Wednesday, June 18, 2014

ജമാ‌അത്ത് വേദികളിൽ ഇരുന്നാൽ വ്യതിയാനമോ?

“നിങ്ങളിട്ടാൽ ട്രൌസർ
ഞങ്ങളിട്ടാൽ ബർമുഡ’’

                                                       അബൂഹിമപണ്ട്...
90കളുടെ അവസാനത്തിൽ,
ഐ എസ് എം പ്രസിഡന്റായിരിക്കെ ഹുസൈൻ മടവൂർ ഒരിക്കൽ ഒരു ബന്ധുവിനെ യാത്രയാക്കാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തി. അപ്പോൾ അവിടെ ജമാ‌അത്തെ ഇസ്‌ലാമിയുടെ കീഴിലുളള കേരള ഹജ്ജ് ഗ്രൂപ്പിന്റെ ഹജ്ജ് സംഘം യാത്ര പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. മടവൂരിനെ കണ്ടപ്പോൾ അതിന്റെ സംഘാടകർ അദ്ദേഹത്തെ സമീപിച്ചു. ഹാജിമാർക്ക് ചെറിയൊരു ഉൽബോധനം നൽകാൻ സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു. മക്കയിൽ കുറേ കാലം ഉണ്ടായിരുന്ന മടവൂരിന്റെ സംസാരം ഹാജിമാർക്ക് സഹായകമായേക്കാം 
എന്നതാവും അവരെ അതിനു പ്രേരിപ്പിച്ചത്.
ആ ആവശ്യം നിരാകരിക്കേണ്ട കാരണമൊന്നുമില്ലാത്തതിനാലും 
അതൊരു നന്മ നിറഞ്ഞ കാര്യമായതിനാലും 
അല്പ സമയം മടവൂർ ആ ഹാജിമാരോട് സംസാരിച്ചു. 
ചുരുങ്ങിയ സമയം കൊണ്ട് ഗഹനമായ ഒരുൽബോധനം.

പക്ഷെ....
കുറച്ച് കാലം കഴിഞ്ഞപ്പോൾ ചിലർക്കൊരു ബോധോദയം.....
“മടവൂർ ആ ചെയ്തത് ആദർശവ്യതിയാനമാണ്” 
“ജമാ‌അത്തിന്റെ പരിപാടികളിൽ പങ്കെടുക്കൽ മഹാപാപമാണ്
“ഇഖ്‌വാനിസത്തിലേക്കുള്ള പോക്കിന്റെ ലക്ഷണമാണ്
“കടുത്ത സംഘടനാവിരുദ്ധ പ്രവർത്തനമാണ്”.............

ഹുസൈൻ മടവൂരിന്റെ ചുടുചോരക്കായി നാക്ക് നീട്ടി കാത്തിരുന്നവർ...
അദ്ദേഹത്തിന്റെ പച്ചയിറച്ചി കൊത്തിവലിക്കാൻ തക്കം പാർത്തവർ..
തങ്ങളുടെ സ്വപ്നങ്ങൾക്കും സിംഹാസനങ്ങൾക്കും
മടവൂർ ഒരു ഭീഷണിയാവുമോ എന്ന്
വെറുതെ ഭയന്നിരിക്കുകയായിരുന്നവരുടെ തണലിൽ
മടവൂരിനെതിരെ
‘വ്യതിയാനാരോപണ ഗവേഷണ-സമാഹരണ-വിതരണ യജ്ഞ’ത്തിൽ
ഏർപ്പെട്ടിരുന്നവർ
തികച്ചും നന്മ നിറഞ്ഞ ആ നിലപാടിനെ
നിറവും മണവും ചേർത്ത് കുഴച്ച് മറിച്ച് പരത്തി
ഒന്നാം നമ്പർ വ്യതിയാനാരോപണമാക്കി ചമച്ചൊരുക്കി.
മുജാഹിദ് സെന്റർ കേന്ദ്രീകരിച്ച്
തങ്ങളുടെ ഏജന്റുകളെ റിക്രൂട്ട് ചെയ്യുന്നതിനായി
പരക്കെ വിതരണം ചെയ്ത ഫയലിൽ
ആരോപണങ്ങൾ സംഗ്രഹിച്ച്
കുത്തിത്തിരിപ്പിന്റെ മുഖ്യ സൂത്രധാരകരിലൊരു മഹാൻ
സ്വന്തം കയ്യക്ഷരത്തിൽ തയ്യാറാക്കിയ ‘ആമുഖ’ത്തിൽ
‘ജമാ‌അത്തെ ഇസ്ലാമിയുടെ സ്റ്റേജുകളിൽ മടവൂർ പങ്കെടുക്കുന്നു’
എന്ന് ‘സൂചന’യും എഴുതിച്ചേർത്തു.
ഇതിനു തെളിവായി ഗ്രൂപ്പ് യോഗങ്ങളിൽ അവതരിപ്പിച്ചതും
പൊതുപരിപാടികളിലടക്കം വലിയവായിൽ വിളിച്ച് പറഞ്ഞതും
മേൽ സൂചിപ്പിച്ച ‘ഹജ്ജ് ക്യാമ്പിലെ ഉദ്ബോധനമായിരുന്നു.
ജമാ‌അത്തെ ഇസ്‌ലാമി നേരിട്ട് സംഘടിപ്പിച്ച ഒരു പരിപാടി പോലുമല്ലായിരുന്നു അത്.

എന്നിട്ടും...
മതിവരുവോളം കടിച്ചു കീറി ഇവർ ഹുസൈൻ മടവൂരിനെ.
തൌഹീദി പ്രബോധന വീഥിയിൽ
വിശുദ്ധ പ്രമാണങ്ങളുടെ വെളിച്ചമേന്തി
തോളോടുതോൾ ചേർന്ന് മുന്നേറിയ
മുവഹിദുകൾക്കിടയിൽ ചിദ്രതയുണ്ടാക്കാനായി മെനഞ്ഞെടുത്ത
കഥകളിൽ ഈ ‘വ്യതിയാന കഥയും’ മുഖ്യ സ്ഥാനം പിടിച്ചു.
മനസ്സുകൾ അകന്നു, നിഷ്കളങ്കർ തെറ്റിധരിച്ചു, തെറ്റിധരിക്കപ്പെട്ടു.
കഥയറിയാതെ ആട്ടം കണ്ടിരുന്നവർ ആരോപണം ഏറ്റുപാടി.
അന്തപുരത്തിലിരുന്ന് കരുക്കൾ നീക്കിയവർ ഊറിച്ചിരിച്ചു...
ഒടുവിൽ കാപാലികർ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച്
ഇസ്വ്‌ലാഹി പ്രസ്ഥാനം രണ്ട് കഷ്ണമായി.......

പിന്നീട്......
സംഭവബഹുലമായ ഒരു വ്യാഴവട്ടം...
ആദർശത്തെയും ആദർശപ്രസ്ഥാനത്തെയും അകമഴിഞ്ഞ് സ്നേഹിച്ച
നിഷ്കളങ്കർ മനം നൊന്ത് പ്രാർത്ഥിച്ചു.
മുവഹ്ഹിദുകളുടെ മുറിവേറ്റ മനസ്സുകൾ ഉറക്കമൊഴിച്ച് തേടി..
കുതന്ത്രക്കാരെ നിന്ദ്യരാക്കണേ എന്ന്.
കാലം കൂടുതൽ കാത്തു നിൽക്കേണ്ടി വന്നില്ല.
തിരിച്ചടികൾ പല വിധമായിരുന്നു.
പത്ത് വർഷം കൊണ്ട് അര ഡസൻ കഷ്ണങ്ങളായി
കുതന്ത്രത്തിന്റെ കൊടിവാഹകർ പരസ്പരം പോരടിച്ച് നിന്ദ്യരായി.
ആദർശവ്യതിയാനമെന്ന് വലിയവായിൽ കാറിവിളിച്ച മുഴുവൻ കാര്യങ്ങളും
തങ്ങളുടെ തന്നെ കർമ്മപഥത്തിൽ നടപ്പാക്കി
സ്വന്തം കാപട്യം സമൂഹത്തിനു മുന്നിൽ സമ്മതിക്കേണ്ട ദുരവസ്ഥയുണ്ടായി.
വ്യാജമായി ഉന്നയിച്ച ആദർശവ്യതിയാനവും അധർമ്മവും
ആരോപകരിലേക്ക് തിരിച്ചെത്തി,
പ്രവാചക വചനത്തിന്റെ സാക്ഷാൽക്കാരമായിക്കൊണ്ട്.

ഈ തിരിച്ചടിയുടെ കൂട്ടത്തിൽ മേൽ സൂചിപ്പിക്കപ്പെട്ട വിഷയവും ഉണ്ടായിരുന്നു.

ഇന്ന്........
സാക്ഷാൽ ജമാ‌അത്തെ ഇസ്ലാമി സംഘടിപ്പിച്ച സ്റ്റേജുകളിൽ
ഉളുപ്പില്ലാതെ ഇരിക്കുമ്പോൾ
ഇൻസ്-ജിന്ന് ഗ്രൂപ്പുകളുടെ അമരക്കാരുടെ മനസ്സിൽ
തങ്ങൾ സ്വന്തം നാവുകൊണ്ടും അണികളുടെ നാവുകൾ കൊണ്ടും
നാടുനീളെ വിളിച്ച് പറഞ്ഞ, ആ വ്യതിയാന ആരോപണം
ഓർമ്മ വന്നുകാണുമോ...
ഉണ്ടാവില്ല, 
മനസ്സാക്ഷിയുടെ അഭാവവും തൊലിക്കട്ടിയുടെ അമിതസാന്നിധ്യവും
അവർ അനുഗ്രഹമായിക്കാണുന്നുണ്ടാവാം.


0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes