ആദരണീയനായ ആരിഫ് സാഹിബിനോട് സ്നേഹപൂർവ്വം.

മൻസൂറലി ചെമ്മാട്


ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ അലിമണിക്ഫാനും ഞാനും എടവണ്ണ ജാമിഅയിൽ എ പിഅബ്ദുൽ ഖാദർ മൗലവിയെ കാണാൻ പോയി. മാസപ്പിറവി സംബന്ധിച്ച കാഴ്ചപ്പാടുകളായിരുന്നു വിഷയം. മണിക്ഫാനാണ് സംസാരിച്ചത്. കണക്കിന്റെ കണിശതയും നമ്മളതിനെ പല കാര്യങ്ങളിലും അവലംബിക്കുന്നതുമൊക്കെ വിശദീകരിച്ച അദ്ദേഹം കൂടുതൽ കാര്യങ്ങളിലേക്ക് പോവുന്നതിന് മുൻപ് എ പി ഇടപെട്ടു. മണിക്ഫാൻ സാഹിബേ നിങ്ങൾക്കെത്ര വയസ്സായി എന്നായിരുന്നു എ പി യുടെ ചോദ്യം. മണിക്ഫാൻ വയസ്സ് പറഞ്ഞു. ശരി, നിങ്ങളേക്കാൾ അത്യാവശ്യം പ്രായക്കൂടുതലുണ്ട് എനിക്ക്. ആ അനുഭവം വെച്ചാണ് ഞാൻ പറയുന്നത്. മാസപ്പിറവി നിശ്ചയിക്കാൻ ഹിലാലിനെ തന്നെയാണ് നമ്മൾ അടിസ്ഥാനമാക്കേണ്ടത്. അപ്രകാരം മാസമാറ്റം പൂർണമായും കണക്കിനെ അടിസ്ഥാനമാക്കുന്നതിൽ ഒരെതിരഭിപ്രായവുമില്ലാത്തയാളാണ് ഞാൻ. അത്തരത്തിലുള്ള ചില ചർച്ചകളും ആലോചനകളും ഞങ്ങൾ സംഘടനാതലത്തിൽ തന്നെ നടത്താറുമുണ്ട്. പക്ഷെ, മുജാഹിദുകളെ സംബന്ധിച്ചടത്തോളം തൗഹീദിന്റെ പ്രബോധനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ശിർക്കിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താൻ പാടുപെടുകയാണ് ഞങ്ങൾ എന്ന് നിങ്ങൾക്കും അറിയാമല്ലോ. അതിനിടക്ക് ഞങ്ങളീ മാസപ്പിറവിയുമായി ഇറങ്ങിയാൽ അത് ഞങ്ങളുടെ ഈ ദൗത്യത്തെ ബാധിക്കും. അതു കൊണ്ട് കണക്കിന്റെ കാര്യം നിങ്ങളൊക്കെ ആളുകളെ പഠിപ്പിച്ചോളൂ. ആളുകൾ അതംഗീകരിക്കാൻ പാകപ്പെടുമ്പോൾ ഞങ്ങളത് ഏറ്റുപിടിക്കാം. അത്രയും പറഞ്ഞ് എ പി ഞങ്ങളെ സൗഹൃദത്തോടെ തന്നെ യാത്രയാക്കി.

ഹിലാൽ കമ്മിറ്റിയുടെ രൂപീകരണം മാസനിർണയ രംഗത്ത് കേരളമുസ്ലിംകൾക്കിടയിൽ വിപ്ലവകരമായ ഒരു നാഴികക്കല്ലായിരുന്നു. കണക്കിനെ തീരെ പരിഗണിക്കാതെയുള്ള പുരോഹിതന്മാരുടെ  തന്നിഷ്ടത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഫലമായി  അനൈക്യത്തിന്റെ വിഷബാധയേറ്റ വിശേഷദിവസങ്ങൾ നാട്ടിൽ പതിവായപ്പോഴാണ് കണക്കിന്റെ സാധ്യതയും സാധുതയും കണിശതയും ഉയർത്തിക്കാട്ടി ഹിലാൽ കമ്മിറ്റി രംഗത്ത് വന്നത്. ആ ശക്തമായ മുന്നേറ്റത്തിൽ വലിയ മാറ്റങ്ങളുണ്ടായി. സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നതെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുമ്പോൾ, നമസ്കാര സമയ നിർണയത്തിന് അതിലൊരു കണക്കിനെ കണ്ണടച്ച് അവലംബിക്കുകയും നോമ്പ്,പെരുന്നൾ മാസ നിർണയത്തിൽ മറ്റേതിനെ നിരാകരിക്കുകയും ചെയ്യുന്നതിന്റെ  വൈരുദ്ധ്യം പലർക്കും ബോധ്യപ്പെട്ടു. കണക്കിന് മാസപ്പിറവി നിർണയത്തിൽ കൽപ്പിക്കപ്പെട്ടിരുന്ന അയിത്തം ക്രമേണ നീങ്ങുകയായിരുന്നു.

മാസാവസാന സന്ധ്യയിൽ ചക്രവാളത്തിൽ ഹിലാലിന്റെ സാന്നിധ്യം നിർണയിക്കാൻ കണക്കിനെ ആശ്രയിക്കുന്ന രീതിക്ക് സ്വീകാര്യത ലഭിച്ചു. ചക്രവാളത്തിൽ ഹിലാൽ ഇല്ലെങ്കിൽ പിറവി നോക്കാതെ തന്നെ മുൻകൂട്ടി മാസം പ്രഖ്യാപിക്കുകയും ഹിലാലിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ അന്നേ ദിവസം പിറവി നോക്കുകയും കണ്ണ് കൊണ്ട് കാണുന്നതനുസരിച്ച് മാസമുറപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഹിലാൽ കമ്മിറ്റി അവലംബിച്ചത്. അതു തന്നെ റമദാൻ, ശവ്വാൽ,ദുൽഹജ്ജ് മാസങ്ങളിലായിരുന്നു നടപ്പാക്കിയിരുന്നത്. മറ്റു മാസങ്ങൾക്ക് പൂർണമായും കണക്ക് തന്നെയായിരുന്നു അവലംബം. കണക്കിനെ തീരെ പരിഗണിക്കാതെ കാഴ്ച മാത്രം അടിസ്ഥാനമാക്കി കഴിഞ്ഞിരുന്ന ഒരു സമുദായത്തിലേക്കുള്ള പക്വവും പ്രായോഗികവുമായ ഒരു രീതി ഇജ്തിഹാദിന്റെ പിൻബലത്തിൽ പണ്ഡിതന്മാർ കൂടിയാലോചിച്ച് തീരുമാനിച്ചതാണിത്. ഇത് മാത്രമാണ് ശരിയെന്നോ ഇതല്ലാത്ത മാർഗ്ഗമെല്ലാം നിഷിദ്ധമാണെന്നോ ഈ നിലപാടിനിനിയൊരു മാറ്റമില്ലെന്നോ ഒക്കെയുള്ള കാർക്കശ്യമൊന്നുമല്ല, നിലവിലെ സാഹചര്യത്തിൽ ഏറ്റവും പ്രായോഗികവും സുരക്ഷിതവും പക്വവുമായ ഒരു നിലപാട് എന്ന നിലക്കാണ് പണ്ഡിതന്മാർ ഇതിനെ അവതരിപ്പിച്ചത്.

അതുകൊണ്ട് തന്നെ ഗവേഷണാത്മകമായ മറ്റു നിലപാടുകളും ചിന്തകളും സംഘടനക്കകത്ത് തന്നെ അക്കാലത്ത് ഉണ്ടായിരുന്നു. 29ന് ചക്രവാളത്തിൽ ഹിലാലില്ലാത്ത മാസങ്ങളിൽ   പുതുമാസം മുൻകൂട്ടി പ്രഖ്യാപിക്കുന്ന അതേ മാനദണ്ഡത്തിൽ തന്നെ ചക്രവാളത്തിൽ ഹിലാലുണ്ടവുമ്പോഴും കാഴ്ചയെ അവലംബിക്കാതെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഉറപ്പിച്ച് കൂടെ എന്ന അഭിപ്രായം ഉത്തരവാദപ്പെട്ട ഭാരവാഹികൾക്ക് പോലുമുണ്ടായിരുന്നു. ഹിജ്‌റ ഹിലാൽ കമ്മിറ്റി (ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ എന്ന ന്യൂമൂൺ കമ്മിറ്റി അല്ല.) എന്ന പേരിൽ ആ ആശയം മുൻ നിർത്തിയുണ്ടാക്കിയ കൂട്ടായ്മയിലും മുജാഹിദുകൾ എമ്പാടുമുണ്ടായിരുന്നു. ഈ ആശയക്കാർക്കും അവരുടെ വാദങ്ങൾക്ക് പിൻബലമേകുന്ന കുറേ നിഗമനങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിക്കാനുണ്ടായിരുന്നു. അത്തരം നിരീക്ഷണങ്ങൾ തന്നെയാണ് ഇപ്പോൾ മർകസുദ്ദ‌അവയുടെ നിലപാടുകൾക്കും പിൻബലമേകുന്നത്. 

ഇത്രയുമൊക്കെ പറഞ്ഞ് വന്നത് ബഹുമാന്യനായ എ പിയുടെ മകന്റെ ഒരു കുറിപ്പ് സമൂഹ മാധ്യമത്തിൽ പാറിക്കളിക്കുന്ന പശ്ചാത്തലത്തിലാണ്. അത്രയൊക്കെ എഴുതിയാക്ഷേപിക്കാൻ മാത്രം ഇവിടെ പുതുതായി എന്താണുണ്ടായത്?

ഹിലാൽ കമ്മിറ്റിയുടെ രൂപീകരണത്തിനു മുൻപ് നിലവിലുണ്ടായിരുന്ന മാസമാറ്റ സമ്പ്രദായത്തേക്കാൾ ഏറെ മികച്ച ഒരു ആശയമാണ് ഹിലാൽ കമ്മിറ്റി നടപ്പാക്കിയത്. മുകളിൽ പറഞ്ഞ പോലെ, ആ ആശയം അക്ഷരാർത്ഥത്തിൽ പ്രവാചക ചര്യയിൽ നിന്ന് പകർത്തിയെടുത്തതല്ല. മറിച്ച് നിലവിലുള്ള അറിവിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ ഇജ്തിഹാദിലൂടെ ഉരുത്തിരിഞ്ഞതാണത്. അറിവും കഴിവും സംവിധാനങ്ങളും പുരോഗമിക്കുന്ന സാഹചര്യത്തിലോ ആളുകൾ കൂടുതൽ പാകപ്പെടുന്ന സന്ദർഭത്തിലോ അത്തരമൊരാശയത്തിന് പരിഷ്കരണങ്ങളോ  തിരുത്തോ വിലക്കുണ്ടെന്ന് മനസ്സിലാക്കുന്നവർ ഇജ്തിഹാദിന്റെ സാരം ഉൾക്കൊള്ളാത്തവരാണ്. മൂന്ന് മാസം കണക്കിന്റെ സഹായത്തോടെയുള്ള കാഴ്ചയും ഒമ്പത് മാസം കണക്ക് മാത്രവും പരിഗണിച്ച് മാസം നിർണയിക്കുന്ന ഹിലാൽ കമ്മിറ്റിയുടെ നിലപാട് ഇസ്ലാമികവും ആ നിലപാടിൽ അല്പം മാറ്റം വരുത്തി, ഒമ്പത് മാസം നിർണയിക്കാനും മൂന്ന് മാസത്തിന്റെ ഹിലാൽ നിരീക്ഷിക്കാനും അടിസ്ഥാനപ്പെടുത്തുന്ന അതേ കണക്കിന്റെ അടിസ്ഥാനത്തിൽ, 12 മാസവും നിർണയിക്കുന്ന നിലപാട് അനിസ്ലാമികവുമാവുന്നതിന്റെ സൂത്രവാക്യം എന്തായിരിക്കും? ആദ്യത്തെ നിലപാട് എങ്ങിനെയാണോ നബിചര്യയുമായി ചേർത്ത് വെക്കുന്നത് അതേ മാനദണ്ഡത്തിൽ തന്നെ രണ്ടാമത്തെ നിലപാടും ചേർത്ത് വെക്കാമെന്ന് മനസ്സിലാവാത്തത് അന്ധമായ സങ്കടനാ സങ്കുചിതത്വത്തിന്റെ പിടിയിലർന്നവർക്ക്  മാത്രമാണ്.

മാസപ്പിറവി പോലുള്ള വിഷയത്തിൽ ഒരു നിലപാട് മതാനുശാസനകൾക്ക് വിരുദ്ധമല്ലാത്ത വിധത്തിൽ പരിഷ്കരിക്കുമ്പോൾ പാലിക്കേണ്ട പക്വതയും ജാഗ്രതയും മർകസുദ്ദ‌അവ പണ്ഡിത നേതൃത്വം പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, കുടുംബങ്ങളിലും മഹല്ലുകളിലും സമൂഹത്തിലുമെല്ലാം ആശയക്കുഴപ്പവും അനിശ്ചിതത്വവും അസ്വാരസ്യങ്ങളും ഉണ്ടാവുന്ന തരത്തിൽ വേറിട്ട് പെരുന്നാളാഘോഷിക്കാതെ ജനങ്ങൾക്കൊപ്പം ഈദാഘോഷിക്കാവുന്നതാണെന്ന് നേതൃത്വം അണികളെ അറിയിച്ചത്. ശവ്വാൽ മാസത്തെ കുറിച്ച് കൃത്യമായ അറിയിപ്പ് നൽകുമ്പോൾ, മുകളിൽ സൂചിപ്പിച്ച പോലുള്ള പ്രയാസങ്ങളില്ലാത്ത വിധം സുസജ്ജമായ പ്രദേശങ്ങളിൽ ഈദാഘോഷിക്കാനുള്ള അനുവാദവും നൽകി. ഹിലാൽ കമ്മിറ്റിയെ ആക്ഷേപിച്ച് കൊണ്ടോ വെല്ലുവിളിച്ച് കൊണ്ടോ അല്ല, കുറേ കൂടി പ്രായോഗികവും കുറ്റമറ്റതുമെന്ന് ബോധ്യപ്പെട്ട ഒരു നിലപാടിലേക്ക് മാറുക മാത്രമാണുണ്ടായത്.

പതിറ്റാണ്ടുകൾക്ക് മുൻപ്, ഇസ്വ്‌ലാഹീ പ്രസ്ഥാനം ഇന്നത്തെ രീതിയിൽ സംസ്ഥാനത്ത് പൊതുവിൽ വളർച്ച നേടിയിട്ടില്ലാത്ത കാലത്ത്, താരതമ്യേന പ്രസ്ഥാനത്തിന് അല്പമൊക്കെ ശക്തിയുള്ള തിരൂരങ്ങാടിയിൽ ഒരു സംഭവമുണ്ടായി. മാസം കണ്ടതായി പറഞ്ഞ് യാഥാസ്ഥിതികർ ഈദുൽ ഫിത്വർ പ്രഖ്യാപിച്ചു. മുജാഹിദുകൾക്കന്ന് റമദാൻ മുപ്പതാണ്. അന്ന് നോമ്പുപേക്ഷിച്ച് സമൂഹത്തിനൊപ്പം ഈദാഘോഷിക്കാനും അന്നത്തെ നോമ്പ് പിന്നീട് നോറ്റ് വീട്ടാനും സി എ മുഹമ്മദ് മൗലവി ആഹ്വാനം ചെയ്യുകയും തറമ്മൽ ജുമാ മസ്ജിദിൽ ഈദ് നമസ്കാരം സംഘടിപ്പിക്കുകയും ചെയ്തു. ഇതും പ്രസ്ഥാനത്തിന്റെ പാരമ്പര്യമാണ്. സംഘടന പിൽക്കാലത്ത് കൂടുതൽ പ്രബലമാവുകയും സ്വന്തമായ മഹല്ലുകളും സ്ഥാപനങ്ങളും ഓരോ പ്രദേശങ്ങളിലും യാഥാർത്ഥ്യമാവുകയും ചെയ്തപ്പോൾ ഒറ്റയ്ക്ക് ആർജ്ജവത്തോടെ ശരിയായ ദിവസങ്ങളിൽ നോമ്പും പെരുന്നാളുമാചരിക്കാൻ മുജാഹിദുകൾക്ക് കഴിഞ്ഞു. ദൗർഭാഗ്യവശാൽ പിൽക്കാലത്ത് സംഘടനാ കെട്ടുറപ്പിന് പരുക്കേൽക്കുകയും മുജാഹിദുകൾ വിവിധ വിഭാഗങ്ങളാവുകയും ചെയ്ത സാഹചര്യം ഇത്തരം സന്ദർഭങ്ങളിൽ വീണ്ടും പരിമിതികൾ  അഭിമുഖീകരിക്കേണ്ടി വന്നു എന്നതൊരു സത്യമാണ്.

* ഈദ് ജനങ്ങളോടൊപ്പമാക്കാനുള്ള തീരുമാനമാണ് കുറിപ്പുകാരൻ പരിഹസിക്കുന്ന ഒരു കാര്യം. പ്രസ്ഥാനത്തിന്റെ പൈതൃകം, പ്രസ്ഥാനം വിഭാവനം ചെയ്യുന്ന നയനിലപാടുകൾ എന്നിവയുടെ പ്രചോദന ഫലമാണ് ആ തീരുമാനം. പൈതൃകത്തിനും മാനവികതക്കും കെട്ടുറപ്പിനും കാര്യമായ പരിഗണന നൽകാത്തവർക്കത് ഉൾക്കൊള്ളാനാവില്ല.

* ശെയ്ഖ് മുഹമ്മദ് മൗലവി, കെ.പി., കെ.എൻ.ഇ., പ്രൊഫ. കെ. അഹ്മദ് കുട്ടി സാഹിബ്, അലി അബ്ദുറസാഖ് മൗലവി, എ.പി എന്നിവർ വിഷയത്തിന്റെ എല്ലാ വശവും പഠിച്ച് ഏറിയ ചർച്ചകൾക്കും വിചാര വിമർശങ്ങൾക്കുമൊടുവിൽ രൂപപ്പെടുത്തിയ സുചിന്തിതമായ നിലപാടാണ് കേരള ഹിലാൽ കമ്മിറ്റിയുടേതെന്നും ശാസ്ത്രീയമായി ഹിലാൽ കണക്കാക്കാനുള്ള അറിവ് ഹിലാൽ കമ്മിറ്റി രൂപീകരണ സമയത്തുതന്നെ ഉണ്ടായിരുന്നിട്ടും പ്രമാണ പ്രതിബദ്ധത കാരണം അത് ഒഴിവാക്കുകയുമായിരുന്നു എന്നും കുറിപ്പുകാരൻ പറയുന്നു. സൂചിപ്പിക്കപ്പെട്ട ആദരണീയ പണ്ഡിതർക്ക് ഒരു തെറ്റും പറ്റില്ലെന്നോ അവർ കൊണ്ടുവന്ന നയനിലപാടുകൾ ലോകാവസാനംവരെ മാറ്റാൻ പാടില്ലെന്നോ വിശ്വസിക്കുന്നവരല്ലല്ലോ മുജാഹിദുകൾ. ഈ ആളുകളിൽ പോലും ശാസ്ത്രീയമായി പിറവി തീരുമാനിക്കുന്ന രീതിയെ വ്യക്തിപരമായി അംഗീകരിക്കുന്നവരുണ്ടായിരുന്നുവെന്നത് കുറിപ്പുകാരന് അറിയുമായിരിക്കുമല്ലോ. ഇപ്പോൾ മർകസുദ്ദ‌അവ നിലപാടിൽ വരുത്തിയ പരിഷ്കരണം ഒരിക്കലും ഇവർക്കെതിരോ ഇവരെ നിന്ദിക്കലോ ആവില്ല എന്നും മുജാഹിദുകൾക്ക് മനസ്സിലാവും. മുൻകാല പണ്ഡിതന്മാർ ഏറിയ ചർച്ചകൾ നടത്തിയ ഒരു വിഷയത്തിൽ പിന്നീടൊരു ചർച്ചയും പാടില്ലെന്ന നിലപാട് മുജാഹിദുകൾക്കുണ്ടായത് എന്ന് തൊട്ടാണ്?

* മേഘം മൂടിയാൽ നിങ്ങൾ മുപ്പത് പൂർത്തിയാക്കുക എന്ന് പറഞ്ഞാൽ മേഘത്തിനുള്ളിലായി ചക്രവാളത്തിൽ ചന്ദ്രനുണ്ടെങ്കിലും എന്ന് നേർക്കുനേർ അർത്ഥം ലഭിക്കുമല്ലോ എന്ന കുറിപ്പുകാരന്റെ ന്യായം സഹതാപമർഹിക്കുന്നു. മാസാവസാനം 29ന് നബി(സ)യും സ്വഹാബത്തും മാനത്ത് പരതിയത് പിറവി സംഭവിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു. മേഘം മൂടിയോ അല്ലാതെയോ ഹിലാൽ കാണാത്ത സാഹചര്യത്തിൽ പിറവി സംഭവിച്ചിട്ടില്ല എന്ന നിഗമനത്തിലായിരുന്നു അവർ മുപ്പത് പൂർത്തിയാക്കിയിരുന്നത്. നമ്മളോ? 29ന് അര മണിക്കൂറോളം ചക്രവാളത്തിൽ ശവ്വാലിന്റെ കല ഉണ്ടെന്ന ഉറപ്പോടെ അതൊന്ന് കണ്ണു കൊണ്ട് കാണുക എന്ന ചടങ്ങിനായി മാനത്ത് പരതുന്നു. കാണാതെ വന്നപ്പോൾ ശവ്വാൽ പിറന്നിട്ടുണ്ട്, പക്ഷെ അത്രയും നേരം ചക്രവാളത്തിലുണ്ടായിരുന്നുവെന്ന് ഉറപ്പുള്ള ആ കല കണ്ടില്ല എന്ന കാരണം പറഞ്ഞ് ശവ്വാലിന്റെ ഒന്നാം ദിവസം നോമ്പെടുക്കുക എന്ന തെറ്റിന് ആളുകളെ പ്രേരിപ്പിക്കുന്നു. ഇത് രണ്ടും ഒന്നാവുമോ. എന്തിന്, നബി(സ)യുടെ കാലത്തുണ്ടായിരുന്ന ‘യൗമുശക്ക്’ ഇന്ന് ഉണ്ടോ എന്ന് കുറിപ്പുകാരൻ ചിന്തിക്കുന്നത് നന്നാവും.

ഇസ്ലാം വിഭാവനം ചെയ്യുന്ന ചാന്ദ്ര കലണ്ടറിൽ മാസമാറ്റത്തിന്റെ മാനദണ്ഡം മാസാവസാനം മഗ്‌രിബ് നേരത്ത് ചക്രവാളത്തിലെ ചന്ദ്രക്കലയുടെ സാന്നിധ്യമാണെന്ന  പ്രവാചകാനുശാസനമനുസരിച്ച് തന്നെയാണ് മർക്കസുദ്ദ‌അവ മാസം കണക്കാക്കുന്നത്. പ്രസ്തുത ചന്ദ്രക്കലയുടെ സാന്നിധ്യം അറിയാൻ പ്രവാചകന്റെ കാലത്ത് നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ച മാത്രമായിരുന്നു ആശ്രയം. അതുകൊണ്ട് തന്നെ, പ്രവാചകൻ(സ) ചന്ദ്ര മാസത്തിന്റെ കാര്യം വിശദീകരിക്കുമ്പോൾ, “നമ്മൾ എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യാത്ത നിരക്ഷരരായ ഒരു ജനതയാണ്" എന്ന് പ്രത്യേകം പറയുകയുണ്ടായി. മുസ്ലിം സമുദായം എക്കാലത്തും എഴുത്തും വായനയും കണക്കും പഠിക്കാതെ നിരക്ഷരരായി കഴിയലാണ് സുന്നത്ത് എന്ന് ഈ ഹദീസ് പ്രകാരം ആരുമിന്നേവരെ മനസ്സിലാക്കിയിട്ടില്ല. പിന്നെന്താവും ഇങ്ങിനെയൊരാമുഖം ചന്ദ്രമാസങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അവിടുന്ന കൂട്ടിച്ചേർത്തത് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. കണക്കറിയുന്ന സാക്ഷര സമൂഹത്തിന് കണ്ണിനു പകരം കണക്കിനെയും ആശ്രയിക്കാമെന്ന സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. മറ്റു പല കാര്യങ്ങളിലും അറിവിനും കഴിവിനുമനുസരിച്ച് ഇത്തരം ചുവടുവെപ്പുകൾക്ക് സമുദായം തയ്യാറായിട്ടുമുണ്ട്. എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യാത്ത നിരക്ഷരരായ ആ ജനത നമസ്കാര സമയമറിയാൻ ആശ്രയിച്ച മാർഗ്ഗങ്ങളല്ല ഇന്നത്തെ സമൂഹം അവലംബിക്കുന്നത്. നിഴലളക്കാനോ സൂര്യനെ നോക്കാനോ മിനക്കെടാതെ പള്ളിച്ചുമരിലെ കലണ്ടറിൽ രേഖപ്പെടുത്തിയ കണക്ക് നോക്കി ബാങ്ക് വിളിക്കുന്നത് ആരുമിന്ന് പ്രവാചക ചര്യയുടെ ലംഘനമായി ആക്ഷേപിക്കുന്നില്ല. രാവിലെ നോമ്പ് തുടങ്ങാനും വൈകിട്ട് നോമ്പ് മുറിക്കാനും പ്രവാചക കാലത്തെ സമ്പ്രദായം വിട്ട് ആധുനിക സൗകര്യമായ കലണ്ടറിനെയും ക്ളോക്കിനെയും അവലംബിക്കുന്ന നമുക്ക് ആ നോമ്പിന്റെ മാസം നിർണയിക്കാൻ അതേ കണക്കും കലണ്ടറും നിഷിദ്ധമാണെന്ന വാദം പരിഹാസവും അജ്ഞതയും അവിവേകവും യാഥാസ്ഥിതികതയുമല്ലാതെ മറ്റെന്താണ്?


*ഇവ്വിഷയകമായ ഹിലാൽകമ്മിറ്റി നിലപാട് തങ്ങന്മാരും തത്വത്തിൽ അംഗീകരിച്ചു പോരുന്നതു കൊണ്ടാണ് കുറേ വർഷങ്ങളായി കാണാൻ സാധ്യതയില്ലാത്ത ദിവസങ്ങളിൽ ആചാരപ്രകാരം മാസം നോക്കാൻ പറയുകയുമെങ്കിലും അവർ മാസം കണ്ടതായി ഉറപ്പിക്കാറില്ല എന്നതെന്ന് ഊറ്റം പറയുന്ന കുറിപ്പുകാരൻ കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ മാസപ്പിറവി പ്രഖ്യാപന ചരിത്രം ഒന്ന് പരിശോധിക്കണമെന്നേ പറയാനുള്ളൂ. ഖാദിമാരുടെയും രാഷ്ട്രീയക്കാരുടെയും സബ്കമ്മിറ്റികളായി വില കളയേണ്ട അവസ്ഥയൊന്നും മുജാഹിദുകൾക്കില്ല എന്ന് മാത്രം മനസ്സിലാക്കുക. സാധ്യതയില്ലാത്ത ദിവസം കാണാതിരിക്കുക എന്നതിൽ അസ്വാഭാവികതയൊന്നുമില്ല, മറിച്ച് സാധ്യത ഏറെയുള്ളപ്പോൾ നടക്കുന്ന ചില ഗൂഢാലോചനകളെ ചെറുക്കാനുള്ള ചങ്കൂറ്റമാണ് നമ്മളാർജ്ജിക്കേണ്ടത്. സമുദായൈക്യം പ്രധാനമാണ്. അതിനേക്കാൾ പ്രധാനമാണ് ആദർശ സ്വത്വം.


പിന്നെ പെരുന്നാൾ വ്യത്യസ്ത ദിവസങ്ങളിലാവുമ്പോൾ ഉണ്ടാവുന്ന രസക്കുറവുകൾ. കുട്ടികളുടെ ആശയക്കുഴപ്പങ്ങൾ...അതൊന്നും സംഭവിക്കാതിരിക്കാൻ മർകസുദ്ദ‌അവ നേതൃത്വം പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ശവ്വാൽ ഒന്നാണെന്ന് ഉത്തമ ബോധ്യമുള്ളവർക്ക് അന്ന് മറ്റുള്ളവരുടെ ആശയക്കുഴപ്പം ഭയന്ന് നോമ്പനുഷ്ഠിക്കാൻ ആദർശബോധം സമ്മതിക്കില്ലല്ലോ. കൃത്യമായ മഹല്ല് സംവിധാനവും മറ്റ് സൗകര്യങ്ങളുമുള്ളവർക്ക് ഒരു അസ്വാരസ്യത്തിനും ഇട നൽകാതെ ഈദാഘോഷിക്കാമെന്ന നിർദ്ദേശമാണ് നൽകിയിരുന്നത്. അല്ലാത്തവരോട് അവരവരുടെ മഹല്ലിനൊപ്പം പെരുന്നാൾ കൂടാനും. പ്രത്യേക കാരണമുണ്ടെങ്കിൽ ശവ്വാൽ 2ന് പെരുന്നാളാഘോഷിക്കാമെന്ന് നബി(സ)യിൽ നിന്ന് തന്നെ മാതൃകയുണ്ടെന്നിരിക്കെ, ഇക്കാര്യത്തിൽ കുറിപ്പുകാരൻ ചൊരിഞ്ഞ പരിഹാസം അങ്ങിനെ തന്നെ കിടക്കട്ടെ എന്നാണ് പറയാനുള്ളത്.


പിന്നെ, ഈ രസക്കുറവുകളും ആശയക്കുഴപ്പങ്ങളുമൊക്കെ മുൻപും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അതിൽ പലതും ഹിലാൽ കമ്മിറ്റി അതിന്റെ നിലപാടിൽ ഉറച്ച് നിന്നപ്പോഴായിരുന്നു. അപ്പോഴൊക്കെ കുട്ടികളുടെ കണ്ണീരോ കുടുംബങ്ങളുടെ ആശങ്കയോ മഹല്ലിന്റെ ഭിന്നിപ്പോ കാണാൻ നിൽക്കാതെ കണക്കിന്റെ കണിശതയും കിതാബിലെ ഉദ്ധരണികളുമായി  പോരാടുകയായിരുന്നു നമ്മളെല്ലാം.


ഇന്ന് നാട്ടിലെ കെ എൻ എം (സി ഡി ടവർ) മഹല്ലിനോടനുബന്ധിച്ചുള്ള ഈദ് ഗാഹിലാണ് പെരുന്നാൾ നമസ്കരിച്ചത്. അവിടുത്തെ ഖുതുബയിൽ നിന്നുള്ള ഒരു ഉദ്ധരണിയോടെ ഈ കുറിപ്പവസാനിപ്പിക്കാം. മർക്കസുദ്ദ‌അവയുടെ പെരുന്നാൾ നിലപാടിനെ പരിഹസിച്ച് കുറിപ്പിട്ട ബഹുമാന്യ സഹോദരന് ഈ വരികളിൽ ചില സൂചനകളുണ്ട്.

“...........ചിലപ്പോൾ പെരുന്നാളും നോമ്പുമൊക്കെ രണ്ടായെന്ന് വരും. നമ്മുടെ പെരുന്നാളിന് ഒരു ദിവസം മുൻപ് പെരുന്നാളാഘോഷിക്കുന്നവരെ ഈദ് മുബാറക് പറഞ്ഞ് കെട്ടിപ്പിടിക്കാൻ നമുക്കാവണം. അതൊക്കെ വൈവിധ്യങ്ങളായി കാണാൻ നമുക്ക് സാധിക്കണം. തലേ ദിവസം പെരുന്നാളാഘോഷിക്കുന്നവനെ മുഷിപ്പിക്കുകയല്ല ചെയ്യേണ്ടത്. നോമ്പും പെരുന്നാളും ഒക്കെ ഒന്നിച്ചാക്കാനുള്ള ശ്രമങ്ങൾ നമ്മൾ നടത്തണം. എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ തലേ ദിവസം പെരുന്നളാഘോഷിക്കുന്നവനെ തഖബ്ബലല്ലാഹ് എന്ന് പറഞ്ഞ് ആശ്ലേഷിക്കുവാനുള്ള വിശാലത നമ്മൾ എന്ന് കാണിക്കുന്നുവോ അന്നേ ഒന്നിച്ചിരിക്കാനുള്ള സാഹചര്യമൊരുങ്ങൂ. മറിച്ചുള്ള നിലപാട് വാശി കൂട്ടാനേ ഉപകരിക്കൂ.”


ഒടുവിൽ ഒന്നു കൂടി പറയട്ടെ, ഒരു കാലത്ത് പക്വതയുടെയും സഹിഷ്ണുതയുടെയും  വിവേകത്തിന്റെയും സന്ദേശങ്ങൾ മുജാഹിദ് സെന്ററിന്റെ മുഖമുദ്രയായിരുന്നു.  കുവൈറ്റ് യുദ്ധവും ബാബരി ദുരന്തവും തൊട്ട് കേരളത്തിലെ മുസ്ലിംകളിൽ തീവ്രവാദം തിരുകിക്കയറ്റാൻ ചിലരുടെ ശ്രമമുണ്ടായപ്പോൾ വരെ സമൂഹം ആദരവോടെ നെഞ്ചേറ്റിയത് ഇവിടെ നിന്നുയർന്ന പക്വതയുടെ ശബ്ദമായിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി എന്താണവസ്ഥ? കണ്ണടച്ചൊരു തിരിഞ്ഞ് നടത്തമല്ലേ നടത്തിയത്. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരായിരുന്ന ഈ കൂട്ടായ്മയിൽ ആരുടെയൊക്കെയോ കുതന്ത്രത്തിന്റെ ഫലമായി ചില അവിവേകികൾക്ക് കൂത്താടാൻ അവസരം കിട്ടിയതാണ്. നേരിയൊരകൽച്ച പോലും സ്വപ്നം കാണാൻ കഴിയില്ലായിരുന്ന മുജാഹിദുകളെ രണ്ട് ചേരിയാക്കിയ താണ്ഡവത്തിന് തണൽ വിരിച്ച് കൊടുത്തത് നേതൃത്വം തന്നെയായിരുന്നു. അതൊരു തുടക്കമായിരുന്നു. പിന്നീട് മുജാഹിദ് സെന്ററിന് വിശ്രമമുണ്ടായിട്ടില്ല. ആരോപണങ്ങൾ, പരാതികൾ, നടപടികൾ, ഖണ്ഡനങ്ങൾ, പുറത്താക്കൽ,പിരിച്ച് വിടൽ, പത്രക്കുറിപ്പുകൾ, വാറോലകൾ, പാരകൾ തുടങ്ങിയ കലാപരിപാടികളിൽ മാത്രമൊതുങ്ങി, തൗഹീദിന്റെ പ്രഭ പരത്തി തലയുയർത്തി നിന്നിരുന്ന ഇസ്വ്‌ലാഹീ കേന്ദ്രം. ഒടുവിലെന്തുണ്ടായി, എല്ലാ അനിഷ്ട സംഭവങ്ങളുടെയും ഉദ്ഘാടനമായിരുന്ന ആദർശ വ്യതിയാനാരോപണങ്ങളിലെ ‘മുഖ്യ പ്രതി’കളെ നിരുപാധികം സ്വീകരിച്ച് ഒപ്പം നിർത്തുന്നിടത്തേക്ക് കാര്യങ്ങൾ എത്തി. അന്നുയർത്തിയിരുന്ന എല്ലാ ആരോപണങ്ങളും അന്നത്തെ ചില ആവശ്യങ്ങൾക്ക് വേണ്ടി ആരൊക്കെയോ പടച്ചുണ്ടാക്കിയതായിരുന്നുവെന്ന് പറയാതെ പറഞ്ഞുകൊണ്ട്. അപ്പോഴേക്ക് തിരിച്ച് കിട്ടാനാവാത്ത വിധം പലതും നഷ്ടമായിരുന്നു. പരിഹരിക്കാനാവാത്ത വിധം പല പരുക്കുകളും കൂടുതൽ വ്രണിതവും വികൃതവുമായിരുന്നു. പറഞ്ഞ് വന്നത് അസഹിഷ്ണുതയുടെയും ദോഷൈക ദൃഷ്ടിയുടെയും അഹങ്കാരത്തിന്റെയും അപര വിദ്വേഷത്തിന്റെയും കൊടികൾ ഇനിയെങ്കിലുമൊന്ന് ഇറക്കിക്കെട്ടുക. പറഞ്ഞത് നമ്മളല്ല എന്നത് ഒരു കാര്യം തെറ്റാണെന്നതിന്റെ മാനദണ്ഡമല്ല. മാസപ്പിറവി വിഷയത്തിലെ ന്യായവും പ്രായോഗികവും പ്രാമാണികവുമായ ഒരു പഠനത്തെ സംഘടനാ സങ്കുചിതത്വത്തിന്റെ പേരിൽ നിരാകരിക്കാതിരിക്കുക. പല കാര്യങ്ങളിലും സംഭവിച്ചത് പോലെ ഇതേ വഴിയിലും പിന്തുടർന്ന് നിങ്ങളെത്തും. അന്നാ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയാനുള്ള പക്വത കാണിക്കണമെന്നേ സ്നേഹത്തോടെ ഓർമ്മിപ്പിക്കാനുള്ളൂ.



03.05.22











Comments