മാസപ്പിറവി- ഭിന്നിപ്പ് പെരുന്നാളിനെ ന്യായീകരിക്കാൻ

വികലവാദങ്ങളുമായി അവർ വീണ്ടും


മാസനിർണ്ണയ വിഷയത്തിൽ പ്രവാചകാധ്യാപനങ്ങളെ നിരാകരിക്കുകയും മണിക്ഫാനിയൻ നിരീക്ഷണങ്ങളെ പ്രമാണമാക്കുകയും ചെയ്ത് ലോകമുസ്‌ലിംകളിൽ നിന്നും വേറിട്ട് നോമ്പും പെരുന്നാളുമാഘോഷിച്ച് പരിഹാസ്യരായിക്കൊണ്ടിരിക്കുന്ന വിഭാഗത്തിന്റെ നിരവധി അബദ്ധങ്ങളിലൊന്ന് മാത്രം ചൂണ്ടിക്കാണിച്ച് കൊണ്ട് ജൂൺ 13ന് രാത്രി 11.50ന് ഞാനൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിന് മറുപടിയെന്നോണം സഹോദരൻ അനീസ് ആലുവ മറ്റൊരു കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി.
ജൂൺ 13ന് ന്യൂമൂൺ സംഭവിക്കുന്നതിനാൽ ജൂൺ 14ന് ഈദാഘോഷിക്കുന്നുവെന്ന് അവകാശപ്പെട്ടവരോട് ജൂൺ 14 ആരംഭിക്കാൻ പത്ത് മിനുറ്റ് ബാക്കിയുള്ളപ്പോൾ എന്റെ കുറിപ്പിൽ ഞാൻ ചോദിച്ചത്, ആ സമയത്ത് ന്യൂമൂൺ സംഭവിച്ച് കഴിഞ്ഞിട്ടുണ്ടോ അതോ ശേഷിക്കുന്ന 10 മിനുറ്റിനുള്ളിൽ ന്യൂമൂൺ സംഭവിച്ച് കഴിഞ്ഞോ എന്നായിരുന്നു. നേർക്കുനേർ അതിനുത്തരം പറയുന്നതോടെ പൊളിയുന്നതാണ് ഇക്കൂട്ടരുടെ തട്ടിപ്പ് എന്നുറപ്പായിരുന്നു.
കാരണം, എന്റെ പ്രസ്തുത ചോദ്യത്തിന് ‘ഇല്ല‘ എന്ന ഒരൊറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ.  പിന്നെപ്പഴാ ന്യൂമൂൺ സംഭവിക്കുക എന്ന് ചോദിച്ചാൽ അവർ പറയും ‘ദേ ഇപ്പോ സംഭവിക്കും‘ എന്ന്. ബുധനാഴ്ച്ച ന്യൂമൂൺ സംഭവിക്കുമെന്നും അതിനാൽ വ്യാഴാഴ്ച പെരുന്നാളാണെന്നും വലിയവായിൽ പറഞ്ഞ് സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്താൻ വിയർപ്പൊഴുക്കിയവരുടെ ഗതികേട്. ബുധനാഴ്ചയുടെ അവസാന നിമിഷത്തിലും പറയാ...‘ദേ ഇപ്പോ സംഭവിക്കും ‘ എന്ന്. ഒടുവിൽ, ‘ദേ...ന്യൂമൂൺ സംഭവിച്ചു‘ എന്ന് പറയേണ്ടി വന്നപ്പോൾ സമയം വ്യാഴാഴ്ച പുലർച്ചെ 1.15.
‘ഇന്ന് ന്യൂമൂൺ സംഭവിച്ചാൽ നാളെ ഒന്നാം തിയതി‘ എന്ന് പറഞ്ഞ് പഠിപ്പിച്ചവർ ഇതാ തലയും കുത്തി നിൽക്കുന്നു. ‘ഇന്ന് ന്യൂമൂൺ, ഇന്ന് ഒന്നാം തിയതി‘ എന്നായി കാര്യം. ലോകമുസ്‌ലിംകളെയും പ്രവാചകാധ്യാപനങ്ങളെയും പുച്ഛിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയയിൽ അമ്മാനമാടുന്ന ആഗോളക്കാരുടെ ദയനീവസ്ഥ.
അപ്പോഴാണ് വിശദീകരണം, ബുധനാഴ്ച 19.43 എന്നത് ലണ്ടൻ സമയമാണത്രെ. അതാണത്രെ നാം പരിഗണിക്കേണ്ടത്. ആരാ പറഞ്ഞത്, അല്ലാഹുവിന്റെ റസൂലാണോ? അല്ല, മണിക്ഫാൻ സാഹിബ് പറഞ്ഞതാണ്. ന്യൂമൂൺ സംഭവിക്കുമ്പോൾ നമുക്ക് പുലർച്ചെ 1.15 ആണെങ്കിൽ അന്ന് തന്നെ പുതിയ മാസമായി കണക്കാമെന്നാണല്ലോ. എങ്കിൽ ന്യൂമൂൺ സംഭവിക്കുമ്പോൾ ലണ്ടനിൽ 1.15 ആവുമ്പോഴോ? അവർക്ക് വേറെയാണ് നിയമം.
നമുക്ക് നോക്കാം. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലെ ന്യൂമൂൺ സംഭവിക്കുമ്പോൾ ലണ്ടനിൽ 14ാം തിയതി പുലർച്ചെ 1.57ആയിരുന്നുവെന്നാണ് ഹിജ്രിക്കാർ തങ്ങളുടെ കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആ ന്യൂമൂണിന്റെ അടിസ്ഥാനത്തിൽ  പിറ്റേ ദിവസം ഏപ്രിൽ 17ന്  ശ‌അബാൻ മാസം ആരംഭിക്കുന്നതായാണ് ഇവർ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് , നമ്മെ സംബന്ധിച്ചിടത്തോളം രാത്രി 12 മണിക്ക് ശേഷം ന്യൂമൂൺ സംഭവിച്ചാലും അതിന്റെ പേരിൽ അതേ ദിവസം തന്നെ ഒന്നാം തിയതിയായി കണക്കാക്കാം. എന്നാൽ ലണ്ടനിലുള്ളവർക്ക് ന്യൂമൂൺ സംഭവിക്കുംപ്പോൾ രാത്രി 12 മണി കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് തൊട്ടടുത്ത ദിവസമേ പുതിയ മാസമായുമാവൂ. ആരാ പറഞ്ഞത്, അല്ലാഹുവിന്റെ റസൂലാണോ? അല്ല, മണിക്ഫാൻ സാഹിബ് പറഞ്ഞതാണ് അതും.
ഈ ഇരട്ടത്താപ്പ് ഒന്നുകൂടി വ്യക്തമാക്കാം,
കഴിഞ്ഞ ജനുവരി 31ന് ചന്ദ്രഗ്രഹണമുണ്ടായപ്പോൾ നാട്ടിൽ എല്ലാവർക്കുമൊപ്പമായിരുന്നുവല്ലോ ഹിജ്‌രി കമ്മിറ്റിക്കാരും ഗ്രഹണ നമസ്കാരം നടത്തിയത്. പക്ഷെ അവരുടെ കലണ്ടറിൽ രേഖപ്പെടുത്തിയതനുസരിച്ച് ചന്ദ്രഗ്രഹണം ആഗോള സമയം 13.29നാണെന്നത് പരിഗണിച്ച് ഉച്ചക്ക് 1.29നായിരുന്നില്ലേ ഗ്രഹണ നമസ്കാരം നിർവഹിക്കേണ്ടത് എന്നും എന്നാൽ ഗ്രഹണ നമസ്കാരം 1.29 കഴിഞ്ഞ് നാലഞ്ച് മണിക്കൂർ കഴിഞ്ഞാണല്ലോ നിർവ്വഹിക്കുന്നത് എന്നും ചോദിച്ച് ഒരു കുറിപ്പ് ഞാൻ അന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചന്ദ്രഗ്രഹണം നമസ്കരിക്കാൻ ആഗോള സമയത്തെ പ്രാദേശിക സമയമാക്കി മാറ്റിയാണ് പരിഗണിക്കുന്നതെന്നായിരുന്നു ഹിജ്രി നേതാവ് അതിനോട് പ്രതികരിച്ചത്. അപ്പോൾ അതേ മാനദണ്ഡപ്രകാരം ഞാൻ തിരിച്ചൊരു സംശയമുന്നയിച്ചു. ഫെബ്രുവരി 15 ആഗോള സമയം 21.05ന് ന്യൂമൂൺ സംഭവിക്കുന്നതിനാൽ 16ന് ജ. ആഖർ 1 ആവുമെന്നാണ് ഹിജ്രി കമ്മിറ്റിയുടെ കലണ്ടറിൽ കാണുന്നത്. ആ ന്യൂമൂൺ ഭാഗികമായ സൂര്യഗ്രഹണം കൂടിയാണെന്ന് കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രഗ്രഹണ സമയം പ്രാദേശിക സമയത്തേക്ക് മാറ്റിയാണ് പരിഗണിക്കേണ്ടതെന്ന  വാദമനുസരിച്ച് സൂര്യഗ്രഹണവും അങ്ങിനെയാവണമല്ലോ. അതായത് ആ സൂര്യഗ്രഹണം അഥവാ ന്യൂമൂൺ സംഭവിക്കുന്നത് നമുക്ക് 16.02.2018 പുലർച്ചെ 2.35നാണ്. അപ്പോൾ ഒന്നാം തിയതിയാവേണ്ടത് മേൽ വാദപ്രകാരം ഫെബ്രു 17 ആണല്ലോ. എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം ഗ്രഹണ ദിവസമായ 16നു തന്നെയാണ് ഒന്നാം തിയതിയായി ഹിജ്രിക്കാർ നിശ്ചയിച്ചത്. ന്യൂമൂൺ സംഭവിച്ചതിന്റെ അടുത്ത ദിവസം ഒന്നാം തിയതിയാവണമെന്ന് പറയുകയും കുറേ രാജ്യങ്ങളിൽ ന്യൂമൂൺ സംഭവിക്കുന്നതിനു മുൻപ് തന്നെ ഒന്നാം തിയതി ആരംഭിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പും അഡ്ജസ്റ്റ്മെന്റും ഹിജ്രിക്കാരന്റെ വകയാണ്. പ്രവാചകൻ പഠിപ്പിച്ച സമ്പ്രദായത്തിൽ ഇതില്ല.
ഇതിനെ ന്യായീകരിച്ച് കൊണ്ട് സുഹൃത്ത് അനീസ് സാഹിബ് പറയുന്നു:
“ന്യൂമൂൺ സംഭവിക്കുന്ന പ്രദേശത്തെ ദിവസമാണ് , അതിന്റെ ദിവസമായി പരിഗണിക്കുക, ഏത് പോലെയെന്നാൽ ഒരു കുട്ടിയുടെ ജനനത്തിയതി ജനനം നടക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്നത് പോലെ. ഒരു പ്രത്യേക മാസത്തിൽ ഭൂമിയിലെ ഒരു പ്രദേശത്ത് "മാത്രമേ" ആ പ്രതിഭാസം നടക്കൂ, മറ്റിടങ്ങളിൽ ഇത് ആവർത്തിക്കില്ല എന്നതിനാൽ ആ പ്രതിഭാസം ഭൂമിക്ക് മൊത്തം ബാധകമാവുന്നു.“
ന്യൂമൂൺ സംഭവിക്കുന്ന പ്രദേശത്തെ ദിവസം പരിഗണിച്ചാണ് ആ സമയത്ത് ദിവസ വ്യത്യാസമുള്ള രാജ്യങ്ങളും തിയതി മാറേണ്ടതെന്നതിന് മതപരമായ എന്ത് പ്രമാണമാണ് ഹിജ്രിക്കാരുടെ കൈവശമുള്ളത്. മണിക്ഫാൻ സാഹിബിനു തോന്നുന്നതും ഭൗതിക കാര്യങ്ങളിൽ ലോകം പിന്തുടരുന്നതുമൊന്നും പ്രമാണങ്ങളുടെ പിൻബലമില്ലാതെ മതകാര്യത്തിലേക്ക് ചേർത്ത് വെക്കാൻ മുസ്‌ലിംകൾക്കാവില്ലല്ലോ. ഇസ്‌ലാമിലെ മാസനിർണയ രീതിയിൽ ന്യൂമൂണും അത് സംഭവിക്കുന്ന പ്രദേശത്തെ ദിനവുമാണോ മാനദണ്ഡമാക്കേണ്ടത്? പ്രവാചകാധ്യാപനങ്ങളിലോ പ്രവാചക ചര്യയിലോ ഇങ്ങിനെയൊരു സൂചനയെങ്കിലുമുണ്ടോ? ഇല്ല. ഇതും മണിക്ഫാൻ സാഹിബിന്റെ തലയിലുദിച്ചതാണ്.
പ്രവാചകൻ മാസമാറ്റത്തിന്റെ മാനദണ്ഡമായി പ്രവാചകൻ പഠിപ്പിച്ചത് ഹിലാലാണ്. മണിക്ഫാൻ സാഹിബ് അത് അട്ടിമറിച്ച് മിഹാഖ് (ന്യൂമൂൺ) ആക്കി. ഹിലാലിന്റെ പ്രത്യക്ഷമനുസരിച്ച് മാസം നിർണയിച്ചിരുന്ന പ്രവാചക രീതി കശക്കിയെറിഞ്ഞ് ആ സമ്പ്രദായം ജൂതായിസമാണെന്നും ന്യൂമൂണിന്റെ സമയവും അത് നടക്കുന്ന പ്രദേശത്തെ ദിവസവുമൊക്കെ അടിസ്ഥാനമാക്കി മാസം നിർണയിക്കുന്ന രീതിയാണ് ഇസ്ലാമികമെന്നും മണിക്ഫാൻ സാഹിബ് വാദിച്ചു. തങ്ങൾ ജീവിക്കുന്ന നാടിന് അജ്ഞാതമായ ഏതെങ്കിലുമൊരു ‘പിറവി‘ പ്രവചിച്ച് പ്രവാചകൻ ഒരിക്കൽ പോലും മാസം പ്രഖ്യാപിച്ചിട്ടുണ്ടോ? ഇല്ല. പ്രമാണങ്ങളിലും ചരിത്രത്തിലും നമുക്ക് ലഭിക്കുന്ന വിവരങ്ങളാവട്ടെ മറിച്ചാണ്താനും. ഒരുദാഹരണം കാണുക:
ക്രിസ്താബ്ധം 632ല്‍ ഹിജ്‌റ 10ാം വര്‍ഷം ദുല്‍ഹിജ്ജ 9 വെളളിയാഴ്ചയായിരുന്നു നബി(സ)യുടെ പ്രസിദ്ധമായ അറഫ എന്ന് തെളിയിക്കുന്ന മൂന്ന് ഹദീഥുകള്‍ ഇമാം ബുഖാരി 45, 4604, 7268 നമ്പറുകളിലായി ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിം പണ്ഡിതന്‍മാര്‍ നിരാക്ഷേപം അംഗീകരിച്ച ഒരു വിഷയമാണിത്. ഇവിടെ നബി(സ) മാസമാറ്റത്തിന് മണിക്ഫാൻ പറയുന്നതു പോലുള്ള രീതിയാണ് പരിഗണിച്ചതെങ്കില്‍ എന്നായിരിക്കും ദുല്‍ഹജ്ജ് 9 എന്ന് പരിശോധിക്കാം. എ ഡി 632 ഫെബ്രുവരി 25 ചൊവ്വാഴ്ചയാണ് അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍. ഹിജ്‌റ കമ്മിറ്റിയുടെ കലണ്ടറനുസരിച്ച് ഫെബ്രുവരി 26 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നാവണം. അപ്പോള്‍ ദുല്‍ഹജ്ജ് 9 AD 632 മാർച്ച് 5 വ്യാഴാഴ്ചയാവണം. പക്ഷെ നബി(സ) അറഫയില്‍ സമ്മേളിച്ചത്  വെളളിയാഴ്ചയായിരുന്നല്ലോ. നബി(സ)യുടെ ജീവിതത്തിലെ ഏക ഹജ്ജ് തെറ്റായ ദിവസത്തിലായിരുന്നുവെന്നും പ്രവാചകനു പോലും അറിയാൻ കഴിയാതെ പോയ ആ വിവരം ഇപ്പോൾ മണിക്ഫാനാണ് കണ്ടെത്തിയത് എന്നും വിശ്വസിക്കാൻ മുസ്ലിം‌കൾക്കാവില്ലെന്ന് ഹിജ്രിക്കാർ ദയവായി മനസ്സിലാക്കുക.
ന്യൂമുൺ അത് നടക്കുന്ന പ്രദേശത്തിനു പുറത്തുള്ളവർ, “ഒരു കുട്ടിയുടെ ജനനത്തിയതി ജനനം നടക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്നത് പോലെ“ ആ പ്രദേശത്തെ ദിവസവും സമയവുമാണ് പരിഗണിക്കേണ്ടതെന്ന് അനീസ് സാഹിബ് പറയുന്നു. “മറ്റിടങ്ങളിൽ ഇത് ആവർത്തിക്കില്ല എന്നതിനാൽ ആ പ്രതിഭാസം ഭൂമിക്ക് മൊത്തം ബാധകമാവുന്നു.“ എന്നാണദ്ദേഹത്തിന്റെ വാദം. സത്യത്തിൽ ഈ ഉദാഹരണം ഹിജ്രിക്കാരുടെ വാദം പൊളിക്കുന്നതാണ്. നോക്കുക:
കുഞ്ഞിന്റെ ജനനം ഏത് രാജ്യത്ത് നടന്നാലും ആ വിവരം തത്സമയം അറിയുന്നവർ തങ്ങളുടെ പ്രാദേശിക സമയത്തിലേക്ക് കൺ‌വേർട്ട് ചെയ്തേ അത് മനസ്സിലാക്കൂ. അല്ലെങ്കിൽ ഹിജ്രിക്കാർ പറയുന്ന രീതിയാണെങ്കിൽ, “നാളെ എന്റെ മകൾ പ്രസവിച്ചു” എന്നൊക്കെ പ്രസ്താവിക്കേണ്ട ഗതികേട് വരും. മറ്റൊരു പ്രശ്നം ആ ജനനം രേഖപ്പെടുത്തുന്നതാണല്ലോ? ഒരാളുടെ ജീവിതത്തിലെ ഏത് കാര്യവും രേഖപ്പെടുത്തുന്ന പോലെ തന്നെയാണ് അതും. അമേരിക്കയിൽ ജനിച്ച കുട്ടിക്ക് കേരളത്തിലെ ഒരു പഞ്ചായത്ത് ഓഫീസല്ലല്ലോ ജനന സർട്ടിഫിക്കറ്റ് നൽകുക. മാത്രമല്ല, ആ ജനനം ലോകത്തെ ഒന്നിനും അടിസ്ഥാന മാനദണ്ഡമാവുന്നില്ല. പരമാവധി അത് അയാളെ മാത്രം ബാധിക്കുന്ന വിഷയമാണ്. ലോകത്തെല്ലാവർക്കും ബാധകമായ ഒരു അനുഷ്ഠാനത്തിന് മാനദണ്ഡമാക്കേണ്ട ഒരു പ്രതിഭാസത്തെ അതിനോട് ഒരു സമാനതയുമില്ലാത്ത, ‘ഒരു കുഞ്ഞിന്റെ ജനന’ത്തോട് തുലനം ചെയ്യുന്നത് തന്നെ വിഡ്ഡിത്തമാണ്.
എല്ലാവർക്കും മാസമാറ്റത്തിന് മാനദണ്ഡമായ ഒരു സംഭവം ലോകത്ത് പലയിടങ്ങളിലുള്ളവർക്ക് എങ്ങിനെ എപ്പോൾ ബാധകമാവുന്നു എന്നതാണല്ലോ ചർച്ച. അതനുസരിച്ച്  ഒരു നാട്ടിലെ ഒരു കുഞ്ഞിന്റെ ജനനം ഇവിടെ അനുയോജ്യമായ ഉദാഹരണമാണോ എന്ന് ആലോചിക്കുക. ഇനി ആ ഉദാഹരണം വെച്ച് തന്നെ കാര്യം മനസ്സിലാക്കി തരാം. ന്യൂസിലാന്റിൽ ഉള്ള ഒരാൾ വെള്ളിയാഴ്ച കുട്ടി ജനിച്ച വിവരം അമേരിക്കയിലെ ബന്ധുവിനെ വിളിച്ച് പറയുന്നു.അമേരിക്കയിലുള്ളയാൾക്ക് അപ്പോൾ വ്യാഴാഴ്ചയാണ്. ബന്ധു ഉടനെ തന്റെ ഓഫീസിലുള്ളവർക്ക് മധുരം വിതരണം ചെയ്യുന്നു. സ്വാഭാവികമായും അയാൾ “ഇന്ന്(വ്യാഴം) എന്റെ മകൾ പ്രസവിച്ചു” എന്നല്ലേ പറയുക. അല്ലാതെ “നാളെ(വെള്ളിയാഴ്ച) എന്റെ മകൾ പ്രസവിച്ചു“ എന്നാവില്ലല്ലോ. അത് രേഖപ്പെടുത്തലെങ്ങിനെ എന്ന് നോക്കിയല്ല, തനിക്ക് ആ പ്രസവം ഏത് സമയത്താണെന്ന് നോക്കിയാണത് പറയുന്നത് . അത് തന്നെയാണ് ന്യൂമൂൺ കാര്യത്തിലും സൂചിപ്പിച്ചത്. ഇക്കഴിഞ്ഞ ന്യൂമൂൺ സംഭവിക്കുന്ന സമയത്ത് നമ്മൾ നമ്മുടെ വാച്ചിലേക്ക് നോക്കുമ്പോൾ വ്യാഴാഴ്ച പുലർച്ചെ ആണ്. ഇന്ന് ന്യൂമൂൺ സംഭവിച്ചു എന്നല്ലേ അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്. അതോ ഇന്നലെ(ബുധനാഴ്ച)സംഭവിച്ചു എന്നോ? ന്യൂമൂൺ സംഭവിച്ച് കൊണ്ടിരിക്കുന്ന നിമിഷത്തിൽ ‘ഇതാ ഇന്നലെ മാസപ്പിറ സംഭവിച്ച് കൊണ്ടിരിക്കുന്നു‘ എന്ന് മനസ്സിലാക്കേണ്ട വിഡ്ഡിത്തം ബുദ്ധിയും വിവേകവുമുള്ള മനുഷ്യരെ ദൈവിക മതമായ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. അത് മണിക്ഫാൻ സാഹിബിന്  മാത്രം തോന്നിയ വികല ആശയം മാത്രമാണത്.
അതായത്, ഞാൻ ജനിച്ചത് എന്റെ നാട്ടിലാണ്. അത് എന്നെ മാത്രം ബാധിക്കുന്ന വിഷയമാണ്. അത് മറ്റാർക്കും ഒന്നിന്റെയും അടിസ്ഥാനമല്ല. ഒരു വേള എനിക്ക് പോലും. അതുകൊണ്ട് അത് എനിക്ക് എന്റെ നാട്ടിലെ തിയതിയിൽ തന്നെ മനസ്സിലാക്കിയാൽ മതി. പക്ഷെ, ഹിജ്രിക്കാർ ന്യൂമൂണിനെ പരിചയപ്പെടുത്തുന്നത് അങ്ങിനെയല്ല. ലോകം മുഴുവൻ  അനുഷ്ഠാനങ്ങൾക്ക് അടിസ്ഥാനപ്പെടുത്തേണ്ട ഒരു മാനദണ്ഡമാണത്.
വേൾഡ് ട്രേഡ് സെന്ററിനു നേരെ അക്രമണം നടക്കുമ്പോൾ അവിടെ September 11, 2001, 8:46 amനായിരുന്നു. ഇന്നും അതിന്റെ സമയം രേഖപ്പെടുത്തുമ്പോൾ അങ്ങിനെത്തന്നെയാണ് രേഖപ്പെടുത്താറ്‌. അല്ലാതെ അതിന്റെ ആഗോള സമയമായ 12.46 അല്ല. അതേ സമയം ആ ദുരന്തം നടക്കുമ്പോൾ തത്സമയം തന്നെ നമ്മളത് ടി വിയിൽ കണ്ടുകൊണ്ടിരുന്നു. അപ്പോൾ നമുക്ക് അന്ന് വൈകുന്നേരം 6.16 ആണ്. അന്ന് ഇന്ത്യൻ മാധ്യമങ്ങൾ (ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളുമൊക്കെ) ഈ സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ “ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെയാണ് സംഭവം” എന്ന് പ്രത്യേകം പറഞ്ഞിരുന്നുവല്ലോ. അത് തന്നെയാണ് സുഹൃത്തേ പറയുന്നത്. അന്ന് തൽസമയം നമ്മളത് കാണുമ്പോൾ മഗ്‌രിബിന്റെ സമയമാണ്. ആ സംഭവം നടക്കുമ്പോൾ നമ്മളക്കാര്യം നമ്മുടെ നാട്ടിലുള്ള മറ്റൊരാളോട് അറിയിക്കുകയാണെങ്കിൽ “മഗ്‌രിബിന്റെ തൊട്ട് മുൻപാണ് സംഭവം” എന്നല്ലേ പറയുക. ഹിജ്‌റ കമ്മിറ്റിക്കാരൻ എന്താ പറയേണ്ടത്? ഒന്നുകിൽ “ഇന്ന് രാവിലെ എട്ടേമുക്കാലിന്” എന്ന് പറയണം. അല്ലെങ്കിൽ ഗ്രീനിച്ച് സമയം ഉദ്ദേശിച്ച് “ഇന്ന് ഉച്ചയ്ക്ക്” എന്ന് പറയണം. എന്നാൽ അതല്ലല്ലോ നടപ്പ്. രേഖകളിൽ അത് ഒന്നിലധികം തിയതിയോ ഒന്നിലധികം സമയമോ രേഖപ്പെടുത്തണമെന്നില്ല. ഇന്ത്യൻ സമയം വൈകുന്നേരം 6.16 എന്ന് പറഞ്ഞാലും ന്യൂയോർക്ക് സമയം പറഞ്ഞാലും മനസ്സിലാക്കാവുന്നതേയുള്ളൂ.അന്ന് അവിടെ രാവിലെ അക്രമണം നടന്നപ്പോൾ നമ്മളത് നമ്മുടെ മഗ്‌രിബ് നേരത്ത് നടന്ന ഒരു സംഭവമായി തൽസമയം ടിവിയിൽ കണ്ടു. അത് ലൈവായി നമ്മൾ കണ്ടത് പോലെ ഇക്കഴിഞ്ഞ ന്യൂമൂണിന്റെ ദൃശ്യം ആധുനിക ഉപകരണങ്ങൾ വെച്ച് ലൈവായി ടെലിക്കാസ്റ്റ് ചെയ്യുന്നുവെന്ന് വെക്കുക. നമ്മളത് കാണുമ്പോൾ നമുക്ക് ജൂൺ 14ന് പുലർച്ചെയാണ്. ഹിജ്‌റ കമ്മിറ്റി പറയും പോലെ ന്യൂമൂണോട് കൂടി മാസം മാറ്റിയാൽ സ്വാഭാവികമായും ആ 14 മാസാവസാന ദിവസമാവണം.അപ്പോൾ അതിന്റെ പിറ്റേന്ന് 15ാം തിയതി ശവ്വാൽ 1ആവണം. ഹിജ്‌റക്കാർക്കാവട്ടെ ജൂൺ14 തന്നെയാണ് ശവ്വാൽ 1. ഈ വൈരുധ്യമാണ് ഞാൻ ചൂണ്ടിക്കാണിച്ചത്.
ചുരുക്കത്തിൽ, നിലവിൽ ലോകമുസ്ലിം‌കൾ തുടരുന്ന രീതിയിൽ അവ്യക്തതകളോ ആശയക്കുഴപ്പങ്ങളോ പോരായ്മകളോ ഉന്നയിച്ചോ സമർത്ഥിച്ചോ അല്ല ഹിജ്രിക്കാർ തങ്ങളുടെ പുതിയ ആശയത്തിന്റെ അന്യൂനത അവകാശപ്പെടേണ്ടത്. പ്രായോഗികതയും അതിലുപരി പ്രാമാണികതയുമാണ് ഇക്കാര്യത്തിൽ പിന്തുടരേണ്ടത്. കേവലം രണ്ട് പതിറ്റാണ്ടിനിടയിൽ തന്നെ നിരവധി തവണ വാദങ്ങൾ മാറ്റുകയും ഒന്നിനു പോലും പ്രാമാണികമായി നിലനിൽപ്പ് സമർത്ഥിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഹിജ്രിക്കാർ ഇനിയെങ്കിലും, അടിസ്ഥാന രഹിതമായ അവകാശവാദങ്ങളും അപകടകരമായ ധാർഷ്ട്യവും പ്രമാണങ്ങളോടുള്ള നിസ്സംഗതയും ലോക മുസ്‌ലിംകളിൽ നിന്നും ഒറ്റപ്പെടാനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ആവേശവും വ്യർത്ഥമായ വെല്ലുവിളികളും എല്ലാം മാറ്റിവെച്ച് വിഷയത്തെ സമീപിക്കാൻ തയ്യാറാവണം. ഈ ആശയവുമായി ലോക മുസ്ലിം പണ്ഡിതൻമാരെയും സംഘടനകളെയും മുസ്ലിം രാജ്യങ്ങളെയുമൊക്കെ പലതവണ ബന്ധപ്പെട്ടിട്ടും ഒരിടത്തും അത് പരിഗണിക്കപ്പെടാതെ പോയതിന്റെ കാരണം പ്രമാണങ്ങളുമായി ഇത് യോജിച്ച് പോവുന്നില്ല എന്നത് തന്നെയാണ്.

                                      

                                                                                                മൻസൂറലി ചെമ്മാട്

Comments