Sunday, February 10, 2013

Mampuram Thangal

                                              1

                         അനാചാരങ്ങള്‍ക്കെതിരെ
                       അടരാടിയ മമ്പുറം തങ്ങന്മാര്‍സയ്യിദ് അലവി തങ്ങള്‍

ഹദ്‌റമൗതിലെ 'തരീം' ഗ്രാമത്തില്‍ 1753ല്‍ ജനനം. മുഹമ്മദ്ബ്‌നു സഹല്‍ മൗലദ്ദവീലയും സയ്യിദ ഫാതിമ ജിഫ്‌രിയും മാതാപിതാക്കള്‍. ഇരുവരും മരണപ്പെട്ടതിനെ തുടര്‍ന്ന് മാതൃസഹോദരിയുടെ സംരക്ഷണത്തിലാണ് സയ്യിദ് അലവി തങ്ങള്‍ വളര്‍ന്നത്. മതവിജ്ഞാനവും അറബിഭാഷയും ചെറുപ്പത്തിലേ പഠിച്ചു. 1769ല്‍ വളര്‍ത്തുമ്മയുടെ അനുമതിയോടെ മുഖല്ലാ തുറമുഖത്തു നിന്ന്, മലബാറിലേക്ക് കപ്പലേറി കോഴിക്കോട്ടെത്തി. ബന്ധുവായ ശൈഖ് ജിഫ്‌രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ യാത്ര. കോഴിക്കോട്ടെത്തിയ അലവി തങ്ങളെ ശൈഖ് ജിഫ്‌രി മമ്പുറത്തെത്തിച്ചു. അന്നദ്ദേഹത്തിന് പതിനേഴ് വയസ്സ്. ഖാദി ജമാലുദ്ദീന്‍ അടക്കമുള്ള പ്രമുഖരുമായി പരിചയത്തിലായ അലവി തങ്ങള്‍ മമ്പുറത്ത് തന്നെ താമസമാക്കി. ശൈഖ് ഹസന്‍ ജിഫ്‌രിയുടെ മകള്‍ ഫാതിമയെ വിവാഹം ചെയ്തതോടെ ഭാര്യാഗൃഹത്തിലേക്ക് താമസം മാറി. പിന്നീട് 'മാളിയേക്കല്‍' എന്ന സ്വന്തം ഭവനം പണിതു. ആദ്യഭാര്യയില്‍ രണ്ടു പെണ്‍മക്കള്‍ ജനിച്ചുവെങ്കിലും ആദ്യത്തെ മകള്‍ മരണപ്പെട്ടു. ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് കൊയിലാണ്ടിയിലെ സയ്യിദ് അബൂബക്ര്‍ മദനിയുടെ പുത്രി ഫാതിമയെ വിവാഹം ചെയ്തു. ഈ ഭാര്യയിലാണ് പ്രഗത്ഭനായ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്. പൊന്മുണ്ടം സ്വദേശി ആഇശയെയും തങ്ങള്‍ വിവാഹം ചെയ്തിരുന്നു. ഫാത്വിമ എന്ന പുത്രി ഈ ഭാര്യയില്‍ ജനിച്ചു.
വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളുമനുസരിച്ച് മാത്രം ജീവിക്കുകയും അങ്ങനെ ജീവിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്ത മഹാനായിരുന്നു സയ്യിദ് അലവി തങ്ങള്‍. അതീവ ഭക്തനായിരുന്നു അദ്ദേഹം. സര്‍വരെയും സ്‌നേഹിച്ചു. മതഭേദമന്യേ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വില കല്പിച്ചു. ലഭിച്ചിരുന്ന സമ്മാനങ്ങള്‍ പാവങ്ങള്‍ക്ക് നല്കിയിരുന്ന തങ്ങളെ ദരിദ്ര ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. പള്ളികള്‍ക്ക് സ്ഥാനം നിര്‍ണയിക്കുന്നതില്‍ തങ്ങള്‍ പ്രഗത്ഭനായിരുന്നു. താനൂര്‍ വടക്കേപ്പള്ളി, കൊടിഞ്ഞി, ചാപ്പനങ്ങാടി, കാനഞ്ചേരി, മുന്നൂര് ഒടുങ്ങാട്ട് ചിനക്കല്‍, വെളിമുക്ക്, മുട്ടിയറക്കല്‍, പൊന്മുണ്ടം പള്ളികള്‍ അതില്‍ പെടുന്നു.
മമ്പുറത്ത് താമസമാക്കിയതോടെ മലയാളം പഠിച്ച തങ്ങള്‍, അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്മാരോടെല്ലാം സൗഹൃദത്തിലായി. വെളിയങ്കോട് ഉമര്‍ ഖാദിയും പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാരുമൊക്കെ അതിലുള്‍പ്പെടുന്നു. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന ഉമര്‍ ഖാദിയുടെ സ്വാധീനത്തില്‍ നിന്നാകാം വളരെ വേഗം അലവി തങ്ങളും ബ്രിട്ടീഷുകാരുടെ എതിര്‍പക്ഷത്തായി. ഹിന്ദുക്കളോടും മുസ്‌ലിംകളോടും പരസ്പരം ഒന്നിച്ച് പൊതുശത്രുവിനെതിരെ പോരാടാന്‍ അദ്ദേഹം നിര്‍ദേശിച്ചു. കോന്തുനായര്‍ ആയിരുന്നു മമ്പുറം തങ്ങളുടെ പ്രധാന കാര്യസ്ഥന്‍. മലബാര്‍ കലക്ടര്‍ അടക്കമുള്ളവര്‍ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അക്കാലത്താണ് മമ്പുറത്തിനടുത്ത് മുട്ടിയറയില്‍ വെച്ച് ബ്രിട്ടീഷുകാരും മുസ്‌ലിംകളും ഏറ്റുമുട്ടിയത്. കൈതകത്ത് മരക്കാരുട്ടിയും സഹോദരന്മാരും പിതൃസഹോദരന്മാരുമടക്കം പതിനൊന്നു പേര്‍ അതില്‍ കൊല്ലപ്പെട്ടു. ഈ കൊലപാതകം മമ്പുറം തങ്ങളെ കൂടുതല്‍ ഊര്‍ജസ്വലനായ ബ്രിട്ടീഷ് വിരോധിയാക്കി. ''ബ്രിട്ടീഷുകാരുടെ ഭരണം തീരുന്നതു വരെ ഓരോ ഇന്ത്യക്കാരനും പടപൊരുതണം'' എന്ന് തങ്ങള്‍ പ്രഖ്യാപിച്ചു. സൈഫുല്‍ബത്താര്‍ എന്ന ഗ്രന്ഥം ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനായി തങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. അതിന്റെ കോപ്പികള്‍ മുസ്‌ലിം മഹല്ലുകളില്‍ പ്രചരിപ്പിച്ചു. ബ്രിട്ടീഷുകാര്‍ ഈ ഗ്രന്ഥം പിടിച്ചെടുത്ത് നശിപ്പിച്ചു. കടുത്ത ബ്രിട്ടീഷ് വിരുദ്ധനായിത്തീര്‍ന്ന തങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ നേതൃസ്ഥാനത്തെത്താന്‍ അധികം സമയമെടുത്തില്ല. സമരത്തിന്റെ വിജയത്തിന് ഹിന്ദു-മുസ്‌ലിം ഐക്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ തങ്ങള്‍ ആ മാര്‍ഗത്തില്‍ നിരവധി സേവനങ്ങള്‍ ചെയ്തു.
1843ല്‍ മലപ്പുറത്തിനടുത്ത ചേറൂരില്‍ നടന്ന മറ്റൊരു ലഹളയും തങ്ങളില്‍ ബ്രിട്ടീഷ് വിരോധം ജ്വലിപ്പിച്ചു. ഏഴു മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ഈ ലഹളയില്‍ അവരുടെ മൃതദേഹങ്ങള്‍ ബ്രിട്ടീഷുകാര്‍ മമ്പുറത്തിനടുത്തു വെച്ച് ചുട്ടെരിക്കാന്‍ കൊണ്ടുവന്നു. മനുഷ്യത്വമില്ലാത്ത ഈ കിരാത നടപടിയെ അറിഞ്ഞ് വെള്ളക്കാരോട് അരിശം പെരുകിയ പതിനായിരക്കണക്കിനു പേര്‍ മമ്പുറം തങ്ങളുടെ നേതൃത്വത്തില്‍ അണിനിരന്നു. സംഘടിച്ചെത്തിയ ഇവരെ കണ്ടതോടെ മൃതദേഹങ്ങള്‍ തിരൂരങ്ങാടിയില്‍ ഉപേക്ഷിച്ച് ബ്രിട്ടീഷുകാര്‍ തിരിച്ചുപോയി.
കേരള മുസ്‌ലിംകള്‍ക്കിടയില്‍ സാമൂഹിക ജാഗരണത്തിന്റെ ആദ്യ ശില്പികളിലൊരാളായ അലവി തങ്ങള്‍ പ്രഗത്ഭനായ പണ്ഡിതന്‍ കൂടിയായിരുന്നു. വെളിയങ്കോട് ഉമര്‍ ഖാദി, അബൂബക്ര്‍ ബ്‌നി ഹിശാം എന്ന അവുക്കോയ മുസ്‌ലിയാര്‍, പയ്യനാട് ബൈതാന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിയായിരുന്ന മുഹ്‌യുദ്ദീന്‍ ബ്‌നു അബ്ദിസ്സലാം തുടങ്ങിയവരടക്കം അനേകം ശിഷ്യന്മാര്‍ തങ്ങള്‍ക്കുണ്ട്. ഒട്ടും ആര്‍ഭാടങ്ങളില്ലാത്ത ജീവിതമായിരുന്നു മമ്പുറം തങ്ങളുടേത്. 1844ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഖബ്‌റും മമ്പുറം ദേശവും ഇന്ന് വളരെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായിത്തീര്‍ന്നിരിക്കുന്നു. ഇതേപ്പറ്റി മഹത്തായ മാപ്പിള പാരമ്പര്യം എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇവിടെ ഉദ്ധരിക്കാം:
''തങ്ങളുടെ ജാറത്തിങ്കല്‍ പതിവായി നടന്നുവരുന്ന ചില ആചാരങ്ങള്‍ കാണുമ്പോള്‍ ബഹുജനങ്ങള്‍ തങ്ങളെ തെറ്റിദ്ധരിക്കാനിടയുണ്ട്. വാസ്തവത്തില്‍ അവയ്‌ക്കൊന്നും തങ്ങളല്ല ഉത്തരവാദിയെന്ന് നമുക്ക് നന്നായി അറിയാം. തങ്ങളുടെ ചരിത്രം, പുത്രന്‍ സയ്യിദ് ഫസല്‍ മുതല്‍ പലരും എഴുതിയത് ഞങ്ങള്‍ വായിച്ചിട്ടുണ്ട്. മുന്‍തലമുറകള്‍ പലതും പറഞ്ഞുകേട്ടിട്ടുണ്ട്. അവയില്‍ നിന്നെല്ലാം ഒരു യാഥാര്‍ഥ്യം ഞങ്ങള്‍ക്ക് തികച്ചും ബോധ്യമായി. ഉന്നത നിലവാരം പുലര്‍ത്തിക്കൊണ്ട് ജീവിച്ചിരുന്ന ഒരാദര്‍ശ പുരുഷന്‍ തന്നെയായിരുന്നു തങ്ങള്‍. ഇസ്‌ലാമികാദര്‍ശം ബലികഴിച്ചുകൊണ്ടുള്ള ഒരു നടപടിയും അദ്ദേഹത്തിന്റെ ചരിത്രത്തില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ശൈഖ്-മുരീദ് പ്രസ്ഥാനം സംഘടിപ്പിക്കുകയോ ആണ്ടുനേര്‍ച്ചകള്‍ നടത്തുകയോ ഒന്നും ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ ഉല്‍കൃഷ്ട ജീവിതം ബഹുജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചു. അവരദ്ദേഹത്തെ ആദരിച്ചു. ഒടുവില്‍ അത് 'വീരാരാധന'യായി പരിണമിച്ചു. അതു മാത്രമാണുണ്ടായത്. ഈസാനബിയെ ക്രിസ്ത്യാനികള്‍ ദൈവമാക്കി വെച്ചു പൂജിച്ചെങ്കില്‍ അദ്ദേഹമെന്ത് ചെയ്യും! ഇതേ പ്രകാരം മുഹ്‌യിദ്ദീന്‍ ശൈഖിനെയും ഇമാം ഹുസൈനെയും മുസ്‌ലിം ബഹുജനങ്ങളില്‍ ഒരു വലിയ വിഭാഗം ആരാധിക്കുന്നു. പക്ഷെ, ആ മഹാപുരുഷന്മാര്‍ എന്തും ചെയ്യും! ഏതായാലും ഒരു കാര്യം ഇവിടെ ഉണര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഞങ്ങളുടെ വീക്ഷണത്തില്‍, ഈ വീരാരാധനകളും മറ്റും ഉടലെടുത്തതിന്ന്, ഒരു പരിധിവരെ എന്നെങ്കിലും പറയട്ടെ ഉത്തരവാദികള്‍ നമ്മുടെ പ്രബോധകന്മാരാകുന്നു. അവര്‍ ബഹുജനങ്ങള്‍ക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തിയത് നിര്‍ദയനും അശേഷം കരുണയില്ലാത്തവനും പാവപ്പെട്ടവരെ ഗൗനിക്കാത്തവനുമായിക്കൊണ്ടാണ്. അപ്പോള്‍, കൃപയും അലിവും സഹതാപവുമുള്ള കേന്ദ്രങ്ങളെ തേടിക്കൊണ്ട്, പരിഭ്രാന്തചിത്തനും ദു:ഖിതനുമായ മനുഷ്യന്‍ നാലുപാടും ഓടുന്നത് സ്വാഭാവികമാണല്ലോ. അതാണ് മഹാത്മാക്കളെ ജനങ്ങള്‍ അഭയം പ്രാപിക്കാനും അവരോട് സഹായം തേടാനും മൂലകാരണം. തൗഹീദ് നാം ഊന്നിപ്പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് തൗഹീദ്? അസ്തിത്വത്തില്‍ ഏകനാണെന്ന് മാത്രമാണോ? അല്ല. ദയ, വാത്സല്യം, വിട്ടുവീഴ്ച, മാപ്പ്, വിഷമഘട്ടങ്ങളില്‍ സഹായിക്കാനുള്ള സന്നദ്ധത ഇവയിലെല്ലാം തന്നെ അല്ലാഹു നിസ്തുല്യനാണ്, ഏകനാണ്. ഈ വിഷയങ്ങളിലൊന്നും അവനെ കവച്ചുവെക്കാന്‍ ആരുമില്ല. ആര്‍ക്കും കഴിയുകയുമില്ല. ഖുര്‍ആനും ഹദീസും നിരത്തിവെച്ചിരിക്കുന്ന ഈ യാഥാര്‍ഥ്യം ജനങ്ങളെ ശരിക്ക് ഇരുത്തിപ്പഠിപ്പിക്കുന്ന പക്ഷം ഇവിടെ അനാചാരങ്ങള്‍ മാത്രമല്ല, നിരീശ്വരവാദം പോലും ഈ തോതില്‍ വളരുകയില്ല. ഭാവിയിലെങ്കിലും നമ്മുടെ മതപ്രബോധകന്മാര്‍ ഈ യാഥാര്‍ഥ്യം ശ്രദ്ധിച്ചെങ്കില്‍.'' (പേജ് 179,180)

സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍

അലവി തങ്ങളുടെ പുത്രനായി 1826ല്‍ ജനിച്ച ഫദ്ല്‍ പൂക്കോയ തങ്ങള്‍ പിതാവിന്റെ പ്രൗഢമായ പൈതൃകം പിന്‍പറ്റി. സയ്യിദ് അലവി തങ്ങളുടെ പ്രഗത്ഭ ശിഷ്യന്മാരായിരുന്നു ഫദ്ല്‍ തങ്ങളുടെ ഗുരുനാഥന്മാര്‍. ചാലിലകത്ത് ഖുസ്വയ്യ് ഹാജി, വെളിയംകോട് ഉമര്‍ ഖാദി എന്നിവരടങ്ങിയ ആദ്യ ഗുരുനാഥര്‍ തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ ഏറെ സ്വാധീനിച്ചവരും. പിതാവിന്റെയും ഗുരുനാഥന്മാരുടെയും ബ്രിട്ടീഷ് വിരുദ്ധ ജീവിതം സയ്യിദ് ഫദ്‌ലിനെ വേണ്ടവിധം സ്വാധീനിച്ചു.
ബുദ്ധിശാലിയും പ്രതിഭാധനനുമായിരുന്ന സയ്യിദ് ഫദ്ല്‍, മതവിജ്ഞാനങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. തിന്മകള്‍ക്കെതിരെയും അനിസ്‌ലാമിക ആചാര സമ്പ്രദായങ്ങള്‍ക്കെതിരെയും ജനങ്ങളെ ഉണര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. മമ്പുറം ജുമുഅത്ത് പള്ളി സ്ഥാപിച്ചതും സയ്യിദ് ഫദ്ല്‍ തങ്ങളാണ്. ആ പള്ളി തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമരകേന്ദ്രം. വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബകളായിരുന്നു സാമൂഹികോണര്‍വിന്റെ സമരകാഹളമാക്കിയത്. നിലവിലെ സാഹചര്യങ്ങളെ നിരൂപണം ചെയ്തും സമൂഹത്തെ ഉണര്‍ത്തിയും നിര്‍വഹിച്ചിരുന്ന ഖുതുബകളിലൂടെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ നേതൃത്വത്തിലും അദ്ദേഹമെത്തി. പിതാവ് സയ്യിദ് അലവി തങ്ങള്‍ മരിക്കുമ്പോള്‍ സയ്യിദ് ഫദ്‌ലിന് ഇരുപത് വയസ്സായിരുന്നു. ജന്മികളെ കൂട്ടുപിടിച്ച് നാട്ടില്‍ കലാപങ്ങള്‍ നടത്തിയിരുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ജന്മിത്ത വിരുദ്ധ പോരാട്ടം കൂടിയായിത്തീരാന്‍ അധികം താമസമെടുത്തില്ല.
കേരളത്തിലെ എക്കാലത്തെയും മികച്ചൊരു പ്രബോധകനായിരുന്നു സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍. അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെയായിരുന്നു മുസ്‌ലിംകള്‍ക്കിടയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഇസ്‌ലാമിന്റെ പേരില്‍ അഭിമാനികളായിത്തീരാന്‍ ആഹ്വാനം ചെയ്തു. മേലാള-കീഴാള വിഭാഗീയതകളെ മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് തുടച്ചുനീക്കാന്‍ അക്കാലത്ത് വേഗത്തിലായില്ലെങ്കിലും ധീരോദാത്തമായ പരിശ്രമങ്ങളാണ് ആ മാര്‍ഗത്തില്‍ ഫദ്ല്‍ തങ്ങള്‍ നിര്‍ഹിച്ചത്. ബ്രിട്ടീഷ് വിരുദ്ധ പ്രഭാഷണങ്ങളിലൂടെ, സാമൂഹിക വിപ്ലവത്തിന് തുടക്കമിട്ട ഫദ്ല്‍ തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് തീര്‍ത്തും അനഭിമതനായി. പ്രീണനങ്ങള്‍ വഴി വശത്താക്കാനുള്ള ശ്രമങ്ങളെ സയ്യിദ് ഫദ്ല്‍ പുച്ഛിച്ച് തട്ടിമാറ്റി. ''സത്യത്തിനും ധര്‍മത്തിനുമാണ് എന്റെ ജീവിതം'' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഫത്‌വാകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലഘുലേഖകളിലൂടെയും സമരത്തെ കൂടുതല്‍ ജ്വലിപ്പിച്ചു.
ഒരേസമയം, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം വഹിക്കുമ്പോള്‍, സ്വന്തം സമുദായത്തിലെ അപകടാവസ്ഥയെയും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വിശുദ്ധ ഖുര്‍ആനിനും തിരുവചനങ്ങള്‍ക്കുമൊത്തുള്ള ജീവിതത്തിലേക്ക് അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു. ഇസ്‌ലാമിലേക്ക് മതം മാറി വരുന്നവര്‍, ഹൈന്ദവാചാരങ്ങള്‍ പലതും പിന്തുടര്‍ന്നുകൊണ്ടിരുന്ന സാഹചര്യമാണ് അന്നുണ്ടായിരുന്നത്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ജീവിതശൈലിയിലും കടന്നുവന്ന അനിസ്‌ലാമികതകളെ കര്‍ക്കശമായി ഉപേക്ഷിക്കാനുണര്‍ത്തിയ സയ്യിദ് ഫദ്ല്‍ ആ അര്‍ഥത്തില്‍, സാമൂഹിക പരിഷ്‌കരണത്തിന്റെ കൂടി ശില്പിയാണ്. ഇസ്‌ലാമിക വിശ്വാസ അനുഷ്ഠാനങ്ങളില്‍ ഉറച്ചുനില്ക്കാന്‍ അദ്ദേഹം ഉണര്‍ത്തി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'നാലു വിധിപ്രഖ്യാപനം' ഇങ്ങനെയായിരുന്നു:
1. ജന്മികള്‍ക്കു മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്ക്കുന്ന രീതി പാടില്ല. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അവന്റെ മുമ്പില്‍ മാത്രമേ അങ്ങനെ ചെയ്യാന്‍ മുസ്‌ലിമിന് അനുവാദമുള്ളൂ. അല്ലാഹു അല്ലാത്ത ഒരാളെയും വണങ്ങരുത്.
2. ജന്മികളുടെ ഉച്ഛിഷ്ടം ഭക്ഷിക്കരുത്.
3. അല്ലാഹുവിനെ വാഴ്ത്തുന്ന പ്രയോഗങ്ങള്‍ ജന്മികളെ വാഴ്ത്താന്‍ ഉപയോഗിക്കരുത്.
4. വെള്ളിയാഴ്ച ആരാധനയ്ക്കുള്ളതാണ്. അന്ന് കൃഷി ജോലികള്‍ക്ക് പോകരുത്.
സമുദായത്തിലെ നേതാക്കളെയും സാധാരണക്കാരെയും ഉദ്‌ബോധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ രംഗത്തിറങ്ങാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്ന ഒരു വിപ്ലവകൃതി അദ്ദേഹം പുറത്തിറക്കുകയും ചെയ്തു. ഉദ്ദതുല്‍ ഉമറാത്ത് വല്‍ ഹുക്കാം ലി ഇഹാനതില്‍ കഫറ ഫീ വ അബദതില്‍ അസ്‌നാം എന്നായിരുന്നു ആ രചനയുടെ പേര്. അറേബ്യയില്‍ നിന്ന് അച്ചടിച്ച ഗ്രന്ഥം മുസ്‌ലിംകള്‍ക്കിടയില്‍ രഹസ്യമായി പ്രചരിച്ചു. പക്ഷേ, കലക്ടര്‍ കനോലി അറിഞ്ഞതോടെ അതിന്റെ പ്രചരണം തടഞ്ഞു. പാണക്കാട് സയ്യിദ് ഹുസൈന്‍ തങ്ങളും സയ്യിദ് ഫദ്ല്‍ തങ്ങളും സമകാലികരായിരുന്നു. 'നികുതി നിഷേധത്തിന് ജനതയെ പ്രേരിപ്പിക്കുന്നു' എന്ന പേരില്‍ രണ്ടു പേര്‍ക്കുമെതിരെ ബ്രിട്ടീഷുകാര്‍ കുറ്റം ചുമത്തുകയും ചെയ്തു.
സമരോത്സുകമായ ആ ജീവിതം ബ്രിട്ടീഷുകാര്‍ക്ക് അസഹ്യമായതിനെത്തുടര്‍ന്ന് 1852 ഫെബ്രുവരിയില്‍ ഫദ്ല്‍  തങ്ങളെ നാടുകടത്താന്‍ പദ്ധതിയിട്ടു. ഈ തീരുമാനം നിലനില്‌ക്കെ, തങ്ങള്‍ ഹജ്ജിനു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ, നാടുകടത്താനുള്ള തീരുമാനം ഫലത്തില്‍ വിജയം കണ്ടു. 1852 മാര്‍ച്ച് 19ന് 26-ാം വയസ്സില്‍ ഫദ്ല്‍ തങ്ങള്‍ കുടുംബത്തോടൊപ്പം ഒരു അറേബ്യന്‍ കപ്പലില്‍ മക്കയിലേക്കു യാത്രയായി. എണ്ണായിരത്തിലധികം പേര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തിച്ചേര്‍ന്നുവത്രെ. ഇനിയൊരു തിരിച്ചുവരവ് സാധിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയത് മക്കയിലെത്തിയതിനു ശേഷമായിരുന്നു. ബ്രിട്ടുഷുകാര്‍ തന്ത്രപൂര്‍വം തങ്ങളെ നാടുകടത്തുകയായിരുന്നുവെങ്കിലും അദ്ദേഹം ഹജ്ജിന് പോയതാണ് എന്ന് മുസ്‌ലിം പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. മുസ്‌ലിം മനസ്സ് പ്രക്ഷുബ്ധമായി. 1855 സപ്തംബര്‍ 11 ന് കോഴിക്കോട് വെസ്റ്റ്ഹില്‍ കലക്ടര്‍ ബംഗ്ലാവില്‍ അതിക്രമിച്ച് കടന്ന് മൂന്നുപേര്‍ കൊനോലി സായിപ്പിനെ കൊലപ്പെടുത്തുന്നതിലേക്കു വരെ ആ രോഷം പടര്‍ന്നു.
കൊനോലിയുടെ കൊലപാതകം ബ്രിട്ടീഷുകാരുടെ മുസ്‌ലിം വിരോധത്തിന് ഊക്കുപകര്‍ന്നു. വ്യാപകമായ അക്രമങ്ങളും അടിച്ചമര്‍ത്തലുകളുമായിരുന്നു പിന്നീട്. നിരവധി മാപ്പിളമാരെ കൊന്നൊടുക്കി. വിവിധ പ്രദേശങ്ങളില്‍ കൂട്ടപ്പിഴ ചുമത്തി.
മക്കയിലെത്തിയ ഫദ്ല്‍ തങ്ങളും കുടുംബവും ഒരു വര്‍ഷത്തോളം ഹിജാസില്‍ കഴിഞ്ഞു. 1853ല്‍ ഈജിപ്തിലേക്ക് പോയി. അവിടുത്തെ ഭരണാധികാരി ഖിദൈവി അഹ്മദ് പാഷ അദ്ദേഹത്തിന് അഭയം നല്കി. ഭരണാധികാരിയുടെ ഉപദേഷ്ടാവ് പദവി നല്കുകയും ചെയ്തു.
1871ല്‍ മക്കയിലെ ളഫ്ഫാര്‍ പ്രവിശ്യയുടെ ഭരണാധികാരിയായി സയ്യിദ് ഫദ്ല്‍ തങ്ങള്‍ നിയോഗിക്കപ്പെട്ടു. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന അമീറിന്റെ മന്ത്രിയായി ഒമ്പതു വര്‍ഷത്തെ ഭരണത്തിലൂടെ തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് സ്വയം വിരമിച്ചു. തുര്‍ക്കിയിലും കുറച്ചുകാലം താമസിച്ചു. അവിടെയും ഭരണാധികാരിയുടെ ഉപദേഷ്ടാവായി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചത് ഇക്കാലത്തായിരുന്നു. അസാസുല്‍ ഇസ്‌ലാം, തഖ്‌വിയതുല്‍ ബത്താന, ത്വീഖത്തുല്‍ ഹനീഫ, കൗകബുദ്ദുറര്‍, ഉലുല്‍ ഇഹ്‌സാന്‍ ലി തസ്ഈനില്‍ ഇന്‍സാന്‍, ഫുസൂസാതുല്‍ ഇസ്‌ലാം, അലാമന്‍ യുവാരില്‍ കുഫ്ഫാര്‍, അല്‍ ഖൗലുല്‍ മുഖ്താര്‍ ഫില്‍മന്‍ഇ അന്‍തഖ്‌യീറില്‍ കുഫ്ഫാര്‍, ഫുയൂസാത്തുല്‍ ഇലാഹിയ്യ: തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ചിലത്.
കോണ്‍സ്റ്റാന്റിനോപ്പിളില്‍ വെച്ച് 1901ല്‍ 84-ാം വയസ്സില്‍ സയ്യിദ് ഫദ്ല്‍ തങ്ങള്‍ അന്തരിച്ചു. തുര്‍ക്കിയിലും വ്യത്യസ്ത രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പേരമക്കള്‍ ജീവിച്ചിരിക്കുന്നുണ്ട്. കേരളത്തില്‍ ഉദിച്ചുയര്‍ന്ന പ്രതിഭാശാലിയായ ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്നു ഫദ്ല്‍ തങ്ങള്‍. അസാധാരണമായ ധീരതയും നവോത്ഥാന വാഞ്ഛയും പ്രതിഫലിച്ച ആ ജിവിതം അസദൃശമായ വഴികളിലൂടെയാണ് സഞ്ചരിച്ചുനീങ്ങിയത്. ഇസ്‌ലാമിക ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ജീവിതമായിരുന്നു സയ്യിദ് അലവി തങ്ങളുടേതും പുത്രന്റേതും. രചനകളിലൂടെ അവര്‍ പ്രദര്‍ശിപ്പിച്ച ആദര്‍ശം ശുദ്ധ ഇസ്‌ലാമിന്റേതാണ്. ഉറച്ച തൗഹീദ് ആദര്‍ശം പുലര്‍ത്തിയിരുന്ന അവരെ മരണാനന്തരം ദൈവിക പരിവേഷത്തിലേക്കുയര്‍ത്താനാണ്  സാമാന്യ ജനം ശ്രമിച്ചത്. അതിന് മതപരമായ വ്യാഖ്യാനം നല്കാന്‍ പണ്ഡിതന്മാരില്‍ ചിലര്‍ ധൃഷ്ടരായി. ഇതു തിരിച്ചറിഞ്ഞതു കൊണ്ടാവാം, മമ്പുറം തങ്ങളെക്കുറിച്ച് എഴുതിയ കവിതയില്‍ വെളിയങ്കോട് ഉമര്‍ ഖാദി ഇങ്ങനെയെഴുതിയത്:

''അല്ലാഹുവാണ് സത്യം, ശരിയായ വിശ്വാസങ്ങളിലും അല്ലാഹുവില്‍ ഭരമേല്പിക്കുന്നതിലും എല്ലാവരെക്കാള്‍ ഉയരത്തിലായിരുന്നു അദ്ദേഹം. ജീവിതകാലത്തും മരണാനന്തരവും യാതൊരു ഗുണവും ദോഷവും ഉപകാരവും ഉപദ്രവവും എന്റെ നാഥനായ അല്ലാഹുവിങ്കല്‍ നിന്നല്ലാതെ നിങ്ങള്‍ക്ക് ലഭിക്കുകയില്ല. ഉന്നതനായ അല്ലാഹുവിങ്കല്‍ നിന്നല്ലാതെ നന്മയും തിന്മയും ഉപകാരവും ഉപദ്രവവും ഒരിക്കലും നിങ്ങള്‍ക്ക് ലഭിക്കുകയില്ല.'' (ജീവിതം, ആത്മീയത, പോരാട്ടം, പേ 633)
ജുമുഅ ഖുതുബയുടെ ശക്തിയും സ്വാധീനവും തിരിച്ചറിഞ്ഞ് പിതാവും പുത്രനും സാമൂഹിക ജാഗരണത്തിന് അവയെ ഉപയോഗപ്പെടുത്തി. നിരവധി പള്ളികള്‍ നിര്‍മിക്കാന്‍ നേതൃത്വം നല്കി. പിതാവിന്റെ മരണവും പുത്രന്റെ വേര്‍പാടും ഒരര്‍ഥത്തില്‍ മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ക്ഷീണിപ്പിച്ചു. സര്‍വസമ്മതരായ ജനനേതാക്കളായിരുന്ന അവര്‍ സാമാന്യ ജനങ്ങളുടെ മനസ്സില്‍ തീരാത്ത ആത്മദു:ഖമായി ശേഷിച്ചു. മൗലിദുകളും വിരഹ കവിതകളും ഏറെ രചിക്കപ്പെട്ടു. മഹത്വം വര്‍ധിപ്പിക്കാന്‍ ഇല്ലാത്ത കറാമത്തു കഥകള്‍ പ്രചരിപ്പിച്ചു. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അസത്യങ്ങള്‍ പരന്നു. ആദര്‍ശ വിശുദ്ധ ജീവിതം നയിച്ച ആ മഹത്തുക്കള്‍ ആദര്‍ശ വിരുദ്ധ വഴിയില്‍ പ്രതിഷ്ഠിക്കപ്പെട്ടു. കറാമത്തു കഥകള്‍ അവിശ്വസിച്ചവരെ 'വഹ്ഹാബികള്‍' എന്ന് മുദ്രകുത്തി.
അരീക്കല്‍ മുഹമ്മദ് മുസ്‌ലിയാരുടെ മിന്‍ഹതുല്‍ ഖവീബി മിദ്ഹതി അസ്സയ്യിദ് അലവി, ഉമറുല്‍ ബര്‍റ് എഴുതിയ മൗലിദുന്‍ അസ്സയ്യിദ് അലവി അല്‍മമ്പുറമി, തിരൂര്‍ കരാട്ട് കുഞ്ഞിപരി മുസ്‌ലിയാരുടെ ഫത്ഹുല്‍കബീര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അന്നഹ്ഹതുല്‍ ജലീല, തരിവറ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെ മമ്പുറം മൗലിദ്, പിലാക്കല്‍ അലി ഹസന്‍ മുസ്‌ലിയാരുടെ മറ്റൊരു മൗലീദ്, കുഴിയന്‍ തുടത്തില്‍ അബ്ദുര്‍റഹ്മാന്റെ മഅ്ദിനുല്‍ യവാഖീത്, ചാപ്പനങ്ങാടി ഹസനുല്‍ മുസ്‌ലിയാരുടെ മമ്പുറം മൗലീദ്, വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ അലവി തങ്ങള്‍ മൗലിദ് തുടങ്ങി അനേകം മൗലിദ് കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മമ്പുറം തങ്ങളെ അസാധാരണവും അമാനുഷികവുമായ കീര്‍ത്തികളിലേക്ക് തെറ്റായി അവതരിപ്പിച്ചത് ഈ മൗലിദുകളാണ്. മമ്പുറം തങ്ങന്മാരെ ആദരിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ തന്നെയാണ് ആ ഉന്നത വ്യക്തിത്വങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ചുരുക്കം.
ഡോ. കെ എന്‍ പണിക്കര്‍, മമ്പുറം തങ്ങളുടെ ജീവിതത്തെയും പോരാട്ടങ്ങളെയും വിശദപഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. തങ്ങളുടെ മതസൗഹൃദ സമീപനത്തെക്കുറിച്ച് ഡോ. പണിക്കര്‍ എഴുതുന്നു: ''ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് നടത്തുന്നതിന് ആഹ്വാനം ചെയ്‌തെങ്കിലും മറ്റു മതവിഭാഗക്കാരോട് അദ്ദേഹം അസഹിഷ്ണുവാണെന്ന് ഇത് കാണിക്കുന്നില്ല. ഹൈന്ദവരുടെ ഇടയില്‍ ധാരാളം സുഹൃത്തുക്കളും സ്‌നേഹജനങ്ങളുമുണ്ടായിരുന്ന ഇദ്ദേഹം മതഭ്രാന്തനായ ഒരു അറബിയാണെന്ന വീക്ഷണം യാഥാര്‍ഥ്യമല്ല. ഹൈന്ദവരോട് അദ്ദേഹത്തിന് വിരോധമുള്ളതായി തെളിയിക്കുന്ന ഒരു രേഖയും ഇല്ല. എന്നാല്‍ തന്റെ സ്ഥാപനങ്ങളില്‍ അദ്ദേഹം ഹിന്ദുക്കള്‍ക്ക് ജോലി നല്കിയിരുന്നു. അദ്ദേഹത്തിന്റെ കാര്യസ്ഥന്‍ ഒരു ഹിന്ദുവായിരുന്നു. മാപ്പിള സമൂഹത്തില്‍ നവോത്ഥാനം ആഗ്രഹിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ലൗകിക മോഹങ്ങളെ നിയന്ത്രിച്ച് ആത്മശുദ്ധീകരണം നടത്താനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍.'' (മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ, പേജ് 81)

                                           2

                              മമ്പുറം തങ്ങന്മാര്‍
                      ആദര്‍ശവഴിയും പാരമ്പര്യവും


 കേരളത്തില്‍ നിന്ന് ഉദിച്ചുയര്‍ന്ന ലോകവ്യക്തിത്വങ്ങളില്‍ പ്രഥമസ്ഥാനത്താണ് മമ്പുറം സയ്യിദ് ഫദ്ല്‍ തങ്ങള്‍. സാമൂഹികപരിഷ്‌കരണത്തിലും മതനവോത്ഥാനത്തിലും തീര്‍ച്ചയായും നേതൃശൃംഖലയിലാണ് ഈ പിതാവും പുത്രനും. കണിശമായ ഇസ്‌ലാമികാദര്‍ശങ്ങള്‍ക്കൊത്ത് ജീവിച്ചവരായിരുന്നു അലവി തങ്ങളും ഫദ്ല്‍ തങ്ങളും. സയ്യിദ് ഫദ്ല്‍ തങ്ങള്‍ നല്കിയ ഫത്‌വകളില്‍ അനാചാരങ്ങള്‍ക്കെതിരെയുള്ള ശക്തമായ ആഹ്വാനങ്ങള്‍ പ്രകടമാണ്. ഒരുദാഹരണം നോക്കുക: നേര്‍ച്ചയുടെ ഭാഗമായി പ്രചാരം നേടിയ 'മുട്ടും വിളിയും' ഇസ്‌ലാമികമായി ശരിയാണോ എന്ന ചോദ്യത്തിന് തങ്ങള്‍ നല്കിയ മറുപടിയില്‍ നന്നൊരു ഭാഗം വായിക്കാം:
''കാഫിറുകളെയും മതനിഷേധികളെയും സാമ്യത പുലര്‍ത്തുന്നതും തഖ്‌വയെ തകര്‍ക്കുന്നതുമാകയാല്‍ രാഗങ്ങളെയും കൂറ്റുകളെയും കുഴലുകള്‍ ആയതിെനയും വിരോധിക്കപ്പെട്ടിരിക്കുന്നു. അതിനെ തച്ചുടച്ചു കുത്തിക്കീറിക്കളയുന്നത് നിര്‍ബന്ധമാകുന്നു. ഹറാമായ ചെണ്ട, കുഴല്‍ എന്നിവ ഉണ്ടാക്കാന്‍ മരം, തോല്‍, ഓട്, ചെമ്പ് എന്നിവ നല്കുന്നതും വില്‍ക്കുന്നതുപോലും ഹറാമാണ്. ഹറാമായ കുഴല്‍ വിളിനാദം ഉള്ള കല്യാണത്തിനു പോകുന്നതും നിഷിദ്ധമാണ്. പീപ്പി, ചൂള എന്നിവയും നിഷിദ്ധമാകുന്നു. അതിനാല്‍ കളി വിനോദങ്ങള്‍ വിട്ടൊഴിഞ്ഞ് പടച്ചവന്‍ കല്പിച്ചതു പ്രകാരം ജീവിക്കാന്‍ നമുക്കും നിങ്ങള്‍ക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.'' -ഇസ്തംബൂളില്‍ നിന്നെഴുതി അയച്ച ഈ ഫത്‌വാ ഓടക്കല്‍ തറവാട്ടില്‍ ഇന്നും സൂക്ഷിച്ചിരിക്കുന്നു. (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, പേജ് 187-189)
സൈഫുല്‍ ബത്താറില്‍ വിശ്വോത്തര നവോത്ഥാന നായകന്‍ ഇബ്‌നുതൈമിയാ(റ)യുടെ ഫത്‌വകള്‍, കിതാബുസ്സിയാസില്‍ നിന്നുള്ള ഉദ്ധരണികള്‍ എന്നിവ മമ്പുറം തങ്ങള്‍ വ്യാപകമായി നല്കുന്നുണ്ട്. മാത്രമല്ല, ഫദ്ല്‍ പൂക്കോയ തങ്ങളെക്കുറിച്ച് യമനിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഇന്ത്യയിലേക്കെഴുതിയ കത്തില്‍ വിവരിക്കുന്നു: ''നജ്ദില്‍ നിന്ന് പരിഷ്‌കരണപ്രവര്‍ത്തനം നടത്തുന്ന ബ്രിട്ടീഷ് വിരുദ്ധനായ മുഹമ്മദ്ബ്‌നു അബ്ദില്‍ വഹ്ഹാബ് എന്ന ബാര്‍ബറി പരിഷ്‌കര്‍ത്താവിന്റെ അനുയായിയാണീ പൂക്കോയ തങ്ങള്‍'' (Mappila out break correspondence, V:1). സയ്യിദ് അലവി തങ്ങളുടെയും ഫദ്ല്‍ തങ്ങളുടെയും ജുമുഅ ഖുതുബകള്‍ മലയാള ഭാഷയിലായിരുന്നുവെന്ന് ലോഗന്റെ ഡയറിയിലും മലബാര്‍ ഗസറ്റിയറിലും (ഇവാന്‍സ്, ഇന്നീസ്) രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഖുര്‍ആനും തിരുസുന്നത്തുമാണ് ഉത്തമമായ ജീവിതമാര്‍ഗം എന്ന് തരീഖതുല്‍ ഹനീഫായില്‍ വിശദമായി ഉണര്‍ത്തുന്നുണ്ട്, അദ്ദേഹം. നാട്ടില്‍ വ്യാപകമായ അനിസസ്‌ലാമിക ആചാരങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഉദ്‌ബോധിപ്പിക്കാത്ത പണ്ഡിതന്മാരെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാനും തങ്ങള്‍ മടിച്ചിരുന്നില്ല. പക്ഷേ, ഇത്രയും പുരോഗമനാശയക്കാരും സത്യാദര്‍ശക്കാരുമായ ആ പിതാവിനെയും പുത്രനെയും സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് പിന്നീട് പരമ്പരാഗത മുസ്‌ലിംകളില്‍ നിന്നുണ്ടായത്. ആ മഹാശയന്‍ ശക്തമായി എതിര്‍ത്ത അനാചാരങ്ങള്‍ അവരുടെ പേരില്‍ തന്നെ കൊണ്ടാടുന്ന ധിക്കാരം നിലനിന്നു. അതിനെ എതിര്‍ത്തവര്‍ മമ്പുറം തങ്ങളെ എതിര്‍ത്തവരായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. സയ്യിദ് അലവി തങ്ങളുടെ സൈഫുല്‍ ബത്താര്‍ മികച്ച രചനയാണ്. അനിതരമായ ഭാഷയും അഗാധമായ പാണ്ഡിത്യവും മുറ്റിനില്ക്കുന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ വിശദമായ വായനയെയും നിരൂപണശക്തിയെയും തെളിയിക്കുന്നുണ്ട്:
''പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വ സ്തുതിയും അല്ലാഹുവിന്നാണ്. അവന്‍ ഇസ്‌ലാം മതത്തെ പ്രതാപമുറ്റതാക്കി. രാപ്പകല്‍ പോലെ വ്യക്തമായ ശരീഅത്ത് കൊണ്ട് അതിന്റെ അടിസ്ഥാന സ്തംഭങ്ങള്‍ സുശക്തമാക്കി. പ്രകാശ ഗോപുരത്തിന്റെ തിളക്കം കൊണ്ട് സുന്നത്തിന്റെ മുഖം പ്രശോഭിതമാക്കി. ബഹുദൈവാരാധനയെയും ബഹുദൈവ വിശ്വാസികളെയും നിന്ദ്യരാക്കി. അക്രമത്തിന്റെയും അജ്ഞതയുടെയും മൂക്കരിഞ്ഞു. അക്രമിയുടെ അതിക്രമങ്ങളെ അടിച്ചൊതുക്കി. പിശാചിന്റെ കള്ളസാക്ഷ്യങ്ങളെ തകര്‍ത്തെറിഞ്ഞു. പൊള്ളയായ ബാഹ്യാലങ്കാരങ്ങളെ ദുര്‍ബലമാക്കി. ഭൗതിക ജീവിതം കാപട്യത്തിന്റെ ചരക്ക് മാത്രമാണ്.''
''ഉത്തമനായ ഒരു വ്യക്തി എന്നോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. മുസ്‌ലിം സമുദായത്തില്‍ പെട്ട വലിയൊരു വൃന്ദം, അന്യമതക്കാരോട് സഹവസിച്ചതിന്റെ ഫലമായി അവരുടെ മതവിശ്വാസത്തിന് സാരമായ ഭംഗം വന്നതിനെക്കുറിച്ചൊക്കെ ചോദ്യത്തിലുണ്ട്. ഖുര്‍ആന്റെയും സുന്നത്തിന്റെയും മാത്രം അടിസ്ഥാനത്തില്‍ അവയ്‌ക്കെല്ലാം മറുപടി പറയാനാണ് ഞാന്‍ നിര്‍ബന്ധപൂര്‍വം തീരുമാനിക്കുന്നത് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള അന്തിമ പ്രതിവിധി നല്കാന്‍ സത്യമതത്തിന്റെ സാരോപദേശങ്ങള്‍ക്കു മാത്രമേ സാധിക്കൂ.''
സയ്യിദ് ഫദ്ല്‍ തങ്ങളുടെ ഉദ്ദതുല്‍ ഉമറാഅ് അതേ വിധമുള്ള രചനയാണ്. വിശുദ്ധ ഖുര്‍ആനിനോടും തിരുവചനങ്ങളോടുമുള്ള അതീവ ഭക്തി നിഴലിക്കുന്ന വരികളാണദ്ദേഹത്തിന്റേതും. ബ്രിട്ടീഷുകാരോടുള്ള വിരോധം അവരുടെ മതത്തോടും ശൈലിയോടുമൊക്കെയുള്ള വിരോധമായി വികസിക്കുന്ന രചനകളാണ് രണ്ടു പേരുടേതും. ബ്രിട്ടീഷുകാരുടെ മാപ്പിളവിരുദ്ധ നീക്കങ്ങങ്ങളും കൊലപാതകങ്ങളും കൊണ്ട് പ്രക്ഷുബ്ധമായ പശ്ചാത്തലത്തില്‍ രചനകളില്‍ അതിന്റെ സ്വാധീനം സാധ്യതയുള്ളതു തന്നെയാണ്. 1875 ല്‍ സാമ്രാജ്യത്വത്തിനെതിരെ ഉയര്‍ന്നുവന്ന ഇസ്‌ലാമിക നവോത്ഥാനത്തില്‍ ജമാലുദ്ദീന്‍ അഫ്ഗാനിയോടൊപ്പം അന്ന് യമനിലുണ്ടായിരുന്ന സയ്യിദ് ഫദ്ല്‍ തങ്ങളും പങ്കെടുത്തിട്ടുണ്ടെന്നും ചരിത്രമുണ്ട്. (ഡോ. കെ എം ബഹുവുദ്ദീന്‍, കേരള മുസ്‌ലിംകള്‍: ചെറുത്തു നില്പിന്റെ ചരിത്രം)

മമ്പുറം തങ്ങളും

മുഹമ്മദ് അബ്ദുര്‍റഹ്മാനും

സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ ഹജ്ജ് യാത്രയിലൂടെ നാടുകടത്തിയ ബ്രിട്ടീഷുകാര്‍ മുസ്‌ലിം മനസ്സിനെ അങ്ങേയറ്റം വേദനിപ്പിച്ചു. സയ്യിദ് ഫസല്‍ കുടുംബത്തെയും പേരമക്കളെയും മലബാറിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള മുസ്‌ലിം മനസ്സിന്റെ മോഹം സഫലമാക്കാന്‍ ഒരാള്‍ രംഗത്തുവന്നു; മുഹമ്മദ് അബ്ദുര്‍റഹ്മാന്‍! യൗവനത്തിന്റെ ചടുലതയും വേഗതയുമായിരുന്നു അബ്ദുര്‍റഹ്മാന്റെ കരുത്ത്. മുസ്‌ലിം സമുദായത്തിന്റെ വൈകാരിക പ്രശ്‌നമായാണ് അബ്ദുര്‍റഹ്മാന്‍ സാഹിബ് 'ഫസല്‍പ്രശ്‌ന'ത്തെ സ്വീകരിച്ചത്. മുസ്‌ലിംകളെ മുഴുവന്‍ ആകര്‍ഷിച്ച പ്രക്ഷോഭപദ്ധതിയാണ് സാഹിബ് മുന്നോട്ടുവെച്ചത്. ഈ പ്രശ്‌നത്തില്‍ തന്ത്രപരമായ നീക്കങ്ങളാണ് അദ്ദേഹം നടത്തിയത്.
അബ്ദുര്‍റഹ്മാന്‍ സാഹിബ് ഹജ്ജ് യാത്രയ്ക്കിടെ ഫസല്‍ കുടുംബത്തിലെ അനന്തരാവകാശികളെ തേടിക്കണ്ടെത്തി. അതിലൂടെ അവരുടെ അവസ്ഥയറിഞ്ഞു. എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തി ഒരു ലഘുലേഖ പുറത്തിറക്കി. ഈ ലഘുലേഖയുടെ അടിസ്ഥാനത്തില്‍ 1933 ജനുവരി 16ന് ഇ മൊയ്തു മൗലവിയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്നു. അബ്ദുര്‍റഹ്മാന്‍ സാഹിബ് ചെയ്ത പ്രസംഗം വികാരോജ്വലമായിരുന്നു. ചെയ്തുപോയ അപരാധത്തെ തിരുത്താന്‍ ബ്രിട്ടീഷുകാരോട് അഭ്യര്‍ഥിച്ച അദ്ദേഹം പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
''ഇപ്പോള്‍ സിറിയ, മിസ്‌റ്, ഹളര്‍മൗത്ത് മുതലായ സ്ഥലങ്ങളില്‍ കിടന്നു കഷ്ടപ്പെടുന്ന, മമ്പുറം സ്വത്തുക്കളുടെ യഥാര്‍ഥാവകാശികളെ സഹായിക്കാനും അവരെ നിയമാനുസൃതമായ മാര്‍ഗേണ പരിശ്രമിച്ചു നാട്ടില്‍ മടക്കിവരുത്തേണ്ടതിനും അവരുടെ എല്ലാ അവകാശങ്ങളും ഇന്നത്തെ കൈവശക്കാരില്‍ നിന്നു വീണ്ടെടുത്തു മലബാര്‍ മുസ്‌ലിംകളുടെ പ്രത്യാശ ഫലവത്താക്കിത്തീര്‍ക്കേണ്ടതിനും ഒരു കമ്മിറ്റിയെ ഈ യോഗം രൂപീകരിക്കുന്നു.''
33 അംഗങ്ങളുള്‍പ്പെടുന്ന മമ്പുറം റെസ്റ്റോറേഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെടുന്നത് ഈ യോഗത്തില്‍ വെച്ചാണ്. കൊയിലാണ്ടി പൂക്കോയ തങ്ങളായിരുന്നു പ്രസിഡന്റ്. അബ്ദുര്‍റഹ്മാന്‍ സാഹിബായിരുന്നു കമ്മിറ്റിയുടെ പ്രധാന സൂത്രശാലി. പാങ്ങില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ കാഫിറാണെന്ന് പ്രഖ്യാപിച്ച കാലമായിരുന്നു ഇതെന്ന് ഓര്‍ക്കുക. മമ്പുറത്ത് നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെ അവസാനിപ്പിക്കാന്‍ കൂടിയായിരുന്നു സാഹിബിന്റെ പ്രവര്‍ത്തനമെന്നു കരുതുന്നതിന് ഈ പശ്ചാത്തലത്തില്‍ പ്രസക്തിയുണ്ട്. മമ്പുറം തങ്ങളുടെ യഥാര്‍ഥ പിന്‍ഗാമികള്‍ മടങ്ങിയെത്തിയാല്‍ അത്തരം അനിസ്‌ലാമികതകള്‍ അവസാനിക്കുമെന്ന്, പുരോഗമന ചിന്തയുള്ള സാഹിബ് കരുതിയിട്ടുണ്ടാകാം. അതോടൊപ്പം മുസ്‌ലിം പൊതുമനസ്സിന്റെ ആഗ്രഹം സഫലമാക്കാനുള്ള അധ്വാനമായിത്തീരുകയും ചെയ്യും.
ഇ മൊയ്തു മൗലവി, ഹസന്‍കോയ മുല്ല, ചാക്കീരി അഹ്മദ് ചേറൂര്‍, കൊണ്ടോട്ടി നസ്വ്‌റുദ്ദീന്‍ തങ്ങള്‍, പി പി സി മുഹമ്മദ് കൊടുവായൂര്‍, എ വി മമ്മദ് കോയ ഹാജി തിരൂരങ്ങാടി, ഒ ചേക്കുട്ടി രണ്ടത്താണി, കെ കോയക്കുട്ടി മൗലവി തുടങ്ങിയവരായിരുന്നു കമ്മിറ്റിയംഗങ്ങള്‍. അല്‍അമീന്‍ പത്രം പ്രശ്‌നത്തെ ജനകീയമാക്കി.
സയ്യിദ് ഫദ്ല്‍ തങ്ങളുടെ പുത്രന്‍ സയ്യിദ് അലവിയെ അബ്ദുര്‍റഹ്മാന്‍ സാഹിബ് മലബാറിലേക്ക് ക്ഷണിച്ചു. മദ്രാസിലെത്തിയ അദ്ദേഹത്തെ ട്രെയിന്‍ മാര്‍ഗം രഹസ്യമായി പരപ്പനങ്ങാടിയിലെത്തിച്ചു. വിവരമറിഞ്ഞ ബ്രിട്ടീഷ് അധികാരികള്‍ തങ്ങളുടെ മലബാര്‍ പ്രവേശം തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. പരപ്പനങ്ങാടിയിലിറങ്ങാന്‍ അനുവദിച്ചില്ല. കോഴിക്കോട്ടെത്തിയതോടെ കലക്ടര്‍ റസ്സല്‍, തങ്ങളോട് എത്രയും വേഗം മലബാര്‍ വിടാന്‍ നിര്‍ദേശിച്ചു. നടക്കാവ് പള്ളിയിലെത്തിയ സയ്യിദ് അലവി തങ്ങളെ കാണാന്‍ മൂവായിരത്തോളം ആളുകള്‍ ഒരുമിച്ചു കൂടിയിരുന്നു.
തങ്ങളെ മാഹിയിലേക്ക് എത്തിക്കാനായിരുന്നു സാഹിബിന്റെ പദ്ധതി. ഫ്രഞ്ച് അധീനതയിലുള്ള മാഹിയില്‍ ബ്രിട്ടീഷുകാരുടെ ശല്യം ഒഴിവാക്കാനും മലബാറിലുള്ളവര്‍ക്ക് എത്തിപ്പെടാനും എളുപ്പമാണെന്ന് അദ്ദേഹം കണക്കുകൂട്ടി. മാഹിയിലേക്ക് പോകാന്‍ കോഴിക്കോട്ട് റെയില്‍വേസ്റ്റേഷനിലെത്തിയ തങ്ങളെ കാണാന്‍ നിറയെ ആളുകളെത്തി. ഇത് കലക്ടറെ ചൊടിപ്പിച്ചു. അബ്ദുര്‍റഹ്മാനെ വിളിച്ചുവരുത്തി ശാസിച്ചു. അല്‍അമീന്‍ പത്രത്തില്‍ മമ്പുറം പ്രശ്‌നത്തെ കുറിച്ച് ഇനിയെഴുതരുതെന്ന് താക്കീത് ചെയ്തു. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു: ''ഒരു വന്‍ പദ്ധതിയുടെയും ഗൂഢാലോചനയുടെയും ഫലമായി തീരാദുഖം അനുഭവിക്കുന്ന മമ്പുറം അവകാശികളോടുള്ള അനീതി ഗവണ്‍മെന്റ് പരിഹരിക്കണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമേ എനിക്കുള്ളൂ.''
പിറ്റേ ദിവസത്തെ മാതൃഭൂമിയിലും അല്‍അമീനിലും അബ്ദുര്‍റഹ്മാന്‍ സയ്യിദ് അലവി പ്രശ്‌നത്തിന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചു. കലക്ടറുടെ താക്കീത് പ്രകാരമുള്ള മാപ്പപേക്ഷയായിരുന്നു അത്. എന്നാല്‍ അല്‍അമീനില്‍ പ്രൗഢഗംഭീരമായ എഡിറ്റോറിയലിലൂടെ പ്രശ്‌നത്തിന്റെ വിശദാംശങ്ങള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്തു. ഇതോടെ സാഹിബിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതറിഞ്ഞ സാഹിബ് ഫറോക്കില്‍ നിന്ന് മദിരാശിയിലേക്ക് വണ്ടി കയറി. മദിരാശി ഗവണ്‍മെണ്ടിന്റെ നിയമമെമ്പര്‍ എം കൃഷ്ണന്‍ നായരുടെ വീട്ടില്‍ താമസിച്ചു.
1934 സപ്തംബര്‍ 30ന് സയ്യിദ് അലവി മാഹിയില്‍ നിന്നും ഈജിപ്തിലേക്ക് യാത്രയായി. ഇതേത്തുടര്‍ന്ന് സാഹിബിനെതിരായ ദുഷ്പ്രചാരണങ്ങള്‍ ചിലയിടങ്ങളിലുണ്ടായി. മമ്പുറം സ്വത്തുക്കള്‍ കൈയടക്കിയിരുന്നവരായിരുന്നു ഇതിന്റെ പിന്നില്‍. പക്ഷേ, സയ്യിദ് അലവി പുറത്തിറക്കിയ നോട്ടീസിലൂടെ യാഥാര്‍ഥ്യം ജനങ്ങളിലെത്തി.
മമ്പുറം റെസ്റ്റോറേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കേരള മുസ്‌ലിം മജ്‌ലിസ് കോണ്‍ഫറന്‍സും പിന്തുണ പ്രഖ്യാപിച്ചു. മജ്‌ലിസിന്റെ സമ്മേളനത്തില്‍ മമ്പുറം അവകാശികളെ മടക്കിക്കൊണ്ടുവരാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മദിരാശി നിയമസഭയില്‍ ബി പോക്കര്‍ സാഹിബ് ഈ പ്രശ്‌നം ഉന്നയിച്ചു. 1934ല്‍ നടന്ന ഡിസ്ട്രിക്ട് ബോര്‍ഡ് യോത്തില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് പ്രശ്‌നത്തിന്റെ ഗൗരവമുണര്‍ത്തുന്ന പ്രസംഗം നടത്തി. സാഹിബിനെതിരെ ദുഷ്പ്രചാരണം നടത്തിയ പി എം ആറ്റക്കോയ തങ്ങള്‍ ആ സദസ്സിലുണ്ടായിരുന്നു.
മദ്രാസ് ഗവര്‍ണര്‍ക്ക് മലബാര്‍ കലക്ടര്‍ മുഖേന ഈ പ്രശന നിവേദനം നല്‍കിയതും സാഹിബായിരുന്നു. കണോലി സായിപ്പിന്റെ ചില കത്തുകള്‍ ഉദ്ധരിച്ചുകൊണ്ട്, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ല എന്നു സ്ഥാപിച്ചുകൊണ്ടായിരുന്നു നിവേദനം. മമ്പുറം തങ്ങളെക്കുറിച്ചുള്ള അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത നിവേദനം, തങ്ങള്‍ കുടുംബത്തിന്റെ പണ്ഡിത പാരമ്പര്യത്തെയും സത്യാദര്‍ശത്തെയും കൂടി വിവരിക്കുന്നതില്‍ വിജയിച്ചു. മമ്പുറം തങ്ങള്‍ കുടുംബത്തെക്കുറിച്ച് മുസ്‌ലിംകളില്‍ നിലവിലുണ്ടായിരുന്ന ദൈവികപരിവേഷത്തെ ഒട്ടും സത്യപ്പെടുത്താതെയുള്ള വിവരണം, സാഹിബും മൊയ്തു മൗലവിയും തയ്യാറാക്കിയതാകാനാണ് സാധ്യത.
വിവിധ മാര്‍ഗങ്ങളിലൂടെ സാഹിബും സംഘവും ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ മദ്രാസ് നിയമസഭയില്‍ 1937ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. അബ്ദുര്‍റഹ്മാന്‍ സാഹിബ് എം എല്‍ എ ആയതോടെ കാര്യങ്ങള്‍ക്ക് വേഗത വന്നു. നിയമസഭാംഗമായതോടെ സാഹിബിന്റെ ആദ്യ ശ്രമം തന്നെ മാപ്പിള ഔട്ട്‌റേജസ് ആക്ട് റദ്ദ് ചെയ്യാനുള്ള ബില്ല് അവതരിപ്പിക്കാന്‍ അസംബ്ലിയില്‍ നോട്ടീസ് നല്‍കുകയായിരുന്നു. രാജാജി മന്ത്രിസഭ പ്രശ്‌നം ചര്‍ച്ചചെയ്തു. 1937 സപ്തംബര്‍ 15 മുതല്‍ പ്രസ്തുത ആക്ട് റദ്ദ് ചെയ്തു. മലബാറിലെങ്ങും ആഹ്ലാദപ്രകടനങ്ങള്‍! അല്‍അമീന്‍ പ്രത്യേക പതിപ്പ്! മാതൃഭൂമിയില്‍ മുഖപ്രസംഗം!
പ്രശ്‌നത്തില്‍ വമ്പിച്ച ജനപിന്തുണ പ്രതിഫലിപ്പിക്കാന്‍ സാഹിബ് മലബാറിലെങ്ങും 'ഒപ്പുവാരം' സംഘടിപ്പിച്ചു. അതിലൂടെ തയ്യാറായ ഭീമഹരജി 1937 നവംബറില്‍ കോഴിക്കോട്ടെത്തിയ മന്ത്രി യാക്കൂബ് ഹസന് സമര്‍പ്പിച്ചു. ഗവര്‍മെന്റ് തീരുമാനമെടുക്കാന്‍ വൈകിയതോടെ, പ്രശ്‌നപരിഹാരം നീണ്ടുപോയി. അതിനിടെ രാജാജി മന്ത്രിസഭ രാജിവെച്ചു. സാഹിബ് ജയിലിലായി. ജയില്‍മോചിതനായ ഉടനെ 1945 നവംബര്‍ 23ന് മരണപ്പെടുകയും ചെയ്തു.
സമരോത്സുകവും സുധീരവുമായ കര്‍മവസന്തങ്ങള്‍ നിറഞ്ഞ ആ മഹാജീവിതം പൊലിഞ്ഞതോടെ മമ്പുറം പ്രശ്‌നം അനാഥമായി. സാഹിബിനെതിരെ ദുഷ്പ്രചാരണങ്ങള്‍ സംഘടിപ്പിച്ചവര്‍ മമ്പുറം പള്ളിയുടെയും സ്വത്തിന്റെയും അവകാശികളായി. സാഹിബിനെയും സാഹിബിന്റെ മതനിലപാടുകളെയും നൃശംസിച്ചവര്‍, മമ്പുറത്ത് അന്ധവിശ്വാസങ്ങള്‍ക്ക് കൊഴുപ്പേകി. ഹൈന്ദവരീതികള്‍ മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുവരുന്നതിനെ അങ്ങേയറ്റം എതിര്‍ത്ത മമ്പുറം തങ്ങളുടെ പേരില്‍ ഇസ്‌ലാമിക വിരുദ്ധമായ ആചാരങ്ങളും ആഘോഷങ്ങളും ഇന്നും തുടരുന്നു. പെരുമ്പറ മുഴക്കുന്ന ദുര്‍വ്യാഖ്യാനങ്ങളിലൂടെ അവയ്‌ക്കെല്ലാം മതവര്‍ണം ചാര്‍ത്തുകയും ചെയ്യുന്നു.
മമ്പുറം തങ്ങളുടെ ജീവിതത്തെയും അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ഇവ്വിഷയകമായ ഇടപെടലുകളെയും തെറ്റിദ്ധരിപ്പിക്കാനും ദുര്‍വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ ഇന്നും സജീവമാക്കിയ പശ്ചാത്തലമുള്ളതുകൊണ്ടാണ് ഇത്രയും വിശദീകരണം വേണ്ടിവന്നത്.                              

പി എം എ ഗഫൂർ
ശബാബ് വാരിക 2011 ജനു:28, ഫെബ്രു: 4
0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes