ജിന്നും ശബാബും പിന്നെ കട്ടിംഗ്, പേസ്റ്റിംഗ് വിരുതന്മാരുടെ കൈക്രിയകളും
മൻസൂർ അലി ചെമ്മാട്
(ശബാബ് 08.12.2006)
'പ്രബന്ധങ്ങളില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ചില വിഷയങ്ങളിലുള്ള വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വ്യതിയാനമായി പരിഗണിക്കപ്പെടേണ്ടവയല്ല. അവ അബദ്ധങ്ങളോ ഗവേഷണാത്മകമായ വീക്ഷണവ്യത്യാസങ്ങളോ അറിവുകേടുകളോ തിരുത്തപ്പെട്ടുപോയ അഭിപ്രായങ്ങളോ സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിയെടുക്കപ്പെട്ടവയോ ആണ്.''
മുജാഹിദ് പ്രസ്ഥാനത്തില്‍ ഒരു പറ്റം പണ്ഡിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഐ എസ് എമ്മിനും ആദര്‍ശ വ്യതിയാനം സംഭവിച്ചുവെന്ന് സമര്‍ഥിക്കാനായി ഭിന്നിപ്പുകാര്‍ക്കുവേണ്ടി അലി അബ്ദുര്‍റസ്സാഖ് മദനി, അബ്ദുര്‍റഹ്മാന്‍ സലഫി തുടങ്ങിയവര്‍ അവതരിപ്പിച്ച രണ്ട് പ്രബന്ധങ്ങളെക്കുറിച്ച്, 2001 ജൂണ്‍ 4 ന് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്ന കെ ജെ യു നിര്‍വാഹക സമിതിയോഗം പ്രഖ്യാപിച്ച വിധിയാണ് ഉപര്യുക്ത വരികള്‍. മഹത്തായ തൗഹീദ് പ്രസ്ഥാനത്തെ ശിഥിലമാക്കാന്‍ ഇവര്‍ നടത്തിയ ക്രൂരമായ കുതന്ത്രങ്ങളെ ജംഇയ്യത്തുല്‍ ഉലമ ഇപ്രകാരം എടുത്തുപറഞ്ഞ് അര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും തങ്ങളുടെ 'വാല് വളഞ്ഞിട്ടുതന്നെ' എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഭിന്നിപ്പുകാര്‍. അതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് 'ജിന്നും ശബാബും പിന്നെ നിഷേധികളും' എന്ന പുതിയ വാറോല.
ജിന്നുകള്‍ മനുഷ്യരുള്‍പ്പെടെയുള്ള വിവിധ രൂപത്തില്‍ നമുക്കിടയില്‍ വരുമെന്നും അവര്‍ മനുഷ്യസ്ത്രീകളുമായി ലൈംഗികബന്ധത്തിലും വിവാഹത്തിലുമേര്‍പ്പെടുമെന്നും വാഹനാപകടങ്ങളില്‍നിന്നും അദൃശ്യമായ രീതിയിലുള്ള രക്ഷപ്പെടുത്തലുള്‍പ്പെടെ അഭൗതിക സഹായങ്ങള്‍ക്ക് വിശ്വാസികള്‍ക്ക് ജിന്നിന്റെ സപ്പോര്‍ട്ട് വേണമെന്നും പട്ടി, പൂച്ച, പാമ്പ്, ഒട്ടകം തുടങ്ങിയവ പിശാചാണെന്നും മേശ നീക്കുമ്പോഴും ചുടുവെള്ളമൊഴിക്കുമ്പോഴും കല്ലെറിയുമ്പോഴും വടി വീശുമ്പോഴുമൊക്കെ അദൃശ്യരായ ജിന്നുകള്‍ക്ക് പരിക്ക് പറ്റാനോ അവ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്നും അതിനെ തുടര്‍ന്ന് അവ നമ്മോട് പ്രതികാരം ചെയ്യുമെന്നും തലവേദന മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങളുണ്ടാക്കുന്നത് പിശാചാണെന്നുമൊക്കെയുള്ള വികല വാദങ്ങളുന്നയിക്കുകയും മേമ്പൊടിയായി ജിന്നു ബാധയുടെയും ബാധയിറക്കലിന്റെയും നിറം പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്ത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന്റെ ദിശ പിന്നോട്ടു തിരിച്ചുവെച്ചതിന് തെളിവുകളായി മുജാഹിദ് സെന്ററില്‍ വെളിപാടായി ലഭിച്ചത് പഴയ ചില ശബാബിന്റെ ഏടുകളായിരുന്നത്രെ!!!
.
ദോഷം പറയരുതല്ലോ, ഇത്തരം അന്ധവിശ്വാസങ്ങളെ കേരള മുസ്‌ലിംകള്‍ക്കിടയില്‍നിന്നും പടിയിറക്കാനുള്ള പൂര്‍വകാല പണ്ഡിതരുടെ പോരാട്ടങ്ങള്‍ക്ക് പ്രബോധന വേദികളില്‍ ശക്തി പകര്‍ന്നിരുന്ന നേതാക്കളില്‍ ചിലരെങ്കിലും തങ്ങളോടൊപ്പമുള്ളതിനാലും ഗ്രൂപ്പ് തിമിരത്തിനുമപ്പുറം അവരില്‍ ചിലരുടെ മനസ്സുകളില്‍ മുജാഹിദുകളുടെ ആദര്‍ശത്തിന്റെയും പൈതൃകത്തിന്റെയും പൊട്ടും പൊടിയും കുറച്ച് അവശേഷിക്കുന്നതിനാലും ജിന്നിന് 'ഔദ്യോഗിക' കുപ്പായമിട്ടുകൊടുക്കാന്‍ ഇപ്പോഴുമെന്തോ പ്രയാസം പോലെ. എങ്കിലും നാടുനീളെ തങ്ങളുടെ അനുസരണയുള്ള കുഞ്ഞാടുകള്‍ ജിന്ന്-സിഹ്‌റ് ബാധകളുടെ സമര്‍ഥനത്തിനായി 'മുഷ്ടിചുരുട്ടുകയാണ്.' തൗഹീദ് ഇപ്പോള്‍ വെറും കറിവേപ്പില! ഹരം പിടിപ്പിക്കുകയും മടവൂരികളെ 'യുക്തിവാദികളാക്കാ'ന്‍ സാധ്യതയുണ്ടാക്കുകയും ചെയ്ത ജിന്ന് വിഷയത്തിനുമുന്നില്‍, എന്തു തൗഹീദ്! പ്രതിഷേധക്കാര്‍ കുരക്കട്ടെ. 'ഔദ്യോഗികക്കുപ്പായം' എന്ന് കിട്ടുമെന്നറിയാതെ ഇനി എത്ര നാള്‍....!! ഒടുവില്‍ പരിഹാരമായി. ജിന്നുബാധക്കാര്‍ക്ക് പുതിയ സംഘടന, 'സലഫി ടോണ്‍...!! ആസ്ഥാനം മുജാഹിദ് സെന്റര്‍ തന്നെ. സംസ്ഥാനത്തിന്റെ എല്ല ഭാഗത്തേക്കും ഈ നോട്ടീസ് ഒഴുകിയത് ഇവിടെനിന്നു തന്നെയായിരുന്നു. ഏതായാലും ഇവരുടെ തൊലിക്കട്ടി അപാരംതന്നെ. 'സ്വന്തം പേരിലല്ലാതെ നോട്ടീസിറക്കി' എന്നൊരു ആരോപണവും ഐ എസ് എമ്മിനെതിരില്‍ മുമ്പ് ഇവര്‍ നാടൊട്ടുക്കും അവതരിപ്പിച്ച കുറ്റ പത്രത്തിലുണ്ടായിരുന്നില്ലേ. ആ കുറ്റപത്രത്തിലിനി എന്തോന്ന് അവശേഷിക്കുന്നു. അതെല്ലാം സംഘടന രണ്ടാക്കാനുള്ള ഞങ്ങളുടെ ചില നമ്പറുകളായിരുന്നുവെന്ന ഭാവത്തില്‍ ഓരോന്നും അണ്ണാക്ക് തൊടാതെ വിഴുങ്ങി സ്വന്തം അജണ്ടകളാക്കി കീഴ്‌മേല്‍ മറിച്ചവര്‍ ഇനി ഇതിൽ മാത്രം എന്തിന് മാന്യത കാണിക്കണം. ജിന്ന്, സിഹ്‌റിന്റെ പേരില്‍ മുന്‍കാല നേതാക്കളെയും പണ്ഡിതരെയും ആക്ഷേപിച്ച് സംസാരിക്കുന്ന ഇവര്‍ തന്നെയായിരുന്നല്ലോ 'ജരാനര' എന്ന് ഓരിയിട്ട് മുതലക്കണ്ണീരൊഴുക്കിയിരുന്നത്.
'വിചിന്തനം' തലയിലാണുണ്ടാവേണ്ടതെന്ന തിരിച്ചറിവുപോലുമിക്കൂട്ടര്‍ക്കില്ലെന്നതിന്റെ തെളിവാണ് സലഫി ടോണ്‍ ഗ്രൂപ്പിന്റെ പുതിയ വാറോല.
ഐ എസ് എമ്മിനും മുജാഹിദ് നേതാക്കള്‍ക്കും ജിന്നുകളെക്കുറിച്ച് ഇവര്‍ പ്രചരിപ്പിക്കുന്ന വികല വിശ്വാസങ്ങള്‍ തന്നെയാണെന്ന് ആളുകളെ ധരിപ്പിക്കാന്‍ എന്തിനാണ് കൂട്ടരെ പഴയകാല ഉദ്ധരണികള്‍? പണ്ടേ ഐ എസ് എം നിങ്ങളിപ്പോള്‍ പറഞ്ഞ വാദങ്ങളിലായിരുന്നെങ്കില്‍ എങ്ങനെ മുജാഹിദ് പ്രവര്‍ത്തകര്‍ക്കിത് പുതിയ വിഷയമായി അനുഭവപ്പെട്ടു. ഗള്‍ഫുനാടുകളിലെ അറബി ശൈഖുമാര്‍ക്ക് നിങ്ങള്‍ നല്കിയ രേഖകളില്‍ ഐ എസ് എമ്മും സി പിയുമൊക്കെ ഇവയുടെ നിഷേധികളായതെങ്ങനെ? അതിലും വലിയ രസകരം ഉദ്ധരണികളുടെ എണ്ണമൊപ്പിച്ചതിലാണ്. വ്യാജാരോപകരുടെ ഇഷ്ട നമ്പറായ '18' (കെ ജെ യു നിര്‍വാഹകസമിതി തീരുമാനം നോക്കുക.) തന്നെ ഒപ്പിക്കാന്‍ സഹതാപാര്‍ഹമായ സാഹസമാണ് സലഫി ടോണ്‍ ഗ്രൂപ്പുകള്‍ ഒപ്പിക്കുന്നത്. ശബാബിലെ ഒരേ ലേഖനത്തിലെ (99 മെയ് 21) വരികള്‍ അഞ്ച് ഉദ്ധരണികളാക്കിയും മറ്റൊരു ലേഖനത്തിലെ (2000 ഡിസംബര്‍-15) വരികള്‍ മൂന്ന് ഉദ്ധരണികളാക്കിയും ഒറ്റയടിക്ക് എട്ട് ഉദ്ധരണികള്‍ ഇവര്‍ ചുളുവില്‍ ഒപ്പിച്ചെടുത്തിരിക്കുന്നു! പുറമെ, തര്‍ക്ക വിഷയമല്ലാത്ത എട്ട് ഉദ്ധരണികളാണ് 'പതിനെട്ട്' തികക്കാന്‍ ഇവരിതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. (2,3,10,11,12,13,14,15 നമ്പറുകള്‍). ജിന്നു വിഷയത്തില്‍ നേരത്തെ തന്നെ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ഉയര്‍ത്തിക്കാണിച്ച ചില വീക്ഷണങ്ങളോട് എതിരഭിപ്രായങ്ങളുള്ളവരെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന ശൈഖ് ഇബ്‌നു ബാസിന്റെയും (ഉദ്ധരണി നമ്പര്‍ 1) ഡോ. ബിലാല്‍ ഫിലിപ്‌സിന്റെയും (ഉദ്ധരണി നമ്പര്‍ 3,4,5,6,7,13) ഉദ്ധരണികളെയും ഇവര്‍ ഐ എസ് എമ്മിനു മേല്‍ വെച്ചുകെട്ടുന്നു. ജിന്നുകളെ അധീനപ്പെടുത്തി പലതും ചെയ്യാമെന്ന തങ്ങളുടെ പുത്തന്‍ കണ്ടെത്തലുകള്‍ ന്യായീകരിക്കാന്‍ ഇവര്‍ നിരവധി ഉദ്ധരണികള്‍ മുറിച്ചെടുത്ത ബിലാല്‍ ഫിലിപ്‌സിന്റെ ലേഖനത്തിലെ ഒരു ഉദ്ധരണി നോക്കൂ:
''സുലൈമാന്‍ നബി(അ)ക്ക് ജിന്നുകളുടെ മേല്‍ പ്രവാചകത്വത്തിന്റെ അത്ഭുതചിഹ്നമെന്ന നിലക്ക് അധികാരം നല്കിയിരുന്നു.... ഈ അധികാരം മറ്റാര്‍ക്കും നല്കിയിട്ടില്ല. മറ്റാരെയും ജിന്നുകളെ നിയന്ത്രിക്കാന്‍ അനുവദിക്കുകയോ ആര്‍ക്കെങ്കിലും അതിന് സാധിക്കുകയോ ചെയ്തിട്ടില്ല.'' (ശബാബ് 1999 മെയ് 21)
ഇനി മറ്റുള്ള ഉദ്ധരണികളുടെ കാര്യം. ഭിന്നിപ്പുകാരുടെ സ്വതസിദ്ധമായ കുതന്ത്രങ്ങളുടെ സൃഷ്ടി മാത്രമാണിവ. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഉദ്ധരണികളുമായി ഇവയെ എതിരായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍!! ഉദാഹരണങ്ങള്‍ നോക്കൂ. 2000 ഒക്‌ടോബര്‍ 27ന്റെ ശബാബിലെ മുഖാമുഖത്തില്‍, കുത്ത്‌റാത്തീബിലും തൈപൂയ മഹോല്‍സവത്തിലും ആയുധങ്ങളും ശൂലങ്ങളുമുപയോഗിച്ച് ശരീരത്തില്‍ കുത്തിക്കയറ്റുമ്പോള്‍ വേദനയനുഭവപ്പെടാത്തതും മുറിവുണങ്ങുന്നതും ദിവ്യശക്തികൊണ്ടാണെന്ന പ്രചാരണത്തെക്കുറിച്ച് ഒരു ചോദ്യമുണ്ടായിരുന്നു. അതിന് മറുപടി നല്കവെ,
വേദന ഒരു മനോ-ശാരീരിക പ്രതിഭാസമാണെന്നും സ്വാഭാവികമായോ പരിശീലനത്തി ലൂടെയോ മരവിപ്പിക്കലിലൂടെയോ മനസ്സിലെ വിശ്വാസം മൂലമോ ആണ് അത്തരം സാഹചര്യത്തില്‍ വേദനയില്ലാത്തതായി കാണുന്നതെന്നും സാധാരണക്കാരെ എന്ത് അസംബന്ധവും വിശ്വസിപ്പിക്കാന്‍ മിടുക്കന്മാര്‍ക്ക് കഴിയുമെന്നും ഇത്തരത്തിലുള്ള മിഥ്യാധാരണകള്‍ക്കു പിന്നില്‍ പിശാചിന്റെ കുതന്ത്രങ്ങളുണ്ടാവാമെന്നുമൊക്കെ
വിശദമായി പ്രതിപാദിപ്പിച്ചതിന് ശേഷം 'മുസ്‌ലിം' എഴുതിയ ഒരു വരി ഇപ്രകാരമാണ്.
''നരകത്തിലേക്ക് നയിക്കുന്ന ഈ അസംബന്ധങ്ങളൊക്കെ അവഗണിച്ചു തള്ളേണ്ടവരാണ് സത്യവിശ്വാസികള്‍. ആരെങ്കിലും കടലിനു മുകളിലൂടെ നടന്നുകാണിച്ചാലും വായുവിലൂടെ കൈകള്‍ തുഴഞ്ഞു നീന്തിയാലും പിശാച് അവനെ താങ്ങിക്കൊണ്ടു പോവുകയായിരിക്കുമെന്ന് കരുതുകയല്ലാതെ അവന്ന് ദിവ്യത്വം കല്പിക്കാന്‍ ഇസ്‌ലാമില്‍ വകുപ്പില്ല.'' വിശദമായ ഈ മറുപടിയിലെ ആദ്യവരികളെല്ലാം അടര്‍ത്തിമാറ്റി അവസാന വാചകം മാത്രമുദ്ധരിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സലഫി ടോണ്‍ ഗ്രൂപ്പുകാര്‍. (ഉദ്ധരണി നമ്പര്‍ 8)
''പിശാചിന് പരിമിതികളില്ലാത്ത അഭൗതിക കഴിവുകളുണ്ടെന്ന് സ്ഥാപിക്കാനല്ല. പ്രത്യുത, ദിവ്യത്വം വാദിച്ചുകൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്നവരെ പിന്തുണക്കുന്നത് പിശാചായിരിക്കുമെന്ന് ഉണര്‍ത്താനാണ് ചോദ്യങ്ങള്‍ക്ക് കാരണമായ പരാമര്‍ശങ്ങള്‍ മുസ്‌ലിം നടത്തിയത്. സൃഷ്ടികളില്‍ പലര്‍ക്കും ദൈവികമായ കഴിവുകളുണ്ടെന്ന് തോന്നിച്ചുകൊണ്ട് ജനങ്ങളെ ബഹുദൈവാരാധനയിലേക്ക് നയിക്കുകയാണ് പിശാചിന്റെ പദ്ധതിയുടെ പ്രധാന ഭാഗം.''
തെറ്റിദ്ധാരണക്ക് ഇടയാക്കിയ വരികളെ ഇപ്രകാരം വിശദമായി വിശദീകരിക്കുന്ന പ്രസ്തുത മറുപടിയുടെ അവസാന ഭാഗം ശ്രദ്ധിക്കുക.
''ഒരിക്കല്‍ക്കൂടി വ്യക്തമാക്കട്ടെ, ദിവ്യാല്‍ഭുതങ്ങള്‍ എന്ന് പറഞ്ഞ് ചിലതൊക്കെ കാണിക്കുകയും ദൈവിക കഴിവുകള്‍ അവകാശപ്പെടുകയും ചെയ്യുന്ന ആര്‍ക്കും ദിവ്യത്വത്തിന്റെ യാതൊരംശവും ഇല്ലെന്നും, മനുഷ്യപ്രകൃതിക്ക് അതീതമായി വല്ലതും കണ്ടാല്‍ പോലും അത് പിശാചിന്റെ പിന്തുണയോടെ സംഭവിക്കുന്നതാകാനേ സാധ്യതയുള്ളൂവെന്നുമാണ് 'മുസ്‌ലിം' എഴുതിയത്. പിശാചിന് എന്തും ചെയ്യാന്‍ കഴിവുണ്ടെന്ന് സമര്‍ഥിക്കാന്‍ 'മുസ്‌ലിം' ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും ധരിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.'' (ശബാബ് 2000 ഡിസംബര്‍ 15)
''ശബാബില്‍നിന്ന് ചോദ്യ കര്‍ത്താവ് ഉദ്ധരിച്ച വാചകങ്ങളുടെ ഉദ്ദേശ്യം ദിവ്യത്വ വാദികള്‍ ഒരു പ്രത്യേക ആത്ഭുതവൃത്തി ചെയ്യുമെന്ന് സ്ഥാപിക്കുകയല്ല, അവര്‍ എന്ത് അത്ഭുത കാര്യങ്ങള്‍ കാണിച്ചാലും അത് ദൈവികദൃഷ്ടാന്തമായി ഗണിക്കാവുന്നതല്ല എന്ന് ചൂണ്ടിക്കാണിക്കുകയാണ്.''
സുമനസ്സുകള്‍ക്ക് തൃപ്തികരമാവുന്ന ഈ മറുപടിയിലും എ പി മുജാഹിദുകളുടെ അവാന്തര ഗ്രൂപ്പായ സലഫി ടോണുകാര്‍ ക്രൂരമായി കത്തി വെച്ചു. ദിവ്യത്വവാദികളുടെ 'അത്ഭുത' വൃത്തികള്‍ വിശ്വസിപ്പിക്കും വിധം കാണികളില്‍ വസ്‌വാസുണ്ടാക്കി ദിവ്യത്വവാദികളെ സഹായിക്കുമെന്ന പരാമര്‍ശവും വാലും തലയും മാറ്റി ഇവര്‍ വാറോലയില്‍ പകര്‍ത്തി. (നമ്പര്‍-1) നേതാവിന്റെ അസ്സല്‍ അനുയായികള്‍!!!
''എന്നാല്‍ സിഹ്‌റ് കൊണ്ട് ഗുരുതരമായ രോഗങ്ങളോ മരണമോ സംഭവിക്കാമെന്നതിന് പ്രാമാണികമായ തെളിവൊന്നും 'മുസ്‌ലിം' കണ്ടിട്ടില്ല. മനുഷ്യര്‍ക്ക് ആശയക്കുഴപ്പവും അവര്‍ക്കിടയില്‍ ഭിന്നതയും ഉണ്ടാക്കുന്നത് തന്നെയാണ് സിഹ്‌റിനെ മഹാപാപമായി ഗണിക്കാന്‍ കാരണമെന്നത്രെ 2:102 സൂക്തത്തില്‍നിന്ന് ഗ്രഹിക്കാവുന്നത്.'' (ശബാബ് 2004 മെയ് 28)
ഏറ്റവും വലിയ തമാശ ബുദ്ധി ഉപയോഗിക്കുന്നുവെന്ന് അബ്ദുസ്സലാം സുല്ലമിയടക്കമുള്ള മുജാഹിദ് പണ്ഡിതരെ ആക്ഷേപിക്കുന്നവര്‍ തന്നെ ഇപ്പോള്‍ ബുദ്ധി ഉപയോഗിക്കാത്തവര്‍ കന്നുകാലികളെപ്പോലെയാണ് എന്ന് വേദമോതുന്നു. ശരിതന്നെയാണ്, പക്ഷെ ഉപമ കേരളത്തിലെ എ പി മുജാഹിദുകള്‍ക്കാണ് ബാധകമാവുക. ശിര്‍ക്കിലേക്കും അധാര്‍മികതകളിലേക്കും പ്രവാചക നിന്ദയിലേക്കുമെല്ലാം വഴിതുറക്കുന്ന എ പി മുജാഹിദുകളുടെ ജിന്ന് സിഹ്‌റ് വിഷയങ്ങളിലെ വികല വാദങ്ങളെ പ്രമാണങ്ങള്‍ വെച്ച് പ്രതിരോധിക്കുമ്പോള്‍ ജിന്നിനെയും പിശാചിനെയും നിഷേധിക്കുന്നവരെന്ന കള്ള പ്രചരണം നടത്തി പുകമറ സൃഷ്ടിക്കാന്‍ കേരളത്തിലെ മുജാഹിദുകള്‍ അനുവദിക്കില്ലെന്നോര്‍ക്കുക.
വിചിന്തനം : 2006 ജൂലായ് 21 (പേജ് 7). 2006 മാര്‍ച്ച് 24). 2006 മാര്‍ച്ച് 3 (പേജ് 7). 2005 ആഗസ്ത് 5 (പേജ് 5,7), ഇസ്വ്‌ലാഹ് : 2006 നവംബര്‍. (പേജ് 27), സ്വഭാവ പാഠങ്ങള്‍ (4ാം തരം) പേജ് 15, ചെകുത്താന്റെ കാല്പാടുകള്‍ (അബ്ദുര്‍റഹിമാന്‍ ഇരിവേറ്റി-പേജ് 129, 133), യേശു മഹാനായ പ്രവാചകന്‍ (എം എം അക്ബര്‍). (കെ എന്‍ എം പബ്ലിഷിംഗ്) പേജ് 30, 31
നൂറു കണക്കിന് ഉദാഹരണങ്ങളില്‍ ചിലതു മാത്രമാണിവ. ഇവയുടെ ഒറിജിനല്‍ കോപ്പികള്‍ ലഭ്യമാണ്. വികല വിശ്വാസങ്ങളില്‍നിന്ന് മുക്തരായി ജീവിതവിജയം നേടാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ. ി
Comments
Post a Comment