അല്ലാഹുവിന്റെ ‘ഇദ്‌നും‘ കൂടോത്രവും
ഇസ്ലാഹി പ്രസ്ഥാനം കേരളത്തില്‍ നടത്തിയ നവോത്ഥാന പോരാട്ടത്തിന്റെ മഹത്വമറിയാന്‍ അകലെ മാറിനില്‍ക്കുന്നവര്‍ക്ക് പോലും ഏറെയൊന്നും അധ്വാനിക്കേണ്ടതില്ല എന്നതൊരു വസ്തുതയാണ്. കേരളീയ സമൂഹത്തിന്റെ ഇരുള്‍ മുറ്റിയ ഭൂതകാല ചിത്രം മാത്രം മതി ആ പോരാട്ടം സൃഷ്ടിച്ച ഗുണാത്മകമായ പരിവര്‍ത്തനങ്ങളുടെ ത്യാഗ്വാജ്ജ്വലമായ നാള്‍വഴികളും അതിനു പിന്നിലെ വിയര്‍പ്പുകണങ്ങളും ബോധ്യമാവാന്‍. പ്രമാണബദ്ധമായ പ്രബോധനങ്ങളിലൂടെ പ്രസ്ഥാനത്തിന്റെ പൂര്‍വ്വകാല പണ്ഡിതര്‍ പാകപ്പെടുത്തിയെടുത്ത ജാഗരണത്തില്‍ മറ്റു പല വികലവിശ്വാസങ്ങളെയും പോലെ കണ്ണേറിനെയും കൂടോത്രത്തെയുമൊക്കെ ഭയപ്പെട്ടിരുന്ന മഹാദുരവസ്ഥ ഏറെക്കുറെ പഴങ്കഥയായിത്തീരുകയായിരുന്നു. എന്നാല്‍ ആ ഉത്ഥാനത്തെ അട്ടിമറിച്ച് കൊണ്ട്, ഖബറടക്കപ്പെട്ട അത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി പുനരാനയിക്കാനും അവക്ക് സാധുതയും സാധ്യതയും സമര്‍ത്ഥിക്കാന്‍ പുതിയ ന്യായീകരണങ്ങളും വ്യാഖ്യാനക്കസര്‍ത്തുകളും അവതരിപ്പിക്കാനും അതേ പ്രസ്ഥാനത്തിന്റെ പിന്മുറക്കാരില്‍ ആളുണ്ടായി എന്നത് ചരിത്രത്തിലെ ഏറ്റവും ദയനീയമായ വിരോധാഭാസമാണ്.
കൂടോത്രത്തിന്റെ ഫലസാധ്യത സമര്‍ത്ഥിക്കാന്‍ പലതരത്തിലുള്ള ന്യായങ്ങളാണ് ചിലയാളുകള്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അവയെല്ലാമാവട്ടെ, പ്രാമാണികമായും പ്രായോഗികമായും ഒട്ടും നിലനില്‍പ്പില്ലാത്തതുമാണ്.
ആദ്യമേ പറയട്ടെ, ആരോപണ പ്രത്യാരോപണങ്ങളുടെ ആരവങ്ങളില്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്ന ഒരു പല്ലവിയാണ്, ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പൂര്‍വ്വകാല നേതാക്കള്‍ക്കിടയില്‍ സിഹ്‌റ് സംബന്ധമായി വ്യത്യസ്ത വീക്ഷണങ്ങളുണ്ടായിരുന്നുവെന്ന്. ശരിയായിരിക്കാം, എന്നാല്‍ ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന അര്‍ത്ഥത്തില്‍ അത് എത്രത്തോളം ശരിയാണെന്ന് നാം ആലോചിക്കേണ്ടതുണ്ട്. മാരണം സംബന്ധമായി 'രണ്ട് വീക്ഷണങ്ങള്‍' എന്നാക്കി അതിനെ മാറ്റിപ്പറയുമ്പോള്‍ എന്താണ് വിവക്ഷിക്കപ്പെടുന്നത്. കൂടോത്രത്തിന് യഥാര്‍ത്ഥ ഫലമില്ല എന്ന് വാദിക്കുന്നവരും അതല്ല, മുട്ടയും തകിടും മുടിയും ചീര്‍പ്പും നഖവുമൊക്കെ ഉപയോഗിച്ച് എന്തൊക്കെയോ ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ആഭിചാരക്കാരന്‍ ഇച്ഛിക്കുന്ന വിധത്തിലുള്ള പ്രതിഫലനങ്ങള്‍ അതിനുണ്ടാവുമെന്ന അന്ധവിശ്വാസം അംഗീകരിക്കുന്നവരും ഒരു പോലെ ഇസ്ലാഹി പ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്നാണോ? ഒരിക്കലുമല്ല. രണ്ട് വീക്ഷണങ്ങള്‍ എന്നാല്‍ അതല്ല എന്നാണ് പഠനത്തില്‍ വ്യക്തമാവുന്നത്. ലോകത്തൊരാള്‍ക്കും കാര്യകാരണബന്ധം മനസ്സിലാവാത്ത ഏതൊരു കാര്യത്തെയും കാര്യകാരണ ബന്ധത്തിനതീതം എന്നായിരുന്നു മുന്‍കാല പണ്ഡിതന്മാര്‍ വിശേഷിപ്പിച്ചിരുന്നത്. ആ പരിധിയില്‍ വരുന്ന 'മാരണപ്രതിഫലന വാദങ്ങള്‍' തൗഹീദിനെതിരാണെന്ന് തന്നെയാണ് ഏത് ഇസ്ലാഹി പണ്ഡിതരും പഠിപ്പിച്ചിട്ടുള്ളത്.
കാര്യകാരണ ബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമുള്ള എല്ലാ ഉപായകൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്ന് പറയാമെന്ന അമാനി മൗലവിയുടെ വാചകത്തെ മറ പിടിച്ച് കാര്യകാരണ ബന്ധം അവ്യക്തമായ നിലക്ക് സിഹ്‌റിനു പ്രതിഫലനമുണ്ടാവാം എന്ന് പറയുമ്പോള്‍ അവിടെ ചില ധാരണപ്പിശകുകള്‍ക്ക് പഴുതുണ്ടാവുന്നത് കാണാതെ പോവരുത്. ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം, മെസ്മരിസം, ഹിപ്‌നോട്ടിസം, കയ്യൊതുക്കം, മയക്കുവിദ്യകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതിന് പൊതുവില്‍ പറയുന്ന പേരാണ് സിഹ്‌റെന്ന് ആ നിര്‍വചനത്തോടൊപ്പം തന്നെ അമാനി മൗലവി പറയുന്നുണ്ട്. അതായത് കാര്യകാരണ ബന്ധം അവ്യക്തമാണെങ്കിലും വിശദീകരിക്കപ്പെടാവുന്ന ഇനങ്ങളും ഒരിക്കലും വിശദീകരിക്കപ്പെടാനാവാത്തവിധം അവ്യക്തമാണെന്ന് പറയപ്പെടുന്ന ഇനങ്ങളും ഒക്കെ അടങ്ങിയതാണ് ഭാഷാപരമായി സിഹ്ര്‍. അവയില്‍ രണ്ടാമത്തെ ഇനം, അതായത് മാരണം, ആഭിചാരം, കൂടോത്രം എന്നൊക്കെ പറയുന്ന ഇനത്തിനു യഥാര്‍ത്ഥ ഫലമുണ്ടെന്ന് ഒരു കാലത്തും ഒരു ഇസ്‌ലാഹി പണ്ഡിതനും പഠിപ്പിച്ചിട്ടില്ല. മറ്റു ഇനങ്ങളുടെ ഫലസാധ്യതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരുണ്ട് എന്ന് മാത്രം. എന്നാല്‍ കൂടോത്രത്തിന്റെ ഫലസാധ്യതയെ സമര്‍ത്ഥിക്കുന്ന വികലവാദങ്ങള്‍ക്ക് മുജാഹിദ് മേല്‍വിലാസം സ്ഥാപിച്ചെടുക്കാനുള്ള ചിലരുടെ ശ്രമങ്ങളിലേക്ക് പൂര്‍വ്വിക മുജാഹിദ് നേതാക്കളെ വലിച്ചിഴക്കപ്പെടുന്നത് അംഗീകരിക്കാവതല്ല. അവരാരും കൂടോത്ര വാദികളായിരുന്നില്ല. കാര്യകാരണബന്ധത്തിനകത്തും പുറത്തും എന്നതിനപ്പുറം അവയ്ക്കിടക്ക് അവ്യക്തമായൊരു പുതിയ ഇനം നിര്‍ണ്ണയിച്ച് ആദര്‍ശ വിരോധികളുടെ ശിര്‍ക്കന്‍ വാദങ്ങള്‍ക്ക് കച്ചിത്തുമ്പുണ്ടാക്കിക്കൊടുത്തിരുന്നില്ല അവര്‍.
വിഷയത്തിലേക്ക് വരാം, കൂടോത്രത്തിന്/ആഭിചാരത്തിന് യഥാര്‍ത്ഥ പ്രതിഫലനമുണ്ടെന്ന വാദക്കാര്‍ കൂട്ടുപിടിക്കുന്ന പ്രധാനപ്പെട്ട ഒരു ന്യായമാണ് അല്ലാഹുവിന്റെ വിധിയുണ്ടെങ്കില്‍ സിഹ്‌റ് ഫലിക്കും എന്ന ന്യായം. അന്ധവിശ്വാസാനാചാരങ്ങളുടെ കോട്ടകൊത്തളങ്ങളില്‍ അതിന്റെ വക്താക്കളുടെ സകല ദുര്‍ന്യായങ്ങളെയും കൃത്യമായ പ്രമാണങ്ങളുടെയും ധിഷണയുടെയും കരുത്തില്‍ പ്രതിരോധിച്ച ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശം ഉള്‍ക്കൊണ്ട ഒരാളിലും ഇത്തരമൊരു ന്യായം ഉയര്‍ന്ന് വരാനിടയില്ല. ആദര്‍ശവൈകല്യത്തിന്റെ വിഷബാധയേറ്റ കേവലമൊരു ദുര്‍ന്യായം മാത്രമാണിത്. 'അല്ലാഹുവിന്റെ ഇദ്‌ന് കൊണ്ടല്ലാതെ അത് (സിഹ്‌റ്) കൊണ്ട് അവര്‍ ആരെയും ദ്രോഹിക്കുന്നവരല്ല' എന്ന വിശുദ്ധ ഖുര്‍ആനിന്റെ(2:102) പ്രസ്താവനയെയാണ് ഈ ന്യായക്കാര്‍ തെളിവാക്കുന്നത്. മര്‍ഹൂം ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ദേഹത്തിന്റെ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഇതേ സൂക്തം വിശദീകരിക്കുന്നിടത്ത് ഈ ന്യായത്തെ കൃത്യമായി നിരാകരിക്കുന്നുണ്ട്. അത് ഇപ്രകാരം: 'ജിന്നുകളും പിശാചുക്കളും മാരണക്കാരും അല്ലാഹുവിന്റെ അനുവാദത്തോടെ രോഗവും മരണവും ഉണ്ടാക്കാന്‍ സാധ്യതയില്ലേ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ അത്, പരേതാത്മാക്കള്‍ അല്ലാഹു നല്കുന്ന കഴിവുകൊണ്ട് രോഗം മാറ്റാനും മരിച്ചവരെ ജീവിപ്പിക്കാനും സാധ്യതയില്ലേ എന്ന ചോദ്യം പോലെ തന്നെ പൈശാചികമായ ഒരു കുതന്ത്രം മാത്രമാകുന്നു.' എത്ര വ്യക്തമാണ് കാര്യം. അല്ലാഹുവിന്റെ അനുമതിയോടെ സാഹിറന്മാര്‍ക്ക് തങ്ങളുടെ ആഭിചാരം ഫലിപ്പിക്കാമെന്ന് വരുമ്പോള്‍ അതേ ന്യായം പലയിടത്തും പ്രയോഗിക്കപ്പെടാം. അതാവട്ടെ ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങളെ പോലും പരുക്കേല്‍പ്പിക്കുന്നതുമാണെന്ന് ഗൗരവത്തോടെ മനസ്സിലാക്കണം.
'വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര്‍ കൊണ്ട് സാധ്യമല്ല' എന്ന് അമാനി മൗലവിയുടെ സൂറത്തുല്‍ ഫലഖിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു. ആരെയെങ്കിലും മരിപ്പിക്കാനോ ഗുരുതര രോഗങ്ങള്‍ വരുത്താനോ മാരണം കൊണ്ട് സാധ്യമല്ലെന്ന് 'തഅ്‌സീര്‍ വാദികള്‍' പോലും പലയിടത്തും പറയാറുമുണ്ടല്ലോ. അല്ലാഹുവിന്റെ അനുമതിയോടെ സാഹിറന്മാര്‍ക്ക് തങ്ങളുടെ ആഭിചാരം ഫലിപ്പിക്കാമെന്നാണെങ്കില്‍ ഈ വേര്‍തിരിവിന്റെ അര്‍ത്ഥമെന്താണ്? വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്താനോ പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കാനോ ആരെയെങ്കിലും മരിപ്പിക്കാനോ ഗുരുതര രോഗങ്ങള്‍ വരുത്താനോ ഒക്കെ കഴിയുന്നവനല്ലേ അല്ലാഹു.
അന്നപാനീയങ്ങളിലൂടെ ജീവജാലങ്ങളുടെ പൈദാഹങ്ങള്‍ മാറണമെന്നതാണ് അല്ലാഹുവിന്റെ വിധി. അസുഖങ്ങള്‍ക്ക് കൃത്യമായ ഔഷധം കൊടുത്താല്‍ രോഗമുക്തി വരുന്നത് അല്ലാഹുവിന്റെ വിധിയാണ്. പാഷാണം വിനാശകരമാണെന്നത് വിധിയാണ്. എന്നാല്‍, ഒരിക്കലും യാഥാര്‍ത്ഥ്യമില്ലാത്ത, ഒരുപദ്രവവും ഉണ്ടാക്കാനാവാത്ത സിഹ്‌റിനു അല്ലാഹുവിന്റെ വിധിയുടെ ആനുകൂല്യം നല്‍കി അതിനെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത് ആദര്‍ശബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല.
രസം പുരട്ടിയ കയര്‍ ചൂടുള്ള തറയിലിട്ടാല്‍ അത് ഇളകുന്നത് സ്വാഭാവികതയുടെ ന്യായീകരണം നല്‍കാവുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍ വടി നിലത്തിട്ടപ്പോള്‍ അത് പാമ്പാവുക എന്നത് അല്ലാഹുവിന്റെ അനുമതിയോടെ പ്രത്യേകമായി സംഭവിച്ച ഒരു അല്‍ഭുതവും. അതായത് മുഅ്ജിസത്ത്. സാഹിറന്മാരുടെ സിഹ്‌റിന് യാഥാര്‍ത്ഥ്യമുണ്ടാക്കാന്‍ ആ കയറുകളെ അവയുടെ വിധിക്കുമുപരി പ്രത്യേകാനുമതിയോടെ അല്ലാഹു പാമ്പാക്കി മാറ്റുമെന്ന് വന്നാല്‍ മുഅ്ജിസത്തും സിഹ്‌റും തമ്മില്‍ പിന്നെ എന്ത് വ്യത്യാസമാണുണ്ടാവുക? അതെ, അവിടെ സാഹിറന്‍മാരുടെ കയറുകള്‍ക്ക് അസാധാരണമായി ഒരു വിധിയുമുണ്ടായിട്ടില്ല. യഥാര്‍ത്ഥാവസ്ഥക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. കേവലം രാസപ്രയോഗത്തിലൂടെ സാധ്യമായ വെറുമൊരു ചെപ്പടിവിദ്യ മാത്രമേ അവരവിടെ കാഴ്ചവെച്ചിട്ടുള്ളൂ. അതാവട്ടെ ഫലം കാണാതെ പോവുകയും ചെയ്തു. സിഹ്‌റിന്റെ പ്രതിഫലനത്തെയും സ്വാധീനത്തെയും സ്ഥാപിക്കുന്നവര്‍ പോലും അതിനായി ഉദ്ധരിക്കുന്നത് മൂസാ നബി(അ)യുടെ ഈ സംഭവമാണല്ലോ. മൂസാ(അ)യുടെ മുന്നില്‍ അവര്‍ കാണിച്ച മാരണത്തെ 'വമ്പിച്ച സിഹ്‌റ്' എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്(7:116). അതിനാല്‍ കാര്യകാരണബന്ധം വിശദീകരിക്കപ്പെടാവുന്ന വെറുമൊരു കണ്‍കെട്ടു വിദ്യയായ ഇതിനേക്കാള്‍ വമ്പിച്ച ഒരു മാരണത്തെയും അതിന്റെ ഫലസാധ്യതയെയും കുറിച്ച് എന്തിന് അന്വേഷിച്ച് പോവണം.
മരണപ്പെട്ടവരോട് ദുആ ചെയ്യുന്ന പ്രബോധിതര്‍ക്ക് നടുവില്‍ ത്യാഗോജ്ജ്വലമായ ദഅവത്ത് നടത്തുമ്പോള്‍ ഇസ്ലാഹി പണ്ഡിതര്‍ നേരിട്ട ഒരു ചോദ്യമായിരുന്നു, അല്ലാഹുവിനെന്താ അവരെ കേള്‍പ്പിക്കാന്‍ കഴിയില്ലേ? അല്ലാഹുവിന് അവര്‍ക്ക് കഴിവ് കൊടുക്കാന്‍ കഴിയില്ലേ? കല്ലിനും മരത്തിനും പ്രകൃതിപ്രതിഭാസങ്ങള്‍ക്കും ബോഡിവേസ്റ്റുകള്‍ക്കുമൊക്കെ പുണ്യം കല്‍പ്പിക്കുന്നവര്‍ വീറോടെ ചോദിച്ചിരുന്നു, അവക്കൊക്കെ കഴിവ് നല്‍കാന്‍ പടച്ചവനാവില്ലേ എന്ന്. അവക്കെല്ലാം കൃത്യമായ ഉത്തരം നല്‍കി ആ സമൂഹത്തെ സംസ്‌കരിച്ചെടുക്കാന്‍ അധ്വാനിച്ചവരുടെ പിന്മുറക്കാരില്‍ നിന്നാണിപ്പോള്‍ അതേ ചോദ്യങ്ങളുടെ തനിയാവര്‍ത്തനമുണ്ടാവുന്നത്. അന്ധവിശ്വാസങ്ങളുടെ ഇറക്കുമതി ആരംഭിക്കും മുന്‍പേ തന്നെ, ബുദ്ധി ഉപയോഗിക്കുന്നത് മതവിരുദ്ധമാണെന്ന ആശയം പ്രചരിപ്പിച്ചായിരുന്നു ഈ പ്രചാരകര്‍ നവോത്ഥാനപ്രസ്ഥാനത്തിനകത്ത് രംഗത്ത് വന്നത് എന്ന് ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കാം.
അല്ലാഹുവിന്റെ പ്രത്യേകാനുമതിയോടെ സംഭവിക്കുന്നതാണ് മുഅ്ജിസത്ത്. പ്രവാചകന്മാര്‍ മുഅ്ജിസത്തുകള്‍ പ്രകടിപ്പിക്കുമ്പോള്‍ എതിരാളികള്‍ അതിനെ മാരണമെന്ന് വിശേഷിപ്പിച്ച് തള്ളിപ്പറഞ്ഞതായി ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ പ്രത്യേകാനുമതിയോടെയുള്ള സംഭവ്യത സിഹിറിനും ഉണ്ടായിരുന്നെങ്കില്‍ ഈ പരിഹാസത്തിനും ഖുര്‍ആന്റെ ആക്ഷേപത്തിനും ഒരര്‍ത്ഥവുമുണ്ടായിരുന്നില്ലല്ലോ. അല്ലാഹുവിന്റെ പ്രത്യേകാനുമതിയുണ്ടെങ്കില്‍ സംഭവിക്കുന്ന അസാധാരണ സംഗതി എന്ന് മുഅ്ജിസത്തിനെയും സിഹ്‌റിനെയും നിര്‍വചിക്കാമെങ്കില്‍ സിഹ്‌റും മുഅ്ജിസത്തും എങ്ങിനെ വേര്‍തിരിക്കും?
മുഅ്ജിസത്തിനെ 'ആയത്ത്' എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അതായത്, ദൈവികമായ അടയാളം. അല്ലാഹുവിന്റെ പ്രത്യേക വിധി പ്രകാരം സംഭവിക്കുന്നതാകയാലാണ് അപ്രകാരം പറയുന്നത്. അതേ വിശേഷണത്തിനര്‍ഹമായ മറ്റൊരു സംഗതി ഉണ്ടായിക്കൂടെന്നത് സാമാന്യബുദ്ധി ഉപയോഗിച്ച് തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണല്ലോ. പടച്ചവന്റെ പ്രത്യേക വിധിയനുസരിച്ച് സിഹ്‌റിനു സംഭവ്യതയുണ്ടാവുമെങ്കില്‍ സിഹ്‌റും ആ വിശേഷണത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ പ്രമാണങ്ങള്‍ അതിന് അനുകൂലമല്ല.
ശിര്‍ക്കിന് യതൊരു കാരണവശാലും പ്രതിഫലനമുണ്ടാവില്ലെന്ന് വിശ്വസിക്കുന്ന ഒരു മുവഹ്ഹിദിന് ശിര്‍ക്കിലധിഷ്ഠിതമായ ഒരു പ്രക്രിയ എന്ന നിലക്ക് ആഭിചാരത്തിനും പ്രതിഫലനമുണ്ടാവില്ലെന്ന് ബോധ്യപ്പെടാന്‍ ഒരു പ്രയാസവുമുണ്ടാവില്ല. എന്നിരിക്കെ, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യത്തിന് യാഥാര്‍ത്ഥ്യം കല്‍പ്പിച്ചെടുക്കാന്‍ അറിവും സമയവും ഊര്‍ജ്ജവും പാഴാക്കാതെ വിശുദ്ധവും നിഷിദ്ധവും വേര്‍തിരിച്ച് മനസ്സിലാക്കി, വിശ്വാസത്തില്‍ കളങ്കമേല്‍ക്കാതെ മതം വിഭാവനം ചെയ്ത നിര്‍ഭയത്വത്തിന്റെ വക്താക്കളായി നമുക്ക് മുന്നേറാം. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍
മന്‍സൂറലി ചെമ്മാട്
അന്ധവിശ്വാസാനാചാരങ്ങളുടെ കോട്ടകൊത്തളങ്ങളില്‍ അതിന്റെ വക്താക്കളുടെ സകല ദുര്‍ന്യായങ്ങളെയും കൃത്യമായ പ്രമാണങ്ങളുടെയും ധിഷണയുടെയും കരുത്തില്‍ പ്രതിരോധിച്ച ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശം ഉള്‍ക്കൊണ്ട ഒരാളിലും ഇത്തരമൊരു ന്യായം ഉയര്‍ന്ന് വരാനിടയില്ല. ആദര്‍ശവൈകല്യത്തിന്റെ വിഷബാധയേറ്റ കേവലമൊരു ദുര്‍ന്യായം മാത്രമാണിത്.
ReplyDelete