ദ‌അവത്തിന്റെ പാലവും 

വ്യതിയാനത്തിന്റെ വെളിപാടും


മൻസൂറലി ചെമ്മാട്

(ശബാബ് വാരിക- 2006 മാർച്ച് 10)

 

 

തൗഹീദ് പ്രബോധനം നിര്‍ത്തിവെച്ച് സാമൂഹ്യസേവനത്തിന്റെയും മറ്റും പാലം കെട്ടിയ ശേഷമേ ദഅ്‌വത്ത് നടത്താവൂ എന്ന് ഇസ്‌ലാഹീ പണ്ഡിതര്‍ വാദിച്ചതായുള്ള പച്ചക്കള്ളം നാടുനീളെ പ്രചരിപ്പിക്കുന്നതിനും ചിലരെയെങ്കിലും അത് വിശ്വസിപ്പിക്കുന്നതിലും ഭിന്നിപ്പുകാര്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. തെളിവുദ്ധരിക്കാനുണ്ടായിരുന്നത് 'ശബാബി'ന്റെ ഒരു എഡിറ്റോറിയല്‍ മാത്രമായിരുന്നു. ഇസ്‌ലാമിക പ്രഭാഷണങ്ങളോടും പ്രസിദ്ധീകരണങ്ങളോടും അന്ധമായി മുഖം തിരിച്ചു നില്‍ക്കുന്നവരില്‍ ദഅ്‌വത്ത് എത്തിക്കാനുള്ള അനിവാര്യബാധ്യതയിലേക്കും അതിന്റെ സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്ന ഈ മുഖപ്രസംഗം ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി സ്വന്തമായി തോന്നിയ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് എഴുതിയത്. എങ്കിലും വാക്കുകള്‍ കൊണ്ടുള്ള അഭ്യാസത്തില്‍ ഇത് വലിയ വ്യതിയാനമായി ആരോപിക്കപ്പെട്ടു.
ഒന്നാമതായി മനസ്സിലാക്കേണ്ടത്, തൗഹീദ് പ്രബോധനം നിര്‍ത്തിവെക്കാനല്ല; അത് കേള്‍ക്കാന്‍ ഒരു തരത്തിലും സന്നദ്ധമാവാത്ത ആളുകളില്‍ തൗഹീദിന്റെ സന്ദേശം എത്തിക്കാനുള്ള മാര്‍ഗമാണ് ഈ എഡിറ്റോറിയലില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. നമ്മുടെ പ്രബോധന വിഷയങ്ങളില്‍ ഒട്ടും താല്പര്യമില്ലാത്തവരില്‍ മാത്രം ആശയവിനിമയം നടത്താനുള്ള മാര്‍ഗമാണ് പ്രതിപാദിക്കപ്പെട്ടത്. അതിലാവട്ടെ പൊതു താല്പര്യമേഖലയായി തൗഹീദിനെതന്നെ ഉപയോഗിക്കാമെന്ന് അതേ എഡിറ്റോറിയലില്‍ അഭിപ്രായപ്പെടുന്നു. മിക്ക മതഗ്രന്ഥങ്ങളിലും ഏകദൈവത്വത്തെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍ അവയിലേക്ക് ചര്‍ച്ച നയിച്ച് യഥാര്‍ഥ തൗഹീദ് ഇതര മതസ്ഥരിലെത്തിക്കാമെന്ന ഇതിലെ അഭിപ്രായം പ്രായോഗിക തലത്തില്‍ നാം എന്നേ സ്വീകരിച്ചതല്ലേ. ഈ രീതിയിലുള്ള നിച്ച് ഓഫ് ട്രൂത്തിന്റെ പ്രബോധനശൈലിയെ ഇതു വരെ ആരും വ്യതിയാനമാക്കി ചിത്രീകരിച്ചിട്ടുമില്ലല്ലോ.
ഈ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടുപിന്നാലെ 99 മെയ് 14ന് ഇത് സംബന്ധമായി രണ്ടു കത്തുകള്‍ 'ശബാബി'ല്‍ പ്രസിദ്ധീകരിച്ചു. ഒന്ന്  വിമര്‍ശിച്ചുകൊണ്ടായിരുന്നു, അതെഴുതിയതാവട്ടെ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും. എന്നാല്‍ ഇതിനെ അനുകൂലിച്ചു കത്തെഴുതിയത് ഭിന്നിപ്പുകാരുടെ കുട്ടി നേതാവായ ഒരു ഒളവണ്ണക്കാരന്‍ പത്രപ്രവര്‍ത്തകനാണ്. ഇയാളുടെ ചില വരികള്‍ നോക്കൂ:

''നീറുന്ന പ്രശ്‌നങ്ങളുമായി ജീവിതം തള്ളിനീക്കുന്ന 'സുഹൃത്തിനോട്' പ്രബോധനത്തിന് മുതിര്‍ന്നാലുണ്ടാകുന്ന അവസ്ഥയെപ്പറ്റി നാം ചിന്തിച്ചുകൊള്ളണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മാര്‍ഥമായ മനസ്സോടെ സുഹൃത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവന്റെ വേദനയില്‍ പങ്കാളിയായി അവന് ആശ്വാസമേകുകവഴി അവനിലുണ്ടാകുന്ന മാറ്റം നമുക്ക് ദര്‍ശിക്കാനാവും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരിക്കും സാധാരണക്കാരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുക എന്നുകൂടി സൂചിപ്പിക്കട്ടെ.''

 

നോക്കുക! ഈ വിശദീകരണം എങ്ങനെ വ്യതിയാനോമീറ്ററില്‍ നിന്ന് രക്ഷപ്പെട്ടു?

ഐ എസ് എമ്മിനെ വേട്ടയാടുന്നതിനിടെ ഈ അക്രമത്തിന്റെ ഭാഗമായി തന്നെ എ പി അബ്ദുല്‍ഖാദര്‍ മൗലവി നടത്തിയ ഒരു പ്രസ്താവന ഇപ്രകാരമാണ്. ''മരം വെച്ചു പിടിപ്പിച്ചിട്ട് എത്രപേര്‍ മുജാഹിദിലേക്ക് ആകര്‍ഷിക്കപ്പെട്ടു? മരം വെച്ചു പിടിപ്പിക്കാന്‍ ഇവിടെ ഗവണ്‍മെന്റ് ഏജന്‍സികളുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം നമ്മള്‍ എന്തൊരു സാമൂഹ്യ സേവനം പ്രവര്‍ത്തിക്കുകയാണെങ്കിലും അതിനൊരു ലക്ഷ്യമുണ്ട്. എന്താണെന്ന് വെച്ചാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആകൃഷ്ടരായി ആള്‍ക്കാര്‍ ഇതുമായി അടുക്കാന്‍. ഇതുപോലെ നമ്മുടെ തൗഹീദ് ശ്രദ്ധിക്കാന്‍. നമ്മുടെ മരം വെച്ചു പിടിപ്പിക്കല്‍ എത്ര ആളുകളെ ആകര്‍ഷിച്ചു? നമ്മുടെ നാട്ടില്‍ എന്തൊരു സ്വാധീനമാണത് ചെലുത്തിയത്?''(മരം നടീല്‍ അഭിമുഖ കാസറ്റ്).

 

2000 ആഗസ്ത് 27ന് ചങ്ങരംകുളത്ത് നടന്ന കണ്‍വെന്‍ഷനില്‍ എ പി ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുകയുണ്ടായി:

 

''തൗഹീദ് പ്രചരണത്തിന് ഉപകരിക്കാവുന്ന രീതിയില്‍ മരം നടല്‍ നടത്തുകയാണെങ്കില്‍ അതിന്ന് വിരോധമില്ല'' (കാസറ്റ് ലഭ്യം).

 

സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനവും മറ്റും ഒരു പുണ്യകര്‍മമെന്ന നിലക്ക് അനുഷ്ഠിക്കുന്നതിനോടൊപ്പം തന്നെ അവ നമ്മുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകങ്ങള്‍ കൂടിയാവട്ടെ എന്ന ചിന്താഗതി 'ഹറാമാ'ണെന്ന വാദം ഐ എസ് എമ്മിന് എതിരിലുള്ള ഇരട്ടത്താപ്പായിരുെന്നന്ന് ഇതില്‍ നിന്നു തന്നെ ബോധ്യമാണല്ലോ.

ഇനി ഇതൊരു ഒറ്റപ്പെട്ട അഭിപ്രായമാണോ?  'ശബാബി'ല്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എഴുതിയ മുഖപ്രസംഗത്തിലൂടെ മുജാഹിദുകള്‍ പുതിയൊരാശയം കേള്‍ക്കുകയായിരുന്നോ? അതോ ഈ 'വ്യതിയാനം' നേരത്തെ തന്നെ പ്രസ്ഥാനത്തിലുണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അതിന്റെ വ്യാപ്തി എത്രത്തോളമുണ്ട്. നമുക്കു നോക്കാം:
''ആളുകളുമായി വീടുവീടാന്തരം, മാര്‍ക്കറ്റുകളില്‍ നിന്നും പള്ളിയില്‍ നിന്നും കണ്ടെത്തി, വിശ്വാസികളായ ആളുകളെ കണ്ടെത്തി, അവരുമായി ശക്തമായ തൗഹീദുകൊണ്ട് അറ്റാക്ക് നടത്തിയാല്‍ മുറിവ്പറ്റി അവര്‍ ഓടിപ്പോവും. നേരെമറിച്ച് നേരായ നസ്വീഹത്ത്‌കൊണ്ട്, സദുപദേശങ്ങള്‍കൊണ്ട്, സ്‌നേഹംകൊണ്ട്, സൗഹാര്‍ദം കൊണ്ട്, സഹായംകൊണ്ട്, അവരെ പോക്കറ്റിലാക്കി അവര്‍ക്ക് സത്യത്തിന്റെ കാര്യം മനസ്സിലാക്കിക്കൊടുക്കണം നമ്മള്‍.'' (കുഞ്ഞിമുഹമ്മദ് പറപ്പൂര്‍-കാസറ്റ് ലഭ്യം)

''വിശുദ്ധമായ ഒരു വിശ്വാസസംഹിതയും അനുഷ്ഠാനരീതികളും പരലോകബോധവും നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രസേവനം എങ്ങനെ നടത്താമെന്ന് കാണിച്ച് കൊണ്ട് ഈ രംഗത്ത് മാതൃകയാവാന്‍ നമുക്ക് കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും ഫലവത്തായ മത പ്രബോധനം''. (അല്‍മനാര്‍, മുഖപ്രസംഗം 2000 ഒക്‌ടോബര്‍)

''ഒരു മുജാഹിദ് മാതൃകാ ജീവിതം നയിക്കുക എന്നതാണ് ഏറ്റവും വലിയ ദഅ്‌വത്ത്. സമൂഹത്തിലും സുഹൃത്തിലും സുഹൃത്തുക്കള്‍ക്കിടയിലും കുടുംബത്തിലും കിടപ്പറയിലും ഈ മാതൃകാ ജീവിതം വാചാലമായ ദഅ്‌വത്താണ്. ഉച്ചഭാഷിണി കെട്ടിപ്രസംഗിക്കുന്നത് മാത്രമല്ല ദഅ്‌വത്ത് എന്ന് സാരം''(അല്‍മനാര്‍-ജാലകം-1999 സപ്തംബര്‍)

''ഇസ്‌ലാമിക പ്രബോധനത്തില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളും കടന്നുചെല്ലാന്‍ കുറേ മേഖലകളുമുണ്ട്. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രബോധനം കേന്ദ്രീകരിച്ചുള്ളതാവണം. സാഹിത്യപ്രവര്‍ത്തനങ്ങള്‍ മുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വരെ പ്രബോധനത്തിന് വേണ്ടിയല്ലാത്ത സാഹിത്യ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമെല്ലാം ഇസ്‌ലാമിക വീക്ഷണത്തില്‍ വ്യര്‍ഥമാണ്.''(എം എം അക്ബര്‍-പിലാത്തറ സമ്മേളന സുവനീര്‍).

''ഇസ്‌ലാമിലേക്ക് മനസ്സ് ആകര്‍ഷിക്കപ്പെട്ടവര്‍ (മുഅല്ലഫതുല്‍ ഖുലൂബ്), സാമ്പത്തിക സഹായം നല്‍കിയാല്‍ ഇസ്‌ലാമിലേക്ക് വരുമെന്ന് തോന്നുന്ന അമുസ്‌ലിംകള്‍, ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ടെങ്കിലും വിശ്വാസം ഉറച്ചിട്ടില്ലാത്തവര്‍, ശത്രുക്കളുടെ അതിര്‍ത്തിയില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ തുടങ്ങിയവരെല്ലാം ഈ ഇനത്തില്‍പെടും''(സക്കാത്തിന്റെ അവകാശികള്‍, കെ എന്‍ എം, പാഠപുസ്തകം നാലാം തരം)

''സ്ത്രീധന വിരുദ്ധ സമരം തൗഹീദീ പ്രബോധനത്തിന് ഒട്ടൊന്നുമല്ല ആക്കം കൂട്ടിയത്... ഇങ്ങനെ (സ്ത്രീധന വിരുദ്ധപ്രവര്‍ത്തനം, സേവനങ്ങള്‍) തൗഹീദ് പ്രബോധനത്തിന് താങ്ങും അനുകൂലവുമായി ഒട്ടേറെ ഘടകങ്ങള്‍ നമുക്കുണ്ട്. എല്ലാം താങ്ങാണ്. ഒന്നും തടസ്സമല്ല. ഈ ഘടകങ്ങളെ മുന്നേറ്റത്തിനുള്ളതായി ഇനിയുമുപയോഗിക്കാം''. (സുഹൈര്‍ ചുങ്കത്തറ, ശബാബ് 99 മെയ് 21)

''കര്‍മരംഗത്ത് പലപ്പോഴും പ്രത്യേക വിഭാഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും അനുസൃതമായി അവിടെയുള്ള പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം മാറിക്കൊണ്ടിരിക്കും. വെള്ളപ്പൊക്കത്തില്‍ കഷ്ടപ്പെടുന്ന ഒരു പ്രദേശത്ത് ദഅ്‌വാ സ്‌ക്വാഡുകളേക്കാള്‍ ഫലപ്രദം ദുരിതാശ്വാസ സ്‌ക്വാഡുകളും സഹായ സഹകരണവുമായിരിക്കും.'' (ഡോ. സുല്‍ഫിക്കര്‍ അലി-പിലാത്തറ സമ്മേളന സുവനീര്‍)

''മനസ്സിനെ ആകര്‍ഷിക്കപ്പെടേണ്ടവര്‍ അഥവാ ഇണക്കപ്പെടേണ്ടവര്‍ എന്നാണ് ആ അറബി പദത്തിന്റെ അര്‍ഥം. പ്രവാചകരുടെയും ഒന്നാം ഖലീഫയുടെയും കാലത്ത് പ്രസ്തുത അടിസ്ഥാനത്തില്‍ കൊടുത്തു വന്നിരുന്ന ചിലത് ഉമര്‍(റ) നിര്‍ത്തല്‍ ചെയ്തു എന്നത് ശരിയാണ്. ന്യായമായ കാരണത്താലാണ് അത് നിര്‍ത്തിയത്. അതായത് പൊതുഫണ്ടില്‍ നിന്ന് ആ വേതനം പറ്റിയിരുന്ന ആളുകള്‍ ആദ്യകാലത്ത് അത് കിട്ടാന്‍ അവകാശികളായിരുന്നു. അവകാശത്തിന്റെ അടിസ്ഥാനം അവരുടെ മനസ്സിനെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുകയും ഇണക്കുകയും ചെയ്യേണ്ടുന്ന അവസ്ഥയിലായിരുന്നു അവര്‍ എന്നുള്ളതാണ്. കാലപ്പഴക്കം കൊണ്ട് ആ അവസ്ഥ നീങ്ങുകയും അവരുടെ ഹൃദയങ്ങള്‍ ഇസ്‌ലാമില്‍ നല്ലവണ്ണം അലിഞ്ഞു ചേരുകയും അവര്‍ മുഅല്ലഫത്തുല്‍ ഖുലൂബ് അല്ലാതായിത്തീരുകയും ചെയ്തു. അവര്‍ പരിപൂര്‍ണമായും യഥാര്‍ഥ മുസ്‌ലിംകളായിത്തീര്‍ന്നു. അവരുടെ മനസ്സിനെ ഇനി ആരും പിടിച്ചുനിര്‍ത്തേണ്ടതില്ല. ദാരിദ്ര്യം നിമിത്തം പട്ടിണികിടക്കുന്ന അവസ്ഥയിലുമല്ല അവര്‍. അങ്ങനെ വന്നപ്പോഴാണ് പൊതുഫണ്ടില്‍ നിന്നുള്ള വേതനം ഇനിയവര്‍ക്ക് കൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. രോഗിയായിരുന്ന അവസരത്തില്‍ മരുന്ന് കൊ
ടുക്കുകയും പഥ്യം ആചരിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നതിന് ശേഷം രോഗം മാറുമ്പോള്‍ അതെല്ലാം നിര്‍ത്തിക്കളയുന്നത് പോലെ മാത്രമാണിത്.'' (ഉമര്‍ മൗലവി, സല്‍സബീല്‍-1971 ഡിസംബര്‍)

''പ്രബോധനത്തിന്റെ പ്രഥമ ഘട്ടത്തില്‍ അതായത് പ്രബോധകനും പ്രബോധിതനും തമ്മിലുണ്ടായിത്തീരേണ്ട 'പാലം' രൂപപ്പെട്ടു വരാന്‍ തുടങ്ങുമ്പോള്‍ ഏറ്റവും ഫലപ്രദമാവുക യോജിപ്പിന്റെയും അനുരഞ്ജനത്തിന്റെയും മേഖലകള്‍ കണ്ടെത്തുക എന്നതാണ്. അഭിപ്രായവ്യത്യാസവും തര്‍ക്കവിതര്‍ക്കവും ചര്‍ച്ചചെയ്യപ്പെടുന്നതിന് മുമ്പ് വീക്ഷണഗതികളില്‍ നാം എത്രത്തോളം അടുത്ത് നില്‍ക്കുന്നുവെന്ന് പ്രബോധിതനെ ബോധ്യപ്പെടുത്തുക എന്നത് പിന്നീടുള്ള പാലം പണി (Bridge Making) കൂടുതല്‍ സുഗമമാക്കും.'' (ഡോ. സുല്‍ഫിക്കറലി-എം എസ് എം സമ്മേളന സുവനീര്‍ 96)

''....അവര്‍ പരാജിതരായി ഓടിപ്പോയി. പിന്നീട് അവര്‍ അഭയം ചോദിച്ചു. പ്രവാചകന്‍ അവര്‍ക്ക് മാപ്പ് നല്‍കുക മാത്രമല്ല അവര്‍ക്ക് മാനസികമായ ഇണക്കമുണ്ടാവുന്നതിന് വേണ്ടി ഹവാസിനില്‍ നിന്ന് ലഭിച്ച യുദ്ധമുതലുകള്‍ നല്‍കുകയും ചെയ്തു.''(പി കെ അലി അബ്ദുര്‍റസ്സാഖ് മദനി,മുഹമ്മദ്(സ) അനുപമ വ്യക്തിത്വം)

''ആദ്യകാലത്ത് പല ചെറുപ്പക്കാരും മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരാകാനുള്ള പ്രേരണകളിലൊന്ന് സ്ത്രീധനത്തിനെതിരാണ് പ്രസ്ഥാനം എന്നതായിരുന്നു'' (സുഹൈര്‍ ചുങ്കത്തറ, എം എസ് എം സുവനീര്‍ 94).

''ബുദ്ധിജീവികള്‍ക്കിടയില്‍ ഇസ്‌ലാമിനെയും സംഘടനയെയും പരിചയപ്പെടുത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ 26.4.98ന് ചേര്‍ന്ന ഭരണ സമിതിയോഗം ഡോ. സുല്‍ഫിക്കര്‍ അലി കണ്‍വീനറായി നാലംഗ സബ്കമ്മിറ്റിയെയും രൂപീകരിച്ചു.)''(കെ എന്‍ എം പ്രവര്‍ത്തന റിപ്പോര്‍ട്ട്, 98-99-പേജ് 3)

തൗഹീദ് പ്രചാരണത്തിന് പ്രാധാന്യം നല്കി നിലനിര്‍ത്തുന്നതോടൊപ്പം അതിന് സഹായകമായി ഏതുതരം ജനക്ഷേമ പ്രവര്‍ത്തനങ്ങളും ആകാവുന്നതാണ്.'' (എ പി അബ്ദുല്‍ഖാദിര്‍ മൗലവി, അല്‍ഇസ്‌ലാഹ് വാര്‍ഷിക പതിപ്പ്, ഫെബ്രുവരി 2001)

''....ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ പര്യാപ്തമാകുമെന്ന് തോന്നിയ പലമാര്‍ഗങ്ങളും അവര്‍ പ്രവാചകന്മാര്‍ അവലംബിച്ചിട്ടുണ്ട്. സൂര്യചന്ദ്രനക്ഷത്രാദികളെ  ആരാധിക്കുന്നവര്‍ക്ക്  തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വേണ്ടി ഇബ്‌റാഹീം നബി(അ) ഒരുതരം അഭിനയ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാം പഠിപ്പിക്കാന്‍ പല രീതികളും പലതരം സ്ഥാപനങ്ങളും ലോകത്തിന്റെ വികാസഗതിക്കൊത്ത് മുസ്‌ലിം സമൂഹം സ്വീകരിച്ചുപോന്നിട്ടുണ്ട്. ഇതു തന്നെയാണ് പ്രബോധനസംരംഭങ്ങളുടെയും സ്ഥിതി. ഇസ്‌ലാം അനുശാസിച്ച ഒരു കാര്യം നടപ്പാക്കാനുള്ള ഉപാധികള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിഷിദ്ധമായി വിധിക്കപ്പെട്ടവ വര്‍ജിക്കണമെന്ന് മാത്രമേയുള്ളൂ.'' (സ്‌നേഹസംവാദം മാസിക, 2001 ജൂലയ് 1; നിച്ച് ഓഫ് ട്രൂത്ത് പ്രസിദ്ധീകരിച്ച കൂടിക്കാഴ്ച, പേജ് 114)

''ഇസ്‌ലാമിക ജീവിതത്തിന്റെ ഉത്തമവശമായി നാം അനുഷ്ഠിക്കുന്ന സേവനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ മറ്റേതു ഉത്തമ വശങ്ങളെപ്പോലെ തന്നെയും നരകാഗ്നിയില്‍ നിന്നും ഒരാളെ രക്ഷിക്കാന്‍ സഹായകമാക്കാവുന്നതാണ്. അതിന് പ്രവാചകന്റെ മാതൃകയുമുണ്ട്.'' (സാമൂഹ്യക്ഷേമ പ്രവര്‍ത്തനം സംബന്ധിച്ച് ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് ഒരു മാര്‍ഗരേഖ, കെ എന്‍ എം സാമൂഹ്യക്ഷേമവകുപ്പ്, പേജ് 8)

''വിശ്വാസപരവും കര്‍മപരവുമായ തെറ്റുകളിലകപ്പെട്ട മനുഷ്യരെ വെറുക്കാതിരിക്കാനും അവരെ അതില്‍ നിന്നും സ്‌നേഹബുധ്യാ മാറ്റിയെടുക്കാനുമാകണം (സാമൂഹ്യസേവകര്‍) ശ്രദ്ധിക്കേണ്ടത്. മനസ്സും ശരീരവും കുളിര്‍ത്ത, പൊടിപടലങ്ങളടങ്ങിയ, ആരവങ്ങള്‍ ഒതുങ്ങിയ സാഹചര്യത്തില്‍ തെളിഞ്ഞ സൗഹൃദം സ്ഥാപിക്കാനും സേവന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യബോധം അവതരിപ്പിക്കാനും അതുവഴി സമൂഹത്തെ സമന്വയിപ്പിക്കാനും ഒരു സാമൂഹ്യപ്രവര്‍ത്തകന് സാധ്യമാകണം.... വിശ്വാസവും സല്‍കര്‍മവും നന്മ ഉപദേശിക്കലും തിന്മ വിരോധിക്കലും ക്ഷമയുള്‍ക്കൊണ്ട് അത് കല്പിക്കലും ജീവിതത്തില്‍ സ്വീകരിച്ചവര്‍ക്ക് മാത്രം എളുപ്പം കയറിയെത്താന്‍ കഴിയുന്നതത്രെ സാമൂഹ്യസേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.... ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ബഹുമുഖങ്ങളായ തായ്‌വേരുകള്‍ മനുഷ്യഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങി അകല്‍ച്ചയുടെയും തിന്മകളുടെയും ക്രൂരതയുടെയും മുളകളെ നശിപ്പിച്ച് സൃഷ്ടിപരമായ സ്‌നേഹം പ്രദാനം ചെയ്യുന്നു. അതേ സമയം പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നിഷേധാത്മക സമീപനം സ്വീകരിക്കുന്നതോടെ ഹൃദയങ്ങളില്‍ അകല്‍ച്ചയുടെ വന്‍ മതിലുകള്‍ പുനര്‍ജനിക്കുന്നു.... പ്രകൃതി നിയമങ്ങളെ ലംഘിക്കാതെ ജീവിക്കുക, ഔഷധങ്ങള്‍ ഉപയോഗിക്കുക, ശുചിത്വം സ്വീകരിക്കുക, പ്രപഞ്ചനാഥനോട് പ്രാര്‍ഥിക്കുക തുടങ്ങിയവ ഉള്‍ക്കൊണ്ടും ഉദ്‌ബോധിപ്പിച്ചും വിശ്വാസികള്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കുകയാണ് വേണ്ടത്....അന്ധവിശ്വാസങ്ങളും മന്ത്രവാദങ്ങളും കൊണ്ട് രോഗചികിത്സ നടത്തി കൂട്ട ജീവഹാനിക്ക് തലവെച്ചുകൊടുക്കുന്നവര്‍ക്ക് മുമ്പില്‍ ബോധവത്കരണം അതീവ പ്രാധാന്യമുള്ളതത്രെ. സൗജന്യ ഔഷധ വിതരണം, രോഗ പ്രതിരോധ പ്രവര്‍ത്തനം, ശുചിത്വ ബോധവത്കരണം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ പ്രാഥമികാവശ്യങ്ങളെത്തിക്കല്‍ തുടങ്ങിയവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. ''(റഷീദ് ഒളവണ്ണ, മുജാഹിദ് സംസ്ഥാന സമ്മേളന സുവനീര്‍- 97)

''പട്ടണങ്ങളെ സംബന്ധിച്ചിടത്തോളം പ്രസംഗത്തോട് വിമുഖത വര്‍ധിച്ചുവരികയാണ്. പട്ടണങ്ങളില്‍ ദൃശ്യമാധ്യമങ്ങളായ സിനിമ, വീഡിയോ, പ്ലേകാര്‍ഡ്, പ്രകടനം തുടങ്ങിയ ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ   ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്....ചിത്രീകരണങ്ങളും തെരുവുനാടകങ്ങളുമാണ് മറ്റൊരു മാര്‍ഗം. ജനശ്രദ്ധ പിടിച്ചുപറ്റാനും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ജനമനസ്സുകളില്‍ പതിപ്പിക്കാനും ഈ മാധ്യമങ്ങള്‍ക്ക് കഴിയും എന്നതിന് വര്‍ത്തമാനകാല കേരളം തന്നെ സാക്ഷിയാണ്.'' (കെ കെ സകരിയ്യ, അല്‍മനാര്‍ 88 ഏപ്രില്‍)

പറഞ്ഞുകൂട്ടിയ ഇത്തരം നൂറുകണക്കിന് 'ബ്രിഡ്ജ് വിശേഷ'ങ്ങളെല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങി മുജാഹിദ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതിനിടെ ഇതേ നേതാവ് പറഞ്ഞത് ഇപ്രകാരം: ''വിശക്കുന്നവനോട് തൗഹീദ് പറയാന്‍ പാടില്ലെന്ന് റസൂല്‍ പറഞ്ഞതല്ല. ഏതോ പൊട്ടപ്പോയത്തക്കാരന്‍ പറഞ്ഞതാണ്.'' (കെ കെ സകരിയ്യ, കാസറ്റ് ലഭ്യം) ശരി! നമുക്ക് നോക്കാം അതാരാണെന്ന്. ''ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അകപ്പെട്ട് നിത്യവൃത്തിക്ക് വേണ്ടി പാടുപെടുന്ന ഈ സമൂഹത്തിന് മുന്നില്‍ ഉപദേശ നിര്‍ദേശങ്ങള്‍ എത്രമാത്രം വിലപോവും! വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പവുമായി പ്രത്യക്ഷപ്പെടുമെന്ന പഴമൊഴി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതാണ്. ദാരിദ്ര്യമേഖലയിലെ അപകടകരമായ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല''. (അബ്ദുര്‍റഹിമാന്‍ സുല്ലമി വയനാട്-പിലാത്തറ സമ്മേളന സുവനീര്‍)

ചുരുക്കത്തില്‍,  എന്താണ് പറയേണ്ടത്, എന്താണ് പറയുന്നത്, എന്താണ് പറഞ്ഞത് എന്നൊന്നും തിരിയാതെ നട്ടംതിരിയുകയാണ് ഭിന്നിപ്പുകാരിന്ന്. പറഞ്ഞ് പറഞ്ഞ് സാമൂഹ്യക്ഷേമവും ഖുര്‍ആന്‍ പഠനവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമൊക്കെ നിര്‍ത്തിവെച്ച് ഇനി തൗഹീദ് മാത്രം പറയാമെന്ന് വരെ കെ ജെ യുവിന് സമര്‍പ്പിച്ച ഭിന്നിപ്പുകാരുടെ (രണ്ടാം പ്രബന്ധം, പേജ് 8) പറഞ്ഞു.
ദൗര്‍ഭാഗ്യകരമായ മുജാഹിദ് പിളര്‍പ്പിന് വഴിയൊരുക്കിയ ഭിന്നിപ്പു നേതാക്കളുടെ നാവില്‍ നിന്നും ഇസ്വ്‌ലാഹീ കേരളം ഏറ്റവും കൂടുതല്‍ കേട്ട പദം ഒരുപക്ഷേ 'പാലം' എന്നതായിരിക്കാം. അത്രയ്ക്ക് അലര്‍ജിയാണ് 'പാല'ത്തിനോടവര്‍ പ്രകടിപ്പിച്ചത്. ഏറെ നാക്കിട്ടടിച്ചു ഒടുവിലവര്‍ ഇപ്പോഴിതാ വീണ്ടും പറയുന്നു:
''ഏതു സന്ദര്‍ഭങ്ങളെയും അവസരങ്ങളായി കാണേണ്ടവരാണ് പ്രബോധകന്മാര്‍. ഇസ്‌ലാമിക പ്രബോധനത്തിനുള്ള അവസരം അങ്ങനെയാണ് പ്രവാചകന്മാര്‍ പഠിപ്പിച്ച മാതൃക.... പ്രവാചകന്മാരെ മാതൃകയാക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഓരോ അവസരവും അത് സംതൃപ്തമായ സാഹചര്യങ്ങളുടേതാണെങ്കിലും അല്ലെങ്കിലും സത്യമതപ്രബോധനത്തിന് ഉപയോഗപ്പെടുത്താനുള്ള വേദികളാണ്.'' (സ്‌നേഹസംവാദം എഡിറ്റോറിയല്‍ 2005 ഡിസംബര്‍)

ഈ വരികള്‍ കൂടുതല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് പകരം ചെറിയൊരു സംശയം മാത്രം ഉന്നയിക്കട്ടെ. 2003ന് ആഗസ്ത് 1ലെ ഭിന്നിപ്പുവാരികയില്‍, തങ്ങളുടെ വനിതാ നേതാക്കള്‍ മാറാട് സന്ദര്‍ശിച്ചതിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. പ്രബോധകന്മാരെന്ന നിലയില്‍ ആ സന്ദര്‍ഭം (അസംതൃപ്തമാണെങ്കില്‍ പോലും) ഇസ്‌ലാമിക പ്രബോധനത്തിനുള്ള അവസരമായി ഉപയോഗപ്പെടുത്തിയോ? എങ്കില്‍ എങ്ങനെ? അതല്ല, ജീവകാരുണ്യ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ സന്ദര്‍ഭം ഇസ്‌ലാം പ്രബോധനത്തിനുള്ള അവസരമായി കാണുന്നത് കടുത്ത ഹറാമാണെന്ന നേതാക്കളുടെ അക്കാലത്തെ വെളിപാടിന്റെയടിസ്ഥാനത്തില്‍ ആ അവസരം അവര്‍ നഷ്ടപ്പെടുത്തുകയായിരുന്നോ? എങ്കില്‍ ആ നഷ്ടം എങ്ങനെ നികത്തും? പാലം എന്ന പരിഹാസത്തിന് ആയുധമാക്കുന്നത് 'ശബാബി'ലെ കേവലം ഒരു ഉദ്ധരണിമാത്രമാണ്. അതും ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി എഴുതിയതും. (അതേ ചെറിയമുണ്ടം അതേ ആശയം സ്‌നേഹസംവാദത്തില്‍ (2001 ജൂലയ്) എഴുതിയപ്പോള്‍ അത് വ്യതിയാനമല്ലായിരുന്നല്ലോ). ഈ കേവലമൊരു ഉദ്ധരണിക്ക് പകരം ഇരുപത്തഞ്ചോളം ഉദ്ധരണികള്‍ തദ്‌വിഷയകമായി ഭിന്നിപ്പുകാരുടേത് ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരുപത്തഞ്ച് ഒന്നിനേക്കാള്‍ നിസ്സാരമായതിന്റെ സൂത്രവാക്യമെങ്കിലും ഈ പാമരര്‍ക്കൊന്ന് പഠിപ്പിച്ചുകൊടുക്കണേ!
സംഘടനാ ബന്ധമോ ആദര്‍ശമോ നോക്കാതെ സ്‌കോളര്‍ഷിപ്പ് നല്കുകയും പിന്നീട് ആ ബന്ധം ഉപയോഗപ്പെടുത്തി 'കാമ്പസ് ഇന്റലക്ച്വല്‍മീറ്റ്' എന്ന പേരില്‍ നിര്‍ബന്ധപൂര്‍വം വിളിച്ചുവരുത്തി ആദര്‍ശം പഠിപ്പിക്കുകയും ചെയ്യുന്ന രീതിയും ജോലി, വിവിധ കോഴ്‌സുകള്‍ക്കുള്ള സീറ്റുകള്‍, സാമ്പത്തിക സഹായം, തുടങ്ങിയവ നല്കി ഗ്രൂപ്പിലേക്ക് ആളെക്കൂട്ടുന്നതുമൊക്കെ ഹറാമായ 'ബ്രിഡ്ജ്‌മേക്കിംഗി'ന്റെ വേലിചാടിയതെങ്ങിനെയെന്നും കൂട്ടത്തില്‍ വ്യക്തമാക്കിക്കൊടുക്കുക.      n

Comments