ആശയവൈകല്യം മറച്ച് വെക്കാൻ പരിഹാസം ആദർശമാക്കിയ ന്യൂമൂൺ വാദികൾ




ആശയവൈകല്യം മറച്ച് വെക്കാൻ പരിഹാസം ആദർശമാക്കിയ ന്യൂമൂൺ വാദികൾ

                                                                                                                   -മൻസൂറലി ചെമ്മാട്



ഗർഭിണികൾ ഡോക്ടറുടെ ചികിൽസ തേടിയാലും നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയാലുമൊക്കെ അത് ഒന്നാം നമ്പർ ശിർക്കാണെന്ന് വിളിച്ച് പറഞ്ഞ ഒരാളെ സഹോദരങ്ങൾക്ക് ഓർമ്മയുണ്ടാവുമല്ലോ. ഈ പുത്തൻ വാദമുൾപ്പെടെ പല വിഡ്ഡിത്തങ്ങളും വളരെ ആധികാരികമെന്ന മട്ടിൽ തട്ടിവിട്ടപ്പോഴും പകച്ച് മൂക്കത്ത് വിരൽ വെച്ചെന്നല്ലാതെ നമ്മളാരും അദ്ദേഹത്തെ ദൈവമെന്നോ ദൈവാവതാരമെന്നോ അഭിനവ പ്രവാചകനെന്നോ പരിഹസിച്ചില്ല. പലരുടെയും വിഡ്ഡിത്തങ്ങളുടെ കൂട്ടത്തിൽ ഒന്നായി മുസ്ലിം കേരളം ഒന്നടങ്കം അതിനെ അവഗണിച്ച് തള്ളുകയായിരുന്നു. തന്റെ വീക്ഷണം ഉൾക്കൊള്ളാത്തവരെ അതിരൂക്ഷമായ ഭാഷയിൽ ആക്ഷേപിക്കുന്ന ടിയാന്റെ ഒരു കുറിപ്പ് ഇന്ന്(22.05.2020) ശ്രദ്ധയില്പെട്ടു. കേരളത്തിലെ മുജാഹിദ് നേതാക്കളെ ദൈവങ്ങളെന്നൊക്കെ പരിഹസിച്ചാണ് ഇയാൾ തന്റെ പുതിയ അബദ്ധം എഴുന്നള്ളിച്ചിരിക്കുന്നത്. അതൊന്ന് വായിക്കാം:

“"സൂര്യൻ അസ്തമിക്കുന്നതിന്റെ  മിനിറ്റുകൾക്ക് മുമ്പ് വെള്ളിയാഴ്ച ചന്ദ്രൻ അസ്തമിച്ചു പോകുന്നതിനാൽ ശനിയാഴ്ചയല്ല, ഞായറാഴ്ചയായിരിക്കും പെരുന്നാൾ" എന്ന്‌ 'ദൈവങ്ങൾ' പ്രഖ്യാപിച്ചിരിക്കുന്നു!  ഈ ദൈവങ്ങളോടും അവരിൽ വിശ്വസിക്കുന്നവരോടും ചോദിച്ചോട്ടെ : ശനിയാഴ്ച ചന്ദ്രൻ ആകാശത്തുണ്ട് എന്ന് നിങ്ങൾ സമ്മതിച്ചില്ലേ. പിന്നെ ചന്ദ്രൻ ചെയ്ത കുറ്റമെന്താണ്? സൂര്യന്റെ മുന്നിൽ നടന്നുകളഞ്ഞുവല്ലേ? പ്രിയപ്പെട്ട ദൈവങ്ങളേ, 'ദൈവ' വിശ്വാസികളേ, പുതിയ ചന്ദ്രൻ ആകാശത്തുദിച്ചാൽ മാസം മാറുമെന്നാണ് ഒറിജിനൽ ദൈവം പറയുന്നത് കൂട്ടരേ. ശനിയാഴ്ചയുടെ പുതുചന്ദ്രപ്പിറവി മനുഷ്യദൈവങ്ങളും സമ്മതിച്ചസ്ഥിതിക്ക് സൂര്യന്റെ മുന്നിൽ നടന്നുകളഞ്ഞു എന്ന ഒരേയൊരു നിസ്സാര തെറ്റിന്റെ പേരിൽ അല്ലാഹുവിന്റെ സൃഷ്ടികളെ ഇത്രത്തോളം ശിക്ഷിക്കാമോ! ഈ 'ദൈവ'ങ്ങളിൽ  വിശ്വസിക്കുന്നവരോട്: ഒറിജിനൽ ദൈവത്തിന്റെ മുമ്പിലെത്തുമ്പോൾ ഇവർ നിങ്ങളെ വിട്ടൊഴിയും! തീർച്ച.“ --  പി എ കരീം
ഹറാമും ഹലാലും, ശിർക്കും തൗഹീദുമൊക്കെ തന്റെ വെളിപാടനുസരിച്ച് അസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഒരാളുടെ ഈ ജല്പനം എത്രത്തോളം വിലകുറഞ്ഞതാണ്. അറിവില്ലായ്മ ഒരലങ്കാരമായി കാണുകയാണ് ഇങ്ങേര്. ഹിജ്രി കമ്മിറ്റിക്ക് വേണ്ടിയാണിങ്ങേരിങ്ങിനെയൊക്കെ പറയാറുള്ളതെങ്കിലും ഇതുൾപ്പെടെയുള്ള ഇങ്ങേരുടെ പല വാദങ്ങൾക്ക് മുന്നിലും ഹിജ്രിക്കാർ പോലും ലജ്ജിച്ച് തലതാഴ്ത്താറാണ് പതിവ്.

എന്താണ് വസ്തുത, നമുക്കൊന്ന് നോക്കാം. പുതിയ ചന്ദ്രൻ ആകാശത്തുദിച്ചാൽ മാസം മാറുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടെന്നും ശനിയാഴ്ചയുടെ പുതുപ്പിറവി ലോകം അംഗീകരിച്ചിരിക്കേ ആ ചന്ദ്രൻ സൂര്യാസ്തമത്തിനു മുൻപേ അപ്രത്യക്ഷമായതിന്റെ പേരിൽ പുതിയ മാസം ആരംഭിക്കാത്തത് സ്വയം ദൈവം ചമയലാണ് എന്നുമൊക്കെയാണല്ലോ കരീം സാഹിബ് ഇവിടെ ആരോപിച്ചിരിക്കുന്നത്. ശനിയാഴ്ചയുടെ പുതുപ്പിറവി എന്ന് അദ്ദേഹം പരാമർശിക്കുന്നത് ന്യൂമൂൺ ആണ്. എപ്പോഴാണ് ശനിയാഴ്ചയിലെ ന്യൂമൂൺ എന്ന് പോലും അദ്ദേഹത്തിനു വലിയ പിടിയില്ലെന്ന് സാരം. 

ഇന്നത്തെ(22.05.20) ന്യൂമൂണിന്റെ സമയം ഹിജ്രി കമ്മിറ്റിയുടെ കലണ്ടറിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണല്ലോ. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ  ആഗോള സമയം ഇത്ര മണിക്ക് ന്യൂമൂൺ സംഭവിക്കുന്നതിനാൽ അടുത്ത ദിവസം പുതിയ മാസം ആരംഭിക്കുന്നു എന്നായിരുന്നു ഹിജ്രി കമ്മിറ്റിയുടെ അറിയിപ്പ്.  അതിലെ തട്ടിപ്പ് പിടികൂടിയപ്പോൾ മറ്റ് പലതിലെന്ന പോലെ ഇക്കാര്യത്തിലും ഹിജ്രിക്കാർ ചുവട് മാറ്റി. ഇപ്പോൾ ‘ഉർജൂനുൽ ഖദീം‘ എന്ന്  പറഞ്ഞാണിപ്പോൾ അറിയിപ്പ്. അതുകൊണ്ടാവും കരീം സാഹിബ്  ന്യൂമൂൺ സമയം ശ്രദ്ധിക്കാതെ പോയത്. ആഗോള സമയം 17.39നാണ് ഇന്ന്(22.05.2020) ന്യൂമൂൺ സംഭവിക്കുന്നതെന്ന് ഹ്ജ്രി കമ്മിറ്റിയുടെ കലണ്ടറിലും എഴുതി വെച്ചിട്ടുണ്ട്. അതനുസരിച്ച് ന്യൂമൂൺ സംഭവിക്കുമ്പോൾ ഇന്ത്യക്കാരായ നമുക്ക് സമയം രാത്രി 11.09. അതായത് മുസ്ലിംകൾ മാനത്ത് പിറവിയന്വേഷിക്കുന്ന മഗ്‌രിബിന് പുതുചന്ദ്രപ്പിറവി ഉണ്ടായിട്ടില്ല. എന്നിട്ടാണ് കരീം സാഹിബ്, ശനിയാഴ്ചയുടെ പുതുചന്ദ്രപ്പിറവി മനുഷ്യ ദൈവങ്ങളും സമ്മതിച്ച സ്ഥിതിക്ക് സൂര്യന്റെ മുന്നിൽ നടന്നുകളഞ്ഞു എന്ന ഒരേയൊരു നിസ്സാര തെറ്റിന്റെ പേരിൽ അതിനെ മാസമാറ്റത്തിനു പരിഗണിച്ചില്ല എന്ന മഹാ അബദ്ധം പറയുന്നത്. എന്ത് ചെയ്യാം, എതിരാവണം എന്നത് ആദർശമായിക്കൊണ്ട് നടക്കുമ്പോൾ അല്പം അന്ധതയൊക്കെ നടിക്കേണ്ടി വരുമല്ലോ
.
ഇസ്ലാം മാസമാറ്റത്തിന്റെ മാനദണ്ഡമായി പഠിപ്പിച്ചത് ഹിലാലിനെയാണ്. പ്രവാചകന്റെ കാലത്ത് അതിന്റെ സാന്നിധ്യം നോക്കി ഉറപ്പ് വരുത്തി തന്നെയായിരുന്നു അത് ഉറപ്പിച്ചിരുന്നത്. ഹിജ്രിക്കാരുടെ പുസ്തകങ്ങളിൽ ഇക്കാര്യം പലയിടങ്ങളിലായി അംഗീകരിക്കുന്നുണ്ട്. (വാദവും പ്രമാണവും ഒത്ത് പോവാതെ വന്നപ്പോൾ ഈ വിഷയത്തിലും പിന്നീട് പല കരണം മറിച്ചിലുകൾ കൊണ്ടിരിക്കുന്നുണ്ട്). ഒരു ഉദാഹരണം നോക്കാം: 
“അപ്പോൾ കണക്ക് അറിയാത്ത സമൂഹത്തോട് കാഴ്ച ചന്ദ്രമാസത്തിന്റെ മാറ്റം നിർണയിക്കാൻ അവലംബമാക്കാമെന്ന് നബി(സ) പറയുമ്പോൾ കണക്ക് അറിയുന്ന സമൂഹത്തിന് ഖണ്ഡിതവും സുദൃഢവുമായ അറിവ് ലഭിക്കുന്ന കണക്കിനെ അവലംബിക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ല.“- (ഹിജ്രി കമ്മിറ്റി പുറത്തിറക്കിയ ‘മാസാരംഭം പ്രമാണങ്ങളിൽ, പേജ്: 37).
ഇത് ശരിയാണ്. അന്ന് കാഴ്ചയെ അവലംബിച്ച് കണ്ടെത്തിയിരുന്ന ഹിലാലിനെ ഇന്ന് ഖണ്ഡിതമായ കണക്ക് കൊണ്ട് കണ്ടെത്താമെന്ന ആശയം ഒരു ഗവേഷണ വിഷയം എന്ന നിലക്ക് പരിഗണനീയമാണ്. പക്ഷെ ഹിജ്രി കമ്മിറ്റിയുടെ മാനദണ്ഡം ഈ അടിസ്ഥാനത്തിലുള്ളതാണോ? അവലംബിക്കുന്നത് കാഴ്ചയെ ആയാലും കണക്കിനെ ആയാലും കിട്ടുന്നത് ഒരേ ഉത്തരമാവുമ്പോഴേ മുസ്ലിംകൾക്ക് അത് സ്വീകാര്യമാവൂ. പ്രായോഗികത മാത്രമല്ല പ്രാമാണികത കൂടി നമുക്ക് പരിഗണിക്കേണ്ടതുണ്ട്. മണിക്ഫാൻ സാഹിബ് എന്ത് പറഞ്ഞു എന്നല്ലല്ലോ അല്ലാഹുവിന്റെ പ്രവാചകൻ എന്ത് പഠിപ്പിച്ചു എന്നല്ലേ നമുക്ക് നോക്കാനാവൂ. അതിന്റെ പേരിൽ പരിഹാസങ്ങളും ദൈവങ്ങളെന്ന കുത്തുവാക്കുകളും കേൾക്കുന്നത് ഒരിക്കലും ഒരു വിഷയമാവില്ല.

