Sunday, November 6, 2016

ആർക്കെതിരിലായിരുന്നു ഈ സമരം?

സമര വിജയമാഘോഷിക്കുന്നതിനു മുൻപ്  പറയൂ, 

ആർക്കെതിരിലായിരുന്നു ഈ സമരം?

 

 അറബിക് കോളജുകളിൽ അഫദലുൽ ഉലമ ഒന്നാം വർഷ സിലബസിൽ  സുന്നിവിരുദ്ധ ആശയങ്ങളുള്ള പുസ്തകം തിരുകിക്കയറ്റിയെന്നാരോപിച്ച് ഇരുവിഭാഗം സമസ്തയുടെ വിദ്യാർത്ഥിവിഭാഗങ്ങളും രംഗത്തിറങ്ങിയിരിക്കുകയാണല്ല്ലോ. സഊദി അറേബ്യയിലെ സലഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ ഉസൈമിന്റെ കിതാബുത്തൗഹീദ് ആണ് പരാമൃഷ്ട പുസ്തകം. 

പ്രസ്തുത പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഉള്ളതും ഇല്ലാത്തതും നിറം പിടിപ്പിച്ചവതരിപ്പിക്കുകയാണ് ഇരുക്കൂട്ടരും. അതിനിടെ ഇന്ന്(4.11.2016) സുപ്രഭാതം ദിനപത്രത്തിൽ ഇത് സംബന്ധമായ ഒരു വാർത്ത വന്നത് ഇപ്രകാരം;
വിവാദ സലഫി പുസ്തകം വീണ്ടും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിലബസില്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ അഫ്‌സലുല്‍ ഉലമ ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുള്ള പുസ്തകത്തില്‍ തീവ്രസലഫി ആശയങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച പുസ്തകമാണ് വീണ്ടും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഊദി അറേബ്യയിലെ സലഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ ഉസൈമിന്റെ കിതാബുത്തൗഹീദ് എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. മുജാഹിദ് നേതാവും ഫാറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളജ് മുന്‍ അധ്യാപകനുമായ കോയക്കുട്ടി ഫാറൂഖിയാണ് ഗ്രന്ഥം സംഗ്രഹിച്ച് തയാറാക്കിയത്.
കഴിഞ്ഞ മൂന്നു മാസമായി കോളജുകളില്‍ പഠിപ്പിച്ചുവരുന്ന ഈ പുസ്തകത്തില്‍ സുന്നികളെ കൊന്നൊടുക്കാനുള്ള പരസ്യ ആഹ്വാനമാണുള്ളത്. 1997 ല്‍ പിന്‍വലിച്ച പുസ്തകമാണ് വീണ്ടും പുറത്തിറക്കിയിരിക്കുന്നത്.
പാഠപുസ്തകമായ കിതാബുല്‍ തൗഹീദ് പിന്‍വലിക്കാമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി കെ. മുഹമ്മദ് ബഷീര്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. മതവിരുദ്ധവും മതേതര സമൂഹത്തില്‍ എറെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍ വി.സിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പുസ്തകം പിന്‍വലിക്കുന്ന കാര്യത്തില്‍ വി.സി അന്തിമ തീരുമാനം അറിയിച്ചത്. 
എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ അബ്ദുറഹീം ചുഴലി, റഷീദ് ഫൈസി വെള്ളായിക്കോട്, പ്രൊഫ. ടി. അബ്ദുല്‍ മജീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഈ ‘കിടിലൻ‘ വാർത്തയിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. ഗ്രന്ഥം രചിച്ച പണ്ഡിതന്റെ പേരുണ്ട്, സംഗ്രഹിച്ചയാളുടെ പേരുണ്ട്, സുന്നികളെ കൊന്നൊടുക്കാനുള്ള പരസ്യ ആഹ്വാനത്തെ കുറിച്ച കള്ളക്കഥ വേറെയുമുണ്ട്. 1997ല്‍ പിന്‍വലിച്ച പുസ്തകമാണ് വീണ്ടും പുറത്തിറക്കിയിരിക്കുന്നതെന്നും സുപ്രഭാതം ലേഖകനു അറിയാം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിവരം വാർത്തയിലോ പ്രതിഷേധ പ്രമേയങ്ങളിലോ ഒന്നും കാണുന്നില്ല.
 രണ്ട് പതിറ്റാണ്ട് മുന്‍പ് സമാന പരാതി പ്രകാരം തന്നെ സിലബസില്‍ നിന്നൊഴിവാക്കിയ പ്രസ്തുത പുസ്തകം വീണ്ടുംസര്‍വകലാശാല സിലബസില്‍ഉള്‍പ്പെടുത്തിയതാരാവും? ഏതോ വഹാബിയല്ലാതെ മറ്റാര് അല്ലേ!! എസ് എസ് എഫ് സംസ്ഥാന സെക്രട്ടരി ഈയിടെ ഒരു ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞത് (ഡക്കാൻ ക്രോണി‌ക്ക്‌ൾ, 2016 നവ. 3) ബോർഡ് ഓഫ് സ്റ്റഡീസിൽ സുന്നി പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നായിരുന്നു. അപ്പോൾ പിന്നെ ഈ പുസ്തകം സിലബസ്സിലേക്ക് തിരികെ കൊണ്ടുവന്നതിനു പിന്നിൽ ഏതെങ്കിലും ഒരു ‘വഹാബി’ ആവാൻ മാത്രമേ സാധ്യതയുള്ളൂവല്ലോ.


 എന്നാലും സമരക്കാരേ, ആ ഞെട്ടിപ്പിക്കുന്ന വിവരം കൂടി ഒന്ന് വെളിപ്പെടുത്താമായിരുന്നില്ലേ. ഇല്ല കലക്ക് വെള്ളത്തിൽ മീൻ തപ്പിയിറങ്ങിയ മുസ്ല്യാക്കൾക്ക് ‘സുപ്രഭാതം’ ഇനിയുമകലെയാണെന്ന് തന്നെയാണീ സംഭവവും വിളിച്ച് പറയുന്നത്. നാടകങ്ങള്‍ സംവിധാനം ചെയ്യുമ്പോള്‍അല്‍പം കോമണ്‍സെന്‍സ് കൂടി വേണം മുസ്ല്യാരേ.അതെ, കക്കാന്‍ പഠിച്ചാല്‍ പോര നിക്കാനും പഠിക്കണം.

സത്യത്തിൽ ചേന്ദമംഗല്ലൂര്‍ സുന്നിയ്യ അറബിക് കോളേജ് അധ്യാപകനും സമസ്ത നേതാവുമായ ഡോ. പി മുജീബ് ആയിരുന്നു ആ പുസ്തകം വീണ്ടും അറബിക് കോളേജ് സിലബസ്സിൽ ഉൾപ്പെടുത്തിയ മഹാൻ. ഇങ്ങിനെയൊരു ചെയർമാൻ ബോര്‍ഡ് ഓഫ് സ്റ്റഡീസീനുണ്ടായിരുന്നെന്ന് എസ് എസ് എഫ് സെക്രട്ടറിക്കും സുപ്രഭാതക്കാരനും അറിയാതെ പോവില്ലല്ലോ.

അന്ന് ആ തീരുമാനം ഏത് യോഗത്തില്‍ വെച്ചാണ് എടുത്തതെന്നും ഏതെങ്കിലും മുജാഹിദ് അംഗത്തിന് ഈ തീരുമാനത്തിനു പിന്നില്‍ പങ്കോ അറിവോ ഉണ്ടായിരുന്നോ എന്നും സുപ്രഭാതക്കാരും എസ് കെ നേതാക്കളും ഒന്ന് അന്വേഷിക്കുന്നത് നന്ന്. സ്വന്തം താല്പര്യങ്ങളുമാ‍യി,  കൂടിയാലോചനകളില്ലാതെ തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതിക്ക് സാഹചര്യമുണ്ടാക്കിയ ചെയർമാന്റെ വീരകൃത്യങ്ങൾ അപ്പോൾ വ്യക്തമായറിയാം.

ഒരിക്കൽ കൂടി പറയട്ടെ,
*‘കിതാബു തൌഹീദ്‘ അഫ്ദലുൽ ഉലമ സിലബസിൽ ഉൾപ്പെടുത്തിയതിൽ മുജാഹിദുകളായ ഒരംഗത്തിന്റെ പോലും അറിവോ പ്രേരണയോ പങ്കോ ഉണ്ടായിരുന്നില്ലെന്നത് പകൽ‌വെളിച്ചം പോലെ വ്യക്തമാണ്.
*ആരുടെയും പ്രേരണയോ നിർദ്ദേശമോ ആവശ്യമായ കൂടിയാ‍ലോചനകളോ ഇല്ലാതെ അന്നത്തെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ പ്രത്യേക താല്പര്യമെടുത്താണ് പ്രസ്തുത പുസ്തകം പാഠപുസ്തകമാക്കി തീരുമാനിച്ചത്.
*ആ ചെയർമാൻ ഇന്നത്തെ സമരക്കാരുടെ ആശയക്കാരനും നേതാവുമായ വ്യക്തിയായിരുന്നു.
*ഒരിക്കൽ വിമർശന വിധേയമാവുകയും അതിനെ തുടർന്ന് പിൻ‌വലിക്കുകയും ചെയ്ത പുസ്തകം 19 വർഷങ്ങൾ കഴിഞ്ഞ് വീണ്ടും സിലബസിലേക്ക് തിരിച്ചെടുക്കാനുണ്ടായ കാരണം വിശദീകരിക്കപ്പെടേണ്ടതുണ്ട്.
*ഒരു പുസ്തകം പാഠപുസ്തകമാക്കുന്നതിനു മുൻപ് പ്രസ്തുത പുസ്തകത്തിന്റെ ഉള്ളടക്കം ബന്ധപ്പെട്ടവർ സൂക്ഷ്മമായി പരിശോധനാ വിധേയമാക്കുകയും വൈജ്ഞാനികമായും ഭാഷാപരമായും തികച്ചും ഗുണപരമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. അത്തരമൊരു പ്രക്രിയ ഈ പുസ്തക നിർണയത്തിൽ ഉണ്ടായിട്ടുണ്ടോ‍ എന്ന് അന്നത്തെ ചെയർമാനായ സമസ്ത നേതാവ് വ്യക്തമാക്കേണ്ടതുണ്ട്..
*ഈ പുസ്തകത്തോ‍ടൊപ്പം മറ്റേതൊക്കെ പുസ്തകങ്ങളാണ് സിലബസിൽ ഉൽ‌പ്പെടുത്തിയതെന്നും അവയുടെ രചയിതാക്കളാരൊക്കെയാണെന്നും പഠന വിധേയമാക്കേണ്ടതുണ്ട്.
*ഈ പുസ്തകം പാഠ പുസ്തകമാക്കിയത് സമസ്തയുടെ നേതാവാണ് എന്നും ഇപ്പോ‍ൾ ഇതിനെ ‘മതവിരുദ്ധവും മതേതര സമൂഹത്തില്‍ എറെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പാഠപുസ്തകം‘ എന്ന് വിമർശിച്ച് സമരത്തിനിറങ്ങുന്നത് സമസ്ത തന്നെയെന്നുമുള്ള വസ്തുതകൾ ഒരു  ഗൂഡാലോചനയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

 മേൽ കാര്യങ്ങളൊക്കെ കൃത്യമായി അന്വേഷിച്ച് ഇക്കാര്യത്തില്‍ സത്യസന്ധമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ചങ്കൂറ്റമുണ്ടോ മുസ്ല്യാക്കളേ. സത്യമറിയുമ്പോള്‍ നിങ്ങളും പറയും മാര്‍ച്ച് വാഴ്‌സിറ്റിയിലേക്കല്ല സമസ്താലയത്തിലേക്കും കാരന്തൂർ മർക്കസിലേക്കുമാണ് നടത്തേണ്ടതെന്ന്.

ആവർത്തിച്ച് പറയട്ടെ, മുജാഹിദുകൾക്ക് അവർ പ്രചരിപ്പിക്കുന്ന ആശയം പ്രചരിപ്പിക്കാൻ ഇവിടുത്തെ പാഠപുസ്തക നിർണ്ണയ കമ്മിറ്റികളിൽ നുഴഞ്ഞ് കയറുകയോ  സിലബസ് നിർണ്ണയത്തിൽ അവിഹിത ഇടപെടലുകൾ നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. കാരണം വിശുദ്ധ ഖുർ‌ആനും തിരുചര്യയുമാണ് മുജാഹിദുകളുടെ ആദർശം. അവയിലുള്ളവയെ ആ‍ണ് സമസ്തക്കാർ സുന്നീവീരുദ്ധ ആശയങ്ങളെന്ന് വിശേഷിപ്പിച്ച് സമരത്തിനിറങ്ങുന്നത്. സുന്നീ വിരുദ്ധ ആശയങ്ങളുള്ള പാഠ പുസ്തകങ്ങൾ നിരോധിക്കുകയാണെങ്കിൽ കേരളത്തിലെ പള്ളിദർസുകളിലെ കിതാബുകൾ പോലും നിരോധിക്കേണ്ടി വരുമെന്ന് ഈ ആവേശക്കമിറ്റി മൌലാനമാർ ചിന്തിക്കുന്നത് നന്ന്.

അല്ലാഹുവല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാൻ പാടില്ലെന്ന് വ്യക്തമാക്കുന്ന ആയത്തുകളുള്ള വിശുദ്ധ ഖുർ‌ആൻ, പള്ളിയിൽ വരുന്ന സ്ത്രീകളെ നിങ്ങൾ തടയരുത് എന്ന് പറയുന്ന സ്വിഹാ‌ഉ സ്സിത്തയിലെ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങൾ, പൊതുസ്ഥലത്ത് ഖബറുകൾ കെട്ടിപ്പൊക്കൽ ഹറാമാണെന്നും അത് പൊളിച്ച് മാറ്റണമെന്നും നമസ്കാര ശേഷം ഇമാം എഴുനേറ്റ് പോകലാണ് ഏറ്റവും ഉത്തമം എന്നുമൊക്കെയുള്ള ശൈഖ് സൈനുദ്ദിൻ മഖ്ദൂമിന്റെ ഫത്‌ഹുൽ മു‌ഈൻ, ജുമുഅക്ക് ഒരു ബാങ്ക് കൊടുക്കലാണ് ഉത്തമം എന്ന് കൃത്യമായും വ്യക്തമാക്കുന്ന ഇമാം ശാഫി(റ)യുടെ കിതാബുൽ ഉമ്മ്, മയ്യിത്ത് കൊണ്ടുപോവുമ്പോൾ മൌനമായിട്ടാണ് കൊണ്ടുപോവേണ്ടത് ദിക്`‌റ് ചൊല്ലിക്കൊണ്ടല്ല എന്ന് വ്യക്തമാക്കുന്ന ഇമാം നവവി(റ)യുടെ കിതാബുൽ അദ്‌കാർ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ സുന്നി വിരുദ്ധമെന്ന് പറയപ്പെടുന്ന ആശയങ്ങളടങ്ങിയതാണ്. അത് കൊണ്ട് ദർസിൽ നിന്നും പള്ളിയിൽ നിന്നും  അവ പിൻ‌വലിക്കുമോ? എന്നിട്ട് പോരേ പുറത്തെ ‘ശുദ്ധികലശം‘???

                                                                 മൻസൂറലി ചെമ്മാട്3 comments:

Malayali Peringode said...

ഗൂഢാലോചനക്കാർ പഴുതു നോക്കി ആപ്പടിച്ചതാണ്. അത് പൊളിച്ചടുക്കിയ കുറിപ്പ്. അഭിനന്ദനങ്ങൾ, ആശംസകൾ!

സി ട്ടി ഹാര്‍ഡ് വേര്‍സ് said...

വരെ ഉപകാരപ്രദമായ കുറിപ്പ്

Abu Nasih said...

ഈ ഖുറാഫി ഗൂഢാലോചന പുറത്തു കൊണ്ട് വരേണ്ടതില്ലേ....? ഈ തോന്നിവാസം നടത്തിയവരെ കൂച്ചു വിലക്കിടേണ്ടതില്ലേ...?

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes