Friday, June 14, 2013

മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?

                   മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?

                                                                                        ഡോ. ഹുസൈൻ മടവൂർ

                          വിശുദ്ധ മക്കയിൽ വെച്ചാണിതെഴുതുന്നത്. മസ്ജിദുൽ ഹറാമിൽ സുബഹി നമസ്കാരം കഴിഞ്ഞ് റൂമിലെത്തിയപ്പോൾ ആദ്യം ലഭിച്ച വിവരം പ്രമുഖ പണ്ഡിതൻ പി കെ അഹമ്മദലി മദനിയുടെ മരണവാർത്തയായിരുന്നു. ഉടൻ തന്നെ മദനിയുടെ മകൻ സുഹൈലിനെ വിളിച്ച് തഅ്സിയത്ത് അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അബ്ദുറഹിമാൻ അൻസാരിയുടെ വിയോഗം മൂലമുണ്ടായ വേദനകൾ മാറുന്നതിനു മുമ്പാണ് പ്രസ്ഥാന പ്രവർത്തകർക്ക് ഈ മരണവാർത്തയും കേൾക്കേണ്ടി വന്നത്. ഈ വിയോഗങ്ങളിൽ ഒരു അനുസ്മരണക്കുറിപ്പായല്ല ഈ വരികൾ എഴുതുന്നത്‌. മറിച്ച് പൂവണിയാത്ത ചില സ്വപ്‌നങ്ങൾ ബാക്കി വെച്ച് കൊണ്ടല്ലേ അവർ നമ്മെ വിട്ടുപോയത് എന്ന സങ്കടം സുമനുസ്സുകളുമായി പങ്ക് വെക്കുകയാണ്.
                        അഹമ്മദലി മദനി എന്നോട് അവസാനമായി പറഞ്ഞ ഒരു വാചകമുണ്ട് "ഇൻശാ അല്ലാഹ്, എല്ലാം ശരിയാവും. മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവും". അദ്ദേഹത്തിന്റെ മരണവാർത്തയെത്തിയപ്പോൾ ആ വാക്കുകൾ എന്റെ മനസ്സിൽ വല്ലാതെ പ്രകമ്പനം കൊള്ളുന്നതായി തോന്നി. ആ വാക്കുകളുടെ വികാരതീവ്രത എനിക്ക് ചുറ്റും തരംഗമുയർത്തുന്നതായി അനുഭവപ്പെട്ടു. മുജാഹിദ് പ്രസ്ഥാനം രണ്ടായ ശേഷം ഞങ്ങൾ കണ്ടുമുട്ടാറുള്ളത് മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗങ്ങളിലും വിവാഹ സദസ്സുകളിലും മരണ വീടുകളിലും തീവണ്ടി യാത്രകളിലുമാണ്. എന്നോടദ്ദേഹം അറബിയിൽ സംസാരിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. "യാ ശൈഖ്, കൈഫൽ ഹാൽ " എന്ന് പറഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങുക. രണ്ടു മാസം മുമ്പാണ് ഞങ്ങൾ അവസാനമായി കണ്ടത്. അന്നാണദ്ദേഹത്തിന്റെ മനസ്സിനുള്ളിലെ ആഗ്രഹം വാക്കുകളായി പുറത്തേക്ക് വന്നത്. പക്ഷേ ആ ആഗ്രഹം ബാക്കി വെച്ചേച്ചു കൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. പിറകെ നമ്മളും പോവാനിരിക്കുന്നു.
                       പത്തു വർഷത്തിലധികമായി മുജാഹിദ് പ്രസ്ഥാനം രണ്ടാണ്. അതൊന്നാകുമെന്നാണ് മദനി പറഞ്ഞത്. പിളർപ്പിലെക്കേത്തിച്ച കാരണങ്ങൾ പലതാണ്. അവയെക്കുറിച്ചുള്ള ചർച്ചയോ വിശകലനമോ ഇവിടെ പ്രസക്തമല്ല. സ്വാഭാവികമായും അതിന് പല ഭാഷ്യങ്ങളുണ്ടാകും. തെറ്റുകളും തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ട്. ചർച്ച ചെയ്യുന്തോറും ചെറിയ മുറിവുകൾ പോലും ആഴത്തിലുള്ള വൃണമായി മാറുന്ന കാഴ്ചയാണ് കണ്ടത്. അതിനാൽ അത്തരം ചർച്ചകൾ ഭാവിയിലും ഗുണത്തിലേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ആലോചിക്കേണ്ടത് ഈ സംഘടനക്കും സമുദായത്തിനും ഗുണപരമായ ഒരൈക്യത്തിന്റെ സാധ്യതകളെക്കുറിച്ചാണ്. ഒട്ടും മുൻവിധികകളോ ഔപചാരികതകളോയില്ലാതെ എന്റെ മനസ്സിൽ കടന്നു വന്ന ചില കാര്യങ്ങൾ കുറിക്കണം എന്ന് തോന്നിയതും അതുകൊണ്ടാണ്.
                      കെ എൻ ഇബ്രാഹിം മൗലവി, എ വി അബ്ദുറഹിമാൻ ഹാജി, കെ കെ മുഹമ്മദ്‌ സുല്ലമി, എൻ കെ അഹമ്മദ് മൗലവി, അലി അബ്ദുറസാഖ് മൗലവി, അമ്മാങ്കോത്ത് അബൂബക്കർ മൗലവി, എൻ പി അബ്ദുൽ ഖാദർ മൗലവി, പ്രൊഫസർ മങ്കട അബ്ദുൽ അസീസ്‌ മൗലവി, അബൂബക്കർ കാരക്കുന്ന്, പി സി അഹമ്മദ് ഹാജി, സി അബ്ദുള്ള ഹാജി, പി പി ഹുസൈൻ ഹാജി തുടങ്ങിയ നമ്മുടെ എത്രയെത്ര നേതാക്കളും പണ്ഡിതൻമാരുമാണ് കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ നമ്മെ വിട്ടു പിരിഞ്ഞു പോയത്. ഇവരിൽ പലരും സംഘടനയിൽ പുനരൈക്യമുണ്ടാകണമെന്ന് ആഗ്രഹിച്ചവരും ആ ആഗ്രഹം പ്രകടിപ്പിച്ചവരും അതിനായി പ്രവർത്തിച്ചവരുമാണ്. പക്ഷേ ആ സന്തോഷ വാർത്ത കേൾക്കാൻ അവർക്കാർക്കും ഭാഗ്യമുണ്ടായില്ല. കെ ഉമർ മൗലവി, കെ പി മുഹമ്മദ്‌ മൗലവി, ഡോ. ഉസ്മാൻ സാഹിബ് തുടങ്ങിയവരുടെ അവസാന കാലത്തുണ്ടായ സംഘടന പ്രശ്നങ്ങളിൽ അവർ അനുഭവിച്ച പ്രയാസങ്ങൾ ഞാനുമായി പങ്കു വെച്ചിട്ടുണ്ട്. ഉമ്മർ മൗലവി അത്യാസന്ന നിലയിലായിരുന്നപ്പോൾ ഞാനും മുഹമ്മദ്‌ കുട്ടശ്ശേരി മൗലവിയും പ്രൊഫ. പി അബ്ദുറഹിമാൻ സാഹിബും അദ്ദേഹത്തെ കാണാൻ ചെന്നു. മൗലവിയുടെ മകൻ മുബാറക് ഞാനുമായി മൗലവിക്കുണ്ടായ ചില തെറ്റിദ്ധാരണകൾ തിരുത്താനായി സംസാരം തുടങ്ങി. മൗലവി പറഞ്ഞു. "അതെല്ലാം വിട്, അതൊന്നും ഇനി പറയേണ്ട. എനിക്കെല്ലാം മനസ്സിലായി. എന്റെ മനസ്സിൽ ഇനിയൊന്നുമില്ല". എന്നെ മാറോടു ചേർത്തു പിടിച്ച് അല്ലാഹു ബർക്കത്താക്കട്ടെ എന്ന് പറഞ്ഞ് ചുംബനം തന്നാണ് മൗലവി എന്നെ യാത്രയാക്കിയത്.
                      ഇരുവിഭാഗത്തിലെയും പണ്ഡിതൻമാരും നേതാക്കളും പ്രവർത്തകരും രോഗികളാവുമ്പോഴും മരണപ്പെടുമ്പോഴും ഗ്രൂപ്പ് നോക്കാതെ നാം ഓടിയെത്തുന്നതും പ്രാർത്ഥിക്കുന്നതും മയ്യിത്ത് നമസ്കരിക്കുന്നതും പരസ്പരം കാത്തു സൂക്ഷിക്കുന്ന ഇഷ്ടവും ബഹുമാനവും കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഉമ്മ മരിച്ച വിവരമറിഞ്ഞ് ആദരണീയനായ എ പി അബ്ദുൽ ഖാദർ മൗലവി സുഖമില്ലാത്ത സമയത്ത് വളരെ പ്രയാസപ്പെട്ടാണ് എന്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ വീടിന്റെ കോലായയിൽ പ്രൌഡിയോടെ മൗലവി ഇരിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തപ്പോൾ ബാപ്പ മരിച്ചു പോയ എനിക്ക് ഒരു ബാപ്പയുണ്ടവിടെ എന്നാണനുഭവപ്പെട്ടത്‌.
                    എ പി അബ്ദുൽ ഖാദർ മൗലവി, സി പി ഉമർ സുല്ലമി, ഡോ . ഇ കെ അഹമ്മദ് കുട്ടി, ടി പി അബ്ദുല്ലക്കോയ മദനി, കരുവള്ളി മുഹമ്മദ്‌ മൗലവി, ഹൈദർ മൗലവി മുട്ടിൽ, അബ്ദുൽ ഹമീദ് മദീനി, മുഹമ്മദ്‌ കുട്ടശ്ശേരി, എം മുഹമ്മദ്‌ മദനി, പി കെ അഹമ്മദ് സാഹിബ്, അഡ്വ. പി എം മുഹമ്മദ്‌ കുട്ടി, ബാബു സേട്ട്, പി വി ഹസ്സൻ ഹാജി, പി പി അബ്ദുറഹിമാൻ മാസ്റ്റർ, പാലത്ത് അബ്ദുറഹിമാൻ മദനി, അബൂബക്കർ ഹാജി പുതിയങ്ങാടി, വി കെ മൊയ്തു ഹാജി, എൻ വി അബ്ദുറഹിമാൻ തുടങ്ങി ഇരുപക്ഷത്തെയും പ്രമുഖരെല്ലാം എല്ലാ അർത്ഥത്തിലും മുതിർന്ന പൌരന്മാരാണ്. ഇവരെയെല്ലാം ഞാൻ പലപ്പോഴും കാണാറുണ്ട്‌. അവർ തമ്മിൽ തമ്മിലും കാണാറുണ്ട്‌. അറുപതും എഴുപതും വയസ്സ് കഴിഞ്ഞ അവരും പറയാറുണ്ട്‌ ഇൻശാ അല്ലാഹ് എല്ലാം ശരിയാവുമെന്ന്. പക്ഷെ ശരിയാവുമ്പോഴേക്ക് നമ്മളുണ്ടാകുമോ എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. മരണവും പരലോകവും സത്യമാണെന്ന് വിശ്വസിക്കുന്ന നമുക്ക് ഇനി നീട്ടിവെക്കാൻ സമയമില്ല.
                        കൂരിരുട്ടിൽ എവിടെയോ ദൃശ്യമാകുന്ന ചില പ്രകാശ കിരണങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്. പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരുടെയുള്ളിൽ സന്തോഷം പകരുന്നതായിരുന്നു ഈയിടെ അരീക്കോട് നടന്ന പരിപാടി. നോട്ടീസും പ്രചരണവും പരിപാടിയും കണ്ടവർക്ക് മുജാഹിദ് പ്രസ്ഥാനം പിളർന്നിട്ടില്ലെന്നു തോന്നുന്ന വിധമായിരുന്നു അതിന്റെ സംഘാടനം. ഇരുപക്ഷത്തു നിന്നുമായി ഓരോ പണ്ഡിതൻമാർ ഒരേ വേദിയിൽ പ്രഭാഷണം നടത്തുന്ന മൂന്നു ദിവസത്തെ പരിപാടിയായിരുന്നു അത്. എൻ വി അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തിലുണ്ടായ ജംഇയ്യത്തുൽ മുജാഹിദീൻ ആണല്ലോ നദ് വത്തുൽ മുജാഹിദീൻ എന്ന പേരിന്റെ സ്രോതസ്സ്. ജംഇയ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ എൻ വി സകരിയ്യ മൗലവിയുടെ ശ്രമങ്ങൾ മൂലം പ്രസ്ഥാനത്തിൽ ഐക്യത്തിന്റെ വിത്ത്‌ പാകാൻ കഴിഞ്ഞാൽ അതൊരു ചരിത്ര സംഭവമാകുമെന്നുറപ്പാണ്.
                   പിളർപ്പിൽ വേദന പൂണ്ട് ഇരുപക്ഷത്തും സജീവമാകാതെ നില്ക്കുന്ന നിസ്വാർത്ഥരായ മുജാഹിദ് പ്രവർത്തകന്മാർ ഉയർത്താറുള്ള ചില ചോദ്യങ്ങളുണ്ട്. അരീക്കോട് വെച്ച് രണ്ടു കൂട്ടർക്കും ഒന്നിച്ച് പരിപാടി നടത്താം. കടലുണ്ടിയിലും കാരക്കുന്നത്തും വടകരയിലും കടവത്തൂരിലും പുളിക്കലും രണ്ടത്താണിയിലും തിരൂരിലും മറ്റു പല മഹല്ലുകളിലും ഒന്നിച്ചു പ്രവർത്തിക്കാം. എറണാകുളത്ത് ബാബു സേട്ട് പ്രസിഡന്റായുള്ള പള്ളിയിൽ സലാഹുദ്ധീൻ മദനിയാണ് ഖത്തീബ്. പി കെ അഹമ്മദ് സാഹിബ് പ്രസിഡന്റായുള്ള നടക്കാവ് പള്ളിയിൽ ബഷീർ പട്ടേൽതാഴമാണ് ഖത്തീബ്. ടി പി അബ്ദുല്ലക്കോയ മദനിയുടെ കടലുണ്ടി പള്ളിയിൽ വർഷത്തിൽ ആറു മാസം അലി മദനിയാണ് ഖത്തീബ്. കോഴിക്കോടുൾപ്പെടെ ഇരുവിഭാഗവും സംയുക്തമായി ഈദ് ഗാഹുകൾ നടത്തുന്നുണ്ട്. ഇവിടെയെല്ലാം ഒന്നിച്ചു പ്രവർത്തിക്കാമെങ്കിൽ അത് എല്ലാ നാട്ടിലും സംസ്ഥാന തലത്തിലും വ്യാപിപ്പിക്കാൻ എന്താണ് നിങ്ങൾക്ക് തടസ്സം?. ചോദ്യത്തിനുത്തരം പറയേണ്ടത് ഞാനടക്കമുള്ള ഭാരവാഹികളാണ്.
                    റൌസത്തുൽ ഉലൂം അറബിക്കോളേജിലെ ഒരു പരിപാടിയിൽ ഞാനും എ പി അബ്ദുൽ ഖാദർ മൗലവിയും ഒന്നിച്ചിരുന്നു സംസാരിക്കുന്ന ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിച്ചപ്പോൾ അതിനുണ്ടായ പ്രതികരണങ്ങൾ മുജാഹിദ് പ്രവർത്തകരുടെ ഹൃദയ വികാരം വിളിച്ചോതുന്നതായിരുന്നു. ഒരു പുസ്തക പ്രകാശന വേളയിൽ ഞാനും ടി പി അബ്ദുല്ലക്കോയ മദനിയും ഒപ്പമിരുന്ന് സംസാരിക്കുന്നത് ഒരപൂർവ ദൃശ്യം കണക്കെ ചിലർ കാമറയിൽ പകർത്തുന്നത് കണ്ടു. അപ്പോൾ ടി പി അവരോടു പറഞ്ഞത് 'ഇതിൽ പുതുമയില്ല, ഞങ്ങളിങ്ങനെ പലപ്പോഴും കൂടിയിരിക്കാറുണ്ട്' എന്നാണ്. മുഹമ്മദ്‌ കുട്ടശ്ശേരി മൗലവിയുടെ ഇസ്ലാമിക ചരിത്ര പുസ്തക പ്രകാശന ചടങ്ങിൽ മൗലവിയുടെ പാണ്ഡിത്യത്തെയും ജീവിത മാതൃകയെയും കുറിച്ച് ഏറ്റവും കൂടുതൽ മനസ്സിൽ തട്ടി സംസാരിച്ചത് പി കെ അഹമ്മദ് സാഹിബായിരുന്നു. മൗലവിയോട് അഹമ്മദ് സാഹിബ് വെച്ചു പുലർത്തുന്ന ആദരവിന്റെ അടയാളമെന്നോണം പ്രസ്തുത പുസ്തകത്തിന്റെ നിരവധി കോപ്പികൾ അദ്ദേഹം സ്പോൻസർ ചെയ്തു വിതരണം ചെയ്യുകയുമുണ്ടായി.
                   മുജാഹിദ് സംഘടനകളുടെ ഐക്യ ദൗത്യവുമായി മക്കയിലെ റാബിത്തത്തുൽ ആലമിൽ ഇസ്ലാമിയുടെ സെക്രട്ടറി ശൈഖ് മുഹമ്മദ്‌ നാസിർ അബൂദി കോഴിക്കോട് വന്നു ഇരുവിഭാഗവുമായും ചർച്ച നടത്തിയിരുന്നു. മുസ്‌ലിം ലീഗിന് മുജാഹിദ് പിളർപ്പ് മൂലം വലിയ വിഷമമാണുണ്ടായതെന്ന് മുഹമ്മദലി ശിഹാബ് തങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ലീഗ് പിളർന്നത് പോലെയാണ് പ്രശ്നങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. ശിഹാബ് തങ്ങളുടെ നിർദ്ദേശമനുസരിച്ച് കുഞ്ഞാലിക്കുട്ടി സാഹിബ് പല തവണ ഐക്യ ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നീട് ഹൈദരലി തങ്ങളുടെ താത്പര്യപ്രകാരം ഇ ടി മുഹമ്മദ്‌ ബശീർ സാഹിബും കെ പി എ മജീദ്‌ സാഹിബും ശ്രമം തുടരുന്നു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. സെയ്താലിക്കുട്ടി, അംഗങ്ങളായ എം സി മായിൻ ഹാജി, പി വി സൈനുദ്ദീൻ, പി പി അബ്ദുറഹിമാൻ പെരിങ്ങാടി എന്നിവരുടെ ശ്രമങ്ങളും അവസാനിപ്പിച്ചിട്ടില്ല. വ്യവസായ പ്രമുഖരായ പി വി അബ്ദുൽ വഹാബ്, ഗൾഫാർ മുഹമ്മദലി, എം എ യൂസഫ്‌ അലി, കെ വി കുഞ്ഞമ്മദ് കോയ, സി പി കുഞ്ഞിമുഹമ്മദ്‌ തുടങ്ങിയ സൗഹൃദ വേദി നേതാക്കൾ പല തവണ ഈ വിഷയം ചർച്ച ചെയ്തതാണ്. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, എളമരം കരീം, ബിനോയ്‌ വിശ്വം, വീരേന്ദ്ര കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഒരു പുരോഗമന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തെ ഒന്നിപ്പിക്കാൻ തങ്ങളാലാവുന്നത് ചെയ്യാൻ തയ്യാറാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഒന്നാവുന്നില്ലേ, ഞങ്ങൾ പഴയ മുജാഹിദുകൾക്ക് ചിലത് ചെയ്യേണ്ടി വരുമെന്ന സ്നേഹ ശാസനയുമായി സീതി ഹാജിയുടെ മകൻ പി കെ ബഷീർ എം എൽ എ യും രംഗത്തുണ്ട്.
                     ചെറിയമുണ്ടം അബ്ദുൽ ഹമീദ് മൗലവി പറയുകയും എഴുതുകയും ചെയ്യുന്ന ഒരു ഫോർമുലയുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രധാന ആദർശം തൗഹീദ് ആണ്. തൗഹീദിൽ ആർക്കും ഒരു കുറവും വന്നിട്ടില്ല. ശിർക്ക് അല്ലാത്ത ഏതു പാപവും അല്ലാഹു അവൻ ഇഷ്ടപ്പെട്ടവർക്ക് പൊറുത്തു കൊടുക്കും. എങ്കിൽ ഈ ശിർക്കല്ലാത്ത തെറ്റുകുറ്റങ്ങൾ നമുക്ക് പരസ്പരം പൊറുത്തു കൂടേ. ചെയ്തു പോയ തെറ്റുകൾ പൊറുത്തു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന നാം തന്നെ നമ്മോടു ആരെങ്കിലും ചെയ്ത തെറ്റുകൾ പൊറുക്കില്ലെന്ന് പറയുന്നതിൽ എന്ത് ദീനാനുള്ളത്?. ഞാൻ മക്കയിൽ വെച്ചാണ് ഇതെഴുതുന്നത്. എന്നെ ഉപദ്രവിച്ചവരും അഭിമാനത്തിന് ക്ഷതമേൽപ്പിച്ചവരും യാത്ര മുടക്കിയവരും ഭീഷണിപ്പെടുത്തിയവരുമുണ്ട്. ഞാൻ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ എന്റെ മേൽ ആരോപിച്ചവരുണ്ട്. അവർക്കെല്ലാം അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് ഞാൻ മാപ്പ് നല്കിയിരിക്കുന്നു. എന്റെ ഭാഗത്ത് നിന്ന് വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ ബന്ധപ്പെട്ടവരോട് മാപ്പിരക്കുന്നു. ഈ പ്രസ്ഥാനം ഐക്യത്തോടെ മുന്നോട്ട് പോവുകാൻ എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യണമോ അവയൊക്കെയും വ്യക്തിപരമായി ചെയ്യുവാൻ ഞാൻ സന്നദ്ധനുമാണ്.
                   ഇക്കാര്യങ്ങൾ ഇപ്പോൾ പറയുന്നത് എന്റെ സംഘടനക്ക് എന്തെങ്കിലും ദുർബലതയോ ക്ഷീണമോ ഉള്ളത് കൊണ്ടാണെന്ന് ആരും ധരിക്കരുത്. അത്തരത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല. ഞാൻ പ്രതിനിധാനം ചെയ്യുന്ന സംഘടന താഴെ മുതൽ മീതെ വരെ വളരെ ശക്തമാണ്. എല്ലാ ഘടകങ്ങളും വളരെ ശാസ്ത്രീയമായി സംഘടിപ്പിച്ചു കഴിഞ്ഞു. മാത്രമല്ല, സമ്പൂർണമായ ഐക്യത്തോടെയും ഒത്തൊരുമയോടെയും വ്യവസ്ഥാപിതമായി കാര്യങ്ങൾ മുന്നോട്ടു പോകുന്നുമുണ്ട്. അഖിലേന്ത്യാതലത്തിൽ ഇതിനകം തന്നെ വലിയ അംഗീകാരവും ആയിക്കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ക്രമാനുഗതമായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആശാവഹമായ പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഞങ്ങളുടെ ഇസ്ലാഹി സെന്ററുകൾക്കു കൂടുതൽ സ്വീകാര്യതയും ഔദ്യോഗിക സ്വഭാവവും ഉണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളും വേണ്ടത്ര ആയിക്കഴിഞ്ഞു. പണ്ഡിതൻമാരും പ്രവർത്തകരും ധാരാളം. ഭൗതിക വിഭവങ്ങളും സാമ്പത്തിക സ്രോതസ്സുകളും വർദ്ധിച്ചിട്ടുണ്ട്. എന്നാലും കാലഘട്ടത്തിന്റെ താത്പര്യവും ഇസ്ലാഹി ആദർശത്തിന്റെ ഭാവിയും ഓർത്തുകൊണ്ടാണ് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ഇത്രയും പറയുന്നത്.
ഈ കുറിപ്പിന് എന്റെ പക്ഷത്തും മറുപക്ഷത്തും എന്ത് പ്രതികരണമുണ്ടാകുമെന്ന് അറിയില്ല. എന്റെ മനസ്സ് ഞാൻ തുറന്നു വെക്കുകയാണ്. സഹപ്രവർത്തകരും മറുപക്ഷത്തുള്ളവരും ആ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമെന്ന് വിശ്വസിക്കുന്നു. ഈ നിർദ്ദേശങ്ങൾക്ക് മറ്റൊരർത്ഥവും നല്കരുത് എന്ന് അഭ്യർത്ഥിക്കുകകയും ചെയ്യുന്നു. ചർച്ചകൾ പലത് നടന്നു. ഐക്യം മാത്രം നടന്നില്ല. കൂടുതൽ മദ്ധ്യസ്ഥന്മാരില്ലാതെ തന്നെ നമുക്ക് സ്വയം ഐക്യപ്പെടാൻ വഴി തേടുകയാണ് ഇനി വേണ്ടത് . ആര് ആരെ വിളിക്കണമെന്നതൊന്നും പ്രശ്നമല്ല. ഈ പ്രസ്ഥാനം ഏറ്റെടുത്ത ചരിത്ര ദൗത്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തി പകരാനും ഐക്യം പുന:സ്ഥാപിക്കാനും ആർക്കും പരസ്പരം വിളിക്കാം. സ്നേഹപൂർണമായ ഒരു ഔപചാരികത ആവശ്യമെന്നുണ്ടെങ്കിൽ എല്ലാവർക്കും സുസമ്മതരും മുജാഹിദ് പ്രസ്ഥാനത്തിൽ ദീർഘകാല പ്രവർത്തന പാരമ്പര്യവുമുള്ള പി കെ അഹമദ് സാഹിബോ പി വി അബ്ദുൽ വഹാബ് സാഹിബോ വിളിച്ചാൽ എല്ലാവരും വരുമെന്നാണെന്റെ വിശ്വാസം. ഇൻശാ അല്ലാഹ്, ഒരു പ്രശ്നവുമില്ല, മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവുമെന്ന അഹമ്മദലി മദനിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന സുദിനത്തിനായി നാം കാത്തിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
 (വർത്തമാനം ദിനപത്രം 2013 ജൂൺ 15)

2 comments:

ബെഞ്ചാലി said...

ഹൃദയത്തിന്റെ ഭാഷ! അതിലപ്പുറം എന്തുണ്ട് തുറന്നുവെക്കാൻ! മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവുമെന്ന അഹമ്മദലി മദനിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന സുദിനത്തിനായി നാം കാത്തിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

Sharafudheen Pallippuram said...

പുതുതായി തട്ടിക്കൂട്ടിയ സംഘടനകളൂം സമന്തര പ്രവർത്തനങ്ങളും അവസാനിപ്പിച്ച് മാതൃ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുക. വളരേ ലളിതം. കേരളാ കോൺഗ്രസ്സ് ലയനം പോലെ സ്ഥാനമാനങ്ങൾ വീതിക്കണം എന്ന നിർദ്ദേശമാണോ ഈ ലേഖനത്തിന്റെ മുഖ്യ മർമ്മം ?

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes