Friday, July 8, 2016

സാകിര്‍ നായികിനെതിരില്‍ നടക്കുന്നത് ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ഗൂഡാലോചന

സാകിര്‍ നായികിനെതിരില്‍ നടക്കുന്നത്

ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ഗൂഡാലോചനഡോ. ഹുസൈന്‍ മടവൂര്‍

ജന. സെക്രട്ടറി,
ആള്‍ ഇന്ത്യാ ഇസ്ലാഹി മൂവ്‌മെന്റ്


ലോക പ്രസിദ്ധ ഇസ്‌ലാമിക പ്രഭാഷകനും ഗ്രന്ഥകാരനുമായ ഡോ. സാകിര്‍ നായികിനെതിരില്‍ ഇപ്പോള്‍ നടക്കുന്നത് ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ഗൂഡാലോചനയാണ്. വ്യാജാരോപണങ്ങളുന്നയിച്ച് അദ്ദേഹത്തെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ഉപദ്രവിക്കാനാണ് ഫാസിസ്റ്റ് കേന്ദ്രങ്ങള്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഭരണകൂടവും നിയമപാലകരും ഇതിനു കൂട്ടുനില്‍ക്കരുത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികം കാലമായി നാമെല്ലാം ഡോക്ടര്‍ സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്യുന്നുണ്ട്. നിരന്തരം ഗവേഷണം ചെയ്ത്, മത ഗ്രന്ഥങ്ങളുടെ അടിസ്ഥാന സ്രോതസ്സ് ഒന്നാണെന്ന് സമര്‍ത്ഥിച്ച് കൊണ്ടുളളതാണ് അദ്ദേഹത്തിന്റെ പ്രബോധന ശൈലി.

എല്ലാ മനുഷ്യരും ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്നും എല്ലാ മതാധ്യാപനങ്ങളും ആ ഒരു ദൈവത്തെ അംഗീകരിക്കുന്നുണ്ടെന്നുമുളള പഠനങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയും പ്രബന്ധങ്ങളുടെയും പ്രധാന ഉളളടക്കം.

സമാധാനത്തിന്റെ സന്ദേശമാണ് ഇസ്‌ലാം എന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി വ്യക്തമാക്കുന്നു. അദ്ദേഹം സംഘടിപ്പിച്ച് വരാറുളള സമ്മേളനങ്ങളില്‍ പതിനായിരങ്ങളാണ്  പങ്കെടുക്കാറുളളത്. ആ സമ്മേളനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പേര് പീസ് കോണ്‍ഫറന്‍സ് (സമാധാന സമ്മേളനം) എന്നാണ്. ലക്ഷക്കണക്കിന് പ്രേക്ഷകരുളള അദ്ദേഹത്തിന്റെ ടെലിവിഷന്‍ ചാനലിന്റെ പേരും പീസ് ടി വി എന്നാണ്. ഇതൊക്കെ അദ്ദേഹത്തിന് സമാധാനത്തോടുളള കാഴ്ചപ്പാട് വ്യക്തമാക്കുന്നു.

പ്രഭാഷണങ്ങളിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും ആര്‍ക്കും ചോദ്യം ചോദിക്കാം. എല്ലാ മതവിശ്വാസികളിലും പെട്ട ആളുകള്‍ അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാളിതുവരെ അദ്ദേഹത്തെ തീവ്രവാദി എന്ന നിലയില്‍ ആരോപിക്കാവുന്ന യാതൊന്നും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. സമ്മേളനങ്ങളില്‍ സംശയങ്ങളുന്നയിക്കുന്ന ഇതര മതവിശ്വാസികള്‍ പോലും അദ്ദേഹത്തെ അപ്രകാരം വിലയിരുത്തുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല.

മാത്രമല്ല, തീവ്രവാദത്തിനും ഭീകരതക്കുമെതിരെ അതിശക്തമായി നിലകൊളളുന്ന സൗദി അറേബ്യയും യു എ ഇയും മറ്റു പല രാഷ്ട്രങ്ങളും സാക്കിര്‍ നായിക്കിനെ ഏറ്റവും നല്ല ഇസ്‌ലാമിക വ്യക്തിത്വത്തിനുളള അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുമുണ്ട്

ബംഗ്ലാദേശില്‍ സ്‌ഫോടനം നടത്തിയ ആള്‍ സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേട്ടിരുന്നുവെന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കിയത്. അല്ലാതെ സാകിര്‍ നായിക് വിവാദ പ്രഭാഷകനല്ല. ഒരാളുടെ പ്രഭാഷണമോ ലേഖനമോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആ വ്യക്തി ഉത്തരവാദിയാവുമെന്നത് ഏത് നിയമത്തിലാണുളളത്?

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് കേള്‍ക്കുന്നവരും പ്രചരിപ്പിക്കുന്നവരുമെല്ലാം ബി ജെ പി ആണെന്ന് പറയാന്‍ പറ്റാത്തത് പോലെ തന്നെയാണ് ഇക്കാര്യത്തെയും വിലയിരുത്തേണ്ടത്.
ഇന്ത്യ മുസ്ലിം മുക്തമാക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച സ്വാധി പ്രാചിക്കെതിരില്‍ ഒരു അന്വേഷണമോ നിരീക്ഷണമോ ഇല്ല. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്തവന്‍ ഇന്ത്യ വിട്ടു പോവണമെന്ന് പ്രഖ്യാപിച്ച രാംദേവിനെതിരെ ആരും ഒരക്ഷരം പറഞ്ഞുകേട്ടില്ല. മുസ്ലിംകള്‍ക്കെതിരില്‍ ആയുധമെടുക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നവരും മുസ്ലിം ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരില്‍ സ്പര്‍ദ്ധയും ശത്രുതയും വളര്‍ത്തും വിധം പ്രചരണങ്ങളുമായി നടക്കുന്നവരുമൊക്കെ വീരപരിവേഷം ചാര്‍ത്തപ്പെടുന്ന സാഹചര്യത്തിലാണ് ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് സാത്ത്വികരും ദേശസ്‌നേഹികളും നിയമവിധേയമായി മാത്രം മതപ്രബോധനം നടത്തുന്നവരുമായ പൗരന്‍മാരെ തീവ്രവാദികളും ഭീകരരുമായി മുദ്രകുത്തുന്നത് എന്നത് ആശങ്കയുണര്‍ത്തുന്നതാണ്. യഥാര്‍ത്ഥ വര്‍ഗ്ഗീയ, തീവ്രവാദ പ്രവണതകളെ വെളളപൂശുന്നവരിലൂടെ തന്നെയാണ് ഇത്തരം കുല്‍സിത നീക്കങ്ങളുമുണ്ടാവുന്നതെന്ന് ചേര്‍ത്ത് വായിക്കേണ്ടതാണ്.

മേല്‍പറഞ്ഞവരെല്ലാം മുസ്‌ലിംകള്‍കും ഇസ്‌ലാമിനുമെതിരില്‍ നടത്തുന്ന വിദ്വേഷ പ്രസ്താവനകള്‍ പോലെ തന്റെ കാല്‍നൂറ്റാണ്ടു കാലത്തെ പ്രബോധന പ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കല്‍ പോലും സാകിര്‍ നായിക് പറഞ്ഞിട്ടില്ല. മറിച്ച് ഹിന്ദു, കൃസ്ത്യന്‍ സ്ത്രീ പുരുഷന്‍മാരോട് സംസാരിക്കുമ്പോള്‍  മൈ ഡിയര്‍ സിസ്റ്റര്‍/ബ്രദര്‍ എന്നിങ്ങിനെയൊക്കെയാണ് അഭിസംബോധനം ചെയ്യാറുളളത്. ഇസ്‌ലാമിനെതിരില്‍ യുക്തിവാദികളും ഫാസിസ്റ്റുകളും ക്രൈസ്തവ മിഷനറിമാരും ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ടമായും ശാസ്ത്രീയമായും തികച്ചും പ്രാമാണികമായും മറുപടി പറയാന്‍ സാകിര്‍ നായിക്കിനു കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്ത് പരാജിതരായ ഫാസിസ്റ്റുകളാണ് അദ്ദേഹത്തെ തീവ്രവാദിയാക്കാന്‍ പാടുപെടുന്നത്.

തീവ്രവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ പൊതുവിലും വിശിഷ്യാ ഐ എസ് പോലുളള ഇസ്ലാമിന്റെ പേരില്‍ അറിയപ്പെടുന്ന വ്യത്യസ്ത ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരിലും അതിശക്തമായി നിലകൊളളുകയും അവക്കെതിരില്‍ പ്രമാണബദ്ധമായി പ്രഭാഷണം നടത്തുകയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും ചെയ്യുന്ന പ്രബോധകനാണ് സാക്കിര്‍ നായിക്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള ഐ ആര്‍ എഫിന്റെ സൈറ്റ് വഴിയും യൂറ്റൂബ് ചാനലുകള്‍ വഴിയും പരാമൃഷ്ട വിഷയത്തിലുളള പ്രസംഗങ്ങളും ചോദ്യോത്തരങ്ങളും ആര്‍ക്കും ലഭ്യമാണ്.
യാഥാര്‍ത്ഥ്യം ഇതായിരിക്കെ, സാകിര്‍ നായിക്കിനെതിരിലുള്ള ഗൂഡാലോചന രാഷ്ട്ര ശില്‍പ്പികള്‍ വിഭാവനം ചെയ്യുന്ന മതേതര സങ്കല്‍പ്പത്തിനും ഭരണഘടനക്കും എതിരാണ്. മതനിരപേക്ഷതയുടെ കടക്ക് കത്തി വെക്കാനുളള ശ്രമങ്ങളുടെയും ഫാസിസ്റ്റ് ഒളിയജണ്ടകളുടെ പ്രയോഗവല്‍ക്കരണത്തിന്റെയും ഏറ്റവും പുതിയ ഗൂഡാലോചനയുടെ പ്രാഥമിക കാല്‍വെപ്പുകളിലൊന്നായി ഇതിനെ കാണാവുന്നതാണ്. ജനാധിപത്യ മതേതര വിശ്വാസികള്‍ ഈ നീക്കത്തിനെതിരില്‍ രംഗത്ത് വരേണ്ടതുണ്ട്.

ചോദ്യോത്തരങ്ങളിലും ഡിബേറ്റുകളിലും സാക്കിര്‍ നായിക്കിന്റെ ശൈലിയില്‍ രൂക്ഷതയും അനാവശ്യമായ കാര്‍ക്കശ്യവുമുണ്ടെന്ന് പറയുന്ന ചിലര്‍ ഇപ്പോള്‍ നല്ല പിളള ചമഞ്ഞ് രംഗത്ത് വരുന്നുണ്ട്. അതല്ല ഇപ്പോഴത്തെ വിഷയമെന്നാണ് അവര്‍ മനസ്സിലാക്കേണ്ടത്. അക്കാര്യത്തില്‍ അദ്ദേഹവുമായി ആര്‍ക്കും ചര്‍ച്ച നടത്താം. എന്നാല്‍ ഒരാളുടെ പ്രഭാഷണം കേട്ടവന്‍ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രഭാഷകന്‍ ഉത്തരവാദിയാവുമോ എന്നതാണ് പുതിയ വിവാദത്തില്‍ വിഷയീഭവിച്ചിട്ടുളളത്.

മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലിയ പ്രമുഖര്‍ പോലും പൊതുപ്രഭാഷണങ്ങളിലും സംവാദങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും എന്തിന്, നിയമ നിര്‍മ്മാണസഭകളില്‍ പോലും പൊട്ടിത്തെറിക്കുകയും പ്രകോപിതരായി സംസാരിക്കുകയും ചെയ്യാറുണ്ടല്ലോ. അതിനൊക്കെ സ്വാഭാവികതയുടെ ന്യായീകരണം നല്‍കുന്നവര്‍ തന്നെ സാക്കിര്‍ നായിക്കിന് തന്റെ പ്രബോധന ഭാഗമായുളള ചോദ്യോത്തരങ്ങളിലും സംവാദങ്ങളിലും ആശാസ്യകരമായ രീതിയിലുളള കാര്‍ക്കശ്യവും രൂക്ഷതയും പോലും പാടില്ലെന്ന് ചിന്തിക്കുന്നത് അസഹിഷ്ണുതയുടെ പ്രതിപ്രവര്‍ത്തനമായേ കാണാനൊക്കൂ.

സാക്കിര്‍ നായിക് ഏതെങ്കിലുമൊരു മുസ്‌ലിം സംഘടനയുടെ വക്താവല്ല. മതത്തെ പ്രമാണബദ്ധമായ ഗവേഷണങ്ങളിലൂടെ പ്രബോധനം ചെയ്യുകയും ഇസ്‌ലാമിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മുഴുസമയ സേവനം ചെയ്യുകയും ചെയ്യുന്ന പ്രഗത്ഭനായ ഒരു പണ്ഡിതനാണ്. അദ്ദേഹത്തോട് പല വിഷയങ്ങളിലും വിയോജിപ്പുളളവര്‍ ഉണ്ടാവാം. എന്നാല്‍ അതൊന്നും അദ്ദേഹത്തെ ഒരു തീവ്രവാദിയെന്നോ തീവ്രവാദത്തിന്റെ പ്രചാരകനെന്നോ വിശേഷിപ്പിക്കാന്‍ കാരണമാവുന്നില്ല. പ്രത്യേകിച്ച് അദ്ദേഹം തന്റെ പ്രബോധനത്തിന്റെ മുഖ്യഭാഗമാക്കിക്കൊണ്ടുതന്നെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥിതിക്ക്. അദ്ദേഹം മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്ങിനെ പോലുളളവര്‍ സാക്ഷ്യപ്പെടുത്തുന്നെവെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

ഇസ്‌ലാം മാത്രമാണ് ശരി എന്ന് സാക്കിര്‍ നായിക് പറയുന്നതാണ് ഒരു പ്രശ്‌നമായി ചിലയാളുകള്‍ ആരോപിക്കുന്നത്. കമ്മ്യൂണിസം മാത്രമാണ് ശാസ്ത്രീയവും പ്രായോഗികവുമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കും ഗാന്ധിമാര്‍ഗ്ഗമാണ് മനുഷ്യകുലം നേരിടുന്ന സകല വര്‍ത്തമാന പ്രതിസന്ധികള്‍ക്കുമുളള ഏക പരിഹാര മാര്‍ഗ്ഗമെന്ന് ഗാന്ധിയന്‍മാര്‍ക്കും വേദോപനിഷത്തുകളാണ് ഏക മോക്ഷമാര്‍ഗ്ഗമെന്ന് വേദപണ്ഡിതന്‍മാര്‍ക്കും ക്രിസ്തുമതമാണ് മോചനവും മാര്‍ഗ്ഗവും എന്ന് ക്രൈസ്തവ മിഷണറികള്‍ക്കുമൊക്കെ പറയാനുളള സ്വാതന്ത്ര്യം നിലനില്‍ക്കുമ്പോള്‍ സാകിര്‍ നായിക്കിനു മാത്രം താന്‍ സത്യമെന്ന് വിശ്വസിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് അപ്രകാരം പറയാന്‍ പാടില്ലെന്ന് പറയാന്‍ കുറച്ചൊന്നുമല്ല സങ്കുചതത്വം അത്തരം അഭിപ്രായക്കാരെ സ്വാധീനിച്ചിട്ടുളളത് എന്നാണ് പറയാനുളളത്.

സാക്കിര്‍ നായിക്കിന്റെ ഏത് പ്രഭാഷണമാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് ആരോപകര്‍ തെളിയിക്കേണ്ടത്. തിന്‍മകള്‍ക്കും അധര്‍മ്മത്തിനുമെതിരില്‍ തീവ്രമായി പ്രവര്‍ത്തിക്കണമെന്ന് ഏതോ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടുപോല്‍. ഇങ്ങനെയല്ലാതെ ഇതെങ്ങനെയാണ് പറയേണ്ടത്? തിന്‍മക്കെതിരെ മൃദുവായ സമീപനം വേണമെന്നായിരുന്നോ സാക്കിര്‍ നായിക് പറയേണ്ടിയിരുന്നത്? തിന്മകള്‍ക്കെതിരെ പടവാളുയര്‍ത്തണം, അനീതിക്കെതിരെ കുരിശുയുദ്ധം നടത്തണം, അസത്യത്തിനെതിരെ ധര്‍മ്മയുദ്ധം നടത്തണം എന്നൊക്കെയുളള പ്രയോഗങ്ങളുടെ ഉള്‍ക്കാമ്പ് ഉള്‍ക്കൊളളുന്ന ഇവിടുത്തെ ജനങ്ങള്‍ സാക്കിര്‍ നായിക്കിനെ തീവ്രവാദിയാക്കി തളര്‍ത്താനും തകര്‍ക്കാനും ഉന്നയിക്കുന്ന ദുര്‍ന്യായത്തിലെ കാപട്യം  തിരിച്ചറിയും.2 comments:

അബൂ ഹിമ said...

തിന്‍മകള്‍ക്കും അധര്‍മ്മത്തിനുമെതിരില്‍ തീവ്രമായി പ്രവര്‍ത്തിക്കണമെന്ന് ഏതോ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടുപോല്‍. ഇങ്ങനെയല്ലാതെ ഇതെങ്ങനെയാണ് പറയേണ്ടത്? തിന്‍മക്കെതിരെ മൃദുവായ സമീപനം വേണമെന്നായിരുന്നോ സാക്കിര്‍ നായിക് പറയേണ്ടിയിരുന്നത്? തിന്മകള്‍ക്കെതിരെ പടവാളുയര്‍ത്തണം, അനീതിക്കെതിരെ കുരിശുയുദ്ധം നടത്തണം, അസത്യത്തിനെതിരെ ധര്‍മ്മയുദ്ധം നടത്തണം എന്നൊക്കെയുളള പ്രയോഗങ്ങളുടെ ഉള്‍ക്കാമ്പ് ഉള്‍ക്കൊളളുന്ന ഇവിടുത്തെ ജനങ്ങള്‍ സാക്കിര്‍ നായിക്കിനെ തീവ്രവാദിയാക്കി തളര്‍ത്താനും തകര്‍ക്കാനും ഉന്നയിക്കുന്ന ദുര്‍ന്യായത്തിലെ കാപട്യം തിരിച്ചറിയും.

M.T Manaf said...

The renowned and dynamic international orator on Islam and Comparative Religion. He has delivered over 2000 public talks in the USA, Canada, UK, Italy, France, Saudi Arabia, UAE, Kuwait, Qatar, Bahrain, Oman, Egypt, Australia, New Zealand, South Africa, Botswana, Nigeria, Ghana, The Gambia, Morocco, Algeria, Indonesia, Malaysia, Singapore, Brunei, Thailand, Hong Kong, China, Guyana (South America), Trinidad, Mauritius, Sri Lanka, Maldives and many other countries, in addition to numerous public talks in India. Sheikh Ahmed Deedath, the world famous orator on Islam and Comparative Religion, called Dr. Zakir, "Deedath plus".
The Custodian of the Two Holy Mosques King Salman bin Abdul Aziz Al-Saud presented Dr. Zakir the prestigious ‘King Faisal International Prize’. Shaikh Mohammed bin Rashid Al Maktoum, Vice President & Prime Minister of UAE and Ruler of Dubai, presented him the prestigious Dubai International Holy Qur’an Award for ‘Islamic Personality of 2013’. The King of Malaysia, presented to Dr Zakir the highest award of Malaysia the ‘Tokoh Ma’al Hijrah Distinguished International Personality Award for the Year 2013’. Shaikh Dr. Sultan bin Mohammed Al Qasimi, Ruler of Sharjah, conferred on Dr Zakir the ‘Sharjah Award for Voluntary Work’ for the year 2013. The President of the Republic of The Gambia conferred him with the Highest National Award in The Gambia on 15th October 2014. His Peace TV Network is the largest watched ‘Islamic’ as well as ‘any Religious’ Satellite TV channel presently in the world, with over 100 million viewership, of which 25% are Non-Muslims!. Hundreds of his speeches are available online and those are clear evidences for Zkir's anti terrorist stand

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes