അസീസ് മൗലവീ.....മാപ്പ്

                                  അസീസ് മൗലവീ.....മാപ്പ് !!

മങ്കടയിലെ ഒരു ക്ഷേത്രത്തില്‍ പുനരുദ്ധാരണത്തിന് ശേഷം ആദ്യമായി ഉടച്ചത് മങ്കട അബ്ദുല്‍ അസീസ് മൗലവി നല്‍കിയ തേങ്ങയാണെന്ന് ഒരിക്കല്‍ മനോരമ ശ്രീയില്‍ പ്രസിദ്ധീകരിച്ചു. ശ്രീയിലെ ലേഖകന്റെ കേവലം ഭാവനാവിലാസമായിരുന്നുവത്. തങ്ങളോടൊപ്പം നില്‍ക്കാത്തവരിലെ വ്യതിയാനങ്ങള്‍ മണം പിടിച്ച് നടക്കുന്ന എ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ അനുയായികള്‍ക്ക് ഇതൊരു ചാകരയായിരുന്നു. നാടൊട്ടുക്കും മിന്‍ബറുകളില്‍ പോലും അവരത് ആഘോഷിച്ചു തിമര്‍ത്തു.
അസീസ് മൗലവി ഈ വിഷയത്തില്‍ നേരിട്ട് വിശദീകരണം നല്‍കി. മങ്കടയിലെ വിഖ്യാതമായ ഹിന്ദു മുസ്ലിം മൈത്രിയെ പറ്റിയും മുസ്ലിംകള്‍ക്ക് പള്ളി നിര്‍മ്മിച്ചു നല്‍കിയ കോവിലകത്തെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രത്തില്‍ ഉടക്കാന്‍ താന്‍ തേങ്ങ നല്‍കിയിട്ടില്ലെന്നും പിരിവിനു വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന തന്റെ വീട്ടിലെ തേങ്ങവലിക്കാരനോട് രണ്ട് മൂന്ന് തേങ്ങ സംഭാവനയായി എടുത്തോ എന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതാവട്ടെ മുജാഹിദ് പിളര്‍പ്പിനു മുന്‍പാണെന്നും(അതായത് കെ എന്‍ എമ്മിന്റെ പ്രസിഡന്റാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്) വിശദീകരിക്കപ്പെട്ടു. പക്ഷെ, നന്മ മനസ്സില്‍ ഇത്തിരി പോലും അവശേഷിക്കാത്ത എ പി വിഭാഗം ഇത് കേട്ടതായി നടിച്ചില്ല. അവര്‍ അസീസ് മൗലവിയെ മുശ്‌രിക്കാക്കി. അദ്ദേഹം മരിച്ചിട്ടു പോലും ഈ കാപാലികര്‍ അദ്ദേഹത്തെ വെറുതെ വിട്ടില്ല.  അഹ്മദലി മദനിയെ പോലുള്ള ഉന്നത നേതാക്കള്‍ വരെ മിന്‍ബറുകളില്‍ പോലും ഈ ആരോപണം ഉന്നയിക്കാനും മരണപ്പെട്ടവരോടു കാണിക്കേണ്ട സാമാന്യമര്യാദ പോലും പാലിക്കാതെ മൗലവിയെ ആക്ഷേപിക്കാനും അവസരമുണ്ടാക്കുന്നു. അസീസ് മൗലവിയുടെ കുടുംബത്തിന്റെ കണ്ണീര്‍ പോലും അവര്‍ വക വെച്ചില്ല. (മൗലവിയുടെ പേരിലുള്ള സ്മാരക അവാര്‍ഡ് വാങ്ങാന്‍ ഞമ്മന്റെ വലിയ മൊല്ലമാര്‍ ഉളുപ്പില്ലാതെ ചെന്നത് നമുക്കിതിനോട് ചേര്‍ത്ത് വായിക്കാം).
ഏതായാലും, പടച്ചവന്‍ വലിയവനാണല്ലോ. എ പി വിഭാഗത്തിന്റെ കാപട്യം അവന്‍ ഇതാ പുറത്ത് കൊണ്ടു വന്നിരിക്കുന്നു. ഇക്കൂട്ടരുടെ ബഹുമാന്യ തഖ്‌ലീദ് പ്രസിഡന്റും അങ്ങേരുടെ വലം കയ്യുകളായ സഹോദരങ്ങളും മലബാറിലെ പ്രസിദ്ധ ക്ഷേത്രോത്സവത്തിന് അത്യാവശ്യം വലിയ (തേങ്ങയെക്കാളും) സംഭാവനകള്‍ നല്‍കിയ ഭക്തജനങ്ങളുടെ ലിസ്റ്റില്‍ കയറിക്കൂടിയിരിക്കുന്നു. അണികള്‍ക്ക് സമാധാനിക്കാം, ഈ വഴിയെ തന്നെ അണിയൊപ്പിച്ച് നീങ്ങാം, പരലോകത്ത് അല്ലാഹുവിന്റെ മുന്നില്‍ ഇതെല്ലാം ഏറ്റെടുക്കാന്‍ അങ്ങേരുണ്ടാവുമല്ലോ. അസീസ് മൗലവിയെ മരിച്ചിട്ടും വെറുതെ വിടാത്ത മൗലാനമാര്‍ ഇതിനെ കുറിച്ചെന്ത് പറയുന്നു എന്നറിയാന്‍ വെറുതെ ഒരു മോഹം. ബഹുവന്ദ്യനായ എ വിയുടെ പേരില്‍ കള്ളക്കേസ് നല്‍കി മരണപ്പെട്ടിട്ടും അദ്ദേഹത്തെ അതില്‍ ഒന്നാം പ്രതിയാക്കി കള്ളസത്യം ചെയ്ത ജനറല്‍ സെക്രട്ടറിയുടെ അനുയായികളില്‍ നിന്നും അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാന്‍ വകയില്ലല്ലോ.

                                                                    


Comments