ഏ വീ മാപ്പ്


  

മൻസൂറലി ചെമ്മാട്


കെ എൻ എം സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണിച്ച് കൊണ്ടും സഹായ സഹകരണങ്ങൾക്ക് അഭ്യർത്ഥിച്ച് കൊണ്ടുമുള്ള 
ഒരു നോട്ടീസിന്റെ അവസാന വരികൾ കൗതുകവും ആശ്വാസവും അതിലേറെ സങ്കടവും ഉണർത്തുന്നതായിരുന്നു.
അതിൽ, പ്രസ്ഥാനം പടുത്തുയർത്തിയ നേതാക്കളുടെ പേരുകൾ അവസാനിക്കുന്നത് മർഹൂം എ വി അബ്ദുറഹ്‌മാൻ ഹാജിയുടെ പേരിലാണെന്നതായിരുന്നുവത്....
ഇത് കേവലമൊരു സാധാരണ നടപടിയോ അബദ്ധമോ അല്ല, ഇസ്വ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിലെ തുല്യതയില്ലാത്ത  ഒരു നെറികേടിന്റെ പ്രതിക്രിയയായിരി മനസ്സിലാക്കാം.

നോട്ടീസ് വായിച്ച് കഴിഞ്ഞപ്പോൾ, ഓർമ്മകൾ പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു......
അന്ന്,
2012 ഏപ്രിൽ 27 ലക്കം വിചിന്തനം വാരിക പുറത്തിറങ്ങിയത് വലിയ ആഘോഷത്തിമർപ്പിലായിരുന്നു.
“കോടതിവിധി വന്നു. യഥാര്‍ത്ഥ പ്രസ്ഥാനം കെ എന്‍ എം ആണെന്ന്‌ തെളിഞ്ഞു” എന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള  വിജയാഹ്ളാദമായിരുന്നു അതിന്റെ ഉള്ളടക്കം.
കെ എൻ എം എന്ന പേരിന്റെ പൂർണാവകാശം തങ്ങൾക്കാണെന്ന് കോടതി വിധിച്ചെന്ന സന്തോഷാരവം.
വിധിയുടെ വിശദാംശങ്ങൾ നിറം പിടിപ്പിച്ച വ്യാഖ്യാനങ്ങളോടെ വലിയ വായിൽ പറഞ്ഞവതരിപ്പിക്കുമ്പോഴൊന്നും
പക്ഷെ അബദ്ധത്തിൽ പോലും അവരൊരു കാര്യം പറയാതെ സൗകര്യപൂർവം വിട്ടുകളഞ്ഞു.
കോടതിക്ക് ഇങ്ങിനെയൊരു കേസ് കൈകാര്യം ചെയ്യേണ്ടി വന്ന അടിസ്ഥാന വിഷയത്തെ കുറിച്ചായിരുന്നുവത്.
18.8.2002ന് നട്ടുച്ചക്ക് സുമാർ 12 മണിക്ക്
എ വി അബ്ദുറഹ്‌മാൻ ഹാജിയും ഹുസൈൻ മടവൂരും പി സി അഹമദ് സാഹിബും ചേർന്ന കുറേ ഗുണ്ടകളെ കൂട്ടി
കോഴിക്കോട് ആനീ ഹാൾ റോഡിലെ മുജാഹിദ് സെന്റർ അക്രമിച്ചുവെന്നും തടഞ്ഞപ്പോൾ,
കൂടുതൽ ആൾശേഖരവുമായി വന്ന് എന്ത് വിലകൊടുത്തും മുജാഹിദ് സെന്റർ പിടിച്ചടക്കുമെന്ന് ഭീഷണിപ്പെടുത്തി മടങ്ങിപ്പോയെന്നുമായിരുന്നു
 ആ പരാതിയുടെ കാതൽ.
പച്ചക്കള്ളത്തിനു താഴെ,
“ഇതിൽ എഴുതിയതെല്ലാം എന്റെ സ്വന്തം അറിവിൽ പെട്ടതും സത്യവുമാണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു“
എന്നെഴുതി സാക്ഷാൽ ജനറൽ സെക്രട്ടറി തന്നെ ഒപ്പിട്ട് കോടതിയിൽ സമർപ്പിച്ച പത്തരമാറ്റ് കള്ളക്കേസ്!!
അന്നൊക്കെ പല മൗലവിമാരുടെയും കണ്ണിൽ ‘കളവ്’ ആദർശ വ്യതിയാനത്തിൽ പെടില്ലായിരുന്നു.
തറാവീഹ് നമസ്കാരത്തിന്റെ റക‌അത്തുകൾ, ഖുനൂത്ത്, മരം നടീൽ, സാമൂഹ്യക്ഷേമം..
അങ്ങിനെ നിരവധിയനവധി കാര്യങ്ങളുടെ വ്യതിയാനപ്പട്ടിക കൊണ്ട് ആറാടുമ്പോൾ
കളവും ദുരാരോപണവും ഗൂഢാലോചനയും കുതന്ത്രങ്ങളും മുടക്കലും പള്ളിപൂട്ടിക്കലുമൊക്കെ
ആദർശത്തിന്റെ മൊഞ്ചുള്ള പ്രവർത്തനങ്ങളാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു അക്കൂട്ടരുടെ ഓരോ ചലനങ്ങളും. 
ഏറ്റവും ഭീകരമായ ആ എപ്പിസോഡുകളിലൊന്നായിരുന്നു ഈ കള്ളക്കേസ്. 
വാര്‍ധക്യത്തിന്റെ അവശത കാരണം പരസഹായത്തോടെയല്ലാതെ ഒന്ന്‌ നില്‍ക്കാന്‍ പോലുമാവാതിരുന്ന
എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി അക്കാലത്ത്‌ അത്തരമൊരു ഗുണ്ടാ അക്രമണം നടത്തി എന്ന്‌
അപ്പുറത്ത്‌ തന്നെ ആര്‍ക്കെങ്കിലും പോലും വിശ്വാസമുണ്ടായിരുന്നില്ല.
ഏകദേശം അതേ വയസ്സും അതേ ആരോഗ്യാവസ്ഥയിലുമായിരുന്ന പി സി അഹ്‌മദ്‌ സാഹിബോ
അന്ന് ഇവരുടെ കണ്ണിലെ കരടായിരുന്ന ഹുസൈന്‍ മടവൂരോ
അത്തരമൊരു അക്രമണം നടത്തിയിരുന്നില്ലെന്നും ഏവർക്കുമറിയാവുന്ന സത്യമായിരുന്നു.
എന്നിട്ടും പടച്ചവന്റെ മുന്നിലും ലോകത്തിന്റെ മുന്നിലും നിന്ദ്യരാവാൻ പോന്ന
ഈ നികൃഷ്ട നീക്കത്തിന് ഇവരെ പ്രേരിപ്പിച്ചത് അധികാര ഭ്രമവും സ്വാർത്ഥ താല്പര്യങ്ങളും വ്യക്തിവിരോധവും മാത്രമായിരുന്നു.

വർഷങ്ങളേറെ പിന്നിട്ടതിനു ശേഷം, ഇന്നിപ്പോൾ കെ എൻ എമ്മിന്റെ സമ്മേളന നോട്ടീസിൽ,
പ്രസ്ഥാനം പടുത്തുയർത്തിയ നേതാക്കളുടെ പട്ടികയിൽ അതേ എ വി അബ്ദുറഹ്‌മാൻ ഹാജിയുടെ പേർ ഉൾപ്പെടുത്തിയത് കാണുമ്പോൾ,
അന്ന് വേദനിച്ച മനസ്സുകളിൽ അല്പം ആശ്വാസം തെളിയുന്നത് സ്വാഭാവികം മാത്രം. 

അവർ അന്ന് കോടതിക്ക് പരിചയപ്പെടുത്തിയ എ വി ആരായിരുന്നു?
നമുക്കാ പരാതിയിലേക്കൊന്ന് കണ്ണോടിക്കാം.
സംഘടനയിലെ സാധാരണ അംഗം എന്നതിൽ കവിഞ്ഞ് ആക്ടീവ് പ്രവർത്തകൻ പോലുമായിരുന്നിട്ടില്ലാത്തയാൾ
അന്യായം സംഘടനയുമായി കാര്യമായ യാതൊരു ബന്ധങ്ങളുമില്ലാത്തയാൾ
മുൻ എം എൽ എയും സമ്പന്നനുമായ വലിയ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തി
സ്വാധീനത്തിന്റെ മറവിൽ എന്തും ചെയ്യാൻ മടിക്കാത്തയാൾ

കേസ് നടപടികൾ പൂർത്തിയാവും മുൻപേ ബഹുവന്ദ്യനായ എ വി ഈ ലോകത്ത് നിന്നും വിടപറഞ്ഞു.
സംഘടനാ തർക്കങ്ങളുടെ ഭാഗമായി രണ്ട് ചേരിയിലാവും മുൻപേ പതിറ്റാണ്ടുകൾ
ആദർശ പ്രസ്ഥാന വീഥിയിൽ ഒന്നിച്ചുണ്ടായിരുന്ന
നല്ല ഓർമ്മകളുടെ ആനുകൂല്യത്തിലെങ്കിലും ആ കേസ് പിൻവലിക്കുമെന്ന് പലരും പ്രതീക്ഷിച്ചു.
കെ എൻ എമ്മിന്റെ അകത്തുള്ളവർ പോലും.
ഖബറിൽ കിടക്കുന്ന എ വിയ്ക്കെതിരെ ഇത്തരമൊരു കേസ് തുടരുന്നതിന്റെ അനൗചിത്യം ഒരു ഭാഗത്തും
അന്ധമായ സംഘടനാ വിധേയത്വം മറുഭാഗത്തും നിന്ന് അസ്വസ്ഥതയുണ്ടാക്കിയപ്പോൾ
അണികൾ ന്യായീകരണ ക്യാപ്സ്യൂളുകൾ പല തരത്തിലും ഇറക്കി നോക്കി.

അവർ ആശ്വസിച്ചത് ഇങ്ങിനെയൊക്കെ......
ഒരാൾ വടിയെടുത്ത് നമ്മളെ തല്ലിയാൽ ആ വടിക്കെതിരിലോ കയ്യിനെതിരിലോ അല്ലല്ലോ നമ്മൾ പരാതി കൊടുക്കുക, അതുപോലെ...
ആനിഹാള്‍ റോഡിലെ മുജാഹിദ്‌ സെന്ററിനു മുന്നിലൂടെ മര്‍ക്കസുദ്ദഅവയില്‍ നിന്നുള്ള ചിലര്‍ മസില്‍ കാണിച്ച്‌ നടന്ന്‌ പോയപ്പോള്‍,
അവര്‍ക്കെതിരെ നല്‍കിയ അന്യായം സ്വാഭാവികമായും അവരുടെ സംഘടനാ ഭാരവാഹികളുടെ പേരിലാക്കിയതാണ്‌
കെ എന്‍ എം കേസെന്ന് ആരൊക്കെയോ ന്യായീകരിക്കാൻ നോക്കി.

പക്ഷെ, എ വി മരണപ്പെട്ടതിനു ശേഷം പരാതിക്കാരൻ കോടതിക്ക് മുന്നിൽ മൊഴി നൽകാനായി ഹാജരായപ്പോൾ
എ വിയും മടവൂരും പി സിയും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞത്‌ കൊണ്ടാണോ അവര്‍ക്കെതിരെ കേസ്‌ കൊടുത്തതെന്ന
ചോദ്യത്തിന്‌ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരം:
“അല്ല, ഭാരവാഹികളായി വേറേ പലരെയും തെരഞ്ഞെടുത്തുവെങ്കിലും അവരെ പ്രതി ചേര്‍ത്തിട്ടില്ല. അവര്‍ അക്രമത്തിന്‌ വരാത്തത്‌ കൊണ്ടാണ്‌ അവരെ പ്രതി ചേര്‍ക്കാത്തത്‌. .....
മുജാഹിദ്‌ സെന്റര്‍ കയ്യേറാന്‍ പ്രതികള്‍ വന്നിട്ടില്ലെന്ന്‌ പറഞ്ഞാല്‍ ശരിയല്ല.“ (സാക്ഷി മൊഴി, പേജ്‌ 21)
ന്യായീകരണക്കാരുടെ പോലും കണ്ണ് തള്ളിക്കാണും ഇത് കേട്ടപ്പോൾ!!

തീർന്നില്ല... മരണത്തിനു മുൻപ് നൽകിയ പരാതിയിൽ എ വിക്ക് നൽകിയ വിശേഷണങ്ങൾ പോരാഞ്ഞിട്ടാവാം
പിന്നെയും പറഞ്ഞു അദ്ദേഹം എ വിയെ കുറിച്ച്....
പത്ത്‌ മുപ്പത്‌ കൊല്ലമായി തനിക്ക്‌ പരിചയമുള്ളയാൾ
സ്വന്തം രാഷ്‌ട്രീയ പാര്‍ട്ടി പിളര്‍ത്തി അതിനെതിരില്‍ മത്സരിച്ച്‌ ജയിച്ചയാൾ
കെ എന്‍ എമ്മിന്റെ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും ഉത്സുകനല്ലാത്തതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടയാൾ
മരിക്കുന്നതിനു മുൻപ് എ വിക്കെതിരിൽ വല്ല കേസുകളുമുണ്ടായിരുന്നോ എന്ന് അറിയില്ല, ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ നിഷേധിക്കാൻ പറ്റില്ല
ഇരുപത്തഞ്ചോളം ആളുകളുമായി മുജാഹിദ് സെന്റർ അക്രമിക്കാൻ വന്ന അബ്ദുറഹ്‌മാൻ ഹാജി സെന്ററിനു മുന്നിൽ വാഹനത്തിൽ ഇരുന്നു.
അവർ സെന്ററിലേക്ക് കയറാൻ തടഞ്ഞു. ജീവനക്കാർ ഓഫീസ് ഡോറിനടുത്ത് വെച്ച് തടഞ്ഞു

അതെ,
മുജാഹിദ്‌ സെന്റര്‍ ഉഗ്രവാദി സുന്നികള്‍ ബോംബിട്ട്‌ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍,
രാഷ്‌ട്രീയ മേലാളന്മാരുടെ തണലില്‍ പ്രതികള്‍ സംരക്ഷിക്കപ്പെട്ടപ്പോള്‍ നീതിക്ക്‌ വേണ്ടി നിയമസഭയില്‍ ഒറ്റയ്‌ക്ക്‌ നിന്ന്‌ പോരാടിയ എ വി,
അതേ മുജാഹിദ്‌ സെന്റര്‍ അക്രമിച്ചെന്ന ഒരു കള്ളക്കേസിലെ ഒന്നാം പ്രതിയായ വേദനയോടെ മരിച്ച്‌ പോവേണ്ടി വന്നു.
നേരില്‍ ചെന്ന്‌ തിരുത്താന്‍ കഴിയാത്ത ഒരു പാതകം എ വി നമ്മോട്‌ യാത്ര പറഞ്ഞപ്പോഴെങ്കിലും തിരുത്തപ്പെടും എന്ന്‌ മുജാഹിദുകൾ ആഗ്രഹിച്ചു. 
ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച സാത്വികനും പൊതുരംഗത്തും രാഷ്‌ട്രീയ മേഖലയിലുമൊക്കെ കറപുരളാത്ത
നിറസാന്നിധ്യവുമായിരുന്ന എ വി ഇല്ലാത്ത ഈ ലോകത്ത്‌ അദ്ദേഹം അക്രമിയാണെന്ന പച്ചക്കള്ളം ആവര്‍ത്തിക്കപ്പെട്ടു.

ഇവിടുത്തെ ഏത് കോടതിയിൽ ജയിച്ചാലും അല്ലാഹുവിന്റെ കോടതിയിൽ ഇത് എങ്ങിനെയായിരിക്കും തങ്ങൾക്ക് ബാധിക്കുക
എന്നറിയാത്തവരായി ഈ കേസിന്റെ പിന്നാമ്പുറത്ത് ആരുമുണ്ടായിരുന്നില്ല. എന്നിട്ടും...........
അന്യായക്കാരനായി ഒപ്പുവെച്ച ജനറൽ സെക്രട്ടറിക്കും, അനിവാര്യമായ മടക്കയാത്രക്ക് മുൻപ് ഈ പാപഭാരത്തിൽ നിന്നൊന്നൊഴിഞ്ഞ് നിൽക്കാൻ
കഴിയാത്ത വിധം പിളർപ്പിന്റെയും കുതന്ത്രങ്ങളുടെയും സൂത്രധാരൻമാർ പക്ഷെ കരുത്തരായിരുന്നുവല്ലോ.
സംഘടനക്ക് വേണ്ടി ഈ നെറികേടിന് കൂട്ട് നിൽക്കേണ്ടി വന്ന,
അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

വൈകിയ വേളയിലാണെങ്കിലും ഈ തിരിച്ചറിവ് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
പിളർപ്പിന്റെ തൊട്ടുടനെ നടന്ന ആറാം സമ്മേളന സുവനീറിൽ പ്രസിദ്ധീകരിക്കാനുള്ള
പഴയ ഫോട്ടോകൾ തെരഞ്ഞെടുത്തപ്പോൾ പോലും,
മറുപക്ഷത്തെ അനുകൂലിക്കുന്ന ഒരാളുടെയും മുഖത്തിന്റെ ഒരു മൂല പോലും
കാണാതിരിക്കാൻ ശ്രദ്ധിച്ചവരാണ് പത്താം സമ്മേളനമായപ്പോഴേക്കും
അന്നത്തെ തങ്ങളുടെ കേസിലെ ഒന്നാം പ്രതിയെ സ്വന്തം നേതാവെന്ന് പ്രഖ്യാപിക്കുകയും
രണ്ടാം പ്രതിയെ സമ്മേളനത്തിന്റെ വർക്കിങ്ങ് ചെയർമാനും മുഖ്യപ്രഭാഷകനുമാക്കി ആദരിക്കുകയും ചെയ്യുന്നത്.
ഇന്നലെകളിലെ നിലപാടുകൾ കാപട്യമായിരുന്നുവെന്ന ഒരു തരം കുറ്റസമ്മതം.
തിരിഞ്ഞ് നടത്തത്തിന്റെയും തിരുത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ആവുന്നിടത്തോളം പരിഹാരത്തിന്റെയും
ഊക്കുള്ള ചുവടുകൾക്കുള്ള ഒരു നാന്ദിയാവട്ടെ ഇത്.

ഒപ്പം,
പെറുക്കി എന്ന് ആക്ഷേപിച്ച് നിങ്ങൾ അക്രമിച്ച കെ കെ, അമ്പലത്തിൽ തേങ്ങയുടച്ച മുശ്‌രിക്കെന്ന് ഖുതുബയിൽ പോലും നിങ്ങൾ അവഹേളിച്ച മങ്കട അസീസ് മൗലവി,
ഹദീസ് നിഷേധിയെന്ന് നിങ്ങൾ പിന്നാലെ നടന്ന് ആർത്ത് വിളിച്ച അബ്ദുസ്സലാം സുല്ലമി, എം ടി, ഇസ്‌ഹാഖ് മൗലവി, ഹൈദർ മൗലവി,
അമ്മാങ്കോത്ത്, അബ്ദുറഹ്‌മാൻ അൻസാരി, കാരക്കുന്ന്, പി ടി.............നെറികേടുകൾക്ക് ഒപ്പം നിന്നില്ല എന്ന ഒറ്റക്കാരണത്താൽ
നിങ്ങൾ അയിത്തം വിധിച്ച ഒട്ടേറെ പേരുണ്ട്...
അവരില്ലെങ്കിലും ആ പേരുകളെങ്കിലും പ്രാർത്ഥനയോടെയും പശ്ചാത്താപത്തോടെയും ചേർത്തു പിടിക്കാം.

പക്ഷെ ഈ ഉണർവ്വ് അപൂർണമാണെന്ന സൂചനകൾ പലയിടങ്ങളിൽ നിന്നും മുഴങ്ങുന്നുണ്ട്.
സമാനമായ കേസുകൾ തന്നെ ഇതേ മുജാഹിദ് സെന്ററിൽ നിന്നും രൂപപ്പെടുന്നുണ്ട്.
പിടിച്ചടക്കേണ്ട പള്ളികളെയും സ്ഥാപനങ്ങളെയും കുറിച്ച് വല്യ നേതാക്കൾ തന്നെ സ്റ്റേജുകളിൽ പ്രഖ്യാപനം നടത്തുന്നുണ്ട്.
ഇനിയും കേസും പൊല്ലാപ്പുമായി ഓടി നടക്കാനും സമയവും അധ്വാനവും പണവും അവക്ക് നീക്കി വെക്കാനും
പള്ളികളുടെ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തങ്ങളിൽ അനിശ്ചിതത്വത്തിന്റെ കരി നിഴൽ വീഴ്ത്താനും
ഒരുങ്ങിപ്പുറപ്പെടുന്നത് അവിവേകമാണ്.

മരിച്ച് കഴിഞ്ഞിട്ട് നല്ലത് പറയുന്നതിനേക്കാളും അവർക്ക് നോട്ടീസുകളിൽ പരിഗണന കൊടുക്കുന്നതിനേക്കാളും
ഏത് വിഭാഗത്തിലുള്ളവർക്കും നല്ലത് ജീവിച്ചിരിക്കുമ്പോൾ തന്നെ നന്മയുടെയും വിട്ടുവീഴ്ചയുടെയും പരിഗണനയുടെയും കരുത്തിൽ
ബന്ധങ്ങൾ ചേതോഹരമാക്കുന്നതാണ്.





Comments