Monday, August 11, 2014

അന്ന് ഇവിടെയുമൊരു ജീവൻ പൊലിഞ്ഞിരുന്നു........!!!

ജിന്നിറക്കാൻ പ്രാകൃതചികിത്സ
അന്ന് ഇവിടെയുമൊരു ജീവൻ പൊലിഞ്ഞിരുന്നു........!!!

അബൂഹിമ

2010 ഏപ്രിൽ അവസാന വാരം എന്റെ നാട്ടിൽ ഇങ്ങിനെയൊരു സംഭവമുണ്ടായി. അന്ന് മുജാഹിദ് സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർ ഇതിനെ കേട്ട ഭാവം പോലും നടിച്ചില്ല. കാരണം നാലു വർഷത്തോളം, സംസ്ഥാന നേതൃത്വത്തിന്റെ പൂർണ്ണ ഒത്താശയോടെ ഷംസുദ്ദീൻ പാലത്ത് ഇത്തരം പ്രാകൃത വിശ്വാസങ്ങളെ പുനരായിക്കാൻ അധ്വാനിച്ചത് ഞങ്ങളുടെ നാട്ടിലെ മിൻബറിലായിരുന്നു. അന്ന് ഒരു കാമ്പയിനോ ബഹുജന സംഗമമോ പോയിട്ട് കേവലമൊരു പ്രതിഷേധസ്വരം പോലും ആ കേന്ദ്രങ്ങളിൽ നിന്നുണ്ടായില്ല.

അതെ, അന്നിവർ ജിന്ന്സ്പെഷലിസ്റ്റുകളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു. ഇസ്ലാഹി നേതാക്കൾ തെളിച്ച് വെച്ച നേരിന്റെ വെളിച്ചത്തിൽ നിന്ന് മാളത്തിലേക്കോടിയൊളിച്ച പഴയ ജിന്ന് ചികിത്സകർക്ക് ഊർജ്ജവും ആർജ്ജവവും പുതുക്കി പകർന്ന് നൽകുകയായിരുന്നു.

അത്തരത്തിൽ ധൈര്യം തിരിച്ച് കിട്ടിയ ഒരാൾ ഇവരുടെ കെ എൻ എം സംസ്ഥാന സെക്രട്ടറിക്ക് മുൻപിൽ അത് നേരിട്ട് തുറന്ന് പറയുകവരെ ചെയ്തുവെന്ന് പുതിയ വെളിപ്പെടുത്തൽ; “കുറച്ച് മാസങ്ങൾക് മുൻപ് ഒരു മുസ്ല്യാർ ചികിത്സാ ആവശ്യാർത്ഥം ഹോസ്പിറ്റലിൽ വന്നപ്പോൾ ജോലി എന്താണെന്ന് അന്വേഷിച്ചു. ഇസ്മിന്റെ പണിയെന്ന് മറുപടി പറഞ്ഞു. ജിന്നിറക്കലും സിഹ്‌റ് ഒഴിപ്പിക്കലും അറബി മാന്ത്രികവുമായി ലൊട്ടുലൊടുക്ക് തട്ടിപ്പുമായി നടക്കുന്ന ഒരു മുസ്ല്യാർ. ചോദിച്ചറിയലിൽ ഒരു പുച്ഛരസം മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു:...”സാറേ, മുൻപ് ഞങ്ങൾ ഒളിച്ചും പാത്തും ഇരുളിന്റെ മറവിൽ തലയിൽ മുണ്ടിട്ട് ചെയ്തിരുന്ന പണിക്ക് തെളിവുകളും രേഖകളും തന്നത് നിങ്ങളുടെ ആൾക്കാരാണ്” “(വിചിന്തനം വാരിക, 2014 ആഗസ്റ്റ് 8, ഡോ. സുൽഫിക്കറലി)

അതെ, സത്യമാണയാൾ പറഞ്ഞത്. ആ വാക്കുകൾക്ക് എന്ത് മറുപടി നൽകി എന്ന് ലേഖനത്തിലില്ലെങ്കിലും അദ്ദേഹമത് നിഷേധിച്ചിരിക്കാൻ സാധ്യതയില്ല. കാരണം 2002ൽ ‘മടവൂരി’കളെ അരുക്കാക്കാൻ കരുക്കൾ നീക്കുന്നതിനിടെ ലഭിച്ച വലിയൊരായുധമായ ‘മൻഹജി’ന്റെ മറവിൽ ‘ജിന്നൂരിസം’ മലയാള മണ്ണിലേക്ക് അരിച്ചിറങ്ങിയത് യാദൃശ്ചികമൊന്നുമായിരുന്നില്ലെന്ന് ഡോക്ടർക്കറിയാം.
ഷംസുദ്ദീൻ പാലത്തിന്റെ അന്ധവിശ്വാസ പുനരാനയിച്ച് കൊണ്ടുള്ള ‘വിഖ്യാതമായ’ ഖുതുബകൾ അദ്ദേഹത്തിന്റെ കൂടി മഹല്ലിലെ പള്ളിയിലായിരുന്നു അരങ്ങേറിയിരുന്നത്. 2002ൽ തന്നെ ജിന്ന് കൂടലും ജിന്നിറക്കലും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത, കെ ജെ യുവിന്റെ ഐ എസ് എച്ച് എന്ന സ്ഥാപനം ഡോക്ടറുടെ കൂടി നാടിന്റെ അയൽ പ്രദേശത്തായിരുന്നു.
അന്നവക്കൊക്കെ കുടപിടിച്ചവരും വെള്ളവും വെളിച്ചവും പകർന്നവരുമൊക്കെ ഇന്ന് ആ കാലത്തെ തള്ളിപ്പറയുന്നു. അൽഹംദുലില്ലാഹ്.

പക്ഷെ, ദുരഭിമാനവും അഹങ്കാരവും അലങ്കാരമായി കൊണ്ടു നടക്കുന്നവർ തിരിച്ചറിവിന്റെ തുരുത്തിലും സത്യം അംഗീകരിക്കാൻ മടിക്കുന്നു. തിരുത്തിന് കരുത്ത് പകർന്ന ധീര മുജാഹിദുകളെ തള്ളിപ്പറയാൻ മത്സരിക്കുകയാണവർ.

മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രമാണബദ്ധമായ തേരോട്ടത്തിനിടയിലും മണ്ണടിയാതെ അള്ളിപ്പിടിച്ചവരും നവയാഥാസ്ഥിതികരുടെ ഇറക്കുമതി മൻഹജിന്റെ കച്ചിത്തുമ്പിൽ തൂങ്ങി നവജീവൻ വന്നവരുമായ ജിന്നൂരികൾക്കെതിരെയുള്ള ആദർശ കൂട്ടായ്മയുടെ പ്രാധാന്യവും പ്രസക്തിയും അനിവാര്യതയും അവഗണിച്ച് കൊണ്ടുള്ള ഈ ഊറ്റം കൊള്ളൽ വിഡ്ഡിത്തമാണെന്ന് പോലും തിരിച്ചറിയുന്നില്ല അവർ.

അറിയുക, ഇതൊരു മുജാഹിദ് ഗ്രൂപ്പിസത്തിന്റെ ആയുധമല്ല. ദൌർഭാഗ്യകരമായ ചേരിതിരിവിന്റെ പുകമറയിൽ തലപൊക്കുന്ന യാഥാസ്ഥിതികതക്കെതിരായ ചെറുത്തുനിൽ‌പ്പാണ്. ഭൂതകാലത്തെ തെറ്റുകൾ ശരികളാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയല്ല, തിരിച്ചറിവുകളും തിരുത്തുകളും ശരിയുടെ പക്ഷത്തിന്റെ കരുത്താക്കി മാറ്റാൻ മനസ്സുണ്ടാവുകയാണ് വേണ്ടത്.

29/04/2010 ന് മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വന്ന ആ വാർത്തകൾ ഓർമ്മയിലേക്കായി....

യുവതിയുടെ മരണം

ഭർത്താവും അറസ്റ്റിൽ

തിരൂരങ്ങാടി: ജിന്നുബാധയിറക്കാനെന്ന പേരില്‍ നടത്തിയ പ്രാകൃത ചികിത്സക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മച്ചിങ്ങല്‍ മുഹമ്മദലി(33) ആണ് അറസ്റ്റിലായത്. മുഹമ്മദലിയുടെ സഹോദരങ്ങളായ അസ്മാബി(21), സൈതലവി(26) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. മുഹമ്മദലിയുടെ ഭാര്യ ചെട്ടിപ്പടി പരേതനായ തയ്യില്‍ മുഹമ്മദലിയുടെ മകള്‍ സക്കീന(30)യാണ് കഴിഞ്ഞ തിങ്കളാഴ്ച ദാരുണമായി മരിച്ചത്. മന്ത്രവാദ ചികിത്സക്കിടെ തലയിലുണ്ടായ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏര്‍വാടിയില്‍ വെച്ചാണ് സക്കീന മരണപ്പെടുന്നത്. 20ന് മുഹമ്മദലിയുടെ തറവാട് വീട്ടില്‍ വെച്ച് അസ്മാബിയും സൈതലവിയും ചേര്‍ന്ന് നടത്തിയ മന്ത്രവാദത്തെ തുടര്‍ന്ന് അവശയായ സക്കീനയെ അസ്മാബിയുടെ നിര്‍ദ്ദേശ പ്രകാരം ഏര്‍വാടിയിലേക്ക് കൊണ്ടു പോവുകയായിരുന്നത്രെ. വീട്ടിലെ ചികിത്സയുടെ ഭാഗമായി സക്കീനയെ ചങ്ങലയില്‍ ബന്ധിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലയില്‍ മാരകമയ മുറിവ് സംഭവിക്കുകയും ചെയ്തിരുന്നെന്ന് സക്കീനയുടെ സഹോദരന്‍ ഹുസൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള തങ്ങളുടെ നിര്‍ദ്ദേശം അവഗണിച്ചാണ് മുഹമ്മദലിയും കൂട്ടരും ഏര്‍വാടിയിലേക്ക് കൊണ്ടു പോയതെന്ന് ഹുസൈന്‍ പറഞ്ഞു.
മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് അസ്മാബിക്കും സൈതലവിക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് സെക്ഷന്‍ 34 പ്രകാരമാണ് മുഹമ്മദലിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് തിരൂരങ്ങാടി സി ഐ എന്‍ വി അബ്ദുല്‍ഖാദര്‍ പറഞ്ഞു.
മുഹമ്മദലിയുടെ വീട്ടില്‍ ചുമരിലും മേശയിലും വസ്ത്രത്തിലും കഴുകിക്കളയാന്‍ ശ്രമിച്ച രീതിയില്‍ കണ്ടെത്തിയ രക്തക്കറ ഇന്ന് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധിച്ചു. ഇത് രക്തത്തിന്റെ പാടുകളാണെന്ന് സംഘം സ്ഥിരീകരിച്ചു. മന്ത്രവാദ ചികിത്സക്കിടെ അടിക്കാനുപയോഗിച്ചതെന്ന് കരുതുന്ന വലിയൊരു വടിയും അന്വേഷണസംഘം വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇതില്‍ നിന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിച്ചു പരിശോധനക്കായി കൊണ്ടു പോയിട്ടുണ്ട്. ഫോറന്‍സിക് വകൂപ്പില്‍ നിന്നുള്ള എ ഉണ്ണികൃഷ്ണന്‍, ടി അബ്ദുറസാഖ്, എം ഗോപു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ജിന്നിറക്കല്‍ ചികിത്സ നടത്തിയ അസ്മാബി കോഴിക്കോട് ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തതിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.
മാസങ്ങള്‍ക്ക് മുന്‍പ് സഹോദരിമാരോടൊപ്പം ഏര്‍വാടിയില്‍ പോയപ്പോഴുണ്ടായ വെളിപാട് പ്രകാരമാണ് ജിന്നുചികിത്സക്ക് ഒരുങ്ങിയതെന്ന് അസ്മാബി പൊലീസിനോട് പറഞ്ഞു. ഇവരുടെ ആദ്യ ചികിത്സയായിരുന്നത്രെ ഇത്. സക്കീനക്ക് യാതൊരു അസുഖവുമുണ്ടായിരുന്നില്ലെന്നും അസ്മാബിയുടെ ചികിത്സയിലാണ് സക്കീനയുടെ മാനസികനില തെറ്റിയതെന്നും സഹോദരന്‍ ഹുസൈന്‍ വര്‍ത്തമാനത്തോട് പറഞ്ഞു. ഞാന്‍ ഇളക്കിയ ജിന്നിനെ ഇറക്കാനും എനിക്കറിയാം എന്ന് പറഞ്ഞാണ് അസ്മാബി 20ന് തറവാട് വീട്ടില്‍ വെച്ച് ചികിത്സ നടത്തിയത്. വലിച്ചിഴച്ച് മുറിയില്‍ കയറ്റിയ സക്കീനയെ അവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചെവിയില്‍ മങ്കൂസ് മൗലിദ് ഉരുവിട്ടപ്പോള്‍ സക്കീന വെപ്രാളം കാണിച്ചുവെന്നും അപ്പോഴാണ് വടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതെന്നും സി ഐ പറഞ്ഞു. ഈ സമയം കണ്ടുനിന്ന ബന്ധുക്കളെല്ലാം പേടിച്ച് പിന്‍മാറിയെങ്കിലും സൈതലവിയുടെ സഹായത്തോടെ അസ്മാബി ചികിത്സ തുടര്‍ന്നു. മുഹമ്മദലിയും ഇതിനെല്ലാം സാക്ഷിയായി മുറിയിലുണ്ടായിരുന്നു. പിറ്റെ ദിവസം ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാതെ ഏര്‍വാടിയിലേക്ക് സക്കീനയെ കൊണ്ടു പോയതും മുഹമ്മദലി തന്നെയായിരുന്നു.വിനയായത് യുവതിക്ക് ജീവനുണ്ടെന്ന പ്രചാരം.

തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്ത് പറമ്പില്‍ ജിന്നു ചികിത്സക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് വിനയായത് യുവതിക്ക് ജീവനുണ്ടെന്ന പ്രചാരം. ശരീരത്തില്‍ ജിന്നുകയറിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഭര്‍തൃസഹോദരി നടത്തിയ ചികിത്സാപരീക്ഷണത്തിന്റെ ഇരയായ ചെട്ടിപ്പടി പരേതനായ തയ്യില്‍ മുഹമ്മദലിയുടെ മകള്‍ സക്കീനയുടെ മരണത്തിനു പിന്നിലെ ഞെട്ടിപ്പിക്കുന്ന കഥകള്‍ അല്ലെങ്കില്‍ പുറലോകമറിയാതെ പോവുമായിരുന്നു. കാര്യമായ അസുഖമില്ലാതിരുന്ന സക്കീനയില്‍ തന്റെ മന്ത്രവാദ ചികിത്സയിലേക്കുള്ള പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നുവത്രെ. ഇതിനെ തുടര്‍ന്ന് ഭയപ്പെട്ട സക്കീനയില്‍ ചില മാനസികാസ്വസ്ഥ്യങ്ങള്‍ പ്രകടമായി. ഒരിക്കല്‍ പുഴയില്‍ ചാടി ആത്മഹത്യാ ശ്രമവും നടത്തി.

ഇതെല്ലാം ജിന്നിന്റെ ചെയ്തികളായി ധരിപ്പിച്ച് സക്കീനയുടെ ഭര്‍തൃസഹോദരി അസ്മാബി(22) ഒരു മന്ത്രവാദ ചികിത്സക്ക് സാഹചര്യമൊരുക്കി. മുന്‍പ് രണ്ട് മാസത്തോളം ഏര്‍വാടിയില്‍ താമസിച്ചിരുന്ന തനിക്ക് അവിടെ നിന്നും സിദ്ധി ലഭിച്ചതായി അസ്മാബി അവകാശപ്പെട്ടിരുന്നു. ഇത് പരീക്ഷിക്കാനുള്ള ഒരു ഇരയായി തന്റെ നാത്തൂനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു ഇവര്‍.

തന്റെ വീട്ടില്‍ മുറിയില്‍ കയറ്റി അടച്ചിട്ട് സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും കണ്‍മുന്നില്‍ വെച്ചാണ് ഇവര്‍ പ്രാകൃതമായ അടിചികിത്സ നടത്തിയത്. ചെവിയില്‍ മന്ത്രിച്ചപ്പോള്‍ സക്കീന കാണിച്ച വെപ്രാളത്തെ ജിന്നിന്റെ ഇളക്കമായി ചിത്രീകരിച്ച് ഒരു മരക്കൊമ്പ് കൊണ്ട് അടിക്കുകയായിരുന്നത്രെ. അടിക്കാനുപയോഗിച്ചതെന്ന് കരുതുന്ന മരക്കൊമ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തു.

നേരത്തെ കോഴിക്കോട് ചെരുവണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന അസ്മാബി ഈയടുത്താണ് മന്ത്ര ചികിത്സയിലേക്ക് തിരിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. മരക്കൊമ്പ് കൊണ്ട് തലയില്‍ ആഴത്തില്‍ മുറിവേറ്റ സക്കീനക്ക് ആവശ്യമായ യാതൊരു ചികിത്സയും നല്‍കാന്‍ അസ്മാബിയോ ഭര്‍ത്താവോ മറ്റു ബന്ധുക്കളോ തയ്യാറായില്ലെന്നത് ഈ കുടുംബത്തെ പിടികൂടിയ അന്ധവിശ്വാസത്തിന്റെ ആഴം വ്യക്തമാക്കുന്നു. പിറ്റെ ദിവസം അസ്മാബിയുടെ നിര്‍ദ്ദേശമനുസരിച്ച് തന്നെയാണ് മുഹമ്മദലി സക്കീനയെയും കൊണ്ട് ഏര്‍വാടിയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്നും സക്കീനയുടെ അത്യാസന്ന നില മനസ്സിലാക്കി ഇവരെ മടക്കി അയച്ചു.

ഏര്‍വാടിയിലെ ഒരു സ്വകാര്യാശുപത്രിയില്‍ കാണിച്ചപ്പോള്‍ അതീവ ഗുരുത്രാവസ്ഥയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഗ്ലൂക്കോസ് നല്‍കി. തിരികെ ആംബുലന്‍സില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിമധ്യേയായിരുന്നു സക്കീന മരിച്ചത്. വിവരം ഫോണില്‍ വീട്ടിലറിയിച്ചു. മൂന്നര മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം നാലു മണിയോടെ തന്നെ സംസ്‌കാരത്തിനുള്ള കര്‍മ്മങ്ങള്‍ ആരഭിച്ചു. നാലു മണിക്ക് കുളിപ്പിക്കാനെടുക്കുനതിനിടെ അസ്മാബി വന്ന് മയ്യിത്തിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചെന്ന് സക്കീനയുടെ സഹോദരന്‍ ഹുസൈന്‍ വര്‍ത്തമാനത്തോട് പറഞ്ഞു. പിന്നീട് മയ്യിത്തിന് ചൂട് അനുഭവപ്പെടുന്നതായും ജീവനുള്ളതായും പ്രചാരമുണ്ടായി. ഉടനെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ കാണിച്ചപ്പോള്‍ അവരും സംശയം പ്രകടിപ്പിച്ചു. അങ്ങിനെയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്.

താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. ഏകദേശം ആറു മണിക്കൂര്‍ മുന്‍പെങ്കിലും മരിച്ചിട്ടുണ്ടാവുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിരീക്ഷണം. യുവതിയുടെ തലയിലെ ആഴത്തിലുള്ള മുറിവ് ശ്രദ്ധയില്‍ പെട്ട ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണവും സക്കീനയുടെ സഹോദരന്‍ ഹുസൈന്‍ നല്‍കിയ പരാതിയുമാണ് സംഭവത്തിന്റെ പിന്നിലെ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തു കൊണ്ടു വന്നത്. മുഹമ്മദലിയുടെ തറവാട് വീട്ടില്‍ പോലിസ് നടത്തിയ പരിശോധനയില്‍ ചുമരില്‍ കഴുകിക്കളയാന്‍ ശ്രമിച്ച നിലയില്‍ രക്തക്കറകള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സീല്‍ ചെയ്ത വീട്ടില്‍ ഇന്നലെ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. മേശയിലും ചുമരിലും വസ്ത്രത്തിലുമൊക്കെ കണ്ടത് രക്തം തന്നെയാണെന്ന് സ്ഥിരീകരിച്ചു. മുറിയില്‍ നിന്നും കണ്ടെത്തിയ വടിയിലും കണ്ടെത്തിയ രക്തക്കറ പരിശോധനക്കെടുത്തിട്ടുണ്ട്.

കേരളത്തില്‍ മുന്‍പ് വളരെ വ്യാപകമായിരുന്ന ജിന്നിറക്കല്‍ ചികിത്സ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഏറെക്കുറെ അപ്രത്യക്ഷമായിരുന്നു. മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജ്വല പ്രവര്‍ത്താനങ്ങളുടെ ഭാഗമായാണ് ഇവ നാടു നീങ്ങിയത്. എന്നാല്‍ ഇതേ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പേരുകള്‍ ദുരുപയോഗം ചെയ്തു പോലും ജിന്നുബാധയുടെയും കൂടോത്രത്തിന്റെയുമൊക്കെ പഴങ്കഥകളായ അന്ധവിശ്വാസങ്ങളെ പുനരാനയിക്കാന്‍ ഗൂഡശ്രമങ്ങള്‍ നടക്കുന്നത് ഇത്തരം ആത്മീയ,വിശ്വാസ ചൂഷകര്‍ക്ക് വളം വെക്കുകയാണെ് . അടുത്തകാലത്തായി പല ഭാഗങ്ങളിലും ജിന്നിറക്കല്‍ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ജിന്നിറക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പുളിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു പണ്ഡിത സഭയില്‍ നിര്‍ദ്ദേശമുയര്‍ന്നതായി അതിന്റെ ഒരു ഭാരവാഹി തന്നെ ഇയ്യിടെ വെളിപ്പെടുത്തിയത് മുസ്ലിം നവോഥാന പ്രവര്‍ത്തകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.

(വർത്തമാനം ദിനപത്രം 29/04/2010)


2 comments:

അബൂ ഹിമ said...

.”സാറേ, മുൻപ് ഞങ്ങൾ ഒളിച്ചും പാത്തും ഇരുളിന്റെ മറവിൽ തലയിൽ മുണ്ടിട്ട് ചെയ്തിരുന്ന പണിക്ക് തെളിവുകളും രേഖകളും തന്നത് നിങ്ങളുടെ ആൾക്കാരാണ്” “(വിചിന്തനം വാരിക, 2014 ആഗസ്റ്റ് 8, ഡോ. സുൽഫിക്കറലി)
അതെ, സത്യമാണയാൾ പറഞ്ഞത്. ആ വാക്കുകൾക്ക് എന്ത് മറുപടി നൽകി എന്ന് ലേഖനത്തിലില്ലെങ്കിലും അദ്ദേഹമത് നിഷേധിച്ചിരിക്കാൻ സാധ്യതയില്ല. കാരണം 2002ൽ ‘മടവൂരി’കളെ അരുക്കാക്കാൻ കരുക്കൾ നീക്കുന്നതിനിടെ ലഭിച്ച വലിയൊരായുധമായ ‘മൻഹജി’ന്റെ മറവിൽ ‘ജിന്നൂരിസം’ മലയാള മണ്ണിലേക്ക് അരിച്ചിറങ്ങിയത് യാദൃശ്ചികമൊന്നുമായിരുന്നില്ലെന്ന് ഡോക്ടർക്കറിയാം.

sayyid muhammad musthafa said...

“കുറച്ച് മാസങ്ങൾക് മുൻപ് ഒരു മുസ്ല്യാർ ചികിത്സാ ആവശ്യാർത്ഥം ഹോസ്പിറ്റലിൽ വന്നപ്പോൾ ജോലി എന്താണെന്ന് അന്വേഷിച്ചു. ഇസ്മിന്റെ പണിയെന്ന് മറുപടി പറഞ്ഞു. ജിന്നിറക്കലും സിഹ്‌റ് ഒഴിപ്പിക്കലും അറബി മാന്ത്രികവുമായി ലൊട്ടുലൊടുക്ക് തട്ടിപ്പുമായി നടക്കുന്ന ഒരു മുസ്ല്യാർ. ചോദിച്ചറിയലിൽ ഒരു പുച്ഛരസം മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു:...”സാറേ, മുൻപ് ഞങ്ങൾ ഒളിച്ചും പാത്തും ഇരുളിന്റെ മറവിൽ തലയിൽ മുണ്ടിട്ട് ചെയ്തിരുന്ന പണിക്ക് തെളിവുകളും രേഖകളും തന്നത് നിങ്ങളുടെ ആൾക്കാരാണ്” “(വിചിന്തനം വാരിക, 2014 ആഗസ്റ്റ് 8, ഡോ. സുൽഫിക്കറലി) ... ആ മുസ്ലിയാര്‍ ഇയാളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോള്‍ ഇയാളുടെ വികാരം എന്തായിരിക്കും ? ജിന്ന് ചികിത്സക്കും മന്ത്ര വാദത്തിനും വേണ്ടി അല മുറയിട്ട ആളുകളായി വരും തലമുറ ഈ ജിന്ന് സിഹ്ര്‍ വിഭാഗത്തെ വിലയിരുത്തും .

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes