അല്ലാഹുവിന്റെ സിംഹാസനാരോഹണവും വിശേഷണങ്ങളെ വ്യാഖ്യാനിക്കലും

            അല്ലാഹുവിന്റെ സിംഹാസനാരോഹണം:
                 മുന്‍ഗാമികളുടെ വീക്ഷണമെന്ത്?

                          (അബ്ദുസ്സലാം സുല്ലമി, ശബാബ്, 2009 ജൂലായ് 3)

 


രാജാക്കന്മാര്‍ സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെയാണ് അല്ലാഹു സിംഹാസനത്തില്‍ ആരോഹണംചെയ്തതെന്നാണ് ഖുര്‍ആനിലും ഹദീസുകളിലും വന്നതിന്റെ ഉദ്ദേശ്യമെന്ന് മുന്‍ഗാമികളില്‍ ആരും അവകാശപ്പെട്ടിട്ടില്ല. അതായത് സിംഹാസനം അല്ലാഹുവിനെ വഹിക്കുന്നു. അല്ലാഹു വഹിക്കപ്പെട്ടവന്‍  ആണ് എന്ന് സലഫികള്‍ വിവക്ഷിച്ചിട്ടില്ല. അല്ലാഹു വഹിക്കപ്പെട്ടവന്‍ അല്ലെന്ന് അവരെല്ലാം വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റ). എന്നാല്‍ അല്ലാഹു വഹിക്കപ്പെട്ടവന്‍ എന്ന നിലയ്ക്കാണ് നവയാഥാസ്ഥിതികര്‍ അല്ലാഹുവിന്റെ സിംഹാസനാരോഹണത്തെ അവതരിപ്പിക്കുന്നത്. ഇതുകൊണ്ടാണ് സന്ദര്‍ഭോചിതം ഇവയെ വ്യാഖ്യാനിക്കാന്‍ പാടില്ലെന്നും അവര്‍ ജല്പിക്കുന്നത്. മുന്‍ഗാമികളുടെ വീക്ഷണം നമുക്ക് പരിശോധിക്കാം.

1. ''ശേഷം അവന്‍ സിംഹാസനത്തിന്മേല്‍ ആരോഹണം ചെയ്തു'' (അഅ്‌റാഫ് 54). അമാനി മൗലവിഎഴുതുന്നു: ''എന്നാല്‍ മഹാന്മാരായ പലരും പ്രസ്താവിച്ചതു പോലെ അല്ലാഹുവിന്റെ അര്‍ശ് (സിംഹാസനം) എപ്രകാരത്തിലുള്ളതായിരിക്കുമെന്ന് കണക്കാക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇമാം റാഗിബ്(റ) അദ്ദേഹത്തിന്റെ അല്‍മുഫ്‌റദാത്ത് എന്ന നിഘണ്ടുവില്‍ പറയുന്നു: അല്ലാഹുവിന്റെ അര്‍ശിനെക്കുറിച്ച് അതിന്റെ പേരല്ലാതെ അതിന്റെ യാഥാര്‍ഥ്യത്തെപ്പറ്റി മനുഷ്യര്‍ക്ക് അറിയാവതല്ല. പൊതുജനങ്ങള്‍ ഊഹിക്കുന്നതുപോലെയുള്ളതല്ല അത്. അങ്ങനെയാണെങ്കില്‍ അത് അവനെ (അല്ലാഹുവിനെ) വഹിച്ചുകൊണ്ടിരിക്കുന്നതായിരിക്കണമല്ലോ. അല്ലാഹുവാകട്ടെ അതില്‍ നിന്നും എത്രയോ ഉന്നതനുമാകുന്നു.'' (വിശുദ്ധഖുര്‍ആന്‍ വിവരണം 2:1102)
ഈ ഊഹം തന്നെയാണ് നവയാഥാസ്ഥിതികര്‍ക്കും ഉള്ളത്. ഇമാം റാഗിബ്(റ) സലഫിയല്ലെന്നും ഇവര്‍ ജല്പിച്ചേക്കും. അല്ലാഹു സിംഹാസനത്തിന്മേല്‍ ഇരിക്കുന്ന രീതി നമുക്കറിയുകയില്ല എന്ന് ഇമാം മാലിക്കിന്റെ(റ) അഭിപ്രായം ഇവര്‍ ഉദ്ധരിക്കാറുണ്ടെങ്കിലും നാം ആദ്യത്തെ അത്തഹിയ്യാത്തില്‍ ഇരിക്കുന്ന രീതിയിലാണോ അതല്ല അവസാനത്തെ അത്തഹിയ്യാത്തില്‍ ഇരിക്കുന്ന രീതിയിലാണോ അതല്ല മറ്റു രീതിയിലാണോ എന്നതു നമുക്കറിയുകയില്ല എന്നാണ് ഇവര്‍, പിഴച്ച കക്ഷികള്‍ പറയുന്നതു പോലെ പറയുന്നതും. ഇമാം റാഗിബും(റ) ഇബ്‌നുതൈമിയ്യ(റ)യും അല്ലാഹുവിനെ സിംഹാസനം വഹിച്ചിട്ടില്ലെന്നും അല്ലാഹു വഹിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമായി പറയാറുള്ളതുപോലെ ഇവര്‍ ഒരിക്കലും പറയാറില്ല. ഇരിക്കുക എന്നത് നാം സാധാരണയായി പറയുന്ന അര്‍ഥത്തിലല്ല എന്ന് സലഫികള്‍ എല്ലാവരും വ്യക്തമാക്കുന്നു. നവയാഥാസ്ഥിതികര്‍ നാം സാധാരണ പറയുന്ന ആശയത്തിലാണെന്നും എന്നാല്‍ ഇരുത്തത്തിന്റെ രൂപം ഏത് രീതിയിലാണെന്ന് അറിയുകയില്ലെന്നുമാണ് വീക്ഷിക്കുന്നത്.
സലഫികളുടെ വാദവും ഇവരുടെ വാദവും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ബാഹ്യാര്‍ഥത്തില്‍ തന്നെ ഇവയെ പരിഗണിക്കണമെന്ന വാദം പിഴച്ച കക്ഷികളായ മുജസ്സിമത്തിന്റെയും കറാമിയ്യത്തിന്റെയും വീക്ഷണമാണ്. അമാനി മൗലവി എഴുതുന്നത് കാണുക: ''അര്‍ശില്‍ അവന്‍ ആരോഹണം ചെയ്തു എന്ന വാക്യത്തിന്റെ ഭാഷാര്‍ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അര്‍ശിന്മേല്‍ ഇരിക്കുകയാണെന്നും മറ്റും ചില ആളുകള്‍ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ. അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണവിശേഷണങ്ങളുടെ പരിശുദ്ധിയെ നിരാകരിക്കലുമാണത്. ഒരു കാര്യം ഇവിടെ വിസ്മരിക്കാവതല്ല. ഇസ്തവാ അലല്‍ അര്‍ശി എന്ന വാക്യത്തിന്റെ അര്‍ഥം അവന്‍ അധികാരം ഏറ്റെടുത്തുവെന്നല്ലെങ്കിലും ആകാശഭൂമികളുടെ ആജ്ഞാധികാരവും കൈകാര്യ നിയന്ത്രണവും അവന്റെ പക്കലാണെന്ന് ആ വാക്യം സൂചിപ്പിക്കുന്നുവെന്നുള്ളതില്‍ സംശയമില്ല. ആ വാക്യത്തെ തുടര്‍ന്നു യൂനുസിലും സജദയിലും കാണാവുന്നതു പോലെ അവന്‍ കാര്യം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്നോ ആ അര്‍ഥത്തിലുള്ളതോ ആയ വാചകങ്ങള്‍ പല സൂറത്തുകളിലും കാണുന്നതും അതുകൊണ്ടാകുന്നു. ഈ വചനത്തിലും തന്നെ തുടര്‍ന്നുകൊണ്ടു രാപ്പകലുകളുടെയും സൂര്യചന്ദ്ര നക്ഷത്രങ്ങളുടെയും നിയന്ത്രണങ്ങളും എല്ലാറ്റിന്റെയും സൃഷ്ടിപ്പും ആജ്ഞാധികാരവും അവനാണെന്നും പറഞ്ഞിരിക്കുന്നു.'' (2:1102)

ആകാശഭൂമികളെ ആറ് ഘട്ടങ്ങളിലായി സൃഷ്ടിച്ചുവെന്ന് പറഞ്ഞ ശേഷമാണ് അതിന് ശേഷം അവന്‍ സിംഹാസനത്തില്‍ ആരോഹണം ചെയ്തുവെന്ന് പറയുന്നത്. സൃഷ്ടിച്ച ശേഷം നിയന്ത്രണാധികാരവും സംരക്ഷണവും സംഹാരവും അവന്‍ മലക്കുകള്‍ക്കോ മറ്റു വല്ല ആരാധ്യന്മാര്‍ക്കോ വിട്ടുകൊടുത്തിട്ടില്ല. അല്ലാഹുവിന്റെ കല്പന പ്രകാരവും ഉദ്ദേശ്യപ്രകാരവും മലക്കുകള്‍ ചിലത് ചെയ്യുന്നു എന്നുമാത്രം. അവര്‍ക്ക് അതിന് സ്വതന്ത്ര ഉദ്ദേശ്യമോ നിയന്ത്രണമോ ഇല്ല. ഈ മഹത്തായ തത്വം സിംഹാസനത്തില്‍ അവന്‍ ഉപവിഷ്ടനായി എന്ന് അല്ലാഹു പറയുന്നതില്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് എ അലവി മൗലവി, അമാനി മൗലവി, മൂസാമൗലവി മുതലായവര്‍ എഴുതുകയും കെ പി മുഹമ്മദ് മൗലവി പരിശോധിക്കുകയും ചെയ്ത ഈ പരിഭാഷയില്‍ പ്രഖ്യാപിക്കുന്നു. ഇസ്‌ലാമില്‍ നിന്ന് പിഴച്ചുപോയ കക്ഷികളാണ് ഈ തത്വത്തെ സൂക്തം ഉള്‍ക്കൊള്ളുന്നില്ലെന്ന് ജല്പിച്ച് നിഷേധിക്കുന്നത്.
2. ''അവന്‍ മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവുമാണ്'' (തൗബ 129). അമാനി മൗലവി എഴുതുന്നു: ''മഹത്തായ അര്‍ശിന്റെ നാഥനും അഥവാ ലോകാലോകങ്ങളുടെ ഭരണാധിപനും ഉടമസ്ഥനും അവന്‍ മാത്രമാണ്'' (2:1379). ഇബ്‌നുജരീര്‍(റ) എഴുതുന്നു: ''എല്ലാം അവനാണ് ഉടമയാകുന്നത്. സര്‍വരാജാക്കന്മാരും അവന്റെ അടിമകളും ഭൃത്യന്മാരുമാണ്'' (11:80). ഇബ്‌നുകസീര്‍(റ) വ്യാഖ്യാനിക്കുന്നു: ''അതായത് എല്ലാറ്റിന്റെയും ഉടമസ്ഥനും സ്രഷ്ടാവും അവനാണ്.'' (2:529)
3. ''ശേഷം അവന്‍ സിംഹാസനത്തില്‍ ആരോഹണം ചെയ്തു. കാര്യം അവന്‍ നിയന്ത്രിക്കുന്നു.'' (യൂനുസ് 3) അമാനി മൗലവി എഴുതുന്നു: ''ആറ് പ്രത്യേക ഘട്ടങ്ങളായിരിക്കും ആറ് ദിവസം കൊണ്ടുദ്ദേശ്യമെന്നും ആരോഹണത്തിന്റെ സ്വഭാവത്തെപ്പറ്റി അത് ഇന്ന പ്രകാരത്തിലായിരിക്കുമെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുകയില്ലെന്നും ഈ  വചനത്തില്‍ കാണുന്നതു പോലെ അഖില കാര്യങ്ങളും ചിട്ടയോടും വ്യവസ്ഥയോടും കൂടി അവന്‍ നിയന്ത്രിച്ചു പോരുന്നുവെന്ന യാഥാര്‍ഥ്യമാണ് നാം അതില്‍ നിന്ന് മനസ്സിലാക്കേണ്ടതെന്നും അവിടങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.'' (2:1383)
4. ''പിന്നെ അവന്‍ സിംഹാസനസ്ഥനാവുകയും ചെയ്തു. സൂര്യനെയും ചന്ദ്രനെയും അവന്‍ കീഴ്‌പ്പെടുത്തുകയും ചെയ്തു'' (റഅ്ദ് 2). അമാനി മൗലവി എഴുതുന്നു: ''അല്ലാഹുവിന്റെ സിംഹാസനത്തെ സംബന്ധിച്ച് അതെങ്ങനെയെന്ന് തിട്ടപ്പെടുത്താന്‍ നമുക്ക് സാധ്യമല്ലെങ്കിലും ചെറുതും വലുതുമായ അഖിലാണ്ഡ കാര്യങ്ങളെല്ലാം അവന്റെ അധികാരത്തിലും നിയന്ത്രണത്തിലും മാത്രമാണ് നടക്കുന്നതെന്ന തത്വമാണ് അതില്‍ അടങ്ങിയിരിക്കുന്നത്. തുടര്‍ന്നുള്ള വാക്യങ്ങളില്‍ നിന്നുതന്നെ ഇതു വ്യക്തമാകുകയും ചെയ്യുന്നു.'' (2:1580)
5. ''പരമ കാരുണികനായുള്ളവന്‍ അര്‍ശില്‍ ആരോഹണം ചെയ്തിരിക്കുന്നു. അവന്റേതാണ് ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും'' (ത്വാഹ 5,6). അമാനി മൗലവി എഴുതുന്നു: ''ആരോഹണത്തിന്റെ രൂപം എന്താണെന്ന് നമുക്ക് അറിയുക സാധ്യമല്ല. ഇത്തരം വിഷയങ്ങളില്‍ ഇമാം മാലിക്(റ) പോലെയുള്ള മുന്‍ഗാമികളായ മഹാ പണ്ഡിതന്മാര്‍ സ്വീകരിച്ച നയമാണ് ഏറ്റവും സുരക്ഷിതമായിട്ടുള്ളത്... എന്നാല്‍ പിന്‍ തലമുറയിലെ പണ്ഡിതന്മാരില്‍ ഒരു വിഭാഗക്കാര്‍ ഇത്തരം വിഷയങ്ങളില്‍ തഅ്‌വീല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പുതിയ നയം സ്വീകരിക്കാറുണ്ട്. അതായത് സന്ദര്‍ഭത്തോടു യോജിപ്പിക്കുമെന്ന് കാണപ്പെടുന്ന ഒരു വ്യാഖ്യാനം കൊടുത്തു യോജിപ്പിക്കുക എന്നാണ് അതുകൊണ്ട് വിവക്ഷ. മുന്‍ഗാമികള്‍ സ്വീകരിച്ചുവന്ന നയമാണ് കൂടുതല്‍ സുരക്ഷിതമായി നാം കാണുന്നത്. അതില്‍ പിഴവും അബദ്ധവും പിണയാനില്ല.'' (3:1975). വ്യാഖ്യാനിക്കല്‍ നിഷിദ്ധവും അല്ലാഹുവിന്റെ വിശേഷണങ്ങളെ നിഷേധിക്കലും തൗഹീദില്‍ നിന്നുള്ള വ്യതിയാനവുമാണെന്ന് മുജാഹിദ് പണ്ഡിതന്മാര്‍ ഇവിടെ പറയുന്നില്ല. ഈ പരിഭാഷയില്‍ തന്നെ വ്യാഖ്യാനിച്ചതിന് ധാരാളം തെളിവുകള്‍ ഉദ്ധരിച്ചു. വ്യാഖ്യാനിക്കാതിരിക്കുന്നത് കേവലം ചില സ്ഥലങ്ങളില്‍ മാത്രമാണ്. ബഹുഭൂരിപക്ഷം സൂക്തങ്ങളെയും വ്യാഖ്യാനിക്കുകയാണ് ചെയ്തിട്ടുള്ളത്.
6. ''നിന്റെ റബ്ബിന്റെ സിംഹാസനം അന്ന് അവരുടെ മീതെയായി എട്ടു കൂട്ടര്‍ വഹിക്കുന്നതുമാണ്'' (അല്‍ഹാഖ 17). അമാനി മൗലവി എഴുതുന്നു: ''സ്ഥലകാലങ്ങളില്‍ നിന്നും സൃഷ്ടികളുമായുള്ള എല്ലാവിധ സാദൃശ്യങ്ങളില്‍ നിന്നും പരിശുദ്ധനാണല്ലോ അല്ലാഹു. അതുകൊണ്ട് നമ്മുടെ ഐഹിക കോടതികളെപ്പറ്റി നാം വിഭാവനം ചെയ്യുന്നതു പോലെയുള്ള യാതൊരു വിഭാവനയും ലോകസ്രഷ്ടാവായ അല്ലാഹുവിന്റെ മഹാകോടതിയെപ്പറ്റി വിഭാവനം ചെയ്തു കൂടാത്തതാകുന്നു. അപ്പോള്‍ അവന്റെ അര്‍ശിനെ സംബന്ധിച്ചും അതു മലക്കുകള്‍ വഹിക്കുന്നതിനെ സംബന്ധിച്ചുമെല്ലാം അത് ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്ന് നിര്‍ണയിച്ച് രൂപപ്പെടുത്താന്‍ പാടില്ല. നമുക്കതിനുള്ള കഴിവുമില്ല.'' (4:3399). നാം സാധാരണയായി ഒരു വസ്തുവിനെ വഹിക്കുക എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്ന അര്‍ഥമല്ല ഇവിടെ വിവക്ഷിക്കുന്നതെന്ന് സര്‍വ സലഫികളും പറയുന്നു. അതായത് രാജാക്കന്മാരെ സേവകന്മാര്‍ പല്ലക്കില്‍ വഹിക്കുന്നതു പോലെ അല്ലാഹുവിനെ മലക്കുകള്‍ വഹിക്കുമെന്ന് അവരാരും തന്നെ പറയുന്നില്ല. ബാഹ്യാര്‍ഥം ഇവിടെ ഉദ്ദേശിക്കപ്പെടാന്‍ പാടില്ലെന്ന് ഇമാം നവവി(റ)യും മറ്റും വ്യക്തമാക്കുന്നു. അല്ലാഹു വഹിക്കപ്പെടുന്നവന്‍ അല്ലെന്നും സര്‍വ സലഫികളും പറയുന്നു.              l



                അല്ലാഹുവിന്റെ വിശേഷണങ്ങളെ

                             വ്യാഖ്യാനിക്കല്‍

                                      (ശബാബ് : 2009 ജൂലായ് 17)











ഹദീസില്‍ പറഞ്ഞ 'അല്ലാഹു ചിരിക്കും' എന്നതിനെ മനസ്സിലാക്കലാണ് സലഫീ ആദര്‍ശം. അതിനെ വ്യാഖ്യാനിക്കുന്നത് അശ്അരീ, മുഅ്തസലീ വിശ്വാസമാണ്. എന്നാല്‍ മടവൂരികള്‍ ഈ ഹദീസിനെക്കുറിച്ച് എഴുതിയത് നിങ്ങള്‍ കാണുക. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും മടവൂരികള്‍ സലഫികളാണോ അതോ മറ്റു വല്ലതുമാണോ എന്ന്. അവര്‍ എഴുതുന്നു: ചിരിക്കുക എന്നതുകൊണ്ട് വിവക്ഷ അല്ലാഹുവിന്റെ സന്തോഷവും സംതൃപ്തിയുമാണ് (സുല്ലമിയുടെ ബുഖാരി പരിഭാഷ 3:34). അല്ലാഹുവില്‍ അഭയം! അല്ലാഹുവിന്റെ ചിരി എന്ന സ്വിഫത്തിനെ പച്ചയായി വ്യാഖ്യാനിച്ചിരിക്കുകയാണിവിടെ. ഇതൊരിക്കലും സലഫുകളുടെ മാര്‍ഗമല്ല. ചിരി എന്ന് പറഞ്ഞാല്‍ ചിരി എന്നുതന്നെ മനസ്സിലാക്കണം.'' (ഇസ്വ്‌ലാഹ് മാസിക -2009 ഏപ്രില്‍, പേജ് 38)
ഇത് അല്ലാഹുവിന്റെ വിശേഷണമാണെന്ന് അംഗീകരിക്കുന്നപക്ഷം സന്ദര്‍ഭത്തിന് അനുയോജ്യമായ നിലക്ക് വ്യാഖ്യാനിക്കാന്‍ പാടില്ലെന്ന മുജസ്സിമത്തിന്റെയും കറാമിയ്യത്തിന്റെയും വാദമാണ് ഇവര്‍ ഇവിടെയും സലഫികളുടെ വാദമായി അവതരിപ്പിക്കുന്നത്. ഹദീസിന്റെ പൂര്‍ണരൂപം നോക്കുക: ''അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: രണ്ട് വ്യക്തികളെ സംബന്ധിച്ച് അല്ലാഹു ചിരിക്കും. അവരില്‍ ഒരാള്‍ മറ്റെയാളെ വധിക്കുന്നു. രണ്ടു പേരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്തു വധിക്കപ്പെടുന്നു. ശേഷം അയാളെ കൊന്നവന്റെ പാപം അല്ലാഹു പൊറുത്തുകൊടുക്കും. അങ്ങനെ അവനും രക്തസാക്ഷിയാവും.'' (ബുഖാരി 2826, മുസ്‌ലിം 1890)
ഈ ഹദീസിന് ഹാഫിദ് ഇബ്‌നുഹജറില്‍ അസ്ഖലാനി(റ) ഫത്ഹുല്‍ബാരിയില്‍ നല്‍കിയ വ്യാഖ്യാനമാണ് ഞാന്‍ പരിഭാഷയില്‍ നല്‍കിയത്. അദ്ദേഹം നല്‍കിയ വ്യാഖ്യാനം കാണുക: ''നസാഈയുടെ നിവേദനത്തില്‍ അല്ലാഹു ചിരിക്കും എന്നതിന്റെ സ്ഥാനത്ത് അത്ഭുതപ്പെടും എന്നാണ്. ഇമാം ഖത്വാബി(റ) പറയുന്നു: ചിരി എന്നത് മനുഷ്യനെ സന്തോഷമോ ആനന്ദമോ ദുര്‍ബലനാക്കുമ്പോള്‍ അവനെ ബാധിക്കുന്ന ഒരു സംഗതിയാണ്. ഇത് അല്ലാഹുവിന് അനുവദനീയമാകുന്നില്ല. ഇത് ഒരു അലങ്കാരപ്രയോഗമാണ്. അല്ലാഹുവിന്റെ സംതൃപ്തിയാണ് വിവക്ഷ. തീര്‍ച്ചയായും ഇമാം ബുഖാരി തന്നെ മറ്റൊരു സ്ഥലത്ത് ഇതിന്റെ ഉദ്ദേശ്യം കാരുണ്യമാണെന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്. അതാണ് അനുയോജ്യം. സംതൃപ്തി എന്ന് വ്യാഖ്യാനിക്കലാണ് ഏറ്റവും അനുയോജ്യം. തീര്‍ച്ചയായും ചിരി സംതൃപ്തിയെയും സ്വീകാര്യതയെയും അറിയിക്കുന്നു. ഞാന്‍ (ഇബ്‌നുഹജര്‍) പറയുന്നു: ÛG എന്ന പദം ഹദീസില്‍ വന്നതുകൊണ്ട് ചിരി എന്നതിന്റെ ഉദ്ദേശ്യം സംതൃപ്തിയാണെന്ന് അറിയിക്കുന്നു. അറബി ഭാഷയില്‍ ഇപ്രകാരം പറയാറുണ്ട്. ഇന്നവന്‍ ഇന്നവനിലേക്ക് ചിരിച്ചു എന്ന്. ഇതിന്റെ അര്‍ഥം സംതൃപ്തി പ്രകടിപ്പിച്ചു എന്നാണ്.'' (ഫത്ഹുല്‍ബാരി 7:404)

അല്ലാഹു രണ്ട് മനുഷ്യരിലേക്ക് ചിരിക്കും എന്നാണ് പറയുന്നത്. സകര്‍മകമായിട്ടാണ് പ്രയോഗിക്കുന്നത്. അതിനാല്‍ ചിരി എന്നര്‍ഥം ലഭിക്കുകയില്ല. അകര്‍മകമായിട്ട് പ്രയോഗിക്കുന്ന സന്ദര്‍ഭത്തിലാണ് ചിരി എന്നര്‍ഥം ലഭിക്കുക. ഇതാണ് ഇബ്‌നുഹജര്‍(റ) പറയുന്നത്. ഇമാം ഖത്വാബി(റ)യും ഇബ്‌നുഹജറില്‍ അസ്ഖലാനിയും(റ) സലഫികളാണോ? അല്ലാഹുവിന്റെ വിശേഷണത്തെ നിഷേധിക്കുന്നവരാണോ? ഇമാം ബുഖാരി(റ) സലഫിയാണോ? നവയാഥാസ്ഥിതികര്‍ വ്യക്തമാക്കണം. അല്ലാഹുവിന്റെ മുഖത്തെ ഇമാം ബുഖാരി വ്യാഖ്യാനിച്ചതും നാം വിവരിക്കുകയുണ്ടായി.
ഇമാം നവവി(റ) എഴുതുന്നു: ''ഖാദി(റ) പറയുന്നു: അല്ലാഹുവിന്റെ അവകാശത്തില്‍ ചിരി എന്ന പ്രയോഗം അലങ്കാരപ്രയോഗമാണ്. കാരണം, നമ്മുടെ അവകാശത്തില്‍ അറിയപ്പെടുന്ന നിലക്കുള്ള ചിരി അല്ലാഹുവിനെ സംബന്ധിച്ച് അനുവദനീയമല്ല. കാരണം, ശരീരം ഉണ്ടായാലാണ് ഇത്തരം ചിരി ഉണ്ടാവുക. അതുപോലെ അവസ്ഥക്ക് മാറ്റം സംഭവിച്ചാലും. അല്ലാഹു ഇതില്‍നിന്ന് പരിശുദ്ധനാണ്. തീര്‍ച്ചയായും ചിരി എന്നതുകൊണ്ട് ഇവിടെ വിവക്ഷ ആ രണ്ട് പുരുഷന്മാരെ സംബന്ധിച്ച് അല്ലാഹുവിനുള്ള സംതൃപ്തിയാണ്. അവന്റെ പ്രതിഫലവും അവന്റെ സ്‌നേഹവും. അല്ലാഹുവിന്റെ ദൂതന്മാര്‍ ഇവയുമായി അവര്‍ രണ്ടു പേരെയും അഭിമുഖീകരിക്കും. കാരണം, ചിരി തൃപ്തിയുള്ളതുകൊണ്ടാണ് സംഭവിക്കുക. അല്ലാഹുവിന്റെ മലക്കുകളുടെ ചിരി എന്നും വ്യാഖ്യാനിക്കാം.'' (ശര്‍ഹുമുസ്‌ലിം 7:43)
ഖാദിയുടെ ഈ വ്യാഖ്യാനത്തെ ഇമാം നവവി(റ) അംഗീകരിക്കുന്നു. ഇതല്ലാതെ മറ്റൊരു വ്യാഖ്യാനം ഹദീസിന് നവവി(റ) നല്‍കുന്നില്ല. നവയാഥാസ്ഥിതികര്‍ എഴുതുന്നു: ''നോക്കൂ! അല്ലാഹുവിന്റെ നുസൂല്‍ (ഇറക്കം) എന്ന സ്വിഫാത്തിനെ പച്ചയായി നിഷേധിക്കുകയാണ് ഇവിടെ മടവൂരികള്‍ ചെയ്തിരിക്കുന്നത്. എന്നിട്ട് ഹദീസിനെ നിഷേധിക്കേണ്ടതില്ല എന്നൊരു കമന്റും പാസാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സ്വിഫാത്തുകളെ ഈ വിധത്തില്‍ ദുര്‍വ്യാഖ്യാനിച്ച് നിഷേധിച്ചുകൊണ്ടിരിക്കുന്ന മടവൂരികള്‍ തങ്ങളുടെ തൗഹീദിനെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തിയാല്‍ നന്ന്.'' (ഇസ്വ്‌ലാഹ് മാസിക -2009 ഏപ്രില്‍, പേജ് 38).
ഇവര്‍ ഇവിടെയും മുജസ്സിമത്തിന്റെയും കറാമിയ്യത്തിന്റെയും വാദം അല്ലാഹുവിന്റെ സ്വിഫാത്ത് എന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണ്. അല്ലാഹു സിംഹാസനത്തില്‍ നിന്ന് ഒഴിവാകുന്ന നിലക്കുള്ള ഇറക്കമാണ് ഇവിടെ ഉദ്ദേശ്യമെന്ന് പറയുന്നില്ല. അതുപോലെ നാം ഇറക്കം എന്നതുകൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്ന ഉദ്ദേശ്യമാണ് വിവക്ഷ എന്നും പ്രസ്താവിക്കുന്നില്ല. ഇതെല്ലാം അല്ലാഹുവിന് അവയവങ്ങള്‍ ഉണ്ട് എന്ന് പറയുന്ന പിഴച്ച കക്ഷികളുടെ ജല്‍പനങ്ങള്‍ മാത്രമാണ്. രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനഭാഗം നിലനില്‍ക്കാത്ത ഒരു നിമിഷ നേരം ഭൂമിയില്‍ ഉണ്ടാവുകയില്ല. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചലിക്കുകയാണ്. ഒരു സ്ഥലത്തുനിന്നും ഈ സമയം അവസാനിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു. ഇരുപത്തിനാല് മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും. അപ്പോള്‍ ഇറക്കം എന്നതിന് ഇവര്‍ നല്‍കുന്ന ബാഹ്യാര്‍ഥപ്രകാരം സിംഹാസനത്തില്‍ ആരോഹണം ചെയ്യാന്‍ അല്ലാഹുവിന് സമയമുണ്ടായിരിക്കുകയില്ല. 'അല്ലാഹു അവരുടെ അടുത്തുവരും' എന്ന് പറയുന്ന ഹദീസിനെ(മുസ്‌ലിം 183-302) വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നത് പ്രത്യേകം ശ്രദ്ധിക്കുക:
''നീ മനസ്സിലാക്കുക. തീര്‍ച്ചയായും സ്വിഫാത്തുകള്‍ (വിശേഷണങ്ങള്‍) വിവരിക്കുന്ന ഹദീസുകളെയും ആയത്തുകളെയും സംബന്ധിച്ച് അറിവുള്ളവര്‍ക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്.
ഒന്ന്), ഈ അഭിപ്രായമാണ് സലഫികളില്‍ ബഹുഭൂരിപക്ഷം അല്ലെങ്കില്‍ മുഴുവന്‍ പേരും പ്രകടിപ്പിക്കുന്നത്. അതായത്, ഇവയുടെ അര്‍ഥത്തില്‍ നാം സംസാരിക്കേണ്ടതില്ല. പക്ഷെ അവരെല്ലാം പറയുന്നു. ഇവയില്‍ വിശ്വസിക്കല്‍ നമുക്ക് നിര്‍ബന്ധമാണ്. എന്നാല്‍ അത് അല്ലാഹുവിന്റെ മഹത്വത്തിന് യോജിച്ച നിലക്കായിരിക്കണം. നിര്‍ബന്ധമായും നാം ഇപ്രകാരം വിശ്വസിക്കുകയും വേണം. അതായത് അല്ലാഹുവിനെപ്പോലെ മറ്റൊന്നും ഇല്ല. അവന്‍ തടിയില്‍ നിന്നും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങുന്നതില്‍ നിന്നും ഒരു ഭാഗത്ത് സ്ഥാനം ഉറപ്പിക്കുന്നതില്‍ നിന്നും സൃഷ്ടികളുടെ മറ്റുള്ള വിശേഷണങ്ങളില്‍ നിന്നും പരിശുദ്ധനാണ്. സലഫികളുടെ ഈ അഭിപ്രായം തന്നെയാണ്. ദൈവശാസ്ത്ര പണ്ഡിതന്മാരില്‍ ഒരു സംഘത്തിന്റെയും അഭിപ്രായം. വിഷയം ശരിക്കും ആഴത്തില്‍ ഗ്രഹിച്ച ഒരു സംഘവും ഈ അഭിപ്രായത്തെ തെരഞ്ഞെടുക്കുന്നു. ഇതാണ് ഏറ്റവും സുരക്ഷിതത്വം. രണ്ട്), ദൈവശാസ്ത്ര പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും തെരഞ്ഞെടുത്തത്. അതായത് തീര്‍ച്ചയായും ഇത്തരം ഹദീസുകളെയും ആയത്തുകളെയും സന്ദര്‍ഭത്തിന് യോജിച്ച നിലക്ക് വ്യാഖ്യാനിക്കണം. അറബി ഭാഷ ശരിക്കും ഗ്രഹിച്ചവന് മാത്രമാണ് ഇത് അനുവദനീയമാകുക. അതിന്റെ ശാഖകളും അടിത്തറകളും. അപ്പോള്‍ ഈ അഭിപ്രായപ്രകാരം ഹദീസിന്റ വിവക്ഷ ഇപ്രകാരമാണ്. അല്ലാഹു വരും എന്നത് അവന്റെ ദര്‍ശനത്തിന് അലങ്കാരമായി പ്രയോഗിച്ചതാണ്. അല്ലാഹുവിന്റെ പ്രവര്‍ത്തനമാണ് വരവ് കൊണ്ട് ഉദ്ദേശ്യമെന്നും വ്യാഖ്യാനിക്കുന്നു. മലക്കുകളാണെന്നും വ്യാഖ്യാനിക്കാം. ഇമാം ഖാദി ഇയാദ്(റ) എഴുതുന്നു: ഈ വ്യാഖ്യാനമാണ് എനിക്ക് സ്വീകാര്യമായിട്ടുള്ളത്.'' (ശര്‍ഹുമുസ്‌ലിം 2:29)
ഇമാം നവവി(റ) ഈ വ്യാഖ്യാനത്തിലും രീതിയിലും ഒന്നിനെയും എതിര്‍ക്കുന്നില്ല. അല്ലാഹുവിന്റെ വിശേഷണത്തെ (സ്വിഫാത്തിനെ) നിഷേധിക്കലായും തൗഹീദില്‍ നിന്നുള്ള വ്യതിയാനമായും ജല്‍പിക്കുന്നില്ല. നവയാഥാസ്ഥിതികര്‍ സലഫികളുടെ വാദം എന്ന് ജല്‍പിച്ച് പിഴച്ചുപോയ കക്ഷികളുടെ വാദം മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണെന്ന് ശര്‍ഹുമുസ്‌ലിമിലെ ഈ പ്രസ്താവന വിളിച്ച് പറയുന്നു. ഇബ്‌നുഹജര്‍(റ) രാത്രിയുടെ അവസാനഭാഗത്ത് അല്ലാഹു ഇറങ്ങും എന്ന് പറയുന്ന ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു: ''അല്ലാഹുവിന് ഭാഗമുണ്ടെന്ന് പറയുന്നവര്‍ ഈ ഹദീസിനെ തെളിവ് പിടിക്കുന്നു. അത് ഉപരിഭാഗമാണ്. എന്നാല്‍ ഭൂരിപക്ഷം അല്ലാഹുവിന് ഭാഗമുണ്ടെന്ന അഭിപ്രായത്തെ എതിര്‍ക്കുന്നു. കാരണം, ഇത് അല്ലാഹുവിന് സ്ഥലമുണ്ടെന്നതിലേക്ക് എത്തിക്കുന്നു. അല്ലാഹുവിന്റെ ഇറക്കത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നിച്ചിട്ടുണ്ട്. ഹദീസിനെ അതിന്റെ ബാഹ്യവും യഥാര്‍ഥവുമായ അര്‍ഥത്തില്‍ തന്നെ ചിലര്‍ പരിഗണിക്കുന്നു. അല്ലാഹുവിനെ സൃഷ്ടികളോട് തുലനപ്പെടുത്തുന്ന പിഴച്ച കക്ഷിയായ മുശബ്ബിഹത്ത് ആണ് ഇപ്രകാരം ചെയ്യുന്നത്. അല്ലാഹു ഇവരുടെ വചനങ്ങളില്‍ നിന്ന് പരിശുദ്ധനാണ്. മുഅ്തസിലിയാക്കളും ഖവാരിജുകളും ഇത്തരത്തിലുള്ള സര്‍വ ഹദീസുകളെയും നിഷേധിക്കുന്നു. ഇവ സ്വഹീഹല്ലെന്ന് പറയുന്നു. ഇത് കിടമത്സരമാണ്.'' (ഫത്ഹുല്‍ബാരി 4:47)
 
ഇതുകൊണ്ടാണ് ഹദീസിനെ നിഷേധിക്കേണ്ടതില്ലെന്ന് ഞാന്‍ എഴുതിയത്. ഇതിനെയാണ് ഇവര്‍ 'കമന്റ്' എന്ന് പരിഹസിക്കുന്നത്. മുഅ്തസിലിയാക്കളുടെ വാദം എന്താണെന്നുപോലും പഠിക്കാതെയാണ് ഇവര്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നത്! പിഴച്ച കക്ഷികളുടെ പല വാദങ്ങളും ഇവര്‍ സലഫികളുടെ വാദമായി അവതരിപ്പിക്കുകയാണെന്ന് ഇബ്‌നുഹജറിന്റെ(റ) ഈ പ്രസ്താവനയും വ്യക്തമാക്കുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടുണ്ടെന്നും ഇബ്‌നുഹജര്‍(റ) പറയുന്നു. ഇമാം മാലിക്(റ), ഇബ്‌നുദഖീഖില്‍ ഈദി(റ), ഇബ്‌നുല്‍അറബി(റ), അബൂബക്‌റിബ്‌നു ഫൂറക്(റ), ഇമാം ബൈദ്വാവി(റ) മുതലായവരെല്ലാം വ്യാഖ്യാനിച്ചവരുടെ കൂട്ടത്തിലാണെന്നും അദ്ദേഹം വിവരിക്കുന്നു. മലക്കാണെന്നു വരെ വ്യാഖ്യാനിച്ചത് ഇബ്‌നുഹജര്‍(റ) ഉദ്ധരിച്ച്, നസാഈ ഉദ്ധരിച്ച ഹദീസ് ഈ വ്യാഖ്യാനത്തെ ശക്തിപ്പെടുത്തുന്നുണ്ടെന്ന് പറയുന്നു (ഫത്ഹുല്‍ബാരി 4:48).
ഇതൊന്നും വായിച്ച് പഠിക്കാതെയാണ് ഇവര്‍ എന്നെ അല്ലാഹുവിന്റെ വിശേഷണത്തെ നിഷേധിക്കുന്നവനായും ഹദീസ് നിഷേധിയായും തൗഹീദില്‍ നിന്ന് വ്യതിചലിച്ചവനായും ആരോപിക്കുന്നത്. ഇമാം നവവി(റ) എഴുതുന്നു: ''ഈ ഹദീസിന്റെ ബാഹ്യാര്‍ഥം പരിഗണിക്കാന്‍ പാടില്ല എന്നതാണ് സലഫുകളുടെ അഭിപ്രായം. അല്ലാഹുവിന് ചലനവും ഒരു സ്ഥലത്തുനിന്ന് നീങ്ങിപ്പോകലും ഇല്ലെന്ന് വിശ്വസിക്കണമെന്നും ഇതില്‍ നിന്ന് അല്ലാഹു പരിശുദ്ധനാണെന്നും അവര്‍ പറയുന്നു. ഇമാം മാലികും ഇമാം ഔസാഈയും ഹദീസിനെ വ്യാഖ്യാനിക്കുന്നു. മാലികുബ്‌നു അനസ്(റ) അല്ലാഹുവിന്റെ കാരുണ്യവും അവന്റെ കല്പനയും അവന്റെ മലക്കുകളും ഇറങ്ങുമെന്ന് വ്യാഖ്യാനിക്കുന്നു. ഇത് അലങ്കാരപ്രയോഗമാണെന്നും വ്യാഖ്യാനിക്കുന്നു. അതായത് ഈ സമയത്തുള്ള പ്രാര്‍ഥന അല്ലാഹു വളരെ വേഗം സ്വീകരിക്കുകയും ഉത്തരം നല്‍കുകയും ചെയ്യും.'' (ശര്‍ഹുമുസ്‌ലിം 3:293,294)       l

Comments