ഹിജ്രി കമ്മിറ്റിയുടെ ന്യൂമൂൺ പെരുന്നാളും

 ഒ അബ്ദുല്ലയുടെ പെരുന്നാൾ പ്രഖ്യാപനവും

മൻസൂറലി ചെമ്മാട്



നാളെയാണ് പെരുന്നാൾ.
നാളെയോ? അതെ, മെയ് 12 ബുധൻ. ആരാ പറഞ്ഞത്? അലിമണിക്ഫാൻ. 

ഹിലാൽ പ്രത്യക്ഷമായോ?
മൂപ്പരുടെ ഹിലാൽ ഇന്നലെ സുബ്‌ഹിക്കായിരുന്നു പോൽ.

അപ്പോ റസൂൽ പഠിപ്പിച്ചത് മഗ്‌രിബ് സമയത്ത് പിറവി നോക്കാനല്ലേ?
ങ്ങേ!! മഗ്‌രിബിനു പിറവി നോക്കൽ ജൂതായിസമാണ്. ആരാ പറഞ്ഞത്? മണിക്ഫാൻ.

ബുധനാഴ്ച പെരുന്നാളാണെന്ന് മറ്റാരെങ്കിലും പറഞ്ഞോ?
ഉം.. പറഞ്ഞു. നമ്മുടെ ഒ അബ്ദുല്ല സാഹിബ്.

എന്താ മൂപ്പരുടെ കാരണം. മൂപ്പരുടെ ന്യായം സിമ്പിൾ, ബുധനാഴ്ച പെരുന്നാളാണെന്ന് പറഞ്ഞിട്ടുള്ളത് മണിക്ഫാനാണെന്നും മണിക്ഫാൻ പത്മശ്രീ ലഭിച്ചിട്ടുള്ളയാളാണെന്നുമാണ് അബ്ദുല്ല സാഹിബിന്റെ കാരണം.

മണിക്ഫാന്റെ  വാദമെന്താണെന്നോ ലോകമുസ്ലിംകളുടെ നിലപാടെന്താണെന്നോ എന്നൊന്നുമറിയതെ മൂപ്പർ ‘അധികപ്രസംഗ’ത്തിനു വന്നത് ബഹുമാന്യനായ ഒരു പണ്ഡിതനെ ഒന്ന് കൊച്ചാക്കാനായിരുന്നെന്ന് തോന്നുന്നു. സ്കൂളിൽ വെച്ച് വിളിച്ച വിളിപ്പേരൊക്കെ വിളിച്ച് എന്തോ പുളി തീർക്കാനാണ് മൂപ്പർ മൈക്കെടുത്തതെന്ന് ആ സംസാരം കേട്ടാൽ മനസ്സിലാകും. കാര്യമായൊരു അറിവും ഉൾക്കൊള്ളാത്ത തികച്ചും അരോചകമായ ആ വീഡിയോ വിളിച്ച് പറഞ്ഞത് അതാണ്.

നമുക്ക് വിഷയത്തിലേക്ക് വരാം. ചൊവ്വാഴ്ച ന്യൂമൂൺ സംഭവിച്ചതിനാലാണ് ബുധനാഴ്ച പെരുന്നാളാവുന്നതെന്നാണ് ഹിജ്രി കമ്മിറ്റിയുടെ ന്യായം.

ചൊവ്വാഴ്‌ചയോ?  അതെപ്പോ? പ്രവാചകനും സ്വഹാബത്തും മാസം ഇരുപത്തൊമ്പത് മഗ്‌രിബിനാണ് മാനത്ത് പിറവി തേടിയിരുന്നത്. അപ്പോൾ പിറവി കാണുന്നെങ്കിൽ മാസം മാറിയതായി പരിഗണിക്കും.

ചൊവ്വാഴ്ച, അതായത് റമദാൻ 29 മഗ്‌രിബിനു പിറവി ദൃശ്യമാവുന്നത് പോട്ടെ, ന്യൂമൂണെങ്കിലും സംഭവിച്ചോ?

അത് ശര്യാണല്ലോ....അതുണ്ടായിട്ടില്ല. ചൊവ്വാഴ്ച മഗ്‌രിബിനു സംഭവിച്ചില്ലെന്നത് പോട്ടെ, ചൊവ്വാഴ്ച എന്ന ദിവസം കഴിയുന്നതിനു മുൻപെങ്കിലും ന്യൂമൂൺ സംഭവിച്ചോ?

കുടുങ്ങ്യല്ലോ...അതും ഉണ്ടായിട്ടില്ല. ന്യൂമൂൺ സംഭവിക്കുമ്പോൾ നമ്മൾ ബുധനാഴ്ചയിലാണല്ലോ. അപ്പോൾ ന്യൂമൂൺ സംഭവിച്ച ദിവസം തന്നെ ഒന്നാം തിയതിയാവുമോ?

നമ്മൾക്ക് ബുധനാഴ്ചയാണ് ന്യൂമൂൺ സംഭവിക്കുന്നതെങ്കിലും അത് ചൊവ്വാഴ്ചയാണെന്ന് മനസ്സിലുറപ്പിക്കണം. എന്നാലേ നമുക്ക് ബുധനാ‍ഴ്ച പെരുന്നാളാക്കാനാവൂ.

ങ്ങേ!! അതെങ്ങിനെ?  

അത്...ഈ ന്യൂമുൺ സംഭവിക്കുന്ന നേരത്ത് അങ്ങ് ലണ്ടനിൽ ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയാണല്ലോ.

ലണ്ടനിലെ സമയമോ? അങ്ങിനെ പ്രവാചകൻ പറഞ്ഞോ? ഇല്ല മണിക്ഫാൻ പറഞ്ഞിട്ടുണ്ട്.
അതിനു ഇസ്ലാമിന്റെ അംഗീകാരമുണ്ടോ? അതെന്തിനാ, നാസയുടെ അംഗീകാരമുണ്ടല്ലോ.

എനിക്കൊരു സംശയം....പ്രവചകൻ എന്നെങ്കിലും അദ്ദേഹത്തിന്റെ നാട്ടിലെയല്ലാതെ വല്ല സമയവും പിറവി നിർണയത്തിൽ അവലംബിച്ചിരുന്നോ. മഗ്‌രിബിനു പിറവി ഇല്ലെങ്കിലും, കുറച്ച് സമയത്തിനു ശേഷം, ഇന്നത്തെ ദിവസം കഴിഞ്ഞ് ന്യൂമൂൺ വരാനിരിക്കുന്നുണ്ടെന്നും അപ്പോൾ ലണ്ടനിൽ ഇന്നത്തെ തിയതി തന്നെ ആയിരിക്കുമെന്നും അത് കൊണ്ട് നമ്മളിപ്പോൾ തന്നെ ശവ്വാലിലേക്ക് കടക്കാം എന്നും അവിടുന്ന് പറഞ്ഞതായി വല്ല അനുഭവമുണ്ടായിരുന്നോ?

ഹേയ് അതൊന്നും നോക്കേണ്ടതില്ല, ലോകാടിസ്ഥാനത്തിൽ തിയതി ഏകീകരിക്കണമെങ്കിൽ ചില അഡ്ജസ്റ്റ്മെന്റുകളൊക്കെ വേണ്ടി വരും!!

ലോകാടിസ്ഥാനത്തിൽ ഹിജ്‌റ തിയതി ഒരേ ദിവസം വരുത്തണമെന്ന് ആരാ പറഞ്ഞത്? പ്രവാചകൻ പറഞ്ഞോ? ഇല്ല, മണിക്ഫാൻ പറഞ്ഞിട്ടുണ്ടല്ലോ.

ശരി, ലോകാടിസ്ഥാനത്തിലുള്ള ഏകീകരണമാണല്ലോ, ലോകം മുഴുവൻ ബുധനാഴ്ചയാണോ പെരുന്നാൾ. അല്ല, ലോകത്തെവിടെയും ബുധനാഴ്ച പെരുന്നാളില്ല. അപ്പോൾ ആഗോള പെരുന്നാളിൽ പിന്നെ ആരൊക്കെയാ ഉള്ളത്? അലി മണിക്ഫാൻ, ഒ അബ്ദുല്ല, കോയക്കുട്ടി ഫാറൂഖി....പിന്നെ കുറച്ച് അനുയായികളും. ബാക്കിയുള്ളോരെല്ലാം , അതായത് സൗദി ഉൾപ്പെടെ ലോകം മുഴുവനും അബ്ദുല്ല സാഹിബിന്റെ ഭാഷയിൽ കടുത്ത ഹറാമിലാണത്രെ.

അടുത്ത ഹജ്ജ് മാസം മണിക്ഫാന്റെ കലണ്ടറിൽ ജൂലായ് 11നാണല്ലോ തുടങ്ങുന്നത്. ജൂലായ് 10ന് ഗ്രീനിച്ച് സമയം 1.17ന് ന്യൂമൂൺ സംഭവിക്കുന്നത് കൊണ്ടാണതെന്നാണ് കലണ്ടറിൽ പറയുന്നത്. ലണ്ടനിൽ രാത്രി 12 മണി കഴിഞ്ഞാണ് ന്യൂമൂൺ സംഭവിക്കുന്നതെങ്കിൽ അതിനു പിറ്റേ ദിവസമേ പുതിയ തിയതി ആകൂ. നമുക്ക്, പാവം ഇന്ത്യക്കാർക്കടക്കം അങ്ങിനെയല്ല. ഇത്തവണ തന്നെ നോക്കൂ, ന്യൂമൂൺ സംഭവിക്കുമ്പോൾ നമുക്ക് രാത്രി 12 മണി കഴിഞ്ഞിട്ടുണ്ട്. അതായത് ബുധനാഴ്ചയിലേക്ക് കടന്നിട്ടുണ്ട്. എന്നിട്ടും നമുക്ക് ബുധനാഴ്ച തന്നെയാണത്രെ പെരുന്നാൾ. ആരാ തീരുമാനിച്ചത്? മണിക്ഫാൻ തന്നെ. പ്രവാചകന്റെ അംഗീകാരമുണ്ടോ? ഹേയ്, നാസയുടെ അംഗീകാരമുണ്ടല്ലോ.

അല്ലാ, ദിവസം തുടങ്ങുന്നത് എപ്പോഴാണ്? അത് സുബ്‌ഹിക്ക്. ആരാ പറഞ്ഞത്? മണിക്ഫാൻ തന്നെ. മുൻപ് അങ്ങിനെയല്ലല്ലോ പറഞ്ഞിരുന്നത്? അതെ, ആദ്യം മഗ്‌രിബും പിന്നെ പലതും ആയി ഇപ്പോൾ അവസാനം സുബ്‌ഹി എന്നതിൽ അവർ ഉറപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഓഹ്, അപ്പോൾ കുഴപ്പമില്ല, ഇത്തവണത്തെ ന്യൂമൂൺ 12 മണിക്ക് ശേഷമാണെങ്കിലും സുബ്‌ഹിക്ക് മുൻപാണല്ലോ. അപ്പോൾ നമുക്ക് സുബ്‌ഹിക്ക് തുടങ്ങുന്ന ദിവസം പുതിയ തിയതി ആക്കിക്കൂടെ.

ശരിയാ, അങ്ങിനെ ആക്കിക്കൊള്ളട്ടെ, പക്ഷെ അപ്പോഴും ഒരു സംശയം. അടുത്ത ഹജ്ജ് മാസം ആരംഭിക്കാൻ അവലംബിക്കുന്ന ന്യൂമൂൺ എപ്പോഴാണെന്ന് മുകളിൽ പറഞ്ഞല്ലോ. ലണ്ടനിലെ സമയം ജൂലായ് 10 പുലർച്ചെ 1.17.  ജൂലായ് 10ന് അവിടുത്തെ സുബ്‌ഹി എപ്പോഴാ? പുലർച്ചെ 2.34ന്. അപ്പോൾ 1.17നു ന്യൂമൂൺ സംഭവിച്ചതിനു ശേഷം വരുന്ന ആദ്യത്തെ സുബ്‌ഹിക്ക് ദിവസം മാറ്റാതെ പിറ്റേ ദിവസത്തെ സുബ്‌ഹിക്ക് അതായത് ജൂലായ് 11ന് ദുൽഹജ്ജ് ഒന്നാം തിയതിയാക്കിയത് ആരു പറഞ്ഞിട്ടാ? മണിക്ഫാൻ. ഇസ്ലാമിൽ ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ? അതൊന്നും നോക്കണ്ട, തിയതി ഏകീകരിക്കാൻ ഇങ്ങിനെയൊക്കെ ചില അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരും.

ന്യായീകരണം നിലച്ചിട്ടില്ല, അതാ വരുന്നു അടുത്തത്. ലോകാടിസ്ഥാനത്തിൽ നടക്കുന്ന ഒരു സംഭവത്തെ കണക്കാക്കുമ്പോൾ അത് സംഭവിച്ച സ്ഥലത്തെ സമയം വെച്ച് വേണം കണക്കാക്കാൻ. ശരി, വാദത്തിനു സമ്മതിക്കാം. ന്യൂമൂൺ സംഭവിക്കുന്ന സ്ഥലത്ത് അത് സംഭവിക്കുമ്പോൾ നട്ടുച്ചയായിരിക്കും. ആ സമയമാണോ ഹിജ്രിക്കാർ പറയുന്നത്. അല്ല, അത്.... പിന്നെ... കലണ്ടറുണ്ടാക്കണമെങ്കിൽ ആഗോള സമയത്തിലാക്കി അതിനെ മാറ്റണം. ആരാ പറഞ്ഞത്? മണിക്ഫാൻ.

ലോകർക്ക് (ഹിജ്‌റ കമ്മിറ്റിക്ക് പോലും) മാറ്റിനിർത്താനാവാത്ത വിധം ജീവിതത്തിന്റെ ഭാഗമായിട്ട് കൂടി, മനുഷ്യൻ രൂപപ്പെടുത്തുകയും സൌകര്യാനുസരണം അഡ്ജസ്റ്റ്മെന്റുകൾ നടത്തുകയും ചെയത ഒന്നാണ് ഗ്രിഗോറിയൻ കലണ്ടർ എന്നതാണ് അതിന്റെ അസ്വീകാര്യതയും അയോഗ്യതയുമായി ഹിജ്‌റ കമ്മിറ്റിക്കാർ ചൂണ്ടിക്കാണിക്കുന്നത്. എന്തേ ഈ അളവുകോൽ ഇന്റർനാഷണൽ ഡേറ്റ് ലൈനിന്റെയും ആഗോള സമയത്തിന്റെയും കാര്യത്തിൽ ബാധകമാവുന്നില്ല? അതിന്റെയും ഉത്തരം മുകളിൽ പറഞ്ഞതൊക്കെയാണ്

വേൾഡ് ട്രേഡ് സെന്ററിനു നേരെ അക്രമണം നടക്കുമ്പോൾ അവിടെ September 11, 2001, 8:46 am ആയിരുന്നു. ഇന്നും അതിന്റെ സമയം രേഖപ്പെടുത്തുമ്പോൾ അങ്ങിനെത്തന്നെയാണ് രേഖപ്പെടുത്താറ്‌. അല്ലാതെ അതിന്റെ ആഗോള സമയമായ 12.46 അല്ല. അതേ സമയം ആ സംഭവം നടക്കുമ്പോൾ തത്സമയം തന്നെ നമ്മളത് ടി വിയിൽ കണ്ടുകൊണ്ടിരുന്നു. അപ്പോൾ നമുക്ക് അന്ന് വൈകുന്നേരം 6.16 ആണ്. അന്ന് ഇന്ത്യൻ മാധ്യമങ്ങൾ (ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളുമൊക്കെ) ഈ സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെയാണ് സംഭവംഎന്ന് പ്രത്യേകം പറഞ്ഞിരുന്നുവല്ലോ. അത് തന്നെയാണ് പറയുന്നത്. അന്ന് ആ സമയം നമ്മളത് കാണുമ്പോൾ മഗ്‌രിബിന്റെ സമയമാണ്. ആ സംഭവം നടക്കുമ്പോൾ നമ്മളക്കാര്യം നമ്മുടെ നാട്ടിലുള്ള മറ്റൊരാളോട് അറിയിക്കുകയാണെങ്കിൽമഗ്‌രിബിന്റെ തൊട്ട് മുൻപാണ് സംഭവംഎന്നല്ലേ പറയുക. ഹിജ്‌റ കമ്മിറ്റിക്കാരൻ എന്താ പറയേണ്ടത്? ഒന്നുകിൽ ഇന്ന് രാവിലെ എട്ടേമുക്കാലിന്എന്ന് പറയണം. അല്ലെങ്കിൽ ഗ്രീനിച്ച് സമയം ഉദ്ദേശിച്ച് ഇന്ന് ഉച്ചയ്ക്ക്എന്ന് പറയണം. എന്നാൽ അതല്ലല്ലോ നടപ്പ്.

അതായത്, വേൾഡ് ട്രേഡ് സെന്റർ അക്രമണം നടന്നപ്പോൾ നമുക്ക് അത് മഗ്‌രിബിന്റെ സമയമാണ്. അവിടെ രാവിലെയും. പക്ഷെ നമ്മളത് നമ്മുടെ മഗ്‌രിബ് നേരത്ത് നടന്ന ഒരു സംഭവമായി കാണുന്നു. ട്രേഡ് സെന്റർ അക്രമണം ലൈവായി നമ്മൾ കണ്ടത് പോലെ മുകളിൽ സൂചിപ്പിച്ച ന്യൂമൂണിന്റെ ദൃശ്യം ആധുനിക ഉപകരണങ്ങൾ വെച്ച് ലൈവായി ടെലിക്കാസ്റ്റ് ചെയ്യുന്നുവെന്ന് വെക്കുക. നമ്മളത് കാണുമ്പോൾ നമുക്ക് മെയ് 12ന് പുലർച്ചെയാണല്ലോ. ഹിജ്‌റ കമ്മിറ്റി പറഞ്ഞ പോലെ ന്യൂമൂണോട് കൂടി നമ്മുടെ മാസം മാറ്റിയാൽ അത് നടക്കുന്ന(നമ്മളത് തത്സമയം കാണുന്ന) നിമിഷം മെയ് 12ൽ പെട്ടതാണ്.(ഹിജ്‌റ കമ്മിറ്റിക്കാർക്ക്) സ്വാഭാവികമായും ആ 12 മാസാവസാന ദിവസമാവണം.അപ്പോൾ അതിന്റെ പിറ്റേന്ന് 13ാം തിയതി ശവ്വാൽ 1ആവണം.ഹിജ്‌റ കലണ്ടറിലാവട്ടെ മെയ്12 തന്നെയാണ് ശവ്വാൽ 1. ഇതാണ് മുകളിൽ സൂചിപ്പിച്ച വൈരുദ്ധ്യം.

ഇസ്ലാമിന്റെ ദിവസം തുടങ്ങുന്നത് മഗ്‌രിബിനാണെന്ന് പറയുന്നത് വൈരുദ്ധ്യമാണത്രെ. ആരാ പറഞ്ഞത്. സാക്ഷാൽ ഒ അബ്ദുല്ല. എന്താ മൂപ്പരുടെ തെളിവ്? പത്മശ്രീ ലഭിച്ച മണിക്ഫാൻ പറഞ്ഞിട്ടുണ്ട്. മഗ്‌രിബ് വേളയിൽ മാസപ്പിറവി ഉറപ്പിച്ചാൽ ആ രാത്രി തന്നെ അബ്ദുല്ല സാഹിബ് തറാവീഹ് നമസ്കരിക്കാറുണ്ടോ? നോമ്പവസാനത്തിലെ ദിവസം മഗ്‌രിബ് കഴിഞ്ഞാൽ അബ്ദുല്ല തറാവീഹ് ഒഴിവാക്കാറില്ലേ? പകരം പെരുന്നാളിന്റെ തക്ബീർ ആരംഭിക്കുമോ? റമദാനിലെ അവസാന പത്തിൽ ഒറ്റയായ രാവിൽ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിച്ചത് ഒറ്റയായ പകലിനു മുൻപുള്ള രാവോ അതോ പിൻപുള്ള രാവോ?  അതൊക്കെ ശരി തന്നെ. അതെ, ഇതാണ് പ്രവാചകന്റെ മാതൃക. അതാണ് നമ്മൾ സ്വീകരിക്കേണ്ടത് അബ്ദുല്ല സാ‍ഹിബേ. സംഗതി ഓകെ തന്നെ. പക്ഷെ നബിക്ക് പത്മ ശ്രീ കിട്ടിയിട്ടില്ലല്ലോ. പക്ഷെ സാഹിബേ നുബുവ്വത്ത് കിട്ടിയ പ്രവാചകനേക്കാൾ ഞങ്ങൾക്കൊട്ടും വലുതല്ല പത്മശ്രീ കിട്ടിയ മണിക്ഫാൻ.

ഇപ്പോൾ മുസ്ലിംകൾ തുടരുന്ന രീതി ഇസ്ലാമികമല്ലേ? അല്ല. ആരാ പറഞ്ഞത്? മണിക്ഫാൻ. സൗദി ഉൾപ്പെടെയുള്ള ലോക മുസ്ലിം സമൂഹമോ അടുത്ത കാലം മുൻപ് രൂപപ്പെട്ട ഹിജ്രി കമ്മിറ്റിയുടെ തുച്ഛമായ അംഗങ്ങളോ ആരു തുടരുന്ന രീതിയാണ് ശരിയായ രീതി? അത് ഹിജ്രിക്കാരുടേതാണ്. പ്രമാണങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും അങ്ങിനെയല്ലല്ലോ മനസ്സിലാവുന്നത്? അത് കാര്യമാക്കണ്ട, ഇതാണ് ശരി എന്ന് മണിക്ഫാൻ പറഞ്ഞിട്ടുണ്ട്.

അപ്പോൾ കണക്ക് അറിയാത്ത സമൂഹത്തോട് കാഴ്ച ചന്ദ്രമാസത്തിന്റെ മാറ്റം നിർണയിക്കാൻ അവലംബമാക്കാമെന്ന് നബി(സ) പറയുമ്പോൾ കണക്ക് അറിയുന്ന സമൂഹത്തിന് ഖണ്ഡിതവും സുദൃഢവുമായ അറിവ് ലഭിക്കുന്ന കണക്കിനെ അവലംബിക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ല.”- (ഹിജ്രി കമ്മിറ്റി പുറത്തിറക്കിയമാസാരംഭം പ്രമാണങ്ങളിൽ, പേജ്: 37).

ശരിയാണ്, പ്രവാചകന്റെ കാലത്ത് അന്ന് പ്രാപ്യമായ അറിവും കഴിവും വെച്ച് നമസ്കാര സമയവും ഹിജ്‌റ മാസ തിയതികളും നിർണയിച്ച് പോന്നു. കണക്ക് കൂട്ടാനറിയാത്തവരും എഴുതാനറിയാത്തവരും എന്ന് പ്രവാചകൻ തന്നെ വിശേഷിപ്പിച്ച ആ സമൂഹത്തിന്റെ  രീതി തന്നെ എഴുതുകയും കണക്ക് കൂട്ടുകയും ചെയ്യുന്ന നമ്മൾ തന്നെ തുടരണോ? വേണ്ട. നമുക്ക് രീതി ശാസ്ത്രീയമായി പരിഷ്കരിക്കാം. പക്ഷെ ഫലം കൃത്യമാവണം.

ഉദാഹരണത്തിന്, നമസ്കാര സമയം നിർണയിക്കാൻ കലണ്ടർ ഉപേക്ഷിച്ച് പ്രവാചക കാലത്തെ  നിഴലിനെ ആശ്രയിച്ചാലും നമുക്ക് കിട്ടുന്ന സമയം തന്നെയാവും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുള്ളതും. അതെ അത് ശരിയാണ്. എങ്കിൽ, മണിക്ഫാന്റെ കലണ്ടറിൽ നമുക്കൊന്ന് പിന്നോട്ട് പോവാം.

ക്രിസ്താബ്ധം 632ൽ ഹിജ്‌റ പത്താം വര്‍ഷം ആയിരുന്നു പ്രവാചകൻ ഹജ്ജ് കർമ്മം നിർവഹിച്ചത്. ആ വർഷം ഫെബ്രുവരി 25 ചൊവ്വാഴ്ചയാണ് ന്യൂമൂണ്‍ അഥവാ കറുത്ത വാവ്. ഹിജ്‌റ കമ്മിറ്റിയുടെ കലണ്ടറനുസരിച്ച് ഫെബ്രുവരി 26 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നാവണം. അപ്പോൾ ദുല്‍ഹജ്ജ് 9 വ്യാഴാഴ്ചയാവണം. പക്ഷെ നബി(സ) അറഫയില്‍ സമ്മേളിച്ചത് എന്നായിരുന്നു? വെളളിയാഴ്ചയായിരുന്നു നബി(സ)യുടെ പ്രസിദ്ധമായ അറഫ എന്ന് തെളിയിക്കുന്ന മൂന്ന് ഹദീഥുകൾ ഇമാം ബുഖാരി 45, 4604, 7268 നമ്പറുകളിലായി ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിം പണ്ഡിതന്‍മാർ നിരാക്ഷേപം അംഗീകരിച്ച ഒരു വിഷയമാണിത്. അലിമണിക്ഫാൻ സാഹിബും മുൻപ് ഇക്കാര്യം അംഗീകരിച്ചിരുന്നു. പക്ഷെ പിന്നീടദ്ദേഹം മാറി. ആ വർഷത്തെ ദുൽഹജ്ജ് 9 വ്യഴാഴ്ച തന്നെയാണെന്നും അറഫയുടെ വിഷയം പ്രവാചകനു തെറ്റിക്കാണും എന്നും റിപ്പോർട്ട് ചെയ്തവർക്ക് തെറ്റിക്കാണും എന്നുമൊക്കെ പല ന്യായീകരണങ്ങൾക്കും ശ്രമങ്ങൾ നടന്ന് വരുന്നു. കൂടാതെ പരിശുദ്ധ ഹജ്ജിൽ എട്ട്പത്താളുകൾ ചേർന്ന് സമാന്തര അറഫ സംഘടിപ്പിച്ച് ഭിന്നിപ്പിന്റെ തുല്യതയില്ലാത്ത കൊടിവാഹകരാവുകയാണിവരിപ്പോൾ. മണിക്ഫാന്റെ പത്മശ്രീയുടെ ആനുകൂല്യത്തിൽ ഒ അബ്ദുല്ല സാഹിബും ഈ സമാന്തര അറഫയെയും അനുകൂലിക്കുമായിരിക്കും.

ഹിജ്രി കമ്മിറ്റിയുടെ പൊളിച്ചടക്കൽ തുടർന്ന് കൊണ്ടേയിരിക്കുകയാണ്. അതിനനുസരിച്ച് വാദങ്ങളും മാറിമാറി വരികയാണ്. പ്രവാചകന്റെ കാലത്തെ പിറവി ദർശനത്തെയും അതുമായി ബന്ധപ്പെട്ട ഹദീഥുകളുമൊക്കെ ഇയ്യടുത്ത കാലം വരെ ഹിജ്രിക്കാർ അംഗീകരിച്ചിരുന്നു. അക്കാലത്തുള്ളവരുടെ അറിവും കഴിവുമനുസരിച്ചുള്ള ഒരുപാധി എന്ന നിലക്കായിരുന്നു ആ പിറവി ദർശനമെന്നും അതിന്റെ ശാസ്ത്രീയ രൂപമാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്നും രണ്ടും തമ്മിൽ വൈരുദ്ധ്യമില്ലെന്നുമായിരുന്നു ഹിജ്രി കമ്മിറ്റിക്കാർ പറഞ്ഞിരുന്നത്. പക്ഷെ വിശദ പഠനത്തിന്റെ പിൻബലത്തിലുള്ള പ്രതിരോധത്തിനു മുന്നിൽ അവർക്ക് പിടിച്ച് നിൽക്കാനായില്ല.

അതോടെ പല വാദങ്ങളും മാറി. പിറവി ദർശനം എന്നൊന്നില്ല. മാസമാറ്റത്തിനാധാരമായ ഹിലാൽ ഒരിക്കലും കാണാൻ പറ്റില്ല, കാണാവുന്നത് അവസാന കല മാത്രം, അതാവട്ടെ കിഴക്കൻ ചക്രവാളത്തിൽ സുബ്‌ഹി സമയ്ത്ത്.അത് കണ്ട് കഴിഞ്ഞാൽ പിന്നീട് ഒരു ദിവസം കൂടി കഴിഞ്ഞ് പുതുമാസം, മഗ്‌രിബിനു പടിഞ്ഞാറൻ ചക്രവാളത്തിലെ മാസപ്പിറ നോക്കൽ ഇസ്ലാമികമല്ല, ജൂതായിസമാണ്, പ്രവാചകൻ അത് മാനദണ്ഡമാക്കിയിട്ടില്ല, മാസം നോക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല, ആരും മാസം നോക്കാൻ പോയിട്ടില്ല....അങ്ങിനെ പോവുന്നു വാദങ്ങൾ. പ്രവാചകാധ്യാപനങ്ങളിൽ ഇതൊന്നും കാണനാവില്ല. പിന്നെയാരാ ഇതൊക്കെ പറഞ്ഞത്? മണിക്ഫാൻ തന്നെ. എന്തിന് ഇന്റർനാഷനൽ ഡേറ്റ് ലൈനിനെ കുറിച്ച് പോലും അല്ലാഹു സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ആയത്തോതിയവരാണിവർ.

എന്താണ് ഇന്റർ നാഷണൽ ഡേറ്റ് ലൈൻ. മനുഷ്യൻ തന്റെ സൌകര്യത്തിനനുസരിച്ചും ഭാവനക്കനുസരിച്ചും 1886ൽ നിർണ്ണയിച്ച രൂപപ്പെടുത്തിയതാണിത്. സൌകര്യാനുസരണം പല കാലങ്ങളായി ഇതിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ഇയ്യടുത്ത വർഷം വരെ അതിൽ മാറ്റം വരുത്തി. നിരവധി തവണ പല തരത്തിലുള്ള താല്പര്യങ്ങൾക്കുമനുസരിച്ച് ആ രേഖയിൽ പല മാറ്റങ്ങളും വരുത്തിയിട്ടുമുണ്ട്. പാശ്ചാത്യർക്ക് മുൻപ്, അറബികൾ ഗോളശാസ്ത്രത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്ന കാലത്ത് സ്പെയിനിലെ ടോളഡോയിൽ കൂടി കടന്ന് പോവുന്ന ധ്രുവരേഖയായിരുന്നു 0 ഡിഗ്രി. പിന്നീടാണ് അത് ഗ്രീനിച്ഛീലൂടെ പോവുന്ന ധ്രുവാംശ രേഖയാക്കിയത്. ഈ രേഖ പ്രകൃതിദത്തമോ ദൈവം നിശ്ചയിച്ച് മനുഷ്യൻ നിർബന്ധമായി പിന്തുടരാൻ നിർദ്ദേശിക്കപ്പെട്ടതോ അല്ല. അങ്ങിനെയാണെങ്കിൽ സൌകര്യാനുസരണം വളക്കാനും ഇടക്കിടക്ക് അതിൽ മാറ്റം വരുത്താനുമൊന്നും പാടില്ലല്ലോ. ഇന്റർനാഷണൽ ഡേറ്റ് ലൈനിന് ശരീ‌അത്തിന്റെ സാധൂകരണം സ്ഥാപിച്ചെടുത്താലേ ഹിജ്‌റ കമ്മിറ്റിയുടെ അഡ്ജസ്റ്റ്മെന്റ് കലണ്ടറിനു ന്യായീകരണമുണ്ടാക്കാനാവൂ എന്നത് കൊണ്ടാണ് ഖുർആൻ ദുർവ്യാഖ്യാനിച്ച് അതിനു ആയത്ത് കണ്ടെത്തിയത്.

വെള്ളിയാഴ്ച എല്ലാവർക്കും വെള്ളിയാഴ്ച തന്നെ. ജുമുഅ പല ദിവസങ്ങളിലാവുന്നില്ല, പെരുന്നാൾ പല ദിവസങ്ങളിലാവുന്നു. ഡിസംബർ 25 ശനിയാണെങ്കിൽ ലോകമെമ്പാടും ശനി തന്നെ. ആളുകളെ കയ്യിലെടുക്കാൻ ഹിജ്രിക്കാർ അവതരിപ്പിക്കുന്ന ന്യായങ്ങളാണിതൊക്കെ. കൃത്യമായ പ്രകൃതി പ്രതിഭാസമായ ചാന്ദ്രിക ചലനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തേണ്ട കലണ്ടർ, സൗര ചലനത്തിന്റെ അടിസ്ഥാനത്തിലുള്ളവയെ പോലെയോ യാതൊരു അടിസ്ഥാനവുമില്ലാതെ ക്രമപ്പെടുത്തിയ സംവിധാനങ്ങൾ പോലെയോ ആവണമെന്നാണിവർ പറയാതെ പറയുന്നത്. ഭൂമി ഉരുണ്ടതായതിനാലും ഹിജ്ര കലണ്ടർ ചന്ദ്ര ചലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതിനാലായതിനാലും ഗ്രിഗോറിയൻ കലണ്ടറിനെ പോലെ ആവില്ല ഒരിക്കലും അത് എന്നെങ്കിലും മനസ്സിലാക്കിയാൽ തീരുന്നതേയുള്ളൂ ഹിജ്രിക്കാരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും.

മാസം കാണലും കാണാൻ പറഞ്ഞയക്കലും അനിസ്ലാമികമാണത്രെ! നബി(സ) കാണാൻ പറഞ്ഞത് മാസാവസാനം സുബ്‌ഹിക്ക് കിഴക്കൻ ചക്രവാളത്തിൽ കാണുന്ന കലയാണത്രെ!! ആരാ പറഞ്ഞത്? മണിക്ഫാൻ തന്നെ. നമുക്കൊന്ന് നോക്കാം. അവരുടെ പുസ്തകങ്ങളിലൂടെ,

നാഫി‌അ്(റ) ഇബ്നു ഉമറിൽ നിന്ന് നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ ദൂതൻ അരുളി: മാസം ഇരുപത്തി ഒമ്പതാണ്. അതിനാൽ നിങ്ങൾ നവചന്ദ്രനെ കാണുന്നത് വരെ നോമ്പനുഷ്ഠിക്കുകയോ നോമ്പ് മുറിക്കുകയോ ചെയ്യരുത്. നിങ്ങളുടെ മേൽ മേഘാവൃതമായാൽ നിങ്ങൾ അതിനെ കണക്കാക്കുവിൻ..............നാഫി‌അ്(റ) നിവേദനം: ശ‌അബാൻ ഇരുപത്തി ഒമ്പതായാൽ മാസപ്പിറവി നോക്കാൻ വേണ്ടി ഇബ്‌നു ഉമർ വ്യക്തികളെ നിയോഗിക്കും കണ്ടാൽ നോമ്പ് പിടിക്കും. ആകാശത്തിന്റെയും തന്റെ കാഴ്ചയുടെയും ഇടയിൽ മേഘമോ പൊടിപടലമോ ഇല്ലാത്ത പക്ഷം നോമ്പ് പിടിക്കുകയില്ല. എന്നാൽ മേഘമോ പൊടിപടലമോ ഉണ്ടായാൽ നോമ്പ് പിടിക്കുകയും ചെയ്യും.(അന്നസാ‌ഇ,അഹ്‌മദ്). ഈ ഹദീസുകളുടെ പരമ്പര വളരെയധികം സ്വഹീഹാണെന്ന് പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇബ്നു ജൗസി(റ) വ്യക്തമാക്കിയിട്ടുണ്ട്.”- (ഹിജ്രി കമ്മിറ്റി പുറത്തിറക്കിയ ചന്ദ്രമാസ നിർണയം കണക്കും കാഴ്ചയുംഎന്ന പുസ്തകം, പേജ്:50,51). ‘മാസാരംഭം പ്രമാണങ്ങളിൽഎന്ന പുസ്തകത്തിലും സമാന പരാമർശമുണ്ട്(പേജ്:161).

അതായത്, മാസം 29നാണ്  ആളുകൾ മാസപ്പിറവി നോക്കാൻ നിയോഗിക്കപ്പെടുന്നത്. ഹിജ്രി കമ്മിറ്റിയുടെ നിലപാടനുസരിച്ചാണെങ്കിൽ ഹിലാൽ നോക്കേണ്ടത് മാസം 28നാണ്, അതാവട്ടെ സുബ്‌ഹിക്കും കിഴക്കൻ ചക്രവാളത്തിലുമാണ്. എന്നാൽ ഇതിനു വിരുദ്ധമായിരുന്നു പ്രവാചകന്റെ അനുയായികളും പിൻഗാമികളും പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിൽ അനുവർത്തിച്ച് പോന്നിരുന്നത് എന്ന്, കുറ്റമറ്റതെന്ന് ഹിജ്രി കമ്മിറ്റി തന്നെ പരിചയപ്പെടുത്തുന്ന മേൽ ഹദീസിൽ നിന്ന് വ്യക്തമാവുന്നു. മാസം 29ന്നവചന്ദ്രനെ’(പിറവി) അന്വേഷിക്കുമ്പോൾ അത് സ്വാഭാവികമായും സൂര്യാസ്തമയ സമയത്ത് തന്നെയാവണം. അതാവട്ടെ പടിഞ്ഞാറൻ ചക്രവാളത്തിലുമാവണമല്ലോ. കിഴക്കൻ ചക്രവാളത്തിൽ 28നു പുലരിയിൽ ഹിജ്രിക്കാർ അന്വേഷിക്കുന്ന നവചന്ദ്രനെയല്ല സ്വഹാബത്ത് അന്വേഷിച്ചത് എന്നത് കൂടിയാവുമ്പോൾ നബിചര്യയല്ല ഹിജ്രി കമ്മിറ്റി നിലപാടിന്റെ മാനദണ്ഡം എന്ന് കൃത്യമായി ബോധ്യമാകും.

മഗ്രിബ് സമയത്ത് മാസപ്പിറവി നോക്കാൻ ആളെ നിയോഗിച്ചയക്കുന്നതിനു ഇസ്ലാമിൽ വല്ല തെളിവുമുണ്ടോ എന്ന് വലിയ വായിൽ ചോദിക്കുന്ന വിഭാഗമാണ് അതിന്റെ ഉത്തരം ഇത്ര വ്യക്തമായി സ്വന്തം പുസ്തകത്തിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നത് എന്നത് മറ്റൊരു തമാശ.

മാസാരംഭം പ്രമാണങ്ങളിൽഎന്ന ഹിജ്രി കമ്മിറ്റിയുടെ പുസ്തകത്തിലെ മറ്റൊരു പരാമർശം കൂടി വായിക്കാം:ഇബ്‌നു അനസ്(റ)നിവേദനം. ശവ്വാൽ മാസപ്പിറവി ഞങ്ങളുടെ മേൽ മറക്കപ്പെട്ടു. അതിനാൽ ഞങ്ങൾ നോമ്പനുഷ്ഠിക്കുന്നവരായി പ്രഭാതത്തിൽ പ്രവേശിച്ചു. അങ്ങിനെ ഒരു ഒട്ടകസംഘം പകലിന്റെ അന്ത്യത്തിൽ വരികയും ഇന്നലെ മാസം കണ്ടതായി നബി(സ)യുടെ അടുത്ത് സാക്ഷ്യം വഹിക്കുകയും ചെയ്തു. അപ്പോൾ നബി(സ) അവരോട്  നോമ്പ് മുറിക്കാൻ കൽപ്പിച്ചു. നാളെ ഈദ്ഗാഹിലേക്ക് പുറപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു.“ (പേജ് 19). ഹിജ്രി കമ്മിറ്റി പുറത്തിറക്കിയ പുസ്തകങ്ങളിലുടനീളം ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ അവരുടെ വാദങ്ങളും ഇസ്ലാമികാധ്യാപനങ്ങളും പരസ്പര വിരുദ്ധമാണെന്നതിനു തെളിവായി കാണാനാവും.

എല്ലാ ദിവസവും ചന്ദ്ര നിരീക്ഷണം നടത്തി കൃത്യമായ തിയതി കണ്ടെത്തുകയായിരുന്നു പ്രവാചകന്റെ രീതി എന്ന് പറഞ്ഞ് മാസാവസാനം പിറവി നോക്കുന്നതിനെ പരിഹസിക്കുന്ന ഹിജ്രിക്കാർ തന്നെ ആണ് നബി(സ) ശവ്വാൽ ഒന്നിനു അറിയാതെ നോമ്പ് നോറ്റതും പിറവി കണ്ട വിവരം പിന്നീട് യാത്രാ സംഘത്തിൽ നിന്ന് അറിഞ്ഞപ്പോൾ അത് മുറിച്ച വിവരവും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്നലെ’ മാസം കണ്ടതായി ഒരു പറ്റമാളുകൾ സാക്ഷ്യം വഹിച്ചപ്പോൾ പ്രവാചകൻ ഇന്നത്തെ’ തിയതിയാണ് ശവ്വാൽ ഒന്നായി പ്രഖ്യാപിച്ചത്. അപ്പോൾ അവർ മാസമറ്റത്തിനു അവലംബിച്ചത് ഏതായാലും ഹിജ്രിക്കാർ അവലംബിക്കുന്ന ഉർജൂനുൽ ഖദീമിനെയല്ലെന്ന് വ്യക്തം.

ഒരു കാര്യം കൂടി പറയട്ടെ,
മതത്തിൽ അതിപ്രധാനമായ ഒരു കാര്യവും പ്രവാചകൻ ഖണ്ഡിതമായി പഠിപ്പിക്കാതെ പോയിട്ടില്ല. ലോ‍കാവസാനം വരേക്കുള്ള മനുഷ്യർക്ക് അവതരിപ്പിച്ച മതത്തിൽ പ്രവാചകസമൂഹത്തിന്റെ നിരക്ഷരതയുടെ പേരിൽ ഒരു പ്രധാന മാനദണ്ഡം മറച്ച് വെക്കാൻ അല്ലാഹുവോ റസൂലോ തീരുമാനിക്കുമൊ? ഇല്ല. മാസാരംഭത്തിന്റെ മാനദണ്ഡം ന്യൂമൂണായിരുന്നെങ്കിൽ അത് കൃത്യമായി പഠിപ്പിക്കപ്പെടുമായിരുന്നു. ന്യൂമൂൺ എന്നർത്ഥം വരുന്ന മിഹാഖ് എന്ന പദം ഒരിക്കൽ പോലും ഈ വിഷയത്തിൽ പരാമർശിക്കപ്പെടുന്നില്ല. എല്ലായിടത്തും പറയുന്നത് ഹിലാൽഎന്ന് തന്നെയാണ്. ന്യൂമൂൺ കണക്കാക്കാൻ അന്ന് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല എന്ന് വാദിച്ചാൽ പോലും, ഇസ്ലാമിൽ വളരെ പ്രധാനമുള്ള ഒരു മാനദണ്ഡമെന്ന നിലക്ക് അത് വഹ്‌യ് മുഖേനയെങ്കിലും പഠിപ്പിക്കപ്പെടുമായിരുന്നു.

നജ്ജാശി രാജാവിന്റെ മരണം, പ്രവാചകൻ നിയോഗിച്ചയച്ച സ്വഹാബികൾ കൊല്ലപ്പെട്ട സംഭവം എന്നിവയിലൊക്കെ അല്ലാഹു വഹ്‌യ് ഉപയോഗപ്പെടുത്തിയത് നമുക്കറിയാം. അവരുടെ മയ്യിത്ത് നമസ്കാരം ഭൂമിയിൽ നിർവ്വഹിക്കപ്പെടുക എന്ന അനിവാര്യത നടപ്പാവണമെങ്കിൽ അവരുടെ മരണ വിവരം മുസ്ലിംകളറിയേണ്ടതുണ്ട്.  ഇന്നാണെങ്കിൽ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ വഴി നിമിഷങ്ങൾക്കുള്ളിൽ ആ വിവരം ലോകം മുഴുവനുമെത്തുമായിരുന്നു. അക്കാലത്ത് ആ വിവരമറിയാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. അതുകൊണ്ട് വഹ്‌യ് മുഖേന അല്ലാഹു റസൂൽ(സ)യെ വിവരമറിയിച്ചു.

മറ്റൊരു സംഭവം, നൂഹ് നബി(അ)യുടെ കപ്പൽ നിർമ്മാണം. ഇന്നാണെങ്കിൽ ഒരു കൂറ്റൻ കപ്പൽ നിർമ്മിക്കാനാവശ്യമായ ശാസ്ത്രീയ വിവരങ്ങൾ ലോകം സ്വായത്തമാക്കിയിട്ടുണ്ട്. പക്ഷെ അന്നോ? അത് സംബന്ധമായ വിജ്ഞാനം ആയിട്ടില്ല. അതുകൊണ്ട് ആ അനിവാര്യ ഘട്ടത്തിൽ വഹ്‌യ് മുഖേന ആ വിവരം  അല്ലാഹു നൂഹ് നബി(അ)യെ അറിയിച്ചു. പിൽക്കാലത്ത് അറിവും സൌകര്യവും ഒക്കെ വരുമായിട്ടും അന്ന് വഹ്‌യിലൂടെ അവയൊക്കെ അറിയിച്ചത് ആ വിഷയങ്ങളുടെ പ്രാധാന്യം കൂടി പരിഗണിച്ചിട്ടാണല്ലോ. എന്നാൽ, ന്യൂമൂൺ ഇന്ന ദിവസമാണെന്ന് ഒരിക്കൽ പോലും പ്രവാചകൻ പറഞ്ഞിട്ടില്ല. മറിച്ച് ആർക്കും കണ്ടെത്താനും മനസ്സിലാക്കാനും കഴിയുന്ന ഹിലാലിനെയാണ് പ്രവാചകൻ മാസാരംഭത്തിന് അടിസ്ഥാനമാക്കാൻ പഠിപ്പിച്ചത്. ഏത് കാലഘട്ടത്തിലും ഏത് തരം സമൂഹത്തിലും പ്രായോഗികവും ലളിതവുമായ മാർഗ്ഗം. ഒരു വേള മനുഷ്യന്റെ അറിവ് പൂർണ്ണമായും ഉയർത്തപ്പെട്ടാലും മനുഷ്യർക്ക് തുടർന്ന് പോകാവുന്ന രീതി. അതാണ് ഹിലാൽ ദർശനം. അതാണ് പ്രവാചകാധ്യാപനം.

ഇതിൽ നിന്നും മനസ്സിലാക്കേണ്ട മറ്റൊന്ന് ഈ കാര്യത്തിൽ അനുവദിക്കപ്പെട്ട വിട്ടുവീഴ്ചയാണ്. കാഴ്ച കൊണ്ടുണ്ടാവാൻ സാധ്യതയുള്ള തെറ്റുകൾ പരിഗണിച്ച് പോലും വഹ്‌യിലൂടെയോ മറ്റോ മാനദണ്ഡത്തിൽ ഒരു തിരുത്തലോ ഒരു പ്രഖ്യാപനമോ ഉണ്ടായിട്ടില്ല. മാത്രമല്ല, ആകാശം മേഘാവൃതമായാൽ മുപ്പത് പൂർത്തിയാക്കണമെന്നത് നടപ്പാകുമ്പോൾ മേഘത്തിനടിയിൽ ഹിലാലുണ്ടാവാനുള്ള ഒരു സാധ്യതയെ അവിടെ ഭയപ്പെടുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. മേഘാവൃതമായാൽ, മറക്കപ്പെട്ടാൽ എന്നൊക്കെയുള്ള ഹദീസുകളിലെ പരാമർശങ്ങളെയും ഒന്ന് തട്ടിക്കളയാൻ ശ്രമിക്കുന്നുണ്ട് ഹിജ്രി കമ്മിറ്റിക്കാർ. എന്ന ഹദീസിലെ പ്രയോഗം അമാവാസി എന്നുദ്ദേശിച്ചാണത്രെ. ആ പരാമർശമുള്ള ഓരോ ഹദീഥിലും അങ്ങിനെ അർത്ഥം വെച്ചതോടെ ആ വാദവും പൊളിഞ്ഞു.


ന്യൂമൂണനുസരിച്ച് വ്യാഴാഴ്ച നടക്കേണ്ട അറഫ പ്രവാചകൻ ആചരിക്കുന്നത് വെള്ളിയാഴ്ചയാണെന്ന് പറഞ്ഞല്ലോ. അവിടെ ഹിലാൽ ദർശനം മാനദണ്ഡമാക്കുമ്പോൾ മാത്രമേ ഇങ്ങിനെ സംഭവിക്കൂ. എട്ട് ദിവസം ചന്ദ്രന്റെ കലകൾ ആകാശത്തുണ്ടായിട്ട് അത് നിരീക്ഷിച്ച് തിയതി അറഫ വ്യാഴാഴ്ചയിലേക്ക് മാറ്റാൻ നബി(സ) ശ്രമിച്ചില്ലെങ്കിൽ ആ സംഭവത്തിൽ നമുക്ക് കുറേ വിവരങ്ങളാണ് കിട്ടുന്നത്.

പ്രവാചക കാലം തൊട്ട് നിലവിൽ മുസ്ലിം ലോകം തുടർന്ന് വരുന്ന മാസ നിർണയ രീതിയെ വൈജ്ഞാനിക വികാസത്തിനനുസരിച്ച് പരിഷ്കരിച്ച് കൂടുതൽ കുറ്റമറ്റതാക്കാമെന്ന ഗുണകാംക്ഷാപരമായ ആലോചന തന്നെയാവാം ഹിജ്രി കമ്മിറ്റിയുടെ പ്രചോദനം. ആ ആലോചനയിലാവാം ലോകം മുഴുവൻ ഒരേദിവസം ഹിജ്ര തിയതി എന്ന ആശയമുണ്ടായിരിക്കുക. പക്ഷെ പ്രമാണങ്ങളോട് അടുത്ത് നിൽക്കുമ്പോൾ അത് അപ്രായോഗികമാണെന്ന് മനസ്സിലാവുന്നതാണ്. കൃത്യമായ പ്രകൃതിപ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആ കലണ്ടർ സംവിധാനത്തിലെ തിയതി ലോകം മുഴുവൻ ഏകീകരിക്കാൻ ഭൂമി ഉരുണ്ടതാണെന്ന വസ്തുത വ്യക്തമായ ഒരു തടസ്സം തന്നെയായിരുന്നു. പക്ഷെ അപ്പോഴേക്കും ആ ആശയം ഒരു വാദമായി രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ഒരു പറ്റം അനുയായികൾ ഇതിനെ വൈകാരികമായി ഏറ്റെടുത്തു. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ക്രമീകരിച്ചിട്ടുള്ള ഗ്രിഗോറിയൻ കലണ്ടറിനെ അവർ മാതൃകയാക്കി അവതരിപ്പിച്ചു. സൗര കലണ്ടറിൽ സൗര ദിനം ഒത്ത് വരുന്ന പോലെ ചാന്ദ്ര കലണ്ടറിലും സൗരദിനം ഒത്ത് വരാൻ അവർ കണക്ക് കൂട്ടിയും കുറച്ചും സാഹസപ്പെട്ടു. ആചാര്യനെ പോലും നിസ്സഹായരാക്കി ഒരുപറ്റം വികാരജീവികൾ രംഗം കയ്യടക്കി. ലോകം മുഴുവൻ ഐക്യമുണ്ടാക്കാൻ വന്നവർ മഹല്ലിലും കുടുംബത്തിലും മാത്രമല്ല മഹത്തായ ഹജ്ജിൽ പോലും ഭിന്നിപ്പിന്റെ വിഷബാധയേൽപ്പിച്ചു. മുസ്ലിം ലോകത്തിനു മേൽ കുഫ്‌റും ജൂതായിസവും ആരോപിച്ച് വിരലിലെണ്ണാവുന്ന ഇക്കൂട്ടർ വസ്‌വാസുണ്ടാക്കാൻ ശ്രമിച്ചു. തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാനുള്ള സാഹസങ്ങൾക്കിടെ നിലപാടുകൾ മാറിമാറി വന്നു. പലപ്പോഴായി ഹിജ്രിക്കാർ വീറോടെ വാദിച്ച പലതുമിപ്പോൾ കേൾക്കാൻ പോലും അവർക്ക് ഇഷ്ടപ്പെടാത്ത വികലവാദങ്ങളായി. പുറത്തിറക്കിയ പുസ്തകങ്ങളും രചനകളും പലതും ഇപ്പോൾ അവരെ തിരിഞ്ഞ് കൊത്തുന്നതായി. ഓരോന്നോരാന്നായി എഴുതിത്തീരുമ്പോഴേക്ക് പേജുകൾ ചിലവഴിക്കേണ്ടി വരും. എന്നിട്ടും പ്രമാണങ്ങളെ പോലും അവഗണിച്ചും ദുർവ്യാഖ്യാനിച്ചും അവർ ഇന്നും അഡ്ജസ്റ്റ്മെന്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

നിലവിലുള്ള കലണ്ടറുകളുടെ കൂട്ടത്തിൽ ഒരു കലണ്ടറായി മണിക്ഫാൻ സാഹിബ് ഉയർത്തിക്കാട്ടുന്ന ആഗോള കലണ്ടറിനെ പരിഗണിക്കാം. താരത‌മ്യേന ശാസ്ത്രീയവും പ്രായോഗികവുമാണതെന്ന് സമ്മതിക്കാം. പക്ഷെ ഇസ്ലാമികാനുഷ്ടാനങ്ങൾക്ക് അടിസ്ഥാനമാക്കാൻ പടച്ചവൻ നിർദ്ദേശിച്ച കലണ്ടറാണിതെന്ന് പറയണമെങ്കിൽ അത് പ്രാമാണികമാവണം. ഇന്ന് വരെ മതാധ്യാപനങ്ങളും കൃത്യമായ ചരിത്ര വസ്തുതകളും ഉദ്ധരിച്ച് ഇതിന്റെ പ്രാമാണികത തെളിയിക്കാൻ ഹിജ്രി കമ്മിറ്റിക്കാർക്കായിട്ടില്ല. അതൊട്ട് കഴിയുകയുമില്ല. കാരണം ഇത് പ്രവാചക നടപടിക്രമങ്ങളുടെ പൊളിച്ചെഴുത്താണ്. ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന അഡ്ജസ്റ്റ്മെന്റ് സിദ്ധാന്തമാണ് ഈ കലണ്ടറിനെ മതവൽക്കരിക്കാൻ സാഹസപ്പെടുന്നവർ അവതരിപ്പിക്കുന്നത്.

അവസാനമായി പറയട്ടെ, മണിക്ഫാൻ സാഹിബിന് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഇവിടുത്തെ മുസ്ലിം സംഘടനകൾ അദ്ദേഹത്തിനു സ്വീകരണം നൽകിയതും ആദരിച്ചതും പരിഹാസ രൂപേണ ഒ അബ്ദുല്ല പറയുന്നത് കേട്ടു. എം എം മദനിയോടുള്ള എന്തോ ഒരു വിരോധം തീർക്കാൻ തട്ടിപ്പടച്ചുണ്ടാക്കിയ ഒരു വീഡിയോ ആയി മാത്രമേ എനിക്കതിനെ തോന്നിയുള്ളൂ. അലി മണിക്ഫാൻ എന്ന പ്രതിഭയെ കുറിച്ച് അജ്ഞനായതിനായതിനാലാണദ്ദേഹം മാസപ്പിറവി വിഷയം പറയുമ്പോൾ മണിക്ഫാന്റെ പത്മശ്രീയെ അതിനുള്ള യോഗ്യതയായി ഊന്നിയൂന്നിപ്പറയുന്നത്. മണിക്ഫാൻ എന്ന മഹാപ്രതിഭ പുതുതലമുറക്കപരിചിതനായിപ്പോയതിന്റെ നാൾവഴികളും ഹിജ്രികമ്മിറ്റിയുടെ ചരിത്രവും ഒന്ന് തന്നെയാണ്. മണിക്ഫാൻ സാഹിബിനു പത്മശ്രീ ലഭിച്ചത് അദ്ദേഹത്തിന്റെ മാസപ്പിറവി ഗവേഷണത്തിനല്ല. അറിവിന്റെ പിന്നാലെ പോയി പ്രശസ്തി ഒട്ടു ആഗ്രഹിക്കാതെ യശസ്സിന്റെ കൊടുമുടിയിലെത്തിയ മണിക്ഫാന്റെ അതുല്യ പ്രതിഭയാണ് ആദരിക്കപ്പെട്ടത്. അത് ആദരിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷെ കുറെ വികാരജീവികളുടെ നടുവിലകപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ആ പ്രതിഭകളെല്ലാം മറക്കപ്പെടുകയും ഭിന്നിപ്പിന്റെ ആചാര്യനായി അദ്ദേഹം ചിത്രീകരിക്കപ്പെടുകയും ചെയ്തത് മാസപ്പിറവി സംബന്ധിച്ച അദ്ദേഹത്തിന്റെ വികല ആശയങ്ങളാണ്. അതുകൊണ്ട് തന്നെ മണിക്ഫാൻ എന്ന പ്രതിഭയെ പഠിക്കുന്നതിനൊപ്പം തന്നെ തിയതി നിർണയത്തിൽ ഇസ്ലാമിന്റെ കാഴ്ചപ്പാട് പ്രമാണബദ്ധമായി പഠിക്കാൻ കൂടി അബ്ദുല്ല സാഹിബ് തയ്യാറാവുക.




Comments