ഒരിക്കൽ കൂടി ഇതൊന്ന് വായിക്കുക


പള്ളികള്‍ക്കെതിരായ പടയോട്ടവും
ഭിന്നിപ്പുകാരുടെ മന്‍ഹജിന്റെ ഭാഗമോ?


എം എ ചെമ്മാട്

(ശബാബ് വാരിക 2006 മാർച്ച് 17)


          കോഴിക്കോട് നഗരത്തില്‍ ഈയിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ തൊട്ടു മുമ്പ് സ്‌ഫോടനത്തിനുത്തരവാദികളെന്ന് കരുതുന്നവര്‍ ഇതു സംബന്ധമായി ചിലര്‍ക്ക് വിളിച്ചിരുന്നുവത്രെ. സ്‌ഫോടനം നടക്കുമെന്നും അത് ഇന്നകാരണത്താലാണെന്നും ആയിരുന്നുവത്രെ അവര്‍ പറഞ്ഞിരുന്നത്. ലോകത്ത് നടക്കുന്ന മിക്ക ഭീകരപ്രവര്‍ത്തനങ്ങളുടെയും സ്വഭാവം ഇപ്രകാരമാണ്. എന്നാല്‍ തങ്ങള്‍ ചെയ്യാന്‍ പോകുന്ന ഭീകര പ്രവര്‍ത്തനത്തിനെതിരെയും സമാധാനത്തിനു വേണ്ടിയും ചാരിത്ര്യ പ്രസംഗം നടത്തി ജനങ്ങളുടെ മനം കുളിര്‍പ്പിച്ച് ആരും ഭീകര പ്രവര്‍ത്തനത്തിന് പോയതായി അറിവില്ല. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. വര്‍ഷങ്ങളായി അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുന്ന, യഥാര്‍ഥ ഇസ്‌ലാമികാനുശാസനകളനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചു വരുന്ന കോഴിക്കോട് കരുവന്‍തിരുത്തി മുജാഹിദ് പള്ളിയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ഈ വിരോധാഭാസം (അതോ പുതിയ ഭീകരശൈലിയോ?) അരങ്ങേറിയത്.
          ഇക്കഴിഞ്ഞ മാര്‍ച്ച് 10നാണ് (2006) കോഴിക്കോട് മുജാഹിദ് സെന്ററില്‍ നിന്നുള്ള ഗുണ്ടകള്‍ പള്ളിയില്‍ അതിക്രമിച്ചു കയറുകയും ജുമുഅ അലങ്കോലപ്പെടുത്തുകയും പോലീസിനെയും രാഷ്ട്രീയക്കാരെയും ഉപയോഗിച്ച് പള്ളിപൂട്ടിക്കുകയും ചെയ്തത്. എന്നാല്‍ അതേ മുജാഹിദ് സെന്ററില്‍ നിന്നും അതേ മാര്‍ച്ച് 10ന് പുറത്തിറങ്ങിയ ഭിന്നിപ്പു വാരികയുടെ ആദര്‍ശ പ്രഖ്യാപനം നോക്കൂ:
''കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കുമനുസൃതമായി പള്ളികള്‍ പ്രവര്‍ത്തിക്കണമെന്നല്ലാതെ വിശ്വാസികള്‍ക്കു മുന്നില്‍ പള്ളിവാതിലുകള്‍ അടക്കണമെന്നോ ഉപാസകരില്ലാത്തതിന്റെ പേരില്‍ അവ വില്പന നടത്തി ആ പണം കൊണ്ട് മറ്റെന്തെങ്കിലും ചെയ്യണമെന്നോ മുസ്‌ലിംകള്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ല. തര്‍ക്കങ്ങളുടെ പേരില്‍ പൂട്ടിയിട്ട പള്ളികള്‍ എത്രയും വേഗം തുറന്നുകിട്ടാനും പ്രശ്‌നം പരിഹരിക്കാനും തര്‍ക്കമുള്ള വിഭാഗങ്ങള്‍ അഭിലഷിക്കാറാണ് പതിവ്..... പള്ളികളുടെ പേരില്‍ പൊങ്ങച്ചം നടിക്കുന്നവര്‍ പള്ളികളുടെ പേരില്‍ അകല്‍ച്ചകാണിക്കാനുമാരംഭിച്ച ആസുരമായ ഒരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്........... വിശ്വാസികള്‍  പാദസ്‌നാനം ചെയ്തുമാത്രം കയറുന്ന പള്ളികള്‍ നിയമപാലകരുടെ ഷൂതാഡനവും പട്ടാളക്കാരന്റെ തോക്കിന്‍ ഗര്‍ജനവും കൊണ്ട് വികലമാക്കപ്പെടുന്നുവെങ്കില്‍ അതിനുത്തരവാദികളായവരെ തള്ളിപ്പറയാന്‍ വിശ്വാസി സമൂഹത്തിന് മടിക്കേണ്ട കാര്യമില്ല.'' (വിചിന്തനം വാരിക, 2006 മാര്‍ച്ച് 10)


വിശ്വാസികള്‍ക്കുമുന്നില്‍ പള്ളിവാതിലുകള്‍ അടക്കണമെന്ന് മുസ്‌ലിംകള്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ലെന്നും പള്ളിയില്‍ പോലീസുകാര്‍ക്ക് ഷൂവിട്ട് കയറാന്‍ സാഹചര്യമൊരുക്കുന്നവരെ വിശ്വാസികള്‍ തള്ളിപ്പറയാന്‍ തയ്യാറാവണമെന്നുമുള്ള ഭിന്നിപ്പുകാരുടെ തന്നെ 'മഹല്‍വചനം' മുഖവിലക്കെടുത്ത് ഇക്കൂട്ടരെ എങ്ങനെ വിലയിരുത്തണമെന്ന് വായനക്കാര്‍ തന്നെ തീരുമാനിക്കുക. കൂടാതെ സംഭവത്തിന്റെ തൊട്ടു തലേദിവസം കോഴിക്കോട് ജൂബിലിഹാളില്‍ നടന്ന കെ എ ടി എഫ് സമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കിടയിലെ സംഘര്‍ഷങ്ങളും 'മറുപടിക്ക് മറുപടിയും' ഒക്കെ ഒഴിവാക്കണമെന്ന് ഐക്യപ്രസംഗം നടത്തിയ ടി പി മദനി അവര്‍കള്‍ തന്നെയാണല്ലോ തൊട്ടടുത്ത ദിവസം കരുവന്‍തിരുത്തി പള്ളിയിലേക്ക് ഗുണ്ടാസംഘത്തെ ആശീര്‍വദിച്ചയച്ചത്.   കരുവന്‍തിരുത്തി പള്ളിയില്‍ അന്യദേശത്തുനിന്നും ഗുണ്ടകളെയും ദുസ്സ്വാധീനത്തിന്റെ ബലത്തില്‍ പോലീസിനെയുംകൊണ്ട് എത്തിയ നേതാവിന്റെ കയ്യിലൊരു പുതിയ പൂട്ടും താക്കോലും കൂടി ഉണ്ടായിരുന്നുവെന്നും പള്ളിപൂട്ടാന്‍ പോലീസ് അതാണ് ഉപയോഗിച്ചതെന്നുമുള്ള വാര്‍ത്തകള്‍ ഇതോട് ചേര്‍ത്തുവായിക്കുക.എങ്കിലും ആദര്‍ശധീരരായ കര്‍മഭടന്മാര്‍ക്ക് ഈ തെമ്മാടിത്തങ്ങളെ എങ്ങനെ ഏറ്റെടുക്കാനാവും? അവര്‍ പറയുന്നത് കാണുക:
''മുജാഹിദ് പ്രസ്ഥാനത്തില്‍ രഹസ്യമായി സമാന്തര സംവിധാനങ്ങളുണ്ടാക്കിവെച്ച് പിന്നീട് സമയമായി എന്നറിയിപ്പ് കിട്ടിയപ്പോള്‍ പുറത്തുപോയി ഈ ദഅ്‌വാ പ്രസ്ഥാനത്തെ കിട്ടുന്ന സന്ദര്‍ഭങ്ങളുപയോഗിച്ച് കുത്തുന്ന, പള്ളികളടക്കമുള്ള പവിത്ര കേന്ദ്രങ്ങളില്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കാന്‍ നേതൃത്വം നല്കുന്ന പണ്ഡിതന്മാര്‍ ഓര്‍ക്കാറുണ്ടോ അവര്‍ ചെയ്യുന്ന ചെയ്തികളുടെ അപകടം?'' (അല്‍മനാര്‍ മാസിക, 2004 ജൂണ്‍).
അതെ, അതുതന്നെയാണ് കേരളത്തിലെ മുസ്‌ലിം സമുദായം ഒന്നടങ്കം എ പി വിഭാഗത്തിലെ ബഹുമാന്യരോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ പരാമര്‍ശിച്ച പണ്ഡിതന്‍മാര്‍ ആരെന്ന് മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്ക് പ്രത്യേക ഗവേഷണങ്ങളൊന്നും വേണ്ടിവരില്ല എന്നുറപ്പാണ്. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ അടച്ചുപൂട്ടിയ പള്ളികളുടെ അപ്പോഴത്തെ അവസ്ഥ മാത്രം പരിശോധിച്ചാല്‍ മതി.
മുജാഹിദുകളുടെ പ്രസംഗവേദികള്‍ അലങ്കോലപ്പെടുന്ന സംഭവങ്ങള്‍ക്ക് ചരിത്രത്തില്‍ പഞ്ഞമൊന്നുമില്ല. എന്നാല്‍ സുന്നികളുടെ വേദികള്‍ അലങ്കോലപ്പെടാറുമില്ല. ഇതിന് കാരണമായി നമ്മള്‍ അവതരിപ്പിക്കാറുള്ളത് സ്വന്തം വേദി ആരും അലങ്കോലപ്പെടുത്താറില്ലയെന്നും മുജാഹിദുകള്‍ക്ക് ഇവരുടെ പരിപാടി അലങ്കോലപ്പെടുത്തുന്ന പാരമ്പര്യമില്ലാത്തതിനാലാണ് സുന്നികളുടെ  യോഗങ്ങള്‍  ഭംഗിയായി നടക്കുന്നതെന്നുമൊക്കെയായിരുന്നുവല്ലോ. അതേ അളവുകോലിലാണ് കേരളത്തിലെ പള്ളിപൂട്ടലുകളുടെ ചരിത്രവും അന്വേഷിക്കേണ്ടത്.

മുജാഹിദ് പ്രസ്ഥാനം രണ്ടായി പ്രവര്‍ത്തിച്ചു തുടങ്ങിയ കഴിഞ്ഞ മൂന്നരകൊല്ലത്തിനുള്ളില്‍ നാല് പള്ളികളാണ് അടച്ചുപൂട്ടിയത്. ഇത് നാലും ആ സമയത്ത് ഡോ. ഹുസൈന്‍ മടവൂര്‍ ജന. സെക്രട്ടറിയായ കെ എന്‍ എമ്മിന്റെ കൈവശമായിരുന്നു. ഏതായാലും സ്വന്തം അധീനതയിലുള്ള മസ്ജിദ് അടച്ചുപൂട്ടിക്കാന്‍ ആരും തയ്യാറാവില്ലല്ലോ. അതിനാല്‍ ഈ നാല് സംഭവങ്ങളിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എ പി വിഭാഗം തന്നെ.


കാസര്‍ഗോഡ്: 

കാസര്‍ഗോഡ് പള്ളിയിലായിരുന്നു എ പി വിഭാഗം തങ്ങളുടെ പള്ളിപൂട്ടിക്കല്‍ യജ്ഞത്തിന്റെ ഉദ്ഘാടനം നടത്തിയത്. അന്ന് ആ പള്ളിയുടെ ഭരണസമിതി മര്‍ക്കസുദ്ദഅ്‌വ ആസ്ഥാനമായ കെ എന്‍ എമ്മിന്റെ പ്രാദേശിക നേതാക്കളായിരുന്നു. അവിടത്തെ ഖത്വീബാകട്ടെ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു ല്ലത്തീഫ് കരുമ്പുലാക്കലായിരുന്നു. അതി നീചമായിട്ടായിരുന്നു ഭിന്നിപ്പുകാര്‍ തങ്ങളുടെ 'ഉദ്ഘാടനം' നിര്‍വഹിച്ചത്. ജുമുഅക്കെത്തിയവരെ പള്ളിയില്‍ പ്രവേശിപ്പിക്കാതെയും ഖത്വീബിനെ ഖുതുബ നിര്‍വഹിക്കാന്‍ സമ്മതിക്കാതെയും  'പള്ളിപൂട്ടിക്കോ'  എന്നാക്രോശിച്ച് ഉറഞ്ഞുതുള്ളുകയായിരുന്നു അവര്‍. മലയാളത്തില്‍ ഖുതുബ നിര്‍വഹിച്ചാല്‍ ആക്രമിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. ഒടുവില്‍ ആറ് മാസത്തോളം പള്ളി പൂട്ടിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കാനായി പണിതുയര്‍ത്തിയ വിശുദ്ധഗേഹം ആരാധന നടക്കാതെ ദൈവനിന്ദയുടെ മൂകസാക്ഷിയായി അരവര്‍ഷത്തോളം അടഞ്ഞുകിടന്നപ്പോള്‍ ഭിന്നിപ്പുകാര്‍ വിജയാഹ്ലാദത്തിലായിരുന്നു. പള്ളിയുടെ ഉടമസ്ഥാവകാശം കയ്യടക്കാനുള്ള കുതന്ത്രത്തിലും.

മഞ്ചേരി: 

പള്ളി പൂട്ടിക്കലിന്റെ രണ്ടാമത്തെ 'ജിഹാദ്' മഞ്ചേരിയിലായിരുന്നു. കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്‌കൊളക്കാടന്‍ മുഹമ്മദലിഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി ഇസ്‌ലാഹീ കാമ്പസ് പള്ളിയിലും 'പള്ളിപൂട്ടിക്കലെന്ന' മുദ്രാവാക്യവുമായാണ് ഭിന്നിപ്പുകാരെത്തിയത്. അതും ഒരു വിശുദ്ധമാസത്തില്‍! കെ എന്‍ എം ജില്ലാ സെക്രട്ടറി മൂസ സ്വലാഹിയാണ് ഈ പള്ളിയിലെ ഖത്വീബ്. രണ്ടാഴ്ചയോളം ഈ പള്ളിയിലും ഭിന്നിപ്പുകാര്‍ ആരാധന മുടക്കി. ഒടുവില്‍ നാനാഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ രൂക്ഷമായപ്പോള്‍ ഒരു ഖുതുബ നിര്‍വഹിക്കാന്‍ അബ്ദുര്‍റഹ്മാന്‍ സലഫിക്ക് അവസരം നല്കണമെന്ന ഉപാധിയിലാണ് പള്ളി തുറക്കാന്‍ എ പി വിഭാഗം തയ്യാറായത്. തങ്ങളുടെ നേതാവിന് കേവലമൊരു ഖുതുബ നടത്താന്‍ നഗരമധ്യത്തിലെ തിരക്കേറിയ ഒരു സലഫീ മസ്ജിദില്‍ രണ്ടാഴ്ചക്കാലം ആരാധന മുടക്കിയതിന്റെ 'ലാഭം' ഇവര്‍ ഏത് അക്കൗണ്ടില്‍ ചേര്‍ക്കും?

വണ്ടൂര്‍:

മൗലവി ശഫീഖ് അസ്‌ലം ഖുത്വ്ബ നിര്‍വഹിച്ചിരുന്ന വണ്ടൂര്‍ പള്ളിയില്‍ അതിക്രമിച്ചുകയറാനും പള്ളി പൂട്ടിക്കാനും ഇവര്‍ തെരഞ്ഞെടുത്ത സമയം പോലും മനുഷ്യത്വത്തിന് നിരക്കുന്നതായിരുന്നില്ല. ശഫീഖ് അസ്‌ലം ഗുരുതരമായ ഒരു     രോഗത്തിന്റെ അവശതയില്‍ ആശുപത്രിയില്‍ കഴിയുന്ന സാഹചര്യമാണ് ഭിന്നിപ്പുകാര്‍ തങ്ങളുടെ കാടന്‍ പ്രവൃത്തിക്ക് തെരഞ്ഞെടുത്തത്. ഇവിടെയും ദിവസങ്ങളോളം സുജൂദ് മുടക്കിയ ഇവര്‍ തങ്ങളുടെ നേതാവിന് ഒരു ഖുതുബ മാത്രം നിര്‍വഹിക്കാനുള്ള അവസരം മധ്യസ്ഥര്‍ മുഖേന നേടിയെടുത്ത് 'ധൈര്യസമേതം' പിന്‍വാങ്ങി.

കരുവന്‍തിരുത്തി:

ഒടുവില്‍ കരുവന്‍ തിരുത്തി പള്ളി പൂട്ടിക്കാനും ഭിന്നിപ്പുകാര്‍ക്ക് പ്രേരണയായത് ഈ പള്ളിയുടെ ഭരണത്തിലും മിന്‍ബറിലും തങ്ങള്‍ക്ക് സ്വാധീനമില്ലാത്തതിന്റെ പ്രകോപനം മാത്രമായിരുന്നു. നാട്ടില്‍ രണ്ട് കയ്യിലെയും വിരലുകളുപയോഗിച്ച് എണ്ണാന്‍ പോലും അണികളില്ലാത്തവര്‍ ആ നാട്ടിലെ പള്ളിഭരണത്തിലും എവിടെയായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും മിനക്കെടാതെയാണിവര്‍ പുതിയ പൂട്ടും വാങ്ങി ഗുണ്ടകളുമായെത്തി പോലീസിനെ ഉപയോഗിച്ച് ഈ പള്ളിയും അടച്ചുപൂട്ടിയത്. ജുമുഅ അലങ്കോലപ്പെടുത്തിയും സ്വയം ജുമുഅ ഉപേക്ഷിച്ചുമാണ് പലരും ഈ ഗുണ്ടായിസം നടത്തിയതെന്ന് ഇവരുടെ 'ആദര്‍ശ പ്രതിബദ്ധത'യുടെ അളവുകോലായി  വിശ്വാസികള്‍ വിലയിരുത്തട്ടെ.

പള്ളിപൂട്ടിക്കലിനു പുറമെ പള്ളി നിന്ദയുടെ ഒരു പരമ്പര തന്നെയാണ് ഭിന്നിപ്പുകാര്‍ കാഴ്ചവെച്ചത്. പള്ളിപൊളിക്കല്‍, പള്ളിപ്പണിമുടക്കല്‍, പള്ളിഫണ്ടുകള്‍ മുടക്കല്‍ തുടങ്ങി മഹത്തായ സേവനങ്ങള്‍ കഴിഞ്ഞ നാല്പതില്‍ പരം മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ കേരള മുസ്‌ലിം ചരിത്രത്തിന് സമര്‍പ്പിച്ചു. ദോഷം പറയരുതല്ലോ, ''നന്മയിലേക്ക്, തിന്മക്കെതിരെ'', ''ഇസ്‌ലാമിനെ അറിയുക'', ''നാഥനെ അറിയുക നാളെയുടെ രക്ഷക്ക്'' തുടങ്ങിയ സുന്ദരമായ ടൈറ്റിലുകളാണ് ഈ ക്രൂരകൃത്യങ്ങള്‍ നടത്തുമ്പോഴും ഇവരുടെ ബാനറുകളില്‍ തെളിഞ്ഞുകണ്ടിരുന്നത്. ഭിന്നിപ്പുകാരുടെ പള്ളിനിന്ദക്ക് ചില ഉദാഹരണങ്ങള്‍

കൊടുന്തിരപ്പുള്ളി:

അല്ലാഹുവിന് സുജൂദ് ചെയ്യുന്ന വിശുദ്ധഗേഹം സ്വാര്‍ഥതാല്പര്യങ്ങളുടെ അന്ധതയില്‍ ഒറ്റ രാത്രികൊണ്ട് ജെ സി ബി ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കിയും ഭിന്നിപ്പുകാര്‍ ചരിത്രം കുറിച്ചു. പാലക്കാട് കൊടുന്തിരപ്പുള്ളിയിലെ മുജാഹിദ് പള്ളി വിശുദ്ധ ഖുര്‍ആന്‍ പ്രതികളും ഫര്‍ണിച്ചറുകളും പായകളുമെല്ലാം ഉള്‍പ്പെടെയാണ് ഇവര്‍ നിലംപരിശാക്കിയത്.

തൊടുപുഴ:

തൊടുപുഴക്കടുത്ത് മങ്ങാട്ട് കവലയിലെ മസ്ജിദുല്‍ മുജാഹിദീന്‍ ഭിന്നിപ്പുകാര്‍ ഈയിടെ തകര്‍ത്തത് പ്രദേശത്തെ സലഫീ പ്രവര്‍ത്തകര്‍ക്ക് ഇരട്ട പ്രഹരമായി. ഇവിടെ നിന്നും ഒന്നര കിലോമീറ്ററോളം അകലെ വന്‍തുക ചിലവാക്കി എറണാകുളത്തെ ഭിന്നിപ്പുനേതാവിന്റെ നേതൃത്വത്തില്‍ പണിത ഷോപ്പിംഗ് കോംപ്ലക്‌സ് പള്ളിയില്‍ ആളെക്കൂട്ടാനും മസ്ജിദുല്‍ മുജാഹിദീന്‍ 'മടവൂര്‍ വിഭാഗം' കയ്യിലാക്കുമോ എന്ന് ഭയന്നും അതിനിഷ്ഠൂരമായാണ് ഇവര്‍ ഈ പള്ളി നിലംപരിശാക്കിയത്. ഒടുവില്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന് ആരാധനാലയത്തിനുള്ള അനുമതിയില്ലെന്നതിന്റെ പേരില്‍ ഇതിലെ പള്ളി ഉപേക്ഷിക്കേണ്ടി വന്നു ഭിന്നിപ്പുകാര്‍ക്ക്. പൊളിച്ചുമാറ്റിയ സ്ഥലത്ത് ഇനിയൊരു പള്ളി ഉയര്‍ത്തണമെങ്കില്‍ കടുത്ത തടസ്സങ്ങളാണ് നിലവിലുള്ളത്. ഫലത്തില്‍ പ്രദേശത്തെ മുജാഹിദുകള്‍ക്ക് ആരാധന നടത്താനുള്ള സംവിധാനമാണ് ഭിന്നിപ്പുകാരുടെ കുതന്ത്രത്തില്‍ ഇവിടെ നഷ്ടപ്പെട്ടത്.

പരവൂര്‍:

കൊല്ലം പരവൂരില്‍ മുജാഹിദ് പള്ളിയുടെ നിര്‍മാണം തടയാന്‍ എ പി വിഭാഗം കൂട്ടുപിടിച്ചത് സംഘപരിവാര്‍ ശക്തികളെയായിരുന്നു. പള്ളി നിലവില്‍ വന്നാല്‍ മതസൗഹാര്‍ദം തകരുമെന്നും തൊട്ടടുത്ത ക്ഷേത്രത്തിലെ ഉഷപൂജക്കും ദീപാരാധനക്കും ശല്യമാവുമെന്നും കാണിച്ച് രേഖാമൂലം ഇവര്‍ ക്ഷേത്രകമ്മറ്റിയെയും ആര്‍ എസ് എസ് ഭാരവാഹികളെയും സമീപിക്കുകയായിരുന്നു. താല്‍ക്കാലികമായി പള്ളിപ്പണി മുടക്കാന്‍  ഇവര്‍ക്കായെങ്കിലും ഹൈന്ദവസഹോദരങ്ങള്‍ വൈകിയെങ്കിലും ഇവരുടെ കുതന്ത്രവും പൈശാചികതയും തിരിച്ചറിയുകയായിരുന്നു.

അയനിക്കോട്:

മലപ്പുറം അയനിക്കോട് സലഫി മസ്ജിദ് നിര്‍മാണത്തിന് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ആര്‍ ഡി ഒയെ ബോധിപ്പിച്ച കാര്യങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ശബ്ദ മലിനീകരണവും പരിസരമലിനീകരണവുമായിരുന്നു അയനിക്കോട്ടെ സലഫീ മസ്ജിന്റെ നിര്‍മാണം തടയാന്‍ ഇവര്‍ കണ്ടെത്തിയ കാരണങ്ങള്‍.

പെരുവള്ളൂര്‍, മുസ്‌ലിയാരങ്ങാടി...:

അല്ലാഹുവിനെ മാത്രം ആരാധിക്കാനായി ഗ്രാമങ്ങളിലെ സലഫീ പ്രവര്‍ത്തകര്‍ക്ക് മസ്ജിദ് നിര്‍മിക്കാന്‍ ദീനീ സ്‌നേഹികളായ അഭ്യുദയകാംക്ഷികളും സംഘടനകളും അനുവദിച്ച ഫണ്ടുകള്‍ കുപ്രചരണങ്ങള്‍ നടത്തിയും തെറ്റിദ്ധരിപ്പിച്ചും മുടക്കിയ നിരവധി സംഭവങ്ങളാണ് കേരളത്തില്‍ ഭിന്നിപ്പുകാര്‍ കാരണം ഉണ്ടായത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂരും മുസ്‌ലിയാരങ്ങാടിയും കേവലം ഉദാഹരണങ്ങള്‍ മാത്രം.

ഇനി പറയൂ, ഇതായിരുന്നോ നിങ്ങള്‍ അവതരിപ്പിച്ച സലഫീ മന്‍ഹജ്? എന്തിനായിരുന്നു ഈ അഭ്യാസങ്ങളെല്ലാം.
''ജാറങ്ങളോടനുബന്ധിച്ച പള്ളികളിലും മാല, മൗലൂദ്, റാത്തീബ് തുടങ്ങി തൗഹീദീ വിശ്വാസത്തിന് വിരുദ്ധമായ ആചാരവൈകൃതങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പുരോഹിതന്മാരുടെ നേതൃത്വത്തിലുള്ള നമസ്‌കാരങ്ങളിലും ദുആകളിലും സംബന്ധിക്കാന്‍ തൗഹീദിന്റെ യഥാര്‍ഥ ആദര്‍ശം ഉള്‍ക്കൊണ്ടവര്‍ക്ക് സാധിക്കില്ല. അത്തരം ആളുകള്‍ ഒരു പ്രദേശത്ത് നന്നെ കുറവാണെങ്കിലും അവര്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാനായി ഒരു മസ്ജിദ് വേണമെന്ന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് ജുമുഅ ജമാഅത്തുകളിലും പെരുന്നാള്‍, തറാവീഹ് എന്നീ സംഘടിത നമസ്‌കാരങ്ങളിലും പങ്കെടുക്കുന്നതിന് സാധിക്കണം.'' (അല്‍മനാര്‍ 2005 ഒക്‌ടോബര്‍)
ശരിയാണ്!  പക്ഷേ, നിങ്ങള്‍ മേല്‍ പ്രസ്താവിക്കപ്പെട്ട പള്ളികള്‍ക്കു എതിരെ തിരിഞ്ഞത് എന്തിനായിരുന്നു. ആ പള്ളികളില്‍ ജാറമോ മാലമൗലൂദ് റാത്തീബോ സ്ത്രീസ്വാതന്ത്ര്യ നിഷേധമോ തറാവീഹ് പതിനൊന്നിലധികമോ അറബി ഖുതുബയോ എന്തെങ്കിലുമുണ്ടായിരുന്നോ? (കേരളത്തില്‍ ഏതെങ്കിലും മുജാഹിദ് പള്ളിയില്‍ ഇത്തരം വല്ലതും നടന്നിട്ടുണ്ടെങ്കില്‍ അത് ഇക്കൂട്ടരുടേതിലാണ്. തലശ്ശേരി മൂഴിക്കരപള്ളിയില്‍ തറാവീഹ് 23 നമസ്‌കരിച്ചതും മലപ്പുറം പെരുവള്ളൂര്‍ മസ്ജിദില്‍ അറബിഖുത്വ്ബ നടന്നതുമെല്ലാം മാലോകരറിഞ്ഞതാണല്ലോ)
സലഫീ ആദര്‍ശത്തിനെതിരായ എന്തെങ്കിലും നടന്നതിന്റെ പേരിലായിരുന്നോ നിങ്ങള്‍ ഇത്തരം പള്ളി നിന്ദക്ക് ഒരുമ്പെട്ടത്?
''നടത്തിപ്പുകാര്‍ ആരെന്ന് നോക്കിയല്ല പള്ളിയെ പരിഗണിക്കേണ്ടത്, പള്ളി അല്ലാഹുവിന്റെ ഭവനമാണെന്ന പവിത്രത നാം സംരക്ഷിക്കണം. വ്യക്തി ദൂഷ്യങ്ങളും സമൂഹത്തിലെ ഇതര താല്പര്യങ്ങളും ഭൗതിക നേട്ടങ്ങളും മുതലാക്കാന്‍ പള്ളികളെ കരുവാക്കുന്ന പ്രവണത അല്ലാഹുവിന്റെ ശിക്ഷക്കും കോപത്തിനും കാരണമാകുമെന്നതിന് അനുഭവങ്ങള്‍ സാക്ഷിയാണ്'' (അല്‍മനാര്‍ 2005 ജൂലായ്)
എന്ന് നിങ്ങള്‍ എഴുതിവിട്ടത് കേവലം ഭംഗിവാക്കായി മാത്രമായിരുന്നോ? എങ്കില്‍,
''തങ്ങള്‍ വിഘടിച്ചു പോയത് സത്യമാര്‍ഗത്തിലാണെന്ന് ഈ ഗൂഢാലോചകര്‍ അവരെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് സത്യസന്ധരായി ദീനീ പ്രവര്‍ത്തനം നടത്തിയിരുന്ന പലരും ഇന്ന് രൗദ്രഭാവം പൂണ്ട് വിശുദ്ധ പള്ളികള്‍ പോലും കലാപകേന്ദ്രങ്ങളാക്കാന്‍ മടികാണിക്കാത്തത്'' (അല്‍മനാര്‍ 2005 ജനുവരി)
എന്ന് എഴുതിയത് ആരെക്കുറിച്ചാണെന്ന് മേല്‍ സൂചിപ്പിച്ച 10 പള്ളികളുടെ ചരിത്രത്തിലൂടെ മാത്രം സമുദായം വിലയിരുത്തും എന്നുമാത്രം മറക്കാതിരിക്കുക.
''എത്ര നല്ല കൃഷിക്കിടയിലും കളകള്‍ മുളക്കുന്നതുപോലെ എത്ര നല്ല ഉപദേശങ്ങള്‍ ലഭിച്ചാലും ചിലര്‍ ക്രൂരന്മാരായി വളരും. അതില്ലാതാക്കാന്‍ രണ്ട് പ്രധാന മാര്‍ഗമാണുള്ളത്. എളുപ്പത്തില്‍ പിടിക്കപ്പെടുകയും പരസ്യമായി ശിക്ഷിക്കപ്പെടുകയും ചെയ്യുക'' (ഭിന്നിപ്പുവാരിക, 2006 മാര്‍ച്ച് 10) എന്നേ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

ഫിനിഷിങ്ങ് പോയിന്റ്: ശബാബിൽ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷവും കേരളത്തിൽ സമാന രീതിയിൽ കുറെ പള്ളികളിൽ ഇവർ പ്രശ്നമുണ്ടാക്കി. ചെനക്കലങ്ങാടി, തിരൂർ തുടങ്ങിയ പല പ്രദേശങ്ങളിലും ഇവരീ നെറികേട് ആവർത്തിച്ചു.



Comments

  1. "വിശ്വാസികള്‍ പാദസ്‌നാനം ചെയ്തുമാത്രം കയറുന്ന പള്ളികള്‍ നിയമപാലകരുടെ ഷൂതാഡനവും പട്ടാളക്കാരന്റെ തോക്കിന്‍ ഗര്‍ജനവും കൊണ്ട് വികലമാക്കപ്പെടുന്നുവെങ്കില്‍ അതിനുത്തരവാദികളായവരെ തള്ളിപ്പറയാന്‍ വിശ്വാസി സമൂഹത്തിന് മടിക്കേണ്ട കാര്യമില്ല.'' (വിചിന്തനം വാരിക, 2006 മാര്‍ച്ച് 10)

    ReplyDelete
  2. അന്ന് അവരുടെ ആക്രമണം നമ്മുടെ നേര്‍ക്കായിരുന്നുവെങ്കില്‍ ഇന്ന് അവര്‍ പരസ്പരം തമ്മില്‍ തല്ലി പോലീസിന്‍റെ അടിയും വാങ്ങി പള്ളി പൂട്ടാന്‍ അവസരമൊരുക്കി . അവര്‍ നട്ടത് അവര്‍ കൊയ്യുന്നു .ഇത് ഇതോടെ അവസാനിക്കും എന്ന് തോന്നുന്നില്ല .

    ReplyDelete

Post a Comment