ഐ എസ് എം

ഭരണഘടനാപരിഷ്‌കരണവും

രജിസ്‌ട്രേഷനും

കെ പി സകരിയ

(ഐ എസ് എം സംഘടനാ സെക്രട്ടറി)


 ഐ എസ് എം 'പിരിച്ചുവിട്ട്' ഘടകങ്ങളെയും ദഅ്‌വത്ത് പ്രവര്‍ത്തനങ്ങളെയും മരവിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് മഹത്തായ തൗഹീദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍, പ്രസ്ഥാനപ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ മര്‍കസുദ്ദഅ്‌വ സ്വന്തമാക്കാമെന്ന് വ്യാമോഹിച്ചുവെങ്കിലും നടന്നില്ല. ഇതില്‍നിന്നുണ്ടായ കടുത്ത നിരാശ ഭിന്നിപ്പുകാരെ ഇപ്പോള്‍  ഒരുതരം  വിഭ്രാന്തിയിലെത്തിച്ചിട്ടുണ്ട്. ആശാഭംഗത്തോടെയെങ്കിലും അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കൗതുകകരമാണ്. ഐ എസ് എം, കെ എന്‍ എമ്മിന്റെ പോഷകഘടകമല്ലേ? ഐ എസ് എം ഭരണഘടന ഭേദഗതി ചെയ്തത് കെ എന്‍ എമ്മിനോട് ചോദിച്ചാണോ? ഭരണഘടന രജിസ്റ്റര്‍ ചെയ്തത് ആരോട് ചോദിച്ചാണ് ?
പൊളിഞ്ഞുപോയ പദ്ധതി
1999 മെയ് 13ന് പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ വിളിച്ചുചേര്‍ക്കപ്പെട്ട ഗൂഢാലോചനായോഗം  തൊട്ടിങ്ങോട്ട് ഐ എസ് എമ്മിനും പ്രസ്ഥാനത്തിന്റെ നിഷ്‌കളങ്കരായ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കും നിസ്വാര്‍ഥമായി പ്രസ്ഥാനത്തിന് സേവനം ചെയ്തുകൊണ്ടിരിക്കുന്ന പണ്ഡിതന്മാര്‍ക്കും ആദര്‍ശവ്യതിയാനം സംഭവിച്ചിരിക്കുന്നുവെന്നും  അവര്‍  തൗഹീദില്‍നിന്നും വ്യതിചലിച്ചിരിക്കുന്നുവെന്നും ഭിന്നിപ്പുകാര്‍ പ്രചരിപ്പിച്ചുവെങ്കിലും മുജാഹിദ് കേരളം അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുകയായിരുന്നുവല്ലോ. ആദര്‍ശവ്യതിയാനാരോപണം വഴി ഭിന്നിപ്പുകാര്‍ ലക്ഷ്യമിട്ട ഗൂഢ പദ്ധതികള്‍ എന്തൊക്കെയായിരുന്നു?
ജീര്‍ണതകളോട് രാജിയാകാത്ത പണ്ഡിതന്മാരെയും പ്രവര്‍ത്തകരെയും പീഡിപ്പിച്ചു പുറത്താക്കുക, അധികാരം സ്വന്തം ചൊല്പ്പടിയില്‍ ഉറപ്പിച്ചുനിര്‍ത്തുക, ജീര്‍ണതകള്‍ക്കെതിരെ നിലകൊള്ളുന്ന ഐ എസ് എമ്മിനെ വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ക്കുക, ഐ എസ് എം സംസ്ഥാന  പ്രവര്‍ത്തകസമിതി  പിരിച്ചുവിടുക, പ്രവര്‍ത്തകസമിതിയംഗങ്ങളെ കെ എന്‍ എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നുപോലും പുറം തള്ളുക, ഘടകങ്ങളെയും പ്രബോധനപ്രവര്‍ത്തനങ്ങളെയും മരവിപ്പിക്കുക, മാതൃസംഘടനയാണെന്ന ഇമ്പാച്ചി കാണിച്ച് പേടിപ്പിച്ച് റാന്‍മൂളികളായ അഡ്‌ഹോക്ക് പാവകളെ പ്രതിഷ്ഠിക്കുക, പ്രതിഷേധിക്കുന്ന പണ്ഡിതന്മാരെയും കെ എന്‍ എം നേതാക്കളെയും പ്രാഥമികാംഗത്വത്തില്‍നിന്നുപോലും ഒന്നൊന്നായി പുറത്താക്കുക, തുടര്‍ന്ന് ആറാം മുജാഹിദ് സമ്മേളനം ഗംഭീരമായി പ്രഖ്യാപിക്കുക, അത് നടത്തിയ ലഹരിയില്‍ കുറുക്കുവഴികളുപയോഗിച്ച് കെ എന്‍ എം ഇലക്ഷന്‍ നടത്തുക,  സംഘടനയാകെ  കൈപ്പിടിയിലൊതുക്കുക, സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ടി പി അബ്ദുല്ലക്കോയ മദനിയുടെയും എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെയും റസ്സാഖ് മദനിയുടെയും കൈകളില്‍ സംഘടന ഭദ്രം!!! കിനാവുകള്‍ എത്ര മനോഹരവും വിശാലവുമായിരുന്നു. ഐ എസ് എമ്മിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചതോടെ എല്ലാം തകര്‍ന്നു തരിപ്പണമായി പോയല്ലോ! തകര്‍ന്നിടത്ത് കിടന്ന് വിഭ്രാന്തരെപ്പോലെ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ശാന്തം! പാപം!!
ഭരണഘടന അട്ടിമറിച്ചതാര്?
ഐ എസ് എം ഭരണഘടന സ്വതന്ത്രമാക്കി അട്ടിമറിച്ചതാര് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുമ്പ് ഭിന്നിപ്പുകാരുടെ 2001ലെ ആരോപണം എന്തെന്ന് നോക്കുക. ''സുറൂറിയത്തിന്റെ സ്വാധീനഫലമായി ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളും നയപരിപാടികളുമല്ല ശരി; ഇഖ്‌വാനികളുടെ ആശയാദര്‍ശങ്ങളും നയങ്ങളുമാണെന്ന് വിശ്വസിക്കുന്ന ചിലര്‍ യുവവിഭാഗത്തിന്റെ നേതൃത്വത്തില്‍ വന്നപ്പോള്‍ മാതൃസംഘടനയുടെ നിയന്ത്രണത്തില്‍നിന്നും അതിനെ പൂര്‍ണമായി വേര്‍പെടുത്താനുള്ള ഗൂഢശ്രമങ്ങള്‍ ആരംഭിച്ചു. അതിനുള്ള ഉദാഹരണമാണ് 1987 ആഗസ്ത് 2ന് നടത്തിയ ഐ എസ് എം ഭരണഘടനാ ഭേദഗതി. പ്രസ്തുത ഭേദഗതിക്ക് മാതൃസംഘടനയുടെ അംഗീകാരം തേടേണ്ടത് നിര്‍ബന്ധമായിരുന്നു. പക്ഷെ, അതുണ്ടായില്ല. എന്ന് മാത്രമല്ല, അറിയിക്കുകപോലും ചെയ്തില്ല. കാരണം തങ്ങള്‍ മനപൂര്‍വം വരുത്താനുദ്ദേശിക്കുന്ന. വ്യതിയാനത്തിന് മാതൃസംഘടന തടയിടും എന്നതുകൊണ്ടുതന്നെ (ആദര്‍ശവ്യതിയാനം ആരോപിച്ചുകൊണ്ട് 16.05.2001ന് മുജാഹിദ് സെന്ററില്‍ ഭിന്നിപ്പുകാര്‍ക്ക് വേണ്ടി അബ്ദുര്‍റഹ്മാന്‍ സലഫി അവതരിപ്പിച്ചതും റസ്സാഖ് മദനി ഒപ്പുവെച്ചതുമായ ഒന്നാം പ്രബന്ധം, പേജ് 38)
ഇതിനുള്ള മറുപടി കേള്‍ക്കണോ? ഐ എസ് എമ്മിന്റെ ആദ്യത്തെ (അടിസ്ഥാന) ഭരണഘടന 1968ലാണ് നിലവില്‍ വന്നത്. ഐ എസ് എമ്മിന്റെ ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ കെ എന്‍ എമ്മിന്റെ അംഗീകാരം വേണമെന്ന് ഈ ഭരണഘടനയില്‍ ഉണ്ടായിരുന്നു. ഈ ''ഭരണഘടന 1979 ഏപ്രില്‍ 14ന് മുജാഹിദ് സെന്ററില്‍ ചേര്‍ന്ന ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ പരിഷ്‌കരിച്ചപ്പോള്‍ അതില്‍നിന്നും ഭരണഘടനാ ഭേദഗതിക്ക് കെ എന്‍ എം അനുമതി വേണ''മെന്ന ഭാഗം എടുത്തുകളഞ്ഞു. അന്ന് ഐ എസ് എമ്മിന്റെ നേതൃത്വത്തിലുണ്ടായിരുന്നത് മര്‍ഹും കെ എസ് കെ തങ്ങളും കെ വി മൂസാ സുല്ലമിയുമായിരുന്നു. ഈ ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചത് എന്‍ മുഹമ്മദ് മാസ്റ്റര്‍ (അരീക്കോട്) ആയിരുന്നു. അന്നത്തെ ഐ എസ് എമ്മിന്റെ രണ്ട് ജോയന്റ് സെക്രട്ടറിമാര്‍ ഭിന്നിപ്പിന്റെ വക്താക്കളായ പി പി ഉണ്ണീന്‍കുട്ടി മൗലവി(പാലക്കാട്)യും പി ടി അബൂബക്കര്‍ കുട്ടിയുമായിരുന്നു. ഇതിലേറെ കൗതുകം; 1979 മെയ് 24ന് ചേര്‍ന്ന കെ എന്‍ എം കേന്ദ്ര ആലോചനാസഭ, ഐ എസ് എം ഭരണഘടനാ ഭേദഗതിക്ക് കെ എന്‍ എമ്മിന്റെ അനുമതി വേണ്ടതില്ലെന്ന ഭേദഗതികളടക്കം മേല്‍പറഞ്ഞ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും അംഗീകാരം നല്കിയെന്നതാണ്! അന്ന് കെ എന്‍ എമ്മിന്റെ സെക്രട്ടറിമാരിലൊരാള്‍ അലി അബ്ദുര്‍റസ്സാഖ് മദനിയാണെന്നതാണ് രസാവഹം! ഇതിനുശേഷം 1987ല്‍ ഭരണഘടന പരിഷ്‌കരിച്ചിട്ടുണ്ട്. പിന്നീട് ഒടുവില്‍ നടന്ന പരിഷ്‌കരണം എന്നാണെന്ന ചോദ്യമല്ലേ? അതിനുള്ള ഉത്തരം പറയേണ്ടിടത്ത് പറയേണ്ടതുപോലെ പറയും! ഐ എസ് എമ്മിന്റെ ഭരണഘടന കെ എന്‍ എമ്മില്‍നിന്നും സ്വതന്ത്രരാക്കിയ ഭിന്നിപ്പുകാരോട് പറയാന്‍ അതേതായാലും ഒരുക്കമില്ല.
പോഷകഘടകമല്ലെന്നോ?
ഐ എസ് എം, കെ എന്‍ എമ്മിന്റെ പോഷക സംഘടനയല്ലേ എന്നാണ് അടുത്തത്. അല്ലെന്ന് ഇവിടെയാരെങ്കിലും പറഞ്ഞതുപോലുണ്ട് ചോദ്യം! ഐ എസ് എം കെ എന്‍ എമ്മിന്റെ പോഷക ഘടകം തന്നെയാണ്. ഒരു സജീവ പ്രവര്‍ത്തകനെ നിഷ്‌കരുണം പുറത്താക്കാന്‍ മാതൃസംഘടന ആവശ്യപ്പെട്ടപ്പോള്‍ അത് അക്ഷരംപ്രതി അനുസരിച്ചതും കെ എന്‍ എം നല്കിയ ഷോക്കോസ് നോട്ടീസിന് അനുസരണയുള്ള ഒരു പോഷകഘടകമെന്നപോലെ മാന്യമായ മറുപടി നല്കിയതും ഇതിന് തെളിവല്ലേ? നദ്‌വത്തുല്‍ മുജാഹിദീനിന്റെ പ്രബോധനപ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുകയാണ്. ഐ എസ് എം. അതല്ലാതെ ആരുടേയോ ജീര്‍ണതകളെയും ഗ്രൂപ്പ് താല്പര്യങ്ങളെയും ഭിന്നിപ്പിനെയും പരിപോഷിപ്പിക്കുകയല്ല. എ വി അബ്ദുര്‍റഹ്മാന്‍ ഹാജി പ്രസിഡന്റും ഹുസൈന്‍ മടവൂര്‍ ജനറല്‍ സെക്രട്ടറിയുമായ കെ എന്‍ എമ്മിന്റെ പോഷകഘടകം തന്നെയാണ് ഐ എസ് എം. എന്നാല്‍ ഭിന്നിപ്പുകാര്‍ക്ക് പിരിച്ചുവിടാന്‍ തക്ക അധികാരമുള്ള പോഷകഘടകമല്ല!
കെ എന്‍ എം
സ്വതന്ത്ര സംഘടനയോ?

കേരളത്തില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനരംഗത്ത് ആദ്യമായി രൂപീകൃതമായ സംഘടന കേരള ജംഇയ്യത്തുല്‍ ഉലമയാണ്. ശേഷം പൊതുജനങ്ങള്‍ക്കായി കെ എന്‍ എമ്മും യുവജനങ്ങള്‍ക്കായി ഐ എസ് എമ്മും വിദ്യാര്‍ഥികള്‍ക്കായി എം എസ് എമ്മും വനിതകള്‍ക്കായി എം ജി എമ്മും പില്ക്കാലത്ത് രൂപീകരിക്കപ്പെട്ടു. ഐ എസ് എം സ്വതന്ത്രമാണോ എന്നും കെ എന്‍ എമ്മിന്റെ പോഷകഘടകമല്ലേ എന്നും ചോദിക്കുന്നവര്‍ കെ എന്‍ എമ്മും കെ ജെ യുവും തമ്മിലുള്ള ബന്ധമെന്തെന്ന് പറയുന്നില്ല! എന്തുകൊണ്ട് കെ എന്‍ എമ്മിന്റെ ഭരണഘടനയില്‍ കെ ജെ യുവിന്റെ പോഷകഘടകമാണെന്ന വസ്തുത എഴുതിച്ചേര്‍ത്തില്ല. കെ എന്‍ എമ്മിനെ കെ ജെ യുവിന്റെ പോഷക ഘടകമല്ലാതാക്കി മാറ്റി സ്വതന്ത്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഐ എസ് എമ്മിനെ ആക്ഷേപിക്കാന്‍ എന്തവകാശം? ഐ എസ് എം രൂപീകരിച്ച കാലം മുതല്‍ അത് കെ എന്‍ എമ്മിന്റെ യുവഘടകമാണ്. എന്തുകൊണ്ട് ഈ വസ്തുത കെ എന്‍ എമ്മിന്റെ ഭരണഘടനയില്‍ നാളിതുവരെ എഴുതിച്ചേര്‍ത്തില്ല? ഉത്തരം പറയേണ്ടത് മുന്‍ സംഘടനാവിഭാഗം സെക്രട്ടറി അലി അബ്ദുര്‍റസ്സാഖ് മദനിയാണ്.
സംഘടന സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് മഹാ പാപമെങ്കില്‍ അത് കെ എന്‍ എമ്മിനും ബാധകമാണ്. സംഘടനയുടെ സുരക്ഷിതത്വത്തിനുവേണ്ടി ഭരണഘടനാനുസൃതമായി രജിസ്റ്റര്‍ ചെയ്യുന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമോ മതപരമായി നിഷിദ്ധമോ അല്ലെങ്കില്‍ അത് ഐ എസ് എമ്മിനും ബാധകമാണ്.
മുജാഹിദ് സ്ഥാപനങ്ങളും പള്ളികളും സ്വതന്ത്രമായി ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് അതിന്റെ തലപ്പത്ത് ചെയര്‍മാനും മറ്റുമായി വാഴുന്ന ഭിന്നിപ്പുകാര്‍തന്നെ ഈ ആരോപണം ഉന്നയിക്കണം! 1999 മുതല്‍ ഐ എസ് എമ്മിനെ പിരിച്ചുവിട്ട് സ്ഥാവര ജംഗമസ്വത്തുക്കള്‍ കൈക്കലാക്കാന്‍ പദ്ധതിയൊരുക്കിയവരുടെ ഇപ്പോഴത്തെ ജാള്യത കണ്ടാല്‍ വിവേകമതികള്‍ക്കെന്തുതോന്നും?
ഭരണഘടനയുടെ
യഥാര്‍ഥ അട്ടിമറി

ഭരണഘടനാനുസൃതമായി പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്ന ഇസ്വ്‌ലാഹി സംഘടനകളുടെ ഇടയില്‍ ഭരണഘടന അട്ടിമറിക്കപ്പെടുകയും നിയമങ്ങള്‍ കാറ്റില്‍ പറത്തപ്പെടുകയും ചെയ്തതെന്നാണ്? നീണ്ട 25 വര്‍ഷം യാതൊരു പോറലുമേല്ക്കാതെ കെ എന്‍ എമ്മിനെ നയിച്ച ബഹുമാന്യനായ കെ പി മുഹമ്മദ് മൗലവി അന്തരിച്ച 1996 ജനുവരി 25ന്! ബഹുമാന്യനായ കെ പിയുടെ വിയോഗം സൃഷ്ടിച്ച ഞെട്ടലില്‍ മുജാഹിദുകള്‍ അന്തിച്ചുനില്‌ക്കെ മയ്യിത്ത് ഖബ്‌റടക്കാന്‍പോലും നില്ക്കാതെ എ പി അബ്ദുല്‍ഖാദിര്‍ മൗലവി ജനറല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ട അന്ന് കെ എന്‍ എമ്മിന്റെ ഭരണഘടന ലംഘിക്കപ്പെട്ടു. ''ഏത് ഘടകത്തിലും ഇടക്കാലത്തുണ്ടാകുന്ന ഒഴിവുകള്‍ നികത്താനുള്ള അവകാശം ആരുടെ അഭാവം മൂലമാണോ അതുണ്ടായത്, അവരെ തെരഞ്ഞെടുത്ത ഘടകത്തിനു തന്നെയാണ്.'' (കെ എന്‍ എം ഭരണഘടന വകുപ്പ് (9 ജെ). ഭരണഘടന 6(ബി)യില്‍ പറയുന്നത് ''പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും മറ്റു ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത് ആലോചനാസഭയാകുന്നു'' എന്നത്രെ. ഇതെല്ലാം അട്ടിമറിച്ചുകൊണ്ട് വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളെജിന്റെ അകത്തളങ്ങളില്‍ തങ്ങള്‍ക്ക് താല്പര്യമുള്ള ചിലരോട് അഭിപ്രായമാരാഞ്ഞ് വന്ദ്യനായ ഡോക്ടര്‍ ഉസ്മാന്‍ സാഹിബിനോട് എ പിയെ ജനറല്‍ സെക്രട്ടറിയായി ഇപ്പോള്‍ത്തന്നെ പ്രഖ്യാപിക്കണം എന്ന് നിര്‍ബന്ധിച്ച അലി അബ്ദുര്‍റസ്സാഖ് മദനിയും കൂട്ടരും മാപ്പര്‍ഹിക്കുന്നുണ്ടോ?  


                                                                                   SHABAB WEEKLY 2002 Sep. 6 

n

Comments