നിങ്ങൾ ഭിന്നിക്കരുതേ-പുസ്തക വിശകലനം

 നിങ്ങൾ ഭിന്നിക്കരുതേ-പുസ്തക വിശകലനം

 1

അമാനി മൗലവിയെ വെറുതെ വിടുക!!

"സിഹ്ർ കൊണ്ടുണ്ടാകുന്ന തഅസീർ കാര്യകാരണബന്ധങ്ങൾക്ക് അപ്പുറത്തല്ലെന്നും മറിച്ച് അതിന്റെ കാര്യകാരണ ബന്ധങ്ങൾ നമുക്ക് മനസ്സിലാക്കാൻ പ്രയാസമാണെന്നുമാണ് അമാനി മൗലവി വ്യക്തമാക്കുന്നത്". പുതിയ ഐക്യ പുസ്തകത്തിൽ അസ്കറലി എഴുതിയ ലേഖനത്തിലെ വരികളാണിത്.(പേജ്: 56).

ഐക്യ വിശദീകരണ നാളുകളിൽ സിഹ്റിനെ കുറിച്ച് അണികളിൽ നിന്ന് ചോദ്യങ്ങളുയർന്നപ്പോൾ അതിനെ കുറിച്ച് പറയാൻ ഞാൻ പണ്ഡിതനല്ല എന്നായിരുന്നു ടിയാൻ പറഞ്ഞിരുന്നത്. ഏതായാലും പുതിയ താവളത്തിൽ പണ്ഡിതനാവാൻ മാത്രം ട്യൂഷനൊക്കെ കൊടുക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ അങ്ങേരുടെ പെർഫോമൻസ് കാണുമ്പോൾ മനസ്സിലാവുന്നത്.

കാര്യകാരണ ബന്ധം മനസ്സിലാക്കാൻ പ്രയാസമുള്ള എല്ലാ ഉപായ കൃത്യങ്ങൾക്കും സിഹ്ർ എന്ന് പറയാമെന്നാണ് അമാനി മൗലവി പറഞ്ഞത്. അമാനി മൗലവിയുടെ വാചകത്തെ മറ പിടിച്ച് സിഹ്‌റിനു യഥാർത്ഥ ഫലമുണ്ടാവാമെന്ന വാദം സമർത്ഥിക്കാൻ ശ്രമിക്കുന്നത് എന്ത് മാത്രം വിഡ്ഢിത്തമാണ്.

ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം, മെസ്മരിസം, ഹിപ്‌നോട്ടിസം, കയ്യൊതുക്കം, മയക്കുവിദ്യകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതിന് പൊതുവില്‍ പറയുന്ന പേരാണ് സിഹ്‌റെന്ന് ആ നിര്‍വചനത്തോടൊപ്പം തന്നെ അമാനി മൗലവി പറയുന്നുണ്ട്. അതായത് കാര്യകാരണ ബന്ധം അവ്യക്തമാണെങ്കിലും വിശദീകരിക്കപ്പെടാവുന്ന ഇനങ്ങളും ഒരിക്കലും വിശദീകരിക്കപ്പെടാനാവാത്തവിധം അവ്യക്തമാണെന്ന് പറയപ്പെടുന്ന ഇനങ്ങളും ഒക്കെ അടങ്ങിയതാണ് ഭാഷാപരമായി സിഹ്ര്‍. അവയില്‍ രണ്ടാമത്തെ ഇനം, അതായത് മാരണം, ആഭിചാരം, കൂടോത്രം എന്നൊക്കെ പറയുന്ന ഇനത്തിനു യഥാര്‍ത്ഥ ഫലമുണ്ടെന്ന് ഒരു കാലത്തും ഒരു ഇസ്‌ലാഹി പണ്ഡിതനും പഠിപ്പിച്ചിട്ടില്ല.
ഈ ഇനത്തെ കുറിച്ച് അമാനി മൗലവി കൃത്യമായ നിലപാട് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. നോക്കൂ: ഒരു നന്മയുമില്ലാത്ത മിഥ്യയായതു, ഒന്നിനും കൊളളാത്തതു , ദുഷ്ടമായത്, ക്ഷുദ്രം എന്നൊക്കെ അര്‍ത്ഥം നല്‍കാവുന്ന പദമാണ് ജിബ്ത്ത്. സിഹ്ര്‍(ആഭിചാരം), ആഭിചാരി, പ്രനം നോക്കല്‍, പ്രശ്‌നക്കാരന്‍, വിഗ്രഹം ആദിയായ അടിസ്ഥാന രഹിതങ്ങളായ പലതിനും ജിബ്ത് എന്ന് പറയാറുണ്ട് (4: 51 വ്യാഖ്യാന കുറിപ്പ്).

സിഹ്‌റ് കൊണ്ടുള്ള പ്രതിഫലനം കാര്യകാരണ ബന്ധത്തിനപ്പുറമാണെന്ന വിശ്വാസം ശിർക്കാണെന്ന് ഇങ്ങേർ അന്നെഴുതിയ വിവാദ ലേഖനത്തിൽ സമ്മതിക്കുന്നുണ്ട്. ഇപ്പോൾ പുതിയ താവളത്തിലെ സുരക്ഷ ഉറപ്പ് വരുത്താനായി പുത്തൻ വ്യാഖ്യാനങ്ങൾക്ക് പഴുതന്വേഷിക്കുമ്പോൾ വിവരമില്ലായ്മയിലേക്ക് വീണ്ടും വീണ്ടും കൂപ്പുകുത്തുകയാണ് ലേഖകൻ.

സിഹ്‌റെന്ന പേരിൽ നാട്ടിൽ പ്രചരിച്ച് വരുന്ന കാര്യങ്ങളെ മൂന്ന് ഇനമായി തരം തിരിക്കാം.
1.കാര്യകാരണ ബന്ധം മനസ്സിലാക്കാൻ പ്രയാസമില്ലാത്തത്.
2.കാര്യകാരണ ബന്ധം മനസ്സിലാക്കാൻ പ്രയാസമുള്ളത്.
3.കാര്യകാരണ ബന്ധം മനസ്സിലാക്കാൻ ഒരിക്കലും ലോകത്തൊരു മനുഷ്യനും സാധ്യമല്ലാത്തത്.

രണ്ടാമത്തെയും മൂന്നാമത്തെയും ഇനങ്ങൾ പൊതുവായി കാര്യകാരണ ബന്ധം മനസ്സിലാക്കാൻ പ്രയാസമുള്ളതെന്ന് പറയാമെങ്കിലും വേർതിരിച്ച് പറയുമ്പോൾ രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും ഇനങ്ങൾ കാര്യകാരണ ബന്ധം വിശദീകരിക്കപ്പെടാവുന്ന ഇനങ്ങളാണ്. പ്രവാചകനു നേരെ ചെയ്തുവെന്ന് പറയുന്ന മാരണം ഇതിൽ മൂന്നാമത്തെ ഇനത്തിലാണ് വരിക. ഇത്തരം കൂടോത്രങ്ങൾക്ക് ഫലമുണ്ടെന്നോ പ്രവാചകനു കൂടോത്രം ബാധിച്ചിട്ടുണ്ടെന്നോ പരാമൃഷ്ട ഹദീസ് അന്യൂനമാണെന്നോ അമാനി മൗലവി പറഞ്ഞിട്ടില്ലെന്നിരിക്കെ അത്തരം വികലവാദങ്ങൾക്ക് ആ മഹാനുഭാവനെ കൂട്ടുപിടിക്കാതിരിക്കുക.
മൗലവി അവലംബിച്ച മിക്ക തഫ്സീറുകളിലും സിഹ്റിനെ കുറിച്ച ഹദീസ് ഉദ്ധരിച്ചിട്ട് പോലും അത് പരാമർശിക്കാൻ പോലും തയ്യാറാവാത്ത മൗലവിയെ ദയവായി കൂടോത്രവാദിയാക്കാതിരിക്കുക.
ചില കുറ്റസമ്മതങ്ങളൊക്കെ നടത്തി നല്ല കുട്ടി ചമയാൻ ശ്രമിച്ചപ്പോൾ, വിചിന്തനം ലേഖനത്തിൽ അമാനി മൗലവിയുടെ ഉദ്ധരണിയിൽ കൃത്രിമം വരുത്തിയതിനെ കുറിച്ചു കൂടി പരാമർശിക്കാമായിരുന്നു.
സി പി ഉമർ സുല്ലമിയുടെ അഭിപ്രായം ലഭിക്കും മുൻപ് വിചിന്തനത്തിൽ ലേഖനം പ്രസിദ്ധീകരിച്ചത് തന്റെ ശ്രദ്ധക്കുറവ് കാരണമായതിനാലാണ് രാജി വെച്ചത് എന്ന കുറ്റസമ്മതം കേൾക്കാൻ രസമുണ്ട്. രാജി സ്വീകരിക്കാതിരിക്കാൻ ഒരു സമ്മർദ്ധവും ആരുടെ മേലും ചെലുത്തുകയോ ആരെയെങ്കിലും സമീപിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രത്യേകം എഴുതിയത് നന്നായി. പല ഇറങ്ങിപ്പോക്കുകൾക്കും കയറിവരലുകൾക്കും സാക്ഷികളാണല്ലോ മുജാഹിദ് പ്രവർത്തകരും നമ്മുടെ കൗൺസിലുകളും.

ആരെ സ്വാധീനിച്ചിട്ടായാലും ആരുടെ പ്രേരണയാലായാലും രാജി തള്ളാൻ ടിപിക്കും പി പിക്കും തോന്നിയത് നല്ല കാര്യമെന്ന് ആശ്വസിക്കുകയാണ്. 

MA Cmd

 

2

സുല്ലമിയെ വെറുതെ വിടുക

സാഘോഷം കൊണ്ടാടിയ ഐക്യപ്പെരുന്നാളിന്റെ മുൻപ് ഒരു ദിവസം സലാം സുല്ലമിയെ സന്ദർശിക്കാൻ ചെന്നതായിരുന്നു ഞാൻ. ഇന്നലെ അസ്ഗറലി ഇവിടെ വന്നിരുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ അകത്തേക്ക് ആനയിച്ചത്. എന്തായിരുന്നു കാര്യമെന്ന് ഞാൻ അന്വേഷിച്ചു. ഐക്യം തന്നെയായിരുന്നു. എല്ലാം ശരിയായിട്ടുണ്ട്. നമ്മുടെ കാര്യങ്ങൾ എല്ലാം അവർ അംഗീകരിച്ചു എന്നും സിഹ്‌റ് പോലുള്ള ആദർശ വിഷയങ്ങളിൽ നമ്മുടെ ഭാഗമാണ് ശരിയെന്ന് അവർ സമ്മതിച്ചു എന്നൊക്കെ അസ്ഗറലി പറഞ്ഞുവത്രെ. അതൊക്കെ കേട്ട് മനസ്സ് സന്തോഷിച്ച് നിൽക്കുന്ന ആ പാവത്തെ നിരാശനാക്കാൻ തോന്നിയില്ല. എല്ലാം ഖൈറാവട്ടെ എന്ന് മാത്രം പറഞ്ഞു.

അസ്ഗറലിയെയും അയാൾക്ക് കരുത്ത് പകരുന്നവരെയും തികച്ച് മനസ്സിലാക്കിയിട്ടുള്ള എനിക്ക് സത്യത്തിൽ അമർഷവും സങ്കടവുമൊക്കെയാണുണ്ടായത്. ആ കാലത്തെ ഓരോ സംഭവ വികാസങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായതിനാൽ അയാൾ കൊടും ചതിയിലേക്കാണ് ഈ കൊണ്ട് പോവുന്നതെന്ന് മനസ്സ് പറഞ്ഞിരുന്നു. പല നേതാക്കളോടും (ചർച്ചക്ക് കൂടെ പോയവരോട് പോലും) ഞാനാ ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. (അതിനെയും അന്ന് വ്യക്തിവിദ്വേഷത്തിന്റെ നിറം ചാർത്തി അവഗണിക്കാൻ മൽസരിക്കുകയായിരുന്നുവല്ലോ പലരും).

ചിലരുടെയൊക്കെ മനം നിറയും വിധം സ്ഥാനമാനങ്ങൾ ഓഹരിവെച്ചപ്പോൾ പണ്ഡിത സഭയിൽ ഒരംഗമായിപ്പോലും സലാം സുല്ലമിയുടെ പേരെഴുതിച്ചേർക്കാൻ ചർച്ചക്ക് പോയവർക്ക് തോന്നിയില്ല. ഒരു പക്ഷെ, സലാം സുല്ലമിയെ ആ ജനറൽ ബോഡിയിലെ ഒരംഗമായിട്ടെങ്കിലും സി ഡി ടവറുകാർ അംഗീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നെങ്കിൽ ഈ ഐക്യം ആ അർത്ഥത്തിലെങ്കിലും മർക്കസുദ്ദ‌അവ വിഭാഗത്തിന്റെ വിജയമാവുകായിരുന്നു. സുല്ലമി ഒരിക്കൽ പോലും ഒരു യോഗത്തിനെങ്കിലും വന്നിരിക്കാൻ സാധ്യതയില്ലാത്ത വിധം മാരക രോഗം ബാധിച്ച അവസ്ഥയിലായിരുന്നിട്ട് പോലും ആ പേരൊന്ന് എവിടെയെങ്കിലും വരാൻ ആരും ശ്രമിച്ചത് പോലുമില്ല. സി ഡി ടവറേമാന്മാരുടെ മുഖം കറുക്കുന്ന ഒരു നിബന്ധനയും വെക്കാൻ നമ്മുടെ വീരശൂര പ്രതിനിധികൾക്ക് നട്ടെല്ലില്ലായിരുന്നുവെന്നതാണ് സത്യം.

സമ്മേളന പ്രസ് മീറ്റിൽ സുല്ലമിയെ കുറിച്ച് ടി പിയുടെ വായിൽ നിന്ന് വീണ കടുത്ത പ്രയോഗം നമ്മുടെയൊക്കെ മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചു. ഇപ്പോഴിതാ അസ്ഗറലി ഈ പുസ്തകത്തിൽ, ടി പിക്ക് ആ വിഷയത്തിലുണ്ടായ കറ കഴുകിക്കൊടുത്ത് ഭക്തി പ്രകടിപ്പിക്കുന്നു.
ഒടുവിൽ........ സുല്ലമിയെ കുറിച്ച് സി ഡി ടവറിൽ നിന്നും ഉയർന്ന് ഊരകം മലയിൽ നിന്നും കാരന്തൂരിൽ നിന്നും ചേളാരിയിൽ നിന്നും പ്രതിധ്വനിച്ച് ലോകം മുഴുവൻ പ്രചരിച്ച ആ കള്ള ആരോപണങ്ങൾ സാക്ഷാൽ അസ്കറലിയുടെ തൂലികത്തുമ്പിലൂടെ ഈ പുസ്തകത്തിൽ. ഓർമ്മയുണ്ടോ സാഹിബേ... കേരളത്തിൽ ജനിച്ചത് കൊണ്ട് മാത്രം, അല്ലെങ്കിൽ നമ്മളിലൊരാളായതിന്റെ പേരിൽ മാത്രം വിശ്വപണ്ഡിതന്മാരുടെ പട്ടികയിൽ രേഖപ്പെടുത്തപ്പെടാതെ പോയ പണ്ഡിതനെന്ന് പലരും വിശേഷിപ്പിച്ച ആ മഹാപണ്ഡിതൻ നാലു വർഷം മുൻപ് ലോകം കേൾക്കേ പൊട്ടിക്കരഞ്ഞ ആ നിമിഷം.... ആ കണ്ണീർ കണ്ട് മുജാഹിദുകൾ അന്ന് കൂടെ കരഞ്ഞിട്ടുണ്ട്. ആ കരച്ചിൽ ഇന്നും ഞങ്ങളുടെയൊന്നും കാതിൽ നിന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഇന്നുമതോർത്ത് കണ്ണ് നിറയുന്ന ആദർശ സ്നേഹികളുടെ വേദന കുതന്ത്രം പേറി നടക്കുന്നവർക്ക് ഒരു പക്ഷെ മനസ്സിലായിക്കൊള്ളണമെന്നില്ല.

ഖബർ ശിക്ഷ നിഷേധിക്കുന്നവനെന്ന ആരോപണം കേട്ടായിരുന്നു ആ മഹാപണ്ഡിതൻ കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരഞ്ഞത്. ഞാൻ ഖബർശിക്ഷ അംഗീകരിക്കുന്നുവെന്നും കള്ള ആരോപണമാണ് ആരോപകർ പറയുന്നതെന്നുമായിരുന്നു അദ്ദേഹം വിതുമ്പി പറഞ്ഞത്.
മർക്കസുദ്ദഅവക്ക് നേരെ 'ഖബർ ശിക്ഷാ നിഷേധം' പോലുള്ള ആരോപണങ്ങൾ ശത്രുക്കൾ ഉയർത്തിയത് സലാം സുല്ലമിയെയും കോട്ടി മാട്ടപ്പെട്ട, അദ്ദേഹത്തിന്റെ ചില ഉദ്ധരണികളെയും ബന്ധപ്പെടുത്തിയായിരുന്നു. സുല്ലമിയുടെ പേര് പറഞ്ഞില്ലെങ്കിലും അസ്ഗറലിയുടെ ആരോപണം ഏത് ദിശയിലേക്കാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

മർക്കസുദ്ദഅവയിൽ ഖബർ ശിക്ഷ നിഷേധിച്ച് കൊണ്ട് നടത്തിയ പരിപാടിയുടെ തെളിവുകൾ കൂടി ഹാജരാക്കാൻ ആരോപകന് ബാധ്യതയുണ്ടെന്ന് കൂടി ഉണർത്തട്ടെ.
സാഹിബേ....അബ്ദുസ്സലാം സുല്ലമിയുടെ പ്രമാണബദ്ധമായ പ്രബോധന മുന്നേറ്റത്തെ ചെറുക്കാർ ആദർശ വിരോധികളെയ്തു കൊണ്ടിരുന്ന വ്യാജാരോപണങ്ങൾക്ക് മുന്നിൽ പരിച തീർത്തവരാണ് ഞങ്ങൾ. ആ മഹാനുഭാവൻ ഇല്ലാത്ത ലോകത്ത്, അദ്ദേഹം കണ്ണടച്ച് വിശ്വസിച്ച നിങ്ങളിലൂടെ തന്നെ ആ ആരോപണം ഇപ്പോൾ പുറത്ത് വന്നത് അംഗീകരിക്കാനാവില്ല.
സുല്ലമിയെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയെ നിങ്ങൾ ഭയപ്പെട്ടുകൊള്ളുക.
MA Cmd

 

 

3

നീലബുക്കും ചുവപ്പ് ബുക്കും പിന്നെ 

ഐക്യവേദിയുടെ അനൈക്യ ബുക്കും

                                    


*2006 മാര്‍ച്ച് 3*ന്റെ വിചിന്തനം വാരിക പുറത്തിറങ്ങിയത് വലിയൊരാഘോഷത്തോടെയായിരുന്നു.  'നീല പുസ്തകത്തിന്റെ ഉറവിടം മര്‍ക്കസുദ്ദഅ്‌വ തന്നെയെന്ന് അസ്ഗറലി വെളിപ്പെടുത്തുവെന്ന' തലക്കെട്ടിലായിരുന്നു ആ ആഘോഷം. അതിന്റെ ചുവട് പിടിച്ച് നാടുനീളെ ലഘുലേഖകളും നോട്ടീസുകളും പ്രചരിച്ചു. ‘മുജാഹിദ് പ്രസ്ഥാനത്തിൽ എന്തുണ്ടായി‘ എന്ന പേരിൽ കെ എൻ എം(CD Tower) സെക്രട്ടറി എഴുതിയ ഒരു ലഘു പുസ്തകം ഈ ആരോപണവുമായി സാക്ഷാൽ മുജാഹിദ് സെന്ററിൽ നിന്ന് തന്നെ പുറത്തിറങ്ങുകയുണ്ടായി.
കെ എൻ എം മർക്കസുദ്ദ‌അവയുടെ 2005ലെ ഉത്തര കേരള മുജാഹിദ് സമ്മേളന റിവ്യൂവിൽ അസ്ഗറലി എഴുതിയ ‌_‘മുജാഹിദ് സംഘടനയിലെ ഭിന്നത: യാഥാർത്ഥ്യവും വസ്തുതകളും‘_  എന്ന ലേഖനത്തിലെ ചില പരാമർശങ്ങളാണ് ഇവയിലെല്ലാം വലിയ കോളു കിട്ടിയെന്ന മട്ടിൽ ചിലർ കൊണ്ടാടിയത്. '93ൽ മേപ്പയൂരിൽ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിലെ ആദ്യ ഗ്രൂപ്പ് യോഗം നടന്നെന്നും മർക്കസുദ്ദ‌അവ ഉദ്ഘാടന വേളയിൽ, അസ്ഗറലിയെ സൂത്രക്കാരനും വഞ്ചകനുമൊക്കെയാക്കിക്കൊണ്ട് കെ പി എഴുതിയെന്നുമൊക്കെ മേമ്പൊടിയായി ചേർത്ത് കൊണ്ടായിരുന്നു ആ ആഘോഷം.
ഇയ്യിടെ മുജാഹിദ് സെന്ററിൽ നിന്ന് പ്രചരിച്ച ‘നിങ്ങൾ ഭിന്നിക്കരുതേ‘ എന്ന പുസ്തകം വായിച്ചപ്പോഴാണ് അന്നത്തെ ആ ആഘോഷം മനസ്സിലേക്ക് വീണ്ടും ഓടിയെത്തിയത്. അനീതിയുടെയും വഞ്ചനയുടെയും ഇരുൾ മൂടിയ പഴയ മുജാഹിദ് പിളർപ്പിന്റെ ചരിത്രത്തിനു മേൽ വെള്ളപൂശാൻ സാഹസപ്പെടുന്ന അസ്ഗറലിയുടെ പരിഹാസ്യ ചിത്രം ഈ പുസ്തകത്തിലുടനീളം കാണാനാവും. കണ്ണടച്ചിരുട്ടാക്കുകയാണ് ടിയാൻ കാര്യമായിട്ടിതിൽ ചെയ്യുന്നത്. താനേത് കൂട്ടത്തിലായാലും ആ കൂട്ടത്തിന്റെ ആദർശ നയ നിലപാടുകളും സർക്കുലറുമൊക്കെ രൂപം കൊള്ളേണ്ടത് മേപ്പയൂരിലെ മേശപ്പുറത്ത് നിന്നാവണമെന്നാണ് അങ്ങേരുടെ നിർബന്ധം. അതിന് എപ്പോഴൊക്കെ ഇളക്കം പറ്റിയിട്ടുണ്ടോ, ആരൊക്കെ വിലങ്ങു തടിയായിട്ടുണ്ടോ, ആ വേളകളിലെല്ലാം അങ്ങേരുടെ നിറമൊന്ന് മാറാറുണ്ട്. ആ മാറ്റമാണിപ്പോഴത്തെ പ്രതിസന്ധികൾക്ക് വഴിവെച്ചതും ഈ പുസ്തകത്തിലൂടെ പഴയ ചരിത്രങ്ങൾക്കൊക്കെ ഉത്തൻ വ്യാഖ്യാനങ്ങൾ പടച്ച് വിട്ടതും.
ഐ എസ് എം ആണ് 2001ൽ 180 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് എന്നാരോപിച്ച് കൊണ്ടായിരുന്നു 2002ൽ അന്നത്തെ കെ എൻ എം നേതൃത്വം യുവജന പ്രസ്ഥാനത്തെ പിരിച്ച് വിട്ട് പിളർപ്പിന്റെ നാട മുറിച്ചത്. പരാതിക്കാരന്‍ തന്നെ അന്വേഷണക്കമ്മീഷനും പിന്നീട് വിധികര്‍ത്താവുമായപ്പോഴുണ്ടായ ഈ കുതന്ത്രം സ്ഥാപിച്ചെടുക്കാന്‍ വർഷങ്ങളേറെയായിയിട്ടും ആ നേതൃത്വത്തിനായിട്ടുമില്ല.
ഇപ്പോഴിതാ നീലപുസ്തകത്തിന്റെ പേരിൽ മാപ്പ് സാക്ഷിയാവാൻ  ഈ പുസ്തകത്തിൽ അസ്ഗറലിയുടെ ശ്രമം. അദ്ദേഹത്തിന്റെ വരികൾ ഇപ്രകാരം:
“കെ ജെ യു യോഗത്തിൽ  അവതരിപ്പിച്ച പ്രബന്ധങ്ങൾ ഏകപക്ഷീയമായി ഒരു വിഭാഗം പ്രചരിപ്പിച്ചത് സംബന്ധിച്ചും കൗൺസിൽ യോഗത്തിലെ ചില ഇടപെടലുകളെ സംബന്ധിച്ചും പേരും വിലാസവും ഇല്ലാത്ത ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇത് വീണ്ടും പ്രശ്നങ്ങൾക്ക് കാരണമായി. ഈ പുസ്തകം സംബന്ധിച്ച് അന്വേഷണം നടത്തി കെ എൻ എം ഒരു സമിതിയെ നിശ്ചയിച്ചു. അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി നിലവിലുള്ള ഐ എസ് എം സംസ്ഥാന കമ്മിറ്റിയെ ഡിസ്മിസ് ചെയ്യുകയും പുതിയ ഒരു അഡ്‌ഹോക്ക് കമ്മിറ്റിക്ക് കെ എൻ എം രൂപം നൽകുകയും ചെയ്തു.ആ പുസ്തകം ഐ എസ് എം ഒറ്റക്ക് തയ്യാറാക്കിയെന്നോ അവരാണ് അതിന്റെ കർത്താക്കൾ എന്നോ തെളിയിക്കപ്പെട്ടിട്ടില്ല.“(നിങ്ങൾ ഭിന്നിക്കരുതേ, പേജ്: 26).
ഐ എസ് എം ആണ് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചത് എന്ന് കൃത്യമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ എസ് എമ്മിനെതിരിൽ നടപടിയെടുത്തതെന്ന് ആണയിട്ട് പ്രചരിപ്പിച്ചിരുന്ന സി ഡി ടവറുകാരിപ്പോൾ “ആ പുസ്തകം ഐ എസ് എം ഒറ്റക്ക് തയ്യാറാക്കിയെന്നോ അവരാണ് അതിന്റെ കർത്താക്കൾ എന്നോ തെളിയിക്കപ്പെട്ടിട്ടില്ല“ എന്ന് തിരിച്ചെഴുതിയ പുതിയ പുസ്തകക്കെട്ടുകളുമായി ഊരുചുറ്റുകയാണ് എന്നത് ഏതായാലും കാണാൻ രസമുള്ള കാഴ്ചയാണ്.
“സംഘടനാ വിരുദ്ധവും ആദർശ വിരുദ്ധവുമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന 180 പേജ് വരുന്ന ക്ഷുദ്രകൃതിയുടെ ഉറവിടവും വിതരണകേന്ദ്രവും ഐ എസ് എം ഓഫീസായ മർകസുദ്ദ‌അവയാണെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തി“ എന്നായിരുന്നു 2002 ആഗസ്റ്റ് 12നു മുജാഹിദ് സെന്ററിൽ നിന്ന് പത്രങ്ങൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നത്. ആദർശ വിരുദ്ധമായ വിഷയങ്ങൾ അതിലുണ്ടായിരുന്നുവെന്നത് ഏതായാലും പുതിയ സൗകര്യങ്ങൾക്ക് മുന്നിൽ കുമ്പിട്ട് നിൽക്കുന്ന സംഘടനാ സെക്രട്ടറി ഈ പുസ്തകത്തിൽ ഏറ്റു പറഞ്ഞിട്ടില്ല. എന്നാൽ, അതിലെ ഏറ്റവും വിവാദമായിരുന്ന പതിനഞ്ചാം പേജിലെ പരാമർശം വരികൾക്കിടയിലൂടെ ശരിവെക്കുന്നുണ്ട് . ‘കൗൺസിൽ യോഗത്തിലെ ചില ഇടപെടലുകളെ സംബന്ധിച്ചും‘ കൂടിയാണ് പുസ്തമിറക്കിയതെന്ന അസ്ഗറലിയുടെ വരികളിൽ ആ സൂചനയാണ് നൽകുന്നത്. 

‘നീല പുസ്തകത്തിലെ  പതിനഞ്ചാം പേജ് ഒഴിവാക്കി അത് പുന:പ്രസിദ്ധീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ‘ ഹുസൈന്‍ മടവൂര്‍ പറഞ്ഞതായി ആരോപകര്‍ പിളര്‍പ്പിന്റെ സമയത്തുതന്നെ നാടുനീളെ പ്രചരപിപ്പിച്ചിരുന്നുവല്ലോ. മാത്രമല്ല, അക്കാലത്ത് അദ്ദേഹം എഴുതിയത് ഇപ്രകാരമാണ് :
“തീരുമാനം  ഞങ്ങള്‍ക്കെതിരില്‍ വ്യാഖ്യാനിക്കാനാണ് അവരുടെ പ്രബന്ധവും കൂട്ടി അത് (മിനുട്‌സ്) വിതരണം ചെയ്തത്. സംഘടനാനേതൃത്വം കഠിനാധ്വാനത്തിലൂടെ എത്തിച്ചേര്‍ന്ന ഐക്യത്തിന്റെ ഫോര്‍മുല അതോടെ തകര്‍ന്ന് പോയി. ഇതാണ് ആ തീരുമാനം നടപ്പിലാക്കാതെ പോയതിനുള്ള ഒന്നാമത്തെ കാരണം. ഇതിനിടയില്‍ രണ്ട് പ്രബന്ധങ്ങളിലെയും പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടള്ള ‘സലഫി പബ്ലിക്കേഷ‘ന്റെ ഒരു പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടു. 15-ാം പേജില്‍, കെ.എന്‍.എം. തെരെഞ്ഞെടുപ്പ് യോഗം നടക്കുമ്പോള്‍ കുഴപ്പുമുണ്ടാക്കാനായി എറണാകുളത്തുനിന്നെത്തിയ ഗുണ്ടകള്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളും അതുമൂലം പ്രസ്ഥാനത്തിന്റെ നേതൃരംഗത്തുളളവര്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രയാസങ്ങളും വിവരിച്ചത് നേതാക്കളെ വിഷമിപ്പിച്ചു“ (ആദര്‍ശവ്യതിയാനം ഒരു പുകമറ. പേജ് - 43). 15ാം പേജിന്റെ നിജാവസ്ഥ ഇതിലും വ്യക്തമാക്കുന്നു.

2002ൽ കെ.എന്‍.എമ്മിന്റെ ഷോക്കോസ് നോട്ടീസിന് ഐ.എസ്.എം നല്‍കിയ മറുപടിയില്‍ ‘കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മരവിച്ച സാഹചര്യത്തില്‍ ചിലര്‍ 180 പേജുള്ള പുസ്തകം ഇറക്കിയെന്നും ഇതിന് ഐ.എസ്.എം മായി യാതൊരു ബന്ധവുമില്ലെന്നും അത്തരം ഒരു പുസ്തകം അച്ചടിക്കാന്‍ ഐ.എസ്.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു‘മാണ് വിശദീകരിച്ചിട്ടുള്ളത്. അപ്പോൾ പിന്നെ സംഘടനാ പിളർപ്പിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച ആ പുസ്തകത്തിന്റെ പിറവിക്ക് പിന്നിൽ ആരായിരുന്നു. ദീർഘനാളത്തെ ആ ചോദ്യത്തിന് 2006ൽ ലഭിച്ച ഉത്തരവുമായി നടത്തിയ ആഘോഷാരവങ്ങളെ കുറിച്ചാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചത്.
2005ൽ കോട്ടക്കൽ നടന്ന ഉത്തര കേരള മുജാഹിദ് സമ്മേളന റിവ്യൂവിൽ അസ്ഗറലി എഴുതിയ ലേഖനത്തിലെ, പ്രസ്തുത ബുക്ക് സംബന്ധിച്ച പരാമർശം ഇങ്ങിനെ വായിക്കാം:
 "ഇരു വിഭാഗത്തിന്റെയും പ്രബന്ധങ്ങൾ ക്രോഡീകരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ ചർച്ചയിൽ പങ്കെടുത്ത ഞങ്ങളോട് ചിലർ സമ്മതം ചോദിച്ചിരുന്നു.  അതിന് തടസ്സം ഇല്ലെന്ന് മനസ്സിലായപ്പോൾ സമ്മതവും നല്കി. എന്നാൽ ഇത് പുറത്ത് വന്നപ്പോൾ ഗ്രന്ഥത്തിലെ ചില പരാമർശങ്ങൾ അതിരുകടന്നതായി ശ്രദ്ധയിൽപെട്ടു. ഇത് ഞങ്ങൾ ചൂണ്ടിക്കാണിക്കുകയും തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴേക്കും പുസ്തകം വിതരണം തുടങ്ങിക്കഴിഞ്ഞിരുന്നു. പലരും ഒഴിഞ്ഞുമാറി ഉത്തരവാദിത്തത്തിൽ നിന്ന് അകലുകയും ചെയ്തു. അതുകൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം കൊണ്ട് ഉണ്ടാക്കാനായില്ല. ഇതാണ് നീല പുസ്തകത്തിന്റെ വസ്തുകൾ. ഈ പുസ്തകം പ്രസിദ്ധീകരിച്ച സലഫി പ്രസാധകരെ കുറിച്ചും  ഗന്ഥരൂപത്തിൽ തയ്യാറാക്കിയവരെക്കുറിച്ചും അവ്യക്തത പിന്നെയും നിലനിന്നു. അത് മാന്യമായ നടപടിയല്ലെന്ന് ഞങ്ങൾക്ക്  തോന്നുകയും ഒരു പരിഹാരം എന്ന നിലക്ക്  പ്രബന്ധം തയാറാക്കുന്നതിൽ  മൂഖ്യ പങ്കുവഹിച്ച എം ഐ മുഹമ്മദലി സുല്ലമിയോട് ഇത് സംബന്ധമായി ഒരു പുസ്തകം തയ്യാറാക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ പുസ്തകത്തിൽ പ്രസാധകരുടെ പേരും ഗ്രന്ഥകർത്താവിന്റെ പേരും ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. എം ഐ മുഹമ്മദലി സുല്ലമി പേരു വെച്ച് തന്നെ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ നീല പുസ്തകം അപ്രസക്തമായി.
ഐ എസ് എമ്മിനെ വകവരുത്താൻ നീല പുസ്തകം കരുവാക്കാമെന്ന് ചിലർക്കു തോന്നി. കാരണം ഞങ്ങൾ കൂടി നീലപുസ്തകത്തെ കൈയൊഴിഞ്ഞതാണല്ലോ. അവസരം മുതലെടുക്കാൻ കെ എൻ എം പ്രവർത്തകസമിതിയിൽ ചിലർ പ്രശ്നം ചർച്ചക്കിട്ടു. ചിലരിൽ നിന്ന് മുൻകൂട്ടി പരാതി എഴുതിവാങ്ങുകയും ചെയ്തിരുന്നു. കെ എൻ എം ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണം ഏകപക്ഷീയമായി നടത്തി ഐ എസ് എമ്മിന് എതിരിൽ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു. സാമാന്യമര്യാദക്ക് വില കല്പ്പിക്കുന്നവർ കെ എൻ എമ്മിൽ ഉണ്ടായിരുന്നെങ്കിൽ അന്വേഷണ സമിതിയിൽ ഒരാളെയെങ്കിലും ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഉള്ളവരെ ഉൾപ്പെടുത്തുമായിരുന്നു. പക്ഷെ, അതിന് അവർ സന്മനസ്സ് കാണിച്ചില്ല. ഒരു വിഭാഗത്തോട് വൈരാഗ്യമുള്ള ആളുകൾ, മുമ്പേ തീരുമാനിച്ച കാര്യം, അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് എന്ന പേരിൽ എഴുതിത്തയ്യാറാക്കുകയായിരുന്നു. പ്രസ്ഥാന രംഗത്ത് ഗ്രൂപ്പ് പ്രവർത്തനം ശക്തമായി തുടങ്ങിയ പാരമൗണ്ട് യോഗം മുതൽക്ക് ഗ്രൂപ്പ് യോഗങ്ങൾ, കാസറ്റുകൾ, ലഘുലേഖകൾ, നോട്ടീസുകൾ എന്നിവ വിലാസം വെച്ചും അല്ലാതെയും ഇറങ്ങിയി രുന്നു.പ്രശ്നം അവസാനിക്കുമെങ്കിൽ ഇരുവിഭാഗവും പ്രസിദ്ധീകരിച്ചതും ഇരുവിഭാഗത്തിനുവേണ്ടി പ്രസിദ്ധീകരിച്ചതുമായ എല്ലാ പ്രസിദ്ധീകരണങ്ങളിലെയും വിഷയങ്ങൾ അന്വേഷണവിധേയമാക്കണം. അല്ലെങ്കിൽ എല്ലാം തള്ളിക്കളഞ്ഞ് തെറ്റ് തിരുത്തണം. ഇക്കാര്യങ്ങൾ ഞങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ആവശ്യപ്പെട്ടെങ്കിലും രണ്ടിനും മറുവിഭാഗം തയ്യാറായില്ല. അവരുടെ ഏകപക്ഷീയ വിജയം മാത്രം അവർ കൊതിച്ചു. അത് കാരണം സംഘടന രണ്ടാവുകയും ചെയ്തു"(പേജ്: 140,141)
അതെ നീലബുക്കിന്റെ പിറവിക്ക് പിന്നിലും പിന്നീടത് ചുവപ്പ് പുസ്തകമായി രൂപാന്തരം പ്രാപിച്ചതിനു പിന്നിലും ആരായിരുന്നെന്ന് മനസ്സിലായെന്ന് 2006ൽ ഊറ്റം കൊണ്ട് നടന്ന പാവങ്ങളിപ്പോൾ ആ വ്യക്തി പ്രസ്തുത വിഷയത്തിലുൾപ്പെടെ നടത്തിയ കരണം മറിച്ചിലുകളുടെ പുസ്തകക്കെട്ടുകൾ തലയിലും കക്ഷത്തിലുമേറ്റി നടക്കേണ്ട ഗതികേടിലെത്തിയത് ചിരിക്ക് വക നൽകുന്നുവെന്ന് പറയാതെ വയ്യ. കൗൺസിൽ യോഗത്തിലെ ചില ഇടപെടലുളെന്ന നിലക്കായിരുന്നു അതിന്റെ വിവാദമായ പതിനഞ്ചാം പേജിൽ ചില വിഷയങ്ങൾ പരാമർശിച്ചിരുന്നത്. അത് പോലും ഇങ്ങേര് ശരിവെക്കുന്നതാണീ കൊണ്ടുനടന്ന് പ്രചരിപ്പിക്കുന്നത് ഈ സാധുക്കൾ. ഗൾഫ് സലഫിസത്തെ കുറിച്ച് മലയാളത്തിലെഴുതിയത് മഹാപാപമായെന്ന് ആക്ഷേപിച്ച് തങ്ങൾ ‘അമ്മായി സുല്ലമി‘യെന്ന് പരിഹസിച്ചിരുന്ന പണ്ഡിതൻ ചുവപ്പ് പുസ്തകത്തിന്റെ കർത്താവായതെങ്ങിനെയെന്ന് സി ഡി ടവറിന്റെ നിയന്ത്രണക്കസേരയിൽ പുതുതായി പ്രതിഷ്ഠിക്കപ്പെട്ടയാൾ പറയുന്നത് വിശ്വസിക്കണോ അതോ താൻ ഫദലുല്ലാ അൻവാരിയുടെ പേരിൽ കൂടോത്ര പുസ്തകമെഴുതിയ പോലെ തന്നെക്കൊണ്ട് ഒപ്പ് വെപ്പിച്ച് ചുവപ്പ് പുസ്തകമിറക്കിയതാണെന്ന എം ഐയുടെ വിലാപം വിശ്വസിക്കണോ എന്ന അങ്കലാപ്പുള്ളവരുമില്ലാതില്ല. ഏതായാലുമിപ്പോൾ ഗൾഫ് സലഫിസമില്ല, ജോൽസ്യ പുസ്തകമില്ല, കെ പിയുടെ കത്തില്ല, 93ലെ യോഗമില്ല....എന്തിന് തറാവീഹും ഖുനൂത്തും മാരിക്കും സുറൂറിസവും ഇഖ്‌വാനിസവും റബ്ബാനും ശൈഖ് സാലിമും അമേരിക്കയും ബദ്രാനും എല്ലാം ചിലരൊക്കെ മറക്കാൻ ശ്രമിക്കുന്ന പഴങ്കഥകളായി മാറി. 
MA Cmd



4

സിഹ്ർ കരാർ ലംഘനം

ശബാബോ അൽമനാറോ വിചിന്തനമോ?


 മുജാഹിദ് ഐക്യക്കരാറിലെ(?) സിഹ്‌റ് സംബന്ധമായ ധാരണ ആദ്യമായി ലംഘിച്ചതാരാണ്? ഈ വിഷയത്തിൽ  ഇപ്പോൾ  ചർച്ചകൾ കൊഴുക്കുകയാണല്ലോ. എന്താണ് വസ്തുത? എന്താണീ കരാർ? എ അസ്ഗറലിയുടെ നേതൃത്വത്തിലിറങ്ങിയ പുസ്തകത്തിൽ എന്തു പറയുന്നു? നമുക്ക് നോക്കാം:

സിഹ്‌ർ വിഷയത്തിലെ കരാർ

‘നിങ്ങൾ ഭിന്നിക്കരുതേ‘ എന്ന പുസ്തകത്തിൽ കരാർ എന്ന നിലക്ക് രേഖപ്പെടുത്തുന്നത് ഇങ്ങിനെ: “ജിന്ന്, സിഹ്റ് വിഷയങ്ങളിൽ മുജാഹിദ് പ്രസ്ഥാനം നേരത്തെ ചർച്ചകൾ നടത്തുകയും നിലപാട് സ്വീകരിക്കുകയും ചെയ്തതാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. വ്യക്തമായ തെളിവ് (നസ്സ്വ്) ഇല്ലാത്ത ഗവേഷണാത്മകമായ (ഇജ്തിഹാദ്) വിഷയങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും പ്രബോധന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും സാധാരണക്കാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും എഴുതിയും പ്രസംഗിച്ചും പ്രചരിപ്പിക്കാൻ പാടുള്ളതല്ല.“(പേജ്: 36).
എന്തായിരുന്നു ജിന്ന് സിഹ്‌ർ വിഷയങ്ങളിൽ ‘മുജാഹിദ് പ്രസ്ഥാനം നേരത്തെ സ്വീകരിച്ച് വെച്ച‘ നിലപാട്? അതൊന്ന് കൃത്യമായി ഇവിടെ രേഖപ്പെടുത്തിയിരുന്നെങ്കിൽ ഒരു പക്ഷെ എല്ലാം നല്ല നിലയിലേക്ക് വഴിതിരിഞ്ഞേനെ. പക്ഷെ, ഈ ചോദ്യത്തിന്റെ ഉത്തരവും അന്ന് രണ്ട് ഭാഗത്തെ ‘ശിൽപ്പി‘കളുടെയും മനസ്സിൽ രണ്ടായിരുന്നല്ലോ. പിന്നീട്, വ്യാഖ്യാനങ്ങളുമായി രംഗം വഷളാക്കാൻ അവസരമുണ്ടാക്കിക്കൊണ്ട് ഈ നിർണ്ണായക വരികളിൽ ഒരവ്യക്തത ബാക്കിവെച്ചത് ആർക്ക് വേണ്ടിയായിരുന്നെന്ന് അറിയേണ്ടതുണ്ട്. ഇതൊരു കെണിയൊരുക്കലായിരുന്നെന്ന് മനസ്സിലാക്കാൻ അധികം വിവരമൊന്നും വേണ്ടല്ലോ. പണ്ട് കെ ജെ യു ചർച്ചയിൽ സദുദ്ദേശത്തോടെ ഒപ്പ് വെച്ച തീരുമാനങ്ങൾ പിന്നീട് ഏകപക്ഷീയമായി നാടൊട്ടുക്കും വിശദീകരിച്ചും വ്യാഖ്യാനിച്ചും വിശ്വാസവഞ്ചന നടത്തിയ അനുഭവമുള്ളവരുമായി എന്തെങ്കിലുമൊക്കെ ഒപ്പ് വെച്ച് തീരുമാനിക്കുമ്പോൾ അതിൽ കൃത്യമായ വ്യക്തതയുണ്ടാവണമെന്ന് പോലും അറിയാത്തവരായിരുന്നില്ലല്ലോ അസ്ഗറലിയും ഒപ്പമുണ്ടായിരുന്നവരും.
“സിഹ്‌ർ സംബന്ധിച്ച വിഷയത്തിൽ വ്യത്യസ്ത വീക്ഷണം പ്രവർത്തകർക്കാവാമെങ്കിലും അത് എഴുതിയും പ്രസംഗിച്ചും പ്രബോധനം ചെയ്യാൻ പാടില്ലെന്ന്“ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നെന്ന് അതേ പുസ്തകത്തിൽ അസ്ഗറലി പറയുന്നു.(പേജ്:51).ഇതിന്റെ ഏതാനും പേജുകൾക്ക് മുൻപ് അദ്ദേഹം തന്നെ എഴുതിയ കരാറിന്റെ ഭാഗത്ത് അങ്ങിനെയൊരു പരാമർശം കാണുന്നുമില്ല. എഴുതിയും പ്രസംഗിച്ചും പ്രചരിപ്പിക്കാൻപാടില്ലെന്ന് കരാറിലെഴുതിവെച്ചത് നസ്സ്വില്ലാത്ത ഇജ്തിഹാദീ വിഷയങ്ങളാണ്. സിഹ്‌ർ ആ കൂട്ടത്തിൽ വരുമെന്ന് ഇരുകൂട്ടരിലും ആർക്കാണ് വാദമുള്ളത്.
എന്നാലും സിഹ്‌റിനെ കുറിച്ചും പുറത്ത് ചർച്ചയാക്കരുതെന്ന് വാമൊഴിയായി വ്യവസ്ഥ വെച്ചിരുന്നെന്ന് ആരൊക്കെയോ പറയുന്നു. അങ്ങിനെയെങ്കിൽ ആരാണത് ലംഘിച്ചത്? ശബാബോ അൽമനാറോ വിചിന്തനമോ സർക്കുലറോ?

സിഹ്‌ർ-കരാർ ലംഘിച്ചത് ശബാബോ?

അസ്ഗറലി എഴുതുന്നു: “ശബാബ് വാരികയിലെ ഡിസ. 23 ലക്കത്തിൽ അബ്ദുസ്സലാം സുല്ലമി എഴുതി വരുന്ന ഒരു പംക്തിയിൽ സിഹ്‌ർ സംബന്ധിച്ച് വന്ന ഒരു പരാമർശം കരാർ ലംഘനമായി ചിലർ വ്യാഖ്യാനിച്ചു. ആ ലേഖനത്തിലെ പരാമർശത്തിൽ ഒരു തെറ്റുമില്ല. എന്നാൽ  സിഹ്‌ർ സംബന്ധിച്ച വ്യത്യസ്ത നിലപാട്  എഴുതിയും പ്രസംഗിച്ചും പ്രചരിപ്പിക്കാൻ പാടില്ലെന്ന  വ്യവസ്ഥ ഇത് മുഖേന ലംഘിക്കപ്പെട്ടു എന്ന് ഒരു വിഭാഗത്തിന് ആരോപിക്കാൻ ഇത് അവസരം നൽകി.“ (അതേ പുസ്തകം, പേജ്: 51). എന്താണ് വസ്തുത? നമുക്ക് പരിശോധിക്കാം. “മദീനയിലുള്ള ഒരു ജൂതന്‍ സിഹ്‌റ് ചെയ്‌തോ മാധ്യമം ഇല്ലാതെ മറ്റു നിലക്കോ നബിയെ ഉപദ്രവിക്കുമെന്ന് ഭയപ്പെടല്‍ ശിര്‍ക്കാണ്.“ എന്നായിരുന്നു 2016 ഡിസംബർ 23ലെ ശബാബിൽ വന്ന ആ പരാമർശം. എന്നാൽ, “ആ ലേഖനത്തിലെ പരാമർശത്തിൽ ഒരു തെറ്റുമില്ല“ എന്നും അസ്ഗറലി തന്റെ പുസ്തകത്തിൽ(പേജ്:51) പറയുന്നു. പിന്നെ എന്താണ് പ്രശ്നം? ഇത് തെറ്റാണെന്ന് പറയുന്നവരോട് ഇതിൽ തെറ്റില്ല എന്ന് വിശദീകരിച്ച് കൊടുക്കുകയല്ലേ നേതാക്കൾ ചെയ്യേണ്ടിയിരുന്നത്. പകരം, സിഹ്ർ സംബന്ധിച്ച കരാർ ഇരു പക്ഷവും ലംഘിച്ചിട്ടുണ്ടെങ്കിലും ശബാബാണ് ആദ്യം ലംഘിച്ചതെന്ന് സൂചിപ്പിച്ച് കൊണ്ട് ആരോപകർക്കൊപ്പം നിൽക്കുകയാണ് അസ്ഗറലിയും കൂട്ടരും ഈ പുസ്തകത്തിൽ പോലും(പേജ്: 56).

ശബാബിന് തെറ്റ് പറ്റിയോ?

‘മനുഷ്യ കഴിവിന്റെ പരിധി എത്ര‘ എന്ന വിഷയത്തിലായിരുന്നു ശബാബിലെ അബ്ദുസ്സലാം സുല്ലമിയുടെ ലേഖനം. സിഹ്‌റിനെ കുറിച്ചായിരുന്നില്ല. സ്വാഭാവികമായും സാന്ദർഭികമായ ഒരു പരാമർശമാണ് പ്രസ്തുത വരി. ആ ലേഖനം തയ്യാറാക്കുമ്പോഴൊ അത് ടൈപ്പ് ചെയ്യുമ്പോഴോ ആ ശബാബ് പ്രസ്സിലേക്കയക്കുമ്പോഴോ അത് അച്ചടിക്കുമ്പോഴോ പുറത്തിറങ്ങുമ്പോഴോ ഐക്യം ഔദ്യോഗികമായി നിലവിൽ വന്നിട്ടില്ല. വർഷങ്ങളായി ഓരോ ശബാബും അതിൽ രേഖപ്പെടുത്തിയിട്ടുള്ള തിയതിക്ക്(വെള്ളിയാഴ്ച) തൊട്ട് മുൻപുള്ള ബുധനാഴ്ചകളിൽ തന്നെ മിക്ക ഏജന്റുമാരുടെയും കൈകളിലെത്താറുണ്ട്. അതായത് ചൊവ്വാഴ്ചയെങ്കിലും ശബാബ് മർക്കസുദ്ദ‌അവയിൽ വിതരണത്തിനു തയ്യാറാവാറുണ്ട്. മറ്റൊരർത്ഥത്തിൽ, 2016 ഡിസംബർ 20ന് കോഴിക്കോട്ട് ഐക്യ സമ്മേളനം അരങ്ങേറുമ്പോൾ തന്നെ ഡിസംബർ 23ന്റെ ശബാബ് വിതരണ സജ്ജമായിരുന്നു.
ഐക്യപ്രഖ്യാപനത്തിന്റെ മുൻപ് സംഭവിച്ച ഒരു കാര്യം ഐക്യക്കരാറിന്റെ ലംഘനമാണെന്ന് പറയുന്നതും ആ പേരിൽ ഐക്യം തകരും വിധം രംഗം വഷളാക്കുന്നതും ആ കുളം കലക്കലിന് ഐക്യ ശിൽപ്പികൾ തന്നെ നേതൃത്വം നൽകുന്നതുമൊക്കെ എത്രമാത്രം വിഡ്ഡിത്തമാണ്.

ആരോപകരുടെ ന്യായീകരണങ്ങൾ

ഡിസംബർ 23ന്റെ ശബാബ് ഉയർത്തിക്കാണിച്ച് കരാർ ലംഘനം എന്ന് അലമുറയിടുന്നവർ, ഐക്യം നിലവിൽ വരുന്നതിന് മുൻപ് ആ ശബബ് ഇറങ്ങിയിട്ടുണ്ടെന്ന വിശദീകരണത്തെ മറികടക്കാൻ ഉന്നയിക്കുന്ന ചില ന്യായീകരണങ്ങളുണ്ട്.
1. ഐക്യം പ്രഖ്യാപിക്കുന്നതിനു ശേഷമുള്ള തിയതിയിലേക്ക് തയ്യാറാക്കുന്ന ലക്കത്തിൽ ഇത്തരമൊരു പരാമർശം വരാൻ പാടില്ലെന്ന് മുൻകൂട്ടി ശ്രദ്ധിക്കണമായിരുന്നു.
2. ഈ ശബാബ് അണിയറയിൽ ഒരുങ്ങുമ്പോൾ തന്നെ ഐക്യത്തെ കുറിച്ചും അണിയറയിൽ ധാരണയായിരുന്നു. കരാർ ഒപ്പിട്ടിരുന്നു.
3. ഡിസംബർ 20നു ഐക്യ സമ്മേളനം നടന്നതിനു ശേഷമാണ് ആ ലക്കം പ്രധാനമായും വിതരണം ചെയ്യപ്പെട്ടത് എന്നത് ഐക്യത്തെ പരുക്കേൽപ്പിക്കുന്നതായിരുന്നു.
4. പൊതുജനത്തിനറിയില്ലെങ്കിലും ശബാബിന്റെ ഉത്തരവാദപ്പെട്ടവർക്ക് ഐക്യചർച്ചയെ കുറിച്ച ധാരണയുണ്ടാവുമെന്ന നിലക്ക് ഈ പരാമർശം അറിയാതെ കടന്നുകൂടിയതാവാൻ തരമില്ല.
ഇത്രയുമാണ് ശബാബിനെ പ്രതിക്കൂട്ടിൽ നിർത്താൻ നിരത്തുന്ന കുറ്റപത്രം. ഇതിൽ കഴമ്പുണ്ടെന്ന് വാദത്തിന് സമ്മതിക്കുകയാണെങ്കിൽ പോലും, ആദ്യം കരാർ ലംഘിച്ചതിന്റെ ഉത്തരവാദിത്തം അൽമ‌നാറിനായി മാറുന്നതാണ് നമുക്ക് കാണാനാവുക. നമുക്ക് നോക്കാം.

ചക്കിനു വെച്ചത്....

മുജാഹിദ് ഐക്യം നടന്ന അതേ ഡിസംബർ മാസത്തിലെ അൽമനാർ മാസികയിൽ ഒരു ലേഖനത്തിൽ, ‘മാരണ പ്രവൃത്തി, ലക്ഷണം നോക്കൽ, പ്രശ്നം വെക്കൽ‘ എന്ന  ഉപശീര്‍ഷകത്തിനു താഴെ ഇപ്രകാരം എഴുതുന്നു: “മാരണ പ്രവൃത്തികൾക്ക് ‘സിഹ്ർ‘ എന്നാണ് അറബി. കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത നിഗൂഡമായ ചില കാര്യങ്ങളാൽ സംഭവിക്കുന്നതായതിനാലാണ് സിഹ്‌ർ എന്ന് പറയുന്നത്. സിഹ്‌റിനു പ്രതിഫലമുണ്ടാകും“(പേജ്: 50). ഐക്യത്തിന്റെ തിരുമുറ്റത്തെത്തി നിൽക്കുന്ന വേളയിൽ അകൽച്ചകൾ കുറക്കാനുള്ള സാധ്യതകളാരായുന്ന വേളയിൽ എന്തിനായിരുന്നു ഇങ്ങിനെയൊരു പരാമർശം നമ്മുടെ മുഖപത്രത്തിൽ എഴുതിച്ചേർത്തത്. ശബാബിൽ മറ്റൊരു വിഷയം പറയുന്നതിനിടക്ക് ഉദ്ധരിച്ച സാന്ദർഭികമായ ഒരു പരാമർശമാണ് ഇക്കൂട്ടർ വിവാദമാക്കിയതെന്ന് പറഞ്ഞല്ലോ. അതിലാവട്ടെ ഒരു തെറ്റുമില്ലെന്ന് അസ്ഗറലിയും ആണയിടുന്നു. എന്നാൽ അൽമനാറിലെ ഈ പരാമർശം അങ്ങിനെയല്ല. നേർക്ക് നേർ, ഒരു ശീർഷകം തന്നെ നൽകി സിഹ്‌റിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നു. അതും ഒരു വിഭാഗം തെറ്റാണെന്ന് ശക്തമായി വിശ്വസിക്കുന്ന ഒരു കാര്യത്തെ ശരിയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് കൊണ്ട് എഴുതിയിരിക്കുന്നു. ഇത് മനപ്പൂർവ്വം ഐക്യത്തിനു തുരങ്കം വെക്കാനുള്ള ഗൂഢ ശ്രമമായിരുന്നുവെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

ശബാബിനെ പ്രതിക്കൂട്ടിൽ നിർത്താൻ ഉന്നയിച്ച ന്യായവാദങ്ങളുടെ വെളിച്ചത്തിൽ നമുക്കീ ഉദ്ധരണിയൊന്ന് വിലയിരുത്താം.    

1. ഐക്യം പ്രഖ്യാപിക്കുന്നതിനു ശേഷമുള്ള തിയതിയിലേക്ക് തയ്യാറാക്കുന്ന ലക്കത്തിൽ ഇത്തരമൊരു പരാമർശം വരാൻ പാടില്ലെന്ന് മുൻകൂട്ടി ശ്രദ്ധിക്കണമായിരുന്നു എന്ന ന്യായം അൽമനാറിനും ബാധകമായിരുന്നു.
2. പ്രസ്തുത ലക്കം അണിയറയിൽ ഒരുങ്ങുന്നതിനു മുൻപ് തന്നെ ഐക്യത്തെ കുറിച്ചും അണിയറയിൽ ധാരണയായിരുന്നു. കരാർ ഒപ്പിട്ടിരുന്നു.ശബാബിനെ പ്രതിസ്ഥാനത്താക്കാൻ നടത്തിയ ഈ ആരോപണത്തിൽ യഥാർത്ഥത്തിൽ കുരുങ്ങുന്നത് അൽമനാറാണ്. “26.10.2016ലെ ചർച്ചയിലാണ് സിഹ്‌ർ വിഷയത്തിൽ യോജിച്ച തീരുമാനം ഉണ്ടായത്“ എന്ന് അസ്ഗറലി പുസ്തകത്തിൽ (പേജ്: 36) വ്യക്തമാക്കുന്നുണ്ട്. അതായത് നവമ്പർ ലക്കം അൽമനാർ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് ഐക്യക്കരാറിന്റെ ഭാഗമായി സിഹ്‌ർ സംബന്ധമായ ധാരണയുണ്ടാവുന്നത്. അതിനു ശേഷം ഒരു മാസം പിന്നിട്ടതിനു ശേഷമാണ് പരാ‌മൃഷ്ട വരികളുള്ള ഡിസംബർ ലക്കം അൽമനാർ ഇറങ്ങുന്നത്. അതായത്, സിഹ്‌ർ സംബന്ധമായ കരാർ ഉണ്ടായതിനു ശേഷമാണ് അൽമനാർ മാസിക തയ്യാറാക്കുന്നതും പുറത്തിറങ്ങുന്നതും.
3. ഡിസംബർ 20നു ഐക്യ സമ്മേളനം നടന്നതിനു ശേഷമാണ് ഡിസംബർ 23ന്റെ ശബാബ് പ്രധാനമായും വിതരണം ചെയ്യപ്പെട്ടത് എന്നത് ശബാബിനെതിരിൽ ആയുധമാക്കുമ്പോൾ അതേ മാനദണ്ഡത്തിൽ നമുക്ക് അൽമനാറിനെയും വിലയിരുത്താം.  ഒക്ടോബർ 26ന് സിഹ്‌ർ സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. ഡിസംബർ 5നു ഐക്യം ഔദ്യോഗികമായി സംഘടനാ ബോഡിയിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഡിസംബർ ലക്കം അൽമനാറാവട്ടെ ഡിസംബർ 5നു ശേഷമാണല്ലോ പുറത്തിറങ്ങുന്നത്.
4. പൊതുജനത്തിനറിയില്ലെങ്കിലും ശബാബിന്റെ ഉത്തരവാദപ്പെട്ടവർക്ക് ഐക്യചർച്ചയെ കുറിച്ച ധാരണയുണ്ടാവുമെന്ന നിലക്ക് ഈ പരാമർശം അറിയാതെ കടന്നുകൂടിയതാവാൻ തരമില്ല എന്ന ആരോപണവും അതിനു മുൻപേ അൽമനാറിനാണ് ബാധകമാവുക. ഒക്ടോബർ 26ന്റെ തീരുമാനം അൽമനാറിന്റെ ഉത്തരവാദപ്പെട്ടവർക്ക് അറിയാമായിരുന്നില്ലേ.
മാത്രമല്ല, ഡിസംബർ ലക്കം അൽമനാറിൽ വിവാദ പരാമർശം ഒരു അക്ഷരത്തെറ്റോടെയാണ് പ്രസിദ്ധീകരിച്ച് വന്നത്.  ‘സിഹ്‌റിനു പ്രതിഫലനമുണ്ടാകും‘ എന്നത് ‘ സിഹ്‌റിനു പ്രതിഫലമുണ്ടാകും‘ എന്നാണ് വന്നത്. ഇത്   2017 ജനുവരി ലക്കത്തിൽ, പ്രതിഫലനമുണ്ടാവുമെന്ന് തിരുത്തി വായിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് പത്രാധിപർ തന്നെ തിരുത്ത് നൽകി.(പേജ്:43). ഡിസംബർ ലക്കത്തിൽ വന്നത് യാദൃശ്ചികമോ അബദ്ധമോ ആയിരുന്നെങ്കിൽ ഇങ്ങിനെയൊരു തിരുത്ത് ജനുവരി ലക്കത്തിൽ വരില്ലായിരുന്നു. സിഹ്‌ർ വിഷയത്തിലെ ധാരണ ലംഘിച്ച് ഐക്യത്തിനു തുരങ്കം വെക്കാനുള്ള ശ്രമം ആദ്യമായി ഉണ്ടായത് അൽമനാറിൽ നിന്നാണെന്ന് വ്യക്തമാവാൻ ഇതിലപ്പുറം മറ്റെന്ത് തെളിവ് വേണം? ഇവകൊണ്ടൊക്കെ കണക്ക് കൂട്ടിയ അത്രക്ക് വലിയ പരുക്കൊന്നും സംഭവിക്കുന്നില്ല എന്ന് വന്നപ്പോഴാണ് വിചിന്തനത്തിൽ വിവാദ വിശദീകരണ ലേഖനം വന്നത്. ശബാബിലെയും അൽമനാറിലെയും തുടർപംക്തിയിൽ വന്ന ഓരോ പരാമർശത്തേക്കാൾ മാരകമായിരുന്നു അത്. ഐക്യത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ട് ശിൽപ്പികളും അത് പൊളിക്കാൻ നടത്തിയ ഔദ്യോഗിക ശ്രമം.
ചുരുക്കത്തിൽ ഏച്ചുകൂട്ടലിന്റെ മുഴച്ച്നിൽപ്പ് വികൃതമാക്കിയ ഐക്യത്തിനു മാരണത്തിന്റെ മാരക വിഷം പുരട്ടിയതും അതിന്റെ തകർച്ചക്ക് ആക്കം കൂട്ടിയതും ഐക്യ ശിൽപ്പികളെന്ന് ഊറ്റം കൊള്ളുന്നവർ തന്നെയാണ്.

ഒടുവിൽ

ദുർബ്ബലതകളും നിഗൂഡതകളും നിഴലിക്കുന്ന മുജാഹിദ് ഐക്യ ധാരണകളെ കുറിച്ച് കേട്ടമാത്രയിൽ തന്നെ സാധാരണക്കാരായ പ്രവർത്തകർക്ക് അതിൽ  വഞ്ചന മണത്തിരുന്നു. ആശങ്കകളും ആധികളുമായി അവർ നേതാക്കളെ ചോദ്യം ചെയ്തിരുന്നു. പക്ഷെ നിഷ്കളങ്കരായ പ്രവർത്തകർ നേതാക്കളുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ചു.
പിളർപ്പിന്റെ ഒന്നാം തിയതി തൊട്ടെ പുനരൈക്യം സ്വപ്നം കണ്ട് കഴിഞ്ഞവരാണ് മർക്കസുദ്ദ‌അവ പ്രവർത്തകർ. ‘ഞങ്ങളെ മുജാഹിദുകളായി അംഗീകരിച്ചാൽ തന്നെ ഐക്യം സാധ്യമാവു‘മെന്ന് പ്രസ്ഥാനത്തിന്റെ വേദികളിൽ നിന്ന് നിരവധി തവണ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ കാലക്രമത്തിൽ ആ പ്രഖ്യാപനത്തിന്റെ ഊക്ക്  കുറഞ്ഞ് വന്നിരുന്നുവെന്നത് നേര്. കാരണം മറ്റൊന്നുമായിരുന്നില്ല, പിളർപ്പിന്റെ മറവിൽ മൻഹജെന്ന പേരിൽ മറുപക്ഷത്ത് നടന്ന ഇറക്കുമതി യഥാർത്ഥത്തിൽ ഇസ്ലാഹി പ്രസ്ഥാനം നാളിതുവരെ പുലർത്തിപ്പോന്ന ആശയാദർശങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങളിലേക്കുള്ള കുതിച്ചുപോക്കായിരുന്നു. അത്, പ്രമാണബദ്ധവും ത്യാഗോജ്ജ്വലവുമായ ഇസ്ലാഹി മുന്നേറ്റങ്ങളിലൂടെ  കേരളത്തിന്റെ മണ്ണിൽ ഖബറടക്കപ്പെട്ട വികലവിശ്വാസങ്ങളിലേക്കുള്ള തിരിച്ച് പോക്കായിരുന്നു.
പുനരാനയിക്കപ്പെട്ട വിശ്വാസാചാര ജീർണ്ണതകൾക്ക് സലഫീ വിലാസം ചാർത്തപ്പെടുകയും ആ ആദർശ അട്ടിമറി പ്രസ്ഥാനത്തിന്റെ യശസ്സിനു പരുക്കേൽപ്പിക്കുകയും ചെയ്ത, പിളർപ്പാനന്തര മുജാഹിദ് സെന്ററിന്റെ രണ്ടാം എപ്പിസോഡ് യഥാർത്ഥത്തിൽ മുജാഹിദ് ഐക്യം എന്ന സ്വപ്നത്തിനു മുന്നിൽ വലിയ വിലങ്ങുതടിയാവുകയായിരുന്നു.
ആദർശ തലത്തിൽ പോലും വ്യക്തമായ അന്തരമുണ്ടെന്ന് നാടുനീളെ ആരോപണപ്രത്യാരോപണങ്ങളുന്നയിച്ച് നേർക്ക് നേരെ പോരടിച്ച് കഴിയുകയും ഒന്നര പതിറ്റാണ്ട് കൊണ്ട് പിളർപ്പിന്റെ പരുക്കുകളെ അതിജീവിച്ച് സ്വന്തമായ അസ്തിത്വവും വ്യക്തിത്വവും ആർജ്ജിച്ചെടുത്ത രണ്ട് പ്രസ്ഥാനങ്ങളാണല്ലോ ഒന്നിക്കാൻ ആലോചിച്ചത്. അത്തരമൊരാലോചനക്ക് സ്വാഭാവികമായും നൽകേണ്ട ഗൗരവവും ജാഗ്രതയും നൽകാതിരുന്നതിനാലാണ് പിച്ചവെക്കും മുൻപേ ഐക്യം കൂപ്പുകുത്തിയത്. ഏതൊക്കെയോ കുതന്ത്രക്കാരുടെ ഗൂഢാലോചനയായിരുന്നു ഐക്യമെന്ന സംശയമുണർന്നത് അങ്ങിനെയാണ്. ശിൽപ്പികൾ തന്നെ സംഹാര വേഷം കെട്ടിയതോടെ സംശയം ന്യായമായും ബലപ്പെട്ടു.
വിയോജിപ്പുകളിലെ അടിസ്ഥാന വിഷയങ്ങളിൽ വ്യക്തമായ തീർപ്പുണ്ടാവാതെ പുണരാൻ തീരുമാനിച്ചത് തന്നെ ദുരൂഹമാണെന്ന പല പ്രവർത്തകരുടെയും ആരോപണത്തിൽ കഴമ്പുണ്ടെന്ന അവസ്ഥയുണ്ടായത് യാദൃശ്ചികമായിരുന്നില്ല. ഒരു പ്രസവമൊക്കെ കഴിയുമ്പോഴേക്കും പെണ്ണ് നന്നായിക്കോളുമെന്ന് കരുതി, അവളുടെ സ്വഭാവദൂഷ്യങ്ങൾ പരിഗണിക്കാതെയും പരിഹരിക്കാതെയും ആരും കല്യാണം കഴിക്കാൻ നിശ്ചയിക്കില്ലല്ലോ. പാകപ്പെട്ടതിനു ശേഷം ഒന്നാവാമെന്ന ന്യായമായ നിർദ്ദേശങ്ങളെ പുറം‌കാൽ കൊണ്ട് തട്ടി, ഒന്നായതിനു ശേഷം പാകപ്പെടുമെന്ന മനപ്പായസവുമായി  രണ്ട് വർഷം പാകപ്പെടാനുള്ള കാലയളവായി നിശ്ചയിച്ചവർ എന്തായിരുന്നു ലക്ഷ്യമാക്കിയത്. 2019ൽ ജിന്നിലും സിഹ്‌റിലും എന്ത് തരം പാകപ്പെടലാണ് നിങ്ങൾ മനസ്സിൽ കണക്ക് കൂട്ടിയതെന്ന് രണ്ട് ‘ശിൽപ്പി‘കളോടും ചോദിച്ചാൽ ഒരേ ഉത്തരമാവുമോ ഉണ്ടാവുക? ഒരേ ഉത്തരമായാലും വ്യത്യസ്ത ഉത്തരമായാലും അത് ശിൽപ്പികളുടെ കപടമുഖമാണ് തുറന്ന് കാണിക്കുക.

വെറുതെ അറിഞ്ഞ് വെക്കാൻ:

  2016 മാർച്ച് 24, ജൂൺ 4, ഒക്ടോബർ 26എന്നീ തിയതികളിലാണ് സിഹ്‌ർ വിഷയത്തിൽ ചർച്ച നടക്കുന്നത്.
സിഹ്‌ർ സംബന്ധിച്ച് ഇരു പക്ഷങ്ങൾക്കുമിടയിൽ വിരുദ്ധാഭിപ്രായങ്ങൾ നിലനിൽക്കുന്നു എന്ന് ബോധ്യമായതിന്റെ പേരിൽ ചർച്ച അവസാനിപ്പിക്കാൻ പോലും ഇടക്ക് ധാരണയായിരുന്നുവെന്ന് പ്രവർത്തകരറിയാത്ത സത്യമായിരുന്നു. അതും ഈ പുസ്തകത്തിൽ(Page 35) രേഖപ്പെടുത്തിയിട്ടുണ്ട്.

 MA CMD

Comments