അറഫ നോമ്പും ആശയക്കുഴപ്പങ്ങളും-സി പി ഉമർസുല്ലമി






          ഇബ്രാഹിം നബി(അ), ഭാര്യ ഹാജര്‍, മകന്‍ ഇസ്‌മാഈല്‍(അ) എന്നീ മഹത്തുക്കളുടെ  ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ജീവസ്സുറ്റ ഓര്‍മകളുണർത്തി ദുൽഹജ്ജിന്റെ വിശുദ്ധ ദിനങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ നാം. അവരുടെ ആദര്‍ശജീവിതത്തിന്റെ സ്വാംശീകരണ സന്നദ്ധതയോടെ, സൽക്കർമ്മങ്ങളിൽ മുഴുകുകയാണ് വിശ്വാസികൾ. ദുൽഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളും അതിനോടനുബന്ധിച്ച അയ്യാമുത്തശ്‌രീക്കും ഈ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ്.
         സൽക്കർമ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദിവസങ്ങളാണ് ദുൽഹജ്ജ് മാസത്തിലെ ആദ്യദിനങ്ങൾ. ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും എത്തിച്ചേര്‍ന്ന മുപ്പതുലക്ഷത്തിലധികം മുസ്‌ലിംകള്‍ വിശുദ്ധ കഅ്‌ബയുടെ പരിസരങ്ങളില്‍ പരിശുദ്ധ ഹജ്ജ്‌ കര്‍മത്തില്‍ മുഴുകിക്കൊണ്ടിരിക്കുന്നു.
         ദുൽഹജ്ജ് എട്ടിന് ഹാജിമാർ ഇഹ്‌റാമിൽ പ്രവേശിച്ച്കൊണ്ട് ഹജ്ജ്കർമ്മത്തിനായി മിനായിലേക്ക് പുറപ്പെടുന്നു. യൌമുത്തർവിയ്യ എന്ന് ഈ ദിവസത്തിനു പേര് പറയുന്നു. അന്ന് എല്ലാവരും മിനയിൽ താമസിച്ച് പിറ്റേ ദിവസം ദുൽഹജ്ജ് 9ന്  അറഫയിലേക്ക് പോവുന്നു. ഹാജിമാരെല്ലാം അറഫയിൽ ഒരുമിച്ച് കൂടുന്ന ദിവസമാണ് ‘യൌമു അറഫ’.
         പ്രാർത്ഥനകളിലും കീർത്തനങ്ങളിലും മുഴുകി ഹാജിമാർ  അറഫയിൽ സൂര്യാസ്തമയം വരെ കഴിഞ്ഞ് കൂടുന്നു. ദുൽഹജ്ജ് 9ന് അറഫയിൽ സംഗമിക്കുന്ന ഹാജിമാരല്ലാത്തവർ നോമ്പനുഷ്ഠിക്കുന്നത് വളരെ പുണ്യമുള്ളതാണ്. അന്ന് നോമ്പനുഷ്ഠിക്കുന്നവന്റെ കഴിഞ്ഞ് പോയ ഒരു കൊല്ലത്തെയും വരാനിരിക്കുന്ന ഒരു കൊല്ലത്തെയും പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് പ്രവാചകൻ(സ) പഠിപ്പിക്കുന്നു.
          എന്നാൽ പ്രവാചകന്റെ ചരിത്രത്തിൽ ദുൽഹജ്ജ് 9ഉം അറഫയിൽ ഒരുമിച്ച് കൂടുന്ന ദിവസവും  ഒന്നായിരുന്നു. എവിടെയെങ്കിലും അത് രണ്ടായിത്തീർന്ന ഒരു സംഭവം ആ കാലത്ത് ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അന്ന് മുസ്ലിം‌കൾ പരിമിതമായ പ്രദേശങ്ങളിൽ മാത്രമാണല്ലോ ഉണ്ടായിരുന്നത്. എന്നാൽ പിൽ‌ക്കാലത്ത് ഇസ്‌ലാം വ്യാപകമായി പ്രചരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ മുസ്ലിം‌കളായതോടെ ഇത് രണ്ട് ദിനങ്ങളിലായ അനുഭവങ്ങളുണ്ടായി. എങ്കിലും ആദ്യകാലങ്ങളിൽ ഈ വ്യത്യാസം ഇത്ര വ്യക്തമായി അറിയാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ, വാർത്താവിനിമയ സൌകര്യങ്ങളും വിവരസാങ്കേതിക വിദ്യയും ഏറെ പുരോഗമിച്ച സാഹചര്യത്തിൽ ഇത്തരം വ്യത്യാസങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ടു തന്നെ  തങ്ങളുടെ പ്രദേശത്തെ ദുൽഹജ്ജ് 9ഉം അറഫയിലെ ഹാജിമാരുടെ സംഗമവുംവ്യത്യസ്ത ദിനങ്ങളിലായി വരുമ്പോൾ എന്നാണ് നോമ്പനുഷ്ഠിക്കേണ്ടത് എന്ന സംശയം പലരിലും ഉയർന്ന് വരികയും ചെയ്തു.
           സ്വാഭാവികമായും വീക്ഷണവ്യത്യാസം ഉയർന്ന് വരാവുന്ന ഈ വിഷയത്തിൽ ആധുനിക പണ്ഡിതൻ‌മാർ വ്യത്യസ്തമായ അഭിപ്രായങ്ങളിൽ ഫത്‌വ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഹിജ്‌റ മാസം ഉറപ്പിച്ച് തിയതി നിശ്ചയിക്കുന്ന കാര്യത്തിലും മാസനിർണ്ണയത്തിൽ ഉദയമേഖലകളുടെ വ്യത്യാസങ്ങൾ പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും പണ്ഡിതൻ‌മാർ ഏകാഭിപ്രായക്കാരല്ല. ഒരു കാര്യത്തിൽ പരിശുദ്ധ ഖുർ‌ആനിന്റെയോ നബിവചനത്തിന്റെയോ വ്യക്തമായ ഒരു പ്രസ്താവന ഇല്ലാത്ത വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്. വ്യക്തമായ പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്ത രീതിയിലുള്ള ഗവേഷണങ്ങളാണ് ഇത്തരം ഘട്ടങ്ങളിൽ പരിഗണിക്കപ്പെടുക. ഇങ്ങിനെയുണ്ടാവുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ പക്ഷപാതം പിടിക്കാതിരിക്കുക എന്നതാണ് സമുദായം പുലർത്തേണ്ട ഏറ്റവും അനുയോജ്യമായ സമീപനം.
           ശവ്വാൽ ഒന്നും  ദുൽഹജ്ജ്  പത്തും  എന്നാണെന്ന് അഭിപ്രായവ്യത്യാസമുണ്ടാവുമ്പോൾ അതിൽ ഏകോപിച്ച വിധത്തിലാണ്  ഈദാഘോഷമുണ്ടാവേണ്ടത്.ജനങ്ങൾ ഈദുൽ ഫിത്വ്‌ർ ആഘോഷിക്കുന്ന ദിവസമാണ് ഈദുൽ ഫിത്വ്‌റെന്നും ജനങ്ങൾ ബലി ആഘോഷിക്കുന്ന ദിവസമാണ് ഈദുൽ അദ്വ്‌ഹ എന്നും പ്രസ്താവിച്ച നബിവചനത്തിന്റെ സാഹചര്യം അതാണ്.
         അറഫയുടെ ദിവസം ഒരു നാട്ടിൽ ദുൽഹജ്ജ് ഒമ്പതാകുന്നില്ലെങ്കിൽ അറഫയുടെ ദിവസം നോക്കി നോമ്പ് നോൽക്കുന്നവർ ഇന്ന് ലോകത്ത് ധാരാളമുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ തങ്ങളുടെ പ്രദേശത്തെ ദുൽഹജ്ജ് 9 എന്നാണോ അന്ന് അറഫ നോമ്പ് അനുഷ്ഠിക്കുന്നവരും നിരവധിയുണ്ട്. വ്രതാനുഷ്ഠാനം വ്യക്തിപരമായ ഒരു ആരാധനയായത് കൊണ്ട് സമൂഹത്തിൽ അതൊരു പ്രശ്നമാവുന്നില്ല. ഈ രണ്ട് വീക്ഷണവും ശരിയാണെന്ന് ആധുനിക പണ്ഡിതൻ‌മാർ ഫത്‌വ കൊടുത്തിട്ടുമുണ്ട്.
        ഇത്തരം, അടിസ്ഥാനപരമല്ലാത്തതും പ്രമാണങ്ങളിൽ വ്യക്തമായ വിധി  കണ്ടെത്താനാവാത്തതുമായ കാര്യങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടാവുമ്പോൾ അതിൽ തെറ്റ് പറ്റിയാൽ പോലും ആരാധനാ കർമ്മങ്ങളുടെ സാധുതക്ക് കോട്ടം തട്ടില്ലെന്നാണ് മതാധ്യാപനം. അറഫയുടെ ദിനം നിശ്ചയിക്കുന്ന കാര്യത്തിൽ വരെ തെറ്റ് പറ്റിയാലും ആ ഇബാദത്തിന് തകരാറ് സംഭവിക്കുകയില്ല എന്നതാണ് പണ്ഡിതൻ‌മാർ പറഞ്ഞിട്ടുള്ളത്.
         അതുകൊണ്ട്, ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളിൽ പക്ഷപാതം പിടിച്ച് അന്യോന്യം കുറ്റപ്പെടുത്തുകയും തീവ്രമായ നിലപാട് പുലർത്തുകയും പരസ്പരം കുഫ്‌റ് പോലും ആരോപിച്ച് തങ്ങളുടെ ഇബാദത്ത് നിഷ്ഫലമാക്കുകയും  സമുദായത്തിൽ അസ്വാരസ്യങ്ങളുണ്ടാക്കുകയും ചെയ്യുന്നത് വലിയ കുറ്റമാണ് എന്ന് മുസ്‌ലിം സഹോദരൻ‌മാർ മനസ്സിലാക്കണം. പടച്ചവന്റെ പ്രീതി ഉദ്ദേശിച്ച് കൊണ്ട് ഇത്തരം ഫസാദിൽ നിന്ന് മാറിനിന്ന് ആത്മാർത്ഥമായി തങ്ങളുടെ ആരാധന നിർവ്വഹിക്കുകയാണ് ചെയ്യേണ്ടത്.
        മക്കാ വിജയവേളയിൽ നബി(സ) ഹറമിലേക്ക് പ്രവേശിച്ചത് അവിടെ സ്ഥാപിക്കപ്പെട്ടിരുന്ന, ഇബ്രാഹിം നബി(അ)യുടേതടക്കം മുഴുവൻ വിഗ്രഹങ്ങളും തല്ലിത്തകർത്ത് കൊണ്ടാണ്. പിന്നീട് എവിടെയെങ്കിലും അവശേഷിക്കുന്ന വിഗ്രഹങ്ങളോ കെട്ടിപ്പൊക്കിയ ഖബറുകളോ ഉണ്ടെങ്കിൽ അവ തട്ടിനിരത്തണമെന്ന് അലി(റ)യെ വിളിച്ചു കൊണ്ട് അവിടുന്ന് വസിയ്യത്ത് ചെയ്തു. ആ തൌഹീദിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. എന്നാൽ, പരിശുദ്ധ ക‌അബാലയം ഇബ്‌റാഹിം നബി(അ) പടുത്തുയർത്തിയ തറയിൽ നിന്ന് അല്പം പുറത്തിട്ടു കൊണ്ടാണ് ഖുറൈശികൾ പിന്നീട് നിർമ്മിച്ചിരുന്നത്. അത് പഴയ രൂപത്തിൽ ആക്കുന്നതിന് നബി(സ)ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജനങ്ങൾ പുതുവിശ്വാസികളായത് കൊണ്ട് അവരത് ഉൾക്കൊള്ളാനായിട്ടില്ല എന്നത് കൊണ്ടും ഞാനത് ചെയ്യുന്നില്ല എന്ന് അവിടുന്ന് ആയിശ(റ)ബീവിയോട് പറയുകയാണുണ്ടായത്.  അതുകൊണ്ട് ജനങ്ങൾ മാനസികമായി പാകപ്പെടാത്ത ഒരവസ്ഥയിൽ ഇത്തരം കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങളും ഭിന്നിപ്പും ഫസാദും  ഉണ്ടാക്കുന്നത് സത്യവിശ്വാസികൾക്ക് ചേർന്നതല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

നാഥൻ അനുഗ്രഹിക്കട്ടെ- ആമീൻ

          

Comments

  1. ജനങ്ങൾ എന്നാണാവോ പാകപ്പെടുന്നത് !!!

    ReplyDelete
  2. എന്നെങ്കിലും ശാസ്ത്രീയമായ ഒരു തീരുമാനത്തിൽ ജനങ്ങൾ എത്തി ചേർനേകാം ം

    ReplyDelete

Post a Comment