പ്രവാചകന്റെ കാലത്ത് നിഴലുകൾ നിരീക്ഷിച്ച് നമസ്കാര സമയം നിർണയിച്ചിടത്ത് ഇന്ന് നമ്മൾ കണക്ക് ഉപയോഗപ്പെടുത്തി നമസ്കാര സമയം മുൻകൂട്ടി പ്രസിദ്ധീകരിക്കുന്നു. ഇപ്പോൾ നമ്മൾ അവലംബിക്കുന്ന കണക്ക് തൽക്കാലം മാറ്റിവെച്ച് നിഴലിനെ ആശ്രയിച്ചാലും നമ്മുടെ സമയത്തിനു ഒരു മാറ്റവുമുണ്ടാവില്ല എന്ന് ഉറപ്പാണല്ലോ. ഇതേ അവസ്ഥയായിരിക്കണം മാസ നിർണയത്തിനു കണക്കുപയോഗിക്കുമ്പോഴും. പക്ഷെ കരീം സാഹിബ് ഉയർത്തിപ്പിടിക്കുന്ന ആ പോരിശയാക്കപ്പെട്ട സിദ്ധാന്ത പ്രകാരം അങ്ങിനെ ഒരു ഒത്തുവരലുണ്ടാവുമെന്ന് അവകാശപ്പെടാൻ പറ്റുമോ? ഒരിക്കലുമില്ല, കാരണം പ്രവാചകന്റെയും ഹിജ്രി കമ്മിറ്റിക്കാരുടെയും മാനദണ്ഡങ്ങൾ തന്നെ വ്യത്യസ്ഥമാണ്. പ്രവാചകൻ ഹിലാലിനെ മാസമാറ്റത്തിന്റെ മാനദണ്ഡമായി പഠിപ്പിച്ചപ്പോൾ ഹിജ്രി കമ്മിറ്റി മാസമാറ്റത്തിന്റെ മാനദണ്ഡം മിഹാഖാണെന്ന് മാറ്റിയെഴുതി. ഫലമോ രണ്ട് മാനദണ്ഡങ്ങളിലൂടെ കണ്ടെത്തുന്ന തിയതികളും സ്വാഭാവികമായും വ്യത്യസ്ഥമായി.

ഈ വൈരുദ്ധ്യം വളരെ ലളിതമായി മനസ്സിലാക്കാൻ ഒരുദാഹരണം പറയാം, ഹിജ്‌റ 10ാം വര്‍ഷം ദുല്‍ഹിജ്ജ 9 (AD 632 മാർച്ച് 6) വെളളിയാഴ്ചയായിരുന്നു നബി(സ)യുടെ പ്രസിദ്ധമായ അറഫ എന്ന് തെളിയിക്കുന്ന മൂന്ന് ഹദീഥുകള്‍ ഇമാം ബുഖാരി 45, 4604, 7268 നമ്പറുകളിലായി ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിം പണ്ഡിതന്‍മാര്‍ നിരാക്ഷേപം അംഗീകരിച്ച ഒരു വിഷയമാണിത്. എന്നാൽ ഹിജ്രികമ്മിറ്റി ഉയർത്തിക്കാണിക്കുന്ന കലണ്ടറനുസരിച്ചാണെങ്കിൽ ഏത് ദിവസമായിരിക്കും ആ വർഷത്തെ ദുല്‍ഹജ്ജ് 9 എന്ന് പരിശോധിക്കുക. എ ഡി 632 ഫെബ്രുവരി 25 ചൊവ്വാഴ്ച രാത്രിയാണ് അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍ അഥവാ കറുത്ത വാവ്. ഹിജ്‌റ കമ്മിറ്റിയുടെ കലണ്ടറനുസരിച്ച് ഫെബ്രുവരി 26 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നാവണം. അപ്പോള്‍ ദുല്‍ഹജ്ജ് 9 വ്യാഴാഴ്ചയാവണം. പക്ഷെ നബി(സ) അറഫയില്‍ സമ്മേളിച്ചത് വെളളിയാഴ്ചയായിരുന്നല്ലോ. അതാണ് പറഞ്ഞത് പ്രവാചകൻ പഠിപ്പിച്ച മാനദണ്ഡമല്ല ഹിജ്രിക്കാർ അവലംബിക്കുന്നതെന്ന്.

പ്രവാചകന്റെ അറഫ തെറ്റായ ദിവസത്തിലായിരുന്നെന്ന് പറയാൻ പോലും പലപ്പോഴും ഇവർ മടി കാണിക്കാറില്ല. അന്നത്തെ സംവിധാനത്തിന്റെ അപര്യാപ്തത കൊണ്ട് പ്രവാചകന് തെറ്റ് സംഭവിച്ച് കാണുമെന്നും അത് പടച്ചവൻ വിട്ടുകൊടുക്കുമെന്നും ഒരിക്കൽ ഒരു ഹിജ്രി നേതാവ് ചർച്ചക്കിടെ ഈ കുറിപ്പുകാരനോട് പറയുകയുണ്ടായി. ഇസ്ലാമിക പ്രമാണങ്ങളെയും ചരിത്രത്തെയും കുറിച്ച അജ്ഞതയെന്നല്ലാതെ എന്ത് പറയാൻ. ഈ ന്യായത്തിന്റെ ബലത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് പലപ്പോഴായി അറഫാ ദിനത്തിന്റെ തലേന്ന് യഥാർത്ഥ അറഫദിനമെന്ന് പറഞ്ഞ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ചില ഹിജ്രിക്കാർ ഹജ്ജിനിടെ സമാന്തര അറഫ നടത്താറുണ്ടെന്നത് എത്രമാത്രം ഗൗരവമാണ്.

ന്യൂമൂൺ ആണ് മാസമാറ്റത്തിന്റെ മാനദണ്ഡമെന്നും അത്  കണക്കാക്കാൻ നബി(സ)യുടെ കാലത്ത് മാർഗ്ഗങ്ങളുണ്ടായിരുന്നില്ലെന്നും  വാദിച്ചാൽ പോലും, ഇസ്ലാമിൽ വളരെ പ്രധാനമുള്ള ഒരു മാനദണ്ഡമെന്ന നിലക്ക് അത് വഹ്‌യ് മുഖേനയെങ്കിലും പഠിപ്പിക്കപ്പെടുമായിരുന്നു. നജ്ജാശി രാജാവിന്റെ മരണം, പ്രവാചകൻ നിയോഗിച്ചയച്ച സ്വഹാബികൾ കൊല്ലപ്പെട്ട സംഭവം എന്നിവയിലൊക്കെ അല്ലാഹു വഹ്‌യ് ഉപയോഗപ്പെടുത്തിയത് നമുക്കറിയാം. അവരുടെ മയ്യിത്ത് നമസ്കാരം ഭൂമിയിൽ നിർവ്വഹിക്കപ്പെടുക എന്ന അനിവാര്യത നടപ്പാവണമെങ്കിൽ അവരുടെ മരണ വിവരം മുസ്ലിംകളറിയേണ്ടതുണ്ട്.  ഇന്നാണെങ്കിൽ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ വഴി നിമിഷങ്ങൾക്കുള്ളിൽ ആ വിവരം ലോകം മുഴുവനുമെത്തുമായിരുന്നു. അക്കാലത്ത് ആ വിവരമറിയാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. അതുകൊണ്ട് വഹ്‌യ് മുഖേന അല്ലാഹു റസൂൽ(സ)യെ വിവരമറിയിച്ചു.

മറ്റൊരു സംഭവം, നൂഹ് നബി(അ)യുടെ കപ്പൽ നിർമ്മാണം. ഇന്നാണെങ്കിൽ ഒരു കൂറ്റൻ കപ്പൽ നിർമ്മിക്കാനാവശ്യമായ ശാസ്ത്രീയ വിവരങ്ങൾ ലോകം സ്വായത്തമാക്കിയിട്ടുണ്ട്. പക്ഷെ അന്നോ? അത് സംബന്ധമായ വിജ്ഞാനം ആയിട്ടില്ല. അതുകൊണ്ട് ആ അനിവാര്യ ഘട്ടത്തിൽ വഹ്‌യ് മുഖേന ആ വിവരം  അല്ലാഹു നൂഹ് നബി(അ)യെ അറിയിച്ചു. പിൽക്കാലത്ത് അറിവും സൌകര്യവും ഒക്കെ വരുമായിട്ടും അന്ന് വഹ്‌യിലൂടെ അവയൊക്കെ അറിയിച്ചത് ആ വിഷയങ്ങളുടെ പ്രാധാന്യം കൂടി പരിഗണിച്ചിട്ടാണല്ലോ. എന്നാൽ, ന്യൂമൂൺ ഇന്ന ദിവസമാണെന്ന് ഒരിക്കൽ പോലും പ്രവാചകൻ പറഞ്ഞിട്ടില്ല. മറിച്ച് ആർക്കും കണ്ടെത്താനും മനസ്സിലാക്കാനും കഴിയുന്ന ഹിലാലിനെയാണ് പ്രവാചകൻ മാസാരംഭത്തിന് അടിസ്ഥാനമാക്കാൻ പഠിപ്പിച്ചത്. ഏത് കാലഘട്ടത്തിലും ഏത് തരം സമൂഹത്തിലും പ്രായോഗികവും ലളിതവുമായ മാർഗ്ഗം. ഒരു വേള മനുഷ്യന്റെ അറിവ് പൂർണ്ണമായും ഉയർത്തപ്പെട്ടാലും മനുഷ്യർക്ക് തുടർന്ന് പോകാവുന്ന രീതി. അതാണ് ഹിലാൽ ദർശനം. അതാണ് പ്രവാചകാധ്യാപനം.
.
ഇനി, ന്യൂമൂണാണ് മാസമാറ്റത്തിന്റെ മാനദണ്ഡം എന്ന് വാദത്തിനു സമ്മതിച്ചാൽ പോലും ശനിയാഴ്ച പെരുന്നാളാക്കാമോ? നമ്മെ സംബന്ധിച്ചിടത്തോളം 2020 മെയ് 22 രാത്രി  11.09 ആണ് ന്യൂമൂൺ നടക്കുമ്പോഴത്തെ സമയം എന്ന് പറഞ്ഞല്ലോ. പിറവിയന്വേഷിക്കാനുള്ള പ്രവാചകാധ്യാപനത്തെ മുൻ നിർത്തി മെയ് 23നു പെരുന്നാളാക്കാമോ? എപ്പോഴാണ് പിറവി അന്വേഷിക്കേണ്ടത്? എവിടെയാണ് പിറവി അന്വേഷിക്കേണ്ടത്? പ്രാമാണികമായി ഈ ചോദ്യങ്ങളുടെ ഉത്തരം ഹിജ്രിക്കാരുടെ വാദങ്ങളെ പൊളിക്കുന്നതാണെന്ന് മനസ്സിലാക്കിയപ്പോൾ പിൽക്കാലത്ത് അതും അവർ സ്വന്തം താല്പര്യപ്രകാരം മാറ്റി. മാസം 28നു സുബ്‌ഹിക്ക് കിഴക്കൻ ചക്രവാളത്തിലാണ് ‘ഹിലാൽ‘ നോക്കേണ്ടത് എന്ന പുത്തൻ വാദം കൊണ്ട് തങ്ങളുടെ കലണ്ടറിനെ നിലനിർത്താൻ ഒരു ശ്രമം നടത്തുകയാണ് ഹിജ്രിക്കാർ. എന്നാൽ പ്രവാചകന്റെ ചര്യയാണല്ലോ ഇക്കാര്യത്തിലും മുസ്ലിംകൾക്ക് സ്വീകാര്യം. എന്തായിരുന്നുവത്. ഹിജ്രിക്കാർ തന്നെ പറയട്ടെ.
“നാഫി‌അ്(റ) ഇബ്‌നു ഉമറിൽ നിന്ന് നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ ദൂതൻ അരുളി: മാസം ഇരുപത്തി ഒമ്പതാണ്. അതിനാൽ നിങ്ങൾ നവചന്ദ്രനെ കാണുന്നത് വരെ നോമ്പനുഷ്ഠിക്കുകയോ നോമ്പ് മുറിക്കുകയോ ചെയ്യരുത്. നിങ്ങളുടെ മേൽ മേഘാവൃതമായാൽ നിങ്ങൾ അതിനെ കണക്കാക്കുവിൻ..............നാഫി‌അ്(റ) നിവേദനം: ശ‌അബാൻ ഇരുപത്തി ഒമ്പതായാൽ മാസപ്പിറവി നോക്കാൻ വേണ്ടി ഇബ്‌നു ഉമർ വ്യക്തികളെ നിയോഗിക്കും കണ്ടാൽ നോമ്പ് പിടിക്കും. ആകാശത്തിന്റെയും തന്റെ കാഴ്ചയുടെയും ഇടയിൽ മേഘമോ പൊടിപടലമോ ഇല്ലാത്ത പക്ഷം നോമ്പ് പിടിക്കുകയില്ല. എന്നാൽ മേഘമോ പൊടിപടലമോ ഉണ്ടായാൽ നോമ്പ് പിടിക്കുകയും ചെയ്യും.(അന്നസാ‌ഇ, അഹ്‌മദ്). ഈ ഹദീസുകളുടെ പരമ്പര വളരെയധികം സ്വഹീഹാണെന്ന് പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇബ്നു ജൗസി(റ) വ്യക്തമാക്കിയിട്ടുണ്ട്.“- ഹിജ്രി കമ്മിറ്റി പുറത്തിറക്കിയ ‘ചന്ദ്രമാസ നിർണയം കണക്കും കാഴ്ചയും‘ എന്ന പുസ്തകം, പേജ്:50, 51). ‘മാസാരംഭം പ്രമാണങ്ങളിൽ‘ എന്ന പുസ്തകത്തിലും സമാന പരാമർശമുണ്ട് (പേജ്:161).
അതായത്, മാസം 29നാണ്  ആളുകൾ മാസപ്പിറവി നോക്കാൻ നിയോഗിക്കപ്പെടുന്നത്. ഹിജ്രി കമ്മിറ്റിയുടെ നിലപാടനുസരിച്ചാണെങ്കിൽ ഹിലാൽ നോക്കേണ്ടത് മാസം 28നാണ്, അതാവട്ടെ സുബ്‌ഹിക്കും കിഴക്കൻ ചക്രവാളത്തിലുമാണ്. എന്നാൽ ഇതിനു വിരുദ്ധമായിരുന്നു പ്രവാചകന്റെ അനുയായികളും പിൻഗാമികളും പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിൽ അനുവർത്തിച്ച് പോന്നിരുന്നത് എന്നാണ് , കുറ്റമറ്റതെന്ന് ഹിജ്രി കമ്മിറ്റി തന്നെ പരിചയപ്പെടുത്തുന്ന മേൽ ഹദീസിൽ നിന്ന് വ്യക്തമാവുന്നു. മാസം 29ന് ‘നവചന്ദ്രനെ‘(പിറവി ) അന്വേഷിക്കുമ്പോൾ അത് സ്വാഭാവികമായും സൂര്യാസ്തമയ സമയത്ത് തന്നെയാവണം. അതാവട്ടെ പടിഞ്ഞാറൻ ചക്രവാളത്തിലുമാവണം. കിഴക്കൻ ചക്രവാളത്തിൽ 28നു പുലരിയിൽ ഹിജ്രിക്കാർ അന്വേഷിക്കുന്ന ‘നവചന്ദ്രനെ‘യുമല്ല എന്നത് കൂടിയാവുമ്പോൾ നബിചര്യയല്ല ഹിജ്രി നിലപാടിന്റെ മാനദണ്ഡം എന്ന് കൃത്യമായി ബോധ്യമാകും. മഗ്രിബ് സമയത്ത് മാസപ്പിറവി നോക്കാൻ ആളെ നിയോഗിച്ചയക്കുന്നതിനു ഇസ്ലാമിൽ വല്ല തെളിവുമുണ്ടോ എന്ന് വലിയ വായിൽ ചോദിക്കുന്ന വിഭാഗമാണ് അതിന്റെ ഉത്തരം ഇത്ര വ്യക്തമായി സ്വന്തം പുസ്തകത്തിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നത് എന്നത് മറ്റൊരു തമാശ.

‘മാസാരംഭം പ്രമാണങ്ങളിൽ‘ എന്ന പുസ്തകത്തിലെ മറ്റൊരു പരാമർശം കൂടി വായിക്കാം: “ഇബ്‌നു അനസ്(റ)നിവേദനം. “ശവ്വാൽ മാസപ്പിറവി ഞങ്ങളുടെ മേൽ മറക്കപ്പെട്ടു. അതിനാൽ ഞങ്ങൾ നോമ്പനുഷ്ഠിക്കുന്നവരായി പ്രഭാതത്തിൽ പ്രവേശിച്ചു. അങ്ങിനെ ഒരു ഒട്ടകസംഘം പകലിന്റെ അന്ത്യത്തിൽ വരികയും ഇന്നലെ മാസം കണ്ടതായി നബി(സ)യുടെ അടുത്ത് സാക്ഷ്യം വഹിക്കുകയും ചെയ്തു. അപ്പോൾ നബി(സ) അവരോട്  നോമ്പ് മുറിക്കാൻ കൽപ്പിച്ചു. നാളെ ഈദ്ഗാഹിലേക്ക് പുറപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു.“ (പേജ് 19).
ഹിജ്രി കമ്മിറ്റി പുറത്തിറക്കിയ പുസ്തകങ്ങളിലുടനീളം ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ അവരുടെ വാദങ്ങളും ഇസ്ലാമികാധ്യാപനങ്ങളും പരസ്പര വിരുദ്ധമാണെന്നതിനു തെളിവായി കാണാനാവും. എല്ലാ ദിവസവും ചന്ദ്ര നിരീക്ഷണം നടത്തി കൃത്യമായ തിയതി കണ്ടെത്തുകയായിരുന്നു പ്രവാചകന്റെ രീതി എന്ന് പറഞ്ഞ് മാസാവസാനം പിറവി നോക്കുന്നതിനെ പരിഹസിക്കുന്ന ഹിജ്രിക്കാർ തന്നെ ആണ് ഇതും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘ഇന്നലെ‘ മാസം കണ്ടതായി ൊരു പറ്റമാളുകൾ സാക്ഷ്യം വഹിച്ചപ്പോൾ പ്രവാചകൻ ‘ഇന്നത്തെ‘ തിയതിയാണ് ശവ്വാൽ ഒന്നായി പ്രഖ്യാപിച്ചത്. അപ്പോൾ അവർ മാസമറ്റത്തിനു അവലംബിച്ചത് ഏതായാലും ഹിജ്രിക്കാർ അവലംബിക്കുന്ന ‘ഉർജൂനുൽ ഖദീമി‘നെയല്ലെന്ന് വ്യക്തം.
പറഞ്ഞ് വന്നത്, ഹിജ്രി കമ്മിറ്റിക്കാർ പറയുന്നത് കേട്ട് മെയ് 23നു എന്ത് കൊണ്ട് മുസ്ലിംകൾക്ക് പെരുന്നാളായി പരിഗണിക്കാനായില്ല എന്നതാണ്. റമദാൻ 29 ആവുമ്പോൾ സൂര്യാസ്തമയ സമയത്ത് ചക്രവാളത്തിൽ ഹിലാലുണ്ടോ എന്നായിരുന്നു പ്രവാചകനും സ്വഹാബത്തും അന്വേഷിച്ചിരുന്നത്. അവർക്കത് കാണാനായില്ലെങ്കിൽ തുടർന്നുള്ള സമയം റമദാൻ 30ന്റേതായി അവർ പരിഗണിക്കും. മുപ്പതാമത്തെ ഖിയാമു റമദാൻ നിർവഹിക്കും. പുലർച്ചെ മുപ്പതാമത്തെ അത്താഴം കഴിക്കും. പകൽ മുപ്പതാമത്തെ നോമ്പനുഷ്ഠിക്കും. അഥവാ 29ന് മാസം കണ്ടാലോ, ഖിയാമു റമദാൻ അവസാനിപ്പിക്കുന്നു. അത്താഴം കഴിക്കുന്നില്ല. തക്ബീർ മുഴക്കുന്നു. തൊടട്ടുത്ത പകൽ പെരുന്നാൾ നമസ്കാരത്തിനായി ഒത്തു ചേരുന്നു. മെയ് 22ന് മഗ്‌രിബിന്റെ സമയത്ത് ലോകത്ത് ഒരിടത്തും പുതുചന്ദ്രൻ പിറന്നിട്ടില്ല. അഞ്ച് മണിക്കൂറോളം കഴിഞ്ഞാണ് ന്യൂമൂൺ സംഭവിക്കുന്നത് തന്നെ. ഇങ്ങിനെ പിറക്കാനിരിക്കുന്ന ഹിലാലിന്റെ പേരിൽ മുൻകൂട്ടി മാസം മാറ്റുന്നതിന് പ്രവാചകനിൽ നിന്ന് വല്ല മാതൃകയുമുണ്ടോ? ഏതെങ്കിലും ഹിജ്രി കമ്മിറ്റിക്കാരൻ കോഴിക്കോട്ടങ്ങാടിയിലെ ഓഫീസിലിരുന്ന് ഒരു പ്രസ്താവന ഇറക്കിയാൽ പ്രവാചകാധ്യാപനങ്ങളെ അട്ടിമറിച്ച് പുതിയ മാനദണ്ഡങ്ങൾ തേടിപ്പോവാൻ മാത്രം വിഡ്ഡികളല്ല മുസ്ലിംകൾ എന്ന് കരീം സാഹിബ് മനസ്സിലാക്കുക.
നിലവിലുള്ള കലണ്ടറുകളുടെ കൂട്ടത്തിൽ ഒരു കലണ്ടറായി മണിക്ഫാൻ സാഹിബ് ഉയർത്തിക്കാട്ടുന്ന ആഗോള കലണ്ടറിനെ പരിഗണിക്കാം. താരത‌മ്യേന ശാസ്ത്രീയവും പ്രായോഗികവുമാണതെന്ന് സമ്മതിക്കാം. പക്ഷെ ഇസ്ലാമികാനുഷ്ടാനങ്ങൾക്ക് അടിസ്ഥാനമാക്കാൻ പടച്ചവൻ നിർദ്ദേശിച്ച കലണ്ടറാണിതെന്ന് പറയണമെങ്കിൽ അത് പ്രാമാണികമാവണം. ഇന്ന് വരെ മതാധ്യാപനങ്ങളും കൃത്യമായ ചരിത്ര വസ്തുതകളും ഉദ്ധരിച്ച് ഇതിന്റെ പ്രാമാണികത തെളിയിക്കാൻ ഹിജ്രി കമ്മിറ്റിക്കാർക്കായിട്ടില്ല. അതൊട്ട് കഴിയുകയുമില്ല. കാരണം ഇത് പ്രവാചക നടപടിക്രമങ്ങളുടെ പൊളിച്ചെഴുത്താണ്. ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന അഡ്ജസ്റ്റ്മെന്റ് സിദ്ധാന്തമാണ് ഈ കലണ്ടറിനെ മതവൽക്കരിക്കാൻ സാഹസപ്പെടുന്നവർ അവതരിപ്പിക്കുന്നത്.
ന്യൂമൂണനുസരിച്ച് വ്യാഴാഴ്ച നടക്കേണ്ട അറഫ പ്രവാചകൻ ആചരിക്കുന്നത് വെള്ളിയാഴ്ചയാണെന്ന് സ്വീകാര്യമായ ഹദീഥുകളിൽ വ്യക്തമാവുന്നുവെന്ന് പറഞ്ഞല്ലോ. അവിടെ ഹിലാൽ ദർശനം മാനദണ്ഡമാക്കുമ്പോൾ മാത്രമേ ഇങ്ങിനെ സംഭവിക്കൂ. എട്ട് ദിവസം ചന്ദ്രന്റെ കലകൾ ആകാശത്തുണ്ടായിട്ട് അത് നിരീക്ഷിച്ച് തിയതി ‘ശരിയാക്കാൻ’ നബി(സ) ശ്രമിച്ചിട്ടില്ലെങ്കിൽ ആ സംഭവത്തിൽ തന്നെ പ്രകടമാവുന്നുണ്ട് പ്രവാചക ചര്യയും ഹിജ്രികമ്മിറ്റിയും തമ്മിലുള്ള അകലം. അലി മണിക്ഫാന്റെ നിഗമനങ്ങൾക്കനുസരിച്ച് പ്രവാചകധ്യാപനങ്ങളെ കീഴ്മേൽ മറിക്കുകയാണിവർ. മാസമാറ്റത്തിന്റെ മാനദണ്ഡമായി പ്രവാചകൻ പഠിപ്പിച്ചത് ഹിലാലിനെ. ഹിജ്രി കമ്മിറ്റിക്കാർ പറയുന്നത് ന്യൂമൂൺ അഥവാ മിഹാഖിനെ. ചാന്ദ്രദിനാരംഭമായി മതം പഠിപ്പിച്ചത് മഗ്‌രിബിനെ. ഹിജ്രിക്കാർ പ്രചരിപ്പിക്കുന്നത് സുബ്‌ഹിയും. പിറ കണ്ടാൽ പുതുമാസം ആരംഭിക്കണമെന്ന് പ്രവാചകൻ. സുബ്‌ഹിക്ക് കിഴക്ക് കാണുന്നതാണ് പിറയെന്നും അത് കണ്ടാൽ ഒരു ദിവസം കൂടി പൂർത്തിയാക്കിയാണ് പുതുമാസം ആരംഭിക്കേണ്ടതെന്ന് ഹിജ്രിക്കാർ. മാസമാറ്റത്തിന് പ്രവാചകൻ അടിസ്ഥാനപ്പെടുത്തിയത് പ്രാദേശിക സമയം. എന്നാൽ ആ രീതി തെറ്റാണെന്നും മറിച്ച് ഗ്രീനിച്ച് സമയമാണ് അടിസ്ഥാനമാക്കേണ്ടതെന്ന് ഹിജ്രിക്കാർ. മനുഷ്യൻ ദൈനംദിന കാര്യങ്ങൾക്ക് സൗകര്യപ്പെടുത്താൻ രൂപം നൽകിയതാണ് അന്താരാഷ്ട്ര തിയതിരേഖ. പലപ്പോഴായി വാണിജ്യതാല്പര്യങ്ങളും യാത്രാസൗകര്യങ്ങളും മറ്റും അടിസ്ഥാനമാക്കി അതിൽ പല മാറ്റങ്ങളും വരുത്തുകയും ചെയ്യുന്നു. ഇത് അല്ലാഹു നിർദ്ദേശിച്ച് നിശ്ചയിക്കുകയും ഖുർആനിൽ പരാമർശിക്കുകയും ചെയ്ത ഒന്നാണെന്ന് ഹിജ്രിക്കാർ തട്ടിവിടുന്നു. ലക്ഷക്കണക്കിന് ഹാജിമാർ ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നുമെത്തി അറഫയിൽ സംഗമിക്കുന്ന ദിവസത്തിനു തൊട്ട് തലേ ദിവസം ഒന്നിലധികം പ്രാവശ്യം വിരലിലെണ്ണാവുന്ന അനുയായികളെ കൂട്ടി സമാന്തര അറഫ നടത്തുന്നു ഹിജ്‌രിക്കാർ. പ്രവാചക കാലം തൊട്ടിന്നു വരെ ലോകമുസ്ലിംകൾ ലൈലതുൽ ഖദ്‌ർ പ്രതീക്ഷിക്കുന്നത് അവസാന പത്തിലെ ഒറ്റയായ പകലിനു മുൻപുള്ള രാത്രിയിൽ. എന്നാൽ ആ രീതി ശരിയല്ലെന്നും ഒറ്റയായപകലിനു ശേഷമുള്ള രാത്രിയിലാണ് ലൈലതുൽ ഖദ്‌ർ പ്രതീക്ഷിക്കേണ്ടതെന്നും ഹിജ്രി കമ്മിറ്റി വാദിക്കുന്നു......

ഈ അട്ടിമറികൾ ഇവിടെ തീരുന്നില്ല. ഇസ്ലാം വിരുദ്ധ ആശയങ്ങളുമായി പാത്തും പതുങ്ങിയും പ്രാമാണികവും പ്രായോഗികവുമായ സമ്പ്രദായങ്ങളെ കീഴ്മേൽ മറിക്കാൻ ഗൂഢശ്രമം നടത്തുന്ന ഈ സംഘം മുസ്ലിം മനസ്സുകളിൽ വസ്‌വാസുകളുണ്ടാക്കുന്നതും മുസ്ലിം കുടുംബങ്ങളിൽ ഭിന്നതയുണ്ടാക്കുന്നതും ഇസ്ലാമിക കൂട്ടായ്മകളിൽ ചേരിതിരിവുണ്ടാക്കുന്നതും പ്രമാണങ്ങളോടും പ്രവാചകനോടും പണ്ഡിതന്മാരോടും പുച്ഛങ്ങളുണ്ടാക്കുന്നതും ഏതായാലും സദുദ്ദേശപരമല്ലല്ലോ.
മതത്തിൽ അതിപ്രധാനമായ ഒരു കാര്യവും പ്രവാചകൻ ഖണ്ഡിതമായി പഠിപ്പിക്കാതെ പോയിട്ടില്ല. ലോ‍കാവസാനം വരേക്കുള്ള മനുഷ്യർക്ക് അവതരിപ്പിച്ച മതത്തിൽ പ്രവാചക കാല സമൂഹത്തിന്റെ നിരക്ഷരതയുടെ പേരിൽ ഒരു പ്രധാന മാനദണ്ഡം മറച്ച് വെക്കാൻ അല്ലാഹുവോ റസൂലോ തീരുമാനിക്കുമൊ? ഇല്ല. മാസാരംഭത്തിന്റെ മാനദണ്ഡം ന്യൂമൂണായിരുന്നെങ്കിൽ അത് കൃത്യമായി പഠിപ്പിക്കപ്പെടുമായിരുന്നു. ന്യൂമൂൺ എന്നർത്ഥം വരുന്ന മിഹാഖ് എന്ന പദം ഒരിക്കൽ പോലും ഈ വിഷയത്തിൽ പരാമർശിക്കപ്പെടുന്നില്ല. എല്ലായിടത്തും പറയുന്നത് ‘ഹിലാൽ’ എന്ന് തന്നെയാണ്. ന്യൂമൂൺ കണക്കാക്കാൻ അന്ന് മാർ്ഗ്ഗങ്ങളുണ്ടായിരുന്നില്ല എന്ന് വാദിച്ചാൽ പോലും, ഇസ്ലാമിൽ വളരെ പ്രധാനമുള്ള ഒരു മാനദണ്ഡമെന്ന നിലക്ക് അത് വഹ്‌യ് മുഖേനയെങ്കിലും പഠിപ്പിക്കപ്പെടുമായിരുന്നു.

ചുരുക്കത്തിൽ, പ്രവാചക കാലം തൊട്ട് നിലവിൽ മുസ്ലിം ലോകം തുടർന്ന് വരുന്ന മാസ നിർണയ രീതിയെ വൈജ്ഞാനിക വികാസത്തിനനുസരിച്ച് പരിഷ്കരിച്ച് കൂടുതൽ കുറ്റമറ്റതാക്കാമെന്ന ഗുണകാംക്ഷാപരമായ ആലോചന തന്നെയാവാം ഹിജ്രി കമ്മിറ്റിയുടെ പ്രചോദനം. ആ ആലോചനയിലാവാം ലോകം മുഴുവൻ ഒരേദിവസം ഹിജ്ര തിയതി എന്ന ആശയമുണ്ടായിരിക്കുക. പക്ഷെ പ്രമാണങ്ങളോട് അടുത്ത് നിൽക്കുമ്പോൾ അത് അപ്രായോഗികമാണെന്ന് മനസ്സിലാവുകയായിരുന്നു. കൃത്യമായ പ്രകൃതിപ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആ കലണ്ടർ സംവിധാനത്തിലെ തിയതി ലോകം മുഴുവൻ ഏകീകരിക്കാൻ ഭൂമി ഉരുണ്ടതാണെന്ന വസ്തുത വ്യക്തമായ ഒരു തടസ്സം തന്നെയായിരുന്നു. പക്ഷെ അപ്പോഴേക്കും ആ ആശയം ഒരു വാദമായി രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ഒരു പറ്റം അനുയായികൾ ഇതിനെ വൈകാരികമായി ഏറ്റെടുത്തു. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ക്രമീകരിച്ചിട്ടുള്ള ഗ്രിഗോറിയൻ കലണ്ടറിനെ അവർ മാതൃകയാക്കി അവതരിപ്പിച്ചു. സൗര കലണ്ടറിൽ സൗര ദിനം ഒത്ത് വരുന്ന പോലെ ചാന്ദ്ര കലണ്ടറിലും സൗരദിനം ഒത്ത് വരാൻ അവർ കണക്ക് കൂട്ടിയും കുറച്ചും സാഹസപ്പെട്ടു. ആചാര്യനെ പോലും നിസ്സഹായരാക്കി ഒരുപറ്റം വികാരജീവികൾ രംഗം കയ്യടക്കി. ലോകം മുഴുവൻ ഐക്യമുണ്ടാക്കാൻ വന്നവർ മഹല്ലിലും കുടുംബത്തിലും മാത്രമല്ല മഹത്തായ ഹജ്ജിൽ പോലും ഭിന്നിപ്പിന്റെ വിഷബാധയേൽപ്പിച്ചു. മുസ്ലിം ലോകത്തിനു മേൽ കുഫ്‌റും ജൂതായിസവും ആരോപിച്ച് വിരലിലെണ്ണാവുന്ന ഇക്കൂട്ടർ വസ്‌വാസുണ്ടാക്കാൻ ശ്രമിച്ചു. തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാനുള്ള സാഹസങ്ങൾക്കിടെ നിലപാടുകൾ മാറിമാറി വന്നു. പലപ്പോഴായി ഹിജ്രിക്കാർ വീറോടെ വാദിച്ച പലതുമിപ്പോൾ കേൾക്കാൻ പോലും അവർക്ക് ഇഷ്ടപ്പെടാത്ത വികലവാദങ്ങളായി. പുറത്തിറക്കിയ പുസ്തകങ്ങളും രചനകളും പലതും ഇപ്പോൾ അവരെ തിരിഞ്ഞ് കൊത്തുന്നതായി. അബദ്ധങ്ങളും പിൻവാങ്ങലും ഓരോന്നോരാന്നായി എഴുതിത്തീരുമ്പോഴേക്ക് പേജുകൾ ചിലവഴിക്കേണ്ടി വരും.

പ്രമാണങ്ങളെ പോലും അവഗണിച്ചും ദുർവ്യാഖ്യാനിച്ചും അവർ അഡ്ജസ്റ്റ്മെന്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടനിലെ സമയത്തെ അടിസ്ഥാനപ്പെടുത്തി കോഴിക്കോട്ടിരുന്ന് കലണ്ടറുണ്ടാക്കുമ്പോൾ രസകരമായ പല വൈകല്യങ്ങളുമുണ്ടാവുന്നത് കലണ്ടറിൽ നമുക്ക് കാണാം. ഇസ്ലാമിനും പ്രവാചകാധ്യാപനങ്ങൾക്കും അന്യമായ ഒരു രീതിക്ക് മതത്തിന്റെ പരിവേശം നൽകാനുള്ള വിഫലശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ കരീം സാഹിബ് ഉൾപ്പെടെയുള്ളവരുടെ പരിഹാസങ്ങൾ.
അവസാ‍ാനിപ്പിക്കുന്നതിനു മുൻപ്, ഇതേ കരീം സാഹിബ് ഹിജ്രി ആശയങ്ങളുടെ സമർത്ഥനത്തിനായി എഴുതിയ പുസ്തകത്തിലെ ഒരു ഉദ്ധരണി നമുക്കൊന്ന് വായിക്കാം:
 "ഇന്നത്തെ മുസ്‌ലിം പണ്ഡിതൻ‌മാരും സംഘടനാ നേതാക്കളും പൂർവ്വികരിൽ നിന്ന് ഇനിയും പഠിക്കേണ്ടതുണ്ട്. ഫജ്‌ർ നമസ്കാരത്തിൽ ഖുനൂത്ത് ഓതേണ്ടതില്ല എന്ന പക്ഷക്കാരനായിരുന്നുവല്ലോ ഇമാം അബൂഹനീഫ, ഇമാം ശാഫിയാകട്ടെ ഖുനൂത്ത് ഓതണമെന്നും അഭിപ്രായപ്പെട്ടു. അബൂഹനീഫയുടെ ഖബറിടമിരിക്കുന്ന പ്രദേശത്ത് അല്പകാലം ചെലവഴിക്കേണ്ടി വന്നപ്പോൾ ഇമാം ശാഫി ഫജ്‌ർ നമസ്കാരത്തിൽ ഖുനൂത്ത് ഓതാൻ കൂട്ടാക്കിയില്ല. കാരണമന്വേഷിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധേയമായിരുന്നു. ഖുനൂത്ത് പാടില്ല ഫജ്‌റിന് എന്ന് പറഞ്ഞ ഒരു പണ്ഡിതൻ അന്ത്യവിശ്രമം കൊള്ളുന്നിടത്ത് വെച്ച് ഖുനൂത്ത് ഓതുന്നത് അദ്ദേഹത്തോടുള്ള അനാദരവാകുമെന്ന് ഞാൻ ഭയപ്പെടുന്നു. നമ്മുടെ പണ്ഡിതന്മാർക്കും സംഘടനാ നേതൃത്വങ്ങൾക്കും ഈ വിശാല മനസ്കതയും പ്രതിപക്ഷ ബഹുമാനവും ഉണ്ടാകുവാനും മുസ്ലിം ഉമ്മത്തിനെ ഐക്യത്തിന്റെ പാതയിൽ നയിക്കുവാനുമുള്ള തൌഫീഖിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.” ( ‘ചന്ദ്രമാസവും മുസ്‌ലിം സമുദായവും’ -പേജ്:77)
കേവലം ഒരു നിഗമനത്തെ ദൈവികാനുശാസനത്തിന്റെ പരിവേഷം ചാർത്തി ലോകമുസ്ലിംകളിൽ ജൂതായിസവും കുഫ്‌റും ആരോപിച്ച് വ്യക്തമായ ഒരു ഭിന്നിപ്പിന്റെ കൊടിനാട്ടിയ, ചരിത്രത്തിലാദ്യമായി മക്കയിൽ അറഫാ സംഗമ ദിനത്തിന്റെ തലേ ദിവസം വിരലിലെണ്ണാവുന്ന ആളുകളുമായി സമാന്തര അറഫ സംഘടിപ്പിച്ച, കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി നോമ്പിലും പെരുന്നാളിലും കേരള മുസ്ലിംകൾ ഒന്നിച്ച് നിന്നപ്പോഴൊക്കെ വിരലിലെണ്ണാവുന്ന ആളുകളെയും കൂട്ടി തലേ ദിവസം ‘ഇൻഡോർ ഈദ്ഗാഹുകൾ’ സംഘടിപ്പിച്ച് കൊണ്ടിരിക്കുന്ന, മുവഹ്ഹിദുകളുടെ വീടുകളിൽ പോലും വാശിപ്പെരുന്നാളുമായി അനൈക്യം തീർക്കുന്ന, ആദർശത്തിന്റെ ആണിക്കല്ലായ തൌഹീദുൾപ്പെടെ ഖണ്ഡിതമായ സത്യ സന്ദേശത്തിന്റെ പ്രചാരണത്തിനായി ത്യാഗോജ്ജ്വല പ്രവർത്തനങ്ങൾ നടത്തുന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിൽ അപസ്വരങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന ഹിജ്ര കമ്മിറ്റിക്കാരുടെ ഈ ചാരിത്ര്യ പ്രസംഗം നൂറ്റാണ്ടിലെ വലിയ കോമഡികളിലൊന്നായി നിലനിൽക്കും. ഇമാം ഷാഫിയുടെ വിശാലമനസ്കത മുസ്ലിം സംഘടനകൾക്കും നേതാക്കൾക്കും ഉപദേശിച്ച് നൽകും മുൻപ് സ്വയം അതൊന്ന് പ്രാവർത്തികമാക്കി കാണിച്ച് കൊടുക്കാനുള്ള നട്ടെല്ലാണ് ഹിജ്‌റ കമ്മിറ്റിക്കാർക്ക് ഉണ്ടാവേണ്ടത്.

Comments