ജിന്ന് വാദവും സി ഡി ടവറിലെ വെളിപാടും. ഊറ്റക്കാർക്കൊരോർമ്മപ്പെടുത്തൽ


ജിന്ന് വാദവും സി ഡി ടവറിലെ വെളിപാടും.
ഊറ്റക്കാർക്കൊരോർമ്മപ്പെടുത്തൽ

അബൂഹിമ


സഹോദരങ്ങളേ...
മർക്കസുദ്ദ‌അവ കേന്ദ്രമായി പ്രവർത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തെ നന്ദിയോടെ അനുസ്മരിക്കാതെ ഇത്തരമൊരു പോസ്റ്റിടാൻ നിങ്ങൾക്കാവുമോ?

കെട്ടിച്ചമച്ച ആദർശ വ്യതിയാന ആരോപണങ്ങളുടെ മറവിൽ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിലേക്ക് അന്ധവിശ്വാസങ്ങളും പിന്തിരിപ്പൻ ചിന്തകളും കടത്തിക്കൂട്ടാൻ ഒരു പറ്റം യുവ പ്രഭാഷകർ ശ്രമിച്ചപ്പോൾ അന്ന് തന്നെ യഥാർത്ഥ മുജാഹിദുകൾ അതിനെ എതിർത്തിട്ടുണ്ട്. പക്ഷെ ആ കുതന്ത്രക്കാർക്ക് സർവ്വ സൗകര്യവും ചെയ്തു കൊടുക്കാനാണ് അന്നത്തെ മുജാഹിദ് സെന്റർ നേതൃത്വം മുന്നോട്ടു വന്നത്. അധികാരവും സംഘടനയുടെ മറ്റു സൌകര്യങ്ങളും ഉപയോഗപ്പെടുത്തി ഈ ആദർശ വിരോധികളെ വളർത്താനും ഇതിനെതിരെ ശബ്ദിച്ച ആദർശ വാദികളെ തളർത്താനും അവർ ഒരുമിച്ച് അധ്വാനിച്ചു. പ്രസ്ഥാനത്തിന്റെയും ആദർശത്തിന്റെയും തറക്കല്ലു മാന്തി ഈ നവ തുർക്കികൾ മുന്നേറുന്നത് കണ്ടപ്പോഴാണ് മുജാഹിദുകളുടെ മുന്നറിയിപ്പ് സത്യമായിരുന്നു എന്ന് മുജാഹിദ് സെന്റർ എമാന്മാർക്ക് ബോധോദയമുണ്ടായത്. ISM നെ പിരിച്ചു വിട്ട് 'ആദർശ സംരക്ഷകരായി' അവരോധിക്കപ്പെട്ട കൂട്ടത്തിലെ ഒരെണ്ണം പോലും തങ്ങളുടെ വഴിക്കില്ല എന്നു മനസ്സിലാക്കാൻ അവർ ഏറെ വൈകിയിരുന്നു. പിന്നീടു നാം കണ്ടതോ, കൂട്ടപ്പുറത്താക്കലുകളും ഓടിക്കിതച്ചുള്ള വിശദീകരണ മഹാമഹങ്ങളും. പക്ഷെ അപ്പോഴേക്കും സകല കുറാഫാത്തുകളും നേതൃത്വത്തിന്റെ തൊണ്ടയിൽ പിടി മുറുക്കിയിരുന്നു. വളരെ വൈകിയാണെലും ഈ അപകടം മനസ്സിലാക്കാൻ അവരെ സഹായിച്ചത് മർക്കസുദ്ദഅവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യഥാർത്ഥ മുജാഹിദുകളാണ്. ഇതൊന്നും അറിയാത്ത ചില പാവങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അവരുടെ തിരിച്ചറിവിന്റെ വലുപ്പം വിളമ്പുന്നത് കാണുമ്പോൾ ചില കാര്യങ്ങൾ ശാന്തമായി ഓർമ്മിപ്പിക്കാതെ വയ്യ!

നിങ്ങൾ പറയുന്ന ആ ജിന്നൂരിസത്തിന്റെ ആരംഭദശ ഏതായിരുന്നു? അന്നത്തെ അവസ്ഥ എന്തായിരുന്നു. സി ഡി ടവറുകാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാവില്ലല്ലോ. ഈ ജിന്നൂരിസത്തെ നട്ടതും നനച്ചതും തണലും വെളിച്ചവും നൽകി വളർത്തിയതും സാക്ഷാൽ മുജാഹിദ് സെന്ററും അത് കേന്ദ്രമായി പ്രവർത്തിച്ച സംഘടനയുമാണെന്നത് ഏത് പെരുമയുടെ മറവിലാണ് നിങ്ങൾക്കൊളിപ്പിക്കാനാവുക?

ഓർമ്മയുണ്ടോ, ജിന്നൂരിസത്തിന്റെ വിത്തുപാകാനുള്ള ഗവേഷണവും ആദ്യ ജിന്ന് ക്ലാസുകളും ജിന്ന് ചികിത്സയുമൊക്കെ നടന്നത് എവിടെയാണെന്ന്?
മലപ്പുറം ജില്ലയിലെ കോഹിനൂരിൽ കേരള ജം‌ഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റുഡന്റ്സ് ഹോമിലായിരുന്നു. ആ സ്ഥാപനത്തിൽ ഏതോ ജിന്ന് പൂജകർ പൂട്ടുപൊളിച്ച് അകത്ത് കടന്നതൊന്നുമല്ല. സ്ഥാപനം നഷ്ടത്തിലാണെന്ന് പറഞ്ഞ് അവിടുത്തെ അന്തേവാസികളായ കുട്ടികളെ ഒഴിപ്പിച്ച് ഇത് ജിന്ന് ഗവേഷണത്തിന് വിട്ടുകൊടുത്തത് മുജാഹിദ് സെന്ററിലെ ഏമാന്മാരായിരുന്നു. ഇക്കാര്യങ്ങളിൽ വല്ല സംശയമുണ്ടെങ്കിൽ നിങ്ങളുടെ നേതാക്കളോടും കലിക്കറ്റ് യൂനിവേഴ്സിറ്റി ഭാഗത്തുള്ള നിങ്ങളുടെ പ്രവർത്തകരോടും അന്വേഷിക്കുക. ‘മടവൂരി’കളെ അടിക്കാനായി ഇറക്കുമതി ചെയ്ത മൻഹജിന്റെ മറവിൽ അന്ധവിശ്വാസങ്ങൾ തഴച്ച് വളരുമ്പോൾ, അന്ധമായ വിദ്വേഷവും അധികാരദുരയും അടക്കി വാണിരുന്ന നേതൃത്വം അതും തങ്ങൾക്ക് വളമാക്കാനാണ് ശ്രമിച്ചത്.

ഓർമ്മയുണ്ടോ, ജിന്ന് വാദങ്ങളിലെ ഏറ്റവും അപകടം പിടിച്ച വാദങ്ങൾ പ്രചരിച്ച വഴികൾ...?
ജിന്ന് വിഷയത്തിൽ ഏറ്റവും വിഷം ചീറ്റിയ വാക്കുകൾ ഡോ. സുബൈറിന്റേതായിരുന്നു. ആരാണീ പ്രസംഗം പ്രചരിപ്പിച്ചത്. പെരിന്തൽമണ്ണ മേഖല ഐ എസ് എം(CD Tower വിഭാഗം) ആണ് അദ്ദേഹത്തിന്റെ ആ സിഡികൾ പുറത്തിറക്കിയിരുന്നത്. ആ സി ഡികൾ അവർ സംഘടനയുടെ ലേബലൊട്ടിച്ച് സംഘടനാ ചാനലിലൂടെ വിതരണം ചെയ്തിട്ട് എന്ത് നടപടിയുണ്ടായി? ചുരുങ്ങിയത്, വിതരണം തടയാനെങ്കിലും മുജാഹിദ്സെന്ററിൽ നിന്ന് നീക്കമുണ്ടായോ? പെരിന്തൽമണ്ണ മേഖല കമ്മിറ്റിയുടെ പേരിൽ ഇതിനൊക്കെ നേതൃത്വം നൽകിയിരുന്ന ഹാരിസ്ബിൻ സലീം ആ കാലത്തൊക്കെ നിങ്ങളുടെ യുവജന വിഭാഗം സംസ്ഥാന ഭാരവാഹി കൂടിയായിരുന്നു? അദ്ദേഹത്തിനെതിരെ നേതൃത്വം വല്ലതും ചെയ്തോ? ഇല്ല, പകരം ഇവർക്കൊക്കെ തണലേകുകയായിരുന്നല്ലോ മുജാഹിദ് സെന്ററിലെ ഏമാന്മാർ. മൻഹജിന്റെ മറവിൽ ഇറക്കുമതി ചെയ്യുന്ന വികല വിശ്വാസങ്ങളെ മർക്കസുദ്ദ‌അവയിൽ നിന്നും ശക്തമായി എതിർക്കുന്നു എന്നത് കൊണ്ട് മാത്രം നിങ്ങളവരെയും ആ വാദങ്ങളെയും വളർത്തി.

ഓർമ്മയുണ്ടോ, പരിശുദ്ധമായ മിൻപറുകളിൽ നിന്ന് വമിച്ച വിഷക്കാറ്റുകൾ മുജാഹിദ് മഹല്ലുകളിൽ ഭീതി പരത്തിയത്?
പതിറ്റാണ്ടുകൾ നീണ്ട പ്രമാണബദ്ധമായ പ്രബോധന മുന്നേറ്റത്തിലൂടെ ആർജ്ജിച്ച സമൂഹത്തിന്റെ നിർഭയത്വം തകർത്ത് വർഷങ്ങളോളം മസ്ജിദുകളിലൂടെ അവ പ്രചരിച്ചു. തലശ്ശേരി, തിരൂർ, ചെമ്മാട്, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിൽ പള്ളികളും മിൻപറുകളും കേന്ദ്രീകരിച്ചായിരുന്നു ജിന്ന് പ്രചരണം. മനുഷ്യസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ജിന്നുകൾ, മനുഷ്യ സ്ത്രീകളിൽ ജിന്ന് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ജിന്നുകൾ, ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും കോലത്തിൽ വിഹരിക്കുന്ന ജിന്നുകൾ, ജർമ്മനിയിൽ നിന്ന് നിമിഷ നേരം കൊണ്ട് മരുന്നെത്തിച്ച് തരുന്ന ജിന്നുകൾ, വിഗ്രഹങ്ങളെ സംസാരിപ്പിക്കുകയും പാലുകുടിപ്പിക്കുകയുമൊക്കെ ചെയ്യിക്കുന്ന ജിന്നുകൾ, സന്ധ്യാസമയങ്ങളിൽ കുട്ടികളുടെ ശരീരത്തിൽ കയറിക്കൂടുന്ന ജിന്നുകൾ, രോഗങ്ങളുണ്ടാക്കുന്ന ജിന്നുകൾ, മാരണക്കാരന്റെ ഇംഗിതാനുസരണം ആരെയും ഉപദ്രവിക്കാനും കൊല്ലാനും വരെ കഴിവുറ്റ ജിന്നുകൾ, അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന ജിന്നുകൾ, പെൺ‌കുട്ടികളുടെ മുഖം വികൃതമാക്കി തോന്നിച്ച് കല്യാണം മുടക്കുന്ന ജിന്നുകൾ, ഗർഭാശയമുഖത്ത് തപസ്സിരുന്ന് ഗർഭം മുടക്കുന്ന ജിന്നുകൾ, കൊച്ചുകുട്ടികളെ കൊണ്ട് നൂറ്റാണ്ട് മുൻപത്തെ കാര്യങ്ങൾ സംസാരിപ്പിക്കുന്ന ജിന്നുകൾ, വടിവീശിയാലും കല്ലെറിഞ്ഞാലും പരുക്കേൽക്കുന്ന ജിന്നുകൾ, മേശവലിപ്പിനുള്ളിൽ കുടുങ്ങുന്ന ജിന്നുകൾ, അവക്കൊക്കെ പ്രതികാരം ചെയ്യുന്ന ജിന്നുകൾ, ....വിശുദ്ധ വിശ്വാസം കൊണ്ട് സംസ്കരിക്കപ്പെട്ട മുജാഹിദ് മനസ്സുകളിൽ വൈകൃതങ്ങൾ സമ്മാനിച്ച അന്ധവിശ്വാസ ഇറക്കുമതി തകൃതിയായി നടന്നത് പള്ളികളുൾപ്പെടെ ഔദ്യോഗിക സ്ഥാപനങ്ങളിലായിരുന്നു. ഇവയൊക്കെ ആയത്തും ഹദീസുമോതി വീറോടെ വാദിച്ചതും ജനമനസുകളിൽ പതിപ്പിക്കാൻ ശ്രമിച്ചതും ഏതെങ്കിലും വഴിപോക്കരായിരുന്നോ? അല്ല, ഐ എസ് എമ്മിനെ പിരിച്ച് വിട്ട് പകരം അവരോധിച്ച, മുജാഹിദ് സെന്ററിലെ ഔദ്യോഗിക ഭാരവാഹികളായിരുന്നു.

ഓർമ്മയുണ്ടോ, മേൽ പ്രചാരണങ്ങളെയെല്ലാം ഒന്നൊന്നായെടുത്ത് പ്രമാണം കൊണ്ട് പോസ്റ്റ്മോർട്ടം നടത്തി അവയിലെ നിരർത്ഥകതയും അനിസ്ലാമികതയും പഠിപ്പിക്കാൻ അന്ന് അഹോരാത്രം അധ്വാനിച്ച ആദർശശാലികളെ?
സി പി ഉമർസുല്ലമിയുടെയും അബ്ദുസ്സലാം സുല്ലമിയുടെയുമൊക്കെ നേതൃത്വത്തിൽ മുജാഹിദ് പ്രവർത്തകരും പണ്ഡിതരും ഈ വിപത്തിനെ പ്രതിരോധിക്കാൻ പാടുപെട്ടിരുന്നത് മറക്കാനാവുമോ നിങ്ങൾക്ക്? വിശുദ്ധ പ്രമാണങ്ങളുടെ കരുത്തിൽ പൂർവ്വിക മഹത്തുക്കൾ പഠിപ്പിച്ച നമ്മുടെ ആദർശം അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുത്തുനിൽക്കാൻ നെഞ്ച് വിരിച്ചിറങ്ങിയത് അന്ന് ‘മടവൂരികൾ’ ആണെന്ന കാരണത്താൽ മാത്രം ആ വിശുദ്ധപോരാട്ടത്തെ തോൽ‌പ്പിക്കാൻ ശ്രമിക്കുകയായിരുന്നു നിങ്ങളുടെ നേതൃത്വം. ഇഖ‌വാനിസത്തിന്റെയും സുറൂറിസത്തിന്റെയും കള്ളക്കഥകൾ പാടി നടന്ന നിങ്ങൾ പെട്ടെന്ന് കയറൊന്ന് മാറ്റിപ്പിടിച്ചു. ആരോപണം ഹദീസ് നിഷേധത്തിലേക്ക് വഴിമാറി. വ്യതിയാനത്തിന്റെ ചമച്ചെടുത്ത കഥകൾ പാതിവഴിയിൽ തന്നെ തകർഞ്ഞടിഞ്ഞ് നിരാശയിലായവർക്ക് അതൊരു പുതിയ കച്ചിത്തുരുമ്പായി. ആദർശത്തിനു വേണ്ടി ജീവിച്ച, പ്രബോധന വഴിയിൽ സകലതും സമർപ്പിച്ച പണ്ഡിതന്മാരെ ഹദീഥ്നിഷേധികളെന്ന് മുദ്രകുത്തി കടിച്ചു കീറുകയായിരുന്നില്ലേ നിങ്ങൾ? പതിറ്റാണ്ടുകൾക്ക് മുൻപത്തെ രചനകൾ ദുർവ്യാഖ്യാനിച്ച് ഹദീഥ്നിഷേധ ആരോപണങ്ങൾ സ്ഥാപിച്ചെടുക്കാൻ വിഫലശ്രമം നടത്തുന്നതിനിടെ, ആദർശവ്യതിയാന ഗവേഷണ നാളുകളിൽ ഈ ഗുരുതരവ്യതിയാനം എന്തേ വിഷയീഭവിച്ചില്ലെന്ന പ്രസക്തമായ ചോദ്യം പോലും നിങ്ങളുടെ മനസുകളെ സ്വാധീനിച്ചില്ല. ആദർശ അട്ടിമറിക്കാരുടെ കുതന്ത്രങ്ങൾക്ക് നിങ്ങൾ വഴങ്ങിക്കൊടുത്തത് മറുപക്ഷത്ത് നിങ്ങൾക്ക് അനഭിമതരായവരാണെന്ന ഒരൊറ്റ കാരണം കൊണ്ടുമാത്രമായിരുന്നല്ലോ.

ഓർമ്മയുണ്ടോ, അന്ന് സാൽ‌വേഷനിലെ ആ ചോദ്യവും ഉത്തരവും?
വാഴക്കാട്ടുകാരൻ സബീഹിന്റെ ആ ചോദ്യം എത്ര ലളിതമായിരുന്നു. വെറും അതെ എന്നോ അല്ല എന്നോ ഒറ്റവാക്കിൽ ഒരുത്തരം നൽകാവുന്ന ചോദ്യം. അപകടങ്ങളിൽ നിന്ന് നാം രക്ഷപ്പെട്ടാൽ അത് നല്ല ജിന്ന് സഹായിച്ചതാണെന്ന് ഷംസുദ്ദീൻ പാലത്തിനെ പോലുള്ള പണ്ഡിതന്മാർ പറയുന്നത് യാഥാസ്ഥിതികതയിലേക്കുള്ള തിരിച്ചുപോക്കല്ലേ എന്നായിരുന്നല്ലോ ചോദ്യം. മറുപടി എന്നമട്ടിൽ അബ്ദുറഹ്‌മാൻ സലഫി കൃത്യം 26 മിനുറ്റും 14 സെക്കന്റും അതിഗംഭീരമായി തൊണ്ടകാറി ഓരിയിട്ടിട്ടും അതിൽ ആ ചോദ്യത്തിനു മാത്രം ഉത്തരമുണ്ടായിരുന്നില്ല. പകരം പലരുടെയും ഇറച്ചി തിന്നു. ജിന്ന് വിഷയത്തിൽ സലാം സുല്ലമിയുടെ ‘നിഷേധം’ മാത്രമേ പ്രശ്നമുള്ളൂ എന്നും ജിന്ന് സംബന്ധിച്ച് പണ്ടില്ലാത്തത് ഇപ്പോഴാരും പറഞ്ഞിട്ടില്ലെന്നുമൊക്കെ മൂപ്പർ ഘോരഘോരം പറഞ്ഞില്ലേ. ജിന്ന് വിഷയത്തിലെ അതിർകവിച്ചിലിനെ ചെറുത്തതിന്റെ പേരിൽ എതിരാളികൾ ഹദീഥ്നിഷേധികളെന്ന് വിളിക്കുന്നുവെന്ന് നിങ്ങളിപ്പോൾ പരിതപിക്കുന്നു. സാൽ‌വേഷനിലെ ആ മറുപടിയിൽ മറുപടിക്ക് പകരം ഹദീഥ് നിഷേധ ആരോപണം മാത്രമല്ലേ ഉണ്ടായിരുന്നത്. ഇന്ന് നിങ്ങൾക്ക് സത്യമെന്ന് ബോധ്യമായെന്ന് നിങ്ങൾ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ ഞങ്ങളന്ന് പറഞ്ഞിരുന്നത്. എന്നിട്ടും നിങ്ങളുടെ കണ്ടുകൂടായ്മയും തൊട്ടുക്ടായ്മയും ആ സത്യത്തെ അന്ന് അംഗീകരിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കി.

ഓർമ്മയുണ്ടോ, തടമ്പാട്ടുതാഴത്ത് അതേ ദിവസം ജിന്ന് മനുഷ്യ രൂപത്തിൽ വരുന്നതിനെ കുറിച്ച് വന്ന ആ ചോദ്യം?
മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയുമൊക്കെ രൂപത്തിൽ ജിന്ന് നമുക്കിടയിൽ വരുമെന്ന നിങ്ങളുടെ പണ്ഡിതരുടെ പ്രഭാഷണങ്ങൾ കേട്ട് ആശയക്കുഴപ്പത്തിലായ ഒരു സുഹൃത്തിന്റെ സംശയം. നമ്മുടെ മുന്നിലുള്ള ആൾ ജിന്നാണോ അതോ ഒറിജിനലാണൊ എന്ന് എങ്ങിനെ തിരിച്ചറിയാം എന്നായിരുന്നു സംശയം. അബ്ദുറഹ്‌മാൻ സലഫി 8മിനുറ്റും 16 സെക്കന്റും ദീർഘിച്ച മറുപടിയിൽ എന്താ പറഞ്ഞത്? ആ ചോദ്യത്തെ തൊട്ടത് പോലുമില്ല. നേരെ മലക്കിലേക്ക് ചാടി ഒരു പേരോടൻ മറുപടി. അന്ധവിശ്വാസ പ്രചാരകരായ നിങ്ങളുടെ നേതാക്കളെ കുറിച്ച് മുന്നറിയിപ്പ് തന്നവർ നിങ്ങൾക്ക് അയിത്തമുള്ളവരായിപ്പോയി എന്നത് കൊണ്ട് മാത്രം അവരെ സംരക്ഷിക്കാനാണ് നിങ്ങളുടെ നേതൃത്വം അന്ന് വിയർപ്പൊഴുക്കിയത്.

ഓര്‍മ്മയുണ്ടോ, യേശു മഹാനായ പ്രവാചകന്‍ എന്ന പുസ്തകത്തിലെ രണ്ട് ഖണ്ഡിക ജിന്ന് കൊണ്ടുപോയത്?
ബഹുമാന്യനായ കെ പി മുഹമ്മദ് മൗലവി പരിശോധിച്ച് അദ്ദേഹത്തിന്റെ തന്നെ താല്‍പര്യത്തോടെ 1994ല്‍ അല്‍മനാര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പര. എം എം അക്ബര്‍ എഴുതിയ 'യേശു മഹാനായ പ്രവാചകന്‍'. പരമ്പര അവസാനിച്ചതോടെ കെ എന്‍ എം തന്നെ അത് പുസ്തകമാക്കി ഇറക്കി. അതിന്റെ 30,31 പേജുകളില്‍ പിശാച് കൂടലിനെതിരെയും അടിച്ചിറക്കലിനെതിരെയും വ്യക്തവും ശക്തവുമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. അതെ, അതായിരുന്നു ഇസ്‌ലാഹി പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തി പോന്ന ആദര്‍ശം. പിന്നീട്, കെ പി മരിച്ചു. ഇസ്വ്‌ലാഹി പ്രസ്ഥാനം പിളര്‍ന്നു. പുത്തനാശയങ്ങള്‍ മന്‍ഹജിന്റെ മറവില്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഈ ഇറക്കുമതിയും മേല്‍ വരികളും തമ്മില്‍ പൊരുത്തപ്പെടാതെ വന്നു. മര്‍ക്കസുദ്ദഅവയില്‍ നിന്നും ഈ വൈരുദ്ധ്യം ഉന്നയിക്കപ്പെട്ടു. മുജാഹിദ് സെന്ററില്‍ നിന്ന് സത്വര നടപടിയുണ്ടായി. എം എം അക്ബറിന്റെ പ്രസ്തുത പുസ്തകം നിച്ച് ഓഫ് ട്രൂത്തിന്റെ പേരില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ പരാമൃഷ്ട ഖണ്ഡികകള്‍ അപ്രത്യക്ഷമായിരുന്നു. ആര്‍ക്കു വേണ്ടിയായിരുന്നു, ആരെ തോല്‍പ്പിക്കാനായിരുന്നു ആ നടപടി?


ഓർമ്മയുണ്ടോ, പണ്ട് ജാമി‌അ നദവിയ്യയിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ദ‌അവ 2007ൽ ഒരു ചോദ്യം വന്നു. സക്കരിയ്യ സ്വലാഹിയും മറ്റും ജിന്നിനോടുള്ള സഹായതേട്ടം അനുവദനീയമാണെന്ന മട്ടിൽ നടത്തുന്ന പ്രചാരത്തെ കുറിച്ചായിരുന്നു ചോദ്യം. അതെ, ഇന്നിപ്പോൾ നിങ്ങൾക്കും സകരിയയെ കുറിച്ചുള്ള അതേ പരാതി.
അബ്ദുറഹ്‌മാൻ സലഫി അവിടെയുമെത്തിയില്ലേ സക്കരിയ്യാക്കളുടെ രക്ഷകനായി. ‘മടവൂർ വിഭാഗ‘ത്തിന്റെ കള്ളപ്രചരണം മാത്രമാണെന്നും ആകെ സംഭവിച്ചത്, ഒന്നുരണ്ട് പണ്ഡിതൻ‌മാരുടെ പ്രസംഗങ്ങളിൽ ഖുർ‌ആനും ഹദീസിനും പുറമെ ചില പണ്ഡിതാഭിപ്രായങ്ങളും പറഞ്ഞപ്പോഴുണ്ടായ സൂക്ഷ്മതക്കുറവ് മാത്രമാണെന്നും അതൊക്കെ അവർക്ക് ബോധ്യപ്പെട്ട് തിരുത്തിയിട്ടുമുണ്ട് എന്നുമൊക്കെയായിരുന്നു. സക്കരിയ സ്വലാഹിക്ക് അപ്രകാരമൊരു വാദമില്ലെന്ന് സകരിയ്യയെ വേദിയിലിരുത്തി സലഫി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. സത്യം ചൂണ്ടിക്കാണിച്ചവർ അസ്പൃശ്യരായവരാണെന്ന ഒറ്റക്കാരണത്താലായിരുന്നല്ലോ അന്ന് തെറ്റിന്റെ പക്ഷത്തിനു വേണ്ടി നിങ്ങൾ നിലകൊണ്ടത്.

ഓർമ്മയുണ്ടോ, ജിന്ന് വാദങ്ങൾ ഊട്ടിയുറപ്പിച്ച് കൊണ്ട് കേരളത്തിനകത്തും പുറത്തും സംഘടിപ്പിക്കപ്പെട്ട നൂറുകണക്കിന് പൊതുപരിപാടികളും ഖണ്ഡനങ്ങളും?
ആരായിരുന്നുവത് സംഘടിപ്പിച്ചതും അവയിൽ പങ്കെടുത്തതും? കേവലം സകരിയ്യയും ഷംസുദ്ദീനും ബാലുശേരിയും ഫൈസൽ മുസ്ല്യാരുമൊക്കെ മാത്രമായിരുന്നോ അവയിൽ പ്രസംഗിച്ചതും മറുപടി പറഞ്ഞതും? അല്ല, അബ്ദുറഹ്‌മാൻ സലഫിയും അനസും കായക്കൊടിയും സാക്ഷാൽ ടി പിയും എ പിയും വരെ പങ്കെടുത്തിട്ടുണ്ട്. ജിന്ന് വാദികളുടെ വികലവാദങ്ങൾക്ക് ഊർജ്ജവും കരുത്തും നൽകുന്നതായിരുന്നു അവരുടെ പ്രസംഗങ്ങളും സാന്നിധ്യം പോലും. ‘മടവൂരി’കളെന്ന് നിങ്ങൾ ആക്ഷേപിക്കുന്നവരെ പ്രതിരോധിക്കാനുള്ള പരിപാടികളെന്ന പരിഗണന നൽകിയായിരുന്നല്ലോ നിങ്ങൾ ആ പിന്തുണയും സഹകരണവും നൽകിയത്.

ഓർമ്മയുണ്ടോ, കടവത്തൂരിലും ശംഖുമുഖത്തും മംഗലാപുരത്തും തൊട്ട് കേരളത്തിന്റെ സകല മുക്കുമൂലകളിലും ഈ അന്ധവിശ്വാസപ്രചാരകർ അരങ്ങ്തകർത്താടിയ ജിന്ന് പരിപാടികൾ?
അതൊന്നും സകരിയയോ ബാലുശേരിയോ ഹാരിസോ ഷംസുദ്ദീനോ വ്യക്തിപരമായി സംഘടിപ്പിച്ച വേദികളായിരുന്നില്ല. മുജാഹിദ് സെന്ററിൽ നിന്ന് നേതൃത്വം കൊടുക്കുന്ന നിങ്ങളുടെ ജില്ലാ-മണ്ഡലം-ശാഖാ ഘടകങ്ങളായിരുന്നു അവ സംഘടിപ്പിച്ചത്. എന്തേ അത് ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ അന്നൊരു ആദർശവാദിയുമില്ലാതിരുന്നത്? വ്യാജാരോപണങ്ങളുന്നയിച്ച് മുജാഹിദ്സെന്ററിൽ നിന്ന് നിങ്ങൾ പടിയിറക്കിയ മുജാഹിദുകളെ കടിച്ച് കീറാനും ചെളിവാരിയെറിയാനുമുള്ള അവസരമെന്ന നിലക്കായിരുന്നല്ലോ അവ സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്തത്.

ഓർമ്മയുണ്ടോ, ‘മുജാഹിദ് ജിന്ന്, യുവതി പീഡിപ്പിക്കപ്പെട്ടു’ എന്ന തലക്കെട്ടിൽ കേരളശബ്ദം വാരിക കവർസ്റ്റോറി നൽകുക വരെ ചെയ്ത ആ സംഭവം?
ചെറുവാടിക്കാരൻ മൌലവി ഒരു പെണ്ണിന്റെ അകത്ത് ‘കയറിയ’ ജിന്നിനെ ഇറക്കാനെന്ന പേരിൽ നടത്തിയ അപമാനകരമായ ‘അടി ചികിത്സ’യെ ന്യായീകരിക്കാനും ജിന്നിറക്കിയവനെ ന്യായീകരിക്കാനുമായി ചെറുവാടി ടൌണിൽ നടത്തിയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊടുത്തതാരാ?നിങ്ങളുടെ പണ്ഡിതസഭയുടെ അമരക്കാരൻ. മുഖ്യപ്രഭാഷകരോ അബ്ദുറഹ്‌മാൻ സലഫിയും അനസും!!!


ഓർമ്മയുണ്ടോ, 2007ൽ ചങ്ങരംകുളത്ത് വെച്ച് നടന്ന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കാഞ്ഞിരമറ്റം അരയൻ‌കാവിൽ 8.11.2007നും ചാലക്കപ്പാറയിൽ 9.11നും മില്ലുങ്കൽ ജങ്ഷനിൽ 10നും നിങ്ങൾ സംഘടിപ്പിച്ച സമ്മേളനങ്ങൾ? ആ ഔദ്യോഗിക വേദികളിൽ, ‘മാനവ മോചനത്തിന് സ്രഷ്ടാവിന്റെ സന്ദേശം’ എന്ന നിങ്ങളുടെ സമ്മേളന പ്രമേയം വിശദീകരിക്കാൻ നിങ്ങൾ ചുമതലപ്പെടുത്തിയ മുഖ്യപ്രഭാഷകൻ ആരായിരുന്നു? സാക്ഷാൽ ഡോക്ടർ സുബൈർ ആയിരുന്നു ആ ഔദ്യോഗിക പ്രഭാഷകൻ. സകല വിധ ജിന്ന്-കുട്ടിച്ചാത്തൻ അന്ധവിശ്വാസങ്ങളെയും ഇറക്കുമതി ചെയ്ത് പ്രചരിപ്പിച്ച് കൊണ്ടിരുന്ന സുബൈർ അന്ന് നിങ്ങൾ അഭിമതനായത് ആ വികല ആദർശങ്ങൾക്ക് കുടപിടിച്ച് സഹായിക്കുന്നത് നിങ്ങളുടെ നിലപാടായിരുന്നതിനാലാണ്.

ഓർമ്മയുണ്ടോ, മുജാഹിദ് സെന്ററിൽ നിന്ന് ഔദ്യോഗികമായി ഗൾഫിലേക്ക് പറന്ന ആ കത്ത്?  ഡോ. ഹുസൈൻ മടവൂരിനെ അതിക്രൂരമായി വേട്ടയാടുന്നതിന്റെ ഭാഗമായി, അറബ് നാടുകളിൽ അദ്ദേഹം ബഹിഷ്കൃതനാവുമെന്ന് മനപ്പായസമുണ്ട് നിങ്ങളയച്ച ആ കത്തുകൾ എത്ര മറച്ച് വെച്ചാലും മറക്കാനാവുമോ മുജാഹിദുകൾക്ക്. മടവൂർ മതത്തിൽ നിന്ന് പുറത്ത് പോയവനാണെന്ന് വരെ മുജാഹിദ് സെന്ററിലെ അത്യുന്നതർ അതിൽ സാക്ഷ്യപ്പെടുത്തി ഒപ്പ് വെച്ചിരുന്നു. ആ കത്തിലെ ഒരാരോപണമെന്തായിരുന്നു. (ഇന്ന് നിങ്ങൾ മഹാപാതകമായി കാണുന്ന) ജിന്ന് വാദം മടവൂരിനും കൂട്ടർക്കുമില്ലെന്നായിരുന്നില്ലേ നിങ്ങൾ അവർക്ക് നൽകിയ പരാതി. ഒരു കൂട്ടരെ പീഡിപ്പിക്കാൻ ചെയ്ത ആ നെറികേട് മറ്റു ചിലരെ പ്രീണിപ്പിക്കാനുമായിരുന്നല്ലോ.

ഓർമ്മയുണ്ടോ, ജമീല ടീച്ചറുടെ പേരിൽ അബ്ദുറഹ്‌മാൻ സലഫി തയ്യാറാക്കി വിചിന്തനത്തിൽ കൊടുത്ത ആ കത്ത്?
ജിന്ന് വാദികളെ നിങ്ങളുടെ സംഘടനക്കകത്ത് വെച്ച് തന്നെ തന്റേടത്തോടെ പ്രമാണം വെച്ച് നേരിട്ട ജമീല ടീച്ചർ. സകരിയ്യയും ബാലുശേരിയും ഷംസുദ്ദീനുമൊക്കെ നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങളെ ടീച്ചർ ശക്തമായി വിമർശിച്ചു. ജമാലിന്റെ ജിന്നിറക്കൽ ചികിത്സയുടെ കാടത്തം പുറംലോകത്തെ അറിയിച്ചു. എന്നിട്ടോ? നിങ്ങൾ ടീച്ചർക്ക് പിന്തുണ കൊടുത്തോ? ഇല്ല. മറിച്ച് അവരെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നില്ലേ സലഫിയും കൂട്ടരും ചെയ്തത്. അവരുടെ പ്രമാണബദ്ധമായ ഇടപെടൽ മർക്കസുദ്ദ‌അവക്കാർക്ക് മൈലേജുണ്ടാക്കുമെന്നായിരുന്നു സലഫിയുടെ കണ്ടെത്തൽ. എന്നിട്ട് സലഫി തന്നെ വെള്ളക്കടലാസിൽ വിചിന്തനം പത്രാധിപർക്കൊരു കത്ത് ടീച്ചറുടെ പേരിൽ തയ്യാറാക്കി, അവരെക്കൊണ്ട് അതിലൊപ്പ് വെപ്പിച്ചു. പക്ഷെ, ആദർശത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാനായ പിതാവിൽ നിന്ന് പകർന്ന് കിട്ടിയ അവരുടെ ആ ചങ്കൂറ്റവും ആദർശബോധവും ഉപേക്ഷിക്കാൻ സലഫിയുടെ ആ കുതന്ത്രത്തിന് കഴിഞ്ഞില്ലെന്നത് സംഭവത്തിന്റെ മറുവശം. അവരിന്നും സത്യാദർശത്തിന്റെ പക്ഷത്ത് അടിയുറച്ച് നിൽക്കുന്നു.

ഓർമ്മയുണ്ടോ, 2007 മാർച്ച് 22ന് മർക്കസുദ്ദ‌അവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ ജെ യു ജിന്ന് സിഹ്‌ർ വിഷയത്തിൽ ഒരു സംവാദത്തിന് സന്നദ്ധത അറിയിച്ച് കൊണ്ട് ഒരു കത്ത് നിങ്ങളുടെ  പണ്ഡിത സഭക്ക് നൽകേണ്ടി വന്ന സാഹചര്യം?
മേപ്പാടിയിലെ നിങ്ങളുടെ ഘടകവും ഐ എസ് എമ്മുമായി നടന്ന എഴുത്തുകുത്തുകളുടെ ഭാഗമായായിരുന്നു ആ കത്ത്. ജിന്ന് സിഹ്‌ർ വിഷയത്തിൽ കൃത്യവും വ്യക്തവുമായ നിലപാടുള്ളത് കൊണ്ട് ഞങ്ങളന്ന് സംവാദത്തിന് തയ്യാറായെങ്കിലും നിങ്ങൾക്കന്ന് ഒളിച്ചോടേണ്ടി വന്നു. നിങ്ങൾക്ക് ജിന്ന് വാദികളെ പ്രീതിപ്പെടുത്തേണ്ടതുള്ളത് കൊണ്ടായിരുന്നു ആദ്യത്തെ എഴുത്തുകുത്തുകൾ നടത്തേണ്ടി വന്നതും ഒടുവിൽ സംവാദത്തിൽ നിന്നും ഒഴിഞ്ഞ് മാറേണ്ടി വന്നതും എന്ന് വൈകിയെങ്കിലും മനസ്സിലാക്കുക.

ഓർമ്മയുണ്ടോ, 2009 ഒക്ടോബർ 11ന് രാവിലെ തിരുവനന്തപുരം ഇഖ്ബാൽ ലൈബ്രറി ഹാളിൽ നടന്ന ഒരു സംവാദ വ്യവസ്ഥ ചർച്ച?
രണ്ട് മാസത്തോളം നീണ്ട എഴുത്തുകുത്തുകൾക്കൊടുവിൽ നടന്ന ആ ചർച്ച എന്തിനു വേണ്ടിയായിരുന്നു? ജിന്ന് സിഹ്‌ർ വിഷയത്തിൽ മർക്കസുദ്ദ‌അവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യഥാർത്ഥ മുജാഹിദുകളുമായി സംവാദം നടത്താനെന്ന മട്ടിലായിരുന്നു അനസ് മുസ്ല്യാരും കൂട്ടരും ആ ചർച്ചക്ക് വന്നത്. സകരിയയും ഷംസുദ്ദീനും ബാലുശേരിയുമൊക്കെ പ്രതിനിധീകരിക്കുന്ന ജിന്ന് വാദത്തെ പിന്തുണച്ച് കൊണ്ടായിരുന്നല്ലോ അത്. 2009 ആഗസ്റ്റ് 2ന് തിരുവനന്തപുരം സലഫിസെന്ററിൽ ജിന്ന് വാദങ്ങൾ സമർത്ഥിച്ച് കൊണ്ട് നടന്ന മുഖാമുഖത്തിന്റെ അനുബന്ധമായായിരുന്നു ആ സംവാദ ചർച്ച വന്നത് എന്നത് ഇതിന് തെളിവാണ്. ‘മർക്കസുദ്ദ‌അവ വിഭാഗത്തെ ചെറുത്തില്ലാതാക്കുക എന്ന ദുരുദ്ദേശം മാത്രമായിരുന്നല്ലോ അന്ന് ജിന്ന് വാദങ്ങൾക്ക് കുടപിടിച്ച് കൊടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത്.

സഹോദരങ്ങളേ, ഇത്രയൊക്കെ ഓർമ്മിപ്പിച്ചത് ഗുണകാംക്ഷയോടെയും സദുദ്ദേശത്തോടെയും മാത്രമാണ്. ഇനിയും ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും.
ഇതൊരു ഓർമ്മപ്പെടുത്തലാണ്.
നിങ്ങളെത്ര ഊറ്റം കൊണ്ടാലും ആർത്തുവിളിച്ചാലും ഒരു സത്യം അസ്തമിക്കില്ല എന്ന ഓർമ്മപ്പെടുത്തൽ.
ഒരു വിഭാഗത്തോടുള്ള അന്ധമായ വിരോധവും മറ്റു ചിലരോടുള്ള അന്ധമായ വിധേയത്വവും നിങ്ങളെ കൊണ്ടെത്തിച്ച പതനത്തെ കുറിച്ച ഓർമ്മപ്പെടുത്തൽ.
മർക്കസുദ്ദ‌അവ ആസ്ഥാനമായി ഒരു പറ്റം മുജാഹിദുകൾ ഈ അന്ധവിശ്വാസങ്ങളെ ധീരതയോടെ നെഞ്ചുവിരിച്ച് ചെറുക്കാൻ ഇല്ലായിരുന്നെങ്കിലുള്ള ഭീകരാവസ്ഥയെ കുറിച്ച ഓർമ്മപ്പെടുത്തൽ.
പൊറുക്കപ്പെടാത്ത മഹാപാപത്തിന്റെ വഴിയിൽ ആരാലോ നയിക്കപ്പെട്ട നിങ്ങൾക്ക് തിരിച്ചറിവിലേക്ക് ദിശാബോധം നൽകിയത് ആരാണെന്ന ഓർമ്മപ്പെടുത്തൽ.
ദുരഭിമാനത്തിന്റെ തലക്കനത്തിൽ നിങ്ങളെത്ര നിഷേധിച്ചാലും ചരിത്രത്തിന്റെ തങ്കലിപ്ത അധ്യായങ്ങളിൽ അന്ധവിശ്വാസങ്ങൾക്കെതിരായ
മുജാഹിദുകളുടെ പോരാട്ടം തെളിഞ്ഞ് കിടക്കുക തന്നെ ചെയ്യുമെന്ന ഓർമ്മപ്പെടുത്തൽ.

അസത്യങ്ങളെ വേർതിരിച്ചറിഞ്ഞ് വെടിയാനും സത്യത്തിന്റെ വഴിയിൽ കൈകോർക്കാനും ദുരഭിമാനങ്ങളും സ്വാർത്ഥതകളും തടസമാവാതിരിക്കട്ടെ,
അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ.



 

Comments

  1. യഥാർത്ഥ മുജാഹിദുകൾ ആരാണെന്ന് മാലോകർക്ക് തീർത്തും ബോധ്യപെടുത്തുന്നതായിരുന്നു ജിന്ന് വിവാദം. ജിന്ന് വിഷയം സംസാരിക്കാൻ മിമ്പർ വരെ അനുവദിച്ചു കൊടുത്തവർക്ക് സത്യം തിരിയാൻ നിസ്വാർത്ഥരായ ഇസ്ലാഹികളുടെ പൊളിച്ചെഴുത്ത് വേണ്ടി വന്നു. അതുവരെ ബുദ്ധി ഗൾഫ് ജിന്ന് ശൈഖന്മാർക്ക് അടിമപെടുത്തുകയായിരുന്നു. ഡ്യൂപ്പ് സലഫി അബ്ദുറഹ്മാനും കൂട്ടരും കോഴിക്കോട്ട് മുതലക്കുളത്ത് വെച്ച് പൊട്ടൻ കളി കളിച്ചത് ആർക്ക് മറക്കാനാവും. സകരിയയുടെ കൊമ്പ് തന്റെ തലക്ക് മീതെ വളരുന്നത് കണ്ടാണ് കപട സലഫിയിൽ നിന്ന് ജിന്നിറങ്ങിയത്. എന്നാൽ മുജാഹിദ് ഐക്യത്തിന് തടസമാകണമെന്ന് നിലയിൽ സിഹ്‌‌റിനെ ആവാഹിച്ചു കയറ്റി. സിഹ്‌റ് എങ്ങിനെയാണ് കയറുന്നത് എന്ന് ബുദ്ധികൊണ്ട് അനലൈസ് ചെയ്യാൻ പാടില്ല, സിഹ്‌റ് ചെയ്യുമ്പോൾ പ്രവർത്തിക്കുന്നത് ജിന്നാണെന്നും ജിന്നിന് അത്തരത്തിൽ ഇടപെടാനാവുമെന്നൊക്കെ സമ്മതിക്കേണ്ടിവരുമെന്നതിനാൽ അവിടെയും ഉരുണ്ടു കളി. സിഹ്‌റിനെ നിഷേധിച്ചാൽ യഥാർത്ഥ ഇസ്ലാഹികൾ തമ്മിൽ ചേരുമോ എന്ന പേടിയും. കള്ളന്മാർക്ക് ആദർശത്തേക്കാൾ വലുത് ആമാശയവും അധികാരങ്ങളുമായാൽ ഡ്യൂപ് സലഫിയാകും, അതെ അബ്ദുറഹ്മാൻ സലഫി!

    ReplyDelete

Post a Comment