ഭരണീയരും ഭരണകർത്താക്കളും

ഭരണീയരും ഭരണകർത്താക്കളും


അബ്ദുസ്സലാം കുനിയിൽ
(ശബാബ് വാരിക, 2001 ഏപ്രിൽ 6)

         ഉബാദത്തുബ്‌നു സ്വാമിത്(റ) നിവേദനം ചെയ്യുന്നു: ''ഞങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനോട് ഉടമ്പടി ചെയ്തിട്ടുണ്ട്. ദാരിദ്ര്യത്തിലും അഭിവൃദ്ധിയിലും പ്രീതിയിലും അപ്രീതിയിലും (ഭരണകര്‍ത്താക്കളെ) ഞങ്ങള്‍ കേട്ട് അനുസരിച്ചുകൊള്ളാം. ഞങ്ങളെക്കാള്‍ അനര്‍ഹരെ തെരഞ്ഞെടുക്കുന്നതും അംഗീകരിച്ചേക്കാം. അല്ലാഹുവില്‍ നിന്ന് വ്യക്തമായ തെളിവുമുഖേന സ്ഥിരപ്പെട്ടിട്ടുള്ള കടുത്ത നിഷേധം (കുഫ്‌റ്) ബോധ്യപ്പെട്ടാലല്ലാതെ ഭരണാധിപന്റെ കല്പനകളോട് ഞങ്ങള്‍ വിയോജിക്കുന്നതല്ല. ഞങ്ങള്‍ എവിടെയായിരുന്നാലും സത്യമേ പറയൂ. അല്ലാഹുവിന്റെ കാര്യത്തില്‍ ആരുടേയും യാതൊരു അധിക്ഷേപത്തേയും ഞങ്ങള്‍ ഭയപ്പെടുകയില്ല'' (ബുഖാരി, മുസ്‌ലിം).

         സാമൂഹ്യജീവികളായ നമുക്ക് പലപ്പോഴും രാഷ്ട്രീയ-മത നേതാക്കളെ അനുസരിക്കേണ്ടതായും അംഗീകരിക്കേണ്ടതായും വരും. ഇക്കൂട്ടത്തില്‍ നാമിഷ്ടപ്പെടുന്നവരും അല്ലാത്തവരുമായ വ്യക്തികളുണ്ടാവുക സ്വാഭാവികം. അതുകൊണ്ടുതന്നെ അവരെടുക്കുന്ന തീരുമാനങ്ങളഖിലവും നമുക്കുള്‍ക്കൊള്ളാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. സ്വാതന്ത്രചിന്തയും ബുദ്ധിയും തീരുമാനങ്ങളുമുള്ള വ്യക്തികളായിരിക്കെ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കുകയും ചെയ്യും. ഒരേ വിഷയത്തിലെ വ്യത്യസ്താഭിപ്രായങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുപോവുകയെന്നത് ഭരണപാടവം തന്നെയാണ്. ഈ പാടവം എപ്പോഴും എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ.

         വ്യക്തികള്‍ കുടുംബങ്ങളും കുടുംബങ്ങള്‍ സമൂഹവുമാവുമ്പോള്‍ എല്ലാവരുടെയും  അഭിരുചികളും  താത്പര്യങ്ങളും സംരക്ഷിക്കപ്പെട്ടുകൊള്ളണമെന്നില്ല. സമൂഹത്തിലെ ഒരംഗം തന്റെ താല്പര്യം-അഭിപ്രായം-അംഗീകരിക്കപ്പെടണമെന്ന് ശാഠ്യം പിടിക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് ഹാനികരമായി ഭവിച്ചേക്കാം. അതിനാല്‍ അയാളുടെ അഭിപ്രായം എത്ര ഫലവത്തായാലും ചിലപ്പോള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഒരുപക്ഷെ ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും ഈ അഭിപ്രായ ഭിന്നത പ്രകടമായേക്കാം. തങ്ങളെയപേക്ഷിച്ച് അനര്‍ഹരായിരിക്കാം ഭരണസാരഥ്യം വഹിക്കുന്നത്. എങ്കില്‍പ്പോലും ഒരു വിശ്വാസി ഇത്തരം ഘട്ടങ്ങളില്‍ ഭരണാധികാരിയില്‍ കടുത്ത നിഷേധം-കുഫ്‌റ്-ബോധ്യപ്പെടാത്തിടത്തോളം അയാളുടെ ആജ്ഞാ നിര്‍ദേശങ്ങള്‍ മാനിക്കേണ്ടതുണ്ടെന്ന് ഈ നബിവചനം വ്യക്തമാക്കുന്നു. ഭരണനേതൃത്വത്തിന്നെതിരെ ഉപജാപക സംഘമുണ്ടാക്കാന്‍ പാടില്ലാത്തതു പോലെ, തന്നെക്കുറിച്ച് ഭിന്നാഭിപ്രായം പ്രകടിപ്പിച്ച വ്യക്തികള്‍ക്കെതിരെ അയാള്‍ വ്യക്തമായും തെറ്റുചെയ്യാത്തിടത്തോളം അയാള്‍ക്കെതിരെ ഭരണാധികാരി കടുത്ത നിലപാടുകളോ പ്രതികാര നടപടിയോ സ്വീകരിക്കാവതുമല്ല. മിക്കവാറും നമ്മുടെ മത-രാഷ്ട്രീയ നേതൃത്വം പാളിപ്പോവുന്നതിവിടെയാണ്. വാളുകൊണ്ടുതന്നെ താങ്കളെ തിരുത്തുമെന്ന് പറഞ്ഞ സ്വഹാബിയോട് ഇസ്‌ലാമിന്റെ ഖലീഫ പ്രതികാരം ചെയ്തതായോ ആ സ്വഹാബിയെ അനഭിമതനായി പ്രഖ്യാപിച്ചതായോ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. തങ്ങളുടെ ബന്ധുക്കളും അടുത്തവരും കുറ്റം ചെയ്താല്‍ ശിക്ഷിക്കാതിരിക്കുകയും മറ്റുള്ളവരാണ് കുറ്റക്കാരെങ്കില്‍ കഠിനമായി ശിക്ഷിക്കുകയും ചെയ്തതായിരുന്നു ഇസ്രായീല്യരെ അല്ലാഹു ശപിക്കാന്‍ കാരണമായി നബി(സ) പറഞ്ഞത്.

          അന്ത്യദിനത്തില്‍ സൂര്യന്‍ കത്തിനില്‍ക്കെ ചുട്ടുപൊള്ളുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു നല്‍കുന്ന തണലുമാത്രം ലഭിക്കുന്ന ഏഴുവിഭാഗങ്ങളിലെ ഒരു വിഭാഗം നീതിമാനായ നേതാവാണെന്ന പ്രവാചക വചനം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ നേതാവിന്റെ സാമൂഹ്യബാധ്യത സുതാരാം വ്യക്തമാവും. 'തങ്ങള്‍ എവിടെയായിരുന്നാലും സത്യം മാത്രമേ പറയൂ'വെന്ന പ്രതിജ്ഞ അതുപോലെത്തന്നെ പ്രസക്തമാണ്. 'ഏറ്റവും ഉത്തമമായ സമരം അതിക്രമിയായ അധികാരിയുടെ മുമ്പില്‍ സത്യം പറയലാണെ'ന്നും 'നീ സത്യം പറയുക; അതെത്ര കയ്‌പേറിയതാണെങ്കിലു'മെന്നുമൊക്കെയുള്ള പ്രവാചകാധ്യാപനങ്ങള്‍ ഇവിടെ പ്രസ്താവ്യമാണ്. സത്യം പറഞ്ഞുവെന്നതിനാല്‍ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നാല്‍ തന്നെ ദൈവസന്നിധിയില്‍ അതുകൂടുതല്‍ പ്രതിഫലാര്‍ഹമാവും.

         അല്ലാഹുവിന്റെ മതത്തിന്റെ പ്രബോധന ദൗത്യം ഏറ്റെടുത്ത ഒരു വിഭാഗമായ നമ്മുടെ ബാധ്യത വര്‍ദ്ധമാനമാണ്. സുസംഘടിതവും സുശക്തവുമായ ഒരു സമൂഹസൃഷ്ടിക്കനിവാര്യമായ നിബന്ധനകളിലൊന്നത്രെ ഉദ്ധൃത പ്രവാചക വചനം. ഇത്തരം നിബന്ധനകളുടെ താളാത്മകമായ സമന്വയം സാധ്യമായെങ്കില്‍ മാത്രമേ ഉപരിസൂചിത സമൂഹസൃഷ്ടി സുസാധ്യമാവൂ. അത്തരമൊരു സമൂഹത്തിന് മാത്രമേ നിലനില്‍പുണ്ടാവൂ. നിലനില്‍പ്പുള്ള വിഭാഗങ്ങള്‍ക്കേ ഇതര ജനവിഭാഗങ്ങളുടെ മനസ്സില്‍ മതിപ്പുളവാക്കാന്‍ കഴിയൂ. ഇസ്‌ലാമിനെ സംബന്ധിച്ച് മതിപ്പുണ്ടാക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രബോധനയത്‌നങ്ങളും പരാജയമടയാനാണ് സാധ്യത.

Comments