Tuesday, February 23, 2016

ഹുസൈൻ മടവൂർ തൌഹീദ് പറഞ്ഞില്ലെന്നോ?

ഹുസൈൻ മടവൂർ തൌഹീദ് പറഞ്ഞില്ലെന്നോ?

                                               അബൂഹിമ

              കേരള മുസ്ലിംകൾക്കിടയിൽ പ്രമാണബദ്ധമായ ആദർശ പ്രബോധനവുമായി ശ്രദ്ധേയമായ നവോത്ഥാന മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന മുജാഹിദ് പ്രസ്ഥാനത്തിൽ അപസ്വരമുണ്ടാക്കി കൊണ്ട് ഒരു പറ്റം ക്ഷുദ്രശക്തികൾ രംഗപ്രവേശം ചെയ്തത് 1999ലാണ്.  ഇസ്ലാഹി പ്രസ്ഥാനം മുന്നോട്ട് വെച്ച സത്യാദർശം പ്രബോധിത സമൂഹത്തിൽ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന നിർണ്ണായക വേളയിൽ തന്നെ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതക്കും സ്വീകാര്യതക്കും കളങ്കമേൽ‌പ്പിച്ച് കൊണ്ട് ഇവർ താണ്ഡവമാടുകയായിരുന്നു. പ്രസ്ഥാന ചരിത്രത്തിലെ കറുത്ത യുഗത്തിന്റെ നാന്ദിയായിരുന്നു അത്. ആദർശ സ്നേഹികളുടെയും ഗുണകാംക്ഷികളുടെയും മനസ്സിൽ അഗാധമായ മുറിപ്പാടുകൾ തീർത്ത് 2002 ആഗസ്റ്റിൽ പ്രസ്ഥാനത്തിൽ ദൌർഭാഗ്യകരമായ പിളർപ്പ് സംഭവിച്ചു. പതിറ്റാണ്ടുകൾ മതാധ്യാപനങ്ങളുടെ മഹിത സന്ദേശങ്ങളുടെ പ്രചാരണ കേന്ദ്രമായി വർത്തിച്ച കോഴിക്കോട് ആനീഹാൾ റോഡിലെ മുജാഹിദ് സെന്ററിൽ നിന്ന് വമിച്ച വ്യക്തിവിദ്വേഷത്തിന്റെയും കുതന്ത്രങ്ങളുടെയും ദുർഗന്ധം പ്രസ്ഥാനത്തിന്റെ പ്രതിച്ഛായയെ വികൃതമാക്കി. നേരും നെറിയും മറന്ന ആരോപണ ഗവേഷണങ്ങളായിരുന്നു കുറേ കാലം അവിടെ നടന്ന പ്രധാന പരിപാടി. 

             ബഹുമാന്യനായ ഹുസൈൻ മടവൂരിനെയും അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വത്തിൽ ഉജ്ജ്വലമായ ഉത്ഥാനത്തിന്റെ തെളിച്ചം സമൂഹത്തിൽ അടയാളപ്പെടുത്തിയ ഐ എസ് എമ്മുമായിരുന്നു ആരോപകരുടെ പ്രധാന ഉന്നം. അവർ പലതും ആരോപിച്ചു. ഒന്നു പോലും സത്യവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ആദർശം നെഞ്ചേറ്റിയ നിഷ്കളങ്കരായ സാധാരണ  മുജാഹിദ് പ്രവർത്തകരെ കയ്യിലെടുക്കാൻ ചില നെറികെട്ട പൊടിക്കൈകളും അവർ പ്രയോഗിച്ചു. 

               അതിലൊന്നായിരുന്നു, ഹുസൈൻ മടവൂർ ആദർശം പറയാൻ, പ്രത്യേകിച്ച് തൌഹീദ് പ്രചരിപ്പിക്കാൻ വിമുഖത കാണിക്കുന്നു എന്ന്. തന്റെ നേതൃത്വത്തിലുള്ള ഐ എസ് എം അണികളെ ആദർശപരമായി ഷണ്ഡീകരിക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു പ്രചരിപ്പിച്ചു. ജമാ‌അത്ത് ആശയത്തോടും ആ പക്ഷത്തോടും മൃദുസമീപനം പുലർത്തുകയും ഇഖ്‌വാനിസത്തിലേക്ക് പ്രവർത്തരെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ഏജന്റെന്ന് വരെ അവർ അദ്ദേഹത്തെ ആക്ഷേപിച്ചു. സംഘടനയോട് വളരെ അടുത്ത ബന്ധം പുലർത്താത്ത ചില മുജാഹിദുകളും ആരോപകപക്ഷത്തെ അതിയായി വിശ്വസിച്ച ഒരുപറ്റം പ്രവർത്തകരും ഇത്തരം തെറ്റിധരിപ്പിക്കലുകളുടെ ഇരകളായി എന്നത് സത്യം.  

               യഥാർത്ഥത്തിൽ, പ്രസ്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആദർശ ജാഗരണവും പ്രബോധന മുന്നേറ്റവുമായിരുന്നു മടവൂരിന്റെ നേതൃത്തിൽ ഐ എസ് എം സാധ്യമാക്കിയത്. ആദർശ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത കാർക്കശ്യം പരിശീലിപ്പിക്കുകയും അതേ സമയം മനുഷ്യരുമായും രാജ്യവുമായും സംസ്കാരവുമായുമൊക്കെ ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ ഐ എസ് എമ്മിനെ സജ്ജമാക്കി. പൊതുസമൂഹത്തിൽ നട്ടെല്ലുള്ളഒരു യുവജന പ്രസ്ഥാനമായി ഐ എസ് എം ജ്വലിച്ച് നിന്നു. 

               മത സംഘടനകൾക്ക് അന്യമെന്ന് ഗണിക്കപ്പെട്ടിരുന്ന പൊതുവിഷയങ്ങളിലേക്കും പ്രവർത്തകരുടെ ശ്രദ്ധ തിരിച്ചത് മതപരമായ ഒരു ദൌത്യനിർവഹണം കൂടിയായിരുന്നു എന്ന്, പിൽക്കാലത്ത് അവയൊക്കെ ഏറ്റെടുത്ത് കൊണ്ട് വിമർശകർ പോലും അംഗീകരിച്ചതിന് ചരിത്രം സാക്ഷി. ഐ എസ് എമ്മിന്റെ നിലപാടുകളും നിരീക്ഷണങ്ങളും സംഘടനയുടെ പുറം ലോകത്തുള്ളവരും ആവേശത്തോടെയും പ്രതീക്ഷയോടെയും ഉറ്റു നോക്കുന്ന അവസ്ഥയുണ്ടായതിനെയാണ് മേൽ‌സൂചിപ്പിക്കപ്പെട്ട ക്ഷുദ്രശക്തികൾ തെറ്റായി വ്യാഖ്യാനിച്ചത്. മതരംഗത്തെ സജീവ സാന്നിധ്യം മറച്ച് വെച്ച് പൊതുരംഗത്തെ ഇടപെടലുകളെ പെരുപ്പിച്ച് കാണിച്ച് തെറ്റിധരിപ്പിക്കുകയായിരുന്നു.

               ദുരാരോപണങ്ങളുന്നയിച്ച് ആദർശപ്രസ്ഥാനത്തിന്റെ മുഖം കെടുത്താൻ ശ്രമിച്ചവർക്ക് പിന്നീട് സ്വസ്ഥത ലഭിച്ചിട്ടില്ല. തൌഹീദും സുന്നത്തും പ്രസംഗകന്റെ നാവുകളിലും കാമ്പയിനുകളുടെയും സമ്മേളനങ്ങളുടെയും പ്രമേയങ്ങളിലും ആവർത്തിക്കപ്പെടുന്ന കേവല വാക്കുകളായി മാറി അവർക്ക്. തമ്മിൽതല്ലും ചേരിപ്പോരും അരങ്ങു തകർത്തു. ഹിഫ്സുറഹ്മാനും സുബൈർ മങ്കടയും ഷാർജ സലഫിയും സകരിയ സ്വലാഹിയും ഓരോ കഷ്ണങ്ങൾ അടർത്തിക്കൊണ്ടു പോയി. ആദർശത്തിന്റെ ആണിക്കല്ലുപോലും എന്തെന്നറിയാതെ പരസ്പരം പോരടിച്ച് നട്ടം തിരിയുകയാണ് 99ലെ ആ ആരോപക മുന്നണി.

               ബഹു. ഹുസൈൻ മടവൂർ ഐ എസ് എം പ്രസിഡന്റായിരുന്ന കാലത്ത് ശബാബിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കോളത്തിൽ 1992 ഫെബ്രുവരി 7നു എഴുതിയ ലേഖനം പുതിയ സാഹചര്യത്തിൽ ഒരാവർത്തി വായിക്കുക. പ്രസിഡന്റെന്ന നിലയിൽ ഇസ്ലാഹി യുവതയോട് അദ്ദേഹം സംവദിച്ചിരുന്ന ശൈലി, പങ്കുവെച്ചിരുന്ന വിഷയങ്ങൾ, നിർദ്ദേശങ്ങൾ, പഠിപ്പിച്ചിരുന്ന സംസ്കാരം...തുടങ്ങിയവക്കെല്ലാം ഉദാഹരണമായി നിരവധി ഉദാഹരണങ്ങളിലൊന്ന് മാത്രം. ഇതു മാത്രം മതി, ശിഥില ശക്തികളുടെ കുതന്ത്രങ്ങളും ദുഷ്ടലാക്കും മനസ്സിലാക്കാൻ. 92ൽ പ്രസ്ഥാനത്തിൽ ഇത്തരത്തിലുള്ള ഒരു ആരോപണങ്ങളുമുയർന്നിരുന്നില്ല, ഒരു ബന്ധവും അടർന്നിരുന്നില്ല, പിശാചിന്റെ കുതന്ത്രങ്ങൾക്ക് വേരോട്ടം കിട്ടിയിരുന്നില്ല.... അതുകൊണ്ട് തന്നെ ഇത്ര പച്ചയായി ആദർശം പറയുന്നത്, ജമാ‌അത്ത്-സുന്നി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുജാഹിദ് യുവതക്ക് തൌഹീദിലധിഷ്ഠിതമായ കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നത് ആരെയെങ്കിലുമൊക്കെ ബോധിപ്പിക്കാനായിരുന്നുവെന്നോ പുകമറയിടാനായിരുന്നുവെന്നോ ഏതായാലും വിവേകമുള്ളവർ പറയില്ലല്ലോ. 

ലേഖനം വായിക്കുക: 

                       പ്രശ്നം ശാഖാപരവും നിസ്സാരവുമല്ല


'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന ശഹാദത്ത് കലിമയുടെ പ്രഖ്യാപനവും പ്രചാരണവുമാണ് ഇസ്ലാഹീപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്‍റെ പ്രവാചകനുമാണെന്നുമുള്ള പ്രഖ്യാപനം മനസ്സിലും വാക്കിലും പ്രവര്‍ത്തനത്തിലുമുണ്ടാകണമെന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഒരു മുസ്ലിമിന്‍റെ ജീവിതത്തെ നിയന്ത്രിക്കാനുള്ള ശക്തികേന്ദ്രമാണ് സത്യസാക്ഷ്യം.

ഇതാണ് വസ്തുതയെങ്കിലും വിവിധ മതവിശ്വാസികളുമായി ഇഴുകിച്ചേര്‍ന്നുകഴിയുന്ന നമ്മുടെ നാട്ടിലെ മുസ്ലിംകളില്‍ പലരും വിശ്വാസങ്ങളിലും ആചാരങ്ങളിലും മറ്റു മതക്കാരെ അനുകരിച്ചുപോരുന്നു. അല്ലാഹുവില്‍ പങ്കുചേര്‍ക്കുക (ശിര്‍ക്ക്) ഗുരുതരമായ കുറ്റമാണെന്ന് എല്ലാ മുസ്ലിംകള്‍ക്കുമറിയാം. അല്ലാഹു അല്ലാത്തവരോട് ആരാധന (ഇബാദത്ത്) നടത്തിയാല്‍ ശിര്‍ക്കാണെന്നുമറിയാം. എന്നാല്‍ എന്താണ് ഇബാദത്ത്? എന്താണ് ശിര്‍ക്ക്? എന്ന് കൃത്യമായി പലര്‍ക്കും അറിഞ്ഞുകൂടാ. അതിനാല്‍ ഭക്തരും നിഷ്കളങ്കരുമായ എത്രയോ മുസ്ലിംകള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്തു ശിര്‍ക്കില്‍ അകപ്പെടുന്നു. അല്ലാഹുവേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിക്കേണ്ട മുസ്ലിംകളില്‍ ധാരാളമാളുകള്‍ ഇന്ന് മണ്മറഞ്ഞ മഹാന്മാരോടാണ് പ്രാര്‍ഥിക്കുന്നത്. പ്രാര്‍ത്ഥന (ദുആ)യാണ് ഇബാദത്ത് (ആരാധന) എന്ന നബിവചനം ഇവര്‍ മനസ്സിലാക്കിയിട്ടില്ല.

ഖുര്‍ആനില്‍ ധാരാളം പ്രാര്‍ത്ഥനകളുണ്ട്. ആദം നബി (അ) മുതല്‍ മുഹമ്മദ്‌ നബി (സ) വരെയുള്ള അമ്പിയാക്കളില്‍ പലരുടെയും പ്രാര്‍ത്ഥനകള്‍ എല്ലാം അല്ലാഹുവിനോട് മാത്രം. ഈസാ നബി, മറിയം ബീവി, വദദ്, സുവാഅ' തുടങ്ങിയ മഹാന്മാരോട് പ്രാര്‍ഥിച്ച സമൂഹങ്ങളെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന ജാറങ്ങളും ഉത്സവങ്ങളും മറ്റും ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ രൂപമാണെന്ന കാര്യത്തില്‍ സംശയമില്ല.

നമുക്ക് ചുറ്റും ജീവിക്കുന്ന നമ്മുടെ സഹോദരന്മാര്‍, അയല്‍വാസികള്‍, കുടുംബക്കാര്‍, സ്നേഹിതന്മാര്‍ തുടങ്ങിയവരില്‍ പലരും അവരറിയാതെ ശിര്‍ക്കിന്‍റെ വഴിയിലേക്ക് നീങ്ങുന്നുണ്ട്. അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചു തൌഹീദിലേക്ക് കൊണ്ട്വരാന്‍ നമുക്ക് ബാധ്യതയുണ്ട്. അതിനു നാം തൌഹീദ് ഉള്‍ക്കൊള്ളുകയാണ് ആദ്യം വേണ്ടത്. മറ്റു കാര്യങ്ങളെല്ലാം അതിനു ശേഷം. അമ്പിയാക്കന്‍മാരുടെ പ്രബോധനം അങ്ങനെയായിരുന്നു. നബി തിരുമേനി (സ) പ്രബോധകന്മാരെ നിയോഗിക്കുമ്പോള്‍ ആദ്യം പഠിപ്പിക്കേണ്ട കാര്യം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നാണെന്ന് അവരോടു വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഇക്കാരണങ്ങളാല്‍ നാം അമ്പിയാക്കന്മാരുടെ പ്രബോധനക്രമം സ്വീകരിച്ചു ലക്ഷക്കണക്കിന് ആളുകളെ ശിര്‍ക്കില്‍ നിന്നും മോചിപ്പിച്ചു. ആ പ്രവര്‍ത്തനം വിജയകരമായി നടക്കുന്നു. പക്ഷെ, ഈ തര്‍തീബ് ഇഷ്ടപ്പെടാത്ത ചിലര്‍ നമ്മെ കലഹപ്രിയരായി ചിത്രീകരിക്കുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ശാഖാപരവും നിസ്സാരവുമായ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നു വിലപിക്കുന്നു. ഫലമോ, യഥാര്‍ത്ഥ ദീനി പ്രവര്‍ത്തകര്‍ സമുദായ ദ്രോഹികളായി ചിത്രീകരിക്ക പ്പെടുന്നു.

ലോകമെമ്പാടും മുസ്ലിം നവോഥാനപ്രസ്ഥാനങ്ങള്‍ക്ക്‌ ശക്തിപകരുന്നത് യുവാക്കളാണ്. നമ്മുടെ ലൈനാണ് ശരിയെന്നു ഇന്ന് സര്‍വരും അംഗീകരിച്ചിരിക്കുന്നു. അതിനാല്‍ കേരള നദ്'വത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്കും ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്‍മാര്‍ക്കും തൌഹീദിന്‍റെ സന്ദേശം പരത്തുവാന്‍ നാം ശക്തി പകരുക.

"നീ മൂലം ഒരാളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയാല്‍ അതാണ്‌ ഈ ലോകത്തേക്കാളും അതിലുള്ള വസ്തുക്കളെക്കാളും ഉത്തമം" [ഹദീസ്]

അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ- ആമീൻ

ഹുസൈൻ മടവൂർ
പ്രസിഡന്റ്
ഐ എസ് എം കേരള-- 

7 comments:

അബൂ ഹിമ said...

ബഹു. ഹുസൈൻ മടവൂർ ഐ എസ് എം പ്രസിഡന്റായിരുന്ന കാലത്ത് ശബാബിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കോളത്തിൽ 1992 ഫെബ്രുവരി 7നു എഴുതിയ ലേഖനം പുതിയ സാഹചര്യത്തിൽ ഒരാവർത്തി വായിക്കുക. പ്രസിഡന്റെന്ന നിലയിൽ ഇസ്ലാഹി യുവതയോട് അദ്ദേഹം സംവദിച്ചിരുന്ന ശൈലി, പങ്കുവെച്ചിരുന്ന വിഷയങ്ങൾ, നിർദ്ദേശങ്ങൾ, പഠിപ്പിച്ചിരുന്ന സംസ്കാരം...തുടങ്ങിയവക്കെല്ലാം ഉദാഹരണമായി നിരവധി ഉദാഹരണങ്ങളിലൊന്ന് മാത്രം.

Malayali Peringode said...

ചിലകാര്യങ്ങൾ സ്വയം മറക്കുകയും മറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ലേഖനവും, ബ്ലോഗ് പോസ്റ്റും തികച്ചും അത്യാവശ്യം തന്നെ...

താങ്കൾക്ക് അർഹമായ പ്രതിഫലം ലഭിക്കുമാറാകട്ടെ...

അസ്ലം കിഴൂര്‍ said...

പ്രസ്ഥാനത്തെ തകർത്ത്‌ ചില മേലാളന്മാരുടെ പ്രീതിക്കായി കാഴ്ച്ച വെക്കാനുള്ള കുബുദ്ധികളുടെ കളികളായിരുന്നു അന്ന് നടന്നതെന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നു ഈ വരികൾ

Mijuvad Pulikkal said...

അല്ലാഹു അദ്ധേഹത്തിനു ദീര്ഘായുസ്സ് കൊടുക്കട്ടെ.. ആമീന്

Mijuvad Pulikkal said...

അല്ലാഹു അദ്ധേഹത്തിനു ദീര്ഘായുസ്സ് കൊടുക്കട്ടെ.. ആമീന്

Rasheed Pengattiri said...

തൌഹീദ് ഇല്ല എന്ന് പറഞ്ഞാല്‍ മുജാഹിതുകള്‍ക്ക് അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് കരുതിയത് കൊണ്ട് തന്നെയായിരിക്കാം പിളര്‍പ്പന്മാര്‍ മടവൂരിനെതിരെ ഇങ്ങിനെ ഒരാരോപണം ഉന്നയിച്ചത്. നിര്‍ഭാഗ്യം അത് തൊണ്ടതൊടാതെ വിഴുങ്ങാനും ഇസ്ലാഹീ കേരളത്തില്‍ ആളുണ്ടായല്ലോ. അങ്ങിനെ എന്തെല്ലാം നുണകള്‍. എന്ത് ചെയ്യാം നുണക്ക് അല്പായുസ്സ് മാത്രമല്ലേ ഉണ്ടാകൂ. വര്‍ഷങ്ങള്‍ കഴിയുന്നതിനു മുമ്പ് തന്നെ പിളര്‍പ്പിനു കാര്‍മികത്വം വഹിച്ചവര്‍ ഓരോരുത്തരും ഓരോ കഷ്ണങ്ങളുമായി പോയില്ലേ. അല്ലാഹു സര്‍വമാലിന്യങ്ങളില്‍ നിന്നും ഈ പ്രസ്ഥാനത്തെ സ്ഫുടം ചെയ്തു. നാഥാ നിനക്ക് ഒരായിരം സ്തുതികള്‍. ഞങ്ങളിലെ ഐക്യവും സാഹോദര്യവും നീ എന്നെന്നും നിലനിര്‍ത്തി തരേണമേ - അമീന്‍.

hot news said...

എന്റെ ഒരളിയ അഭിപ്രയത്തിൽ അല്ലാഹു നമ്മെ ഒരു കൂട്ടം മാലിന്യങ്ങളിൽ നിന്നു സംസ്കരിച്ചെടുത്തു എന്നതാണ്
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes