കഴുകക്കണ്ണുകൾക്ക് പഴുതു നൽകാതിരിക്കുക

പൊതുരംഗത്തെ സ്ത്രീ സാന്നിധ്യം

കഴുകക്കണ്ണുകൾക്ക് പഴുതു നൽകാതിരിക്കുക


അബൂഹിമ

(പുടവ കുടുംബ മാസിക-2010 ഡിസംബർ)


പണ്ട് കുട്ടിക്കഥയിലെ രാജാവ് തുണിയുടുക്കാതെ എഴുന്നളളത്ത് നടത്തിയപ്പോള്‍ പ്രജകളെല്ലാം മൗനം പാലിച്ചത്, രാജാവ് നഗ്നനാണെന്ന് പറഞ്ഞാല്‍ തങ്ങള്‍ അപരിഷ്‌കൃതരോ ബുദ്ധിശൂന്യരോ ആണെന്ന് വിധിയെഴുതപ്പെടും എന്ന് ഭയപ്പെട്ടായിരുന്നു. ആരെന്ത് പറഞ്ഞാലും ഞാന്‍ സത്യം വിളിച്ച് പറയുമെന്ന് തോന്നിയ കുട്ടിക്കാവട്ടെ, തികഞ്ഞ ഗുണകാംക്ഷ മാത്രമായിരുന്നു അതിനുളള പ്രേരണ. ആ കുട്ടിയുടെ സന്ദേശത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ചില അപ്രിയ സത്യങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ കുറിപ്പ്. ഇതൊരു കാടടച്ചുളള വെടിവെപ്പായി ആരും കാണരുത്. എന്നാല്‍ നിസ്സാരമായ ഒരു നിരീക്ഷണമായി അവഗണിക്കുകയുമരുത്. സാമൂഹ്യ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ ഇതിലെ സൂചനകള്‍ നമുക്ക് വെളിച്ചമേകിയേക്കാം.

ഭരണരംഗത്തെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം നിയമമാക്കിയതിനു ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അല്‍പ്പം ആശങ്കകളാണ് ഈ ലേഖനത്തിന്റെ ഉളളടക്കം. സ്ത്രീ സംവരണത്തിന്റെ ഗുണങ്ങളെ കുറിച്ച് വാചാലമാവുന്ന വര്‍ത്തമാന കോലാഹലങ്ങളില്‍ ഈ ആശങ്കകളുടെ പ്രസക്തി ഒരു പക്ഷെ ചോദ്യം ചെയ്യപ്പെട്ടേക്കാം. പ്രകൃത്യായുളള പരിമിതികളും പരിധികളും ഏതെങ്കിലും ബില്ലുകള്‍ക്കോ റിപ്പോര്‍ട്ടുകള്‍ക്കോ മറികടക്കാനാവില്ലെന്ന് വിവരമുളളവരൊക്കെ സ്ത്രീപുരുഷ സമത്വ വാദങ്ങളെ ആ അര്‍ത്ഥത്തില്‍ മാത്രമേ എടുത്തിട്ടുളളൂ. ദൈവം നിശ്ചയിച്ച മനുഷ്യപ്രകൃതിയുടെ നിര്‍ബന്ധിതതാല്‍പര്യങ്ങള്‍ക്കനുസരിച്ച് സ്വാഭാവികമായുണ്ടായ, ഭരണ രംഗത്തെ തുച്ഛമായ സ്ത്രീ സാന്നിധ്യം ഒരിക്കലും ഒരു കുറവായി കാണാന്‍ വിവേകശാലികള്‍ക്ക് കഴിയില്ല. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തെ സുരക്ഷിതത്വത്തിന്റെയും ശാന്തിയുടെയും സങ്കേതങ്ങളാക്കാനും മധുരമൂറുന്ന പരിലാളനയിലൂടെയും യാഥാര്‍ത്ഥ്യങ്ങളിലൂന്നിയ ജാഗ്രതയോടെയും ആരോഗ്യകരമായ സമൂഹത്തിലേക്കുളള ഉല്‍പ്പന്നങ്ങളെ കുടുംബങ്ങളില്‍ നിന്നും വാര്‍ത്തെടുക്കാനും നിയോഗിതയായ സ്ത്രീ, അവളുടെ അലങ്കാരമായ അമ്മ എന്ന പദവിയില്‍ നിന്നും പൊതുപ്രവര്‍ത്തക എന്നതിലേക്കുളള മാറ്റത്തെ ഉയര്‍ച്ചയായാണോ താഴ്ചയായാണോ നാം കാണേണ്ടതെന്നാണ് വര്‍ത്തമാന ലോകം നമ്മോട് ചോദിക്കുന്ന ഗൗരവമേറിയ ചോദ്യം.

ഏതായാലും ഇസ്‌ലാമിന്റെ വിലക്കുകളും വിധികളും മുടിനാരിഴചീന്തിയിട്ടും സ്ത്രീയുടെ പൊതുരംഗപ്രവേശത്തെ കണ്ണടച്ച് നിരാകരിക്കാന്‍ പഴുതു കാണുന്നില്ല. ഭരണരംഗത്തു മുതല്‍ യുദ്ധരംഗത്ത് വരെ സ്ത്രീകളുടെ നായകത്വത്തിന് ഇസ്‌ലാമിക പ്രമാണങ്ങളില്‍ തന്നെ ഉദാഹരണങ്ങളുണ്ട്. ഈ പശ്ചാത്തലത്തില്‍, ജനാധിപത്യപരമായ ഒരു പൊതുസംവിധാനത്തില്‍ നിന്നും അത്മഹത്യാപരമായ നിലപാടെടുക്കാതെ സമുദായം ബാധ്യത നിറവേറ്റിയ സാഹചര്യത്തില്‍ പൊതുജീവിതത്തിന്റെ വിവിധ കോണുകളില്‍ പതുങ്ങിയിരിക്കുന്ന കഴുകക്കണ്ണുകളുടെ ഭീഷണികളെ കുറിച്ച ജാഗ്രതയാണ് ഇനി നമുക്കാവശ്യം. ഇസ്‌ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ചയിച്ച അതിര്‍വരമ്പുകളും നിര്‍ദ്ദേശങ്ങളും കാര്‍ക്കശ്യത്തോടെ പാലിക്കുക എന്നത് മാത്രമാണ് ഈ ജാഗ്രതയുടെ പൊരുള്‍.
അതില്‍ പ്രധാനമായത് നമുക്കിപ്രകാരം വായിക്കാം: “(നബിയേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യ അവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുളളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടി താഴ്ത്തുവാനും അവരുടെ ഗുഹ്യ അവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്നും പ്രത്യക്ഷമായതൊഴിച്ച് (മുഖവും മുന്‍കയ്യുമൊഴികെ)മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊളളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീപുത്രന്‍മാര്‍, മുസ്‌ലിംകളില്‍ നിന്നുളള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍(അടിമകള്‍), ലൈംഗികാസക്തി ഉളളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍,സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും(പാദസ്വരം പോലെയുളളവ കൊണ്ട് ശ്രദ്ധ ക്ഷണിക്കല്‍) ചെയ്യരുത്. സത്യവിശ്വാസികളേ നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം“(വി. ഖുര്‍ആന്‍: 24:30,31)
ചേര്‍ത്തു വായിക്കാന്‍ ഒരു വചനം കൂടി: “പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മ നിഷ്ട പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍(അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുളളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊളളുക.“(വി: ഖു: 33:32)
മാന്യമായ ജീവിതക്രമം പുലര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഈ പെരുമാറ്റച്ചട്ടങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊതുരംഗത്ത് ഒരു രക്ഷാകവചമാണ്. “വല്ലവനും തന്റെ നാവിനെക്കുറിച്ചും ഗുഹ്യാവയവത്തെ കുറിച്ചും എനിക്ക് ഉറപ്പ് തന്നാല്‍(അവകൊണ്ട് തെറ്റുകള്‍ ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്താല്‍) അവന് ഞാന്‍ സ്വര്‍ഗ്ഗം വാഗ്ദത്തം ചെയ്യുന്നു“ എന്ന പ്രവാചക വചനം പൊതുപ്രവര്‍ത്തകരുടെ ചിന്തയില്‍ സദാ അലട്ടിക്കൊണ്ടിരിക്കണമെന്നാണ് ഇന്ന് ഈ മേഖലകളില്‍ നിന്നും വരുന്ന ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നമ്മോടാവശ്യപ്പെടുന്നത്.
അന്യ സ്ത്രീപുരുഷന്‍മാര്‍ ഒറ്റക്കാവുന്നത് ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. മൂന്നാമനായി അവിടെ പിശാചുണ്ടാവുമെന്ന താക്കീത് എത്രത്തോളം അര്‍ത്ഥവത്താണ്. യാത്രയുടെയും താമസത്തിന്റെയും കാര്യങ്ങളിലും ഇത്തരം ഗുണാത്മകങ്ങളായ വിലക്കുകളും നിയന്ത്രണങ്ങളുമുണ്ട്. സംസാരവിഷയങ്ങള്‍ക്കും പെരുമാറ്റരീതികളിലും അംഗവിക്ഷേപങ്ങളിലുമെല്ലാം അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. യാഥാര്‍ത്ഥ്യബോധത്തോടെയുളള നിരീക്ഷണത്തില്‍ ഇവയെല്ലാം സ്ത്രീകളുടെ മാന്യതയും അഭിമാനവും സംരക്ഷിക്കാനുളള ശാസ്ത്രീയ സംവിധാനങ്ങളാണെന്ന് ആര്‍ക്കും ബോധ്യമാവും. അത്തരമൊരു ബോധ്യപ്പെടലിലേക്ക് ആധുനികലോകത്തിന്റെ ചിത്രം വിരല്‍ ചൂണ്ടുന്നുമുണ്ട്.
ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം അവരുടെ ദൗത്യനിര്‍വഹണപാതയിലും അനുശാസിക്കപ്പെടുന്ന കര്‍മ്മമണ്ഡലങ്ങളിലും ധാര്‍മ്മികമായ വീഴ്ചകള്‍ക്കുളള സാധ്യതകള്‍ക്ക് ഇടം കൊടുക്കാതിരിക്കാന്‍ വര്‍ത്തമാന ലോകം ആവശ്യപ്പെടുന്നുണ്ട്. ഉപര്യുക്ത നിയന്ത്രണങ്ങളുടെ മാനദണ്ഡത്തിലുളള ഒരു മുന്നൊരുക്കത്തിലൂടെ മാത്രമേ അവ സാധ്യമാവൂ എന്നതില്‍ അഭിപ്രായാന്തരവുമില്ല.

വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുകയും കഴിവു തെളിയിക്കുകയും ചെയ്ത പ്രഗത്ഭനായൊരു പൊതുപ്രവര്‍ത്തകന്‍ അടുത്തൊരിക്കല്‍ നടത്തിയ അഭിപ്രായപ്രകടനം പൊതുരംഗത്തെ ഇന്നത്തെ ചില ദുഷ്പ്രവണതകളിലേക്കുളള കണ്ണാടിയായാണ് തോന്നിയത്. ആരൊക്കെ നിര്‍ബന്ധിച്ചാലും എന്റെ ബന്ധുക്കളില്‍ നിന്നൊരു സ്ത്രീയെയും ഒരിക്കലും ഞാന്‍ ഈ രംഗത്തേക്ക് അനുവദിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതൊരു പൊതുവായ നിരീക്ഷണമായി കാണേണ്ടതില്ല. എങ്കിലും അദ്ദേഹത്തെ കൊണ്ട് അത് പറയിച്ച ഒരു ഇരുണ്ട കോണിനെ നാം കാണാതിരുന്നു കൂടാ.
അധാര്‍മ്മികതകളെ കുറിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് , ഹൃദയമുളളവരെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതാണ്. ലൈംഗികമായ തിന്‍മയിലേക്കും സദാചാര വിരുദ്ധ വികാരങ്ങളിലേക്കും മനുഷ്യര്‍ ചെന്നെത്താവുന്ന സകല പഴുതുകളും അടച്ച് ഭദ്രമാക്കുന്നതാണ് ഇക്കാര്യത്തിലെ മതാനുശാസനകള്‍. മാത്രമല്ല, മറ്റേതൊരു കുറ്റകൃത്യങ്ങളെയും നേര്‍ക്കു തന്നെ വിലക്കുമ്പോള്‍ ലൈംഗിക തിന്‍മയുടെ കാര്യം പറയുമ്പോള്‍ “നിങ്ങളതിനോട് അടുത്ത് പോവരുത്“ എന്നാണ് ഖുര്‍ആന്റെ ശൈലി(17:32). ലൈംഗിക സദാചാരത്തിന്റെയും ലൈംഗിക തിന്‍മയുടെയും ഇടയില്‍ സ്വാഭാവികമായും പതുങ്ങിയിരിക്കുന്ന ചില പഴുതുകളുണ്ട്. അവ തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ അഗാധമായ ഒരു പതനമാണ് മുന്നിലുളളത്.
വ്യക്തികള്‍ക്കിടയില്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന സൗഹൃദങ്ങളിലും പദവികളിലും മിതത്വവും വിവേകവും നിയന്ത്രണങ്ങളും കൈവിടുന്നത് പലപ്പോഴും തികഞ്ഞ ബോധ്യത്തോടെയാവണമെന്നില്ല. തെറ്റില്‍ എത്തിപ്പെടുമെന്ന മുന്‍ധാരണയിലല്ല മിക്ക അവിശുദ്ധ ബാന്ധവങ്ങളും രൂപപ്പെടുന്നത്. നിര്‍ദ്ദോഷവും നിഷ്‌കളങ്കവുമായ സ്‌നേഹ ബന്ധങ്ങള്‍ക്ക് പോലും ഇടക്കെപ്പോഴോ മാര്‍ഗഭ്രംശം സംഭവിക്കുന്നത് തെറ്റിന്റെ നിര്‍വചനത്തിനതീതമെന്ന മിഥ്യാധാരണ വ്യക്തികളില്‍ സൃഷ്ടിക്കപ്പെട്ടതിനു ശേഷമാണ്. ഉറച്ച ധാരണകളോ ഇച്ഛാശക്തിയോ ദുര്‍ബലമായ വ്യക്തികളില്‍ മാനസികവും ശാരീരികവുമായ പങ്കുവെക്കലുകളുടെ വിഹിതാവിഹിതങ്ങളെ കുറിച്ച് ഒരു പരിധിവരെയേ മന:സാക്ഷിയില്‍ നിന്നും  സൂചനകള്‍ ലഭിക്കൂ. ബന്ധങ്ങളുടെ മൂര്‍ദ്ധന്യതയില്‍ ക്രമേണ ഇത്തരം വിലക്കുകളുടെ ദൃഡത കുറഞ്ഞു വരും. തെറ്റാണെന്ന് ഒട്ടും തോന്നാത്തതോ കടുത്ത മന:സാക്ഷിക്കുത്തില്ലാത്തതോ ആയ ഒരവസ്ഥയില്‍ ശരിയുടെ അവസാനത്തെ അതിരും ഭേദിക്കപ്പെടുന്നു. ഇതൊരു മന:ശാസ്ത്ര സത്യമാണ്. അതിലേറെ വര്‍ത്തമാന സാമൂഹ്യ രംഗം നമ്മോട് വിളിച്ചു പറയുന്ന പച്ചയായ യാഥാര്‍ത്ഥ്യവുമാണ്. ഈ ഭൂമികയിലാണ് ലൈംഗിക അധാര്‍മ്മികതയെ കുറിച്ച പരാമൃഷ്ട ഖുര്‍ആന്‍ വചനം കൂടുതല്‍ പ്രസക്തവും സ്വീകാര്യവുമാവുന്നത്. തെറ്റിനെ കുറിച്ച് തെറ്റാണെന്ന ബോധ്യം ശരിയായ അളവില്‍ തന്നെ ഒരു വ്യക്തിയിലുണ്ടാവുന്ന മനുഷ്യപ്രകൃതിയുടെയും തെറ്റിനോട് താല്‍ക്കാലികമായെങ്കിലും രാജിയാവാന്‍ സന്നദ്ധതയുളള പൈശാചികാവസ്ഥയുടെയും ഇടക്കുളള ഘട്ടമാണ് “വ്യഭിചാരത്തിലേക്ക് അടുക്കരുത്“ എന്നതിന്റെ സൂചന. കേവലം ലൈംഗിക പ്രക്രിയക്കുമപ്പുറം വ്യഭിചാരത്തിന്റെ നിര്‍വചനപരിധിയില്‍ പെടുന്ന കുറെ കാര്യങ്ങള്‍ വേറെയുമുണ്ടെന്ന് ഇതിനോട് ചേര്‍ത്ത് വായിക്കുക.
വല്ലവനും തന്റെ നാവിനെയും ഗുഹ്യാവയവത്തെയും സൂക്ഷിക്കുമെന്ന് എനിക്ക് ഉറപ്പ് തന്നാല്‍ അവന് ഞാന്‍ സ്വര്‍ഗം വാഗ്ദത്തം ചെയ്യുന്നു എന്ന പ്രവാചക വചനം ഇവിടെ കൂടുതല്‍ പ്രസക്തമാവുന്നു. വിഹിതങ്ങളല്ലാത്ത ലൈംഗികാഗ്രഹങ്ങള്‍ പുലര്‍ത്തുന്നവനെ അതിക്രമകാരിയായാണ്  ഖുര്‍ആന്‍ (23:5,6,7) വിശേഷിപ്പിച്ചിട്ടുളളത്.
പൊതുപരിപാടികളും മീറ്റിങ്ങുകളും പരിശീലന ക്യാമ്പുകളും ദീര്‍ഘദൂര യാത്രകളും വിശാലമായ ബന്ധങ്ങളും ഒക്കെ പൊതുജീവിതത്തിന്റെ ഭാഗമാണെങ്കിലും മതം നിശ്ചയിച്ച നിബന്ധനകള്‍ എവിടെയും നമുക്ക് അപ്രായോഗികമാവുന്നില്ല. എല്ലാ അര്‍ത്ഥങ്ങളിലുമുളള ആത്മരക്ഷക്ക് അവ അനിവാര്യമാണെന്ന തിരിച്ചറിവായിരിക്കണം എപ്പോഴും നമ്മെ നയിക്കേണ്ടത്.
ബന്ധങ്ങളുടെയും പൊതുജീവിതത്തിന്റെയും വിഷയങ്ങളില്‍ പ്രവാചകാധ്യാപനങ്ങളുടെ പാലനം പ്രയാസകരമാവുന്ന സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ ജാഗ്രതയുണ്ടവണം. ബന്ധങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ഇതരരുടെ സമീപനങ്ങളെ കുറിച്ചുമൊക്കെ വീട്ടുകാരുമായി വിശിഷ്യാ ഇണയുമായി പങ്കുവെക്കണം. ഇത്തരം കൂടിയാലോചനകള്‍ സുരക്ഷിതവും ഇമ്പമാര്‍ന്നതുമായ സാന്നിധ്യം വീട്ടിനു പുറത്ത് സാധ്യമാക്കാന്‍ സഹായകമാവും. അഹിതകരമെന്ന് തോന്നുന്ന ഏത് ഘട്ടത്തിലും കാര്‍ക്കശ്യത്തോടെ പ്രതികരിക്കാനും പ്രതിരോധിക്കാനും പ്രതിക്രിയ ചെയ്യാനുമുളള ആര്‍ജ്ജവവും ഈമാനും അര്‍ത്ഥാത്മകതയും ബലപ്പെടുത്താന്‍ ശീലിക്കുക. പൈശാചിക പ്രേരണകള്‍ ഏത് ഭാഗത്തിലൂടെയും ഏത് സമയങ്ങളിലും നമ്മെ ഉന്നം വെച്ചിരിക്കുന്നുണ്ടെന്ന ജാഗരൂകത കാത്തുസൂക്ഷിക്കുകയും ചെയ്യുക.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പ്രത്യേകം ഉന്മുഖരാവേണ്ട മറ്റൊരു കാര്യം ജീവിതരംഗത്തെ സുതാര്യതയാണ്. തിന്മകളിലേക്ക് നയിക്കുന്ന ദുഷിപ്പ് മാത്രമല്ല തിന്മ ആരോപിക്കുകയെന്ന ദുഷിപ്പും വര്‍ത്തമാന ലോകത്തിന്റെ മുഖമുദ്രയാണെന്നോര്‍മ്മയുണ്ടാവണം.  പനഞ്ചുവട്ടിലിരുന്ന് പാലുകുടിക്കരുതെന്നത് പഴമൊഴിയാണെങ്കിലും അതിന്റെ ആശയം ഇസ്‌ലാമിന്റെ അധ്യാപനത്തില്‍ പെട്ടത് തന്നെയാണ്. ജനങ്ങള്‍ എന്തു വേണമെങ്കിലും വിചാരിക്കട്ടെ, ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ എന്ന നിലപാട് ബുദ്ധിയല്ല. ഏത് സമൂഹത്തിലും ഊഹാപോഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ദുഷ്‌കീര്‍ത്തി വ്യാപനത്തിനും ഏറെ വളക്കൂറുണ്ട്. സമൂഹത്തിലും കുടുംബത്തിലുമൊക്കെ ഇവയുണ്ടാക്കുന്ന ഭവിഷ്യത്ത് നിസ്സാരമല്ല. തിന്മകള്‍ ചെയ്യരുത് എന്നതിനോളം പ്രധാനമാണ് പറയിപ്പിക്കരുത് എന്നതും.
നബി(സ) ഇഅ്തികാഫിലായിരുന്നപ്പോള്‍ ഒരിക്കല്‍ ഇരുട്ടത്ത് വെച്ച് ഭാര്യ സ്വഫിയയുമായി സംസാരിക്കുകയായിരുന്നു. ആ സമയത്ത് രണ്ട് അന്‍സ്വാരികള്‍ ആ വഴി കടന്നു പോയി. നബിയുടെ അടുത്ത് ഒരു സ്ത്രീയെ കണ്ടപ്പോള്‍ അവര്‍ നടത്തം വേഗത്തിലാക്കി. അഹിതകരമായത് എന്തോ  കണ്ടിട്ടെന്ന പോലെയാണവര്‍ പോയതെന്ന് നബിക്ക് മനസ്സിലായി. അവിടുന്ന് അവരെ വിളിച്ച്  ഇതെന്റെ ഭാര്യ സ്വഫിയ ആണെന്ന് പറഞ്ഞു. നബിയെ തങ്ങള്‍ തെറ്റുദ്ധരിച്ചതായി നബിക്ക് തോന്നിയല്ലോ എന്നതില്‍ അവര്‍ക്ക് മനപ്രയാസമുണ്ടായി. നബി(സ) വിശദീകരിച്ചു കൊടുത്തു: ഞാന്‍ അത് പറയാന്‍ കാരണം; പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും. ഇപ്പോള്‍ നിങ്ങള്‍ക്കൊന്നും തോന്നിയില്ലെങ്കിലും പിന്നീട് നിങ്ങളില്‍ തെറ്റിദ്ധാരണ ഉടലെടുത്തേക്കാം. അതങ്ങ് പ്രചരിക്കുകയും ചെയ്‌തേക്കാം. പൈശാചിക ദുര്‍ബോധനത്തിന്റെ വ്യാപ്തി പഠിപ്പിക്കുന്ന ഈ സംഭവം ഒട്ടേറെ ഗൗരവതരമായ കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഞാന്‍ തെറ്റ് ചെയ്യില്ലെന്ന ആത്മനിശ്ചയം പോലെ തന്നെ ദൃഡമാവണം എന്നെക്കുറിച്ചാരും തെറ്റ് പറയരുതെന്നതും.
ഇത്തരം സഭവങ്ങളില്‍ ഇരകള്‍ക്ക് മാത്രമല്ല മതത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുളളത്. ഇതരരെ കുറിച്ച് തെറ്റായി ധരിക്കുവാനോ അത് പ്രചരിപ്പിക്കുവാനോ ഒരാള്‍ക്ക് മതം അനുവാദം നല്‍കുന്നില്ല. മറിച്ച് നല്ലത് മാത്രം മറ്റുളളവരെ കുറിച്ച് ധരിക്കാനും അവരുടെ കുറവുകള്‍ മറച്ചു വെക്കാനുമാണ് ഇസ്‌ലാം നല്‍കുന്ന പാഠം.
“സ്വത്യവിശ്വാസികളേ, ഊഹത്തില്‍ നിന്നു മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റകരമാവുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയുമരുത്. നിങ്ങളില്‍ ചിലര്‍ ചിലരെ പറ്റി അവരുടെ അസാന്നിധ്യത്തില്‍ ദുഷിച്ച് പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുന്നത് നിങ്ങളിലാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക.തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.“(വി. ഖുര്‍ആന്‍: 49:12).
അതെ ഇതരന്റെ കുറ്റങ്ങള്‍ ചുഴിഞ്ഞന്വേഷിക്കാനോ അവരെ കുറിച്ച് സ്വയം തോന്നുന്നത് പ്രചരിപ്പിക്കാനോ ഒന്നും ആര്‍ക്കും അവകാശമില്ല. മറിച്ച് നല്ലത് ചിന്തിക്കുക. സംശയങ്ങളും ഊഹാപോഹങ്ങളും ചുഴിഞ്ഞന്വേഷിക്കലും ദുഷ്പ്രചാരണങ്ങളുമൊക്കെ സമൂഹത്തിലും കുടുംബത്തിലും സ്വന്തത്തിലുമൊക്കെ അശാന്തിയുടെ നിമിത്തങ്ങള്‍ മാത്രമാണ്. ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷയാണ് പടച്ചവന്‍ മുന്നറിയിപ്പ് നല്‍കുന്നത്. പ്രചരിക്കപ്പെട്ടത് ലൈംഗിക അപവാദം കൂടിയാണെങ്കില്‍ അപരാധത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു. വ്യഭിചാരത്തിന് നാലില്‍ കുറഞ്ഞ ആളുകളോടൊത്തോ ഒറ്റയ്‌ക്കോ സാക്ഷിയായാല്‍ അത് പറയുന്നത് പോലും വിലക്കപ്പെട്ടിരിക്കുന്നു എന്നത് ഇക്കാര്യത്തില്‍ ഒട്ടേറെ സൂചനകളാണ് നമുക്കേകുന്നത്.
ചുരുക്കത്തില്‍ തിന്മയിലേക്ക് മലര്‍ക്കെ വതിലുകള്‍ തുറന്നിട്ട ഒരു ലോകത്താണ് നമ്മുടെ ജീവിതം. മൂല്യങ്ങള്‍ അപരിഷ്‌കൃതത്വത്തിന്റെ അടയാളങ്ങളായി മാറ്റിപ്രതിഷ്ഠിക്കപ്പെടുന്നു. ആധുനിക സാങ്കേതിക വളര്‍ച്ചകള്‍ പോലും തിന്മയുടെ സംസ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുന്ന ദുരവസ്ഥ. കണ്ണും കാതും മനസ്സും അരുതായ്മകളിലേക്ക് പ്രേരിപ്പിക്കപ്പെടുന്ന ഭീകരാവസ്ഥ. തെറ്റും ശരികളും സഭ്യതയും അസഭ്യതയും, ശ്ലീലവും അശ്ലീലവും എല്ലാം വേര്‍തിരിക്കുന്ന അളവുകോലുകള്‍ സമൂഹത്തില്‍ സദാചാര പാഠങ്ങളുടെ വിപരീതദിശയില്‍ പുനര്‍നിര്‍ണ്ണയിക്കപ്പെടുന്നു. ബന്ധങ്ങളുടെയും ജീവിത വിശുദ്ധിയുടെയും പവിത്രത പഴഞ്ചന്‍ സങ്കല്‍പ്പമായി ചിത്രീകരിക്കപ്പെടുന്നു. സദാചാര ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിച്ചുളള ജീവിതം കൂടുതല്‍ സാഹസികമാവുന്നു. ലോകത്തിനു മേല്‍ ഇരുണ്ടു കൂടുന്ന ഈ കാര്‍മേഘങ്ങള്‍ അവഗണിക്കാതെയാവണം പൊതുരംഗത്തെ ആദര്‍ശശാലികളുടെ മുന്നേറ്റം. ഭരണീയരോടുളള ഉത്തരവാദിത്തങ്ങള്‍ യഥാവിധി പാലിച്ച്, തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച നാടിന് നന്മകളേകി, ഒഴുക്കിനനുസരിച്ച് സ്വാഭാവികതയുടെ ന്യായീകരണങ്ങള്‍ കൈവന്ന അരുതായ്മകളില്‍ നിന്ന് വിട്ടുനിന്ന് ദൗത്യനിര്‍വഹണ രംഗത്ത് ദൈവഭയത്തോടെ മുന്നേറുന്നതില്‍ ബദ്ധശ്രദ്ധരാവുക. അല്ലാഹു അനുഗ്രഹിക്കട്ടെ.




Comments