സുറൂറികള്‍ എന്ന പേര്‍ വന്നത്. ഇദ്ദേഹമിപ്പോള്‍ ലണ്ടനിലാണത്രെ..... ഗള്‍ഫ് നാടുകളിലെല്ലാം സുറൂറികളുണ്ട്. സുറൂറികള്‍ സുഊദി അറേബ്യയില്‍ പരസ്യമായി പുറത്തുവരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യു എ ഇയില്‍ സലഫികളില്‍ ഈ ഭിന്നിപ്പ് വന്നിട്ട് വര്‍ഷങ്ങളായി. ഖത്തറിലും സുറൂറികളുണ്ട്. ഇവരുമായാണ് മടവൂരികള്‍ ബന്ധപ്പെടുന്നത് എന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മര്‍കസുദ്ദഅ്‌വ ബില്‍ഡിംഗ് നിര്‍മാണത്തിന് ആദ്യം സാമ്പത്തിക സഹായം നല്കിയത് ഖത്തറുകാരനായ ഒരു സുറൂറിയാണ്.'' (വഴിപിരിഞ്ഞവര്‍, മുബാറക് തിരൂര്‍ക്കാട്, പേജ് 54)
ഖലീഫ റബ്ബാനെ അപകടകാരിയും സുറൂറിയുമാക്കി ചിത്രീകരിക്കുന്ന ഭിന്നിപ്പുകാരുടെ നിരവധി പ്രസംഗ കാസറ്റുകള്‍ ഇപ്പോഴും പ്രവര്‍ത്തകരുടെ കൈയിലുണ്ട്. ഐ എസ് എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ റബ്ബാനെ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞവര്‍, അബ്ദുറഹ്മാന്‍ സലഫി തൊട്ട് ഐദീദ് തങ്ങള്‍ വരെ അദ്ദേഹത്തിനു കീഴിലാണ് ജോലി ചെയ്തതെന്നതും കെ എന്‍ ഇബ്‌റാഹീം മൗലവി മുതല്‍ ഖത്തര്‍ സന്ദര്‍ശിച്ച മിക്ക ഭിന്നിപ്പു നേതാ  ക്കളും അബ്ദുര്‍റഹ്മാന്‍ സലഫിയും എല്ലാ വര്‍ഷവും ഖലീഫ റബ്ബാനില്‍ നിന്ന് പണം പറ്റിയിരുന്നതും മറച്ച് വെക്കാന്‍ ശ്രമിച്ചു.  കെ പി മരിച്ചപ്പോള്‍ എ പി സെക്രട്ടറിയായ വിവരവും സംഘടനാ  സംബന്ധമായ പല കാര്യങ്ങളും സൂചിപ്പിച്ച് സലഫി ശൈഖ് റബ്ബാന് കത്തെഴുതുകയും അതില്‍പോലും തിക്കോടിയിലേക്കുള ചില പ്രൊജക്ടുകള്‍ക്ക് സഹായമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. 27.12.2001ലും സലഫി റബ്ബാനില്‍നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയതിന് രേഖയുണ്ട്.
ഖലീഫ റബ്ബാന്‍ സുറൂറിയും അദ്ദേഹവുമായി ബന്ധപ്പെടുന്നതും അദ്ദേഹത്തിന്റെ സഹായം സ്വീകരിക്കുന്നതും സുറൂറി ഗൂഢാലോചനയുടെ ഭാഗമാണെന്നും മലയാളക്കരയില്‍ പ്രചരിപ്പിക്കുകയും അതേ സമയം തന്നെ ഖത്തറിലെത്തുമ്പോള്‍ റബ്ബാന്റെ മുന്നില്‍ ഓച്ഛാനിച്ച് നിന്ന് പണം വാങ്ങിപ്പോരുകയും ചെയ്യുന്ന വിരോധാഭാസം ഭിന്നിപ്പുകാരുടെ മുഖമുദ്രയായി മാറി. ഖലീഫാ റബ്ബാനെ പ്രശംസിച്ച് കവിത തയ്യാറാക്കി അദ്ദേഹത്തിന്റെയടുത്ത് പിരിവിന് പോയ പണ്ഡിതന്മാര്‍ പോലും ഭിന്നിപ്പുകാര്‍ക്കിടയിലുണ്ടായി.
ഏറ്റവും ഒടുവില്‍, സാക്ഷാല്‍ അബ്ദുര്‍റഹ്മാന്‍ സലഫി തന്നെ ഒരിക്കല്‍ കൂടി റബ്ബാന്റെ സന്നിധിയിലെത്തി. പരമവിനയത്തോടെ അദ്ദേഹം റബ്ബാന് സമര്‍പ്പിച്ച അപേക്ഷയില്‍ അഞ്ചുകോടിരൂപയാണ് ചോദിച്ചിട്ടുള്ളത്. എടവണ്ണ ജാമിഅ നദ്‌വിയ്യക്ക് കൊച്ചിയില്‍ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനാണ് പണം. കേവലം ഒരു ധനസഹായാഭ്യര്‍ഥന മാത്രമല്ല സലഫി റബ്ബാന് നല്കിയിട്ടുള്ളത്, കിഴക്കും പടിഞ്ഞാറുമുള്ള മുഴുവന്‍ ഭൂപ്രദേശത്തുമുള്ള മുസ്‌ലിംകള്‍ക്ക് വലിയ സേവനം ചെയ്യുന്ന ഖലീഫ റബ്ബാന്റെ സഹായങ്ങളെ അംഗീകരിച്ചും അവ പരലോകത്ത് നന്മയുടെ തുലാസില്‍ എത്തിക്കട്ടെ എന്ന് പ്രാര്‍ഥിച്ചും തുടങ്ങുന്ന കത്തില്‍ സ്വത്തും മക്കളും ഉപകാരപ്പെടാത്ത പരലോകത്ത് ജാമിഅക്ക് നല്കുന്ന സഹായം അദ്ദേഹത്തിന് ഉപകാരപ്പെടുമെന്നും ഉണര്‍ത്തുന്നുണ്ട്. മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ വ്യാജമായ ഒരു കാരണം കൂടിയുണ്ടാക്കുകയായിരുന്നു റബ്ബാന്‍ വിവാദത്തിലൂടെ ഭിന്നിപ്പുകാര്‍.

അമേരിക്കന്‍ ബന്ധം

തങ്ങള്‍ക്ക് അനഭിമതരായ ചില മുജാഹിദ് നേതാക്കള്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ അതിഥികളായി അമേരിക്ക സന്ദര്‍ശിച്ചതിനെയും ഭിന്നിപ്പുകാര്‍ ഐ എസ് എമ്മിനെതിരെയുളള ആയുധമാക്കി. ''ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാരെ വിലക്കെടുത്ത് ചില സാമ്രാജ്യത്വ ദുര്‍മോഹങ്ങള്‍ നേടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി, ഇന്ത്യയിലെ മുസ്‌ലിം മതവിദ്യാര്‍ഥികള്‍ക്കും മതാധ്യാപകര്‍ക്കും സൗജന്യ അമേരിക്കന്‍ പര്യടനത്തിന് വേദിയൊരുക്കുന്ന'' തായി അച്ചുനിരത്തിയും (ഭിന്നിപ്പ് വാരിക, 2004 ജനുവരി 30)  ''അമേരിക്കന്‍ കോണ്‍സുലേറ്റ് ഇസ്‌ലാമിനെതിരെ നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ അനാവരണം ചെയ്യുന്നതിന്''(ഭിന്നിപ്പ് വാരിക, 2004 ജനുവരി 2) സംസ്ഥാനതലത്തില്‍ സെമിനാര്‍ വരെ നടപ്പാക്കിയും  അവരതാഘോഷിച്ചു.  ''ഈ സന്ദര്‍ശനത്തില്‍ എന്തോ, എവിടെയോ ഒരു യാങ്കീ ബന്ധത്തിന്റെ പന്തികേട്'' (ഭിന്നിപ്പു വാരിക 2003 ഡിസംബര്‍ 26) ആരോപിച്ചു അവര്‍. അമേരിക്കയുടെ ക്രൂരകൃത്യങ്ങള്‍ മര്‍ക്കസുദ്ദ)അവയില്‍ നിന്നും ആസൂത്രണം ചെയ്യുന്നതാണെന്ന് തോന്നിപ്പിക്കുമാറ് കാഠിന്യം ആ വിമര്‍ശനങ്ങളിലും കുറ്റപ്പെടുത്തലുകളിലുമുണ്ടായിരുന്നു. പിന്നീട് കോഴിക്കോട് നടന്ന ഒരു സെമിനാറും തൃശൂരില്‍ നടന്ന ഒരു ഇഫ്ത്വാറും ഒക്കെ അമേരിക്കയുടെ പേര് പറഞ്ഞുളള്ള ഐ എസ് എം വിരുദ്ധ പ്രചരണങ്ങളില്‍ വിഷയീഭവിച്ചു.
അടിസ്ഥാന രഹിതമായിരുന്നു ഈ ആരോപണങ്ങളും. അതിന്റെ തെളിവാണ്, ആരോപിത നേതാക്കള്‍ അമേരിക്ക സന്ദര്‍ശിച്ച അതേ ചാനലില്‍ ഭിന്നിപ്പുകാര്‍ തങ്ങളുടെ വനിതാ നേതാവിനെ മഹ്‌റം പോലുമില്ലാതെ അമേരിക്കയിലേക്ക് യാത്രയാക്കിയത്. ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗമായിരുന്നു കോഴിക്കോട് വെച്ച് സെമിനാര്‍ നടത്തിയത്. അതിനും ഐ എസ് എമ്മുമായി ബന്ധമുണ്ടാക്കാന്‍ ഏറെ സാഹസപ്പെട്ടു ഇക്കൂട്ടര്‍. ഐ എസ് എമ്മിന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ഒരു സ്വതന്ത്ര പ്രസിദ്ധീക്കരണത്തിന്റെ പത്രാധിപ സമിതിയംഗമായിരുന്നു ഫാറൂഖ് കോളജ് സൊഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ എന്ന ബന്ധം ചമച്ചുണ്ടാക്കി ആ സെമിനാറിന്റെ ഉത്തരവാദിത്തം ഐ എസ് എമ്മിന്റെ തലയിലാക്കാന്‍ ശ്രമിച്ചു. തൃശൂരിലെ ഇഫ്ത്വാറില്‍ മറ്റുപലരെയും പോലെ ക്ഷണിക്കപ്പെട്ടതിന്റെ പേരിലാണ് മുജാഹിദുകളെ ഇവര്‍ പ്രതിസ്ഥാനത്താക്കി ചിത്രീകരിച്ചത്. അമേരിക്കന്‍ ക്രൂരതകള്‍ക്കെതിരെ കേരളത്തില്‍ പരസ്യമായി കുടുംബസമേതം രംഗത്തിറങ്ങിയവര്‍ക്കെതിരിലാണ് ഭിന്നിപ്പുകാര്‍ ഇല്ലാത്ത കാരണങ്ങള്‍ നിരത്തി അമേരിക്കന്‍ ബന്ധം ആരോപിച്ചത് എന്നതാണ് വലിയ വിരോധാഭാസം.

  മര്‍കസുദ്ദഅ്‌വയും വിവാദങ്ങളും

ഐ എസ് എം ആസ്ഥാനമായ കോഴിക്കോട് മര്‍ക്കസുദ്ദഅവയുമായി ബന്ധപ്പെട്ട് ഒട്ടേറെ കളവുകളും തെറ്റിധരിപ്പിക്കലും പ്രചരിപ്പിക്കാന്‍ ആരോപക കിണഞ്ഞ് ശ്രമിച്ചു. അതിലൊന്ന് നേരത്തെ പറഞ്ഞ ഖലീഫ റബ്ബാനുമായി ബന്ധപ്പെട്ടതായിരുന്നു. സലഫിയായ അദ്ദേഹത്തെ സുറൂറിയായി മുദ്രകുത്തിയ ആരോപകര്‍, അദ്ദേഹമാണ് മര്‍ക്കസുദ്ദഅവ നിര്‍മ്മിക്കാനാവശ്യമുളള പണം നല്‍കിയതെന്നു പ്രചരിപ്പിച്ചു. അതിന്റെ നിജസ്ഥിതി നാം പറഞ്ഞു കഴിഞ്ഞു. മര്‍കസുദ്ദഅവയുടെ രജിസ്റ്റ്രേഷനുമായി ബന്ധപ്പെട്ടാണ് മറ്റൊരാരോപണം. ഈ വിഷയത്തിലെത്തുമ്പോള്‍ മുകളില്‍ പറഞ്ഞ ആരോപണം കീഴ്‌മേല്‍ മറിയും. പാവപ്പെട്ട ഇസ്ലാഹി പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വേതനം സമാഹരിച്ച് നിര്‍മ്മിച്ച മര്‍ക്കസുദ്ദഅവ പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ ഫലമാണെന്നാണ് അപ്പോള്‍ പറയുക. എല്ലാവരെയും ഒന്നിപ്പിക്കാനുളള പൊതുസാംസ്‌കാരിക കേന്ദ്രമായി മര്‍ക്കസുദ്ദഅവയെ വിശേഷിപ്പിച്ചതും ഇവര്‍ ദുര്‍വ്യാഖ്യാനിച്ച് ദുഷ്പ്രചരണം നടത്തി. സത്യത്തില്‍, ആദര്‍ശം വിട്ടുവീഴ്ചയില്ലാതെ പ്രചരിപ്പിക്കുന്നതിന് വേണ്ടി സമാന മനസ്‌കരുടെയും സംഘടനകളുടെയും യോജിപ്പും ഐക്യവും മര്‍ക്കസുദ്ദഅവയും ഐ എസ് എമ്മും ആഗ്രഹിക്കുന്നുണ്ട് എന്ന വസ്തുതയാണ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്.
മര്‍ക്കസുദ്ദഅവ ഐ എസ് എമ്മിന്റെ പേരിലല്ലെന്നും സ്വകാര്യ ട്രസ്റ്റിന്റെ പേരിലാണെന്നും അതിന്റെ നിര്‍മ്മാണം കെ എന്‍ എം അറിയാതെയായിരുന്നുവെന്നും അതില്‍ പ്രതിഷേധിച്ച് കെ പി മുഹമ്മദ് മൗലവി മര്‍ക്കസുദ്ദഅവയുടെ ഉദ്ഘാടനം ബഹിഷ്‌കരിച്ചുവെന്നുമൊക്കെ ആരോപണമുയര്‍ന്നു.
തികച്ചും അടിസ്ഥാന രഹിതമായ ആരോപണമായിരുന്നു ഇത്. കെ എന്‍ എം സംസ്ഥാനകമ്മിറ്റി നേരിട്ട് സ്വത്ത് വാങ്ങി കൈകാര്യം ചെയ്യുന്നത് പോലെ അതിന്റെ കീഴ്ഘടകങ്ങള്‍ക്കും പോഷക ഘടകങ്ങള്‍ക്കും സ്ഥലം വാങ്ങാനും കെട്ടിടം നിര്‍മ്മിക്കാനും ഒരു കാലത്തും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുല്ല. മുന്‍കാലം തൊട്ടേ ഐ എസ് എം കമ്മിറ്റി സംഘടനയുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയും കെട്ടിട നിര്‍മ്മാണത്തിന് ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്.
മര്‍ക്കസുദ്ദഅവ ഉള്‍ക്കൊളള്ളുന്ന ഭൂമി ഒരാളുടെ പേരില്‍ നാല് ഷെയര്‍ എന്ന നിലക്ക് മുന്‍പ് ഉളളതായിരുന്നു. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക സൗകര്യം കണക്കിലെടുത്ത് ഈ നാലു ഷെയറില്‍ 2 ഷെയര്‍ ഐ എസ് എം സംസ്ഥാന കമ്മിയുടെ പേരിലും ബാക്കി രണ്ടെണ്ണം ഐ എസ് എം സംസ്ഥാന കമ്മിറ്റി രൂപം കൊടുത്തതും അന്നത്തെ സംസ്ഥാന ഭാരവാഹികള്‍ ഉള്‍ക്കൊളളുന്നതുമായ ഇസ്ലാമിക് ഗൈഡന്‍സ് ട്രസ്റ്റിന്റെ പേരിലുമാണ് വാങ്ങിയത്.
ട്രസ്റ്റ് രൂപീകരിച്ചതും അതിന്റെ പേരില്‍ ഒരു ഭാഗം സ്ഥലം വാങ്ങിയതും വിവാദമാക്കാന്‍ ഭിന്നിപ്പുകാര്‍ തുടക്കത്തില്‍ തന്നെ ശ്രമിക്കുകയും കെ പി മുഹമ്മദ് മൗലവിയെ ഇക്കാര്യത്തില്‍ തെറ്റിധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പിന്നീട് തെറ്റിധാരണ നീങ്ങി കാര്യങ്ങള്‍ ബോധ്യപ്പെടുകയും അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് വിവാദമൊഴിവാക്കാനായി ട്രസ്റ്റിന്റെ പേരിലുളള സ്ഥലം കൂടി ഐ എസ് എമ്മിന്റെ പേരില്‍ വഖ്ഫാക്കി രജിസ്റ്റര്‍ ചെയ്തുകൊടുക്കുകയും ചെയ്തു. 1997ല്‍ തന്നെ ഇപ്രകാരം മുഴുവന്‍ സ്വത്തും ഐ എസ് എമ്മിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ട്രസ്റ്റിന്റെ പേരില്‍ അതിനു ശേഷം യാതൊരു സ്വത്തും ഇല്ല. വഖ്ഫ് സ്വത്തുക്കള്‍ക്കുളള സുരക്ഷിതത്വവും വാടകനിയമത്തിലെ ആനുകൂല്യങ്ങളും സംഘടനക്ക് പ്രയോജനപ്രദമാണെന്ന വസ്തുത മറച്ച് വെച്ച് വീണ്ടും ഭിന്നിപ്പുകാര്‍ വഖ്ഫിന്റെ പേരില്‍ വിവാദം തുടങ്ങീയെങ്കിലും അത് വിലപോയില്ല. മര്‍ക്കസുദ്ദഅവയുടെ മുഴുവന്‍ സ്ഥലവും കെട്ടിടവും കൈകാര്യം ചെയ്യുന്നത് നാളിതുവരെ ഐ എസ് എം സംസ്ഥാന കമ്മിറ്റി മാത്രമാണ്. ഷോപ്പുകളിലെ വാടകക്കരാറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇന്നേവരെ വാടകക്കാര്‍ക്ക് ഐ എസ് എമ്മിന്റെ ക്യാഷ് റസിപ്റ്റ് മാത്രമാണ് നല്‍കിയിട്ടുളളത്. ഈ വാടക ഐ എസ് എമ്മിന്റെ കണക്കില്‍ ചേര്‍ക്കുകയും സംസ്ഥാന കമ്മിറ്റിയിലും കൗണ്‍സിലിലും ഈ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്ത് വരുന്നു. ട്രസ്റ്റിന് ഇതില്‍ യാതൊരു അധികാരവുമില്ല.
അക്കാലത്ത് തന്നെ സംഘടനയുടെ പല സ്ഥാപനങ്ങളും ട്രസ്റ്റിനു കീഴില്‍ തന്നെയായിരുന്നു. എടവണ്ണ ജാമിഅ മുതല്‍ പാവിട്ടപ്പുറം അസ്സബാഹ് കോളജ് വരെ ഉദാഹരണം. ഇവ രണ്ടിന്റെയും ചെയര്‍മാനാവട്ടെ എ പി അബ്ദുല്‍ ഖാദര്‍ മൗലവിയും. ഈ ട്രസ്റ്റുകളിലൊന്നും അപാകത കാണാത്തവരാണ് ഐ എസ് എമ്മിനെതിരെ ഇല്ലാത്തൊരു ട്രസ്റ്റിന്റെയും പേര് പറഞ്ഞ് ഉറഞ്ഞ് തുളളുന്നത്.
1994 ഡിസംബര്‍ ലക്കം അല്‍മനാര്‍ മാസികയില്‍ മര്‍ക്കസുദ്ദഅവയുടെ ഉദ്ഘാടന വാര്‍ത്ത വളരെ വിശദമായി വന്നിട്ടുണ്ട്. പി കെ അലി അബ്ദുറസാഖ് മദനി, കെ ഉമര്‍ മൗലവി, കെ എം സുലൈമാന്‍ സാഹിബ്, സയ്യിദ് മുഹമ്മദ് ശാക്കിര്‍ തുടങ്ങിയവര്‍ ആ പരിപാടിയില്‍ പങ്കെടുത്തതായും ആ വാര്‍ത്തയില്‍ പറയുന്നു. സംഘടന അറിയാതെയാണ് മര്‍ക്കസുദ്ദഅവ ഉദ്ഘാടനം ചെയ്തതെന്ന ആരോപണത്തിലെ കാപട്യം വിളിച്ചറിയിക്കുന്നു ഈ വാര്‍ത്ത.

വളണ്ടിയര്‍ കോര്‍

ഐ എസ് എമ്മിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഗുരുതരമായ ഒന്നാണ് വളണ്ടിയര്‍കോറുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ആരോപണം ഇങ്ങിനെ: ' എന്നാല്‍ സുറൂറികളുമായി ബന്ധമുളള വ്യതിയാനക്കാരും എന്‍ ഡി എഫില്‍ പോയി തിരിച്ച് പോന്നവരും ചേര്‍ന്നുണ്ടാക്കിയ വളണ്ടിയര്‍കോറിന്റെ പ്രവര്‍ത്തന രീതികളും ഘടനാപരമായ സവിശേഷതകളും പ്രതിജ്ഞയും എല്ലാം തന്നെ ഇഖ്‌വാനി കളില്‍ നിന്ന് പകര്‍ത്തിയതാണ്. ഇഖ്‌വാനികളുടെ മാര്‍ഗ്ഗം സ്വീകരിച്ചതിനാല്‍ സംഘടനാതലത്തില്‍ സംഭവിച്ച ഒരു വ്യതിയാനം തന്നെയാണ്'(ആരോപകരുടെ ഒന്നാം പ്രബന്ധം,പേജ്: 37)
അബദ്ധജഡിലമാണീ ആരോപണം. വളണ്ടിയര്‍കോറിന്റെ ചരിത്രവും അത് നിറവേറ്റിയ ദൌത്യവും അറിയുന്നവര്‍ ഈ ആരോപണമുന്നയിക്കില്ല. കേരളത്തിലെ ഉഗ്രവാദി സുന്നികളുടെ‘ഭീകരവും ആസൂത്രിതവുമായ നീക്കങ്ങള്‍ നമ്മുടെ ദഅവത്ത് പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും‘ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു പാലക്കാട് മുജാഹിദ് സമ്മേളനത്തിന്റെ നാളുകള്‍. ബാബരി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെറുപ്പക്കാരായ മുസ്ലിംകള്‍ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാവുന്ന ഒരവസ്ഥയും അക്കാലത്തുണ്ടായി. ആ പ്രവണതകള്‍ക്കെതിരെ ഐ എസ് എം ശക്തമായി നിലകൊണ്ടു എന്ന് മാത്രമല്ല, കേരളത്തിലെ മറ്റു യ്വജന പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാവാന്‍ ഐ എസ് എമ്മിനു കഴിഞ്ഞു. ഈ ദൌത്യത്തിന്റെ ഭാഗമായുണ്ടായ ഒരാശയമായിരുന്നു വളണ്ടിയര്‍കോര്‍. ഐ എസ് എം സംസ്ഥാന സമിതി ഈ ആശയം കെ എന്‍ എം ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് മൌലവി, എപി അബ്ദുല്‍ ഖാദര്‍ മൌലവി, കെ വി മൂസസുല്ലമി എന്നിവരോട് ആലോചിച്ചും ചര്‍ച്ച ചെയ്തുമാണ് ഇതിന്റെ രൂപീകരണവും ഘടനയും പ്രവര്‍ത്തനങ്ങളും തീരുമാനിച്ചത്. അതിന്റെ പ്രതിജ്ഞാ വാചകങ്ങള്‍ കെ പി വായിച്ച് അംഗീകരിച്ചതാണ്. ഇതിന്റെ പ്രഥമ യോഗത്തില്‍ എ പി യോഗത്തില്‍ എ പി അബ്ദുല്‍ ഖാദര്‍ മൌലവി പങ്കെടുക്കുകയും ക്ലാസെടുക്കുകയും ചെയ്തിട്ടുണ്ട്. കെ എന്‍ എം അറിയാത്ത ഒരു രഹസ്യ സ്വഭാവവും വളണ്ടിയര്‍കോറിന് ഒരിക്കലുമുണ്ടായിരുന്നില്ല. 1994ഒക്‌റ്റോബര്‍ 21ന് ചേര്‍ന്ന വളണ്ടിയര്‍കോറിന്റെ ആലോചനാ സമിതിയോഗത്തില്‍ പങ്കെടുത്ത് കൊണ്ട് എ പി അബ്ദുല്‍ ഖാദര്‍ മൌലവി പറഞ്ഞതിപ്രകാരമാണ്:” കെ എന്‍ എം വിഭവനം ചെയ്യുന്ന ഒരു പ്രതിരോധ നിര ഐ എസ് എമ്മിലൂടെ രംഗത്ത് വരണം. പ്രതിജ്ഞ എല്ലാവരെയും ചെയ്യിക്കണം. വിവരങ്ങള്‍ ഫ്‌ലാഷ് ചെയ്താല്‍ അതാത് ഗ്രൂപ്പില്‍ തന്നെ ഒതുങ്ങി നില്‍ക്കണം. പോകുന്നവരെ നിര്‍ബന്ധിച്ച് വീണ്ടും അടുപ്പിക്കേണ്ടതില്ല. ബൈഅത്തിന് ഗൌരവമുണ്ട്.അത് കൈ കൊടുത്ത് കൊണ്ടു തന്നെയാവാം”(മിനുട്‌സില്‍ നിന്ന്).
ഒട്ടേറെ ശ്ലാഘനീയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ചുരുങ്ങിയ കാലം കൊണ്ട് വളണ്ടിയര്‍ കോറിനു കഴിഞ്ഞു. എന്നാല്‍ ശത്രുക്കള്‍ വിവാദമാക്കിയതോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. അതിനിടെ, 15.06.99ന് വളണ്ടിയര്‍ കോര്‍ പുനക്രമീകരിച്ച് കൊണ്ട് കെ എന്‍ എം ഔദ്യോഗികമായി കീഴ്ഘടകങ്ങള്‍ക്ക് വിവരം നല്‍കി. മുജാഹിദ് സോഷ്യല്‍ സര്‍വ്വീസ് വിങ്ങ് എന്ന് അതിനെ പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി. സത്യത്തില്‍ യാതൊരു ഗൂഡോദ്ധ്യേശവും വളണ്ടിയര്‍കോറ് രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, നിരവധി സേവനങ്ങള്‍ ഇതിനു കാഴ്ചവെക്കാനുമായി.

നുണപറയല്‍ മത്സരം

വളണ്ടിയര്‍ കോറിനോടനുബന്ധമായി വ്യാപകമായി പ്രചരിപ്പിച്ച വലിയൊരാരോപണമായിരുന്നു നുണപറയല്‍ മത്സരം നടത്തിയെന്നത്. ആരും വിശ്വസിക്കാതിരിന്നിട്ടും പ്രചാരണത്തിനൊരു കുറവും വരുത്തിയില്ല. വലിയ പണ്ഡിതന്‍മാര്‍ പോലും ആരോപണം ഏറ്റെടുത്തു. ഇതിനു തെളിവായി മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനെന്ന് വിശേഷിപ്പിച്ച് ഒരു മൗലവിയെയും സമ്മാനമെന്ന് പരിചയപ്പെടുത്തി ഒരു സോപ്പുപെട്ടിയും എഴുന്നളളിച്ച് സ്വയം പരിഹാസ്യരാവുകയായിരുന്നു ഭിന്നിപ്പുകാര്‍.
ഒരു നുണപറയല്‍ മത്സരത്തിലെ സംസ്ഥാനതല ജേതാവാണ് താനെന്ന് ഒരാള്‍ പറഞ്ഞാല്‍ അയാളെ എങ്ങിനെ കാണണമെന്നു പോലും പിളര്‍പ്പിന്റെ ആവേശത്തിനിടയില്‍ ഭിന്നിപ്പുകാര്‍ മറന്നു. അത്തരമൊരു മനുഷ്യന്റെ വാക്കുകള്‍ മുജാഹിദുകള്‍ക്കെതിരെ പ്രമാണമാക്കുകയായിരുന്നു അവര്‍. ഐ എസ് എം നടത്തിയെന്ന് പറയുന്ന നുണപറയല്‍ മത്സരത്തിലെ ഒന്നാം സ്ഥാനം അര്‍ഹമായ ആ നുണ മാലോകരോട് തുറന്ന് പറയേണ്ടിവന്നതോടെ അതിലെ നിജസ്ഥിതി വെളിവായി. ഉടുമ്പും മത്സ്യവും പ്രാവും കുളക്കോഴിയുമൊക്കെ കഥാപാത്രങ്ങളായ നല്ലൊരു ഗുണപാഠകഥയായിരുന്നുവത്. കഥ പറഞ്ഞതിനാണ് തനിക്ക് സമ്മാനം കിട്ടിയതെന്ന് അയാള്‍ക്ക് പറയേണ്ടി വന്നു. എന്നിട്ടും ഈ ആരോപണം ഭിന്നിപ്പുകാര്‍ കൈവിട്ടില്ല. പ്രസംഗങ്ങളിലും ലേഖനങ്ങളിലും അല്ലാതെയും കഥകള്‍ എമ്പാടും വിളമ്പുമ്പോഴും ഒരു കഥയെ നുണ എന്ന് പേരിട്ട് മുജാഹിദുകളെ അടിക്കാന്‍ ശത്രുക്കള്‍ക്ക് വടി നല്‍കുകയായിരുന്നു അവര്‍.

ആശയസമന്വയം മാസിക

കലാസാംസ്‌കാരിക സാഹിത്യ രംഗത്ത് ഒരു സ്വതന്ത്ര പ്രസിദ്ധീകരണം എന്ന നിലക്ക് ആരംഭിച്ച ആശയ സമന്വയം മാസികയും വ്യതിയാനാരോപകര്‍ ഉയര്‍ത്തിപ്പിടിച്ചു. ആശ യ സമന്വയം ഒരിക്കലും ഐ എസ് എമ്മിന്റെ മുഖപത്രമായിരുന്നില്ല. ഐ എസ് എം സംഘടനാപരമായി നടത്തിയ ഒരു പ്രസിദ്ധീകരണവുമായിരുന്നില്ല.
ആദ്യകാലത്ത് അതിന്റെ ചില ലക്കങ്ങളില്‍ ചില സാഹിത്യകാരന്‍മാരുടെ കഥകള്‍ പ്രത്യക്ഷപ്പെട്ടത് ഐ എസ് എം ഗൗരവമായി കാണുകയും അത്തരം കഥകള്‍ ഒരു കാരണവശാലും പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചിട്ടില്ല. എന്നിട്ടും പഴയ ലക്കങ്ങള്‍ പരതിപ്പിടിച്ച്, തെരുത്തപ്പെട്ട ആ തെറ്റ് വീണ്ടും ആയിരക്കണക്കിനാളുകളെ കൊണ്ട് വായിപ്പിക്കുകയും അത് ഐ എസ് എം വിരുദ്ധ വികാരമാക്കി മാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു ഇക്കൂട്ടര്‍. ശബാബിന്റെയും ആശ്യസമന്വയത്തിന്റെയും വരിചേര്‍ക്കല്‍ ഇടക്ക് ഒന്നിച്ച് നടത്തിയെങ്കിലും അതും ഗുണകരമല്ലെന്ന് കണ്ട് അതുമുപേക്ഷിച്ചു.
ആശയ സമന്വയത്തിന് കെ എന്‍ എമ്മിന്റെ അനുമതി ഇല്ലായിരുന്നുവെന്ന പച്ചക്കളളവും പ്രചരിപ്പിച്ചു ഭിന്നിപ്പുകാര്‍: പുതിയ കര്‍മ്മ പരിപാടികള്‍ ആരംഭിക്കുമ്പോള്‍ അനുവാദം ചോദിക്കുന്നത് പോട്ടെ, അറിയിക്കുക പോലും ചെയ്യുന്നില്ല. ഉദാഹരണമായി ആശയസമന്വയം മാസികതന്നെ എടുക്കുക. മാതൃസംഘടനയുടെ അനുവാദം ചോദിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വസ്തുത(ആരോപകരുടെ പ്രബന്ധം: 1:40) കെ എന്‍ എമ്മിന്റെ 1999ലെ റിപ്പോര്‍ട്ട് ബുക്ക് ഈ ആരോപണത്തിന്റെ മുനയൊടിക്കുന്നു. പ്രസിദ്ധീകരണം നിര്‍ത്തിയിട്ട് പോലും ആശയ സമന്വയത്തിന്റെ ലക്കങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും അധികമാരും കാണാതെ പോയ അതിലെ തിരുത്തപ്പെട്ട തെറ്റുകള്‍ വീണ്ടും വീണ്ടും പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു ഭിന്നിപ്പുകാര്‍.

ഓര്‍ഫന്‍ കെയര്‍

മെഡിക്കല്‍ എയ്ഡ് സെന്റര്‍

ഐ എസ് എമ്മിന്റെ കര്‍മ്മപരിപാടികള്‍ കെ എന്‍ എമ്മിനു പാരയാണെന്നും കെ എന്‍ എമ്മിന്റെ അനുമതിയില്ലാതെ ആണ് നടപ്പാക്കുന്നതെന്നുമാണ് വലിയൊരാരോപണമായി ഉന്നയിക്കപ്പെട്ടിരുന്നത്. ആരോപകര്‍ പറയുന്നത് നോക്കൂ: കെ എന്‍ എം മൊത്തമായി ചെയ്യേണ്ട എല്ലാ പരിപാടികളും ഐ എസ് എം സ്വന്തമായും സമാന്തരമായും നടത്തിക്കൊണ്ടിരിക്കുന്നു. ഓര്‍ഫന്‍ കെയര്‍, മെഡിക്കല്‍ വിങ്ങ്, ഫാമിലിസെല്‍, ദഅവ വിങ്ങ് തുടങ്ങിയ എല്ലാ കാര്യങ്ങളും മാതൃസംഘടനയുടെ പ്രവര്‍ത്തനങ്ങളെ പാരവെക്കുന്ന വിധത്തിലും സമാന്തരമായിട്ടുമാണ് നീങ്ങുന്നത്.(ആരോപകരുടെ പ്രബന്ധം, 1:40)
ഇതും മറുപടി പോലുമര്‍ഹിക്കാത്ത ആരോപണമാണ്. ഐ എസ് എമ്മിന്റെ കൗണ്‍സിലുകളിലും എക്‌സിക്യുട്ടീവിലുമൊക്കെ കൃത്യമായും കെ എന്‍ എമ്മിന്റെ പ്രതിനിധികള്‍ സംബന്ധിക്കാറുണ്ട്.തീരുമാനങ്ങള്‍ അറിയിക്കുകയും അവയ്ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാതൃസംഘടന ഐ എസ് എമ്മിനു നല്‍കാറുമുണ്ട്. 1998, 99 വര്‍ഷത്തെ കെ എന്‍ എമ്മിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മരം നടീല്‍ വാരം(പേജ്:23),ദയ ഓര്‍ഫന്‍ കെയര്‍(പേജ്:23), എയ്ഡ്‌സ് വിരുദ്ധ വാരാചരണം(പേജ്:26), ആശയസമന്വയം മാസിക(പേജ്:27), ദഅവ വിങ്ങ്(പേജ്:27) തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നുണ്ട് എന്നത് തന്നെ ഈ ആരോപണം കളവാണെന്ന് തെളിയിക്കുന്നു. ദഅവത്ത് രംഗത്തെ പല പ്രവര്‍ത്തനങ്ങളും ദയ ഓര്‍ഫന്‍ കെയറുമൊകെ ഐ എസ് എമ്മാണ് ആദ്യം തുടങ്ങിയതെന്നതും പ്രസ്താവ്യമാണ്. നന്മകള്‍ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കനുമൊക്കെ രൂപീകരിക്കപ്പെട്ട സംഘടനയില്‍ നന്മകള്‍ പോലും വിമര്‍ശിക്കപ്പെട്ടത് വല്ലാത്ത ദുര്യോഗം തന്നെയായിരുന്നു.

ഇസ്‌ലാം വാള്യവും

അല്ലാഹുവിന്റെ സ്വിഫാത്തുകളും

ഐ എസ് എം പ്രസിദ്ധീകരിച്ച ഇസ്ലാം ഒന്നാം വാള്യത്തില്‍ വന്ന ഒരു പരാമര്‍ശമുയര്‍ത്തി, അല്ലാഹുവിന്റെ സ്വിഫാത്തുകളെ നിഷേധിക്കുന്നവരാണ് ഐ എസ് എമ്മെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ആരോപണം ഇങ്ങിനെ വായിക്കാം: റഫറന്‍സ് ഗ്രന്ഥമായി പരിചയപ്പെടുത്താറുളള ഇസ്ലാം വാള്യം ഒന്നില്‍ ഇപ്രകാരം കാണാം: എന്നാല്‍ പ്രപഞ്ചാതീതനയ ദൈവം പ്രപഞ്ചത്തിന് പുറത്ത് ഏഴാനാകാശത്തിനു മുകളില്‍ സിംഹാസനാരൂഢനായിരിക്കുന്ന സ്വേച്ഛാധിപതിയായ ഒരു ചക്രവര്‍ത്തിയാണെന്ന ധാരണ ഇസ്ലാം വളര്‍ത്തുന്നില്ല(ഇസ്ലാം വിശ്വാസ ദര്‍ശനം, പുറം 109, ദൈവം പ്രപഞ്ചം, മനുഷ്യന്‍) അല്ലാഹുവിന്റെ സ്വിഫാത്തുകളെ, ഒന്നല്ല പലതിനെയു ഒറ്റയടിക്ക്‌നിഷേധിച്ചിരിക്കുകയാണിതില്‍. സ്വിഫാത്തുകള്‍ നിഷേധിക്കുക എന്നത് അഹ്‌ലുസ്സുന്നത്തിന് സ്വീകാര്യമല്ല. മുഅ്ത്തസിലുകളുടെ പിഴച്ച വാദമാണത്. ഇതില്‍ നിഷേധിച്ചിരിക്കുന്ന സംഗതികളെല്ലാം വിശുദ്ധ ഖുര്‍ആനിലെയും തിരുസുന്നത്തിലെയും അസംഖ്യം വചനങ്ങളാല്‍ സ്ഥിരപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണുതാനും(ആരോപകരുടെ പ്രബന്ധം, 1:12)
അല്ലാഹുവിന്റെ സ്വിഫാത്തുകളെ നിഷേധിക്കാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച് ഖുര്‍ആനിലും സുന്നത്തിലും വന്ന കാര്യങ്ങള്‍ വിശദീകരണമോവ്യാഖ്യാനമോ കൂടാതെ അപ്പടി വിശ്വസിക്കുകയാണ് വേണ്ടതെന്നും ആണ് സലഫുകളുടെ നിലപാട് എന്ന് ഇതേ ഇസ്ലാം വിശ്വാസദര്‍ശനത്തില്‍ പേജ് 454ല്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ശബാബും ഇക്കാര്യം പലതവണ പത്തിപ്പിച്ചതാണ്. ഇവിടെ പരാമര്‍ശിച്ച തെറ്റായ വിവാദ ഭാഗം എഴുതിയത് എം എം അക്ബറും പരിശോധിച്ചത് എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുമായിരുന്നു.
എന്നിട്ടും ആരോപകര്‍ അവരെ പിടികൂടാതെ പ്രസിദ്ധീകരിച്ച ഐ എസ് എമ്മിനു നേരെ മാത്രം തിരിഞ്ഞത് ദുരുദ്ദേശപൂര്‍വ്വമായിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ മുജാഹിദുകള്‍ പ്രസ്തുത ആരോപണം തളളിക്കളഞ്ഞു. എങ്കിലും, ഇന്നും ഈ ആരോപണവുമായി ഊരുചുറ്റുന്നവരെ നമുക്ക് കാണാം.

ഹജ്ജ്‌സെല്ലും വ്യതിയാനവും

ഐ എസ് എമ്മിനെ പിരിച്ച് വിടാനുളള കാരണങ്ങളില്‍ രണ്ടാമത്തേതായി അന്നത്തെ കെ എന്‍ എം നേതൃത്വം എണ്ണിയ അപരാധമായിരുന്നു ഹജ്ജ് സെല്‍. കെ എന്‍ എമ്മിന് ഒരു ഹജ്ജ്‌സെല്ലുണ്ടായിരിക്കെ ഐ എസ് എം അതിനെ പാരവെക്കാനാണ് അല്‍മനാര്‍ ഹജ്ജ് സെല്ലിനെ സഹായിക്കുന്നതെന്നായിരുന്നു ആരോപണം. സത്യത്തില്‍ ഐ എസ് എം അന്ന് ഒരു ഹജ്ജ് സെല്‍ രൂപീകരിച്ചിട്ടുണ്ടായിരുന്നില്ല. മുജാഹിദ് പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന വിവിധ ഹജ്ജ് ഗ്രൂപ്പുകളുടെ പരസ്യം ശബാബില്‍ നല്‍കാറുളളത് പോലെ അല്‍മനാര്‍ ഹജ്ജ് സെല്ലിന്റെ പരസ്യവും പ്രസിദ്ധീകരിച്ചു. അതിന്റെ സംഘാടകരുടെ അപേക്ഷ പരിഗണിച്ച് മര്‍ക്കസുദ്ദഅവയുടെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ മുറി അനുവദിക്കുകയും ചെയ്തു. ഇതിന്റെ പേരിലായിരുന്നു ചിലര്‍ വലിയ പുകിലുകളുണ്ടാക്കിയത്.
സത്യത്തില്‍, പിളര്‍പ്പിനു ശേഷം തന്നെ ഭിന്നിപ്പുകാര്‍ക്കിടയില്‍ അര ഡസനിലേറെ ഹജ്ജ് ഗ്രൂപ്പുകളുണ്ടായി. ഔദ്യോഗികമാണെന്ന് തോന്നിപ്പിക്കുന്ന പേരുകളും മേല്‍വിലാസങ്ങളുമൊക്കെയാണവ്യില്‍ പലതിനും. ഉത്തരവാദപ്പെട്ട നേതാക്കളാണവയില്‍ മിക്കതിന്റെയും അമരക്കാര്‍. ഒരു യുവജനപ്രസ്ഥാനത്തിന്റെ തലവെട്ടാന്‍ മാത്രം അപരാധമായി അന്ന് ചിത്രീകരിച്ച ഇക്കാര്യം പിളര്‍പ്പിനു ശേഷം അപരാധമല്ലാതായി. കുറേ പേര്‍ക്ക് പ്രമാണബദ്ധമായി ഹജ്ജും ഉംറയും ചെയ്യാന്‍ സൗകര്യം ചെയ്ത് കൊടുത്തത് കുറ്റപത്രത്തിലുള്‍പ്പെടുത്തിയ സമാന സംഭവം ലോകത്ത് മറ്റെവിടെയുമുണ്ടായിട്ടുണ്ടാവില്ല.

ഫാമിലി സെല്ലും വ്യതിയാനം?

ഐ എസ് എമ്മിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ മെനഞ്ഞെടുത്ത അടുത്ത കാരണമായിരുന്നു ഫാമിലി സെല്‍. വിവാഹ ധൂര്‍ത്ത്, കുടുംബ കലഹങ്ങള്‍, വിവാഹമോചനങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ യുവാക്കളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഒരു യുവജനപ്രസ്ഥാനം എന്ന നിലക്ക് ഐ എസ് എം രൂപം കൊടുത്ത സംവിധാനമാണ് ഫാമിലി സെല്‍. കെ എന്‍ എമ്മിന്റെ ഒരു പ്രവര്‍ത്ഥനങ്ങളെയും ഇത് തടസ്സപ്പെടുത്തുകയോ നിസ്സാരമാക്കുകയോ ചെയ്തിട്ടില്ല. എത്രയോ കുടുംബങ്ങളും വ്യക്തികളും ഈ സംവിധാനത്തിന്റെ നന്മ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇടക്കാലത്ത് ഒരു രണ്ടാം കെട്ടുപ്രസ്ഥാനമായി തരം താഴ്ത്തിയ ബോര്‍ഡ് ഓഫ് ഇസ്ലാമിക് സര്‍വീസ് മിഷനറി ആന്റ് ഇന്‍ഫര്‍മേഷന്‍ എന്ന ദഅവ സംവിധാനത്തിനു പാരയായി ഫാമിലിസെല്ലിനെ ഭയപ്പെട്ടാണീ ദ്രോഹത്തിന് നേതൃത്വം മുതിര്‍ന്നത്. എന്നാല്‍, മഹത്തായ ദൗത്യ നിരവഹണത്തിലൂടെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുളളില്‍ ജനമനസ്സിലിടം നേടി ഇത് മുന്നോട്ടുപോവുന്നു. ഈ നന്മയെ പോലും വ്യതിയാനമായി കണ്ടവര്‍ തീര്‍ത്ത വിലങ്ങുകള്‍ പൊട്ടിച്ചെറിയാന്‍ ആ സ്വീകാര്യത തന്നെ ധാരാളം.

മരം നടീല്‍

ഐ എസ് എം വര്‍ഷം തോറും മഴക്കാലത്ത് സംഘടിപ്പിച്ച് വരുന്ന മരം നടിലിനെ ചൊല്ലി ചില്ലറ കോലാഹലമൊന്നുമല്ല ഭിന്നിപ്പുകാര്‍ അക്കാലത്തുണ്ടാക്കിയത്. എ പി അബ്ദുല്‍ ഖാദര്‍ മൗലവി, ഒരു പ്രബലമായ പ്രാവചക നിര്‍ദ്ദേശം പാലിക്കാന്‍ ഐ എസ് എം കാമ്പയിന്‍ നടത്തുന്നതില്‍ അരിശം പൂണ്ട് കാടുകയറിപ്പറഞ്ഞത് ഇതിനു പകരം കക്ഷത്തിലെ മുടി വടിക്കാന്‍ കാമ്പയിന്‍ സംഘടിപ്പിച്ചു കൂടെ എന്നാണ്. ഐ എസ് എമ്മുകാരെ നോക്കി നടുറോഡില്‍ വെച്ച് പോലും മരം എന്ന് വിളിക്കാന്‍ തുടങ്ങി. എന്തിന്, മരം മൂലം പ്രകൃതിക്ക് കിട്ടുന്ന സംരക്ഷണത്തെ കുറിച്ച് പ്രതിപാദിച്ച ശബാബിലെ ലേഖനം വാലും തലയും മുറിച്ച്, ഐ എസ് എമ്മുകാര്‍ മരത്തെ ആരാധിക്കുന്നവരാണെന്ന് ടി പിയും എ പിയുമൊക്കെ ചേര്‍ന്ന് അറബി ശൈഖുമാര്‍ക്ക് കത്തെഴുതി.
മരം നടീല്‍ പ്രവാചകന്‍ വളരെയധികം പ്രോത്സാഹിപ്പിച്ച , അന്ത്യദിനം വരെ പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദത്തം ചെയ്ത പുണ്യകര്‍മ്മമാണ്. മറ്റു ദഅവാ പ്രവര്‍തനങ്ങള്‍ക്ക് പ്രയാസം നേരിടാനിടയുളള മഴക്കാലത്തെ ചുരുങ്ങിയ ദിവസങ്ങളില്‍ ഐ എസ് എം ഒരുസാമൂഹ്യക്ഷേമ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം എന്ന നിലക്ക് മരം നടില്‍ വാരം തുടങ്ങി. അതാണ് വ്യതിയാനപ്പട്ടികയിലേക്ക് സ്ഥാനമാറ്റം നല്‍കപ്പെട്ടത്. ഒരു പുണ്യകര്‍മ്മത്തെ ഇഖ്‌വാനിസമായി ചിത്രീകരിച്ചതിന്റെ മാനദണ്ഡം അത് ചെയ്ത ആരോപകര്‍ക്ക് പോലും അജ്ഞാതമായിരുന്നു. സത്യത്തില്‍ മരം നടിലിലെ നന്മ അറിയാത്തവരായിരുന്നില്ല ആരോപക പക്ഷത്തുളളവര്‍. പക്ഷെ, ഐ എസ് എമ്മിനെ നിഷ്‌കാസനം ചെയ്യാന്‍ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ നിരത്തിയ ഒരു കുറ്റപത്രം തയ്യാറാക്കേണ്ടിയിരുന്നു. ആ നെറികേടിന്റെ ഭാഗമായിരുന്നു ഇതും. കുറ്റം പരതിയുളള്ള നെട്ടോട്ടത്തിനിടയില്‍ കിട്ടുന്നതെല്ലാം ആയുധമാക്കാനുളള ശ്രമമാണിതൊക്കെ ഏതായാലും, കാലം മുന്നോട്ട് പോയി. ഐ എസ് എമ്മും. ഇന്ന് മരം നടീല്‍ നടത്താന്‍ സകലരും മത്സരിക്കുന്നു. യാഥാസ്ഥിതികരും നവയാഥാസ്ഥിതികരും ആ മാര്‍ഗ്ഗം സ്വീകരിച്ചു കഴിഞ്ഞു.

അത്തൗഹീദ് മാസിക

പുണ്യകര്‍മ്മങ്ങളെ ആദര്‍ശ,നയ വ്യതിയാനങ്ങളാക്കി ചിത്രീകരിക്കുന്ന ഭിന്നിപ്പുകാരുടെ നെറികേടില്‍ അത്തൗഹീദ് മാസികയും ഇടം പിടിച്ചു. ജനങ്ങള്‍ക്ക് കൃത്യമായ ആദര്‍ശം പഠിപ്പിക്കാന്‍ ഇറക്കിയ ഈ പ്രസിദ്ധീകരണം ഇറക്കിയത് ഐ എസ് എമ്മിനെ പിരിച്ച് വിടാനുളള അന്നത്തെ കാരണപ്പട്ടികയിലുണ്ടായിരുന്നു.
ക്യൂ എല്‍ എസ് പഠിതാക്കളെ ഉദ്ദേശിച്ചാണ് അത്തൗഹീദ് മാസികക്ക് ഐ എസ് എം രൂപം നല്‍കുന്നത്. നിലവിലുണ്ടായിരുന്ന ഏതെങ്കിലും പ്രസിദ്ധീകരണങ്ങള്‍ക്ക് ബദലായിരുന്നില്ല അത്. ശബാബ്, അല്‍മനാര്‍, പുടവ തുടങ്ങിയ മുഖപത്രങ്ങള്‍ വായിക്കുകയോ കാണുകയോ പോലും ചെയ്യാത്ത ഒട്ടേറെ പേര്‍ ക്യു എല്‍ എസ് പഠിതാക്കളുടെ കൂട്ടത്തിലുണ്ട്. അത്തരക്കാരിലേക്ക് ദഅവത്തിന്റെ മാര്‍ഗ്ഗമായിട്ടാണ് അത്തൗഹീദിനു തുടക്കമിട്ടത്. കെ എന്‍ എമ്മിന്റെ പ്രതിനിധിയുടെ അറിവോടെ നടന്ന ഐ എസ് എം കൗണ്‍സിലിലും പ്രവര്‍ത്തകസമിതിയിലുമൊക്കെ ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഇത് പുറത്തിറക്കിയത്. എന്നാല്‍, അത്തൗഹീദിന്റെ കൂടി കാരണം പറഞ്ഞ് ഐ എസ് എമ്മിനെ പിരിച്ച് വിടുമ്പോള്‍, ആരോടും ചോദിക്കാതെ, ശബാബിനു ബദലെന്നോണം ഒരു പ്രസിദ്ധീകരണം പ്രസിദ്ധികരണം തുടങ്ങിയിരുന്നു. അതിന്റെ പിന്നില്‍ ആരോപകര്‍ക്ക് വേണ്ടപ്പെട്ട ചിലരായിരുന്നുവെന്നതിനാല്‍ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, ഐ എസ് എമ്മിനെ പിരിച്ച് വിട്ട തൊട്ടടുത്ത ദിവസം പ്രസ്തുത വാരിക അന്നതെ കെ എന്‍ എം നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് അടിസ്ഥാന ആദര്‍ശത്തെ പോലും കടപുഴക്കി മറ്റൊരു പ്രസിദ്ധീകരണം ഭിന്നിപ്പുകാര്‍ക്കിടയില്‍ പ്രസിദ്ധീക്കരിക്കപ്പെടുകയും അത്യുന്നത നേതാക്കള്‍ പോലും അതിന്റെ പിന്നണിയിലുണ്ടായിട്ടും ആര്‍ക്കെതിരിലും ഒരു നടപടിയുണ്ടാവുന്നുമില്ല.

ഫറോക്ക് സമ്മേളനം

ഐ എസ് എമ്മിനെതിരില്‍ നടപടിയെടുക്കാന്‍ ഭിന്നിപ്പുകാര്‍ നിരത്തിയ കാരണങ്ങളിലെ മറ്റൊരു നന്മയാണ് 2002 മെയ് 19ന് ഫറോക്കില്‍ നടത്തിയ പ്രതിധി സമ്മേളനം. കെ എന്‍ എമ്മുമായി കൂടിയാലോചിക്കാതെ, നേതാക്കളെ അറിയിക്കാതെയാണ് പ്രസ്തുത സമ്മേളനം എന്നായിരുന്നു ആരോപണം. കളവായിരുന്നു ഇത്. 
യഥാര്‍ത്ഥത്തില്‍ അതൊരു സംസ്ഥാന സമ്മേളനമായിരുന്നില്ല. ആ വേനലില്‍ കാലിക പ്രസക്തമായ ഒരു കാമ്പയിന്‍ നടത്തിയപ്പോള്‍ അതിന്റെ സമാപനമായി ഒരു പ്രതിനിധി സമ്മേളനം നടത്തുമെന്ന് കാമ്പയിന്റെ പ്രഥമ ആലോചനായോഗത്തില്‍ തന്നെ തീരുമാനിച്ചതാണ്. ഇക്കാര്യം തീരുമാനിച്ച കൗണ്‍സിലിലും പ്രവര്‍ത്തകസമിതിയിലും കെ എന്‍ എം പ്രതിനിധി പങ്കെടുത്തിട്ടുമുണ്ട്. പ്രതിനിധിസമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിക്കുന്ന വിവരം കെ എന്‍ എം ഭാരവാഹികളെ  മുന്‍കൂട്ടി അറിയിച്ചിരുന്നു. സമ്മേളനത്തിലേക്ക് പങ്കെടുക്കാന്‍ നേരിട്ട് അവരെ ക്ഷണിക്കുകയുമുണ്ടായിട്ടുണ്ട്. അല്ലാഹുവിന്റെ സഹായത്താല്‍ ആ സമ്മേളനം വന്‍വിജയമായി. ഐ എസ് എമ്മിനെതിരില്‍ ആയുധം തിരഞ്ഞ് നടക്കുന്നവര്‍ ഈ വസ്തുതകളെല്ലാം മറച്ചുവെച്ചു. സത്യമറിയാവുന്നവരാകട്ടെ, ദുഷ്ടലാക്കിനാല്‍ അന്ധത ബാധിച്ചവരുമായിരുന്നു.

ഭരണഘടനാ ഭേദഗതി

ഐ എസ് എമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ഭരണഘടനാ ഭേദഗതിയെന്ന ആരോപണവും ഭിന്നിപ്പുകാര്‍ ഉന്നയിച്ചു. അതിങ്ങിനെ വായിക്കാം: സുറൂരിസത്തിന്റെ സ്വാധീനഫലമായി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളും നയപരിപാടികളുമല്ല ശരി, ഇഖ്‌വാനികളുടെ ആശയാദര്‍ശങ്ങളും നയപരിപാടികളുമാണെന്ന് വിശ്വസിക്കുന്ന ചിലര്‍, യുവവിഭാഗത്തിന്റെ നേതൃത്വത്തില്‍ വന്നപ്പോള്‍ മാതൃസംഘടനയുടെ നിയന്ത്രണത്തില്‍ നിന്നും അതിനെ പൂര്‍ണ്ണമായും വേര്‍പെടുത്താനൂളള ഗൂഡശ്രമങ്ങള്‍ ആരംഭിച്ചു. അതിനുളള ഉദാഹരണമാണ് 1987 ആഗസ്റ്റ് 2ന് നടത്തിയ ഐ എസ് എം ഭരണ ഘടനാ ഭേദഗതി. പ്രസ്തുത ഭേദഗതിക്ക് മാതൃ സംഘടനയുടെ അംഗീകാരം തേടേണ്ടത് നിര്‍ബന്ധമായിരുന്നു. പക്ഷെ, അതുണ്ടായില്ല എന്ന് മാത്രമല്ല, അറിയിക്കുക പോലും ചെയ്തില്ല. കാരണം മനപ്പൂര്‍വം വരുത്താനുദ്ദേശിക്കുന്ന വ്യതിയാനത്തിന് മാതൃസംഘടന തടയിടും എന്നത് കൊണ്ട് തന്നെ!!!(ആരോപകരുടെ ഒന്നാം പ്രബന്ധം,പേജ് 38)
ശുദ്ധ അസംബന്ധമാണ് ഈ ആരോപണമെന്നത് വസ്തുതകള്‍ തെളിയിക്കുന്നു. 1968ലാണ് ഐ എസ് എമ്മിന്റെ പ്രഥമ ഭരണ ഘടന നിലവില്‍ വന്നത്.ഇതിനു ശേഷം 1979ല്‍ ഒരു ഭേദഗതി അതില്‍ വരുത്തിയ വിവരം മറച്ച് വെച്ചാണ് ആരോപകര്‍ ഇവിടെ തെറ്റിധരിപ്പിക്കുന്നത്. 1979 ഏപ്രില്‍ 14ന് ശനിയാഴ്ച കോഴിക്കോട് മുജാഹിദ് സെന്ററില്‍ ചേര്‍ന്ന ഐ എസ് എം കേന്ദ്ര കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് ഭരണ ഘടനാ പരിഷ്‌കരണം നടത്തിയിട്ടുളളത്. അതേ വര്‍ഷം മെയ് 24ന് ചേര്‍ന്ന കെ എന്‍ എം ആലോചനാ സഭ ഈ ഭേദഗതി അംഗീകരിച്ചിട്ടുമുണ്ട്. ഇക്കാര്യം സമര്‍ത്ഥമായി മറച്ച് പിടിച്ചാണ് ഐ എസ് എമ്മിനെതിരെ മേല്‍ ആരോപണം ഉന്നയിച്ചിട്ടുളളത്. ഇഖ്‌വാനി ജ്വരം ബാധിച്ചെന്ന് ആരോപിക്കപ്പെട്ട ആരും 1979ല്‍ ഐ എസ് എം കമ്മിറ്റിയിലില്ല. കേരള ജംഇയ്യത്തുല്‍ ഉലമയും കെ എന്‍ എമ്മും പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശങ്ങള്‍ ബഹുജനങ്ങളില്‍ പൊതുവെ യുവജനങ്ങളില്‍ പ്രത്യേകമായും പ്രചരിപ്പിക്കുക എന്ന പരാമര്‍ശം ഐ എസ് എം മനപ്പൂര്‍വ ഗൂഡോദ്ധേശങ്ങള്‍ക്കായി ഒഴിവാക്കിയെന്ന് ഇവരാരോപിച്ചു(പ്രബന്ധം 1:39). സത്യത്തില്‍ 1979ലെ ഭേദഗതിയിലാണത് ഭരണ ഘടനയില്‍ നിന്നൊഴിവായത്, അതിനുത്തരവാദിയാകട്ടെ അക്കാലത്തുളളവരും.
1968ലെ അടിസ്ഥാന ഭരണഘടനയില്‍, ഐ എസ് എമ്മിന് ഒരു ഉപദേശക സമിതി ഉണ്ടായിരിക്കണമെന്ന് ഉണ്ടായിരുന്നു. ഇതിനെ 1987ല്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു എന്നും ആരോപണമുയര്‍ന്നു(പ്രബന്ധം 1:39). പക്ഷെ അതും ഒഴിവാക്കിയത് 1979ലാണ്. കേരള നദ്‌വത്തുല്‍ മുജാഹിദീനും കേരള ജംഇയ്യത്തുല്‍ ഉലമയും തെരഞ്ഞെടുക്കുന്ന ഉപദേശക സമിതിയുണ്ടായിരിക്കും എന്ന 1979ലെ ഭരണ ഘടനയില്‍ ഉണ്ടായിരുന്ന പരാമര്‍ശത്തിലെ അവ്യക്തത നീക്കുകയാണ് 1987ല്‍ ചെയ്തത്, ഉപദേശക സമിതിക്ക് ഒരു വ്യവസ്ഥാപിത രൂപം നല്‍കി.
ഭരണ ഘടന ഭേദഗതിക്ക് കെ എന്‍ എമ്മിന്റെ അംഗീകാരം തേടേണ്ടതുണ്ടായിരുന്നുവെങ്കിലും 1987ല്‍ അതു ചെയ്തില്ലെന്നും പ്രബന്ധത്തില്‍ ഇവരാരോപിച്ചു. എന്നാല്‍, ഭരണ ഘടനാ ഭേദഗതി കെ എന്‍ എമ്മിന്റെ അംഗീകാരം ലഭിക്കേണ്ടതാണെന്ന 1968ലെ അടിസ്ഥാന ഭരണ ഘടനയിലെ പരാമര്‍ശം 1979ല്‍ ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ആ തീരുമാനത്തിന് 24.5.79ന് മുജാഹിദ് സെന്ററില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന ആലോചനാസഭ അംഗീകാരവും നല്‍കിയിട്ടുമുണ്ട്. ചുരുക്കത്തില്‍, മറ്റുവിഷയങ്ങളിലെ പോളെ തന്നെ വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഈ വിഷയത്തിലും ഇക്കൂട്ടര്‍ ഐ എസ് എമ്മിനെതിരെ തൊടുത്തുവിട്ടത്.

ഖര്‍ദാവിയുടെ ലേഖനവും ശബാബും

സംഘടനാ വൈവിധ്യം അഭിലഷണീയം, പക്ഷെ എന്ന തലക്കെട്ടില്‍ ഡോ യൂസുഫുല്‍ ഖര്‍ദാവിയുടെ ഒരു പ്രസംഗ പരിഭാഷ ശബാബില്‍ പ്രസിദ്ധീകരിച്ചതും ആരോപകര്‍ ആയുധമാക്കി. ഇഖ്‌വാനികള്‍ക്ക് ലോക്കാടിസ്ഥാനത്തില്‍ ബുദ്ധിപരമായ നേതൃത്വം നല്‍കുന്ന ഡോ. ഖര്‍ദാവി തൗഹീദിന്റെ ഖണ്ഡനമായും ഇഖ്‌വാനി ആദര്‍ശത്തിന്റെ കേന്ദ്രബിന്ദുവായ ഹാക്കിമിയത്തിന്റെ സംസ്ഥാപനാര്‍ത്ഥമായും പറഞ്ഞ ഗുരുതരമായ പ്രമാദം പ്രസിദ്ധീകരിക്കേണ്ട എന്ത് അനിവാര്യതയാണ് ശബാബിനുളളതെന്ന് ആരോപകര്‍ പ്രബന്ധത്തില്‍(1:10) ചോദിക്കുന്നു. യഥാര്‍ത്ഥ്ത്തില്‍ ഖര്‍ദാവിയുടെയും അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെയും ഒക്കെ ലേഖനങ്ങള്‍ അല്‍മനാറില്‍ തന്നെ പ്രസിദ്ധീകൃതമായിട്ടുണ്ട്.  ഖത്തര്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച മലയാളി സമ്മേളനത്തില്‍ ഖര്‍ദാവി ചെയ്ത ഒരു പ്രസംഗമാണ് ശബാബില്‍ വന്ന പരാമൃഷ്ട ലേഖനം. ഈ ലേഖനം പ്രമുഖ മുജാഹിദ് പണ്ഡിതനായ എം എം നദ്‌വിയാണ് പരിഭാഷപ്പെടുത്തിയതും ശബാബില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചതും. ലേഖനത്തില്‍ വന്ന ചില പരാമര്‍ശങ്ങളില്‍ അബദ്ധമുണ്ടായിരുന്നു. അത് പിന്നീട് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി തന്നെ തിരുത്തിക്കൊണ്ട് ലേഖനമെഴുതുകയുണ്ടായി. എന്നിട്ടും വളരെ നീചമായ രീതിയില്‍ ഇതൊരാരോപണമായി കൊണ്ടു നടന്നവര്‍ക്ക് പ്രസ്ഥാനത്തില്‍ ശൈഥില്യമുണ്ടാക്കുക എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഖര്‍ദാവിയെ കൊണ്ട് പ്രസംഗിപ്പിച്ച ഇസ്ലാഹി സെന്ററോ ആ പ്രസംഗം പരിഭാഷപ്പെടുത്തി ശബാബിനയച്ച് കൊടുത്ത നദ്‌വിയോ ഇഖ്‌വാനി ജ്വരം ബാധിച്ചവരാണെന്ന് അവര്‍ക്കാക്ഷേപമുണ്ടായിരുന്നില്ല. ഐ എസ് എമ്മും ശബാബും മാത്രമേ എല്ലാ വിവാദങ്ങളിലും പ്രതിക്കൂട്ടിലുണ്ടായിരുന്നുളളൂ.

ഉറക്കം കെടുത്തിയ ഒരു പുസ്തകം

ഭിന്നിപ്പുകാര്‍ നീല പുസ്തകമെന്ന് പ്രചരിപ്പിച്ച 180 പേജുളള പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ നവയാഥാസ്ഥിതിക പാളയത്തില്‍ ഉറക്കം കെടുത്തുന്നതായിരുന്നു. ഈ പുസ്തകത്തിന്റെ പ്രസാധനവുമായി ഐ എസ് എമിന് ഒരു ബന്ധവുമില്ലായിരുന്നു. എന്നല്‍ ഇതിന്റെ പ്രസാധനം ഐ എസ് എമ്മാണെന്ന് ആരോപിച്ച് അവര്‍ വലിയ പുകിലുകളുണ്ടാക്കാന്‍ ശ്രമിച്ചു.
എതായിരുന്നു ആ ബുക്കിനെ ഇവരിത്രയും പേടിക്കാന്‍ കാരണം. സംഘടനാ പിളര്‍പ്പിന് ഉറക്കൊഴിച്ച് കാത്തിരുന്നവരുടെ കപടമുഖം പിച്ചിച്ചീന്തുന്നതായിരുന്നു ആ പുസ്തകം. എ പി വിഭാഗമുന്നയിച്ച അന്യായമായ ആരോപണങ്ങളും അവക്കുളള മറുപടിയുമായിരുന്നു അതിന്റെ ഉളളടക്കം. അത് പുറത്തിറക്കിയത് ആരോപിത പക്ഷത്ത് നിന്നു തന്നെയാണെന്ന് അതു വായിക്കുന്നവര്‍ക്കറിയം. എന്നാല്‍ മര്‍ക്കസുദ്ദഅവയില്‍ നിന്നാണത് പ്രസിദ്ധീകരിച്ചതെന്നും ഐ എസ് എമ്മിന് അതിന്റെ പ്രസാധനത്തില്‍ പങ്കുണ്ടെന്നുമുളള ഭിന്നിപ്പുകാരുടെ ആരോപണം ഇതുവരെ തെളിയിക്കാനായിട്ടില്ല.
ഐ എസ് എമ്മിനെ തൂക്കിലേറ്റാന്‍ പഴുത് തേടി നടക്കുകയായിരുന്ന പിളര്‍പ്പന്മാരുടെ ഒരു ഉന്നത നേതാവ്, ഈ പുസ്തകത്തിന്റെ പിന്നില്‍ ഐ എസ് എമ്മുണ്ടെന്ന് നേതൃത്വത്തിന് പരാതി നല്‍കുന്നു. ആ പരാതി ഫയലില്‍ സ്വീകരിക്കേണ്ടതും അതേ പരാതിക്കാരന്‍ തന്നെയായിരുന്നു.  വിരോധാഭാസമെന്ന് പറയട്ടെ, ആ പരാതിയില്‍ അന്വേഷണക്കമ്മീഷനായതും അതേ പരാതിക്കാരന്‍. അവിടെ തീര്‍ന്നില്ല, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും വിധി പറഞ്ഞതും അതേ വിധി വിശദീകരിച്ചതുമൊക്കെ ഒരേ ആള്‍. ഈ കിട്ടുണ്ണിസര്‍ക്കസ്സിന്റെ ഇരയായിരുന്നു ഐ എസ് എം.
യഥാര്‍ത്ഥത്തില്‍ ആ പുസ്തകത്തിന്റെ പിന്നില്‍ ഒരു പശ്ചാത്തലമുണ്ടയിരുന്നു. പ്രസ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ ചേരിതിരിവിന്റെ പശ്ചാത്തലത്തില്‍, അല്‍പം വൈകിയാണെങ്കിലും ഐ എസ് എമ്മിന്റെ ആവശ്യപ്രകരം വിഷയം കെ ജെ യു ഏറ്റെടുത്തു. അതിന്റെ ഭാഗമായി ഇരുപക്ഷവും തങ്ങള്‍ക്ക് പറയാനുളളത് പ്രബന്ധമാക്കി ജംഇയ്യത്തിനു സമര്‍പ്പിച്ചു. ഭിന്നിപ്പുകാരുടെ പ്രബന്ധത്തിലുടനീളം അസത്യങ്ങളായ ആരോപണങ്ങളായിരുന്നു. അവ മുന്‍കൂട്ടി കണ്ട് പല കാര്യങ്ങള്‍ക്കുമുളള വിശദീകരണങ്ങളുമടങ്ങിയതായിരുന്നു മുജാഹിദ് പക്ഷത്തിന്റെ പ്രബന്ധം. തുടര്‍ന്ന് ഇരു പക്ഷവും ഓരോ ഖണ്ഡന പ്രബന്ധങ്ങള്‍ കൂടി തയ്യാറാക്കി സമര്‍പ്പിച്ചു.
എന്നാല്‍ നിരവധി ആരോപണങ്ങള്‍ അടങ്ങിയ ആദ്യ പ്രബന്ധം മാത്രം ഭിനിപ്പുകാര്‍ മഞ്ഞച്ചട്ടയുളള പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.പത്തു രൂപക്കും സൗജന്യമായും പ്രസ്തുത പുസ്തകം വ്യാപകമായി പ്രചരിപ്പിച്ചു. പണ്ഡിത സഭയുടെ പരിഗണനക്ക് കൊടുത്ത കുറേ ആരോപണങ്ങള്‍ ജനങ്ങളിലേക്ക് ഇറക്കിയത് വലിയൊരന്യായമായിരുന്നു. ഐ എസ് എമ്മിനെ തകര്‍ക്കാന്‍ പഴുതുകള്‍ക്ക് തക്കം പാര്‍ത്തിരിക്കുന്ന ഉന്നത നേതാക്കള്‍ക്ക് ഇതില്‍ യാതൊരപാകതയും തോന്നിയില്ല. എന്നാല്‍ ആരോപണം മാത്രം പ്രചരിക്കപ്പെട്ട സാഹചര്യത്തില്‍ അതിനുളള മറുപടി കൂടി ആളുകളിലേക്കെത്തണമെന്ന് ചില പ്രവര്‍ത്തകര്‍ കണക്കുകൂട്ടി. അതിന്റെ ഫലമായാണ് പ്രസ്തുത പുസ്തകം പുറത്തിറങ്ങുന്നത്. ആരോപകരുടെ പ്രബന്ധത്തെ ഖണ്ഡിക്കുന്ന മുജാഹിദ് പക്ഷത്തിന്റെ പ്രബന്ധവും കൂടി ചേര്‍ത്താണിതിന്റെ ഉളളടക്കം ക്രമീകരിച്ചത്. പുസ്തകം വ്യാപകമായി പ്രചരിച്ചതോടെ ഭിന്നിപ്പ് പാളയത്തിനുളളില്‍ അസ്വസ്ഥതയേറി. തങ്ങളുടെ കപടമുഖം പ്രത്യക്ഷമായതില്‍ അവര്‍ പ്രകോപിതരായി. അതാണ് ഇതിനെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ച ഘടകം.
കെ എന്‍ എമ്മിന്റെ തെരഞ്ഞെടുപ്പിന് എറണാംകുളത്ത് നിന്നും ഗുണ്ടകളെ ഇറക്കിയെന്ന സത്യം പരാമര്‍ശിച്ചതാണ് ഈ പുസ്തകം വലിയ അപകടകാരിയായി മുദ്രകുത്താന്‍ പ്രധാന കാരണം. അതിപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞല്ലോ. മുജാഹിദ് ബാലുശേരിയും സക്കരിയ സ്വലാഹിയും അത്  സത്യമാണെന്നതിന് സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. ഈ പുസ്തകത്തിന്റെ പേരില്‍ വാളൂരുമ്പോഴും സില്‍സില്‍ ബൗല്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാറോലകള്‍ നിന്ദ്യമായ ശൈലിയില്‍ പുറത്തിറങ്ങി. പക്ഷെ, അവക്കെതിരില്‍ വല്ല നടപടിയെ പറ്റി ഒന്നാലോചിക്കുക കൂടി ചെയ്തില്ല നേതൃത്വം. അതിനു കാരണം, അബ്ദുറഹ്മാന്‍ സലഫിക്കും കൂട്ടര്‍ക്കുമറിയാം ആ വാറോലകളുടെ പിന്നാമ്പുറത്ത് സ്വന്തക്കാരാണെന്ന്. ഉമര്‍ മൗലവിക്കെതിരെ അതിനീചമായ ഒരു വാറോല ഇറക്കുകയും അതിന്റെ പിതൃത്വം ഐ എസ് എമ്മിനു നേരെ ആരോപിക്കുകയും ചെയ്ത ഭിന്നിപ്പുകാര്‍ അ പുസ്തകത്തിന്റെ ഉറവിടം അന്വേഷണ വിധേയമാക്കണമെന്ന മുജാഹിദുകളുടെ നിരന്തര ആവശ്യം നിഷ്‌കരുണം തളളിയത് ഇതിനാലാണ്.
180 പേജുകളുളള, പരാമൃഷ്ട പുസ്തകത്തില്‍ കെ ജെ യു നിര്‍വാഹക സമിതി എടുത്ത തീരുമാനങ്ങളെ എതിര്‍ക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. യഥാര്‍ത്ഥത്തില്‍ കെ ജെ യു തീരുമാനമെടുക്കുന്ന നാളുകളില്‍ ഈ പുസ്തകം പ്രവര്‍ത്തകരുടെ കൈകളിലെത്തിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ആരോപണം മുജാഹിദുകള്‍ക്കിടയില്‍ വിലപോയില്ല.  പുസ്തകത്തില്‍ കെ എന്‍ എം നേതാക്കളെ കുറിച്ച് നീചമായ പരാമര്‍ശങ്ങളുണ്ടെന്ന് പ്രചരിപ്പിച്ച ഭിന്നിപ്പുകാര്‍, പക്ഷെ ആ  പരാമര്‍ശങ്ങളില്‍ സത്യമുണ്ടോ എന്നന്വേഷിക്കാനുളള ആവശ്യവും നിരാകരിച്ചു. അത്തരമൊരന്വേഷണം തങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല എന്നറിയാവുന്നവരായിരുന്നു ഭിന്നിപ്പുകാര്‍.
ഈ പുസ്തകത്തെ പറ്റി ഐ എസ് എം കെ എന്‍ എമ്മിന് അന്ന നല്‍കിയ കത്തിലെ പരാമര്‍ശം ഇപ്രകാരം: ആദര്‍ശ വ്യതിയാനാരോപണം രൂക്ഷമായ സന്ദര്‍ഭത്തില്‍ കെ എന്‍ എം കോ ഓര്‍ഡിനേഷന്‍ വകുപ്പ് വിളിച്ച് കൂട്ടിയ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഐ എസ് എമ്മാണ്. തദടിസ്ഥാനത്തിലാണല്ലോ ഇരുവിഭാഗങ്ങളും പ്രബന്ധമവതരിപ്പിച്ചതും തുടര്‍ന്ന് കെ ജെ യു പ്രവര്‍ത്തക സമിതി തീരുമാനമെടുത്തതും. എന്നാല്‍ ഐ എസ് എം ആവശ്യപ്പെട്ട ഈ നിര്‍ദ്ദേശം പൂര്‍ത്തിയായ ശേഷം തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് വീണ്ടും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തുമെന്നാണ് ഞങ്ങള്‍ കരുതിയത്. ഈ ആവശ്യം ഞങ്ങള്‍ പലതവണ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അത്തരമൊരു കൂടിയാലോചന ഉണ്ടായിട്ടില്ല. ഈ അവസരം ചിലര്‍ ദുരുപയോഗപ്പെടുത്തുകയും നിങ്ങളുടെ കത്തില്‍ വിശദീകരിച്ച 180 പേജുളള പുസ്തകം ഇറക്കുകയും ചെയ്തു. ഈ പുസ്തകവുമായി ഐ എസ് എമ്മിന് യാതൊരു ബന്ധവുമില്ല. അത്തരമൊരു പുസ്തകം അച്ചടിക്കാന്‍ ഐ എസ് എം ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. പ്രസ്ഥാനത്തിലുണ്ടായ അഭിപ്രായഭിന്നതയും ചേരിതിരിവും നിരവധി ചെറുതും വലുതുമായ നോട്ടീസുകളും ലഘ്കൃതികളും കാസറ്റുകളും ഇറങ്ങുന്നതിന് ഇടയായി എന്ന വസ്തുത നിഷേധിക്കാനാവില്ല. സംഘടനയിലെ ദൗര്‍ഭാഗ്യകരമായ അഭിപ്രായ വത്യാസങ്ങള്‍ കാരണം ഇരുപക്ഷത്ത് നിന്നും പുറത്ത് വന്ന, 180 പേജുളള ഈ പുസ്തകമടക്കം എല്ലാ പ്രസിദ്ധീകരണങ്ങളും വാറോലകളും അപലപിക്കപ്പെടേണ്ടത് തന്നെയാണ് എന്നാണ് ഐ എസ് എമിന്റെ അഭിപ്രായം.
ഐ എസ് എമ്മിനെ പിരിച്ചു വിട്ടേ അടങ്ങൂ എന്ന് തീരുമാനിച്ചവര്‍ക്ക് മുന്നില്‍, പക്ഷെ ഒരു തീരുമാനവും അസ്വീകാര്യമായിരുന്നുവെന്നതാണ് സത്യം.

ഐ എസ് എം രജിസ്‌ട്രേഷന്‍

പിളര്‍പ്പിനു ശേഷം ഐ എസ് എമ്മിനെതിരില്‍ ഏറേ പ്രയോഗിക്കപ്പെട്ട ഒരായുധമാണിത്. ഐ എസ് എം രജിസ്റ്റര്‍ ചെയതത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ അതിന്റെ പ്രസക്തി പത്ത് വര്‍ഷം കൊണ്ട് പകല്‍വെളിച്ചം പോലെ തെളിഞ്ഞ് വന്നിട്ടുണ്ട്. ഐ എസ് എമ്മിന്റെ കഴുത്തറക്കാന്‍ ശ്രമിച്ചവരുടെ ഉളളിലിരിപ്പെന്തായിരുന്നെന്നും അവര്‍ പിന്നീടെത്തിപ്പെട്ട വ്യതിയാനത്തിന്റെ ആഴവുമൊക്കെ  വര്‍ത്തമാന വിവാദങ്ങള്‍ നമുക്കു മുന്നില്‍ തുറന്ന് കാണിക്കുന്നു. ഐ എസ് എമ്മിന്റെ അക്കാലത്തെ നേതാക്കളുടെ ദീര്‍ഘദൃഷ്ടിക്ക് മനം നിറഞ്ഞ നന്ദി പറയുകയാണ് ആദര്‍ശ സ്‌നേഹികളിന്ന്.
മഹത്തായ ഇസ്വ്‌ലാഹിപ്രസ്ഥാനത്തിന്റെ മേല്‍വിലാസവും ഇതിന്റെ പാകപ്പെടുത്തപ്പെട്ട ഭൂമികയും അന്ധവിശ്വാസപ്രചരണത്തിനും ഇറക്കുമതി മന്‍ഹജിന്റെ കൃഷിക്കും ഉപയോഗപ്പെടുത്താനുളള ഗൂഡാലോചനയെ യഥാസമയം തിരിച്ചറിഞ്ഞ് പരിഹാരം കാണുകയായിരുന്നു ആ നേതാക്കള്‍. യഥാര്‍ത്ഥത്തില്‍ അന്ന് അന്യായമായി ഐ എസ് എമ്മിനെ പിരിച്ച് വിട്ട് കൊണ്ട് ആദര്‍ശ സ്‌നേഹികളെ സംഘടനയുടെ പടിക്ക് പുറത്ത് നിര്‍ത്താനുളള വഴിയൊരുക്കുമ്പോള്‍ അവരില്‍ നിന്ന് ഐ എസ് എമ്മിനെ രക്ഷിച്ചെടുത്തിട്ടില്ലായിരുന്നെങ്കില്‍, ആദര്‍ശ അട്ടിമറിയെ പ്രതിരോധിക്കാനും ഇസ്ലാഹി പ്രസ്ഥാനം പ്രമാണബദ്ധമായി പുലര്‍ത്തിപ്പോന്ന ആദര്‍ശം യഥോചിതം സംരക്ഷിക്കപ്പെടാനും മറ്റെന്ത് മാര്‍ഗ്ഗമാണുണ്ടാവുക!
പോഷക സംഘടന രജിസ്റ്റര്‍ ചെയ്യുകയോ, കെ എന്‍ എം അറിയാതെ രജിസ്റ്റര്‍ ചെയ്യുകയോ തുടങ്ങിയ ചോദ്യങ്ങള്‍ വലിയ വായില്‍ ഉയര്‍ത്തിവിട്ട് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ നോക്കിയ ആരോപകര്‍ രജിസ്റ്റ്രേഷനോട് കൂടി ഐ എസ് എമ്മിന്റെ പാരമ്പര്യം നഷ്ടമായെന്നും പ്രചരിപ്പിച്ചു.
യഥാര്‍ത്ഥത്തില്‍ ഐ എസ് എമ്മിനെ സംബന്ധിച്ചിടത്തോളം ഒരു രക്ഷാ കവചമായിരുന്നു ആ രജിസ്റ്റ്രേഷന്‍. തികച്ചും അന്യായമായ കാരണങ്ങള്‍ നിരത്തി ഐ എസ് എമ്മിന്റെ നിഞ്ചു പിളര്‍ക്കാന്‍ ഗൂഡ തന്ത്രം മെനയുന്നവരില്‍ നിന്നുമൊരു രക്ഷാകവചം. ഐ എസ് എം എന്നും കെ എന്‍ എമ്മിന്റെ പോഷക ഘടകമായേ പ്രവര്‍ത്തിച്ചിട്ടുളളു. രജിസ്റ്റ്രേഷനുണ്ടെന്നതിനര്‍ത്ഥം അത് വേറിട്ട് പോയെന്നല്ല.
എന്നാല്‍ അക്കാലത്ത് ഐ എസ് എമ്മിനെ തകര്‍ക്കാന്‍ കാത്തുനിന്നിരുന്നവര്‍ക്ക് തണലേകിയിരുന്നവര്‍ കെ എന്‍ എമ്മിന്റെ അന്നത്തെ നേതൃത്വമായിരുന്നുവെന്നതിനാല്‍ രക്ഷാകവചമെന്ന നിലക്ക് സ്വീകരിച്ച  രജിസ്റ്റ്രേഷന്‍ സ്വാഭാവികമായും അവരെ അറിയിക്കേണ്ടതായിരുന്നില്ല. ഒരിക്കലും ധിക്കാരം കാണിക്കാനായിരുന്നില്ല ആ നടപടി. ഐ എസ് എമ്മിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന പി പി ഖാലിദിനെ തികച്ചും അന്യായമയി പുറത്താക്കുമ്പോഴും ഐ എസ് എമ്മിന് രജിസ്റ്റ്രേഷനുണ്ടായിരുന്നു. പക്ഷെ, എന്നിട്ടും ആ അന്യായമായ നടപടിയോട് വിധേയത്വം കാണിക്കുകയാണ് ഐ എസ് എം നേതൃത്വം ചെയ്തത്. എന്നാല്‍, അകാരണമായി, ഗൂഡാലോചനയുടെ ഭാഗമെന്നോണം 2002 ആഗസ്റ്റ് 12ന് ഐ എസ് എമ്മിന്റെ നെഞ്ച് പിളര്‍ത്താമെന്ന വ്യാമോഹവുമായി അധികാരം ദുര്‍വിനിയോഗം ചെയ്ത് അന്നത്തെ കെ എന്‍ എം നേതൃത്വം ഈ യുവജന പ്രസ്ഥാനത്തിനു നേരെ നിറയൊഴിച്ചു. പക്ഷെ, നടപടി ചീറ്റിപ്പോയത് കുതന്ത്രക്കാര്‍ക്ക് ഇരുട്ടടിയായി. ആ ജാള്യതയിലാണ് അതു സംബന്ധിച്ച ആരോപണങ്ങള്‍ തകൃതിയായത്. അന്യായമായി വെച്ച വെടി ഇരക്ക് കൊളളാതിരുന്നപ്പോള്‍ , ഇര രക്ഷാകവചം ധരിച്ചത് തന്നോട് ചോദിക്കാതെയാണെന്നും അതിനാല്‍ ഇര കുറ്റക്കാരനാണെന്നും പറയുന്ന വേട്ടക്കാരന്റെ പരിഹാസ്യതയിലേക്ക് അവര്‍ കൂപ്പുകുത്തി. കുതന്ത്രങ്ങള്‍ പ്രയോഗിക്കുമ്പോള്‍ പ്രതിരോധിക്കാനുളള ഒരു സംവിധാനമെന്ന നിലക്ക് രജിസ്റ്റ്രേഷന്‍ വിവരം പരസ്യമായത് വലിയൊരു കുതന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയായിരുന്നല്ലോ. വെടിവെക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന വേട്ടക്കാരനോട് അനുമതി വാങ്ങിയിട്ടല്ലല്ലോ ഇര രക്ഷാമാര്‍ഗ്ഗം സ്വീകരിക്കേണ്ടത്. കെ എന്‍ എമ്മിന്റെ അനുമതി വാങ്ങിയിട്ടല്ല എന്ന ആരോപണത്തിന്റെ നിജാവസ്ഥ ഇതാണ്.
ഐ എസ് എമ്മിനെ നിഷ്‌കാസനം ചെയ്യാന്‍ ഭിന്നിപ്പുകാര്‍ ഉയര്‍ത്തിയ ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമായിരുന്നെന്ന് മുകളില്‍ വളരെ വ്യക്തമായി നാം കണ്ടു. അതുകൊണ്ട് തന്നെയാണ് ഇവരുടെ ഗൂഡോദ്ദേശത്തെ പരാജയപ്പെടുത്താന്‍ ഐ എസ് എം കമ്മിറ്റി തീരുമാനിച്ച് അതനുസരിച്ച് രജിസ്റ്റര്‍ ചെയ്തത്. അത് ഭരണഘടനാപരമായി പോലും അക്കാര്യം കെ എന്‍ എം നേതൃത്വത്തെ അറിയിക്കേണ്ടതില്ലെന്ന് മുകളില്‍ നാം വിശദീകരിച്ചു.
ഒരു സംഘടന രജിസ്റ്റര്‍ ചെയ്താല്‍ അതുവരെയുളള അതിന്റെ പ്രായം നഷ്ടപ്പെടുമെന്ന കണ്ടെത്തല്‍ ഭിന്നിപ്പുകാര്‍ ഐ എസ് എമ്മിന്റെ കാര്യത്തില്‍ മാത്രമേ പ്രയോഗിക്കൂ. കാരണം ആ മാനദണ്ഡമനുസരിച്ച് കെ എന്‍ എം 1957 മുതലും കെ ജെ യു 1934 മുതലുമാണല്ലോ പ്രായം കണക്കാക്കേണ്ടത്. ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സഘടനയായ കെ എന്‍ എമ്മും കെ എന്‍ എമ്മിന്റെ പോഷകസംഘടനയായ എം ജി എമ്മും രജിസ്റ്റര്‍ ചെയ്തപ്പോഴുണ്ടാവാത്ത എന്ത് മഹാപാപമണ് ഐ എസ് എമ്മിന്റെ രജിസ്റ്റ്രേഷനിലുളളത്. അതെ അതും പൊയ്‌വെടി മാത്രം. ഇനി ഐ എസ് എം രജിസ്റ്റര്‍ ചെയ്യാനുണ്ടായ സാഹചര്യം നമുക്ക് നോക്കാം.
1999 മുതലാണ് സംഘടനയില്‍ ഐ എസ് എമ്മിനെ ലക്ഷ്യമാക്കിയുള്ള ഗൂഡ നീക്കങ്ങള്‍ ആരംഭിച്ചത്. 1999 മെയ് 13ന് പുളിക്കല്‍ ജാമിഅയില്‍ നടന്ന പ്രഥമ ഗ്രൂപ്പ് യോഗത്തില്‍ വെച്ച് തന്നെ ചിലര്‍ ഐ എസ് എമ്മിന്റെ അന്ത്യം ആഗ്രഹിച്ച് ഇടപെട്ടിരുന്നു. പക്ഷെ, അന്നൊന്നും ആ ആരോപകര്‍ സംഘടനാരംഗത്ത് ആരുമായിരുന്നില്ല. അതുകൊണ്ട് തന്നെ അര്‍ഹിക്കുന്ന അവഗണന ആ ആരോപകര്‍ക്ക് നേരെ പുലര്‍ത്തി. ആരോപകര്‍ ക്രമേണ ശക്തിയാര്‍ജ്ജിച്ച് വന്നു. നേതൃത്വത്തിന്റെ ശക്തമായ പിന്തുണ കൂടി ഇവര്‍ക്ക് ലഭ്യമായിത്തുടങ്ങി. 2000 ഏപ്രില്‍ 30 ന് മാധ്യസ്ഥന്മാരുടെ സഹായത്തോടെ ആരോപകരില്‍ പ്രമുഖന്‍ മാനേജ്‌മെന്റ് ക്വാട്ട വഴി കെ എന്‍ എമ്മിന്റെ അദ്യോഗിക ഭാരവാഹിയായി.
മറ്റു പല ആരോപകരും അപ്പോഴേക്കും സംഘടനയില്‍ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. 2000 ആഗസ്റ്റ് 30ന് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ ഇവര്‍ വിളിച്ച് ചേര്‍ത്ത സംസ്ഥാന മുസ്ലിം യുവജന കണ്‍വെന്‍ഷനില്‍ ഒരു പുതിയ സംഘടന രൂപീകരിക്കാനും തീരുമാനിച്ചു. ഇസ്ലാഹി പ്രസ്ഥാനത്തിന് ഒരു യുവജന സംഘടന ഉണ്ടായിരിക്കെമറ്റൊരു യുവജന കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തതും അവിടെ വെച്ച് മറ്റൊരു യുവജന സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചതും ഇക്കാര്യങ്ങള്‍ പത്രവാര്‍ത്തയായിട്ടും നേതൃത്വം അനങ്ങിയില്ല എന്ന് മാത്രമല്ല, അതിന് ആവശ്യമയ എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നു.
എന്‍ കെ ത്വാഹ അധ്യക്ഷം വഹിച്ച ആ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് ഡോ അബൂബക്കര്‍ കടവത്തൂര്‍ ആയിരുന്നു. അബ്ദുറഹ്മാന്‍ സലഫി, കെ കെ സകരിയ, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവരൊക്കെയായിരുന്നു പ്രാസംഗികര്‍.
ഈ കണ്‍വെന്‍ഷനില്‍ വെച്ച് തീരുമാനിച്ച ആ യുവജന സംഘടനക്ക് പിന്നീട് ടി പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തില്‍ ഫാറൂഖ് ഹോസ്പിറ്റലില്‍ വെച്ച് രൂപം കാണുകയും ചെയ്തു. (അതനുസരിച്ചുളള കമ്മിറ്റിയാണ് ഐ എസ് എമ്മിനെ പിരിച്ച് വിട്ടപ്പോള്‍ ഇവര്‍ അഡ്‌ഹോക്ക് കമ്മിറ്റി ആയി പ്രഖ്യാപിച്ചത്)
ഐ എസ് എമ്മിനെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെ ഔദ്യോഗിക തണല്‍ കൂടുതല്‍ കൂടുതല്‍ മറ നീക്കി പുറത്ത് വന്നുകൊണ്ടിരുന്നു. അതിനിടെയാണ് 2000 സെപറ്റംബര്‍ 26 തിയത് വെച്ച് കുവൈറ്റിലെ ജംഇയ്യത്തു ഇഹ്‌യാഉത്തുറാസില്‍ ഇസ്ലാമിയ്യ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ താരീഖ് സാമീ സുല്‍ത്താന്‍ അല്‍ ഈസയുടെ പേരില്‍ മധ്യസ്ഥ സമിതി ചെയര്‍മാന്‍ വി കെ മൊയ്തുഹാജി, ടി പി അബ്ദുല്ലക്കോയ മദനി എന്നിവര്‍ക്ക് ഒരു കത്ത് ലഭിക്കുന്നത്. ഇതില്‍, മര്‍ക്കസുദ്ദഅവ ഔദ്യോഗികമായി നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറിയേറ്റിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഈ നിര്‍ദ്ദേശമുള്‍പ്പെടെ ഈ കത്തിലെ ഓരോ വരികളും ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഘടനാപരമായ കാര്യങ്ങളില്‍ ഒരു വിദേശ സംഘടന കാണിക്കേണ്ടതില്ലാത്ത അമിതമായ താല്‍പര്യം ഈ വരികളില്‍ പ്രകടമായിരുന്നു. ഈ വിദേശ സംഘടനയില്‍ സ്വാധീനമുളള വ്യക്തി തന്നെയാണ് കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിലെ ഭിന്നിപ്പ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എന്നതിനാല്‍ ഈ കത്തിന്റെ പ്രചോദനവും ഉദ്ദേശവും ലക്ഷ്യവും നേതാക്കള്‍ക്ക് മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുളളൂ.
ഇങ്ങിനെ പ്രശ്‌നത്തിന്റെ പോക്ക് തികച്ചും വളഞ്ഞ വഴിക്കാണെന്ന് മനസ്സിലാക്കിയ ഐ എസ് എം നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആദര്‍ശ പ്രബോധനത്തിനായി പൂര്‍വ്വികര്‍ വിയര്‍പ്പൊഴുക്കി സാധിച്ചെടുത്ത ഈ സംവിധാനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യക്കാരുടെ കുതന്ത്രങ്ങളില്‍ നിന്ന് മോചിപ്പിക്കാനുളള മുന്നൊരുക്കങ്ങളെ കുറിച്ചുളള ചിന്തയും ചര്‍ച്ചയും രൂപമെടുത്തു. അങ്ങിനെയാണ് 33 വര്‍ഷമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഐ എസ് എം 2000ഒക്‌റ്റോബര്‍ 18ന് രജിസ്റ്റര്‍ ചെയ്തത്. ഇതൊരിക്കലും സംഘടനയെ സ്വന്തമാക്കലായിരുന്നില്ല. കുതന്ത്രങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കലായിരുന്നു. ഐ എസ് എം രജിസ്റ്റര്‍ ചെയ്തപ്പോഴത്തെ ഒരു ഭാരവാഹിയും ഇപ്പോല്‍ ഐ എസ് എമ്മിലില്ല. 40 വയസു കഴിഞ്ഞാല്‍ ആര്‍ക്കും പിന്നീടിതില്‍ സ്ഥാനവുമില്ല. അതുകൊണ്ട് തന്നെ ഐ എസ് എമ്മിനെ സ്വന്തമാക്കാന്‍ രജിസ്റ്റര്‍ ചെയ്തുവെന്ന ആരോപണം പച്ചക്കളളമാണ്. ഒരു പോഷക സംഘടന രജിസ്റ്റര്‍ ചെയ്തു എന്ന് വെച്ച് അതിന്റെ മാതൃസംഘടനയുമായുളള ബന്ധം മുറിഞ്ഞ് പോവുന്നുമില്ല.

സമാപനം

ചുരുക്കത്തില്‍, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഭിന്നിപ്പുകാര്‍ തുല്യതയില്ലാത്ത നെറികേടുകളാണ് ചെയ്തുകൂട്ടിയത്. ഇല്ലാത്ത ആരോപണങ്ങള്‍ സമര്‍ത്ഥമായി അവതരിപ്പിച്ച്, കേരളത്തിലെ മഹത്തായ ഇസ്ലാഹി പ്രസ്ഥാനത്തില്‍ ശൈഥില്യമുണ്ടാക്കാന്‍ പണിയെടുത്ത പലരുമിന്ന് അതിന്റെ തിക്തഫലം അനുഭവിക്കുകയാണ്. ആദര്‍ശബദ്ധമായി അനുസരണയോടെയും ആര്‍ജ്ജവത്തോടെയും കേരളത്തിലെ ഇസ്ലാഹി മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നിരുന്ന യുവജനപ്രസ്ഥാനത്തെ അറുത്തുമാറ്റിയും നിഷ്‌കളങ്കരും സാത്ത്വികരായ നിരവധി പണ്ഡിതരെയും പ്രവര്‍ത്തകരെയും പടിക്ക് പുറത്ത് നിര്‍ത്തിയും സ്വന്തമാക്കിയെടുത്ത ഒരു കഷ്ണവുമായി മനസ്സമാധാനത്തോടെ മുന്നോട്ട് പോവാന്‍ ആ പിളര്‍പ്പന്മാര്‍ക്ക് കഴിഞ്ഞില്ല.
ആദര്‍ശ സ്‌നേഹികളൊഴിഞ്ഞ ആ പാലയത്തില്‍ സ്വാഭാവികമായും ഒട്ടേറെ ആദര്‍ശ അട്ടിമറികള്‍ നടന്നു. അന്യനു നേരെ അന്യായമായി ആദര്‍ശവ്യതിയാനവും അധര്‍മ്മവും ആരോപിച്ചാല്‍ അവ ആരോപകനിലേക്ക് മടങ്ങിയെത്തുമെന്ന പ്രവാചക വചനം യാഥാര്‍ത്ഥ്യമായിക്കൊണ്ട് ഐ എസ് എമ്മിനും മുജാഹിദ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാജമായി ആരോപിച്ച ഓരോ ആദര്‍ശവ്യതിയാനങ്ങളും അധര്‍മ്മങ്ങളും പതിന്‍മടങ്ങ് ശക്തിയില്‍ ഭിനിപ്പ് പാള്യത്തില്‍ അരങ്ങേറുകയാണിപ്പോള്‍. കൃത്യമായ ശിര്‍ക്ക് പോലും കടന്നുവന്നു എന്ന് പരസ്യമായി വിലപിക്കുന്നിടത്ത് കാര്യങ്ങളെത്തി.
ഐ എസ് എമ്മിനെ പിരിച്ച് വിട്ട് അന്ന് ഭിന്നിപ്പ് നേതൃത്വം പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും നല്‍കിയ അഭിമുഖത്തില്‍, തങ്ങളിപ്പോള്‍ പകരംപ്രതിഷ്ഠിച്ചിരിക്കുന്ന അഡ്‌ഹോക്ക് ഐ എസ് എം ഒരിക്കലും അനുസരണക്കേട് കാണിക്കില്ലെന്ന് വീമ്പ് പറഞ്ഞിരുന്നു. പക്ഷെ, ഐ എസ് എമ്മിനു നേരെ അന്യായമായി അനുസരണക്കേട് ആരോപിച്ചവര്‍ ഇന്ന് ആ അഡ്‌ഹോക്കിന്റെ പിന്‍മുറക്കാരും വിദ്യാര്‍ത്ഥി വിഭാഗവും കൈകോര്‍ത്ത് തങ്ങള്‍ക്ക് നേരെ തിരിയുന്നത് ദയനീയമായി സാക്ഷികളാവുകയാണ്.

1 comments:

moidu said...

ഐ എസ് എമ്മിനെ പിരിച്ചു വിടുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അതിനുള്ള അണിയറ നീക്കങ്ങള്‍ നടന്നിരുന്നതിനു ഒരു സാക്ഷിയാണ് ഞാന്‍, 1999 മാര്‍ച്ചില്‍ ജിദ്ദ ഇസ്ലാഹി സെന്റര് വെള്ളിയാഴ്ച ക്ലാസ് പ്രഭാഷണം നടത്തിയത് ദമ്മാമില്‍ നിന്ന് വന്ന ഒരു സകരിയന്റെ ബെന്ധുവായിരുന്നു, ആരോപണങ്ങളുടെ ചാട്ടുളിക്ക് തുടക്കം ദമ്മാമില്‍ നിന്നായിരുന്നുവല്ലോ, തൊട്ടു മുമ്പ് ദമ്മാമില്‍ ജോലി ചെയ്തിരുന്ന ഞങ്ങളുടെ നാട്ടുകാരന്‍ കപ്പില്‍ ഷൌക്കത്ത് ജിദ്ദയിലേക്ക് സ്ഥലം മാറി വന്ന സമയവും ആയിരുന്നു അത്, അതുകൊണ്ട് തന്നെ ഷൌകത്ത് മായി ഈ ആരോപണങ്ങളില്‍ ഒക്കെ തര്‍ക്കിക്കേണ്ടി വന്നിരുന്നതുകൊണ്ട് അദ്ദേഹം ക്ലാസ്സിനു ശേഷം ഈ ഉസ്താദിനേയും കൂട്ടി ഞങ്ങളുടെ (നാട്ടുകാരാണ് എല്ലാവരും റൂമില്‍ ) റൂമിലേക്ക്‌ വന്നു എന്നിട്ട് മുജാഹിദുകലായ എന്നെയും മറ്റൊരു സുഹ്രത്ത് കുറുക്കന്‍ അബ്ദുല്‍ രൗഫിനെയും വിളിച്ചു പറഞ്ഞു നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ കൊടുന്നതാണ് എന്ന്, അപ്പോള്‍ ഞങ്ങളുടെ റൂമില്‍ മുജാഹിദുകലായ പതിനെട്ടോളം യുവാക്കള്‍ അദ്ദേഹവുമായി സംവധിച്ചു, അറിയുന്ന കാര്യങ്ങളെക്കുറിച്ച് ഒക്കെ കുറിച്ച് ചോദിച്ചു, അതിനൊക്കെ അദ്ധേഹത്തിന്റെ അടുത്ത് ഒറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളൂ " നിങ്ങള്‍ കാത്തിരിക്കുക, ഇവരെ പുറത്താക്കും", ഞങ്ങള്‍ മുസ്ലിങ്ങള്‍ മിണ്ടാതിരിക്കാന്‍ പറ്റുമോ, സ്വന്തം സഹോദരനെപ്പറ്റി അവന്റെ അസാനിധ്യത്തില്‍ ആരോപണം നടത്താനോ കുറ്റം പറയണോ പറ്റുമോ, തെറ്റുണ്ടെങ്കില്‍ എന്തിനു കാത്തു നില്‍ക്കുന്നു എന്നിത്യാദി കാര്യങ്ങള്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും അദ്ധേഹത്തിന്റെ ഉത്തരം അത് തന്നെ, ഞാനും രൗഫുമൊക്കെ ഈ ഭാഗത്ത് നില്‍ക്കാന്‍ കാരണം ഒരു കണക്കില്‍ പറഞ്ഞാല്‍ ചെറുപ്പം തൊട്ടേ കേട്ടുപടിച്ച നീതി ബോധവും അതിനനുസരിച്ച് നേത്രത്വം ഉയര്‍ന്നില്ല എന്നാ ചിന്തകൊണ്ടുമായിരുന്നു, അതിലേറെ പ്രാര്‍ഥനയോടെ സത്യത്തിന്റെ കൂടെ നില്‍ക്കാന്‍ തൗഫീഖ് നല്‍കണേ എന്നുള്ളത്; അതിന്റെ നേര്‍ക്കാഴ്ചയാണ്‌ വൈകാതെ ജിന്നും സിഹൃം പിടിവിട്ടു അവരുടെ ആദര്‍ഷത്ത്തിലേക്ക് കയറിപ്പറ്റിയത് ( അതുമുതല്‍ സമാധാനം കിട്ടിയത് വാസ്തവത്തില്‍ എന്നെപ്പോലുല്ലവര്‍ക്കായിരുന്നു, കാരണം അതുവരെയും കേട്ടിരുന്ന വാക്കായിരുന്നു ആദര്‍ശ വെതിയാനം, ഒറിജിനല്‍ വെതിയാനം വന്നപ്പോള്‍ പിന്നെ ആ പറച്ചില്‍ അവര്‍ക്ക് തന്നെ ഒരു ചൊറിച്ചിലായി ) ... മുകളില്‍ സൂചിപ്പിച്ച ആ സംഭവത്തില്‍ പങ്കെടുത്തവരധികവും ഇപ്പോഴും ജിദ്ദയിലുണ്ട്. moidu velliyanchery / Jeddah 0564151425 (1999 March )

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes